നമ്മുടെ മുന്നിലുണ്ട്,
സദാ കിഞ്ചനവർത്തമാനവുമായി
ഒരു ജേണലിസ്റ്റ് / ആങ്കർ

‘‘ആദർശത്തിന്റെ പേരിലെങ്കിലും, അഴിമതികൾ വെളിച്ചത്തുകൊണ്ടുവരിക, ചൂഷണം തുറന്നുകാട്ടുക, അധികാര സ്ഥാനത്തിരിക്കുന്നവരെ ചോദ്യംചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മാധ്യമപ്രവർത്തകർക്ക് തോന്നാതായി. പി.ആർ ജേണലിസത്തിന് ഇപ്പോൾ എന്തൊരു മാന്യതയാണ്’’- ‘മീഡിയ വൺ’ എഡിറ്റർ പ്രമോദ് രാമനുമായി മനില സി. മോഹൻ സംസാരിക്കുന്നു.

മനില സി. മോഹൻ: കേരളത്തിലെ ടെലിവിഷൻ ദൃശ്യമാധ്യമ സംസ്കാരത്തിന്റെ നിലവാരം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. വർഗ്ഗീയത, ലൈംഗികത, അപകടങ്ങൾ, മരണങ്ങൾ, ആത്മഹത്യകൾ എന്നിവയാണ് മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ മുഖ്യ ഉള്ളടക്കം. ക്രൈം വാർത്തകളാണ് ബ്രേക്കിംഗും ബിഗ്ബ്രേക്കിങ്ങും. വഴിയരികുകളിലെ സി.സി. ടി വി ദൃശ്യങ്ങളാണ് ഒരു പ്രധാന കണ്ടൻ്റ്. ഒരുതരം ന്യൂസ് പോൺ. ടെലിവിഷനിലും ടെലിവിഷന്റെ ഓൺലൈൻ പ്രക്ഷേപണങ്ങളിലും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളുമാണ് കാഴ്ചക്കാർ. മനുഷ്യരുടെ സ്വകാര്യതയെ മാനിക്കാതെ, മരണവീടുകളിലെ കരച്ചിലുകളും ശവസംസ്കാരം വരെയുള്ള നിരന്തര ദൃശ്യങ്ങളുമാണ് ദിവസങ്ങൾ നീളുന്ന റിപ്പോർട്ടിംഗ്. ‘വാർത്താ ചാനലുകൾ’ എന്ന പേരിൽ ഷോ ബിസിനസ്സ് നടത്തുന്ന ചില ചാനലുകൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ന്യൂസ് പോൺ സംസ്കാരത്തിനൊപ്പമെത്താൻ കിതയ്ക്കുകയാണ് മറ്റ് മുഖ്യധാരാ വാർത്താചാനലുകൾ. ഈ സാംസ്കാരികാപചയം എന്താണ് കേരളത്തിലെ, മലയാളത്തിലെ ദൃശ്യബോധത്തിൽ ദൃശ്യരാഷ്ട്രീയത്തിൽ ബാക്കിയാക്കുക?

പ്രമോദ് രാമൻ: ചോദ്യത്തിലടങ്ങിയിരിക്കുന്ന സാംസ്കാരിക വിമർശം വളരെ പ്രധാനമാണ്. കേരളം വലിയതോതിൽ മിസ് ചെയ്യുന്നൊരു കാര്യം കൂടിയാണിത്. അതായത് നമ്മുടെ വാർത്താചാനലുകളെക്കുറിച്ചുള്ള സാംസ്കാരിക വിമർശം. ഡോ.ടി.കെ. രാമചന്ദ്രന്റെ പുസ്തകങ്ങളിലൂടെയും മറ്റും നടത്തിയ സാംസ്കാരിക പഠന- വിമർശനങ്ങൾക്ക് കേരളത്തിൽ തുടർച്ചയുണ്ടായില്ല. അതുതന്നെ ഏറെയും വിനോദചാനലുകളിലെ പരിപാടികളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. വാർത്താചാനലുകളെക്കുറിച്ച് അങ്ങനെയൊരു വിമർശം വേണ്ടിവരുമെന്ന് അന്നാരും കരുതിയിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. വാർത്തയുടെ അവതരണം സൃഷ്ടിക്കുന്ന സാംസ്കാരികസ്വാധീനത്തെക്കുറിച്ച് Marxist Critique ആവശ്യമാണ്.

