മലയാളത്തിന്റെ അതിജീവനത്തിന്​ ഒ​രേയൊരു വഴി; ഡിജിറ്റലാകുക

‘ശീലങ്ങളുടെ തടവറയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ അവിടെ കഴിഞ്ഞോട്ടെ. എന്നാൽ, മനുഷ്യവിജ്ഞാനത്തിന്റെ ഹസ്താവലംബത്തോടെയുള്ള ഓരോ മുന്നോട്ടുപോക്കും അപ്രാപ്യരായ അനവധി പേരെ വൈജ്ഞാനിക-വൈകാരിക മേഖലകളിൽ പ്രാപ്യരാക്കി തീർക്കുന്ന തുല്യതയിലേക്കുള്ള കുതിപ്പാണെന്ന് നാം തിരിച്ചറിയണം. ഡിജിറ്റൽ വായന ആ വിപ്ലവത്തിന്റെ അവസാന അജണ്ടയായി ആരും കണക്കാക്കേണ്ടതില്ല’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെയാണ്​ മലയാള ഭാഷയിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്​ എന്നതിനെക്കുറിച്ച്​ ഒരന്വേഷണം നടത്തുകയാണ്​ പി.കെ. തിലക്​.

പുസ്തകങ്ങളോട് മുഖം തിരിക്കുന്ന പുതുതലമുറ.
എഴുതുന്നതിൽ പാതി പിഴവെന്ന് അലമുറയിട്ട് കാരണവന്മാർ.
സ്‌ക്രീനിൽ തൊടുന്ന ഭാഷ അശ്രീകരമെന്നു വിധിച്ച് ആചാര്യകേസരികൾ.

വഴി തെറ്റിയ ഭാഷ, വഴിവിട്ട സംസ്‌കാരം, വഴിപിഴച്ച തലമുറ, തല മറന്ന സാഹിത്യം എന്നെല്ലാം പഴിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എത്ര ശ്രമിച്ചിട്ടും ഒന്നും നേരെയാകുന്നില്ല. ഇതിനിടയിലാണ് ഡിജിറ്റൽ വായനയെ പുകഴ്‌ത്തേണ്ടിയിരിക്കുന്നത്.

രണ്ടായിരാമാണ്ടിന്റെ പടിവാതിൽക്കൽ നിന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ വൈജ്ഞാനിക ലോകത്തെ ത്രസിപ്പിക്കുന്നതിനിടയിൽ ഒരു സർവകലാശാലാ സെമിനാറിൽ പങ്കെടുക്കേണ്ടിവന്നു. വിവര സാങ്കേതിക വിദ്യയും ഭാഷയും എന്നതിനെ ചുറ്റിപ്പറ്റി ചർച്ച നടക്കുകയാണ്. സ്‌കൂൾ അധ്യാപകരുടെ പരിമിത ജ്ഞാനം ഉപയോഗിച്ച് സാന്നിധ്യമറിയിക്കാൻ ഞാൻ ഒരു പാഴ്ശ്രമം നടത്തി. മലയാളത്തിന് സാങ്കേതികവിദ്യയുടെ പിന്തുണ ലഭിച്ചാൽ ഭാഷ കൈകാര്യം ചെയ്യാനും പഠിപ്പിക്കാനുമൊക്കെ എളുപ്പമാവും എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. കമ്പ്യൂട്ടർ ഉപയോഗിച്ച് ഇംഗ്ലീഷ് എഴുതുമ്പോൾ നമുക്കു പറ്റുന്ന അക്ഷര- വ്യാകരണ പിശകുകൾ യന്ത്രം തന്നെ തിരുത്തിത്തരുന്നത് വളരെ സൗകര്യപ്രദമാണല്ലോ. ഈ സൗഭാഗ്യം മലയാളത്തിനു ലഭിച്ചാൽ എത്ര നന്നാവും എന്നു സൂചിപ്പിച്ചപ്പോൾ സർവകലാശാലാ പണ്ഡിതനിരയിൽ നിന്ന് അടക്കിപ്പിടിച്ച ഒരു ചിരി ഇളകി. ഇംഗ്ലീഷ് സ്‌പെല്ലിംഗും ഗ്രാമറും അറിയാത്ത ഒരു മലയാളം സ്‌കൂൾ അധ്യാപകന്റെ ഗതികേടാണ് അതിന്റെ വ്യംഗ്യം. അർഹിക്കുന്ന പരിഹാസമായി അതിനെയും അംഗീകരിക്കാൻ തയാറായെങ്കിലും ഡിജിറ്റൽ സ്വപ്നങ്ങൾ എന്നും അലോസരപ്പെടുത്തിക്കൊണ്ടു തന്നെയിരുന്നു.

