ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 63 -നായി സൈനുൽ ആബിദ് തയ്യാറാക്കിയ കവർ ചിത്രത്തിൽ നിന്ന്.

കോവിഡ് സൃഷ്ടിച്ച കവിതയുടെ വകഭേദങ്ങൾ

കോവിഡ് സൃഷ്ടിച്ച കവിതയുടെ വകഭേദങ്ങൾ

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വെബ്‌സീൻ ഒരുക്കിയ പുതിയ കാല കവിതക്കുവേണ്ടിയുള്ള പ്രത്യേക പാക്കറ്റ് ഹൃദ്യമായ ഒരനുഭവമായി. ഇവിടെയും പുറത്തും കവികളും കവിതയും ഏതു രീതിയിൽ ഇടപെടുന്നു എന്നതിന്റെ അതിശക്തമായ വിശദീകരണങ്ങളായിരുന്നു കവികളുടെ ലേഖനങ്ങളും കവിതകളും.

രണ്ടുവർഷമായി മനുഷ്യരാശിയെ ആകെ പിടിമുറിക്കിയിരിക്കുന്ന കോവിഡ്- 19 ശരീരത്തോടൊപ്പം മനസ്സിനെയും ചിന്തയെയും ആവേശിച്ച മഹാമാരിയാണ്. അതുകൊണ്ടുതന്നെ, കവിത എഴുത്ത് അതിസങ്കീർണമായ വ്യക്ത്യനുഭവങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. വൈയക്തികം ആയിരിക്കുമ്പോൾ തന്നെ അത് സാമൂഹികവും രാഷ്ട്രീയവുമായ ആഖ്യാനങ്ങളായി വികസിക്കുന്നുമുണ്ട്. ഏറ്റവും കൗതുകകരമായ ഒരു കാര്യം വായിച്ചത്, കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് മൂന്നു മാസം കഴിഞ്ഞ് 15 രാജ്യങ്ങളിലെ 15 കുട്ടികളോട് ലോക്ക്ഡൗൺ അനുഭവങ്ങളെ മുൻനിർത്തി കവിത എഴുതാനാവശ്യപ്പെട്ടു. കൊറോണ വൈറസ് എത്തിയശേഷം കീഴ്‌മേൽ മറിഞ്ഞ സ്വന്തം ജീവിതങ്ങളെക്കുറിച്ച് തീവ്രമായ കവിതകളാണ് ഇവർ എഴുതിയത്. അപഹരിക്കപ്പെട്ട സ്വാതന്ത്ര്യത്തെക്കുറിച്ച്, സ്‌നേഹപ്രകടനങ്ങളെക്കുറിച്ച്, ചുറ്റുമുള്ള മരണങ്ങളെക്കുറിച്ച് എല്ലാമാണ് അവർ എഴുതിയത്.

അൻവർ അലി. / Photo : Muhammed Hanan.
അൻവർ അലി. / Photo : Muhammed Hanan.

നിരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് അൻവർ അലിയുടേതാണ്. അടച്ചിരുപ്പിൽ കവിത സാധ്യമാക്കിയത് പലതരം തുറവികളാണ്. തൊട്ടപ്പുറത്തെ കോൾപാടം വരെയേ സഞ്ചരിക്കാനാവുമായിരുന്നുള്ളൂ എങ്കിലും കവിതയുടെ ഒരു വെർച്വൽ ലോകം ആഗോളീയമായി തന്നെ രൂപം കൊണ്ടു. അതിൽ, ലോകത്തെങ്ങുമുള്ള മനുഷ്യരുടെ പരവേശങ്ങൾ പ്രത്യക്ഷമായി. കവിയെ തന്നെ ഞെട്ടിച്ചുകൊണ്ട് അസാധാരണമായ രചനകൾ സ്വന്തത്തിൽനിന്നുണ്ടാകുന്നു, തന്റേതല്ലെന്ന മട്ടിൽ. ആ രചനാപ്രപഞ്ചത്തിലെ എമിലിത്തവും മഹാദേവിയക്കത്തവും അൻവർ അലിയുടെ മറ്റൊരു കവിത പോലെ അനുഭവപ്പെട്ടു.

സി.പി. ജാക്‌സൺ, മുംബൈ.


