കെ. വിദ്യ

കെ. വിദ്യയുടെ അറസ്​റ്റും കേരളത്തിലെ മാധ്യമപ്രവർത്തനവും

‘‘എയ്ഡഡ് കോളേജുകളിൽ അധ്യാപകരാവാൻ ഉദ്യോഗാർത്ഥികൾ നൽകേണ്ടി വരുന്ന ലക്ഷങ്ങളുടെ കോഴപോലെയുള്ള വിഷയങ്ങളെ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യാം എന്ന് കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാമാധ്യമങ്ങൾ ആലോചിക്കാത്തത് എന്തുകൊണ്ടാവും? അവിടെയാണ് മൂലധനതാത്പര്യങ്ങൾ പ്രവർത്തിക്കുക.’’- മാധ്യമസ്വാതന്ത്ര്യവും ഭരണകൂട ഇടപെടലുകളുമായി ബന്ധ​പ്പെട്ട്​ ട്രൂകോപ്പിയിൽ നടക്കുന്ന ചർച്ചയിൽ​, മാധ്യമങ്ങളെക്കുറിച്ച്​ ഒരു വിയോജനക്കുറിച്ച്​

സ്​റ്റ്​ അധ്യാപിക നിയമനത്തിന്​ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്​ തയാറാക്കി എന്ന കേസിൽ അറസ്​റ്റിലായ കെ. വിദ്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പ്രതികരിച്ച വിധവും പ്രസ്തുത വിഷയത്തെ മുൻനിർത്തി അവർ നിർമ്മിച്ചെടുത്ത ഒളിഞ്ഞുനോട്ടസമാനമായ വാർത്തകളും മാധ്യമപ്രവർത്തനം എന്ന വ്യവഹാരത്തെത്തന്നെ സംബന്ധിക്കുന്ന ഗൗരവതരമായ ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. മാധ്യമപ്രവർത്തനം എന്നതിനെ സംബന്ധിക്കുന്ന പഴയസങ്കല്പനങ്ങൾ ഇനി ഏതെങ്കിലും നിലയിൽ പ്രസക്തമാണോ എന്നതാണ് അവയിൽ ആദ്യത്തെ ചോദ്യം.

ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന മാധ്യമവാർത്തകളുടെ തലക്കെട്ടുകൾ പോലും ഗൗരവമായി പഠിക്കപ്പെടേണ്ടതുണ്ട്. ഒളിഞ്ഞുനോട്ടത്തിന്റെ ഒരു യുക്തിയാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

സമകാലികസന്ദർഭത്തിൽ 'മീഡിയ'യും 'ജേർണലിസ'വും കൃത്യമായും രണ്ട് ദിശകളിലാണ് സഞ്ചരിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട് ഒരഭിമുഖത്തിൽ പി. സായ്നാഥ്. മീഡിയ എന്ന വാക്ക് ചില വ്യവസ്ഥകളെയും മുതലാളിമാരെയും അവരുടെ സ്ഥാപിതതാത്പര്യങ്ങളെയുമെല്ലാമാണ് ഉൾവഹിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. അതേസയം, ഈ വ്യവസ്ഥക്കകത്ത് നിന്ന് തന്നെ ചില ജേർണലിസ്റ്റുകളുടെ കലഹങ്ങളും നമ്മൾ കാണുന്നുണ്ട്. കേരളത്തിലെ മുഖ്യധാരാമാധ്യമപ്രവർത്തനം എത്തിച്ചേർന്നിരിക്കുന്ന,ഒറ്റവാക്കിൽ ദുരന്തം എന്ന് വിവക്ഷിക്കാവുന്ന, അവസ്ഥയെ സായ്നാഥിനെത്തന്നെ കടമെടുത്തുകൊണ്ട് ഇങ്ങനെ സംഗ്രഹിക്കാം- Media is no longer about journalism. വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം കൂടി സായ്നാഥ് അതേ അഭിമുഖത്തിൽ നടത്തുന്നുണ്ട് : Some of the best journalists in India are jobless, because they refused to be stenographers.

