സമീപകാലത്ത് കേരളത്തിൽ മാധ്യമപ്രവർത്തകർക്കെതിരെയും മാധ്യമസ്ഥാപനങ്ങൾക്കെതിരെയും രാഷ്ട്രീയപാർട്ടികളുടെയും ബൂറോക്രസിയുടെയും ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവരിൽനിന്ന് ഭീഷണികളും ആക്ഷേപങ്ങളുമുണ്ടായി. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യും എന്ന് പരസ്യഭീഷണി മുഴക്കി. ഇതിനുമുമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, 24 ന്യൂസിന്റെ റിപ്പോർട്ടർ അലക്‌സ് റാം മുഹമ്മദിനോട് അപമര്യാദയായി പെരുമാറി. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്, 'ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ' എന്ന ആക്ഷേപകരമായ ഉപമ മാധ്യമപ്രവർത്തകർക്കെതിരെ പ്രയോഗിച്ചു. 'ഉന്നതി'യിലെ ഫയലുകൾ കാണാതായ വാർത്ത പ്രസിദ്ധീകരിച്ചതിന് കാംകോയിലെ തൊഴിലാളികളെക്കൊണ്ട് മാതൃഭൂമി പത്രം കത്തിച്ച് സമൂഹമാധ്യമങ്ങളിലൂടെ എൻ. പ്രശാന്ത് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചു. ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രതികരണങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിൽനിന്നടക്കം പിന്തുണയും കിട്ടുന്നുണ്ട്. കേരളത്തിന്റെ പൊതുബോധത്തിൽ മാധ്യമവിരുദ്ധമായ കാഴ്ചപ്പാട് ശക്തമായിവരുന്നുണ്ട് എന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ കാരണമെന്താണ്?
കെ.പി. റജി: അപ്രിയ സത്യം എന്നും മുഷിപ്പും രോഷവുമുണ്ടാക്കുന്ന സംഗതിയാണ്. അപ്രിയ സത്യത്തിനു നേരെയുള്ള രോഷപ്രകടനത്തെ സ്വാഗതം ചെയ്യുന്നതായിരുന്നില്ല മുമ്പ് പൊതുസമൂഹത്തിന്റെ മനോനില. സത്യസന്ധമായ വാർത്തക്കുനേരെ കോലാഹലം ഉണ്ടാക്കുന്നവരെ സമൂഹം പൊതുവെ അൽപം അനാദരവോടെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതായിരുന്നു ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പുവരെ നിലനിന്ന അവസ്ഥ. പക്ഷേ, ഇന്ന് അപ്രിയമെന്നോ അല്ലാത്തതെന്നോ ഭേദമില്ലാതെ സത്യം രാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം ചിന്താധാരയുടെ രാഷ്ട്രീയ വർണക്കടലാസിലൂടെയല്ലാതെ ഒരു സത്യവും ഇന്നാരും കാണുന്നുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ നിറംപിടിപ്പിച്ച സത്യങ്ങൾക്ക് ആധാരമായി കഥകളും ഉപകഥകളും അവരവരുടെ ഫാക്ടറികളിൽ യഥേഷ്ടം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ചോദ്യത്തിൽ പരാമർശിക്കുന്ന സംഭവങ്ങളിലെല്ലാം, വാർത്തയുടെ ആംഗിൾ തട്ടിക്കൂട്ടി മാധ്യമ പ്രവർത്തകർ ചൂട്ടെടുത്തതായിരുന്നില്ല. മുനമ്പം വിഷയത്തിൽ താൻ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചതെങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുളളിൽ ഉയർന്ന അസ്വാരസ്യം റിപ്പോർട്ട് ചെയ്യാനുള്ള ശ്രമമാണ് എൻ.എൻ കൃഷ്ണദാസിന്റെ ഭർത്സനത്തിനു പ്രേരണ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിയിൽ ഉയർന്ന അസ്വാരസ്യങ്ങൾ തുടർച്ചയായി വാർത്തയായതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
നിയമനടപടികൾക്കു മുതിർന്ന പല സന്ദർഭങ്ങളിലും അധികാരികളുടെ ഭാഗത്തുനിന്ന് കണ്ണിൽപൊടിയിടലല്ലാതെ കാര്യമായ അനുകൂല സമീപനം ഉണ്ടായിട്ടില്ല എന്ന ഖേദകരമായ അനുഭവങ്ങളാണ് മുന്നിലുള്ളത്.