ഒരു കാലഘട്ടത്തിൽ പത്രങ്ങൾ ട്രേഡ് യൂണിയനുകളെക്കുറിച്ചും വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചും ആദിവാസികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെക്കുറിച്ചും സൃഷ്ടിച്ചിരുന്ന മധ്യവർഗ കാഴ്ചപ്പാടിലൂന്നിയ പ്രതിലോമ ബിംബങ്ങൾ ഏറെ വിമർശനങ്ങളിലൂടെയും ചെറുത്തുനില്പുകളിലൂടെയുമാണ് മറികടന്നത്. ഇന്നിപ്പോൾ വെറെയൊരു മാർഗത്തിലൂടെ ആ ശൈലിയുടെ ദൃശ്യമാതൃകകൾ സൃഷ്ടിക്കപ്പെടുകയാണ്. വസ്തുതകൾ ആധാരമാക്കിയുള്ള റിപ്പോർട്ടിങ്ങിനു പകരം നാടകീയമായ പ്രലപനങ്ങളാണ് ന്യൂസ് ടെിലിവിഷനിൽ ഏറെയും. വാർത്ത യുക്തിസഹമായ ഉള്ളടക്കത്തിന്റെയും ഭദ്രമായ രൂപത്തിന്റെയും സവിശേഷമായ കണ്ണിചേർക്കപ്പെടൽ എന്നതിൽ നിന്ന് മാറി വളരെ അസംസ്കൃതമായ വിളിച്ചുപറയലുകളോ ആത്മനിഷ്ഠമായ വീരാഖ്യാനങ്ങളോ ആകുന്നു. അതിലൂടെ ചില ചാനലുകൾക്ക് ബിസിനസ് വിജയങ്ങളുണ്ടെന്ന് കാണുമ്പോൾ മറ്റുളളവരും അതിലൊരു കൈ നോക്കുന്നു. ഒരു വാർത്താവതരണശൈലി എന്നതിനുപകരം അതൊരു വാർത്താസംസ്കാരമായി മാറുന്നു. പ്രേക്ഷകരെ സംബന്ധിച്ച് വാർത്താശീലവും. തൊലിപ്പുറത്തുള്ള രാഷ്ട്രീയവിമർശം കൊണ്ട് ഇത് നേരിടാനാകില്ല. ആഴത്തിലുള്ള സാംസ്കാരിക വിമർശമാണ് ആവശ്യം.

ദേശീയ രാഷ്ട്രീയ സംഭവങ്ങൾ മലയാള ടെലിവിഷനിൽ കഠിനമായ വസ്തുതാപരിശോധനയ്ക്ക് വിധേയമാകാത്തത് എന്തുകൊണ്ടാണ്?