പെൺകവിതകളുടെ കൂടി കാലം

കോവിഡ് എന്നത് ഒരു കവിതാക്കാലം കൂടിയാണ് എന്ന് വെബ്‌സീനിലെ കാവ്യാനുഭവങ്ങൾ വായിച്ചപ്പോൾ തോന്നി. (പാക്കറ്റ് 63). കവിതയുമായുള്ള വിനിമയങ്ങൾ മുമ്പത്തേക്കാൾ ശക്തമായി എന്ന് കവികൾ തന്നെ എഴുതുന്നു. വ്യക്തിപരമായ അനുഭവങ്ങൾക്കൊപ്പം സ്റ്റാലിന, പോയട്രിയ എന്ന പെൺകവികളുടെ എഫ്.ബി പേജിനെക്കുറിച്ച് പറയുന്നുണ്ട്. "പോയട്രിയ' ഇന്ന് മലയാളത്തിലെ ഏറ്റവും ക്രിയാത്മകമായ കവിതാ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. പുതിയ കവിതയുടെ വായനക്കൊപ്പം കവിത ഈ കാലഘട്ടത്തിൽ നിർവഹിക്കേണ്ട രാഷ്ട്രീയമായ ദൗത്യം കൂടി ഓർമപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോം.

സ്റ്റാലിന
സ്റ്റാലിന

പെൺകവിതകളെ ഒരു ഐഡന്റിറ്റിയായി അടയാളപ്പെടുത്തേണ്ടത് അനിവാര്യമായ ഒരു ഘട്ടം കൂടിയാണിത് എന്ന്, പെൺകവിതകൾക്കുനേരെയുള്ള പ്രതികരണങ്ങൾ തെളിയിക്കുന്നു. ഇന്ന്, "പൊതു' കവിതയെക്കുറിച്ചും "പൊതു'ഭാഷയെക്കുറിച്ചും "ന്യൂട്രൽ' ആഖ്യാനത്തെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത്, കലയിലെ പുതിയ ആണധികാരത്തിന്റെ ഡിസൈനാണ് എന്ന് ചൂഴ്ന്നുനോക്കാതെ തന്നെ മനസ്സിലാക്കാം. കാരണം, കൽപ്പറ്റ നാരായണൻ എഴുതിയ പോലെ, എഴുത്തുകാരികൾ ഏറെ സർഗോന്മുഖരായ കാലം കൂടിയാണിത്. അത് സ്വഭാവികമായും തകർക്കുക, പുരുഷാഖ്യാനങ്ങളെയാണ്.

കോവിഡ് എന്നത് പുരുഷന്റെ പലതരം അഹങ്കാരങ്ങളെ കൂടി റദ്ദാക്കിയ കാലമായി പരിഗണിക്കാമെന്നിരിക്കേ, കവിതയിലെ പെൺ ഉണർവുകൾ ഏറെ പ്രധാനമാണ്, ഒപ്പം, അതിനെതിരായ ആക്രമണങ്ങളും. 'പോയട്രിയ' അടക്കമുള്ള സോഷ്യൽ മീഡിയയിലെ കവിതാസാന്നിധ്യം, പെൺ ക്രിയേറ്റിവിറ്റിയിലുണ്ടായ ചടുലതയെ കാണിച്ചുതരുന്നു.

സുരജ മോഹൻ, വൈറ്റില, എറണാകുളം.


ഇന്ന് ഒരു കവിയും 'മുഖ്യധാര'ക്കുമുന്നിൽ കുമ്പിടുന്നില്ല

പുതിയ കവിതയിലെ ഒരു പുതുപ്രവണതയെക്കുറിച്ച് അലീന എഴുതുന്നുണ്ട് (പാക്കറ്റ് 63). കവിതാ പ്രസിദ്ധീകരണത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ഒരു അധികാര ശ്രേണിയെക്കുറിച്ചാണ് അലീന പറയുന്നത്. മുൻനിര പ്രസാധകരാൽ ഒന്നിലധികം സമാഹാരങ്ങൾ പുറത്തിറക്കിയവർ, മുഖ്യധാരാ അച്ചടി മാധ്യമങ്ങളിൽ എഴുതുന്നവർ, ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നവർ, സമൂഹമാധ്യമങ്ങളിൽ എഴുതുന്നവർ എന്നിങ്ങനെ. ഈ അധികാരശ്രേണി കവിതയിലാണ് കൂടുതൽ പ്രകടം എന്നും അവർ സൂചിപ്പിക്കുന്നുണ്ട്.

അലീന
അലീന

എന്നാൽ, എന്റെ വായനയിൽ, കവിതയിലെ ഈ ശ്രേണി തകർക്കപ്പെടുകയാണ് യഥാർഥത്തിലുണ്ടായിരിക്കുന്നത്. ഒരു മുഖ്യാധാരാ അച്ചടി മാധ്യമത്തെയോ മുഖ്യധാരാ പ്രസാധകനെയോ കാത്തിരിക്കുന്ന കവികളുടെ എണ്ണം എത്രയോ കുറിഞ്ഞിട്ടുണ്ട്. കവിതാ സമാഹാരങ്ങളുടെയും അച്ചടി മാധ്യമങ്ങളിൽ വരുന്ന നല്ല കവിതകളുടെയും എണ്ണം ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഇന്ന്, എഴുതിത്തുടങ്ങുന്ന ഒരു കവി ഒരിക്കലും ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിനല്ല തന്റെ കവിത അയക്കുക, പകരം, സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയാണ് ചെയ്യുക.

