എം.എസ്. ബനേഷ്

വിധേയ മാധ്യമപ്രവര്‍ത്തകരിലെ
വ്യാജസമ്മര്‍ദ്ദിനികള്‍

‘‘ഭയം എന്നതാണ് ഇക്കാലത്തെ മാധ്യമജീവനക്കാരിലെ പരമപ്രധാനിയായ സമ്മര്‍ദ്ദകാരിണി. അതിനുമുമ്പില്‍ ഓച്ഛാനിച്ച് തൊഴുത് പാണന്‍പാട്ടു പാടി നമ്മില്‍ ഭൂരിപക്ഷവും വീണുകിടക്കുന്നു’’- ഇലക്ഷൻ കാലത്ത് മാധ്യമപ്രവർത്തകർ നേരിടുന്ന പലതരം സമ്മർദങ്ങളെക്കുറിച്ച് എഴുതുന്നു, മാധ്യമപ്രവർത്തകനായ എം.എസ്. ബനേഷ്.

ര്‍, സര്‍, സര്‍ എന്ന് എപ്പോഴും വിളിക്കേണ്ടിവരുന്ന പ്രത്യേകതരം അടിമപ്പണി കൂടിയാണ് പലര്‍ക്കും മാധ്യമപ്രവര്‍ത്തനം. അതറിയാമായിരുന്നിട്ടും സര്‍ റിയലിസത്തിന്റെ മഹാ എഴുത്തുകാരനായ ഗബ്രിയേല ഗാര്‍സിയ മാര്‍കേസും സമാന്തരപ്പണിയായി മാധ്യമപ്രവര്‍ത്തനം കൊണ്ടുപോകുന്നുണ്ടല്ലോ എന്നതായിരുന്നു  മാധ്യമപ്പണി തെരഞ്ഞെടുക്കാന്‍ 27 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ മനഃസ്സാക്ഷിയോട് പറഞ്ഞ എക്സ്ക്യൂസ്.

മാര്‍കേസിനോടുതന്നെ ഒരിക്കല്‍ ഒരു സാഹിത്യ പത്രപ്രവര്‍ത്തകന്‍ ചോദിച്ചിട്ടുണ്ട്, വസ്തുതകളുടേതും സമ്മര്‍ദ്ദങ്ങളുടേതും എന്ന് കരുതപ്പെടുന്ന ജേണലിസത്തില്‍ അതിഭാവനകളുടെ എഴുത്തുകാരനായ താങ്കള്‍ വൈരുധ്യങ്ങളുടെ ഇരുതോണികളില്‍ ചവിട്ടുകയല്ലേ ചെയ്യുന്നത് എന്ന്. മാര്‍കേസിന്റെ മറുപടിയുടെ ഏകദേശ ഓര്‍മ ഇങ്ങനെയാണ്: രണ്ടിനും സുതാര്യസുന്ദരമായ സങ്കലന സാധ്യതയുണ്ട്. എത്രത്തോളം വസ്തുതാപരമായും സര്‍ഗ്ഗാത്മകമായും നാം അതിനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അവയുടെ തനിനില്പ്.

മാര്‍കേസിയന്‍ മാധ്യമപ്രവര്‍ത്തനവുമായോ യൂറോപ്യന്‍ മാധ്യമപ്രവര്‍ത്തന ശൈലികളുമായോ അതിന്റെ ബഹുസ്വരസാധ്യതകളുമായോ സാങ്കേതിക സംവിധാനങ്ങളുമായോ താരതമ്യപ്പെടുത്താവുന്നതല്ല, കേരളത്തിലെ മാധ്യമപ്പണി. ഒരേസമയം അതൊരു പ്രവര്‍ത്തനം അഥവാ ആക്ഷന്‍ അഥവാ ആക്ടിവിസം അല്ല ഇവിടുത്തെ മുഖ്യധാരയില്‍. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ മാത്രം ആക്ടിവിസ്റ്റ് ആഴങ്ങളുള്ളവര്‍ കേരളത്തിലെ ടെലിവിഷനുകളിലോ പത്രങ്ങളിലോ താരതമ്യേന ഇല്ല.

ഗബ്രിയേല ഗാര്‍സിയ മാര്‍കേസും സമാന്തരപ്പണിയായി മാധ്യമപ്രവര്‍ത്തനം കൊണ്ടുപോകുന്നുണ്ടല്ലോ എന്നതായിരുന്നു  മാധ്യമപ്പണി തെരഞ്ഞെടുക്കാന്‍ 27 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ മനഃസ്സാക്ഷിയോട് പറഞ്ഞ എക്സ്ക്യൂസ്.

