കളമശ്ശേരി കാട്ടിത്തന്ന ഫാഷിസ്റ്റ് കുഴിബോംബുകൾ

രു പഴയ തമാശയാണ്,
കിണറ്റില്‍ വീണ കുട്ടിയെ ഒരു സിഐടിയുക്കാരനായ ചുമട്ടുതൊഴിലാളി രക്ഷിച്ചു, പിറ്റേന്ന് ആ വാര്‍ത്ത മനോരമയില്‍ വന്നത് 'കിണറ്റില്‍ വീണ കുട്ടിയെ സിഐടിയു ഗുണ്ട' രക്ഷിച്ചു എന്നാണത്രേ. ആധുനിക സംവിധാനങ്ങളില്ലാത്ത പഴയ അച്ചടിയുടെ കാലത്ത് ഗുണ്ട എന്ന വാലോടെയല്ലാതെ സിഐടിയുഎന്ന അച്ച് മനോരമയില്‍ ഉണ്ടായിരുന്നില്ലത്രേ!

തൊഴിലാളി പ്രസ്ഥാനങ്ങളോട് ആ പത്രത്തിനുണ്ടായിരുന്ന മനോഭാവത്തെ വിശദീകരിക്കാന്‍ ആരോ ഉണ്ടാക്കിയ ഒരു കഥയായിരിക്കും അത്.

കളമശ്ശേരി ബോംബാക്രമണത്തിന്റെ പിറ്റേദിവസത്തെ ടൈംസ്ഓഫ്ഇന്ത്യയുടെ തലക്കെട്ട് വായിച്ചാല്‍ അച്ചിന്റെ പ്രശ്‌നമല്ല ഇപ്പോള്‍ തലച്ചോറിന്റെ പ്രശ്‌നമാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് എന്ന് ഉറപ്പിക്കാം.

'twist in the tale :no terror angle in ied blast at prayer meet that kills 2,injures 58.

എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്.

എന്താണ് ടൈംസ്ഓഫ് ഇന്ത്യ പറയുന്ന ട്വിസ്റ്റ്, എവിടെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ടെറര്‍ ലിങ്ക് ഇല്ലെന്ന് തോന്നിയത്.?

മുമ്പ് യഹോവയുടെ സാക്ഷികള്‍ക്കൊപ്പമുണ്ടായിരുന്ന മാര്‍ട്ടിനാണ് സ്‌ഫോടനം നടത്തിയതെന്ന് മാര്‍ട്ടിനും പോലീസും പറയുന്നു,

കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പറത്തുവരേണ്ടതാണ്.

ഇതുവരെ ഉള്ള സാഹചര്യം വച്ച് ഒരു കാര്യം ഉറപ്പിക്കാമല്ലോ, ഫാസിസ്റ്റ് ദേശീയതാ പദ്ധതികള്‍ കൊണ്ട് നടക്കുന്ന കപടദേശീയതാവാദിയായ ഒരു ഭീകരനാണ് മാര്‍ട്ടിന്‍ എന്ന് പോലീസ് കണ്ടെത്തിയേക്കാം. അയാളുടെ വാക്കുകളില്‍ അത് വ്യക്തമാണ്. ബോംബാക്രമണമാണ്, മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. അതൊരു ഭീകരാക്രമണം തന്നെയാണ്.എന്നിട്ടും എന്താണ് ടൈംസ്ഓഫ ഇന്ത്യ മിസ്സ് ചെയ്യുന്ന ടെറര്‍ ലിങ്ക്.?

അത് ഭീകരന്‍ ഒരു മുസ്ലീം പേരുകാരനല്ലാത്തതിന്റെ വിഷമമാണ്.

ഭീകരത എന്നാല്‍ മുസ്ലീമിനോട് ചേര്‍ത്ത് കെട്ടിമാത്രം പ്രയോഗിച്ചിട്ടുള്ള ടൈംസ് ഓഫ് ഇന്ത്യയിലെ എഡിറ്ററുടെ തലച്ചോറിലെ സോഫ്‌ട്വെയറിനാണ് ടെറര്‍ ലിങ്കിനേപ്പറ്റിയുള്ള ഈ സംശയം.