 പി. സായ്നാഥ്
പി. സായ്നാഥ്

കേരളത്തിലെ ഏതാണ്ടെല്ലാ മാധ്യമവിദ്യാർത്ഥികളും അവരുടെ ക്ലാസ്മുറികളിൽ ഏറ്റവുമധികം കേട്ടിട്ടുള്ള ഒരു വാക്ക് ഒബ്ജക്ടിവിറ്റിയായിരിക്കുമെന്നാണ് ഈ ലേഖകന്റെ വ്യക്തിപരമായ തോന്നൽ. റേറ്റിങ്ങ് വർധിപ്പിക്കുക എന്ന ജീവൻമരണപ്രശ്‌നത്തിലേക്ക് ഏതാണ്ടെല്ലാ മാധ്യമങ്ങളും എത്തിച്ചേർന്ന കാലത്ത് ഒബ്ജക്ടിവിറ്റിക്ക് എന്താവും പ്രസക്തി? സ്വതന്ത്രമാധ്യമങ്ങളുടെ ആദ്യ സ്വാതന്ത്ര്യം കച്ചവടമാകാതിരിക്കലാണ് എന്നെഴുതുന്നുണ്ട് മാർക്സ്. അമേരിക്കൻ മാധ്യമങ്ങളെപ്പോലെ നമ്മുടെ മാധ്യമങ്ങളും പൂർണമായും കമ്പോളമാതൃകയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്റെ വിമർശനവും സമകാലികസന്ദർഭത്തിൽ പ്രസക്തമാണ്. PEW RESEARCH CENTER അമേരിക്കയിൽ നടത്തിയ പഠനം മാധ്യമപ്രവർത്തകരുടെ വിശ്വാസ്യത മറ്റ് തൊഴിലുകളെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനമായി നടന്ന അവരുടെ ഗവേഷണം പറയുന്നത് ഫേക്ക് ന്യൂസുകൾ സാമൂഹ്യജീവിതത്തിന് ഹാനികരമായിത്തീരുന്നുണ്ട് എന്ന് പഠനത്തിന്റെ ഭാഗമായ ബഹുഭൂരിപക്ഷം മനുഷ്യരും കരുതുന്നു എന്നാണ്. ഒബ്ജക്ടിവിറ്റി മാധ്യമപഠന ക്ലാസ്മുറികളിൽ ചർച്ചയാവുന്നുണ്ടെങ്കിലും അങ്ങനെയൊരു ആദർശസങ്കല്പനത്തെ മുൻനിർത്തിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നത് ഇന്ന് ഏറെപ്പേരും കരുതുന്നുണ്ടാവില്ല.

വിദ്യ ചെയ്തതിലെ ശരിതെറ്റുകളെപ്പറ്റിയല്ല ഇവിടെ ആലോചിക്കേണ്ടത്. അത് പൂർണമായും ഒരു നിയമവിഷയമാണ്. വിദ്യ എന്ന സ്ത്രീ നേരിട്ടുകൊണ്ടിരിക്കുന്ന മാധ്യമവിചാരണകളെപ്പറ്റിയാണ് ചർച്ചയുണ്ടാവേണ്ടത്.

മാധ്യമങ്ങൾ തന്നെ വാർത്തയായിത്തീരുന്ന ഒരു സ്ഥിതി ഇന്നുണ്ട്. സമൂഹം നിരന്തരമായ പ്രതിസന്ധികളാൽ വലയുകയാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ മാധ്യമപ്രവർത്തകർ ഉദ്യോഗസ്ഥരുമായി ചേർന്ന് ഒത്തുകളിക്കുന്നതിനെ പറ്റി പോൾ വീവർ News and the culture of lying എന്ന പുസ്തകത്തിലെഴുതുന്നുണ്ട്. എന്നാൽ അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ യഥാർത്ഥ പ്രശ്നങ്ങളല്ല; മാധ്യമങ്ങൾ പലപ്പോഴും അസത്യം ആഘോഷമാക്കുകയാണ്. നുണയുടെ ഈ സംസ്‌കാരം (culture of lying) പരസ്യ സ്പോൺസർമാരുടെ താൽപ്പര്യങ്ങൾ പോലെയുള്ള ഘടനാപരമായ ബന്ധങ്ങളുടെ ഫലമാണെന്നും അദ്ദേഹം വാദിക്കുന്നു. ഗുജറാത്ത് കലാപകാലത്ത് പോലും പിണറായി വിജയന് ചുറ്റും കറങ്ങിയിരുന്ന മലയാളമാധ്യമങ്ങളെപ്പറ്റിയുള്ള കമൽറാം സജീവിന്റെ വിമർശനം ഇവിടെ ഓർമ്മിക്കാം. അംബാനിയുടെ ആസ്തിയിലുണ്ടാവുന്ന വർധനവിനെപ്പറ്റിയുള്ള ഫോബ്സിന്റെ കണക്ക് വാർത്തയാവുകയും കർഷകരുടെ ചെറുത്തുനില്പുകൾ വാർത്തയാവാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തിയും ഇതുതന്നെയാണ്. കർഷകസമരത്തെ പറ്റി എത്ര മാധ്യമങ്ങൾ എഡിറ്റോറിയൽ എഴുതി എന്ന സായ്നാഥിന്റെ ചോദ്യം പ്രസക്തമാവുന്നതും അവിടെയാണ്.