ശരി, അപ്പോള്‍ പിന്നെ ഇവരെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിളിക്കുന്നതിനുപകരം മാധ്യമപ്പണിക്കാര്‍ എന്ന് വിശേഷിപ്പിക്കാമോ എന്നാണ് ചോദ്യമെങ്കില്‍ വിരലിലെണ്ണാവുന്ന ചില വാര്‍ത്താഅവതാരകര്‍ മാത്രമാണ് ചെയ്യുന്ന പണിക്ക് അര്‍ഹമായ കൂലി ലഭിക്കുന്നവര്‍, അതുകൊണ്ട് കേരളത്തിലേത് മാധ്യമപ്രവര്‍ത്തനമോ മാധ്യമപ്പണിയോ പോലും അല്ല.

പിന്നെ എന്ത് എന്ന ചോദ്യത്തിനുത്തരം, ഗതികേടുകളുടെ ഒരു കാലത്ത്, മറ്റൊന്നും അറിയാത്തതിനാലും ഉന്നത പരീക്ഷാവിജയങ്ങള്‍ നേടാനാവാത്തതിനാലും സ്വന്തം മുഖം എന്ന നാര്‍സിസിസ്റ്റ് ദൃശ്യം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അധരവ്യായാമമാണ് ദൃശ്യമാധ്യമപ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടും ചെന്നുപെട്ട് ചെയ്യേണ്ടിവരുന്ന അടിമ സമ്മര്‍ദ്ദ വിധേയപ്പണിയാണ് അത് എന്ന് പലരുടെയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടിവരും. അതില്‍ അവര്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും തങ്ങളുടെ ചാനല്‍ഫ്രെയിമിലെ സ്വന്തം പ്രതിബിംബനദിയിലേക്ക് നോക്കി അഭിരമിക്കുകയും ചെയ്യുന്നുണ്ടാവണം.

വാസ്തവത്തില്‍ ഇന്ത്യയിലെ മാധ്യമരംഗം അതിന്റെ പിറവിയിലേ തന്നെ കുത്തകകളുടെയും കോര്‍പ്പറേറ്റുകളുടെയും ഉടമസ്ഥതയിലായിരുന്നു.

എങ്കിലും തെരഞ്ഞെടുപ്പ് പോലെ കള്ളപ്പണവും അധികാര രാഷ്ട്രീയവും ഫാഷിസ്റ്റ് അജണ്ടകളും മത സാമുദായിക വാണിജ്യ താല്പര്യങ്ങളും അരങ്ങുതകര്‍ക്കുന്ന വേളയില്‍ മാധ്യമജോലിക്കാരുടെ മുമ്പില്‍ സമ്മര്‍ദ്ദങ്ങളുടെ വേലിയേറ്റമുണ്ടാകും. ആ സമ്മര്‍ദ്ദത്തിനെ ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ പ്രവര്‍ത്തക നേരിടേണ്ടത്, വസ്തുതകളുടെയയും പുനഃപരിശോധനകളുടെയും പിറകേ പോയി സ്വന്തം മാധ്യമപ്രവര്‍ത്തന സര്‍ഗ്ഗശേഷി കൊണ്ട് അയാളുടേതുമാത്രമായ ഒരു തലക്കെട്ടോ സ്വയം സംസാരിക്കുന്ന ദൃശ്യമോ പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ടാവണം.

