2018.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്നുള്ള കാലം. പ്രസ്താവനാ യുദ്ധങ്ങള്‍, നാമജപ പ്രതിഷേധങ്ങള്‍, കൊടുമ്പിരിക്കൊണ്ട സമരങ്ങള്‍, അങ്ങനെയങ്ങനെ...
അതിനിടയില്‍, ഒരു പ്രമുഖ ചാനലിന്റെ ചുമതല വഹിക്കുന്നയാള്‍ അവിടത്തെ മാധ്യമപ്രവര്‍ത്തകനെ വിളിച്ചു. എന്നിട്ട് വിശദമായ ഒരാമുഖം അവതരിപ്പിച്ചു. അതുകഴിഞ്ഞ് ഈ വിഷയത്തില്‍ ഒരു മുന്നാക്ക സമുദായ നേതാവിനെ ഇങ്ങനെ വിമര്‍ശിക്കുന്നത് ഒന്ന് ചവിട്ടിപ്പിടിക്കേണ്ടതിന്റെ അനിവാര്യത സൂചിപ്പിച്ചു.
‘സംഗതിയൊക്കെ ശര്യാണ്. പക്ഷേ അങ്ങേര് നമ്മളെ ബഹിഷ്‌കരിച്ചാല്‍ അറിയാലോ. മറ്റൊരു പത്രത്തെ ബഹിഷ്‌കരിച്ചതോർമയില്ലേ? നമ്മക്കിതില്‍ പ്രത്യേകിച്ച് താല്‍പര്യൊന്നുല്ല, ശമ്പളം കിട്ടണ്ടേ. സമാധാനമായി ജീവിക്കണ്ടേ, അതുകൊണ്ട് അങ്ങേരുടെ കാര്യത്തിലൊന്ന് ചവിട്ടിപ്പിടിച്ചോ.’
രണ്ട്
അധികം വൈകാതെ ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നു. ഉപതെരഞ്ഞെടുപ്പില്‍ ചാനല്‍ പ്രവചിച്ചതുപോലെ അവിടെ ഇടതുപക്ഷം തോറ്റില്ല, ജയിച്ചു. ജയിച്ചു കഴിഞ്ഞപ്പോള്‍ ഒരു പിന്നാക്ക സമുദായ നേതാവ് ചാനലിന്റെ പ്രവചനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ആ വിമര്‍ശനം ചാനല്‍ നേതൃത്വത്തിനിഷ്ടപ്പെട്ടില്ല. ഇനി അങ്ങേരുടെ ഒരു കാര്യവും ചാനലില്‍ കൊടുക്കണ്ടെന്ന് തീരുമാനിച്ചു.
ഒരു പാഠം പഠിക്കട്ടെ. ബഹിഷ്‌കരണം തന്നെ.
ഈ രണ്ട് സംഭവങ്ങള്‍ കേരളത്തിലെ മാധ്യമലോകത്തിന്റെ മാത്രമല്ല സമകാലിക സാമൂഹ്യമനസ്സിന്റെ പരിച്ഛേദമാണ്. ഒരു മുന്നാക്ക ജാതിനേതാവ് നമ്മളെ ബഹിഷ്‌കരിക്കുമെന്ന ഭീതിയില്‍, അതും ബഹിഷ്‌കരിച്ചേക്കുമോ എന്ന അപ്രഖ്യാപിത ഭീതിയില്‍, കഴിയുകയും അതേ സമയം പിന്നാക്ക ജാതിനേതാവിനെ ഞങ്ങളോട് കളിച്ചാല്‍ അങ്ങോട്ട് ബഹിഷ്‌കരിക്കുകയും ചെയ്യുമെന്ന മാനസികാവസ്ഥ. ആ വിവേചനത്തിന്റെ പേരാണ് ജാതിവിവേചനം എന്നത്. ഇത് ജാതിയുടെ കാര്യത്തില്‍ മാത്രമല്ല മതത്തിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നു എന്നാണ് പുതിയ കാലം സൂചിപ്പിക്കുന്നത്. ചാനല്‍ നേതൃത്വങ്ങളുടെ ആ തീരുമാനങ്ങള്‍ പ്രത്യക്ഷമായ ജാതിബോധപ്രത്യയശാസ്ത്രത്തിലൂന്നി നിന്നുകൊണ്ടുള്ളതല്ല. അവര്‍ ജാതിമനസ്സില്‍ പ്രവര്‍ത്തിച്ചുചെയ്യുന്നതേയല്ല. തല്‍ക്കാലത്തേക്ക് പിടിച്ചുനില്‍ക്കാനുള്ള സാധാരണ ബുദ്ധി മാത്രമാണ്. ഇതാണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദൃശ്യമായ പ്രത്യയശാസ്ത്ര ശക്തികള്‍ പ്രത്യക്ഷത്തിലങ്ങനയൊന്നുമില്ലല്ലോ എന്ന് തോന്നിപ്പിക്കും വിധം നമ്മളെ നയിക്കുകയാണ്. അത് പൊതുബോധ നിര്‍മിതിയിലേക്കും പുതിയ നിര്‍മിത ശരികളിലേക്കും സമൂഹത്തെ എത്തിക്കുന്നു.
നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം
ഒന്ന്
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ ഒരു പരിപാടി പ്രഖ്യാപിക്കുകയാണ്. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നിഷ്പക്ഷ പരിപാടിയാണ്. കേരളത്തിന്റെ യുവാക്കളുടെ ഭാവി നിശ്ചയിക്കുന്ന, തൊഴിലില്ലായ്മക്കെതിരായ പരിപാടിയാണ് എന്ന്.
മാധ്യമങ്ങളില്‍ വാര്‍ത്തയെങ്ങനെയായിരിക്കും.
രാഹുല്‍ഗാന്ധിയുടെ വരവ്.
ആളെയെത്തിച്ച വിധം
കസേരയില്‍ ആളുണ്ടായോ ഇല്ലയോ… ഇങ്ങനെയൊക്കെയായിരിക്കും.
രണ്ട്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രഖ്യാപിക്കുകയാണ്; നമ്മള്‍ യുവാക്കളുടെ ഒരു പരിപാടി സംഘടിപ്പിക്കുകയാണ്. അഴിമതിക്കെതിരായ കൂട്ടായ്മ. നിഷ്പക്ഷമായ പരിപാടിയാണ്.
ചാനലുകള്‍ നിഷ്പക്ഷ പരിപാടിയെന്ന നിലയില്‍ അതിനെ സമീപിക്കണം. വന്‍ജനത്തെ പങ്കെടുപ്പിക്കും.
ചാനലുകളിലെ വാര്‍ത്തയെന്തായിരിക്കും?
ഒഴിഞ്ഞ കസേരകളോ, കുടുംബശ്രീയില്‍ നിന്ന് ആളെയെത്തിച്ചെന്നോ, നിഷ്പക്ഷം എന്ന് പറഞ്ഞെങ്കിലും പാര്‍ട്ടി ബസില്‍ ആളെയെത്തിച്ചു എന്നൊക്കെയായിരിക്കും.
മൂന്ന്
മുകളില്‍ പറഞ്ഞതൊക്കെ ഊഹങ്ങളാണ്. എന്നാല്‍കഴിഞ്ഞ ദിവസം യഥാര്‍ത്ഥത്തില്‍ നടന്ന ഒരു പരിപാടിയെ കുറിച്ചിനി പറയാം. എറണാകുളത്ത് ‘യുവം’ എന്ന പേരില്‍ ബി.ജെ.പി ഒരു പരിപാടി സംഘടിപ്പിച്ചു. സംഘാടകരുടെ നേതാവ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനാണ്. എന്നിട്ടവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് പറഞ്ഞു: ‘ഇത് ബി.ജെ.പിയുടെ പരിപാടിയല്ല, നിഷ്പക്ഷമായ സ്വതന്ത്രമായ രാഷ്ട്രനിര്‍മാണലക്ഷ്യത്തോടെയുള്ള യുവാക്കളുടെ പരിപാടിയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയാണ്.’
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതുകേട്ട് നമ്മുടെ മാധ്യമങ്ങള്‍നിഷ്പക്ഷമായ യുവം എന്ന പരിപാടിയെ കുറിച്ച് ആ നിലയിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഒക്കെ സംപ്രേഷണം ചെയ്തു. നിഷ്പക്ഷരായ പല യുവാക്കളും സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും എത്തി.
പരിപാടി തുടങ്ങി.