ആഴ്ചയിലും മാസത്തിലും പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുകളിലും മാഗസിനുകളിലും വരുന്ന കവിതകളേക്കാൾ എത്രയോ മികച്ച കവിതകളാണ് ദിനംപ്രതിയെന്നോണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ മീഡിയകളിലും വരുന്നത്. പ്രസിദ്ധീകരണത്തിനുള്ള ഇടം വിപുലമാകുന്നത്, നല്ല കവിതകളുടെ എണ്ണം കുറയ്ക്കുമെന്ന വിമർശനമുണ്ട്. എന്നാൽ, അത്തരം ഗുണവിചാരത്തേക്കാൾ, എഴുതാൻ സ്വന്തമായൊരിടം സ്ഥാപിച്ചെടുക്കുക എന്നതുതന്നെയാണ് പ്രധാനം. വായനാക്ഷമതയുള്ളതേ നിലനിൽക്കുകയുമുള്ളൂ. അത്തരം കവിതകൾ ഏറെയും ഇന്ന് സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുമാണ് വരുന്നത്. പലതരം ഹൈരാർക്കികൾ ഭരിക്കുന്ന പ്രസിദ്ധീകരണ ഇടങ്ങളെ തിരസ്‌കരിക്കാൻ പുതിയ കവികൾ പഠിച്ചുകഴിഞ്ഞു.

ഷിജിൽ വി.ആർ, താവക്കര, കണ്ണൂർ.


പുതിയ കവിതക്ക് ഒരു മെന്റർഷിപ്പ് ആവശ്യമില്ല

വെബ്‌സീൻ കവിതാ പാക്കറ്റിൽ എസ്. ജോസഫ് എഴുതിയ "വാക്കുകൾ ഇല്ലാത്ത കവിത' എന്ന ലേഖനം വായിച്ചു. കോവിഡ് കാലത്ത്, മലയാളത്തിൽ ഏറ്റവും സജീവമായിരുന്ന ഒരു കവിയാണ് എസ്. ജോസഫ്. "പുതുകവിതക്കൊരു മാനിഫെസ്‌റ്റോ' എന്ന ഫേസ്ബുക്ക് കുറിപ്പുകളും അതിന്റെ പിന്തുടർച്ചയായ "എമർജിങ് പോയട്രി' എന്ന് അദ്ദേഹം "മൂവ്‌മെന്റ്' എന്ന് വിശേഷിപ്പിക്കുന്ന സംഗതിയുമെല്ലാം ധാരാളം എൻഗെയ്ജുമെന്റുകളുണ്ടാക്കിയ കാര്യങ്ങളാണ്. എന്നാൽ, പുതുകവിതക്കൊരു മാനിഫെസ്‌റ്റോ എന്ന സംവാദക്കുറിപ്പുകൾ, പുതിയ കവിതയുടെ ഉള്ളടക്കത്തെയും രാഷ്ട്രീയപക്ഷത്തെയും ജനാധിപത്യപരമായി പ്രതിനിധീകരിക്കുന്നതിൽ പരാജയമായിരുന്നു.

എസ്. ജോസഫ്
എസ്. ജോസഫ്

മാനിഫെസ്‌റ്റോ എന്ന വാക്കിലടങ്ങിയ ആശയപരമായ ഒരു അടിച്ചേൽപ്പിക്കൽ കവിത അടക്കം ഒരു ആവിഷ്‌കാരങ്ങൾക്കും യോജിച്ചതല്ല. പുതിയ കവിതയെക്കുറിച്ച് ഒരു തത്വം നിർമിച്ചശേഷം അതിലേക്ക് കവികളെ ആനയിക്കുന്ന രീതി തന്നെയാണ് തുടർന്നുള്ള "എമർജങ് പോയട്രി' എന്ന സംഗതിയിലുമുള്ളത്. അത്, മുമ്പ് എൻ.വി. കൃഷ്ണവാരിയരൊക്കെ പത്രാധിപരായിരുന്ന കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലുള്ള കവികൾ ധീരമായി നിരസിച്ചുകളഞ്ഞ കാര്യം കൂടിയാണ്. അത്, എസ്. ജോസഫിന്റെ പേരിൽ പുതിയ കാലത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്, പുതിയ കവിതക്ക് ഗുണം ചെയ്യില്ല. പുതിയ കവിതക്ക് ആശയപരമോ ഉള്ളടക്കപരമോ ആയ ഒരു നിശ്ചിത പ്ലാറ്റ്‌ഫോം ആവശ്യമില്ല. ഓരോ കവിതയും കവിയും സ്ഥാപിച്ചെടുക്കുന്ന ഇടങ്ങളുടെ വൈരുധ്യങ്ങളാണ് പുതിയ കവിതയുടെ സൗന്ദര്യം, മലയാളത്തിലും അതേ, അതിന് ഒരു മെന്റർഷിപ്പ് ആവശ്യമില്ല.