അഞ്ചാറുമണിക്കൂര്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ചിലരും സംഘപരിവാറും ഒരു മുസ്ലീംഭീകരാക്രമണം ഉറപ്പിച്ച് കഥ മെനയുകയായിരുന്നു എന്ന ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്. അതുകൊണ്ടാണ് കഥയിലെ ട്വിസ്റ്റും ഭീകരബന്ധമില്ലെന്ന ഉറപ്പം തലക്കെട്ടില്‍ത്തന്നെ ടൈംസ്ഓഫ് ഇന്ത്യ അവതരിപ്പിച്ചത്.

ടൈംസ്ഓഫ് ഇന്ത്യയെ ഉദാഹരിച്ചു എന്നേ ഉള്ളു, ബോംബാക്രമണത്തിനുതൊട്ടുപിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വച്ച് കളിച്ച പലരുമുണ്ട്. അതേസമയം അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ പെരുമാറിയ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമുണ്ട്. യൂ ട്യൂബിലെ ലൈവ് ചാറ്റ് ഓഫാക്കിയവരും ഉഹാപോഹങ്ങള്‍ക്ക് വഴിപ്പെടാത്തവരുമൊക്കെ കേരളം കത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ പട്ടികയിലില്ല.

കളമശേരിയിൽ നടന്ന സ്ഫോടനം കേരള സമൂഹത്തെ ഒരു പകൽ മുഴുവൻ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുകയായിരുന്നു. സ്ഫോടനവും നിരപരാധികളായ മനുഷ്യരുടെ മരണവും പൊള്ളലേറ്റവരുടെ ദുരിതവുമെല്ലാം നമ്മെ വേദനിപ്പിച്ചു. എന്നാൽ ആ വേദനകൾക്കെല്ലാം മുകളിൽ നമ്മെ ആശങ്കയിലാഴ്ത്തിയത് മറ്റൊരു സംഗതിയാണ്. കേരളത്തിലെ മതേതരമനസുള്ള സാധാരണക്കാർക്ക് അതൊരു ആശങ്കയായിരുന്നെങ്കിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർക്ക് അതൊരു പകൽ മുഴുവൻ നീണ്ടുനിന്ന ഒരു പേക്കിനാവായിരുന്നു.

യഹോവ സാക്ഷികളുടെ സമ്മേളന ഹാളിൽ ബോംബ് വെച്ചത് ഒരു മുസ്ലീം നാമധാരിയാകരുതേയെന്ന പ്രാർത്ഥനയിലാണ് മേൽപ്പറഞ്ഞ രണ്ടുകൂട്ടരും ഒരുപകൽ കഴിച്ചുകൂട്ടിയതെങ്കിൽ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച ഒരു സുവർണാവസരത്തിൻ്റെ ചാകരയിലേയ്ക്ക് തോണിതുഴയുന്ന തിരക്കിലായിരുന്നു മറ്റൊരു കൂട്ടർ.

സംഭവം നടന്ന് ഒരുമണിക്കൂർ തികയും മുൻപ് ട്വിറ്ററിൽ സംഭവത്തെക്കുറിച്ച് ഒരു ആഖ്യാനം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ശനിയാഴ്ച മലപ്പുറത്ത് സോളിഡാരിറ്റി നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തെ ഹമാസിൻ്റെ മുൻ തലവനായ ഖാലിദ് മഷ് അൽ ഖത്തറിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തിരുന്നു. ഹമാസ് നേതാവിൻ്റെ പ്രസംഗം കേട്ട മല്ലു മുസ്ലീങ്ങൾ 24 മണിക്കൂറിനകം പണി നടത്തി എന്നമട്ടിലായിരുന്നു എക്സിലെ സംഘപരിവാർ അനുഭാവികളുടെ പ്രചാരണം. ജെഹോവ സാക്ഷികളെന്നാൽ ജൂതരാണെന്നും ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിനോടുള്ള കലിപ്പ് കേരളത്തിലെ ഏതോ റാഡിക്കൽ മുസ്ലീം ഗ്രൂപ്പ് അവരോട് തീർത്തതാണെന്നുമായിരുന്നു സംഘി വേർഷൻ.