പലപ്പോഴും തെരഞ്ഞെടുപ്പുകാലത്തെയടക്കം ജോലിസമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായി മാധ്യമപ്പണിക്കാരില്‍ പലരും പരിഭവിക്കാറുള്ളത് ഇന്ത്യന്‍ മാധ്യമരംഗത്തെ കോര്‍പറേറ്റ് വത്കരണത്തെയും കുത്തകവത്കരണത്തെയും അവരുടെ അടിയാളരായ തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ കുത്തക താല്പര്യങ്ങളെയും അത് നിവര്‍ത്തിച്ചുകൊടുക്കാന്‍ തങ്ങള്‍ക്ക് കീബോര്‍ഡും ക്യാമറയും പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നതിനെക്കുറിച്ചുമൊക്കെയാണ്. വാസ്തവത്തില്‍ ഇന്ത്യയിലെ മാധ്യമരംഗം അതിന്റെ പിറവിയിലേ തന്നെ കുത്തകകളുടെയും കോര്‍പ്പറേറ്റുകളുടെയും ഉടമസ്ഥതയിലായിരുന്നു. മഹാമാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുടെയെല്ലാം ഉടമസ്ഥത പരിശോധിച്ചാല്‍ ഇത് മനസ്സിലാവും. എന്നിട്ടും ഇന്ത്യയിലും ഇതേ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച വിരലിലെണ്ണാവുന്നവരില്‍ നിന്ന് നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ നിസ്തുല പ്രകടനങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കുമ്പോഴാണ് ചെന്നുനില്‍ക്കുന്ന ഇടം ഏതായാലും അവിടെ സ്വന്തം അസ്തിത്വമുള്ള മാധ്യമപ്രവര്‍ത്തനം നടത്താനുള്ള ചങ്കൂറ്റത്തില്‍ നിന്നാണ് അത് സാധ്യമായിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ കഴിയുക. ടെലഗ്രാഫിലെ ആർ. രാജഗോപാല്‍ നിനവില്‍ വരുന്നത് അങ്ങനെയാണ്. ജോലി സമ്മര്‍ദ്ദത്തെ കണിശവും നിര്‍ഭയവുമായ ഒരു റിപ്പോര്‍ട്ടോ തലക്കെട്ടോ തന്നെ ആക്കി അധികാരകേന്ദ്രങ്ങളിലേക്ക് സമ്മര്‍ദ്ദത്തെ വഴിതിരിച്ചുവിടുക എന്ന സമ്മര്‍ദ്ദതന്ത്രം.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ നമ്മുടെ മാധ്യമങ്ങള്‍ അടിസ്ഥാന നൈതികതയുടെ മാധ്യമഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എങ്ങനെയാണ്?


പക്ഷേ, നമ്മുടെ സമ്മര്‍ദ്ദം ഇതല്ല. ഭരണകൂടത്തില്‍ നിന്നടക്കം താന്‍ മാര്‍ക്ക് ചെയ്യപ്പെടുമോ എന്ന ഭയം, ജയിലില്‍ ആക്കപ്പെടുമോ എന്ന ഉള്‍ക്കിടിലം, കിട്ടാവുന്ന പ്രൊമോഷനുകളുടെ തെന്നിമാറലുകള്‍, തുടങ്ങിയവയാണ് മാധ്യമപ്രവര്‍ത്തകര്‍ ആകേണ്ടിയിരുന്നവരെ കേവലം മാധ്യമപ്പണിക്കാര്‍ ആക്കി മാറ്റുന്ന സമ്മര്‍ദ്ദിണികള്‍. അതുകൊണ്ട് ഡിപ്രഷനും പ്രഷറിനുമുള്ള ഗുളികകള്‍ വിഴുങ്ങിക്കൊണ്ട് നാം മേക്കപ്പിടുന്നു. ജോലി ചെയ്യുന്ന മാധ്യമസ്ഥാപനത്തിന്റെ അധികാര രാഷ്ട്രീയ വാണിജ്യ മത സാമുദായിക താല്പര്യത്തിനനുസരിച്ച് പുറമേയ്ക്ക് നിഷ്പക്ഷത്തോലിന്റെ ഗ്രാഫിക്കല്‍ ആനിമേറ്റഡ് വൊക്കാബുലറിയെയും നിരീക്ഷകരെയും നിരത്തി നിമിഷംതോറും പി.ആര്‍ പണിചെയ്യുന്നു. ആ പ്രചാരണപ്പണി വേഗത്തില്‍, സെക്കന്‍റുകളേക്കാള്‍ ആയത്തില്‍, തത്സമയം ഉണ്ടായി എന്ന് കരുതപ്പെടുന്ന ഒരു സംഭവത്തെ സ്വസ്ഥാപനത്തിന്റെ അജണ്ടക്കനുസൃതമായി വ്യാഖ്യാനിച്ച്, അതിനുതകുന്ന പദാവലികള്‍ പദശേഖരത്തില്‍ നിന്ന് പ്രസരിപ്പിച്ച്, തെറ്റുപറ്റിപ്പോകുമോ എന്ന ഉത്കണ്ഠ മറച്ചുവച്ച് നടത്തേണ്ടിവരുന്ന അതികഠിനപ്പണിയുടെ സമ്മര്‍ദ്ദമാണ് മാധ്യമജീവനക്കാരുടെ സമ്മര്‍ദ്ദമെങ്കില്‍ അതിന് വലിയ മഹത്വം കല്പിക്കേണ്ടതില്ല.