പൊളിറ്റിക്കൽ വാർത്തകൾ, അന്താരാഷ്ട്ര - ദേശീയ സംസ്ഥാന വാർത്തകൾ, ജനകീയ പ്രശ്നങ്ങൾ, ഗ്രൗണ്ട് റിപ്പോർട്ടിംഗ്, എൻ്റർടെയിൻമെൻ്റ് - സ്പോർട്സ് വാർത്തകൾ തുടങ്ങി സമഗ്ര പാക്കേജ് ആയിരുന്നു ആദ്യകാല ടെലിവിഷൻ ബുള്ളറ്റിനുകൾ. കാലത്തിനനുസരിച്ച് ആ പാക്കേജുകളെ ക്രിയാത്മകമായി നവീകരിക്കുന്നതിനുപകരം അത്തരം വാർത്തകളെ ചോർത്തിക്കളയുകയോ വികലമാക്കുകയോ ഒക്കെ ചെയ്യുകയാണ് ടെലിവിഷൻ വാർത്തകൾ. വാർത്തയും വിശകലനങ്ങളും അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് സമഗ്രതയെ ദുർബലമാക്കുകയും നിസ്സാരതകളെ ഭീമവത്കരിക്കുകയും വ്യക്തിപരതയെയും സദാചാര വിഷയങ്ങളെയും ദുരന്തങ്ങളെയും ആഘോഷിക്കുകയും ചെയ്യുന്ന രീതിയ്ക്ക് പ്രാമുഖ്യം കിട്ടുന്നു. ആത്മവിമർശനത്തിനും സ്വയം നവീകരണത്തിനും ടെലിവിഷൻ ചാനലുകൾ അടിയന്തരമായി തയ്യാറാവേണ്ടതില്ലേ?

ആത്മവിമർശം ആർക്കാണ് ആവശ്യം? ദൃശ്യമാധ്യമപ്രവർത്തനത്തെ ബിസിനസ് ലാഭത്തിനുവേണ്ടിയുള്ള സാധ്യതയായി കാണുന്നവർക്ക് എന്തിന് കുറ്റബോധം? അവർക്കെന്ത് സാംസ്കാരിക പ്രതിബദ്ധത? അവർക്കെന്ത് നീതിബോധം? ആർക്കും സങ്കൽപിക്കാൻ പോലുമാകാത്തവിധം മൂലധന മുതൽമുടക്കിലേക്ക് കേരളത്തിലെ ന്യൂസ് ടെലിവിഷൻ എത്തിക്കഴിഞ്ഞു. അസാധാരണമായി പണമിറക്കി ഇൻഡസ്ട്രി പിടിക്കുകയെന്ന ലക്ഷ്യമാണ് ഒരുഭാഗത്ത്. നിത്യേന അതിന്റെ കിടമൽസരം ക്യാമറകൾക്കു മുന്നിൽ അരങ്ങു തകർക്കുന്നു. ചില ചാനലുകളെ /അവതാരകരെ / റിപ്പോർട്ടർമാരെ അവരുടെ വാർത്താവബോധവും വിശകലനപാടവവും കൊണ്ട് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് മനസ്സിലാക്കാം. അവർ ബിസിനസിലുണ്ടാക്കുന്ന നേട്ടം ആ പ്രഫഷനലിസത്തിലേക്ക് തന്നെ തിരികെ നിക്ഷേപിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം. എന്നാൽ അബദ്ധം, മണ്ടത്തരം, രസികത്തം, പൈങ്കിളി വർത്തമാനം, നാടകീയ പ്രകടനം തുടങ്ങിയവ കൊണ്ട് ആഘോഷിക്കപ്പെടുന്നവർ കൈവരിക്കുന്ന നേട്ടങ്ങൾ അതേ സ്വാദിനെത്തന്നെയാണ് പുനരുൽപാദിപ്പിക്കുക. വൻകിട മൂലധന പിന്തുണ കൂടിയാകുമ്പോൾ എത്രത്തോളം താഴേക്ക് പോകാം എന്നതിലാകും മൽസരമെന്ന് സംശയിക്കാനില്ല. കണ്ടതിലും പതിൻമടങ്ങ് വഷളത്തരങ്ങളാണ് കാണാനിരിക്കുന്നത്. ഒരുവിധ ആത്മവിമർശനവും തിരുത്തും പ്രതീക്ഷിക്കുന്നില്ല.

ആർക്കും സങ്കൽപിക്കാൻ പോലുമാകാത്തവിധം മൂലധന മുതൽമുടക്കിലേക്ക് കേരളത്തിലെ ന്യൂസ് ടെലിവിഷൻ എത്തിക്കഴിഞ്ഞു.
ആർക്കും സങ്കൽപിക്കാൻ പോലുമാകാത്തവിധം മൂലധന മുതൽമുടക്കിലേക്ക് കേരളത്തിലെ ന്യൂസ് ടെലിവിഷൻ എത്തിക്കഴിഞ്ഞു.