ഇത് കേവലം എക്സിൽ നോർത്തി സംഘികൾ പ്രചരിപ്പിച്ച ഒന്നായി ഒതുങ്ങിയില്ല. മലയാളിയും ഏഷ്യാനെറ്റ് ന്യൂസ് ചാനലിൻ്റെ ഉടമയുമായ കേന്ദ്രമന്ത്രി രാജീവ് ചന്ദശേഖർ ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐയ്ക്ക് നൽകിയ ബൈറ്റിലും അദ്ദേഹത്തിൻ്റെ തന്നെ ട്വീറ്റിലും അദ്ദേഹം പറഞ്ഞത് ഈ സ്ഫോടനത്തിൻ്റെ ഉത്തരവാദികൾ ഫലസ്തീൻ അനുകൂല റാലിയ്ക്ക് അനുവാദം നൽകിയ കേരള സർക്കാർ ആണെന്നായിരുന്നു. ഹമാസ് നേതാവ് തൻ്റെ പ്രസംഗത്തിൽ ജിഹാദിന് ആഹ്വാനം ചെയ്തെന്നും അവിശ്വാസികൾക്കെതിരായി യുദ്ധം പ്രഖ്യാപിച്ചെന്നും അതിൻ്റെ പരിണിതഫലമാണ് 24 മണിക്കൂറിനുള്ളിൽ നാം കണ്ടതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രീണന രാഷ്ട്രീയത്തിൻ്റെ പ്രത്യാഘാതമാണത്രേ ഇത് !

നാട്ടിലെ സുമേഷ് കാവിപ്പടയല്ല താനെന്നും ഇന്ത്യാ മഹാരാജ്യത്തെ ഒരു കേന്ദ്രമന്ത്രിയാണെന്നുമുള്ള ബോധം രാജീവിനുണ്ടാകുന്നത് നന്നാകും.

മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനത്തിന് മറുപടി പറയാൻ പരിവാര സമേതം കൊച്ചിയിൽ പത്ര സമ്മേളനത്തിന് പറന്നിറങ്ങിയ രാജീവ് ചന്ദ്രശേഖർ കേരളത്തെ കുറിച്ചുള്ള തന്റെ മതിപ്പില്ലായ്മ ആവർത്തിച്ചു.

ഹൈബി ഈഡനും എം സ്വരാജും ഒക്കെ ഇവിടെ എന്താ ഈ കാണികുന്നത് എന്നതായിരുന്നു പൊതുവെ ടോൺ എങ്കിലും,

ഒരു ചാനൽ മുതലാളി എന്ന പരിഗണന പോലും കൊടുക്കാതെ കൊച്ചിയിലെ മാധ്യമപ്രവർത്തകർ വിദ്യേഷ പ്രചാരണം നാത്തിയ കേന്ദ്രമന്ത്രിയെ റോസ്റ്റ് ചെയ്തു.

ചോദ്യങ്ങളുമായി ആ വാർത്താ സമ്മേളനത്തിന് പോയ മാധ്യമ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കണം.

മലയാളത്തിലെ ഏഷ്യാനെറ്റും റിപ്പോർട്ടറുമടക്കമുള്ള മിക്ക പരമ്പരാഗ മാധ്യമങ്ങളും ഈ ഹമാസ് നറേറ്റീവിനെ സ്ഥാപിക്കാൻ പലതരത്തിൽ ശ്രമിച്ചു. റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിൽ നിന്നും കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനസ്ഥലത്ത് നടുങ്ങിനിൽക്കുന്നയാളോട് സംഭവസ്ഥലത്ത് ഓടിക്കിതച്ചെത്തിയ ചാനൽ പ്രതിനിധിയുടെ ചോദ്യം: " ഇപ്പോൾ ഈ പലസ്തീൻഇസ്രായേൽ വിഷയമൊക്കെ നിൽക്കുന്നതുകൊണ്ട് അങ്ങനെയൊക്കെ കേൾക്കുന്നു?".: " അതെന്തോ നമുക്ക് തോന്നുന്നില്ല, അതൊന്നും നമുക്ക് ചിന്തിക്കാൻ തോന്നുന്നില്ല". എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

"ജൂതവിഭാഗവുമായി എന്തെങ്കിലും ബന്ധം?"

അടുത്ത ചോദ്യമാണ്.

"ഞങ്ങൾക്ക് ഒരു വിഭാഗവുമായും ബന്ധമില്ല."

എന്ന് അദ്ദേഹം മറുപടി കൊടുത്തു.