ജോലി സമ്മര്‍ദ്ദത്തെ കണിശവും നിര്‍ഭയവുമായ ഒരു റിപ്പോര്‍ട്ടോ തലക്കെട്ടോ തന്നെ ആക്കി അധികാരകേന്ദ്രങ്ങളിലേക്ക് സമ്മര്‍ദ്ദത്തെ വഴിതിരിച്ചുവിടുക എന്ന സമ്മര്‍ദ്ദതന്ത്രമാണ് ടെലഗ്രാഫിലെ ആർ. രാജഗോപാല്‍ ചെയ്തത്.

വിദേശ മാധ്യമസ്ഥാപനങ്ങളിലൊക്കെ ഉള്ളതു പോലെ ഒരു ദിവസം സവിശേഷമായ ഒരൊറ്റ വാര്‍ത്താസ്റ്റോറി, അതിനായി റിസര്‍ച്ചിനും ഫാക്ട് ചെക്കിംഗിനും സോഴ്സ് കോണ്ടാക്ടിനും ധാരാളം സമയവും യാത്രാ സൗകര്യവും സാങ്കേതികോപകരണങ്ങളുടെ നിത്യലഭ്യതയും... ഇവയൊന്നുമില്ലാതെയാണ് താരതമ്യേന വലിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ പോലും കേരളത്തിലും ദേശീയതലത്തിലും ലോക് സഭാ തെരഞ്ഞെടുപ്പ് പോലുള്ള അതിമര്‍ദ്ദ കാലങ്ങളില്‍ വാലാട്ടിക്കിതയ്ക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ ഒരൊറ്റ വാര്‍ത്തയുടെ അനവധി വിതാനങ്ങള്‍ പതിനായിരക്കണക്കിന് മനുഷ്യരുടെ ചിന്താപദ്ധതികളില്‍ നിന്നുള്ള പ്രതികരണങ്ങളും വിലയിരുത്തലുകളുമായി നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, ഏകശിലാരൂപമായി നിങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് ഉവ്വ് ഉവ്വ് എന്ന് വായിച്ച്, കണ്ട്, റിമോട്ട് മാറ്റാതെ വിധേയരായി നില്‍ക്കുന്ന വായനക്കാരുടെയും പ്രേക്ഷകരുടെയും കാലം കഴിഞ്ഞു എന്നുകൂടി മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സമ്മര്‍ദ്ദിണികളുടെ പട്ടിക നിരത്തി നെടുവീര്‍പ്പിടുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.

എല്ലാ ജോലിസമ്മര്‍ദ്ദങ്ങളെയും അതിലംഘിക്കാനുള്ള ഔഷധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓര്‍മ. കൃത്യസമയത്ത്, സമകാലിക ചരിത്രത്തെ, സംഭവങ്ങളെ, ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നിടത്താണ് ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനം സഫലമാകുന്നത്. അതിന് വലിയ ഇന്‍വെസ്റ്റിഗേഷന്‍ സമ്മര്‍ദ്ദങ്ങളുടെ ആവശ്യമില്ല.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ നമ്മുടെ മാധ്യമങ്ങള്‍ അടിസ്ഥാന നൈതികതയുടെ മാധ്യമഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എങ്ങനെയാണ്.  ജേണലിസത്തിന്‍റെ കുട്ടിപ്പാഠങ്ങള്‍അനുസരിച്ചാണെങ്കില്‍ പോലും കഴിഞ്ഞ പത്തുവര്‍ഷത്തെ കേന്ദ്രഭരണകാലത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രികാ വാഗ്ദാനങ്ങളും ഇപ്പോഴത്തെ സ്ഥിതിയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വസ്തുതാപരമായ ഇന്‍ഫോമേറ്റീവ് സ്റ്റോറികളിലൂടെ. ദേശീയതയുടെ സ്വരച്ഛായയുള്ളതായി തോന്നിപ്പിക്കുന്ന സംസ്കൃതപദങ്ങളുപയോഗിച്ച് അവതരിപ്പിക്കപ്പെട്ട വിവിധ ജനക്ഷേമകരമെന്ന് തോന്നിപ്പിക്കുന്ന പദ്ധതികളുടെയും യോജനകളുടെയും പിന്നിലെ വാസ്തവം,  അത് എത്രപേര്‍ക്ക് ഉപകാരപ്പെട്ടു, അതിനുപിന്നിലെ സാമ്പത്തിക സ്രോതസ്സ് എന്നിങ്ങനെയുള്ള കണക്കുകളിലൂടെ. ഇക്കാലം ജനാധിപത്യം എന്ന വാക്കിന് വിളളലുണ്ടാക്കിയ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ എത്ര നടന്നു എന്ന് എണ്ണിപ്പറഞ്ഞുകൊണ്ട്, ഭരണഘടനയുടെ കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിച്ച എത്ര സംഭവങ്ങളുണ്ടായി എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്....ഓര്‍മയാണ് ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തനായുധം എന്നത് ജോലിസമ്മര്‍ദ്ദങ്ങളുടെ എല്ലാ നിമിഷങ്ങളിലും ഓര്‍ക്കുക. എല്ലാ ജോലിസമ്മര്‍ദ്ദങ്ങളെയും അതിലംഘിക്കാനുള്ള ഔഷധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓര്‍മ. കൃത്യസമയത്ത്, സമകാലിക ചരിത്രത്തെ, സംഭവങ്ങളെ, ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നിടത്താണ് ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനം സഫലമാകുന്നത്. അതിന് വലിയ ഇന്‍വെസ്റ്റിഗേഷന്‍ സമ്മര്‍ദ്ദങ്ങളുടെ ആവശ്യമില്ല.