സ്‌കൂൾ പാഠപുസ്തകങ്ങളും പഠനസാമഗ്രികളും വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായ എല്ലാ സന്ദർഭങ്ങളിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ചർച്ചാവിഷയമാക്കാൻ ശ്രദ്ധിച്ചു. അതിന്റെ അനിവാര്യത ബോധ്യപ്പെട്ട സന്ദർഭങ്ങളിൽ ശക്തമായി വാദിക്കാനും ചില നടപടികൾക്ക് മുൻകൈ എടുക്കാനും തുനിഞ്ഞു. അതിനിടയിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള മലയാളത്തിലെ മുൻനിര പത്രങ്ങൾ മലയാളം യൂണികോഡ് നടപ്പിലാക്കുന്നതുമായി ഏറെ മുന്നോട്ടുപോയി. അച്ചടിച്ച പുസ്തകങ്ങൾക്കൊപ്പം ഡിജിറ്റൽ രൂപത്തിലുള്ള പുസ്തകങ്ങളും പുറത്തിറക്കേണ്ടത് സാമൂഹികബാധ്യതയാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു. പല തരം വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പഠനം അനായാസമാക്കാൻ ഡിജിറ്റൽ പുസ്തകങ്ങൾ അനിവാര്യമാണ്. അതിന് യൂണികോഡിൽ പുസ്തകങ്ങൾ തയാറാക്കണം. കക്ഷിഭേദമെന്യെ രാഷ്ട്രീയ നേതൃത്വങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചു. അപ്പോഴും മറ്റ് പല കാര്യങ്ങളിലും എന്നപോലെ ഉദ്യോഗസ്ഥപ്രഭുക്കൾ സംശയമുനകളുമായി നടപടികളെ പിന്നോട്ടടിച്ചു.

2012-13 ൽ യൂണികോഡ് ലിപിയിൽ മലയാള പാഠപുസ്തകത്തിന്റെ ആദ്യ മാതൃക വികസിപ്പിക്കുകവരെ ചെയ്‌തെങ്കിലും അവസാന ഘട്ടത്തിൽ പദ്ധതി അലസിപ്പോവുകയാണുണ്ടായത്. ബ്രൈലി കൺവെർഷൻ, ഓഡിയോ ബുക്ക്, വിഷ്വൽ ടെക്​സ്​റ്റ്​, അഡാപ്റ്റബിൾ ടെക്​സ്​റ്റ്​ എന്നിങ്ങനെയുള്ള നിരവധി സാധ്യതകളാണ് അന്ന് നിഷേധിക്കപ്പെട്ടത്. പുതിയ ടൈപ്പ് സെറ്റിങ് പരിശീലിക്കുന്നതിൽ വിമുഖരായ രാഷ്ട്രീയ സ്വാധീനമുള്ള ഡാറ്റാ എൻട്രി ജീവനക്കാരും പദ്ധതി കുളംതോണ്ടുന്നതിൽ തങ്ങളുടെ കടമ നിർവഹിച്ചു. ഓപ്റ്റിക്കൽ ക്യാരക്ടർ റീഡർ (ഒ.സി.ആർ) വികസിപ്പിക്കണമെങ്കിൽ യൂണികോഡ് രീതിയിൽ ഭാഷ ക്രമീകരിക്കേണ്ടതുണ്ടായിരുന്നു. അക്ഷരമാലക്രമം ഉൾപ്പെടെയുള്ള സോർട്ടിങ്, വെബ് സെർച്ചിങ്, ലിങ്കുകൾ ഫലപ്രദമാക്കൽ എന്നിവയ്‌ക്കെല്ലാം യൂണികോഡ് അനിവാര്യമാണ്. ഇങ്ങനെ ബഹു ഇന്ദ്രിയ അനുഭവം (Multiple sensory Experience) നൽകുന്ന വിധത്തിൽ പഠനസാമഗ്രികൾ ചിട്ടപ്പെടുത്താൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് തകർക്കപ്പെട്ടത്.