ഇതേ ചാനലിൽ ഉച്ചയ്ക്ക് നടന്ന ചർച്ചയിൽ "പശ്ചിമേഷ്യൻ സാഹചര്യവും യഹോവ സാഹചര്യവുമായി ബന്ധമുണ്ടോ"യെന്ന് ഡോ. സെബാസ്റ്റ്യൻ പോളിനോട് എം വി നികേഷ് കുമാറിൻ്റെ ചോദ്യം. മുൻ ഇടത് എം.പിയും മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ സെബാസ്റ്റ്യൻ പോളിൻ്റെ മറുപടിയിൽ അദ്ദേഹം പറയുന്നത് യഹോവ സാക്ഷികൾ യഹോവയെ മാത്രം വിശ്വസിക്കുന്നവരാണെന്നും യഹോവ ജൂതന്മാരുടെ ദൈവമായതിനാൽ ജൂതന്മാരോട് അവർക്ക് മാനസികമായും വിശ്വാസപരമായും ഐക്യദാർഢ്യം ഉണ്ടാകുമെന്നാണ്. 'കൃസ്ത്യാനികളുടെ ക്രിസ്തുവിലും ഹിന്ദുക്കളുടെ കൃഷ്ണനിലും മുസ്ലീങ്ങളുടെ മുക്രിയിലും "ക്രി" ഉള്ളതിനാൽ എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്ന വാദത്തിൻ്റെ നിലവാരമേ ഇതിനുള്ളൂ എന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്.

ഒന്നാമതായി യഹോവ എന്നത് എല്ലാ സെമിറ്റിക് മതങ്ങളുടെയും ദൈവം തന്നെയാണ്. ജൂതമതത്തിലെയും ക്രിസ്തുമതത്തിലെയും ദൈവം യഹോവ തന്നെ. ഇസ്ലാം മതത്തിൽ അള്ളാഹു എന്ന് വിളിക്കപ്പെടുന്നതും ഇതേ ഏകദൈവസങ്കൽപ്പത്തെത്തന്നെയാണ്. യഹോവയുടെ പ്രവാചകനായ അബ്രഹാം ഖുറാനിൽ അള്ളാഹുവിൻ്റെ പ്രവാചകനായ ഇബ്രാഹിം നബിയാണല്ലോ.സെബാസ്റ്റ്യൻ പോളും സുജയ പാർവതിയും നോർത്തിന്ത്യൻ മല്ലു സംഘ്യാദികളും ആവർത്തിച്ച പ്രധാന മണ്ടത്തരം യഹോവ സാക്ഷികളും ജൂതമതക്കാരും ഒന്നാണെന്നതാണ്.

ലോകമൊട്ടാകെ 85 ലക്ഷം അനുയായികൾ മാത്രമുള്ള യഹോവ സാക്ഷികൾ വീടു വീടാന്തരം കയറി മതം പഠിപ്പിക്കുന്ന ഒരുതരം കൾട്ട് സ്വഭാവമുള്ള ഒരു കൃസ്ത്യൻ ഗ്രൂപ്പ് ആണ്. യേശു ദൈവപുത്രനാണെന്ന കാര്യത്തിലോ, പരിശുദ്ധാത്മാവ് ഉണ്ടെന്ന കാര്യത്തിലോ അവർക്ക് മറ്റ് കൃസ്ത്യൻ വിഭാഗങ്ങളുമായി അഭിപ്രായ വ്യത്യാസമില്ല. ബൈബിളിൻ്റെ പുതിയ നിയമ തന്നെയാണ് ഇവരുടെയും പ്രമാണ ഗ്രന്ഥം. എന്നാൽ മറ്റ് കൃസ്ത്യൻ വിഭാഗങ്ങൾ വിശ്വസിക്കുന്ന "വിശുദ്ധ ത്രിത്വം" അഥവാ ഹോളി ട്രിനിറ്റിയിൽ ഇവർ വിശ്വസിക്കുന്നില്ല. ദൈവം എന്ന തരത്തിലുള്ള ആരാധന യഹോവയ്ക്ക് മാത്രമേ പാടുള്ളൂ എന്നതാണ് ഇവരുടെ പ്രമാണം. എന്നാൽ ജൂതന്മാർ യേശുകൃസ്തു ദൈവപുത്രനാണെന്ന് അംഗീകരിക്കാത്തവരും ബൈബിളിൻ്റെ പുതിയ നിയമത്തെ പിന്തുടരാത്തവരുമാണ്.