ടി.എസ്. മണി, കുറ്റിപ്പുറം, മലപ്പുറം.


ഇതാ, മലയാള പെൺകവിതയുടെ ഉയരങ്ങളും ആഴങ്ങളും

വിതക്കുവേണ്ടി പ്രത്യേകം തയാറാക്കിയ പാക്കറ്റിൽ ഏറ്റവും ശ്രദ്ധേയമായത്, പെൺകവിതകളാണ്. പുതിയ കവിതയിലെ വൈവിധ്യമാർന്ന ആഖ്യാനങ്ങളുടെ യഥാർഥ അവകാശികൾ പെൺകവികളാണ് എന്ന് ഓരോ കവിതയും കാണിച്ചുതരുന്നു. എല്ലാ വിശ്വാസങ്ങളും അവിശ്വാസങ്ങളായി മാറുന്ന, ശരീരത്തെയും ആത്മാവിനെയും പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്ന പ്രലോഭനങ്ങളുടെ കുപ്പായങ്ങളെ ഊരിയെറിയുന്ന വിനീത റാഫേലിന്റെ "ഒതപ്പ്', 200 സ്‌ക്വയർ അടി മുറിയുടെ അര മീറ്റർ ചുറ്റളവിൽ ഇല്ലാതായിപ്പോകുന്ന ഉടലുകളുടെ വിനിമയങ്ങളെക്കുറിച്ചുള്ള വിനയ ആനിന്റെ "കൊക്ക് എന്ന സഹജീവി', ഒരു തീനാളത്തിന്റെ ചൂട്, മുഴുവൻ ലോകത്തിന്റെയും ചൂടാക്കി മാറ്റി കടലാസിലേക്ക് പകർത്തുന്ന ശ്രീകലയുടെ "ഒറ്റയാൾ കവയിത്രി', ജീവിതത്തിലെ ഒരേയൊരു സാധ്യതയിൽ തട്ടി ചിതറിപ്പോകുന്ന ജീവിതം പറയുന്ന ദീപ കരുവാട്ടിന്റെ "ഒന്നൂടി...' എന്നീ കവിതകൾ ഏറ്റവും പുതിയ കവിതയുടെ ഗംഭീര പ്രതിനിധാനങ്ങളാണ്. ഈ ഒമ്പതു പെൺ കവിതകളും വായിച്ചാലറിയാം, ഓരോന്നും അത്യന്തം ഭിന്നമായ ആവിഷ്‌കാരലോകങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തമായ ഭാഷയും ആശയവും ഭാവപ്രപഞ്ചവുമുള്ള രചനകൾ.

ബിന്ദു കൃഷ്ണൻ, ആദില കബീർ
ബിന്ദു കൃഷ്ണൻ, ആദില കബീർ

""ദീർഘനേരം എണ്ണ വലിച്ചെടുത്തു കത്തി, എണ്ണ തീരുമ്പോൾ കരിന്തിരി കത്തി വളഞ്ഞൊട്ടുമൊരു കരിവരിയായി വീട്ടിലെ പൂജാമുറിയിലെ വിളക്കിൽ... എന്തു കാര്യം?''
എന്ന് ബിന്ദു കൃഷ്ണനെപ്പോലെ, ഐഡന്റിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങൾ.

"വിധവ നിലാവിട്ട മേലുടുപ്പകൾ ഊരിയെറിയുന്നു. ഇരവിന്റെ കുപ്പായത്തിലേക്ക് കുടുക്കു പൊട്ടിച്ച് ഊളിയിടുന്നൂ വിധിയുടെ വിലങ്ങഴിച്ച് വിവിധങ്ങളായ വിങ്ങലുടയ്ക്കുന്നു.'
എന്ന് ആദില കബീറിനെപ്പോലെ "വിശുദ്ധ പാപ'ങ്ങളുടെ വിഴുപ്പുകൾ കുടഞ്ഞെറിയുന്നു.

മലയാള കവിത ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആഴങ്ങളും ഉയരങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന കവിതാ പാക്കേജ് ഒരുക്കിയ വെബ്‌സീനിന് നന്ദി.

ജസീല ഉസ്മാൻ, ശാസ്താംകോട്ട, കൊല്ലം.