പാഠപുസ്തകങ്ങളിൽ യൂണികോഡ് നടപ്പാക്കൽ പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുമ്പോഴും വിദ്യാഭ്യാസ വകുപ്പിനുള്ളിലും പുറത്തും ഡിജിറ്റൽ വിപ്ലവം അരങ്ങേറുന്നുണ്ടായിരുന്നു. വിക്കി മലയാളവുമായി ചേർന്ന് ഐ.ടി. സ്‌കൂൾ പകർപ്പവകാശ കാലം കഴിഞ്ഞ മലയാള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് മലയാളം വിക്കി എന്ന ഗ്രന്ഥശേഖരം വിപുലപ്പെടുത്തുന്നതിൽ പങ്കാളിയായി. സ്‌കൂൾ വിക്കി പ്രസ്ഥാനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾ ഇടംനേടാൻ തുടങ്ങി. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ഡിജിറ്റൽ- ഓൺലൈൻ ലൈബ്രറികൾ നമ്മുടെ വായനയെ വലിയൊരളവിൽ സ്വാധീനിച്ചിട്ടുണ്ട്. നഗരങ്ങളിലെ മികച്ച ലൈബ്രറികളുടെ പിന്തണയുള്ളവർക്കു മാത്രം ലഭ്യമായിരുന്ന വിലപിടിച്ച പല ഇംഗ്ലീഷ് പുസ്തകങ്ങളും കേരളത്തിലെ ഗവേഷകർക്ക് ലഭ്യമായത് ഈ വഴിക്കാണ്.

വിക്കി ഗ്രന്ഥശാലയുടെ ഹോംപേജ്

ഇന്ന് നാഷണൽ ഡിജിറ്റൽ ലൈബ്രറിയിൽ മലയാള പുസ്തകങ്ങൾ ഇടം നേടിയിരിക്കുന്നു. പത്രമാസികകൾ പ്രിൻറ്​ പതിപ്പുകൾക്കൊപ്പം ഡിജിറ്റൽ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ഈ കാലയളവിൽ പ്രചാരം നേടി. തിരുവനന്തപുരത്ത്​ആരംഭിച്ച സായാഹ്ന ഫൗണ്ടേഷന് മികച്ച ഇ-ബുക്ക് പ്രസാധകരായി പ്രശംസ നേടാൻ കഴിഞ്ഞു. കേരള പാണിനീയം, ശബ്ദതാരാവലി എന്നിവയുടെ പ്രസിദ്ധീകരണത്തിലൂടെ സായാഹ്ന ഫൗണ്ടേഷൻ മലയാളത്തിനു നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. പലതരം മലയാളം വെബ് സൈറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. താളിളക്കം എന്ന പേരിൽ ഒരു അധ്യാപകൻ ആരംഭിച്ച വെബ് സൈറ്റിൽ മലയാള സാഹിത്യവിദ്യാർത്ഥികൾക്കുവേണ്ട ധാരാളം വിഭവങ്ങൾ ക്രമീകരിച്ചിരിക്കുന്നത് അടുത്തകാലത്ത് ശ്രദ്ധയിൽപ്പെട്ടു. മലയാളപുസ്തകങ്ങളുടെ ഡിജിറ്റൈസിങ് പ്രക്രിയയിൽ നിരവധി വ്യക്തികളും സംഘടനകളും പ്രശംസനീയമായ സേവനം അനുഷ്ഠിക്കുകയുണ്ടായി. പുതിയ കാലത്ത് പാഠപുസ്തകങ്ങൾ ഡിജിറ്റലാകേണ്ടതിന്റെ ആവശ്യകത അവിതർക്കിതമായി ഏവരും അംഗീകരിക്കുന്നുണ്ട്.