തെരഞ്ഞെടുപ്പ് പോലെ കള്ളപ്പണവും അധികാര രാഷ്ട്രീയവും ഫാഷിസ്റ്റ് അജണ്ടകളും മത സാമുദായിക വാണിജ്യ താല്പര്യങ്ങളും അരങ്ങുതകര്‍ക്കുന്ന വേളയില്‍ മാധ്യമജോലിക്കാരുടെ മുമ്പില്‍ സമ്മര്‍ദ്ദങ്ങളുടെ വേലിയേറ്റമുണ്ടാകും.

ഇതെഴുതുന്നയാള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നാണ് ചോദ്യമെങ്കില്‍ ഒന്നും ചെയ്തില്ല എന്നതാണ് ഉത്തരം. തത്സമയ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് അടക്കമുള്ള ബലിയുത്സവങ്ങളിലൂടെ വര്‍ഷങ്ങളോളം കടന്നുപോയിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ച് മനുഷ്യാവകാശപ്രശ്നങ്ങള്‍, പരിസ്ഥിതി, സമൂഹം, എന്നിവയുമായൊക്കെ ബന്ധപ്പെട്ട ടെലിവിഷന്‍ ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്യുന്നതിലായിരുന്നു മമത. എന്റെ മാധ്യമജീവിതത്തിന്റെ ബാക്കിപത്രം അതിലുമാണ്. ചെയ്യേണ്ടതെന്ന് കരുതിയിരുന്ന മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ കഴിയാതെ പോയതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നുകൂടിയാവാം സഫലമായി അത് ചെയ്യാന്‍ കഴിയുന്ന ഒരു മാധ്യമം എന്ന നിലയില്‍ ഡോക്യുമെന്‍ററിയെ ഞാന്‍ കൂടെ കൂട്ടിയത്.

ഭരണകൂടത്തില്‍ നിന്നടക്കം താന്‍ മാര്‍ക്ക് ചെയ്യപ്പെടുമോ എന്ന ഭയം, ജയിലില്‍ ആക്കപ്പെടുമോ എന്ന ഉള്‍ക്കിടിലം, കിട്ടാവുന്ന പ്രൊമോഷനുകളുടെ തെന്നിമാറലുകള്‍, തുടങ്ങിയവയാണ് മാധ്യമപ്രവര്‍ത്തകര്‍ ആകേണ്ടിയിരുന്നവരെ കേവലം മാധ്യമപ്പണിക്കാര്‍ ആക്കി മാറ്റുന്ന സമ്മര്‍ദ്ദിണികള്‍.