സർവകലാശാലകളെ തല്ലേണ്ട, അവ നന്നാകില്ല

"ഞങ്ങളെ എന്തിനിങ്ങനെ പറ്റിക്കുന്നു' എന്ന, കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികളുടെ ചോദ്യം ചെന്നു തറയ്ക്കു ഇവിടുത്തെ ഉദ്യോഗസ്ഥ ലോബിയുടെ ബധിര കർണങ്ങളിലാകും. ഗവേഷണ മേഖലയിലെ അക്കാദമികമായ പ്രതിസന്ധികളും ഈയിടെ ദീപ. പി. മോഹനൻ ശ്രദ്ധയിൽ കൊണ്ടുവന്ന തരത്തിലുള്ള ഇഷ്യൂകളുമാണ് പൊതുവെ ചർച്ച ചെയ്യപ്പെടാറ്. എന്നാൽ,
ജെ. വിഷ്ണുനാഥും സഹ വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നത്, സർവകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്. അതിൽ, സർക്കാർ തല ഇടപെടലുകൾ ആവശ്യമില്ല. എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾ നീണ്ടുപോകുമ്പോൾ സംഭവിക്കുന്നതോ? ഗവേഷണ വിദ്യാർഥികളുടെ ഭാവി തന്നെ പന്താടപ്പെടുന്നു.

പുതിയ സാങ്കേതിക വിദ്യകളും വൈജ്ഞാനിക മേഖലയിൽ അതിനുള്ള സ്വാധീനങ്ങളെയും കുറിച്ച് നാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു, എന്നാൽ, പ്രാഥമികമായ പ്രശ്‌നങ്ങൾ അവശേഷിക്കുകയും ചെയ്യുന്നു- എങ്ങനെ നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല മുന്നോട്ടുപോകും? "ഇതൊക്കെയൊന്ന് കമ്പ്യൂട്ടറൈസ്ഡ് ആക്കിയിരുന്നുവെങ്കിൽ എന്നത് ഞാനടക്കം ഒരു വലിയ ജനതയുടെ കിനാശ്ശേരിയാണ്' എന്ന് ഈ വിദ്യാർഥികൾക്ക് പറയേണ്ടിവരുന്നത് എന്തൊരു പരിഹാസ്യമായ സ്ഥിതിയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോഴുമുള്ളതെന്ന് അടിവരയിടുന്നു. കേരളത്തിലെ വിദ്യാർഥികൾ എന്തുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും മികച്ച സ്ഥാപനങ്ങൾ തേടി പോകുന്നത് എന്നതിന്റെ ഉത്തരം കൂടിയാണ് ഈ വിദ്യാർഥികളുടെ അനുഭവം.

ജെ. വിഷ്ണുനാഥ്
ജെ. വിഷ്ണുനാഥ്

കാലടി സംസ്‌കൃത സർവകലാശാലയിലെ പരീക്ഷാ ഡിജിറ്റലൈസേനുമായി ബന്ധപ്പെട്ട് ഈയിടെ ഒരു പത്രവാർത്ത വന്നിരുന്നു. ഡിജിറ്റലൈസേഷന് സി. ഡിറ്റുമായി 2011ൽ കരാർ ഒപ്പിട്ടെങ്കിലും തെറ്റില്ലാത്ത മാർക്ക് ലിസ്റ്റ് നൽകാൻ ഇപ്പോഴും കഴിയുന്നില്ലത്രേ, സോഫ്റ്റ്‌വെയർ തകരാറായിരുന്നു പ്രശ്‌നം. സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യാൻ സി ഡിറ്റിന് രണ്ടര ലക്ഷം രൂപ കൂടി കൊടുക്കണം. അതിനുപകരം, സർവകലാശാല ഐ.ടി. വിഭാഗത്തിൽ പത്തു ജീവനക്കാരെ നിയമിച്ച് മാർക്ക് ലിസ്റ്റ് തയാറാക്കാൻ തുടങ്ങി. ഇവരുടെ ശമ്പളത്തിനായി ഇതുവരെ നാലു കോടിയോളം രൂപ ചെലവിട്ടുകഴിഞ്ഞു! ഇതാണ് നമ്മുടെ സർവകലാശാലകളിലെ സ്ഥിതി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരു പഠനറിപ്പോർട്ട് സർക്കാറിന് നൽകിയിരുന്നു. അതിൽ, ഒരു പ്രധാന ഭാഗം അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്. ഈ റിപ്പോർട്ടിന്റെ അവസ്ഥ എന്താണ്? ആർക്കും അറിയില്ല.

ഇ.പി. സ്മിത കാര്യവട്ടം, തിരുവനന്തപുരം.