മലയാളം ഡിജിറ്റൽ ലോകത്തേക്ക് കടന്നതിനു പിന്നിൽ വലിയൊരു ചരിത്രമുണ്ട്. സർവകലാശാലാ പണ്ഡിതന്മാരെ ഉൾപ്പെടുത്തി സമതിയുണ്ടാക്കിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. താൻപോരിമയുടെ പേരിൽ നിരന്തരം പോരടിച്ചിരുന്ന അക്കാദമിക പണ്ഡിതന്മാർ പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കിക്കൊണ്ടിരുന്നു. ഭാഷയിൽ വലിയ പാണ്ഡിത്യമൊന്നും അവകാശപ്പെടാൻ ഇല്ലാതിരുന്ന കമ്പ്യൂട്ടർ വിദഗ്ധരായ ചെറുപ്പക്കാരാണ് സ്വന്തം നിലയിൽ ചില പരിഹാരങ്ങൾ കണ്ടെത്തിയത്. അവരാരും സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഔപചാരികമായി മലയാളം പഠിച്ചിട്ടില്ലാത്തവരാണ്. പണ്ഡിതന്മാർ സൃഷ്ടിച്ച ചില പൊരുത്തക്കേടുകൾ ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ല. ഫോണ്ടുകളുടെ രൂപകല്പന തുടങ്ങി ഭാഷാസ്വരൂപം ഡിജിറ്റൽ ചട്ടക്കൂടിലിൽ ആക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ പല മേഖലകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ മുൻകൈയിലാണ് പുരോഗമിച്ചത്. മലയാളം വിക്കിയിൽ ഉൾപ്പെടെ കണ്ടൻറ്​ വികസിപ്പിക്കൽ യത്‌നത്തിൽ കൂടുതൽ ഏർപ്പെട്ടത് സ്‌കൂൾ അധ്യാപകരാണ്. സർവകലാശാലകൾ ഈ രംഗത്ത് പിച്ചവയ്ക്കാൻ ആരംഭിച്ചിട്ടേയുള്ളൂ.

ഡിജിറ്റൽ വായനയുടെ മറ്റൊരു തലം സാമൂഹ്യമാധ്യമങ്ങളിൽ നമുക്ക് കാണാം. എഴുതാൻ മടിച്ചിരുന്നവരും എഴുതിയാലും പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നവരും സധൈര്യം രചനകളുമായി ആസ്വാദകസമക്ഷം എത്തിയത് ഈ പുതിയ മാധ്യമത്തിന്റെ കരുത്തുകൊണ്ടാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ എഴുത്തിന്റെ രംഗത്ത് ഉറച്ച ഇടം നേടാൻ കഴിഞ്ഞ നിരവധി പേർ മലയാളത്തിലുണ്ട്. എഴുത്തു പോലെ തന്നെ വായനയും വിപുലപ്പെടുത്തുന്നതിൽ സാമൂഹിക മാധ്യമങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ലൈബ്രറിയിലെ പഴകിയ മണമുള്ള പുസ്തകങ്ങൾ വായിക്കാത്തവരും ദിനവും പത്രപാരായണത്തിൽ ഏർപ്പെടാത്തവരുമായ നിരവധി പേർ തങ്ങൾക്കു വേണ്ട അറിവും അനുഭൂതിയും നേടാനും പങ്കുവയ്ക്കാനും ഡിജിറ്റൽ സങ്കേതങ്ങൾ പല രൂപത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