രാജ്യവും സ്റ്റേറ്റും ഭരിക്കുന്ന പാർട്ടികളിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുക സ്വാഭാവികമാണ്. ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്നങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വാഭാവികമായും അതു കൂടുതൽ ചർച്ചചെയ്യപ്പെടും. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങൾ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. അത് ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമങ്ങളുടെ കടമ മാത്രമാണ്.
ഭരണനേൃതൃത്വത്തിലുള്ളവരുടെ വീഴ്ചകൾ ചർച്ച ചെയ്യപ്പെടുക എന്നതും സ്വതന്ത്ര മാധ്യമവ്യവസ്ഥ നിലനിൽക്കുന്ന ഇടങ്ങളിലെല്ലാം സ്വാഭാവികമായും നടക്കുന്ന സംഗതി മാത്രമാണ്. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ വിവരങ്ങൾ പുറത്തുവന്നതാണ് എൻ. പ്രശാന്ത് ഐ.എ.എസിനെ ചൊടിപ്പിക്കുകയും ‘കാംകോ’യിലെ തൊഴിലാളികളെക്കൊണ്ട് പത്രം കത്തിച്ച് സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്ക്വെച്ച് അഭിരമിക്കാൻ ആവേശം പകരുകയും ചെയ്തത്. അധികാര വ്യവസ്ഥയെ മുഖംനോക്കാതെ ചോദ്യം ചെയ്യുന്ന ഭരത് ചന്ദ്രൻ ഐ.പി.എസ്, മലയാള സിനിമയുടെ പൂമുഖത്ത് തനിക്ക് പിടിച്ചിട്ടുതന്ന ജനപ്രിയതയുടെ സിംഹാസനം അധികമൊന്നും ഇളകാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് സുരേഷ് ഗോപിക്ക് മറ്റാരേക്കാളും ബോധ്യമുണ്ടാവുമെന്നു തോന്നുന്നു. മലയാള സിനിമയുടെ കടലോരത്ത് പലതരം തിരയിളക്കങ്ങൾ വ്യത്യസ്ത സ്വഭാവങ്ങളോടെ കുത്തിയൊലിച്ചുപോയിട്ടും ഭരത് ചന്ദ്രന്റെ കെട്ടുവിടാതെയാണ് കേന്ദ്രമന്ത്രിയുടെ റോളിലും സുരേഷ് ഗോപി മുന്നോട്ടുപോകുന്നത്. ആ വീരപരിവേഷമാണ് തന്റെ സെല്ലിങ് പോയിൻറ് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവശായിരിക്കുന്നതെന്നു വേണം മനസ്സിലാക്കാൻ.
സമാനമായ ഫ്യൂഡൽ മാടമ്പി സിനിമാവേഷങ്ങൾ നേടിയ കൈയടി മറ്റു പല രാഷ്ട്രീയക്കാരെയും ഒരുതരം ബാധപോലെ സന്നിവേശിച്ചിട്ടുണ്ടെന്നും തോന്നുന്നു. ഞങ്ങൾക്കെതിരെ വാർത്ത കൊടുക്കുന്നവരെ കൈകാര്യം ചെയ്തുകളയുമെന്നു ഭീഷണിപ്പെടുത്താൻ സുരേന്ദ്രൻമാരെയും ആക്ഷേപകരമായ ഉപമ നടത്തി കൈയടി നേടാൻ കൃഷ്ണദാസുമാരെയും പ്രേരിപ്പിക്കുന്നത് ഈ മാടമ്പി മനോഭാവമാണ്. ഈ ആർപ്പുവിളിക്കുമപ്പുറം എന്താണെന്നു നോക്കാൻ അനുചരക്കൂട്ടർക്ക് കഴിയാത്തിടത്തോളം ഈ മാടമ്പിത്തരത്തിനു ശമനമുണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വയ്യ.
കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സംഘടന എന്ന നിലയ്ക്ക് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) ഈ സംഭവങ്ങളിൽ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം എന്ന നിലയ്ക്കുള്ള മാധ്യമങ്ങളുടെ അവകാശത്തിനെതിരായ കടന്നുകയറ്റമെന്ന നിലയ്ക്ക് ഈ വിഷയങ്ങൾ അതാതു രാഷ്ട്രീയപാർട്ടികളുടെ നേതൃത്വങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടോ? സംഘടന എന്ന നിലയ്ക്ക് നിയമനടപടികളിലേക്ക് നീങ്ങിയിട്ടുണ്ടോ?
കേവലമായ പ്രതിഷേധങ്ങൾക്കപ്പുറം വിശാല പരിപ്രേക്ഷ്യത്തിലുള്ള ചിന്തയും വിശകലനവും തിരുത്തൽ നടപടികളും ആവശ്യമായ വിഷയമാണ് ഇത്. ജനസാമാന്യവും അതതു രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളും കൂട്ടായ ചിന്ത സ്വാംശീകരിച്ചാലേ ഇക്കാര്യത്തിൽ പൗരനീതി പുലരുകയുള്ളൂ. പക്ഷേ, ‘മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും’ എന്ന പഴഞ്ചൊല്ല് പോലെയാണ് മിക്ക രാഷ്ട്രീയ പാർട്ടികളുടെയും അവസ്ഥ എന്നത് നമുക്ക് പകരുന്നത് അത്ര ശുഭസൂചനയല്ല.
വലതുപക്ഷ വ്യതിയാനം എത്രകണ്ട് അഭികാമ്യമാണ് എന്ന് അങ്ങനെ വ്യതിചലിക്കുന്നവർ തന്നെ തിരിച്ചറിയുകയും സ്വയം തടയിടുകയും ചെയ്യുകയാണ് മാധ്യമങ്ങളെ പഴിചാരുന്നതിനേക്കാൾ എളുപ്പമായ രക്ഷാവഴി.
എൻ.എൻ. കൃഷ്ണദാസും സുരേഷ് ഗോപിയും മാധ്യമങ്ങൾക്കു നേരെ ഭർത്സനം തുടർന്നപ്പോൾ അതതു രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതൃത്വത്തിനു ഞങ്ങൾ കത്തുകളെഴുതിയിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നിട്ടും ‘ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ പ്രയോഗം’ തിരുത്താതെ മാധ്യമ പ്രവർത്തകർക്കും പത്രപ്രവർത്തക യൂനിയനുമെതിരെ അധിക്ഷേപം ചൊരിഞ്ഞ കൃഷ്ണദാസിനെ തിരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യൂനിയൻ കത്ത് നൽകിയിരുന്നു.
മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുന്നതു ശീലമാക്കിയ സുരേഷ് ഗോപിയെ തിരുത്തിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടത് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രനോടായിരുന്നു. ഈ സുരേന്ദ്രനാണിപ്പോൾ ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. നിയമനടപടികൾക്കു മുതിർന്ന പല സന്ദർഭങ്ങളിലും അധികാരികളുടെ ഭാഗത്തുനിന്ന് കണ്ണിൽപൊടിയിടലല്ലാതെ കാര്യമായ അനുകൂല സമീപനം ഉണ്ടായിട്ടില്ല എന്ന ഖേദകരമായ അനുഭവങ്ങളാണ് മുന്നിലുള്ളത്.