അബ്ബാസ്, ഒരു വെറും മനുഷ്യനല്ല

മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ- വെറും മനുഷ്യർ- ഓരോ അധ്യായം കഴിയുംതോറും തീവ്രമായ അനുഭവമായി മാറുകയാണ്. "ചുട്ടുപഴുത്തൊരു മാംസക്കമ്പി മലദ്വാരത്തിലേക്ക് തുളച്ചു കയറുമ്പോൾ എനിക്ക് ഉമ്മാനെ കാണാൻ തോന്നി' എന്ന അനുഭവചിത്രം, വ്യക്തികൾ കടന്നുപോകുന്ന നിസ്സഹായതയുടെ ഏറ്റവും ഭ്രാന്തമായ അവസ്ഥ വിവരിക്കുന്നു. സ്വവർഗരതി ഇന്ന് ലൈംഗികതയുടെ സ്വഭാവികാവസ്ഥകളിലൊന്നായി കാണാനുള്ള പാകത സമൂഹത്തിനുണ്ടാക്കിയിട്ടുണ്ട്. അതിൽ, അവകാശബോധത്തിന്റെയും സ്വയം നിർണയത്തിന്റെയുമൊക്കെ എലമെന്റുകൾ പരിഗണിക്കപ്പെടുന്നുമുണ്ട്. എന്നാൽ, അബ്ബാസ് പറയുന്ന അനുഭവങ്ങൾക്ക് ഇത്തരം പരിപാകങ്ങളില്ല. അത് നിസ്സഹായ ശരീരങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ തന്നെയാണ്, വൈകൃതങ്ങളാണ്.

"അവരുടെ ഉള്ളിൽ വിറകിന് കാത്തിരിക്കുന്ന ഉമ്മയും തേങ്ങയ്ക്ക് കാത്തിരിക്കുന്ന ഉപ്പയും നിസ്സഹായരായി തലകുനിച്ചുനിന്നു. കല്യാണ വീടുകളിൽ മാത്രം കിട്ടുന്ന ബിരിയാണിയെന്ന വിഭവം, ഹോട്ടൽ മേശകളിൽ അച്ചാറും കച്ചംബറുമായി നാവിൽ വെള്ളമൂറിച്ച് നിന്നു. അവർ മലർന്നും കമിഴ്ന്നും കിടന്നു. കിട്ടുന്ന നോവിനും പണത്തിനുമായി തിരശ്ശീലകളിലെ അത്ഭുതക്കാഴ്ചകൾ അവരെ കാത്തുകിടന്നു' എന്ന വരികൾ സങ്കടത്തോടെയല്ലാതെ വായിക്കാനാകില്ല.

മുഹമ്മദ് അബ്ബാസ്
മുഹമ്മദ് അബ്ബാസ്

"വെറും മനുഷ്യർ' എന്ന ആത്മകഥ, വേറിട്ട ഒരു വായനാനുഭവമാകുന്നത് പച്ചയായ ഇത്തരം ജീവിതഖണ്ഡങ്ങളിലൂടെയാണ്. ഓരോ വരിയിലും അബ്ബാസ് താനൊരു നിസ്വനാണ് എന്ന് വിനീതനാകുന്നുണ്ടെങ്കിലും, ജീവിതത്തിൽനിന്ന് പഠിച്ചത് അബ്ബാസിനെ വിലപ്പെട്ട ഒരു ജന്മമാക്കിത്തീർത്തിരിക്കുന്നു. ജീവിതത്താൽ സമ്പന്നരായ ഇത്തരം വ്യക്തികളുടെ ആത്മകഥകൾ ഇനിയുമുണ്ടാകട്ടെ.

താജുദ്ദീൻ അനസ്, ആലുവ, എറണാകുളം.


ഇതുവരെ കാണാത്ത ഒരു പി.

ഡോ. ദീപേഷ് കരിമ്പുങ്കര എഴുതുന്ന പി. കുഞ്ഞിരാമൻ നായരുടെ ജീവചരിത്രം ഇഷ്ടത്തോടെ വായിക്കുന്നു. "കവിയുടെ കാൽപ്പാടുകളി'ൽ പോലും ഇല്ലാത്ത കവിയുടെ വ്യക്തിപരവും കവിതാപരവുമായ ജീവിതങ്ങൾ, അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നവരുടെ അനുഭവങ്ങളിലൂടെ തെരഞ്ഞുപോകുന്ന ഈ ജീവിതാഖ്യാനം മറ്റൊരു കുഞ്ഞിരാമൻ നായരെയാണ് കാണിച്ചുതരുന്നത്.