സമയക്കുറവു കൊണ്ടും അലസത മൂലവും പല ആനുകാലികങ്ങളും മറിച്ചുനോക്കി മാറ്റിവയ്ക്കാറുണ്ട്. പിന്നൊരു ഘട്ടത്തിൽ ഏതെങ്കിലും രചന വായിക്കേണ്ടിവരുമ്പോഴോ ആദ്യന്തം ആനുകാലികം വായിക്കണമെന്നു തോന്നുമ്പോഴോ പഴയ കോപ്പികൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ട് നേരിടും. അക്കാരണത്താൽ മാറ്റിവയ്ക്കപ്പെട്ട വായനകൾ ആസ്വാദനപരതയെത്തന്നെ ബാധിച്ച സന്ദർഭങ്ങളും ഉണ്ട്. ഡിജിറ്റൽ രാജപാത അത്തരം പല ആകുലതകളെയും ശമിപ്പിച്ചിരിക്കുന്നു. കുറച്ചു വരിസംഖ്യ അടച്ചാൽ കൊണ്ടുനടക്കാവുന്ന വലിയൊരു രേഖാസഞ്ചയത്തിന്റെയും ഗ്രന്ഥശേഖരത്തിന്റെയും ഉടമയാകാൻ ആർക്കും കഴിയും. വായിക്കാൻ മടിതോന്നുമ്പോൾ കേട്ട് ആസ്വദിക്കാനും അവസരമുണ്ട്. ഒരിക്കൽ പാഠ്യപദ്ധതി ചർച്ച കഴിഞ്ഞ് മടങ്ങുന്ന സന്ദർഭത്തിൽ പാലക്കാടുനിന്നുള്ള ഒരു സുഹൃത്ത് പറഞ്ഞു, ‘മനസ്സിൽ ധാരാളം ആശയങ്ങളുണ്ട്. അവ ഇരുന്ന് എഴുതാനുള്ള ക്ഷമയോ ശീലമോ ഇല്ല. എത്ര വേണമെങ്കിലും പറയാം. പറയുന്നത് എഴുതിയെടുക്കുന്ന യന്ത്രം ഉണ്ടായിരുന്നെങ്കിൽ’-അത് പറഞ്ഞിട്ട് പത്തു വർഷത്തിനകത്തേ ആയിട്ടുള്ളൂ. ഇന്ന് പറയുന്നതും ചിന്തിക്കുന്നതും എഴുതിത്തരുന്ന പ്രോഗ്രാമുകളുണ്ട്.

ഗൂഗിൾ വോയിസ് ടൈപ്പിംഗ്

പണം മുടക്കാതെ വായിക്കാനും സിനിമ കാണാനുമുള്ള പ്രത്യേക വാസന നമ്മുടെ ഇടയിൽ കൂടുതലാണ്. ലൈബ്രറിയിൽ നിന്ന് പുസ്തകം കക്കുന്നതുപോലെ ഡിജിറ്റൽ ഉല്പന്നങ്ങൾ അനധികൃതമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതിന്റെ പ്രശ്‌നങ്ങളുമുണ്ട്. മനോഭാവത്തിൽ മാറ്റം വരുത്തിക്കൊണ്ടേ അവ പരിഹരിക്കാനാവൂ. സർക്കാർ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി ഡിജിറ്റൽ ലൈബ്രറികളും മറ്റും സജ്ജമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പുസ്തകങ്ങൾ, അക്ഷരം, തുടങ്ങിയ കാര്യങ്ങളിൽ ശീലം ഒരു പ്രധാന ഘടകമാണ്. നമ്മുടെ പത്രപാരായണ ശീലത്തെ തൃപ്തിപ്പെടുത്താനാണ് ഇ- പേപ്പർ ഫോർമാറ്റ് പത്രങ്ങൾ പ്രയോജനപ്പെടുത്തിവരുന്നത്. അത് അവരുടെ ബിസിനസിന്റെ നിലനില്പിനാവശ്യമാണ്. ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായി ഉള്ളടക്കം വിന്യസിക്കാൻ കഴയാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. ശീലങ്ങൾക്കൊപ്പം സഞ്ചരിച്ച് ശീലങ്ങളെ മാറ്റിത്തീർക്കുക എന്നത് ഒരു തന്ത്രമാണ്. സമൂഹത്തിലെ വരേണ്യവർഗത്തിന്റെ ശീലങ്ങൾ മറ്റുള്ളവർ പിന്തുടരുന്നതിനെയാണ് സംസ്‌കാരം എന്ന് പലരും വിശേഷിപ്പിച്ചുവരുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ രംഗത്തും ഉണ്ടാവും. അവ ഉൾക്കൊള്ളാൻ കഴിയാത്തവർ സ്വാഭാവികമായി പുറന്തള്ളപ്പെടും. അതിനു മുമ്പുള്ള നിലവിളിയാണ് പാരമ്പര്യവാദികൾ പല രംഗത്തും നടത്തുന്നത്. തന്ത്രശാലികളായ അവർ സ്വയം വൈദഗ്ധ്യം ആർജിക്കുകയും അനന്തരതലമുറകളെ ഏറ്റവും നൂതനമായ പന്ഥാവിലൂടെ വളർത്തിക്കൊണ്ടുവരുകയും ചെയ്യും. എന്നിട്ട് അനുയായി വൃന്ദത്തെ ആവേശം കൊള്ളിക്കാൻ പാരമ്പര്യത്തിന്റെ വമ്പ് വിളംബരം ചെയ്യും. ഒടുവിൽ അനുയായികൾ കയത്തിൽ ആവുകയും നേതാവ് സുരക്ഷിതമായി പ്രയാണം തുടരുകയും ചെയ്യും.