കേരളത്തിൽ, മാധ്യമപ്രവർത്തനത്തിനെതിരായ പ്രധാന വിമർശനം ഇടതുപക്ഷത്തുനിന്നാണ്. 'വിവാദ വ്യവസായമായി മാധ്യമപ്രവർത്തനം കൂപ്പുകുത്തുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഉണ്ടാകണം' എന്ന് കെ.യു. ഡബ്ല്യു. ജെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളീയ സമൂഹത്തിന്റെ അതിവേഗമുള്ള വലതുപക്ഷവൽക്കരണത്തിന് മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന വിമർശനത്തെ എങ്ങനെയാണ് കാണുന്നത്?
മാധ്യമങ്ങൾ പൊതുവെ ശബ്ദിക്കുന്നത് ഭരണകൂടങ്ങൾക്കും വ്യവസ്ഥിതികൾക്കും എതിരെയാണല്ലോ. കേരളത്തിൽ ഭരണത്തുടർച്ചയുടെ പശ്ചാത്തലത്തിൽ നമുക്ക് അത്ര പരിചിതമല്ലാത്ത രീതിയിൽ എട്ടര വർഷത്തോളമായി ഒരേ ഭരണവ്യവസ്ഥ നിലനിൽക്കുന്നത് സ്വാഭാവികമായും ഇത്തരമൊരു ആക്ഷേപത്തിനു ബലം പകരുന്നുണ്ട് എന്നു വേണം കരുതാൻ. നമ്മുടെ ജീവിതവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണകൂടത്തോളം തന്നെ ജനങ്ങളുമായി അടുത്തുനിൽക്കുന്ന പാർട്ടിസംവിധാനങ്ങളും ചട്ടക്കൂടുകളുമൊക്കെ ഇങ്ങനെ വിമർശന വിധേയമാകും. അതിനോടടുത്തുനിൽക്കുന്നവർക്ക് വിവാദവ്യവസായമെന്നു മുദ്രകുത്തിയൊഴിയാൻ എളുപ്പമാണെങ്കിലും നേരനുഭവങ്ങൾ അങ്ങനെയായിക്കൊള്ളണമെന്നില്ല.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത് മാധ്യമങ്ങൾ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയും എതിരാളികളെ തലോടുകയും ചെയ്യുന്നുവെന്നാണ്. കേരളത്തിലെ മാധ്യമങ്ങൾക്കു വലതുപക്ഷ ചായ്വാണെന്ന് ഇടതുപക്ഷം ആക്ഷേപിക്കുമ്പോൾ മാധ്യമങ്ങൾ ചുവന്നുതന്നെ നിൽക്കുന്നുവെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. വലതുപക്ഷ വ്യതിയാനം എത്രകണ്ട് അഭികാമ്യമാണ് എന്ന് അങ്ങനെ വ്യതിചലിക്കുന്നവർ തന്നെ തിരിച്ചറിയുകയും സ്വയം തടയിടുകയും ചെയ്യുകയാണ് മാധ്യമങ്ങളെ പഴിചാരുന്നതിനേക്കാൾ എളുപ്പമായ രക്ഷാവഴി.
മാധ്യമപ്രവർത്തനത്തിലെ അപചയത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർ മാത്രം പ്രതികളാക്കപ്പെടുകയും മാധ്യമ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന ഉടമകളും അവരുടെ മൂലധന- രാഷ്ട്രീയ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ സംഘടന എന്ന നിലയ്ക്ക് കെ.യു. ഡബ്ല്യ. ജെ ഈ വിഷയത്തെ എങ്ങനെയാണ് സമീപിക്കുന്നത്? കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളുമായും സ്ഥാപന ഉടമകളുമായും ഇക്കാര്യത്തിൽ പ്രൊഫഷനലും ജനാധിപത്യപരമായ ആശയവിനിമയം നടത്താൻ കഴിയുന്ന സാഹചര്യമുണ്ടോ?