വേദിയില്‍ കെ. സുരേന്ദ്രനും നരേന്ദ്രമോദിയും ഇരിക്കുകയാണ്. എന്നിട്ടും ഒരു മാധ്യമത്തിനും സംശയമില്ല. പിന്നീട് പ്രധാനമന്ത്രി തന്നെ കാണാനെത്തിയ നിഷ്പക്ഷ യുവസമൂഹത്തെ നോക്കി പറയുകയാണ്: കേരളത്തില്‍ സ്വര്‍ണക്കടത്ത്, തൊഴിലില്ലായ്മ, ഇതേതുനാട് തുടങ്ങി അസ്സല്‍ ബി.ജെ.പി പ്രസംഗം. രാഷ്ട്രീയ പ്രസംഗം.
ഒടുവില്‍ ജനം തിരിച്ചറിഞ്ഞു എന്നായപ്പോള്‍ രണ്ടാംദിവസം ട്വന്റി ഫോര്‍ ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിം തന്റെ പതിവുചര്‍ച്ചാപരിപാടിക്കിടെ ബി.ജെ.പി നേതാവ് എസ്. സുരേഷിനോട് ചോദിക്കുകയാണ്; 'ഞാന്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. നിങ്ങള്‍ പറഞ്ഞത് വിശ്വസിച്ച് ഇത് നിഷ്പക്ഷ പരിപാടിയാണെന്നാണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടെന്തുണ്ടായി, അവിടെ രാഷ്ട്രീയമല്ലാതെ മറ്റെന്തെങ്കിലും സംസാരിച്ചോ. കെ. സുരേന്ദ്രനല്ലേ വേദിയിലെ പ്രധാനപ്പെട്ട ഒരാള്‍. ഞങ്ങളെ പോലെ നിങ്ങള്‍ പറയുന്നത് കേട്ട് റിപ്പോര്‍ട്ട് ചെയ്തവരെയടക്കം പറ്റിക്കുകയായിരുന്നു.’
ഹാഷ്മി മാധ്യമബോധം ഇപ്പോഴും ഉള്ളില്‍ അവശേഷിക്കുന്ന ഒരാളായതുകൊണ്ട് ഇങ്ങനെ ചിന്തിച്ചു. എന്നാല്‍ പറഞ്ഞുകഴിഞ്ഞത് എയറില്‍പോയി എന്നും വിചാരിച്ച് അടുത്ത റിപ്പോര്‍ട്ടിംഗിലേര്‍പ്പെടുന്ന ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും അങ്ങനെയൊന്നാലിചിക്കുക പോലുമില്ല. ഇതാണ് പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്ന മാധ്യമലോകം.
റിപ്പോര്‍ട്ടര്‍, ഭക്തജനസംഘം
വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചു. അനുവദിക്കല്‍, ട്രയല്‍, പിന്നെയും ട്രയല്‍, ഉദ്ഘാടനം.
ഈ മൂന്ന് ദിവസങ്ങളില്‍ കേരളത്തിലെ ചാനലുകളില്‍ മറ്റൊരു വാര്‍ത്തയും കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ് 26-ാം തീയതി ഉദ്ഘാടനശേഷമുള്ള ആദ്യ പുറപ്പെടല്‍ മുതല്‍ കാസര്‍കോട്ടുനിന്ന് ലൈവുകള്‍ക്കായി ചാനലുകള്‍ കാത്തിരിക്കുകയും ചെയ്തു. ഉദ്ഘാടന ദിവസം എന്താണ് സംഭവിച്ചത്? ശരിയായ വാര്‍ത്തകള്‍ പോലും ജനങ്ങളില്‍ നിന്ന് തമസ്‌കരിക്കാനും തെറ്റായ വാര്‍ത്തകള്‍ ഇടയില്‍ തള്ളിക്കയറ്റാനുമാണ് മാധ്യങ്ങള്‍ പലതും ശ്രമിച്ചത്. എന്നാല്‍ എന്താണ് ഇതിന്റെ പശ്ചാത്തലം.
അത് ഏറ്റവും അവസാനമാണെങ്കില്‍, കെ- റെയില്‍ ചിന്തയില്‍ നിന്നാരംഭിക്കണം.