അച്ചടി പ്രചരിച്ച കാലത്ത് പരമ്പര്യവാദികൾ അതിനെതിരായിരുന്നു. ഓർത്തുവയ്ക്കുന്നതാണ് വിജ്ഞാനം എന്ന് അവർ സിദ്ധാന്തം ചമച്ചു. അച്ചടി വന്നപ്പോൾ പുസ്തകങ്ങളെ പൂജിക്കാൻ തുടങ്ങി. ശത്രുപക്ഷത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയെ പ്രതിഷ്ഠിച്ചു. ചിന്തയും ഭാവനയും കാഴ്ചപ്പാടുമൊക്കെയാണ് പ്രധാനം. അവ ആവിഷ്‌കരിക്കുന്ന മാധ്യമത്തിൽ മാറ്റങ്ങളുണ്ടാവാം. ഇന്നു നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ പോലും അപ്രസക്തമാകുന്ന കാലം വന്നേക്കാം. അത് മാനവരാശിയുടെ അവസാനമാണെന്ന് പ്രചരിക്കുന്നവരും ഉണ്ടായേക്കാം. അതിലൊന്നും അതിശയപ്പെടേണ്ടതില്ല.

ഭാഷയുടെ അതിജീവനം സംബന്ധിച്ച മാനദണ്ഡങ്ങൾ മാറിക്കഴിഞ്ഞു. എത്ര ജനങ്ങൾ ഭാഷ സംസാരിക്കുന്നു, എത്ര കാലം പഴക്കമുള്ള സാഹിത്യസമ്പത്ത് ഉണ്ട്, എത്ര പുസ്തകങ്ങൾ പ്രചാരത്തിലുണ്ട്, എത്ര വ്യാകരണ- അലങ്കാരശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്, എത്ര സർവകലാശാലകളിൽ പഠിപ്പിക്കുന്നു തുടങ്ങിയവ കണക്കിലെടുത്ത് ഭാഷയുടെ അതിജീവനം നിർണയിക്കപ്പെടുന്നില്ല. വേൾഡ് വൈഡ് വെബ്ബിൽ ഭാഷയുടെ സാന്നിധ്യം എത്രത്തോളമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിജീവനം കണക്കാക്കപ്പെടുന്നത്. ഡിജിറ്റലാവുക എന്നതുമാത്രമാണ് അതിലേക്കുള്ള മാർഗം. കൂടുതൽ പേർ സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, കൂടുതൽ ഡിജിറ്റൽ ഉള്ളടക്കം, സമൃദ്ധമായ ഡിജിറ്റൽ വിനിമയം എന്നിവകൊണ്ട് ലോകഭാഷകൾക്കൊപ്പം നിലയുറപ്പിക്കാൻ നമ്മുടെ ഭാഷയ്ക്കു കഴിയണം. വലിയൊരു ജനസഞ്ചയം അവരുടെ ദൈനംദിന ജീവിതത്തിൽ വ്യവഹരിക്കുന്നുണ്ടോ എന്ന് ഇനി ആരും പരിശോധിക്കുകയില്ല. കുറഞ്ഞ എണ്ണം ആളുകൾ മാത്രം ദൈനംദിന വ്യവഹാരത്തിൽ ഉപയോഗിക്കുന്ന