 കെ. വിദ്യ
കെ. വിദ്യ

ഈ നിലയിലാണ് കെ. വിദ്യ എന്ന സ്ത്രീ നേരിട്ട മാധ്യമവിചാരണയും ചർച്ചചെയ്യപ്പെടേണ്ടത്. വിദ്യ ചെയ്തതിലെ ശരിതെറ്റുകളെപ്പറ്റിയല്ല ഇവിടെ ആലോചിക്കേണ്ടത്. അത് പൂർണമായും ഒരു നിയമവിഷയമാണ്. വിദ്യ എന്ന സ്ത്രീ നേരിട്ടുകൊണ്ടിരിക്കുന്ന മാധ്യമവിചാരണകളെപ്പറ്റിയാണ് ചർച്ചയുണ്ടാവേണ്ടത്. മണിപ്പൂർ വിഷയം പോലെ പല സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യാനുണ്ടായിരിക്കെ വിദ്യയുടെ അറസ്റ്റ് കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ ഒന്നാം പേജ് വാർത്തയാവുന്നത് അത്ര നിഷ്‌കളങ്കമല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന മാധ്യമവാർത്തകളുടെ തലക്കെട്ടുകൾ പോലും ഗൗരവമായി പഠിക്കപ്പെടേണ്ടതുണ്ട്. ഒളിഞ്ഞുനോട്ടത്തിന്റെ ഒരു യുക്തിയാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടത്തായിയിലെ ജോളിയാണ് സമീപകാലത്ത് ഇതേ നിലയിൽ മാധ്യമങ്ങളിലൂടെ 'ആഘോഷിക്കപ്പെട്ട' മറ്റൊരു സ്ത്രീ എന്ന് തോന്നുന്നു. വിദ്യയുടെ സ്വകാര്യഫോട്ടോകളും കുടുംബചിത്രങ്ങളും ഉൾപ്പെടെ പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു.

ഈ വിഷയത്തെ അതിന്റെ മെറിറ്റിൽ ചർച്ച ചെയ്യാൻ ശ്രമിക്കുമ്പോൾ ചർച്ചക്കെടുക്കേണ്ട മറ്റനേകം വിഷയങ്ങൾ ബോധപൂർവം ചർച്ച ചെയ്യാതിരിക്കുകയും ചെയ്തു.

അതേസമയം ഈ വിഷയത്തെ അതിന്റെ മെറിറ്റിൽ ചർച്ച ചെയ്യാൻ ശ്രമിക്കുമ്പോൾ ചർച്ചക്കെടുക്കേണ്ട മറ്റനേകം വിഷയങ്ങൾ ബോധപൂർവം ചർച്ച ചെയ്യാതിരിക്കുകയും ചെയ്തു. എയ്ഡഡ് കോളേജുകളിൽ അധ്യാപകരാവാൻ ഉദ്യോഗാർത്ഥികൾ നൽകേണ്ടിവരുന്ന ലക്ഷങ്ങളുടെ കോഴപോലെയുള്ള വിഷയങ്ങളെ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യാം എന്ന് കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാമാധ്യമങ്ങൾ ആലോചിക്കാത്തത് എന്തുകൊണ്ടാവും? അവിടെയാണ് മൂലധനതാത്പര്യങ്ങൾ പ്രവർത്തിക്കുക. കേരളത്തിലെ മുഖ്യധാരാമാധ്യമമുതലാളിമാരുടെ മറ്റ് വ്യവസായതാത്പര്യങ്ങളെക്കൂടി പരിഗണിച്ചാൽ അത് വ്യക്തമാവും. അത്തരം ചർച്ചകളെ മറച്ചുപിടിക്കുക എന്നത് ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും സ്വന്തമായുള്ള മാധ്യമമുതലാളിമാരുടെ താത്പര്യമാണ്.

പോൾ വീവർ
പോൾ വീവർ

വീവർ സൂചിപ്പിക്കുന്നതുപോലെ ചെറിയ പ്രശ്നങ്ങളെ സമൂഹത്തെയാകെ ബാധിക്കുന്ന വലിയ പ്രതിസന്ധികളാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ മൂലധനതാല്പര്യമുണ്ട്. ഈ കുത്തകവൽക്കരണം മാധ്യമങ്ങളുടെ ബഹുസ്വരസ്വഭാവത്തെക്കൂടി താറുമാറാക്കിയിട്ടുണ്ട്; ഒരേ വ്യാജവാർത്ത ഒരേപോലെ തന്നെ പലമാധ്യമങ്ങളിൽ വരുന്ന സംഭവങ്ങൾ അതിന് ഉദാഹരണമാണ്.

മാധ്യമപ്രവർത്തനത്തെ സംബന്ധിക്കുന്ന പഴയ സങ്കല്പനങ്ങൾ ഇനി ഏതെങ്കിലും നിലയിൽ പ്രസക്തമാണോ എന്ന ചോദ്യത്തിലേക്ക് മടങ്ങിവരാം. ലാഭം മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഏതാണ്ടെല്ലാ വൻകിടമാധ്യമ മുതലാളിമാരും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകനായ ശശികുമാർ ട്രൂകോപ്പി വെബ്​സീനുമായി നടത്തിയ അഭിമുഖത്തിൽ ചോദിക്കുന്നതുപോലെ, ഒരു സോപ്പ് കമ്പനി മുതലാളിക്ക് ലഭിക്കാത്ത ഭരണഘടനാപരമായ അവകാശങ്ങൾ മാധ്യമമുതലാളിക്ക് ലഭിക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ് എന്നതാണ് ഇനി അവശേഷിക്കുന്ന ചോദ്യം?

(ആശയങ്ങൾക്ക് പി. സായ്‌നാഥ്, ശശികുമാർ തുടങ്ങിയവരുടെ നിരീക്ഷണങ്ങളോടും കമൽറാം സജീവിന്റെ ‘ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും’ എന്ന പുസ്തകത്തോടും കടപ്പാട്)

Comments