അപചയങ്ങളുടെ നിർവചനം തന്നെ തർക്കവിഷയമായി മാറിയേക്കാവുന്നത്ര സങ്കീർണമാണ് ഈ വിഷയം. മാധ്യമ സ്വാതന്ത്ര്യം ഉടമയുടെയോ മാധ്യമ പ്രവർത്തകരുടെയോ എന്ന ചോദ്യം പോലെ തന്നെ പ്രസക്തമാണ് മാധ്യമ പ്രവർത്തനത്തിലെ അപചയത്തിന്റെ ഉത്തരവാദിത്തവും. കാലാളുകൾ വെടിയേറ്റും അമ്പേറ്റും വീഴുന്നതാണ് കാലങ്ങളായുള്ള യുദ്ധനീതിയെന്നതുപോലെ തന്നെയാണ് മാധ്യമപ്രവർത്തനത്തിന്റെയും സ്ഥിതി. തൊഴിലാളി അവകാശങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം പോർമുഖത്തു നിൽക്കുന്ന തൊഴിലാളി സംഘടന എന്ന നിലയിൽ കെ.യു.ഡബ്ല്യു.ജെക്ക് കാലാളുകളുടെ അനുഭവവുമായാണു കുടുതൽ ചേർന്നുനിന്നു പരിചയം. പലതരം രാഷ്ട്രീയ താൽപര്യങ്ങൾ അടക്കം അവിടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ചോര പൊടിയിക്കുന്ന പ്രതിബന്ധങ്ങളാണ്. അതേസമയം, മൂലധന താൽപര്യങ്ങൾ മാത്രം നയിക്കുന്ന ഉടമകൾക്ക് ഇത്തരം പ്രതിബന്ധങ്ങളൊന്നും മുന്നിലുള്ളതായി തോന്നുന്നില്ല. തൊഴിലാളി സംഘടനയേക്കാൾ പതിൻമടങ്ങ് കെട്ടുറപ്പും കരുത്തും അവർക്കുണ്ട്. വിവിധ ചൂഷണ നടപടികൾ അടക്കം ഈ കെട്ടുറപ്പിന്റെ ബലത്തിലാണ് അവർ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എങ്കിലും ഈ വിയോജിപ്പുകൾക്കിടയിലും സാധ്യമാവുന്നത്ര രീതിയിൽ ജനാധിപത്യപരമായ ആശയവിനിമയം ശക്തിപ്പെടുത്തി പ്രഫഷനൽ-തൊഴിലാളി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
വാർത്താമുറിയിൽ നമുക്ക് പരമ്പരാഗതമായി ചിരപരിചിതമായ ‘ഗേറ്റ്കീപ്പിങ്’ സംവിധാനം ആധുനിക ദൃശ്യവാർത്താ ഇടത്തിൽ പരിമിതവും വലിയൊരളവോളം അസാധ്യവുമായി വരുന്നത് മൂല്യവ്യതിയാനങ്ങൾക്കു വലിയൊരളവോളം കാരണമാകുന്നുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഈയിടെ ഹൈക്കോടതി വിധിയുണ്ടായി. മാധ്യമ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയുള്ള ഈ വിധി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് അംഗീകരിക്കുമ്പോൾ തന്നെ, മാധ്യമപ്രവർത്തനത്തിന്, അതിന്റെ പ്രൊഫഷനൽ എത്തിക്‌സ് നഷ്ടമാകുന്നു എന്ന ശക്തമായ വിമർശനവുമുണ്ട്. പ്രത്യേകിച്ച്, ദൃശ്യമാധ്യമങ്ങൾ തമ്മിലുള്ള മത്സരം എല്ലാ പരിധികളും ലംഘിക്കുന്നതായി വിമർശിക്കപ്പെടുന്നു; പ്രത്യേകിച്ച്, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ചാനലുകളുടെയും റിപ്പോർട്ടിങ്ങുകൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷനൽ എത്തിക്‌സുമായി