ഭാഷയ്ക്ക് വെബ് സാന്നിധ്യം കൊണ്ട് ലോകശ്രദ്ധ ആകർഷിക്കാം. ഏതു ഭാഷയിലെയും ഡിജിറ്റൽ ഉള്ളടക്കം ആശയച്ചോർച്ച കൂടാതെ ലോകത്തെ ഏതു ഭാഷകനും ഗ്രഹിക്കാൻ കഴിയുന്ന വിധത്തിൽ സംക്രമിപ്പിക്കാൻ ഇന്ന് സാങ്കേതികവിദ്യയ്ക്ക് കഴിയും. അടുത്ത കാലം വരെ എന്തും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചാൽ വിശ്വസാഹിത്യമാകുമെന്ന് വിശ്വസിച്ചിരുന്നു. ഡിജിറ്റൽ വിപ്ലവം ആ വിശ്വാസത്തെയാണ് തകിടം മറിക്കാൻ പോകുന്നത്. ഉള്ളടക്കം ശക്തമാണെങ്കിൽ എവിടെയും വായിക്കപ്പെടും എന്ന അവസ്ഥയിലേക്കാണ് ലോകക്രമം മാറുന്നത്.

പുസ്തകം മണത്തും തൊട്ടും തലോടിയും രതിസുഖം അനുഭവിക്കുന്ന വായനക്കാരിൽ വരേണ്യതയുടെ പ്രേതബാധ കൂടിയിരിക്കുന്നുവെന്നു പറഞ്ഞാൽ മുഖംചുളിക്കുന്നവരുണ്ടാവാം. വ്യക്തിനിഷ്ഠമായ ഗൃഹാതുരതകൾ പൊതുബോധമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. സാഹിത്യസാംസ്‌കാരിക രംഗങ്ങളിലും മറ്റ് ജനപ്രിയമേഖലകളിലുമുള്ള വിസിബിലിറ്റി ദുരുപയോഗം ചെയ്ത് തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തിൽ ഭീതിയും ആശങ്കയും പരത്തുകയും ചെയ്യുന്ന പ്രവണത അടുത്ത കാലത്ത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. ശീലങ്ങളുടെ തടവറയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവർ അവിടെ കഴിഞ്ഞോട്ടെ. എന്നാൽ, മനുഷ്യവിജ്ഞാനത്തിന്റെ ഹസ്താവലംബത്തോടെയുള്ള ഓരോ മുന്നോട്ടുപോക്കും അപ്രാപ്യരായ അനവധി പേരെ വൈജ്ഞാനിക-വൈകാരിക മേഖലകളിൽ പ്രാപ്യരാക്കി തീർക്കുന്ന തുല്യതയിലേക്കുള്ള കുതിപ്പാണെന്ന് നാം തിരിച്ചറിയണം. ഡിജിറ്റൽ വായന ആ വിപ്ലവത്തിന്റെ അവസാന അജണ്ടയായി ആരും കണക്കാക്കേണ്ടതില്ല. അറിവിനും അനുഭൂതിക്കുമായുള്ള അനന്തമായ പ്രയാണത്തിലെ ഒരു ചെറു നിമിഷം മാത്രമായി അതിനെയും കാണുക.

Comments