ഡോ. ദീപേഷ് കരിമ്പുങ്കര
ഡോ. ദീപേഷ് കരിമ്പുങ്കര

കുടുംബത്തിനോടുള്ള രാഗദ്വേഷബന്ധങ്ങൾ, ഭാവനയുടെ ലോകത്തെന്നപോലെയുള്ള ഭ്രാന്തമായ അരാജകത്വങ്ങൾ, നിഷ്‌കപടതയാർന്ന സ്‌നേഹബന്ധങ്ങൾ, ഒപ്പമുള്ളവരെ മുറിവേൽപ്പിക്കുന്ന നിർമമത തുടങ്ങി പി.യെ വേറിട്ടതാക്കുന്ന വിചിത്രലോകങ്ങൾ ഈ ജീവചരിത്രത്തെ ഹൃദ്യമാക്കുന്നു. കുടുംബവും അതിന്റെ ഉത്തരവാദിത്തങ്ങളും ബന്ധങ്ങളുടെ ചരടുകളുമെല്ലാം കവിയെന്ന നിലയ്ക്ക് പി.യെ എന്നും അസ്വസ്ഥനാക്കിയിരുന്നുവെന്നുവേണം കരുതാൻ. നിരുപാധികമായ സ്‌നേഹമായിരുന്നു അദ്ദേഹം തെരഞ്ഞുകൊണ്ടിരുന്നത്. കുട്ടികളോടുള്ള ഇടപെടലിൽ അത് കാണാൻ കഴിയും. എന്നാൽ, അത് സ്വന്തം കുട്ടി, ഭാര്യ എന്നീ ബന്ധനങ്ങളാകുമ്പോൾ കവി അവിടം വിട്ടുപോകുന്നു. എന്നാൽ, കവിതയോടൊപ്പമുള്ള സഞ്ചാരം പി.യെ മടുപ്പിക്കുന്നില്ല, കവിതക്കുവേണ്ടി ജീവിതത്തെ കയറൂരിവിട്ട ഒരു ജന്മം!

സോമരാജൻ കല്ലൂർ, ഒറ്റപ്പാലം.


കെ- റെയിലും നമ്മുടെ ബൗദ്ധിക സമൂഹവും

രുണാകരൻ എഴുതിയ ജനാധിപത്യം ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയിൽ സംഭവിക്കുന്നതല്ല, സംരക്ഷിക്കപ്പെടുന്നതുമല്ല എന്ന നിരീക്ഷണം (പാക്കറ്റ് 62) ശ്രദ്ധേയമായിരുന്നു. ഇപ്പോൾ നടക്കുന്ന കെ. റെയിൽ സംവാദം തന്നെയെടുക്കുക. കേരളത്തിലെ സാധാരണ ജനജീവിതത്തെയും പരിസ്ഥിതിയെയും സാമ്പത്തികാവസ്ഥയെയും നേരിട്ട് ബാധിക്കുന്ന ഒരു വികസന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയെ ഒരു തർക്കമായി മാറ്റുകയും അതിൽ ഭിന്നാഭിപ്രാമുള്ളവരെ ശത്രുക്കളായി പ്രതിഷ്ഠിക്കുകയുമാണ് സി.പി.എം ചെയ്തത്.

കേരളത്തിലെ ഇടതുപക്ഷത്തെ പാർട്ടിവൽക്കരിക്കാനുള്ള ഒരു ശ്രമം. പാർട്ടി ഭരണകൂടത്തെക്കുറിച്ച് "പലതരം' പ്രതീക്ഷയുള്ള ബൗദ്ധിക സമൂഹമാകട്ടെ, പാർട്ടിയല്ല, ഇപ്പോൾ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നത് എന്ന യാഥാർഥ്യം മറച്ചുപിടിക്കുന്നു. മാധ്യമങ്ങളുടെ ഉപരിപ്ലവമായ റിപ്പോർട്ടിംഗുകൾക്ക് അൽപായുസ്സേയുണ്ടായിരിക്കൂ. എന്നാൽ, ബൗദ്ധിക സമൂഹം സ്വീകരിക്കുന്ന നിലപാടുകൾ പൊതുബോധത്തെ സ്വാധീനിക്കുമെന്നതിനാൽ, അവരുടെ ഇരട്ടത്താപ്പ് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കെ- റെയിൽ ചർച്ചയെ ശാസ്ത്രീയതയുടെയും ജനകീയതയുടെയും മൂല്യമുൾക്കൊള്ളുന്ന സംവാദമായി തിരിച്ചുവിടുന്നതിൽ നമ്മുടെ ബൗദ്ധിക സമൂഹത്തിനുണ്ടായ തോൽവി, ഭാവിയിലേക്കുള്ള പാഠം കൂടിയാണ്.

ഷീന ഗോപാൽ, കാക്കനാട്, എറണാകുളം.