അന്താരാഷ്ട്ര തലത്തിൽത്തന്നെ ഭരണകൂടങ്ങൾ വലതുപക്ഷവും തീവ്രവലതുപക്ഷവുമായി മാറിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമുണ്ട് വർത്തമാനകാലത്തിന്. വലതുവത്കരിക്കപ്പെട്ട ആ ബോധത്തിലെ കൂട്ടുകച്ചവടക്കാർ എന്ന നിലയിലേക്ക്, മാധ്യമങ്ങളും മാറിയിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ പ്രത്യക്ഷ വലതുവത്കരണവും വടക്കേയിന്ത്യൻ മാതൃകയിലെ സംഘപരിവാർ ചങ്ങാത്തവും എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

വാർത്താബാഹ്യമായ ബിസിനസ് താൽപര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് കിടക്കുന്നത്. മൂലധനത്തിന്റെ സ്വഭാവമനുസരിച്ചാണ് ഇത് നിശ്ചയിക്കപ്പെടുക. തീർച്ചയായും ഏത് വലിയ പണവും മോശം പണമാകും എന്നതൊരു രാഷ്ട്രീയ കാഴ്ചപ്പാടാണല്ലോ. വലിയ പണത്തിന് അധികാരവുമായുള്ള ബന്ധം നിശ്ചയമായും പോസിറ്റീവ് ആകാനേ കഴിയൂ. കാരണം അതിന് അത്രയും സ്റ്റേക്ക് ഉണ്ടാകും. അത് ഉടനടി വാർത്തയിൽ പ്രതിഫലിക്കണമെന്നില്ല. പക്ഷേ സ്ക്രീനിനുപുറത്ത് ആ ബന്ധത്തിന്റെ ചരടുകൾ പ്രവർത്തിക്കാതെ തരമില്ല. പ്രത്യേകിച്ച് വാർത്താമാധ്യമങ്ങൾക്കുമേൽ ഭരണകൂട സമ്മർദം പലനിലയ്ക്കും അധികരിച്ചുകൊണ്ടിരിക്കുന്ന സംഘരിവാർ ഭരണകാലത്ത് ഉറപ്പായും. ദേശീയ രാഷ്ട്രീയ സംഭവങ്ങൾ മലയാള ടെലിവിഷനിൽ കഠിനമായ വസ്തുതാപരിശോധനയ്ക്ക് വിധേയമാകാത്തത് എന്തുകൊണ്ടാണ്? സിയ ഉസ് സലാം എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ 'Being Muslim In Hndu India' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയ മുസ്ലിം വംശഹത്യാ പദ്ധതിയുടെ വിവിധ തലങ്ങൾ മീഡിയവൺ ഒഴികെ ഒരു ചാനലും ചൂണ്ടിക്കാട്ടാത്തത് എന്തുകൊണ്ടാണ്? പ്രത്യക്ഷത്തിൽ ഇവരാരും മുസ്ലിങ്ങൾക്ക് എതിരല്ല. എന്നാൽ മുസ്ലിം വംശഹത്യാ പദ്ധതി എന്നൊക്കെ കേട്ടാൽ, മിണ്ടാതിരിക്കും. ആ നിശ്ശബ്ദത അർണബ് ഗോസ്വാമിയുടെ വിദ്വേഷഘോഷണം പോലെ തന്നെ അപകടകരമാണ്. അല്ലെങ്കിൽ ഉടൻ ന്യൂനപക്ഷ വർഗീയതയാണെന്ന് മുദ്രകുത്തും. വ്യക്തമായ ആർ.എസ്.എസ് അനുഭാവം തുറന്നുപറയുന്ന ഒരു ആങ്കർ കേരളത്തിൽ ‍ സ്ഥാനം നേടിയത് എങ്ങനെയാണ്? ഇടതുപക്ഷ പുരോഗമന വക്താക്കളെന്ന് സ്വയം അടയാളപ്പെടുത്തിയ മാധ്യമപ്രവർത്തകർ ആ ആങ്കറെ ഫാഷിസ്റ്റ് പ്രത്യയാസ്ത്രത്തിന്റെ വക്താവായി കാണുന്നതിൽ വിട്ടുവീഴ്ച ചെയ്തത് എന്തുകൊണ്ടാണ്? മതിരപേക്ഷ പ്രേക്ഷകസമൂഹം അതുമായി രമ്യതയിലെത്തിയത് എപ്പോഴാണ്? ഇതാണ് വലതുപക്ഷവൽക്കരണവും ഫാഷിസ്റ്റ് നോർമലൈസേഷനും ന്യൂസ് ടെലിവിഷനിലൂടെ അരിച്ചെത്തുന്നതിന്റെ കേരള പതിപ്പ്.