ഇനി സെബാസ്റ്റ്യൻ പോൾ പറഞ്ഞ യഹോവ സാക്ഷി-ജൂത ഐക്യം ശരിയാണോ എന്ന് നോക്കാം. ബൈബിളിൽ പറയുന്ന അർമഗെഡോൺ എന്ന യുഗസമാപ്തിയുദ്ധം യഹോവയും ഭൂമിയിലെ രാജാക്കന്മാരും തമ്മിലായിരിക്കും എന്നാണ് യഹോവ സാക്ഷികൾ വിശ്വസിക്കുന്നത്. അങ്ങനെ ദൈവരാജ്യം വരുമെന്ന് വിശ്വസിച്ച് ജീവിക്കുന്ന ഇവർ നിലവിലെ ഒരു രാഷ്ട്രീയത്തിലോ ഭരണകൂടങ്ങളിലോ വിശ്വസിക്കുന്നില്ല. അതേസമയം സെക്കുലാർ ആയ ഒരു ഭരണകൂടത്തിന് കീഴിൽ അതിനെ അനുസരിച്ച് ജീവിച്ച് പോകുക എന്നതാണ് അവരുടെ നയം. പലസ്തീൻ പ്രദേശത്ത് ജൂതരാജ്യം നിർമ്മിക്കുക എന്ന സയണിസ്റ്റ് ആശയത്തെ ഇവർ എതിർക്കുകയാണ് ചെയ്യുന്നത്. അത് മതപരവും ദൈവികവുമായ ലക്ഷ്യമാണെന്ന ജൂത-സയണിസ്റ്റ് വിശ്വാസത്തെ തങ്ങൾ ഒരുതരത്തിലും പിന്തുണയ്ക്കുന്നില്ലെന്ന് യഹോവ സാക്ഷികൾ അവരുടെ മാഗസിൻ ആയ വീക്ഷാഗോപുരത്തിൽ (വാച്ച് ടവർ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കുന്ന ബൈബിൾ വ്യാഖ്യാനങ്ങൾക്കനുസരിച്ചാണ് ഇവരുടെ ജീവിതരീതികളും നിലപാടുമെല്ലാം.

ഒന്നോർത്ത് നോക്കൂ. ഈ പറഞ്ഞ യഹോവ സാക്ഷികൾ ജൂതന്മാരെപ്പോലെയാണെന്നും അവരുമായി ഐക്യത്തിലാണെന്നും, അതിനാൽ അവരെ പലസ്തീൻ അനുകൂലികളായ മുസ്ലീം നാമധാരികൾ ആക്രമിച്ചതാണെന്നുമുള്ള നറേറ്റിവ് എന്തുമാത്രം അടിസ്ഥാനരഹിതമാണെന്ന്. ആറുമണിക്കൂറോളം നമ്മുടെ മിക്കവാറും മാധ്യമങ്ങളും മുഴുവൻ സംഘികളും ഈ നറേറ്റിവ് ആത്മവിശ്വാസത്തോടെ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു. കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ പേര് ഡൊമിനിക് മാർട്ടിൻ എന്നാണെന്നത് പുറത്തുവരുന്നതുവരെ.

സന്ദീപ് വാര്യരടക്കമുള്ള ആർ എസ് എസുകാർ മുതൽ സെബാസ്റ്റ്യൻ പോളിനെപ്പോലെയുള്ള സോ കോൾഡ് ഇടതു ബുജികൾ വരെ ഈ പൊട്ടത്തരത്തിനൊപ്പം നിന്നു, ചിലർ അത് വെറുപ്പും ചേർത്ത് വിളമ്പി.

കളമശ്ശേരിയിലെ ഭീകരാക്രമണം അപ്രതീക്ഷിതമല്ലെന്നും കുന്തിരിക്കം വാങ്ങിവച്ചോളാൻ നേരത്തെ പറഞ്ഞതാണല്ലോയെന്നും പറഞ്ഞ സന്ദീപ് വാര്യർ 'സുരക്ഷാ വീഴ്ച വരുത്തിയ കേരള സർക്കാരും ഹമാസ് ഭീകരതയെ ഉളുപ്പില്ലാത്തെ ന്യയീകരിച്ച സി.പി.എം-കോൺഗ്രസ് നേതാക്കളുമാണ് ഭീകരാക്രമണത്തിന്' ഉത്തരവാദികളെന്നും പ്രഖ്യാപിച്ചുകളഞ്ഞു.

കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമാണ് കളമശ്ശേരി സ്‌ഫോടനമെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത്. കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ അന്വേഷിക്കണമെന്നൊരു ആവശ്യവും വി മുരളീധരൻ ഉയർത്തി.

കേരളത്തിൽ ആക്രമണങ്ങളും സ്‌ഫോടനങ്ങളുമെല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയൻ സർക്കാരിന്റെ വീഴ്ചയാണെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.

കേരളത്ത്നെതിരായി ദേശീയതലത്തിൽ വ്യാജവാർത്തകൾ വിതരണം ചെയ്യുന്ന കോണ്ട്രാക്ട് എടുത്ത് ബിജെപിയിൽ ചേർന്ന അനിൽ ആൻ്റണിയും രംഗത്തുണ്ടായിരുന്നു. കേരളത്തിൽ മതമൗലികവാദ സംഘടനങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്‍ലിം ലീഗുമെല്ലാം ചേർന്ന് കേരളത്തെ നശിപ്പിക്കുകയാണെന്നും അനിൽ ആന്റണി .

കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂക്ഷിക്കാൻ കേരളത്തോട് ആഹ്വാനം ചെയ്തത് ശശികലയായിരുന്നു.

കളമശേരി സംഭവത്തിൽ അന്വേഷണ ഏജൻസിയായ കേരള പൊലീസ് ആദ്യമൊന്നും ഒന്നും പറഞ്ഞിരുന്നില്ല. സംഭവം നടന്ന രണ്ട് മണിക്കൂറിനുള്ളിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ലല്ലോ. പക്ഷേ ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ ഏഷ്യാനെറ്റും മാതൃഭൂമിയുമെല്ലാം 'കേന്ദ്ര അന്വേഷണ ഏജൻസി'കളെ ക്വോട്ട് ചെയ്ത് അപസർപ്പക കഥകൾ മെനഞ്ഞു.

ആ കഥകളിൽ ഹമാസും ഇസ്രായേലും ജൂത-യഹോവ സാക്ഷി ബന്ധങ്ങളുമെല്ലാം നിറഞ്ഞുനിന്നു. ഇതിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പൊലീസ് പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത 'തൊപ്പിവച്ച' ഗുജറാത്ത് സ്വദേശിയുടെ ചിത്രം വച്ച് 'കളമശ്ശേരി സ്‌ഫോടനം - ഒരാൾ കസ്റ്റഡിയിൽ' എന്ന് വാർത്ത ബ്രേക്ക് ചെയ്തു ന്യൂസ് 18 കേരള ചാനൽ മാതൃകയായി."ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിയ്ക്ക് സുഖം തന്നെയല്ലേ? കളമശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്ഫോടനമോ?" എന്ന തലക്കെട്ടിൽ ഒരു വീഡിയോയുമായി മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വർഗീയത പ്രചരിപ്പിക്കുന്നതിലെ പ്രോ മാക്സ് സ്വഭാവം നിലനിർത്തി. ഒടുവിൽ പ്രതി മാർട്ടിൻ കീഴടങ്ങിയപ്പോൾ പതിവു പോലെ വിഡിയോ മുക്കി.