വേഗം മനുഷ്യജീവിതത്തിന്റെ അടിത്തറ മാറ്റിപ്പണിയാന്‍ പോന്ന പുരോഗതിക്ക് കാരണമാകുന്ന ശാസ്ത്രസത്യമാണ്. വേഗമാണ് മനുഷ്യനെ ഉയര്‍ത്തുന്നത്. അത് തീയായും അമ്പായും ടയറായും വാഹനമായും മൊബൈല്‍ ഫോണായും ഇന്റര്‍നെറ്റായും വാട്സാപ്പായും ഒക്കെയുള്ള കണ്ടുപിടിത്തങ്ങളിലൂടെ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നു. കേരളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പൂര്‍ണമായി വേഗത്തില്‍ യാത്ര ചെയ്യുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്. ആഗോളവൽക്കരണം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുലോകത്ത് ജീവിക്കുന്നതിനാല്‍ നമുക്കുമാത്രം വേഗമില്ല എന്നത് ഒരു ഭരണകൂടത്തിന്റെ ചതിയാണ്. രാജ്യത്ത് മറ്റു പലയിടത്തും വേഗപാതകള്‍ സ്വതന്ത്രമായി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ നമ്മെ മാത്രം എന്തുകൊണ്ടിങ്ങനെ ഞെരുക്കുന്നു എന്ന് കേരളം ഒരുഭാഗത്തുനിന്ന് ചോദിച്ചുവരികയുമായിരുന്നു. ദേശീയപാത അതിന്റെ പൂര്‍ത്തീകരണത്തിലേക്കു കടക്കുമ്പോഴും അതൊന്നും ഒരു പരിഹാരമല്ലെന്ന ചിന്തയും ഉയര്‍ന്നു. അങ്ങനെയിരിക്കുമ്പോഴാണ് കേരളമാകെ എത്തുന്ന വേഗവണ്ടിയെന്ന പുതിയ പാതാസങ്കല്‍പ്പം ഉരുത്തിരിഞ്ഞത്. ഏറ്റവും ഒടുവില്‍ കെ- റെയില്‍ എന്ന മൂര്‍ത്ത ചിന്തയിലേക്ക് അത് കടക്കുകയും ചെയ്തു.
കെ- റെയില്‍ സാധ്യമാക്കാൻ പല വിധപ്രശ്നങ്ങളുണ്ട്. സാധാരണ മനുഷ്യനെ ബാധിക്കുന്ന കുടിയൊഴിക്കലടക്കമുള്ള പ്രശ്നങ്ങളുണ്ട്. എന്നാല്‍, അതൊക്കെ പരിഹരിക്കുകയെന്ന ചിന്തക്കുപോലും ഇടകൊടുക്കാതെ എന്തിനാണ് സാധാരണക്കാർ അത്ര വേഗത്തില്‍ പോകേണ്ട കാര്യം എന്നു ചോദിച്ച് നമ്മുടെ മാധ്യമങ്ങള്‍ ആ ചിന്തയെ തന്നെ നിഷ്‌കരുണം കുഴിച്ചുമൂടാനുള്ള പണിയാണ് എടുത്തത്. അവരതിനെതിരായ ചിന്ത വൈകാരികത കുത്തിയിളക്കി പൊതിഞ്ഞ് എത്തിച്ചു. അങ്ങനെ ചിന്തിക്കലാണ് പൊതുബോധണെന്ന് മുഖപ്രസംഗങ്ങളിലൂടെയടക്കം പ്രചരിപ്പിച്ചു.
ഈ ഘട്ടത്തിലാണ് ‘വന്ദേഭാരത്’ എന്ന ഒരു തീവണ്ടി കേരളത്തിലേക്ക് വരുന്നത്. രാജ്യത്താകെ പത്തിലധികം വണ്ടി വന്നിട്ടും ഇത്ര കാലം കഴിഞ്ഞിട്ടും ഒരു വണ്ടി വന്നല്ലോ എന്ന ആഹ്ലാദത്തിലിരിക്കുമ്പോഴാണ് നമ്മുടെ മാധ്യമങ്ങള്‍ഇതെന്തോ കേരളത്തിന് ഒരു ഔദാര്യം കേന്ദ്രം തന്നിരിക്കുന്നു മട്ടില്‍ പ്രചാരണം തുടങ്ങിയത്. മാത്രമല്ല, ഈ ഒരു വണ്ടി വന്നതോടെ കെ- റെയില്‍ ഇനി വേണ്ട എന്നും അവര്‍ പ്രഖ്യാപിച്ചു.