എം.ഗോവിന്ദൻ; നടക്കാതെ പോയ ഒരു ബൗദ്ധിക ഹിംസ

സി.ജെ. ജോർജിന്റെ എം. ഗോവിന്ദൻ പുസ്തകത്തിന് ഡോ. എം. ഗംഗാധരൻ എഴുതിയ ആമുഖം വായിച്ചതിന്റെ തൊട്ടുപുറകേയാണ്, അദ്ദേഹത്തിന്റെ വേർപാട്. തുടർന്ന് സി.ജെ. ജോർജ്, ഈ ലേഖനം എഴുതിയ സാഹചര്യം "തിങ്കി'ൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ എഴുതിയതും വായിച്ചു. കേരളത്തിന്റെ ധൈഷണിക മേഖലയുടെ ഉജ്വലമായ ഒരു ഖണ്ഡമാണ് എം. ഗംഗാധരന്റെ ഈ ലേഖനം വായനക്കാർക്ക് നൽകുന്നത്.

എം. ഗോവിന്ദനെ രൂപപ്പെടുത്തിയ ബൗദ്ധിക പരിസരം, അത്തരം നിരവധി പ്രതിഭകളുടെ കൂടി സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. ഗോവിന്ദനിലെ കവിയെക്കുറിച്ച് ഗംഗാധരൻ മാഷ് എഴുതുന്നുണ്ട്. കവിതയിലെ ചിന്താപരമായ ആധുനികതയുടെ തുടക്കം ഈ കവിതകളിൽ കാണാൻ കഴിയും.""എഴുത്തോ നിന്റെ കഴുത്തോ എറെക്കൂറേതിനോട് എന്നു ചോദിച്ചൊരുവൻ എന്നരികിൽ വരും മുമ്പെ എന്റെ ദൈവമേ നീ ഉണ്മയെങ്കിൽ എന്നെ കെട്ടിയെടുത്തേക്ക് നരകത്തിലെങ്കിലങ്ങോട്ട്...'' എന്ന് അടിയന്തരാവസ്ഥക്കാലത്താണ് ഗോവിന്ദൻ എഴുതിയത് എന്നോർക്കണം.

നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ എത്രയോ എഴുത്തുകാരെയും സംവാദ വിഷയങ്ങളും ഉയർത്തിക്കൊണ്ടുവന്നതിനെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. ആനന്ദിന്റെ മരണസർട്ടിഫിക്കറ്റ് "സമീക്ഷ'യിലാണല്ലോ വന്നത്. "ആൾക്കൂട്ടം' എന്ന നോവൽ ആദ്യമായി വായിക്കുന്നത്, മദിരാശിയിലെ ഗോവിന്ദന്റെ വീട്ടിൽ നടന്ന സാഹിത്യ സംവാദത്തിലാണെന്ന് സി.എൻ. കരുണാകരൻ എഴുതിയിട്ടുണ്ട്.

എം. ഗോവിന്ദൻ, ഡോ. എം. ഗംഗാധരൻ, സി.ജെ. ജോർജ്
എം. ഗോവിന്ദൻ, ഡോ. എം. ഗംഗാധരൻ, സി.ജെ. ജോർജ്

അദ്ദേഹം വിഹരിച്ച സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും മേഖലകൾ പരിശോധിച്ചാൽ അറിയാം, പുരോഗമനപരമായ ഒരു ലക്ഷ്യവും വിശാലമായ മാനവികതയിലൂന്നിയ ആദർശവുമാണ് ആ ചിന്താലോകത്തെ ചിട്ടപ്പെടുത്തിയിരുന്നത്. പിന്നീട്, കേരളത്തിന്റെ ബൗദ്ധിക ജീവിതത്തിൽ പ്രധാനികളായിത്തീർന്ന ഏറെ പേരും ഗോവിന്ദന്റെ "കളരി'യിൽ അഭ്യസിച്ചവരുമായിരുന്നു. കമ്യൂണിസ്റ്റുകാർക്കുമാത്രമേ ഗോവിന്ദനെ ഉൾക്കൊള്ളാൻ കഴിയാതിരുന്നിട്ടുള്ളൂ, മാത്രമല്ല, ഒരുതരം ശത്രുതയോടെ അദ്ദേഹം ആക്രമിക്കപ്പെട്ടു. അമേരിക്കൻ ചാരൻ, സി.ഐ.എയുടെ പണം വാങ്ങുന്നയാൾ എന്നൊക്കെ നിർദ്ദയം ഹിംസിക്കപ്പെട്ടു. കേരളത്തിൽ, കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചിട്ടും നടക്കാതെ പോയ ബൗദ്ധികഹിംസകളിൽ ഒന്നാണ് എം. ഗോവിന്ദൻേറത് എന്നുകൂടി ഓർക്കാം.

സുജീഷ് രാജ്, ചെന്നൈ.


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ​ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർ​ഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർ


വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]


Comments