ബന്ധപ്പെട്ട സ്വയം വിമർശനപരമായ ചർച്ചകൾക്കും തിരുത്തലുകൾക്കും, മാധ്യമമേഖലയിൽനിന്ന് വേണ്ടത്ര മുൻകൈയുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഒരേസമയം ഒന്നിലേറെ പ്രതികൂല ഘടകങ്ങളോടു മല്ലടിച്ചുകൊണ്ടാണ് ഓരോ വാർത്തയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടേതിനേക്കാൾ പതിന്മടങ്ങ് വിഭവശേഷിയുള്ള സ്ഥാപനത്തിന്റെ പിൻബലത്തോടെ നിൽക്കുന്ന സഹജീവിയായിരിക്കും ചിലപ്പോൾ മറുപക്ഷത്ത്. ആളിലും അർഥത്തിലും നേരിടുന്ന അരക്ഷിതാവസ്ഥയെ എങ്ങനെ നേരിടുകയും അതിജയിക്കുകയും ചെയ്യുമെന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. രാജ്യത്തെ ഒരു തൊഴിൽ മേഖലയും അഭിമുഖീകരിക്കാത്ത സമ്മർദവും സമയക്രമവും വെല്ലുവിളിയും നേരിടുമ്പോൾ തന്നെ നിയമം അനുശാസിക്കുന്ന കുറഞ്ഞ കൂലി പോലും ചോദിക്കാൻ അവകാശമില്ലാതെ പണിയെടുക്കാൻ നിർബന്ധിതനാവുകയാണ് വാർത്താതൊഴിലാളി. ആഴ്ചയിൽ ആറു ദിവസം പണിയെടുത്താൽ ഏഴാം ദിവസം വിശ്രമം എന്നതാണ് ഇതര തൊഴിൽ മേഖലകളിലെയെല്ലാം അവസ്ഥയെങ്കിൽ ഈയൊരു സങ്കൽപം പോലും സുഖലോലുപതയാണ് രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകർക്കും. തീർത്തും അസന്തുലിതമായ കളത്തിൽനിന്ന് കരുത്തരായ എതിരാളികളോടു മല്ലിടേണ്ടിവരുന്ന സന്ദിഗ്ധാവസ്ഥ ഒരു പരിധിയോളം വാർത്തയുടെ അഴകളവുകളുടെ ചിട്ടവട്ടങ്ങളുടെ തെറ്റിനടത്തത്തിനു കാരണമാകുന്നുണ്ടാവാം.
വാർത്താമുറിയിൽ നമുക്ക് പരമ്പരാഗതമായി ചിരപരിചിതമായ ‘ഗേറ്റ്കീപ്പിങ്’ സംവിധാനം ആധുനിക ദൃശ്യവാർത്താ ഇടത്തിൽ പരിമിതവും വലിയൊരളവോളം അസാധ്യവുമായി വരുന്നത് ഈ പറയുന്ന മൂല്യവ്യതിയാനങ്ങൾക്കു വലിയൊരളവോളം കാരണമാകുന്നുണ്ട്. കേരളം പോലെ താരതമ്യേന വിസ്തൃതി കുറഞ്ഞ ഭൂ മേഖലയിലെ വാർത്താമാധ്യമ ആധിക്യം സൃഷ്ടിക്കുന്ന സ്വഭാവികമായ കടുത്ത മത്സരം അനിവാര്യമായ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസരം വേണ്ടത്ര ഇല്ലാതാക്കുന്നതും പ്രതിസന്ധിയാണ്.
എങ്കിലും, എല്ലാക്കാലവും വെറും പ്രകടനങ്ങളിലുടെയും പാതി വേവിച്ച വിഭവങ്ങളിലൂടെയും പ്രേക്ഷകരെ പിടിച്ചുനിർത്തുക സാധ്യമല്ലാത്തതുകൊണ്ടുതന്നെ ആവശ്യമായ സ്വയം നവീകരണങ്ങൾക്കും തിരുത്തലുകൾക്കും ബന്ധപ്പെട്ടവർ ആത്യന്തികമായി നിർബന്ധിതരാവുക തന്നെ ചെയ്യും. റിമോട്ടും ബ്രൗസറും പ്രേക്ഷകന്റെ കൈയിൽ മാരകായുധങ്ങളായി ഉള്ളിടത്തോളം മാധ്യമങ്ങൾക്കു വേറെ രക്ഷാമാർഗമില്ലെന്നു തന്നെ പറയാം.