"A day after Hamas leader’s virtual address, multiple explosions rock Kerala prayer meeting" എന്ന തലക്കെട്ടിലായിരുന്നു ദേശീയ വാർത്താ ഏജൻസിയായ എൻ എൻ ഐയുടെ അഭ്യാസം. ഹിന്ദുസ്ഥാൻ ടൈംസ്, ഡി.എൻ.എ, ഫസ്റ്റ്‌പോസ്റ്റ്, ഇന്ത്യ ഡോട്ട് കോം ഉൾപ്പെടെയുള്ള മാധ്യമങ്ങളെല്ലാം ഇതേ സ്വഭാവത്തിലാണ് ഈ വാർത്തയെ കൈകാര്യം ചെയ്തത്. നെറ്റ്‌വർക്ക് 18 എക്‌സിക്യൂട്ടീവ് എഡിറ്ററായ രാഹുൽ ശിവശങ്കർ ഒരുപടി കൂടി കടന്ന് ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ ജമാഅത്ത് റാലിയിൽ പ്രതികാരാഹ്വാനം നടത്തിയെന്നും മണിക്കൂറുകൾ പിന്നിടും മുൻപ് ക്രിസ്ത്യൻ പ്രാർത്ഥനാ ചടങ്ങിൽ സ്‌ഫോടന പരമ്പര നടക്കുന്നുവെന്നും എക്‌സിൽ കുറിച്ചു.

എന്നാൽ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ആളുടെ പേര് ഡൊമിനിക് മാർട്ടിൻ എന്നാണെന്ന് പൊലീസ് പറയുകയും അയാളുടെ ഫെയ്സ്ബുക്ക് വീഡിയോ പുറത്തുവരികയും ചെയ്തതോടെ ഒരു പകൽ മുഴുവൻ നീണ്ട ഈ അസംബന്ധ നാടകത്തിന് തിരശീല വീഴുകയായിരുന്നു. ഞാൻ യഹോവ സാക്ഷി വിശ്വാസി ആയിരുന്നെന്നും അവരുടെ വിശ്വാസപ്രമാണങ്ങൾ രാജ്യദ്രോഹപരവും ഇതര വിഭാഗക്കാരെ വെറുക്കുന്നതുമായതിനാൽ ആണ് അവരുടെ യോഗസ്ഥലത്ത് ബോംബ് വെച്ചതെന്നുമായിരുന്നു മാർട്ടിൻ്റെ വെളിപ്പെടുത്തൽ.

കേരളത്തിലെ സര്‍ക്കാരും പ്രതിപക്ഷവും ഈ സാഹചര്യത്തെ നേരിട്ട രീതി പ്രതീക്ഷ നല്‍കുന്നതാണ്. തല്‍ക്കാലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ട അവസരമല്ല ഇതെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷനേതാവ് വിഡി സതീശനും, വിദ്വേഷപ്രചാരകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുതന്ന മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സമാധാനം നിലനിര്‍ത്താന്‍ നേതാക്കളുണ്ടെന്ന പ്രത്യാശ നല്‍കി. അന്തസുള്ള പ്രതിപക്ഷം എന്ന ജേക് സി തോമസ് സ്‌ഫോടനത്തിന്റെ വൈകുന്നേരം പറഞ്ഞത് കോണ്‍ഗ്രസും ലീഗുമടക്കമുള്ള പാര്‍ട്ടികളെ നോക്കിയാണ്,ഇത് കേരളമാണ്. ഇവിടിങ്ങനാണ്.

'സിഐടിയു ഗുണ്ട ' എന്ന മട്ടില്‍ 'മുസ്ലീംഭീകരത' എന്ന് തലച്ചോറില്‍ അച്ച് നിരത്തുംമുമ്പ് 2007 ഫെബ്രുവരി 18ന് സംച്ഛോത എക്സ്പ്രസില്‍ 68 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവും 2007 ഒക്ടോബറില്‍ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനവും 2008 സെപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉണ്ടായ സ്ഫോടനങ്ങളും ഓര്‍മ്മ വരണം.

അവയ്‌ക്കെപ്പം ലക്ഷണമൊത്ത ഒരു റൈറ്റ് വിംഗ് ടെറര്‍ അറ്റാക്ക് തന്നെയാണ് കളമശ്ശേരിയിലും നടന്നത്.


Summary: മൂന്നുപേർ കൊല്ലപ്പെട്ട കളമശ്ശേരി സ്‌ഫോടനത്തെതുടർന്നുള്ള അഞ്ചാറുമണിക്കൂർ കേരളത്തിലെ ചില മാധ്യമങ്ങളും സംഘ്പരിവാറും ഒരു മുസ്ലിം ഭീകരാക്രമണം ഉറപ്പിച്ച് കഥ മെനയുകയായിരുന്നു.


ടി.എം. ഹർഷൻ

ട്രൂ കോപ്പി അസോസിയേറ്റ്​ എഡിറ്റർ

Comments