എങ്കില്‍പ്പോലും, എന്നെ സംബന്ധിച്ചും ടെലിവിഷന്‍ ജീവിതനിമിഷങ്ങളില്‍ തെരഞ്ഞെടുപ്പുകാലത്തെ മാധ്യമപ്രവര്‍ത്തന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം ഇക്കാലമത്രയുമുള്ള വായനകൊണ്ടും സാമൂഹ്യപ്രവര്‍ത്തകരുമായുള്ള ആത്മാര്‍ത്ഥമായ സമ്പര്‍ക്കം കൊണ്ടും ലോകസിനിമകള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതുകൊണ്ടുള്ള അനുഭവബോധ്യം കൊണ്ടും ഏത് പിന്തിരിപ്പന്‍ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടുകള്‍ക്കുമിടയിലും എ​ന്റേതുമാത്രമായ ഇടപെടലുകള്‍ നടത്താനുള്ള വെടിമരുന്നുകള്‍ നാവിന്‍തുമ്പിലേക്ക് തലച്ചോര്‍ പലപ്പോഴും ഇട്ടുതരുമെന്നതാണ്. തെരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന റംസാന്‍ നോമ്പുതുറകളില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ സ്ഥാനാര്‍ത്ഥികളും നേതാക്കളും വെളുക്കെച്ചിരിച്ച് വയര്‍നിറച്ചുപോകുന്ന വാര്‍ത്തകളില്‍ നിന്ന് അടുത്ത വാര്‍ത്ത ഇറോം ശര്‍മ്മിള സമരം അവസാനിപ്പിച്ചതാണെങ്കില്‍, ആ നിമിഷം ഇനിയൊരു രാഷ്ട്രീയനോമ്പുതുറയിലേക്ക് പോകാം എന്ന് തത്സമയം ടെലി പ്രോംപ്റ്ററിന്റെ  സഹായമില്ലാതെ എനിക്ക് പറയാന്‍ കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങള്‍ നീണ്ട നിരാഹാരത്തിന് ശേഷം ഇറോം ശര്‍മ്മിള വര്‍ഷങ്ങളുടെ തരിശായ സ്വന്തം നാവിലേക്ക് ഒരിറ്റ് തേന്‍ തുള്ളി ആലോചനാമഗ്നമായ നിമിഷങ്ങള്‍ക്കുശേഷം ഇറ്റിക്കുന്ന ചരിത്രസന്ദര്‍ഭത്തെ ഒരു രാഷ്ട്രീയ നോമ്പുതുറയെന്ന് പറയുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം ഒരുപക്ഷേ, അതുവരെയുള്ള സമ്മര്‍ദ്ദം നശിപ്പിച്ചുകളഞ്ഞ കോശങ്ങളെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ടാവാം.

എം.എസ്. ബനേഷ്

ഭയം എന്നതാണ് ഇക്കാലത്തെ മാധ്യമജീവനക്കാരിലെ പരമപ്രധാനിയായ സമ്മര്‍ദ്ദകാരിണി. അതിനുമുമ്പില്‍ ഓച്ഛാനിച്ച് തൊഴുത് പാണന്‍പാട്ടു പാടി നമ്മില്‍ ഭൂരിപക്ഷവും വീണുകിടക്കുന്നു. പൊയ്പ്പേടിയുടെ ആ മന കടന്നാല്‍ പുറത്ത് ജയിലും ഇഡിയും ക്വട്ടേഷന്‍ഗുണ്ടകളും കള്ളക്കേസുകളും കാത്തുനില്‍ക്കുന്നുവെന്ന് അവര്‍ വൃഥാ സങ്കല്പിക്കുന്നു. എനിക്ക് ഈ കഞ്ഞിയും കോഴിക്കാലും മതിയെന്ന കീര്‍ത്തനം പാടുന്നു. പുറത്ത് ആഘോഷിക്കപ്പെടാത്ത വിരലിലെണ്ണാവുന്ന അപൂര്‍വ്വം പത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഒരൊറ്റ നട്ടെല്ലുള്ള ശീര്‍ഷകം കൊണ്ടുപോലും അധികാരികളെ സമ്മര്‍ദ്ദത്തിലാക്കുന്ന മാധ്യമപ്രവര്‍ത്തനം നടത്താമെന്ന് തെളിയിക്കുകയും ചെയ്യുന്നു.

പ്രഷറിനുള്ള ഗുളിക കഴിക്കാന്‍ സമയമായി എന്നു പറഞ്ഞുകൊണ്ട് നാം ഒരു കമേഴ്സ്യല്‍ ബ്രേക്ക് എടുക്കുന്നു.


എം.എസ്. ബനേഷ്

കവിയും നോവലിസ്റ്റും ഡോക്യുമെന്‍ററി സംവിധായകനും. വിവിധ മാധ്യമസ്ഥാപനങ്ങളിലായി ഇരുപത്തിയഞ്ചു വര്‍ഷത്തിലേറെ പ്രവര്‍ത്തനം.

Comments