സിയ ഉസ് സലാം എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ 'Being Muslim In Hndu India' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയ മുസ്ലിം വംശഹത്യാ പദ്ധതിയുടെ വിവിധ തലങ്ങൾ മീഡിയവൺ ഒഴികെ ഒരു ചാനലും ചൂണ്ടിക്കാട്ടാത്തത് എന്തുകൊണ്ടാണ്?
സിയ ഉസ് സലാം എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ 'Being Muslim In Hndu India' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയ മുസ്ലിം വംശഹത്യാ പദ്ധതിയുടെ വിവിധ തലങ്ങൾ മീഡിയവൺ ഒഴികെ ഒരു ചാനലും ചൂണ്ടിക്കാട്ടാത്തത് എന്തുകൊണ്ടാണ്?

മാധ്യമപ്രവർത്തകർ രാഷ്ട്രീയ പാർട്ടികളുടെ സൈബർ അണികളാൽ നിരന്തരം ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് കുറച്ചുകാലമായി തുടരുന്ന ഒന്നാണ്. എന്നാലതിന്റെ സകല സീമകളും ലംഘിക്കപ്പെടുന്നതാണ് വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ. തൊഴിലിടത്തിലെ പീഡനം എന്ന രീതിയിൽത്തന്നെ കണക്കാക്കാവുന്ന ഒന്ന്. അതിൽ സംഘപരിവാർ സൈബർ ഗുണ്ടകളും ഇടതുപക്ഷ സൈബർ ഗുണ്ടകളും യു.ഡി.എഫ് സൈബർ ഗുണ്ടകളും തമ്മിൽ പ്രയോഗരീതിയിലോ ഭാഷാരീതിയിലോ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അളവിലോ ഒരു വ്യത്യാസവുമില്ല. ടാർജറ്റ് ചെയ്യുക, കൂട്ടമായി ആക്രമിക്കുക എന്നതാണ് രീതി. സർക്കാരും നിയമസംവിധാനങ്ങളും ഇത്തരം ആക്രമണങ്ങളെ തടയാൻ ഒന്നും ചെയ്യുന്നുമില്ല. എവിടെയാണ് മാറ്റം വരേണ്ടത്?

