മലയാള ചാനലുകൾ പുടിൻ സ്നേഹികളെക്കൊണ്ടുനിറയുന്നു

Truecopy Webzine

യുക്രെയ്​നെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചശേഷം അവിശ്വസനീയമാംവിധമുള്ള പുടിൻ ന്യായീകരണമാണ് മലയാളത്തിലെ ന്യൂസ് ചാനൽ അവതാരകരും അവർ ആനയിച്ചുകൊണ്ടുവരുന്ന സോകോൾഡ് വിദേശകാര്യ വിദഗ്ദ്ധരും ചേർന്ന് നടത്തുന്നത്​. ചാനൽ അവതാരകർക്ക് പൊതുവെ വിദേശകാര്യ വിഷയങ്ങളിലുള്ള ഗ്രാഹ്യക്കുറവുകൊണ്ടാവണം, അവർ ഈ ‘വിദേശകാര്യ വിദഗ്ദ്ധരു’ടെ കണ്ടെത്തലുകൾ അപ്പാടെ വിശ്വസിച്ച്, അവയെ കുറേക്കൂടി പൊലിപ്പിച്ച് വീണ്ടും വീണ്ടും പുടിനെ വെള്ളപൂശിക്കൊണ്ടിരുന്നു. നാറ്റോ അംഗത്വത്തിനും യൂറോപ്യൻ യൂണിയൻ അംഗത്വത്തിനും ശ്രമിച്ച് റഷ്യയെ പ്രകോപിപ്പിച്ചതുവഴി യുക്രെയ്​നാണ് ഇതെല്ലാം തുടങ്ങിവച്ചത് എന്നുവരെ പലരും പറഞ്ഞുവച്ചു.
കെ. വേണുവും എൻ.എം. പിയേഴ്സണും സി.പി.എമ്മിന്റെ റഷ്യാന്യായീകരണത്തെപ്പറ്റി വെബ്​സീനിൽ എഴുതിയതു വായിച്ചു. എന്നാൽ അതിലും അപകടകരമായിരുന്നു, വാർത്താചാനലുകളുടെ ഈ ന്യായീകരണം. എന്തുകൊണ്ടെന്നാൽ; സി.പി.എം നിലപാടുകളും ന്യായീകരണങ്ങളും അതിൽ താൽപര്യമുള്ളവർ മാത്രമേ കേൾക്കൂ, എന്നാൽ ന്യൂസ് ചാനലുകളെ വിശ്വസിക്കുന്നത് മലയാളികൾ മുഴുവനാണ്, അവർ തെറ്റിദ്ധരിപ്പിക്കുന്നത് മുഴുവൻ കേരളത്തെയുമാണ്.

ഏറ്റവും രൂക്ഷമായി സർക്കാർ വിരുദ്ധശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന നാടായിട്ടുപോലും, യുക്രെയ്​ൻ ആക്രമണത്തെപ്പറ്റിയുള്ള പുടിൻ ഭാഷ്യമല്ലാതെ ഒന്നും അറിയാൻ നിവൃത്തിയില്ലാതിരുന്നിട്ടുപോലും റഷ്യയിൽ നിരവധിയാളുകൾ പുടിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സമയത്താണ് ഇവിടുത്തെ ചാനലുകൾ പുടിൻ സ്നേഹികളെക്കൊണ്ടുനിറഞ്ഞത്!

ലോക രാഷ്ട്രീയവും രാഷ്ട്രങ്ങൾ തമ്മിലുള്ള സമവാക്യങ്ങളുമൊക്കെ ഇറാഖ്​യുദ്ധകാലത്തുനിന്ന്​ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. (അന്നും കുവൈറ്റ് എന്ന ചെറുരാജ്യത്തെ വിഴുങ്ങിയ സദ്ദാമിൽ നാം ഒരു കുറ്റവും കണ്ടില്ല. മറിച്ച് തികഞ്ഞ സ്വേച്ഛാ​ധിപധിയും ആയിരക്കണക്കിന് മരണങ്ങൾക്കുത്തരവാദിയുമായ ആ മനുഷ്യന് നമ്മൾ വീരപരിവേഷം കൊടുത്തു.) ഒരു രാഷ്ട്രമോ രാഷ്ട്രത്തലവനോ അമേരിക്കക്ക് എതിരായി നിൽക്കുന്നു എന്നതുകൊണ്ടുമാത്രം അവരുടെ തെറ്റുകൾ എങ്ങനെയെങ്കിലും ന്യായീകരിക്കുക എന്നത് എത്ര പരിതാപകരമാണ്. ചിലിയിലായാലും ഗൾഫിലായാലും അഫ്ഗാനിസ്ഥാനിലായാലും അമേരിക്ക ലോകത്ത് ഒരുപാട് ക്രൂരതകൾ ചെയ്തിട്ടുണ്ട്. പക്ഷേ യുക്രെയ്​ൻ യുദ്ധം അമേരിക്കയുടെ തലയിൽ കെട്ടിവക്കുന്നത് ഒരുമാതിരി കടന്നകൈയാണ്.

ഒരു ന്യൂസ് പ്രസന്റർ സെലെൻസ്‌കിക്കെതിരെ രോഷം കൊള്ളുന്നതു കണ്ടു, സംയമനം പാലിക്കേണ്ടതിനു പകരം സെലെൻസ്‌കി റഷ്യയെ പ്രകോപിപ്പിക്കുകയാണത്രേ. വ്യംഗ്യാർത്ഥം ഇതാണ്, യുക്രെയ്​ൻ ചെറിയ രാജ്യമായതുകൊണ്ട് പൊറുക്കാനും സഹിക്കാനുമൊക്കെ പഠിക്കണം. റഷ്യ എത്ര പ്രകോപിപ്പിച്ചാലും രാജ്യം നശിപ്പിച്ചാലും നാട്ടാരെ കൊന്നാലും യുക്രെയ്​ൻ പ്രകോപിതരാകരുത്, തിരിച്ചടിക്കാൻ നാട്ടുകാരോട് പറയരുത്.
സെലെൻസ്‌കിക്ക് ചെറിയ നാടകീയതയൊക്കെ ഉണ്ടായേക്കാം. പക്ഷേ ഒരാഴ്ചക്കകം യുക്രെയ്​ൻ കീഴടക്കി തിരിച്ചുപോരാമെന്നു കരുതിയ റഷ്യൻ സൈന്യം രണ്ടുമാസത്തിനിപ്പുറവും അവിടെ ഗതിയില്ലാത്തവിധം കുടുങ്ങിക്കിടക്കുന്നതിൽ ആ നാടകീയതക്ക് വലിയ പങ്കുണ്ട്. മൂന്നു നേരം മൃഷ്ടാന്നം കഴിച്ച് ഏമ്പക്കവും വിട്ടിരിക്കുന്ന നമുക്ക് യുദ്ധം ചെയ്ത്​ മരിച്ചു വീഴുന്ന ഒരു ജനതയെയോ എപ്പോൾ വേണമെങ്കിലും മരിക്കാവുന്ന അവരുടെ നേതാവിനെയോ ജഡ്ജ് ചെയ്യാൻ എന്തവകാശമാണുള്ളത്?
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:

മലയാള ചാനലുകളുടെ പുടിൻ വാതം | സന്ധ്യാ മേരി

Comments