ഷൊര്‍ണൂരിലുള്ള അപ്പം അവിടെ തന്നെ വിറ്റാല്‍ മതിയെന്നും കൊച്ചിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടത്തോ കൊണ്ടുപോകേണ്ട അത്യാവശ്യമെന്തെന്നുവരെ ചോദിപ്പിക്കുന്ന നിലയിലേക്ക് മാധ്യമതാല്‍പര്യം എത്തി. ഷൊര്‍ണൂരിലെ അപ്പം മറ്റിടങ്ങളില്‍ വില്‍ക്കുമ്പോഴാണ് വ്യക്തിയുടെ ജീവിതനിലവാരം ഉയരുന്നതെന്നും നമ്മുടെ കച്ചവടലോകം വികസിക്കുന്നതെന്നും നാട് വളരുന്നതെന്നും ഒന്നും അവര്‍ക്കറിയണ്ട. അവരതങ്ങ് പ്രഖ്യാപിച്ചു. ഇത് മതിയെന്ന്.
എന്തിനാണ് സാധാരണക്കാർക്ക് ഇത്ര വേഗമെന്ന് ഈ മാധ്യമപ്രചാരണത്തില്‍ വീണ ഒരു എം.എല്‍. എ തന്നെ ചോദിച്ചു. അങ്ങനെയാണ് വന്ദേഭാരതിന്റെ ഉദ്ഘാടനം വരെയെത്തിയ കാലം കടന്നുപോയത്. കെ- റെയില്‍ ഒരു പ്രത്യേക യാത്രാസംവിധാനമാണെന്നും വന്ദേഭാരത് നമ്മുടെ നിലവിലെ പാളത്തിലൂടെ ഓടുന്ന ഒരു തീവണ്ടി മാത്രമാണെന്നും ഇവര്‍ക്കൊന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടായിരിക്കില്ലല്ലോ.
പിആറിന്റെ പുതിയ മോഡല്‍
വന്ദേഭാരത് ഉദ്ഘാടനത്തിനായുള്ള വരവില്‍ പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കം കുറിക്കലാണെന്നുവരെ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ കേരളത്തില്‍ ബി.ജെ.പി മേല്‍ക്കൈ നേടിയെന്ന് പത്രമുത്തശ്ശിയുടെ പ്രമുഖ റിപ്പോര്‍ട്ടര്‍ വരെ സൈഡ് സ്റ്റോറിയെഴുതി. ഇമ്മാതിരി വാര്‍ത്തയെഴുതാന്‍ മത്സരം കടുത്തു.
പുതിയ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ മാധ്യമങ്ങളെ സൗജന്യമായി അകത്തുകയറ്റുക എന്നതൊക്കെ സാധാരണയാണിക്കാലത്ത്. പി.ആര്‍ ഒരുപ്രധാനപരിപാടിയാണല്ലോ. വന്ദേഭാരതിന്റെ പി.ആര്‍ പക്ഷേ അവരുദ്ദേശിച്ചതിനും അപ്പുറത്തായിരുന്നു. സൗജന്യ ടിക്കറ്റ് കൊടുത്തവര്‍ കേന്ദ്ര റെയില്‍വകുപ്പിന് കീഴിലുള്ള വന്ദേഭാരത് ട്രെയിനിനെ വാഴ്ത്തുക മാത്രമല്ല സംസ്ഥാന ബന്ധമുള്ള മറ്റുപദ്ധതികളെയൊക്കെ ചീത്തവിളിക്കുക കൂടി ചെയ്തു. ഒരു ട്രാവല്‍വ്ലോഗര്‍ തമ്പാനൂര്‍ നിന്ന് സൗജന്യ ടിക്കറ്റും കൈയിലെടുത്തു പിടിച്ച് പ്രധാനമന്ത്രിയെയും റെയില്‍ മന്ത്രാലയത്തെയും വാഴ്ത്തുന്ന വീഡിയോ ആദ്യ ദിവസം തന്റെ യു റ്റ്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു. വ്ലോഗര്‍ക്ക് കേന്ദ്രത്തെ വാഴ്ത്തിയതുകൊണ്ടൊന്നും മതിയായില്ല. ഇനിയിപ്പോ ഈ സൗജന്യം കേരളത്തിന്റെ സംവിധാനത്തെ ചീത്തിവിളിക്കാന്‍ കൂടി തന്നതാണോ എന്നാലോചിച്ച് ആ ഭക്തന്‍ തമ്പാനൂര്‍ സ്റ്റേഷനുമുന്നില്‍ നിന്ന് എതിര്‍വശത്തുള്ള കെ.എസ്.ആർ.ടി.സിയെ രണ്ട് തെറിയും വിളിച്ചു.
ഈ കെ.എസ്.ആർ.ടി.സി തെണ്ടികള്‍ ഇതൊക്കെ കണ്ട് പഠിക്കണമെന്ന ഉപദേശവും. പിന്നാലെ ട്രെയിനില്‍ കയറിയ ചാനല്‍സംഘങ്ങള്‍ ആവര്‍ത്തിച്ചതും സമാനരീതിയില്‍ തന്നെ. ട്രെയിനിലെ യാത്രികരുടെ അഭിപ്രായമെടുക്കുന്നു എന്ന പേരില്‍ വന്ദേഭാരതിനെ പുകഴ്ത്തുക എന്നതിനപ്പുറം അടുത്ത വോട്ട് ബി.ജെ.പിക്ക് തന്നെയല്ലേ എന്ന് പോലും ചോദിച്ചുകളഞ്ഞു, മലയാളം ചാനല്‍ വിദ്വാന്മാര്‍.
ഇതാണ് പുതിയ തരം പി.ആര്‍. കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന പരിപാടി. അതാണ് വന്ദേഭാരത് ഉദ്ഘാടനകാലത്ത് കേരളത്തില്‍ കണ്ടതും. ഒരു ഭക്തജനസംഘത്തിന്റെ ഭജന പോലത്തെ പരിപാടി. ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്നാള്‍ ഈ ഭക്തജനസംഘം നേരെ കാസര്‍കോട്ട് കാത്തിരുന്നു. വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനാനന്തരമുള്ള ആദ്യ യാത്രയ്ക്കായി. അത് തിരുവനന്തപുരത്തെത്തും വരെ ഒരു ദിവസം കൂടി ഭജന പാടാമെന്നതായിരുന്നു ലക്ഷ്യം.
എന്നാല്‍, പുറപ്പെടുന്നതിന് മുമ്പ് വണ്ടിയില്‍ ചോര്‍ച്ചയുണ്ടായി. അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ വയ്യാതായി. അയ്യോ പാവം വണ്ടി എന്ന മട്ടില്‍ റിപ്പോര്‍ട്ടിംഗ്. കേരളത്തിന് ഇതാ ഔദാര്യം എന്ന മട്ടില്‍ പറഞ്ഞവര്‍ക്ക് കാലങ്ങളായി പഴകി ജീര്‍ണിച്ച കോച്ചുകളുടെ ഹബ്ബ് എന്ന നിലയില്‍ കേരളമുള്‍പ്പെടുന്ന സോണുകളെ മാറ്റിയ കേന്ദ്ര റെയില്‍ മന്ത്രാലയത്തെ കുറിച്ചൊന്നും പറയാനില്ല. കുട പിടിച്ച് പോകേണ്ടിവരുന്ന പല ട്രെയിന്‍ ബോഗികളുടെയും കാര്യം പറയാനില്ല. വന്ദേഭാരതില്‍അവര്‍ കുറേ കഷ്ടപ്പെട്ട് നിര്‍മിച്ചിട്ടും ചോര്‍ച്ചയുണ്ടായത് ആരുടെയും കുറ്റമേയല്ലെന്ന് അവര്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തു. അതൊക്കെ അധികൃതര്‍ നേരെയാക്കിക്കോളും എന്ന സങ്കട റിപ്പോര്‍ട്ടിംഗ്. അതുകഴിഞ്ഞ് നൈസായി വന്ദേഭാരത് വിട്ടുപിടിച്ച് വേറെ വാര്‍ത്തയിലേക്ക് സ്‌കൂട്ടായി.
ചര്‍ച്ചകളുടെ മുഖ്യലക്ഷ്യം
ചാനല്‍ ചര്‍ച്ചകള്‍ എഡിറ്റോറിയല്‍ സ്വഭാവത്തിലുള്ളതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ എം.വി. നികേഷ്‌കുമാര്‍ പറഞ്ഞു; ‘‘പത്രങ്ങളുടേതുപോലെ ന്യൂസ് ചാനലുകള്‍ക്ക് മുഖപ്രസംഗമില്ല. അതിന് സമാനമായ നിലയിലാണ് ചാനലുകളിലെ എട്ടുമണി ചര്‍ച്ചകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.’’
ഇതൊരു വസ്തുതയാണ്. ഒരു ചാനലിന്റെ മുഖമാണ് ആ ചാനലിന്റെ അന്തിച്ചര്‍ച്ച. എന്താണ് നമ്മുടെ മലയാളം ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നത് എന്നതിനേക്കാള്‍ എന്താണ് ചര്‍ച്ച ചെയ്യാത്തത് എന്നത് ഒരു പ്രധാന വിഷയമാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ അനിവാര്യമായ ചര്‍ച്ചാ വിഷയങ്ങളാണ്. അത് മനോഹരമായി ചെയ്യുന്നുമുണ്ട്. അതിലുപരി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളെടുത്താലോ. ഉദാഹരണത്തിന് എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തക പരിഷ്‌കരണം എടുക്കുക.
മുഗള്‍ ഭരണം, ഗാന്ധി വധം, ആര്‍.എസ്.എസ് നിരോധനം, അവസാനത്തെ ആണിയായി പരിണാമ സിദ്ധാന്തം ഇതൊന്നും കുട്ടികളെ പഠിപ്പിക്കണ്ട എന്നാണ് തീരുമാനം. ഇന്ത്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ രാജാക്കന്മാരുടെ ചരിത്രമില്ലാതെ നമ്മുടെ രാജ്യത്തെ എങ്ങനെ പഠിപ്പിക്കും. ഗാന്ധി വധം നടത്തിയത് നാഥുറാം വിനായക് ഗോഡ്സെയെന്ന ഹിന്ദു തീവ്രവാദിയാണെന്ന് പഠിപ്പിക്കാതെ നമ്മുടെ കുട്ടികള്‍ എങ്ങോട്ട് വളരും. ആർ.എസ്.എസ് നിരോധിക്കപ്പെട്ടത് എന്തിനാണ് എന്ന് പഠിപ്പിക്കാതെ, ഗാന്ധിയെ ആര് വധിച്ചു എന്നാണ് പഠിക്കേണ്ടത്. പരിണാമ സിദ്ധാന്തത്തിനുപകരം ഗണപതിയുടെ പുരാണവും ക്ലോണിങ്ങിന് പകരം മഹാഭാരതവും വിമാനം കണ്ടുപിടിച്ച കഥക്കുപകരം രാവണന്റെ പുഷ്പക വിമാനവും ഒക്കെ പഠിപ്പിച്ചാല്‍ മതിയോ.
എന്തായാലും അതൊന്നും നമ്മുടെ പത്രങ്ങളോ ചാനലുകളോ അതിന്റെ ഗൗരവത്തില്‍ ചര്‍ച്ചകളില്‍ നിലനിര്‍ത്തിയില്ല. മാത്രമല്ല, അതൊന്നും വെല്യ കാര്യമല്ല, നമ്മളെന്തൊക്കെ പഠിച്ചു എന്നിട്ടെന്തുണ്ടായി, എന്നൊക്കെ ചോദിച്ചുകളയും. ഒരു ജോലി കിട്ടാന്‍ സയന്‍സും സാമൂഹ്യശാസ്ത്രവും ഒക്കെ എന്തിന് പഠിക്കണം? നമുക്ക് കഞ്ഞി കുടിക്കാന്‍ അതിന്റെയൊന്നും ആവശ്യമില്ല, അതിലും വലിയ പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടല്ലോ എന്നുപറയുന്ന ലളിതവത്കരണ സിദ്ധാന്തവും അവര്‍ അവതരിപ്പിക്കും.
എന്താണ് ധര്‍മം
പരസ്യവും വാര്‍ത്തയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കാലമാണ്. അഡ്വട്ടോറിയല്‍ എന്ന പദത്തിന്റെ പോലും ആവശ്യമില്ലാത്ത വിധം മനുഷ്യനൊപ്പം നില്‍ക്കുന്നതേത് എന്ന് വ്യവച്ഛേദിച്ചറിയുക പലപ്പോഴും പ്രയാസമാകും. ദാരിദ്ര്യം മാത്രമല്ല, മാനുഷികമായതും അനിവാര്യമായതുമായ മറ്റു പ്രശ്നങ്ങളും മനുഷ്യനുണ്ട്. അത്യന്തികമായി അതെല്ലാം ഇന്ത്യന്‍പൗരരുടെ പ്രശ്നങ്ങളാണ്. പൗരരുടെ പ്രശ്നങ്ങള്‍ക്കുമേല്‍ ഭരണകൂടത്തിന്റെ പ്രശ്നം പ്രതിഷ്ഠിക്കുകയും അതിനെ രാജ്യത്തിന്റെ പ്രശ്നമാക്കി മാറ്റുകയും മാധ്യമങ്ങളെ കൊണ്ട് അതേറ്റുപറയിക്കുകയും ചെയ്യുക എന്ന അപകടകരമായ സഞ്ചാരപാതയാണ് നമുക്ക് ചുറ്റിലും. അതില്‍ ഏതില്‍ കയറിപ്പോകണം എന്നത് മാത്രം തീരുമാനിച്ചാല്‍ മതി. എല്ലാ വഴിയും ഒരേ ഇടത്തേക്കാണ് എന്നുതോന്നിപ്പിക്കുന്ന ഭീതിദമായ അവസ്ഥ. അമേരിക്കന്‍ പ്രസിഡൻറ് തോമസ് ജഫേഴ്സണ്‍ പണ്ടൊരിക്കല്‍ പത്രങ്ങളുടെ സത്യസന്ധതയെ കുറിച്ചുപറഞ്ഞു, പത്രങ്ങളിലെ സത്യസന്ധമായ ഭാഗം പരസ്യങ്ങളാണ് എന്ന്. മലിനമായ വാഹനത്തില്‍ സംവഹിക്കപ്പെടുമ്പോള്‍ സത്യം സംശയാസ്പദമാകുന്നു എന്ന് തോമസ് ജഫേഴ്സണ്‍ നിരീക്ഷിച്ചു. ഇവിടെ അതിലുമപ്പുറമാണ് കാര്യങ്ങള്‍. പരസ്യം എന്നു പോലും പറയാതെ ഭരണകൂട താല്‍പര്യം സ്വന്തം താല്‍പ്രയമായി മാറുകയും അതിലൂടെ ആത്മാര്‍ത്ഥമായി സഞ്ചരിക്കുകയും ചെയ്യപ്പെടുന്ന സാഹചര്യം. ഭരണകൂടം തന്നെ അതിന് നേതൃത്വം നല്‍കുകയും മാധ്യമങ്ങള്‍ക്ക് അതില്‍ നിന്ന് വ്യതിരിക്തമായി നടക്കാന്‍ കഴിയാത്ത സമ്മര്‍ദസാഹചര്യം നിര്‍മിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ചാനല്‍ കാണുക, പത്രം വായിക്കുക എന്നിതനപ്പുറത്ത് വായിച്ചതും കണ്ടതും വിലയിരുത്തുക എന്നൊരു ധര്‍മം കൂടി അനിവാര്യമായി ത്തീരുന്നു.
ജെഫേഴ്സണ്‍ പിന്നീടൊരിക്കല്‍ പറഞ്ഞു, ഭരണകൂടം ഇല്ലാതായാലും മാധ്യമങ്ങള്‍ അനിവാര്യമാണ് എന്ന്. പത്രങ്ങളില്ലാതെ ഭരണകൂടവും ഭരണകൂടമില്ലാതെ പത്രങ്ങളും എന്ന അവസ്ഥയുണ്ടായാല്‍ താന്‍ ഗവണ്‍മെന്റിനെ തള്ളി പത്രങ്ങളെ സ്വീകരിക്കും എന്ന് അദ്ദേം പ്രഖ്യാപിച്ചു. അത് വ്യക്തമായ ഒരു സൂചികയാണ്. മാധ്യമങ്ങളും ഭരണകൂടവും രണ്ടാണ് എന്നും ഭരണകൂടത്തെ വഴിനയിക്കുക എന്നത് മാധ്യമങ്ങളുടെ ധര്‍മമാണ് എന്നുമുള്ള പ്രഖ്യാപനം. നമ്മുടെ നാട്ടില്‍ നടപ്പിലുണ്ടായിരുന്ന കാര്യം. എന്നാല്‍ ഭരണകൂടവും മാധ്യമവും ഒന്നായിത്തീരുന്ന, ഭരണകൂട താല്‍പര്യത്തിനുവേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കപ്പെടുന്ന ഒരു കാലം, എന്നാല്‍ അതൊരിരുണ്ടകാലമാണ്. മലയാളത്തില്‍ അങ്ങനെയൊരുകാലമുണ്ടായിട്ടേയില്ല. എന്നാല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന സൂചനകളാണ് കഴിഞ്ഞ നാളുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ വായനക്കാർ എങ്ങനെ മറികടക്കും എന്നത് ഒരാകുലതയാണ്. വായനയിലും കാഴ്ചയിലും ഓരോ വ്യക്തിയും ഒരു മൂല്യനിര്‍ണയ ഉപകരണം കൂടി പ്രവര്‍ത്തിപ്പിക്കുകയെന്നതാണ് ഇതിനെ അതിജീവിക്കാനുള്ള പ്രതിരോധമാര്‍ഗം.