സ്ത്രീവിരുദ്ധത മാധ്യമലോകത്ത് മാത്രമായി ഉള്ളതല്ല. കേരളീയ സമൂഹത്തിന്റെ 'പുറംപ്രകടനങ്ങൾ'ക്കകത്ത് അിശക്തമായി വേരുറച്ച ലിംഗവിവേചന ശീലങ്ങളും ആക്രമണോൽസുകമായ പുരുഷാധികാരവും പ്രവർത്തിക്കുന്നുണ്ട്. അതെല്ലാം ഒരാൾക്കൂട്ട വിചാരണയിലെന്ന പോലെ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന ചില സന്ദർഭങ്ങളാണ് വനിതാമാധ്യമപ്രവർത്തകർക്കു നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾ. രാഷ്ട്രീയ പാർട്ടികളുടെ മുഖമില്ലാത്ത അണികളുടെ ആൾക്കൂട്ട ആക്രമണമാണത്. ഇവിടെ രാഷ്ട്രീയ ഗുണ്ടകൾ പ്രയോജനപ്പെടുത്തുന്ന അവസരമൂല്യം വളരെ ഞെട്ടിക്കുന്നതാണ്. മാധ്യമപ്രവർത്തകർ ശാരീരികമായി ആക്രമിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉത്തരേന്ത്യയിൽ കുറവല്ലെങ്കിലും ഒരു വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് പോലൊന്ന് നമ്മൾ കേരളത്തിൽ അങ്ങനെ കണ്ടിട്ടില്ല. എന്നാൽ ഒരു ശാരീരികാക്രമണത്തിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ള മനഃശാസ്ത്ര ആക്രമണം സൈബർ സ്പേസിലൂടെ അവർക്ക് സാധിക്കുന്നു. അങ്ങേയറ്റം മാനസികബലമുള്ളവർക്കുപോലും ഒരുനിമിഷം മുറിവേൽക്കാനും ബ്ലീഡ് ചെയ്യാനും കാരണമാകുന്ന തരം വിച്ച് ഹണ്ടിങ് ആണ് നടക്കുക. വനിതകളായാൽ ഉറപ്പായും ലൈംഗകാക്ഷേപം അതിൻറെ കാമ്പായി മാറുന്നു. പരോക്ഷമായി രാഷ്ട്രീയനേതൃത്വങ്ങൾ ഇതിന് സമ്മതം കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ട്. എന്നാൽ ഈ ആക്രമണങ്ങൾ നടത്തുന്നവർ പിടിക്കപ്പെടുകയോ നിയമനടപടിക്ക് വിധേയരാവുകയോ ചെയ്യുന്നില്ല. നല്ല സുഖമാണ്. ഫേസ് ബുക്കിൽ അശ്ലീല കമൻറിട്ട് സുഖമായി നടക്കുകയാണിവർ. എല്ലാ സർക്കാരുകളുടെയും നിയമസംവിധാനങ്ങൾ ഈ അവസ്ഥയിൽ നോക്കുകുത്തികൾ മാത്രമാണ്.

ദേശീയതലത്തിലെ ‘ഗോദി മീഡിയ’യെപ്പോലെ കേരളത്തിലും അധികാര രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം കൂടിവരികയാണ്. ചെയ്യുന്നത് പി.ആർ ജേണലിസമാണ് എന്ന് പറയാതെയും പറഞ്ഞും ചെയ്യുന്ന എംബഡഡ് ജേണലിസ്റ്റുകൾ. ജേണലിസം എന്ന തൊഴിലിന്റെ ഒരുതരം ധാർമികതയും പുലർത്താതെ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷവക്താക്കളായി ടെലിവിഷൻ ന്യൂസ് ഡസ്കുകളിൽ ജേണലിസ്റ്റ് / എഡിറ്റർ പേരുകളിൽ ഒച്ചയുണ്ടാക്കലാണ് ഇവർ ചെയ്യുന്ന മാധ്യമപ്രവർത്തനം. സോഷ്യൽ മീഡിയ റീച്ചിനും അതുവഴിയുള്ള മാർക്കറ്റ് / പണം ലഭിക്കുന്നതിനും വേണ്ടി നടത്തുന്ന അർണാബ് ഗോസ്വാമി മോഡൽ മാധ്യമപ്രവർത്തനം. അതിന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വലുതാണ്. സോഷ്യൽ മീഡിയയാൽ പലതരത്തിൽ നിയന്ത്രിക്കപ്പെടുന്ന തരത്തിലേക്ക് മാറുമ്പോൾ അത്തരത്തിലുള്ള ടെലിവിഷൻ ജേണലിസം ജേണലിസത്തിന്റെ മൂല്യബോധത്തെത്തന്നെ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്?

പി.ആർ ജേണലിസത്തിന് ഇപ്പോൾ എന്തൊരു മാന്യതയാണ്! മുതലാളിത്തത്തിനും അതിന്റെ സാംസ്കാരികാശയങ്ങൾക്കും കിട്ടിക്കൊണ്ടിരിക്കുന്ന മാന്യതയുടെ മുഖം നമ്മുടെ രാഷ്ട്രീയ - സാമ്പത്തിക രംഗങ്ങളിൽ വന്ന ബലാബലത്തിന്റേതുകൂടിയാണ്. ആർക്കുവേണ്ടിയും പി.ആർ ചെയ്യാം. ആരും അവരുടെ തൊലിക്കട്ടി ചോദ്യം ചെയ്യില്ല. അവരുടെ ഉളുപ്പില്ലായ്മ ചോദ്യം ചെയ്യില്ല. മാത്രവുമല്ല, വൻകിട കമ്പനികളായാലും സർക്കാരുകളായാലും അവരുടെയെല്ലാം പി.ആർ ചെയ്യുന്നവർക്ക് നല്ല പേരും പെരുമയുമെല്ലാം കിട്ടുന്നുമുണ്ട്. ആദർശത്തിന്റെ പേരിലെങ്കിലും, അഴിമതികൾ വെളിച്ചത്തു കൊണ്ടുവരിക, ചൂഷണം തുറന്നുകാട്ടുക, അധികാര സ്ഥാനത്തിരിക്കുന്നവരെ ചോദ്യംചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മാധ്യമപ്രവർത്തകർക്ക് തോന്നാതായി. മുതലാളിത്തത്തിന്റെയും വലതുപക്ഷവത്കരണത്തിന്റെയും വിഹിതം ഇങ്ങുപോരട്ടെ. തൽക്കാലം എല്ലാവർക്കും അതുമതി. നേരത്തേ ഷോ ബിസ് മോഡൽ ജേണലിസം സൃഷ്ടിക്കുന്ന സാംസ്കാരിക ദുരന്തത്തെക്കുറിച്ച് പറഞ്ഞതുപോലെതന്നെ, എംബെഡഡ് ജേണലിസവും അതിന്റെ ആഘാതം സമൂഹത്തിൽ ഏൽപിക്കുന്നുണ്ട്. സിനിമാ മേഖലയിലെപ്പോലെ താരാരാധന വിഷ്വൽ ജേണലിസത്തിലും വളരുന്നു എന്നതാണ്. അധികാരികളോട് നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന ഒരു ജേണലിസ്റ്റ് അപ്രത്യക്ഷമാവുകയും അധികാരസ്ഥാനങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു ജേണലിസ്റ്റ് / ആങ്കർ സദാ കിഞ്ചനവർത്തമാനവുമായി നമ്മുടെ മുന്നിലുണ്ടാവുകയും ചെയ്യുന്നു. ഇതൊരു വൈരുധ്യമാണെന്നുപോലും തിരിച്ചറിയും മുമ്പ് ആ പ്രക്രിയ പുതിയ തലത്തിലെത്തിക്കഴിയുകയും ചെയ്യുന്നു. ഈ വാർപ്പുമാതൃകയോടു കൂടി സമരം ചെയ്തുവേണം ഒരു യഥാർഥ ജേണലിസ്റ്റിന് നിലനിൽക്കാൻ. അവരുടെ ഭാരം ഇരട്ടിയാണ്. എല്ലാ നക്ഷത്രശോഭകൾക്കും വെളിയിൽ അത്ര രസകരമല്ലാത്ത ഒരു സ്റ്റോറിയുമായി അവർ ഒറ്റപ്പെട്ടുനിൽക്കുകയാണ്.


Summary: Malayalam news channels and reports: Pramod Raman in conversation with Manila C. Mohan.


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments