കേരളത്തിലെ ദൃശ്യ വാര്‍ത്താമാധ്യമങ്ങളുടെ ജീവിതം അവര്‍ക്കുതന്നെ വിരസമാകുന്ന തരത്തിലുള്ള ആവര്‍ത്തനത്തിലേക്കും അന്തഃസ്സാരശൂന്യതയിലേക്കും അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണ്. അതാകട്ടെ ദൃശ്യ വാര്‍ത്താമാധ്യമങ്ങളുടെ മാത്രമായ കുഴപ്പങ്ങളോ തനതായ പ്രശ്‌നങ്ങളോ മാത്രം കൊണ്ടല്ല എന്നത് വസ്തുതയാണെങ്കിലും വീഴ്ചയുടെ പ്രതിസന്ധി മറികടക്കാന്‍ ആ തത്വവിചാരം കൊണ്ടുമാത്രം കഴിയില്ല. നിലവിലുള്ള അവസ്ഥ വഴിമുട്ടി നില്‍ക്കുന്ന വളര്‍ച്ചയുടേതുമാത്രമല്ല, അസ്തിത്വാശങ്കകളുണ്ടാക്കുന്ന പ്രത്യായനത്തിന്റെ കൂടിയാണ്.
21-ാം നൂറ്റാണ്ടിലെ കേരളത്തിലാണ് മുഴുവന്‍ സമയ ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ ഒന്നൊന്നായി വന്നുതുടങ്ങിയത്. ഇന്ത്യാ വിഷനാണ് ആദ്യം അത്തരത്തിലൊരു വാര്‍ത്താചാനല്‍ രൂപത്തില്‍ വരുന്നത്. ദിവസം മുഴുവന്‍ വാര്‍ത്തകള്‍ക്ക് മാത്രമായി മലയാളത്തില്‍ ഒരു ചാനല്‍ നടത്തിക്കൊണ്ടുപോവുക എന്നത് വളരെ കൗതുകമുള്ളൊരു സംഗതിയായിരുന്നു അന്ന്. ഇന്ത്യാ വിഷന്‍ അത്തരത്തിലൊരു പുതുമ കൊണ്ടും കേരള രാഷ്ട്രീയ ഗതിവിഗതികളില്‍ ദൃശ്യ വാര്‍ത്താ ചാനലുകള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ചിലയിടങ്ങള്‍കൂടി കണ്ടെത്തിയും മുന്നോട്ടുപോയി. അതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ലാഭകരമായ നിലനില്‍പ്പ് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ അനുബന്ധമായ മറ്റ് പല കാരണങ്ങളാലും അത് പിന്നീട് പൂട്ടി. ഒട്ടും ആളനക്കമില്ലാതെയുള്ള അതിന്റെ മരണം സമൂഹത്തില്‍ വലിയൊരു വാര്‍ത്ത പോലുമാകാത്ത വിധത്തില്‍, ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ കേരളത്തില്‍ അതിസാധാരണത്വത്തിലേക്ക് നീങ്ങിയിരുന്നു, അക്കാലമാകുമ്പോഴേക്കും.
ഇന്ത്യാ വിഷന്‍ കാലത്തുതന്നെ നിരവധി മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ കേരളത്തില്‍ വന്നു. ഏഷ്യാനെറ്റ് പൂര്‍ണമായും വാര്‍ത്തകള്‍ക്കുവേണ്ടി മാത്രമായൊരു ചാനല്‍ തുടങ്ങി. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളെല്ലാം വാര്‍ത്താ ചാനലുകള്‍ ആരംഭിച്ചു. സി പി ഐ (എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബി ജെ പി എന്നീ രാഷ്ട്രീയകക്ഷികളും യഥാക്രമം കൈരളി, ജയ്ഹിന്ദ്, ജനം എന്നിങ്ങനെ തങ്ങളുടെ വാര്‍ത്താ ചാനലുകള്‍ തുടങ്ങി. വാര്‍ത്താമാധ്യമ രംഗത്ത് മുന്‍പരിചയമൊന്നുമില്ലാത്ത വ്യവസായികളും മറ്റ് വിനോദ ചാനലുകള്‍ക്കൊപ്പം മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ക്കായി പണമിറക്കി. റിലയന്‍സ് പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നിയന്ത്രണമുള്ള വാര്‍ത്താ ചാനലുകളും മലയാളത്തിലുണ്ടായി. അങ്ങനെ ഉടമസ്ഥതയുടെയും മൂലധന താത്പര്യങ്ങളുടേയും രാഷ്ട്രീയചേരികളുടെയുമൊക്കെ കാര്യത്തില്‍ എല്ലാ കള്ളികളിലും വേണ്ടത്ര മാതൃകകളുള്ള ഒരു വൃത്തം മലയാള ദൃശ്യ വാര്‍ത്താ മാധ്യമമേഖല പൂര്‍ത്തിയാക്കിയിരുന്നു. ഏതാണ്ട് കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍ പോകുന്നു, മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍.
രണ്ടു ദശാബ്ദത്തിലെ
കാഴ്ചകൾ
നൂതനമെന്നോ പുത്തന്‍ മേഖലകള്‍ തുറക്കുന്നതെന്നോ കരുതാന്‍ കഴിയാത്തതും തീര്‍ത്തും ആവര്‍ത്തനബദ്ധവുമായ ഒരു യന്ത്രത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത് എന്നാണ് ഈ രണ്ടു ദശാബ്ദത്തിനു ശേഷമുള്ള കാഴ്ച. കേരളം എന്ന ചെറിയ ഭൂപ്രദേശത്ത് മുഴുവന്‍സമയവും വാര്‍ത്തകള്‍ നല്കിക്കൊണ്ടിരിക്കുകയും അതില്‍ ആളുകള്‍ ഉണര്‍ന്നിരിക്കുന്ന ഒരു പതിനാറ് മണിക്കൂറെങ്കിലും എന്തെങ്കിലും തരത്തിലുള്ള പുതിയ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുക എന്നത് അതീവ ദുഷ്‌ക്കരമായൊരു വെല്ലുവിളിയാണ്. അത് മറികടക്കാന്‍ സാധ്യമായൊരു വെല്ലുവിളിയാകണമെന്ന് നമുക്ക് വാശിപിടിക്കാനുമാകില്ല. പക്ഷെ അത് ഈ വാര്‍ത്താ ചാനലുകള്‍ നേരിടാന്‍ പോകുന്ന അനിവാര്യമായ പൊതുജനാവഗണനയിലേക്ക് അവരെ തള്ളിയിടാന്‍ പ്രാപ്തമാണ്.
വാര്‍ത്തകള്‍ അറിയാന്‍ രാവിലെയെത്തുന്ന പത്രങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് എങ്ങനെയാണോ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ആളുകളെ മാറ്റിയെടുത്തത് അതിനേക്കാള്‍ വേഗത്തിലാണ് വാര്‍ത്താ ചാനലുകളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളടക്കമുള്ള മറ്റ് വഴികളിലേക്ക് ആളുകള്‍ തിരിയുന്നത്.
വ്യത്യസ്തമായ വാര്‍ത്തകളുടെ നൈരന്തര്യം ആവശ്യപ്പെടുന്ന വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍, വാസ്തവത്തില്‍ മലയാള ദൃശ്യവാര്‍ത്താമാധ്യമങ്ങളുടെ വെല്ലുവിളിയുടെ ഒരു ഭാഗം മാത്രമാണ്. അവ നേരിടുന്ന അസ്തിത്വ പ്രതിസന്ധി ഉടലെടുക്കുന്നത് അവര്‍ ജീവിക്കുന്ന കാലത്തില്‍ നിന്നുമാണ്. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിലേക്കെത്തുന്ന ടെലിവിഷന്‍ പ്രക്ഷേപണത്തിന്റെ ആഗോളചരിത്രത്തില്‍ പല രൂപത്തിലും സമയദൈര്‍ഘ്യത്തിലുമായി വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. വര്‍ത്തമാനപ്പത്രങ്ങളെയും റേഡിയോയെയും പിന്നിലാക്കി ടെലിവിഷന്‍ വാര്‍ത്തകള്‍ അതിന്റെ സ്ഥലവും സ്ഥാനവും ഉണ്ടാക്കിയെടുക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടില്‍ വികസിതലോകത്ത് ഇതൊക്കെ നടക്കുമ്പോള്‍ ഇന്ത്യയില്‍ ഇത്തരം മാറ്റങ്ങളൊക്കെ വളരെ ദുര്‍ബ്ബലമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന്‍ മാത്രമായിരുന്നു വാര്‍ത്താ പ്രക്ഷേപണത്തിന് കുത്തകാധികാരമുണ്ടായിരുന്ന ദൃശ്യമാധ്യമം. ആഗോളീകരണത്തിലേക്കുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയപരമായ മാറ്റത്തോടെ ഇതില്‍ വലിയ മാറ്റം വരികയും 1990-കളോടെ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ ഒന്നൊന്നായി വരികയും ചെയ്തു.
കേരളത്തില്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളെ ആയുള്ളൂ ഈ മാറ്റത്തിന് രൂപമുണ്ടാകാന്‍ തുടങ്ങിയിട്ട്. അതാണെങ്കില്‍ ഒരു മാധ്യമഘടനയോ രൂപമോ പ്രായപൂര്‍ത്തിയാകാന്‍ വേണ്ട സമയം പോലുമായില്ല. ചരിത്രപരമായി ഏതാണ്ടൊരു ബാലഭാവത്തിലാണ് കേരളത്തിലെ വാര്‍ത്താ ചാനലുകള്‍. പക്ഷെ അവ നേരിടുന്ന വെല്ലുവിളിയാകട്ടെ ലോകത്തെങ്ങുമുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നേരിടുന്ന അതേ വെല്ലുവിളിയാണ്; ആശയവിനിമയ സാങ്കേതിക വിദ്യയുടെയും അതുപയോഗിച്ച് വ്യാപാരവും വ്യവഹാരവും നിര്‍വഹിക്കപ്പെടുന്ന അറിവിന്റെയും വിവരങ്ങളുടെയും പുതിയ വെല്ലുവിളി.
വാര്‍ത്തകള്‍ അറിയാന്‍ രാവിലെയെത്തുന്ന പത്രങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് എങ്ങനെയാണോ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ആളുകളെ മാറ്റിയെടുത്തത് അതിനേക്കാള്‍ വേഗത്തിലാണ് വാര്‍ത്താ ചാനലുകളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളടക്കമുള്ള മറ്റ് വഴികളിലേക്ക് ആളുകള്‍ തിരിയുന്നത്. അതായത് വര്‍ത്തമാനപ്പത്രങ്ങളെ വാര്‍ത്താ ചാനലുകള്‍ മത്സരിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നുവെങ്കില്‍ ആശയവിനിമയ മേഖലയിലെയും അറിവിന്റെ മേഖലയിലേയും പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രാപ്യത ടെലിവിഷന്‍വാര്‍ത്താ ചാനലുകളെ കൂവിത്തോല്‍പ്പിക്കുകയാണ് എന്നുപറയാം.
20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ സജീവമാകാന്‍ തുടങ്ങിയ മലയാള വര്‍ത്തമാനപ്പത്രങ്ങള്‍ മലയാളിയുടെ പൊതുവ്യവഹാരങ്ങളുടെ ഭാഗവും ശീലവുമായി മാറിയിട്ടുണ്ടായിരുന്നു. ചരിത്രപരമായ നിരവധി കാരണങ്ങളാല്‍ കേരളത്തിലുണ്ടായ സാര്‍വ്വത്രിക സാക്ഷരതയുടെയും രാഷ്ട്രീയ സമൂഹത്തിന്റെയും പിന്‍ബലത്തില്‍ അവ മലയാളിയുടെ ആധികാരിക രേഖകളായി ഭാവിക്കുക വരെ ചെയ്തു. മലയാള മനോരമയും ദീപികയും മാതൃഭൂമിയും ദേശാഭിമാനിയും (ആദ്യ രൂപമായ 'പ്രഭാതം') കേരള കൗമുദിയും അടങ്ങുന്ന പത്രങ്ങളെല്ലാം ഒരു നൂറ്റാണ്ടോളമെത്തുന്ന ചരിത്രത്തിന്റെ കൂടി ബലത്തിലാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ കേവലം രണ്ടു ദശാബ്ദത്തിനുള്ളില്‍ത്തന്നെ ലോകമാകെ ടെലിവിഷന്‍ ഒരു വിനോദോപാധി എന്ന നിലയിലും ഒരു വാര്‍ത്താ മാധ്യമം എന്ന നിലയിലും നേരിടുന്ന വെല്ലുവിളികള്‍ക്ക് മുന്നിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. അതിനെ അഭിമുഖീകരിക്കാനുള്ള ശേഷി അവക്കില്ലാതെ പോകുന്നത് സ്വാഭാവികം. ചരിത്രത്തിന്റെ തെറ്റായൊരു കാലത്ത് പെട്ടുപോയവരാണ് മലയാളത്തിലെ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍. ഉള്ളടക്കത്തിലും വൈപുല്യത്തിലും ദരിദ്രമായ സാദ്ധ്യതകള്‍ മാത്രമാണ് അവരെ കാത്തിരിക്കുന്നത്. അതാകട്ടെ നേരത്തെ പറഞ്ഞതുപോലെ, അവരുടെ കയ്യില്‍ നില്‍ക്കുന്നതു അവര്‍ക്ക് നിയന്ത്രിക്കാനാകുന്നതോ അല്ലതാനും.
അധീശവര്‍ഗ്ഗത്തിന്റെ ഒരു സാംസ്‌കാരിക ഉപകരണമായാണ് ടെലിവിഷനും ഉപയോഗിക്കപ്പെടുന്നത്. നിലവിലുള്ള രാഷ്ട്രീയ,സാമൂഹ്യാധികാര ഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരുപാധിയാണത്.
ടെലിവിഷൻ എന്ന
വ്യാജ പ്രതീതീ
മറ്റെല്ലാ മാധ്യമങ്ങളെയും പോലെ ടെലിവിഷനും സമൂഹത്തിലെ വര്‍ഗ, അധികാര വിഭജനത്തിന്റെയും മേല്‍ക്കോയ്മകളുടെയും ശ്രേണീബന്ധങ്ങളുടെയുമൊക്കെ പകര്‍പ്പാണ്. അധീശവര്‍ഗ്ഗത്തിന്റെ ഒരു സാംസ്‌കാരിക ഉപകരണമായാണ് ടെലിവിഷനും ഉപയോഗിക്കപ്പെടുന്നത്. നിലവിലുള്ള രാഷ്ട്രീയ,സാമൂഹ്യാധികാര ഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരുപാധിയാണത്. ദൃശ്യ വാര്‍ത്താമാധ്യമങ്ങളും അതുകൊണ്ട് ഇതേ ഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ പൊതുവെയും ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ കുറേക്കൂടി ഘോഷത്തോടെയും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതീതി തങ്ങള്‍ വസ്തുതകളെ, വാസ്തവികതയെ, യാഥാര്‍ത്ഥ്യത്തെ കാണിക്കുന്നു എന്നും പ്രതിനിധാനം ചെയ്യുന്നു എന്നുമാണ്. എന്നാല്‍ അതൊരു വ്യാജപരിവേഷമാണ്. ടെലിവിഷന്‍ ചാനലുകള്‍ വാസ്തവത്തില്‍ അവര്‍ക്കാവശ്യമുള്ള (അവരുടെ വര്‍ഗ താത്പര്യങ്ങള്‍ക്ക് ആവശ്യമുള്ള) യാഥാര്‍ത്ഥ്യങ്ങളെ ഉത്പാദിപ്പിക്കുകയോ നിര്‍മ്മിക്കുകയോ ആണ് ചെയ്യുന്നത്. വസ്തുനിഷ്ഠതയിലോ അനുഭവജ്ഞാനത്തിലോ അല്ല ആ യാഥാര്‍ഥ്യങ്ങളുള്ളത്, മറിച്ച് അത് ബോധപൂര്‍വ്വമായ ഒരു വ്യവഹാര നിര്‍മ്മിതിയുടെ ഭാഗമാണ്. ഈ വ്യവഹാരമാകട്ടെ ഒരു പ്രത്യയശാസ്ത്ര പ്രയോഗവും ഉത്പ്പന്നവുമാണ്. വിശാലമായൊരു പ്രത്യയശാസ്ത്ര സമുച്ചയത്തിന്റെ ഭാഗമായാണ് മാധ്യമങ്ങളില്‍ ഈ 'വസ്തുത', 'യാഥാര്‍ത്ഥ്യ' നിര്‍മ്മാണം നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര നിലപാടുകളുണ്ടാകും എന്നത് അവ പ്രതിനിധാനം ചെയ്യുന്ന അല്ലെങ്കില്‍ അവ ഭാഗമായ പ്രത്യയശാസ്ത്ര സമുച്ചയത്തിന്റെ ഘടനയ്ക്കുള്ളില്‍നിന്നുകൊണ്ട് മാത്രമാണ്. നമ്മുടെ കാലത്ത് ഈ അധീശ പ്രത്യയശാസ്ത്രം എന്നത് മുതലാളിത്തമാണ്.
ലോകത്തെങ്ങും വാര്‍ത്താ മാധ്യമങ്ങള്‍ ഈ പ്രത്യയശാസ്ത്ര സമുച്ചയത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ഉദാരവാദ ജനാധിപത്യക്രമത്തിന്റെ ഭാഗമായുള്ള സമൂഹത്തിന്റെ വ്യവഹാര മാതൃകകളായി നിലനില്‍ക്കുന്നതിനുവേണ്ട പ്രയോഗരീതികള്‍ അവ സ്ഥല, കാലങ്ങള്‍ക്കനുസൃതമായി ഏറിയും കുറഞ്ഞും കാണിക്കുമ്പോഴും അതെല്ലാം മുതലാളിത്ത രാഷ്ട്രീയ, സാമ്പത്തിക ക്രമത്തിന്റെ വ്യവസ്ഥാതാത്പര്യങ്ങളുടെ ഭാഗമാണ്. കേരളത്തിലും ദൃശ്യ, ദൃശ്യേതര വാര്‍ത്താമാധ്യമങ്ങള്‍ഇതേ ക്രമത്തിന്റെ ഭാഗമായാണ് നിലനില്‍ക്കുന്നത്. അവയുടെ മുതലാളിത്ത വര്‍ഗ്ഗതാത്പര്യങ്ങള്‍ക്കനുസൃതമായ വാര്‍ത്താനിര്‍മ്മാണവും യാഥാര്‍ത്ഥ്യ നിര്‍മ്മാണവും മറ്റെവിടത്തെയുംപോലെ നടക്കുന്നു.
രാഷ്ട്രീയ കേരളത്തിന്റെ
പത്രങ്ങൾ, മാധ്യമങ്ങൾ
കേരളത്തില്‍, കേരളം ഉണ്ടാകുന്നതിനുമുമ്പുള്ള മലയാള ദേശത്തും വര്‍ത്തമാനപത്രങ്ങള്‍ ഇതേ ഘടനയിലുള്ള പ്രത്യയശാസ്ത്ര പങ്കാണ് നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ അതിൽ ഒരു ചരിത്രകാലത്തിന്റെ സ്വാധീനമുണ്ടായിരുന്നു. ഇന്ത്യയിലെമ്പാടും ഉയര്‍ന്നുവന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായ രാഷ്ട്രീയ സംസ്‌കാരം പത്രങ്ങളെയും സ്വാധീനിച്ചു. അതു മാത്രമല്ല, കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ സമരത്തിന്റെ നേരിട്ടുള്ള ഭാഗമായ പത്രങ്ങളും തുടങ്ങി. രാഷ്ട്രീയപ്രവര്‍ത്തനത്തിന് പത്രം തുടങ്ങുക എന്നത് ഒഴിവാക്കാനാകാത്ത പരിപാടിയായി. കേരളത്തിലും ഇത്തരത്തില്‍ പത്രങ്ങളുണ്ടായി.
കേരളത്തിലെ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ ദുര്‍ബ്ബലവും ജീര്‍ണ്ണവുമായ ഈ രാഷ്ട്രീയ,സാംസ്‌കാരിക മണ്ഡലത്തിലാണ് തുടങ്ങുന്നതുപോലും. വര്‍ത്തമാനപ്പത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിച്ച ചരിത്രപരമായ രാഷ്ട്രീയ, സാമൂഹ്യോര്‍ജ്ജം ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിദൂരമായിപ്പോലും ലഭ്യമല്ല.
ഇത്തരത്തില്‍ പത്രങ്ങള്‍ തുടങ്ങിയത് ഒരു ആധുനിക ജനാധിപത്യ പൊതുമണ്ഡലം കേരളത്തില്‍ രൂപപ്പെടുന്നതിന്റെ ഭാഗമായിരുന്നു. അത്തരത്തിലൊരു ജനാധിപത്യ പൊതുമണ്ഡലത്തിനാവശ്യമായ സമരങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടായിരുന്നു. അത് നേരിട്ടുള്ള രാഷ്ട്രീയ സമരങ്ങളും അല്ലാതെയുള്ള സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളുമായി പലതലങ്ങളില്‍ അലയടിച്ചുകൊണ്ടിരുന്നു. കൊളോണിയല്‍ വിരുദ്ധ സമരത്തിനൊപ്പംതന്നെ കൊളോണിയല്‍ ആധുനികതയുടെ അനുബന്ധ ഘടകങ്ങളായ വാണിജ്യാടിസ്ഥാനത്തിലുള്ള വര്‍ത്തമാനപ്പത്രങ്ങളടക്കമുള്ളവയിലേക്ക് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പിന്നീട് കേരളമായ മലയാളദേശം നടന്നടുത്തു. ആ പൊതുമണ്ഡലത്തില്‍ വര്‍ത്തമാനപ്പത്രങ്ങള്‍ മാത്രമല്ല ഉണ്ടായത്. കഥകള്‍, നോവലുകള്‍, കവിതകള്‍, ചലച്ചിത്രങ്ങള്‍ എന്നിങ്ങനെ ആ പുത്തന്‍ ഭാവുകത്വ പരിണാമത്തെ അടയാളപ്പെടുത്തുന്ന നിരവധിയായ ഉത്പ്പന്നങ്ങള്‍ ഉണ്ടായി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഭാഗമായി ഭൂവുടമബന്ധങ്ങളില്‍ വന്ന നിര്‍ണായക മാറ്റം ഭൂ ഉടമസ്ഥതയിലും വിതരണത്തിലും ജനാധിപത്യപരമായ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചു. കൊളോണിയല്‍ ആധുനികതയുടെയും കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെയും ഭാഗമായി ഉയര്‍ന്നുവന്ന പൊതുമണ്ഡലത്തിലെ വര്‍ത്തമാനപ്പത്രങ്ങളടക്കമുള്ളവയ്ക്കുള്ള വായനക്കാരെ സൃഷ്ടിക്കാനുതകുന്ന ഒരു രാഷ്ട്രീയസമൂഹം അപ്പുറത്തുണ്ടാവുകയായിരുന്നു. അത്തരത്തിലൊരു രാഷ്ട്രീയകേരളത്തിന്റെ ഒപ്പമാണ് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ വളര്‍ന്നുവന്നത്.
എന്നാല്‍ ഈ രാഷ്ട്രീയസമൂഹം അതിന്റ പരിമിതികളുടെ അരികിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പുത്തന്‍ ഭാവുകത്വത്തിനെ ഉത്പാദിപ്പിക്കാനോ ഉണ്ടാക്കാനോ കഴിയാത്തവണ്ണമുള്ള ചരിത്രപരമായ ജീര്‍ണ്ണത അവ നേരിടുന്നുണ്ട്. കേരളീയ സമൂഹം എന്തെങ്കിലും തരത്തിലുള്ള വലിയ മാറ്റങ്ങളിലൂടെ കടന്നുപോകാതായിട്ട് ഏറെ നാളുകളായി. പതിറ്റാണ്ടുകള്‍ മുമ്പുള്ള തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ട പരിമിതവിഭവങ്ങളുള്ള ഒരു സാംസ്‌കാരിക മണ്ഡലം ഒരു ആധുനിക ജനസമൂഹത്തിന്റെ ഭാവനകളെ രൂപപ്പടുത്താനോ പ്രതിനിധാനം ചെയ്യാനോ കഴിയാത്തവണ്ണം ദുര്‍ബ്ബലവുമാണ്. സ്വാഭാവികമായും കേരളത്തിലെ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ ദുര്‍ബ്ബലവും ജീര്‍ണ്ണവുമായ ഈ രാഷ്ട്രീയ,സാംസ്‌കാരിക മണ്ഡലത്തിലാണ് തുടങ്ങുന്നതുപോലും. വര്‍ത്തമാനപ്പത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിച്ച ചരിത്രപരമായ രാഷ്ട്രീയ, സാമൂഹ്യോര്‍ജ്ജം ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിദൂരമായിപ്പോലും ലഭ്യമല്ല. അതുകൊണ്ടുതന്നെ വെറും ഉത്പ്പന്നങ്ങള്‍ മാത്രമായി അവര്‍ക്ക് തങ്ങളെ സമൂഹത്തില്‍ ഇറക്കേണ്ടിവരുന്നു. മറ്റ് പിന്‍ബലങ്ങളൊന്നുമില്ലാതെ ഉത്പ്പന്നത്തിന്റെ ഗുണനിലവാരം കൊണ്ടുമാത്രം നിലനിന്നുപോകാവുന്നൊരു മേഖലയല്ല വാര്‍ത്താമാധ്യമരംഗം. അത് സമൂഹത്തിന്റെ ചരിത്ര, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ ഭാവനയുടെ ഇളവുകളോ ആഘോഷങ്ങളോ അനുവദിക്കപ്പെടുന്നില്ല. മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ അതുകൊണ്ടുതന്നെ പൊതുമണ്ഡലത്തില്‍ ഒരു ചരിത്രപരമായ രാഷ്ട്രീയാവശ്യമെന്ന നിലയില്‍ രൂപപ്പെടുന്നില്ല. അവ തങ്ങളുടെ വിപണിമൂല്യത്തെ എത്രയൊക്കെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചാലും കാലത്തിന്റെ നിസംഗതയുടെ കൂറ്റന്‍ മലകളില്‍ത്തട്ടി അവയ്ക്ക് മടങ്ങേണ്ടിവരികയാണ്.
കുപ്രസിദ്ധമായ വിമോചന സമരത്തില്‍ യാതൊരു മറയുമില്ലാതെ പത്രങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം നിര്‍വ്വഹിച്ചു. അതെല്ലാം പ്രതികൂലമായ വാര്‍ത്തകള്‍ നല്‍കുക എന്ന മട്ടിലായിരുന്നില്ല. വിമോചനസമരത്തിന്റെ രാഷ്ട്രീയത്തെത്തന്നെ തങ്ങളുടേതാക്കി അവതരിപ്പിച്ചുകൊണ്ടായിരുന്നു.
മാധ്യമങ്ങൾ, ഉൽപ്പന്നം
എന്ന നിലയിൽ
ഇനി ഒരു ഉൽപ്പന്നം എന്ന നിലയില്‍ അവര്‍ക്ക് തങ്ങളെ എത്രമാത്രം മികവില്‍ പ്രതിഷ്ഠിക്കാനായി എന്നുനോക്കിയാല്‍ അതും മേല്‍പ്പറഞ്ഞ പ്രശ്‌നത്തിന്റെ അനുബന്ധമായി മാറുന്നുണ്ട്. കേരളത്തിലെ വര്‍ത്തമാനപ്പത്രങ്ങളെല്ലാം അതിന്റെ ഉള്ളടക്കത്തെ നിർണയിച്ചിരുന്നത് അതാത് കാലത്തെ രാഷ്ട്രീയ, സാമൂഹ്യജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു. കേവലമായ മാധ്യമപ്രവര്‍ത്തനം എന്നത് നമ്മളിന്നറിയുന്ന വന്‍കിട പത്രങ്ങള്‍ക്കൊന്നും ഉണ്ടായിരുന്നില്ല. അതൊട്ടും ഒളിച്ചുവെക്കപ്പെട്ടതും മറച്ചുപിടിച്ചതും ആയിരുന്നില്ല. നസ്രാണി ദീപികയും മലയാള മനോരമയും കടുത്ത കമ്മ്യൂണിസ്റ്റ് / ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധത തങ്ങളുടെ പത്രധര്‍മ്മമായിത്തന്നെ കൊണ്ടുനടന്നു. മാതൃഭൂമി സ്വാതന്ത്ര്യ സമരത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അരികില്‍ ചേര്‍ന്നുനില്‍ക്കുകയും പിന്നീട് കോണ്‍ഗ്രസ് അനുകൂലവും ഇടതുപക്ഷ വിരുദ്ധവുമായ രാഷ്ട്രീയ നിലപാടുകള്‍ തുടരുകയും ചെയ്തു. കേരളം രൂപം കൊണ്ടശേഷം ആദ്യമായി അധികാരത്തിലെത്തിയ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിസഭയെ പിരിച്ചുവിടുനതിലേക്ക് നയിച്ച കുപ്രസിദ്ധമായ വിമോചന സമരത്തില്‍ യാതൊരു മറയുമില്ലാതെ ഈ പത്രങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം നിര്‍വ്വഹിച്ചു. അതെല്ലാം പ്രതികൂലമായ വാര്‍ത്തകള്‍ നല്‍കുക എന്ന മട്ടിലായിരുന്നില്ല. വിമോചനസമരത്തിന്റെ രാഷ്ട്രീയത്തെത്തന്നെ തങ്ങളുടേതാക്കി അവതരിപ്പിച്ചുകൊണ്ടായിരുന്നു.
പ്രത്യക്ഷത്തില്‍ത്തന്നെ രാഷ്ട്രീയമണ്ഡലത്തില്‍ ഇടപെടുന്ന ഈ രീതി സ്വാതന്ത്ര്യസമരത്തിന്റെ കാലം തൊട്ടേ രാജ്യത്തെങ്ങും വര്‍ത്തമാനപ്പത്രങ്ങള്‍ മിക്കവയും സ്വീകരിച്ചിരുന്നതുകൊണ്ട് അതത്ര അസാധാരണമായി കണക്കാക്കപ്പെട്ടതുപോലുമില്ല. ആഗോളതലത്തില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രചാരണശൃംഖലയില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുമുണ്ടായിരുന്നു. അതുകൊണ്ട് കേരളത്തിലെ ഒരു പത്രമെന്നാല്‍ വെറും പത്രം മാത്രമായിരുന്നില്ല, ഒരു ആഗോള രാഷ്ട്രീയ ഉപകരണം കൂടിയായിരുന്നു. അത് വലതുപക്ഷത്തായാലും ഇടതുപക്ഷത്തായാലും.
ദേശാഭിമാനി വാങ്ങുന്ന പോലെ സി പി ഐ-എം കാര്‍ കൈരളി ടി വി കാണാത്തത്, അവരെയതിനു പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയസാഹചര്യവും ഈ സമൂഹത്തിലില്ല എന്നതുകൊണ്ടാണ്.
ക്രമേണ ഈ രാഷ്ട്രീയാവസ്ഥ ലഘൂകരിക്കപ്പെട്ടു. മുന്നണി രാഷ്ട്രീയം രൂപപ്പെട്ടു. വിമോചന സമരക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ‘ചാത്തന്‍ പൂട്ടാന്‍ പോകട്ടെ, ചാക്കോ നാട് ഭരിക്കട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ച മധ്യതിരുവിതാംകൂട്ടിലെ ക്രിസ്ത്യന്‍ ഭൂവുടമകളുടെയും ധനികരുടെയും പാര്‍ട്ടികളും മുസ്ലിം ലീഗുമടക്കമുള്ള കക്ഷികളും പലപ്പോഴായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം മുന്നണി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ നിന്നുതന്നെ ഒരു പ്രബലവിഭാഗം കുറച്ചുകാലം ഇടതുമുന്നണിക്കൊപ്പം നിന്നു. സി പി ഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കേരളം ഭരിച്ചു. അങ്ങനെയൊക്കെ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലെ പ്രത്യക്ഷമായ വൈരുധ്യങ്ങള്‍ പുറംമോടിയായി മാത്രം നിലനിര്‍ത്തപ്പെട്ടു.
സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും ആഗോള തകര്‍ച്ചകൂടിയായതോടെ കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ ചേരിയുടെ പ്രസക്തി ഇല്ലാതായിത്തുടങ്ങി. ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് കക്ഷികളും അവയുടെ മുന്നേറ്റവും മുതലാളിത്ത വ്യവസ്ഥയ്ക്ക് പെട്ടെന്ന് ഒരു ഭീഷണിയുണ്ടാക്കാന്‍ പ്രാപ്തിയില്ലാത്തവയായി മാറി. കേരളത്തിലേതുപോലുള്ള ഇടങ്ങളില്‍ കമ്മ്യൂണിസ്റ്റ് കക്ഷികളായി തുടങ്ങിയവ, നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ഉള്ളിലുള്ള മറ്റൊരു കക്ഷി എന്ന നിലയിലേക്ക് ജ്ഞാനസ്‌നാനപ്പെടുകയും ചെയ്തു. അതോടെ പൊതുമണ്ഡലത്തില്‍ വലിയൊരു വൈരുധ്യത്തിന് ഒരു ഗൃഹാതുരത്വത്തിനപ്പുറത്തുള്ള നിലനില്പില്ലാതായി.
കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഇടത്, വലതു മുന്നണി രാഷ്ട്രീയ പക്ഷംപിടിക്കലിന്റെ തര്‍ക്കങ്ങളല്ലാതെ, മറ്റു തരത്തില്‍ ആര്‍ക്കും ആരെയും ഇണക്കുകയോ പിണക്കുകയോ ചെയ്യേണ്ടാത്ത വിധത്തില്‍ കേരളത്തില്‍ വര്‍ഗ്ഗരാഷ്ട്രീയ സമരത്തിന്റെ ശാക്തിക ബലാബലത്തില്‍, ധനിക വര്‍ഗമെന്ന് വിശാലാടിസ്ഥാനത്തില്‍ പറയാവുന്ന വിഭാഗത്തിന്റെ താത്പര്യങ്ങള്‍ മേല്‍ക്കൈ നേടി. എല്ലാ മാധ്യമങ്ങളും അവര്‍ക്കുവേണ്ടി സംസാരിക്കുന്നു. എല്ലാ രാഷ്ട്രീയകക്ഷികളും അവരുടെ താത്പര്യങ്ങള്‍ ഏറിയും കുറഞ്ഞും സംരക്ഷിക്കുന്നു. അവിടെ പ്രത്യേകിച്ചൊരു പ്രതിബദ്ധതയോ പിന്തുണയോ മാധ്യമങ്ങളില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് നല്‍കേണ്ട തരത്തിലുള്ള ആവശ്യം അധീശവര്‍ഗത്തിനില്ല എന്നതുകൊണ്ട്, ഈയൊരു ചരിത്രകാലത്ത് പ്രവേശിച്ച ദൃശ്യ വാര്‍ത്താമാധ്യമങ്ങള്‍ക്ക് തങ്ങളുടെ വാര്‍ത്തകളെ കേവലം ചരക്കുകളാക്കി വില്‍ക്കാന്‍ വെക്കാവുന്ന ഒരു വിപണിയെ അന്വേഷിക്കുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. ചരിത്രത്തിന്റെ കനത്ത സന്ദർഭങ്ങളും രംഗങ്ങളും തത്ക്കാലത്തേക്കെങ്കിലും അവര്‍ക്കു മുമ്പേ കഴിഞ്ഞുപോയിരിക്കുന്നു. ദേശാഭിമാനി വാങ്ങുന്ന പോലെ സി പി ഐ-എം കാര്‍ കൈരളി ടി വി കാണാത്തത്, അവരെയതിനു പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയസാഹചര്യവും ഈ സമൂഹത്തിലില്ല എന്നതുകൊണ്ടാണ്. ദേശാഭിമാനിയുടെ ഒപ്പമുള്ള ചരിത്രസമരങ്ങളുടെ ദാര്‍ഢ്യം കൈരളിക്കും അതിനെ ഉണ്ടാക്കിയ പാര്‍ട്ടിക്കുമില്ല എന്നതുകൊണ്ടാണത്.
രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്കൊപ്പം വാര്‍ത്താ അവതാരകനും പ്രംസംഗിക്കുന്ന ഒരു പരിപാടിയെയാണ് മിക്കപ്പോഴും നമ്മള്‍ മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ സംവാദം അല്ലെങ്കില്‍ ചര്‍ച്ച എന്ന് വിളിക്കുന്നത്.
സ്വാഭാവികമായും ഒരു ഉല്‍പ്പന്നം എന്ന നിലയിലുള്ള ഗുണം എത്രത്തോളമാണ് മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഉറപ്പുവരുത്താനാവുന്നത് എന്ന ചോദ്യം ഇവിടെ ഉയരേണ്ടതും അവര്‍ അഭിമുഖീകരിക്കേണ്ടതുമാണ്. അക്കാര്യത്തില്‍ അവര്‍ രണ്ടു രീതിയിലുള്ള കടുത്ത പ്രതിസന്ധികള്‍ നേരിടുന്നു.
ഒന്ന്, വാര്‍ത്തകളുടെയും വാര്‍ത്ത പരിപാടികളുടെയും ഉള്ളടക്കം.
രണ്ട്, മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ വൈദഗ്ധ്യം. ഉള്ളടക്കത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നം, നിലവിലുള്ള രാഷ്ട്രീയ- സാമൂഹ്യവ്യവസ്ഥയുമായി കാര്യമായ ഭിന്നാഭിപ്രായങ്ങളൊന്നുമില്ലാതിരിക്കുമ്പോള്‍ അതിനോട് ചേര്‍ന്നുനില്‍ക്കുന്ന വാര്‍ത്തകള്‍ മാത്രമേ നല്‍കാനാവൂ എന്നതാണ്. അത്തരം വാര്‍ത്തകളാകട്ടെ വളരെ സാധാരണ സ്വഭാവമുള്ളതായിരിക്കും. അത്തരം വാര്‍ത്തകളുടെ കാണികളാവാന്‍ താത്പര്യമുള്ളൊരു വിഭാഗത്തിനെ സൃഷ്ടിച്ചെടുക്കാന്‍ കഴിയില്ല. അത്തരം വാര്‍ത്തകള്‍ഒരു പതിവിനപ്പുറമുള്ള കൗതുകവും കാണിയില്‍ ഉണ്ടാക്കില്ല. ഇതോടെ സംഭവിക്കുന്നത് അത്തരം വാര്‍ത്തകളെ വില്‍ക്കാന്‍ ഏതുതരത്തിലുമുള്ള വില്‍പ്പന തന്ത്രങ്ങള്‍ സ്വീകരിക്കുക എന്നതാണ്. അത് വാര്‍ത്തയെ വിവാദമാക്കുന്നത് മുതല്‍ വാര്‍ത്താരതി സൃഷ്ടിക്കുന്നത് വരെയാകാം. കേരളത്തിലെ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ മിക്കപ്പോഴും മലയാള വര്‍ത്തമാനപ്പത്രങ്ങളുടെ പുനരവതാരങ്ങള്‍ മാത്രമാവുകയും ചെയ്യുന്നു. സംഭവങ്ങളുടെ, വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ നല്‍കുക മാത്രമാണ് ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാനുള്ളത് എന്നുവന്നാല്‍ അതിന്റെ സാദ്ധ്യതകള്‍ അടച്ചു എന്നാണര്‍ത്ഥം.
മലയാള വാര്‍ത്താ ചാനലുകളിലെ പ്രധാന പരിപാടിയായ സംവാദങ്ങള്‍ ഈ അന്തഃസ്സാരശൂന്യതയുടെ പ്രതിസന്ധി വെളിവാക്കുന്നുണ്ട്. രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്കൊപ്പം വാര്‍ത്താ അവതാരകനും പ്രംസംഗിക്കുന്ന ഒരു പരിപാടിയെയാണ് മിക്കപ്പോഴും നമ്മള്‍ മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ സംവാദം അല്ലെങ്കില്‍ ചര്‍ച്ച എന്ന് വിളിക്കുന്നത്. ആത്മരതിയുടെ ആഘോഷങ്ങളാണ് പലപ്പോഴും കാണാനാവുക. പൊതുമണ്ഡലത്തിലെ സംവാദഭൂമികയെ എന്തെങ്കിലും തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മാത്രവുമല്ല ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് മുമ്പേ നിലനിന്നിരുന്ന ഒരു തര്‍ക്കപ്രദേശത്ത് അവര്‍കൂടി എത്തി ബഹളം കൂട്ടുന്നു എന്നല്ലാതെ ഗുണപരമായ ഒരു മാറ്റവും അവര്‍ കൊണ്ടുവന്നില്ല. ഇതുകൊണ്ട് നഷ്ടമുണ്ടായത് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മാത്രമാണ്. പ്രത്യേകിച്ചൊരു വിശ്വാസ്യതയുമില്ലാത്തവണ്ണം രാഷ്ട്രീയകക്ഷികള്‍ അവരെ മുക്കിക്കളഞ്ഞു. സന്ധ്യക്ക് മൂന്നു രാഷ്ട്രീയകക്ഷികളുടെ വക്താക്കളില്ലെങ്കില്‍ കാര്യങ്ങള്‍ പരുങ്ങലിലാകുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ അമ്പരപ്പിക്കുന്ന വേഗത്തിലാണ് തങ്ങളെക്കൊണ്ടു ചാടിച്ചത്.
മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ വൈദഗ്ധ്യം ഇത്തരമൊരു അവസ്ഥയില്‍ മികവിലേക്ക് കുതിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കേരളത്തിലെ ദൃശ്യ വാര്‍ത്താ മാധ്യമരംഗത്തെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയെടുത്തത് ഇവിടുത്തെ പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ മുന്നില്‍ നിന്നാണ്. പത്രങ്ങളില്‍ നിന്നും ദൃശ്യ മാധ്യമങ്ങളിലേക്ക് അനായാസം കൂടുവിട്ട് കൂടുമാറാവുന്നതാണ് എന്ന വഴി അവിടെ രൂപപ്പെട്ടു. അന്നുവരെ പത്രങ്ങളില്‍ പണിയെടുത്തിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യ മാധ്യമരംഗത്തെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായി. ഒരു പക്ഷെ സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനിലായിരുന്നു ദൃശ്യ മാധ്യമ പ്രവര്‍ത്തനം മാത്രമായി പ്രാഥമികമായി തുടങ്ങിയ ആളുകളുണ്ടായിരുന്നത്. മറ്റ് സ്വകാര്യ വാര്‍ത്താ ചാനലുകളിലെല്ലാം ദിനപത്രങ്ങളുടെ ലേ ഔട്ടിനെ ചലിക്കുന്ന ദൃശ്യങ്ങളാക്കിയാല്‍ ദൃശ്യ വാര്‍ത്താ മാധ്യമമായി എന്ന ധാരണയുടെ പുറത്തുള്ളവരായിരുന്നു അധികവും. അതിന്റെ സ്വാധീനമാണ് ഇന്നും തുടരുന്നത്.
പാര്‍ശ്വവത്കൃതരായ മനുഷ്യര്‍ മറ്റിടങ്ങളിലെന്നപോലെ കേരളത്തിലും ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങളുടെ വാര്‍ത്താ അവതരണ മുറികള്‍ക്ക് പുറത്താണ്. ആദിവാസികള്‍, ദലിതര്‍, മറ്റ് പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവരെയൊക്കെ വാര്‍ത്താമുറികളില്‍ കാണാത്തതെന്ത് എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ മാത്രമായി ഉത്തരം നല്‍കണമെന്ന് ശഠിക്കാനാവില്ല. അവരെ മറ്റെവിടെയും കാണാനില്ലാതാക്കുന്നതുപോലെ മാധ്യമങ്ങളിലും തിരസ്‌കൃതരാക്കുന്നു എന്നാണ് കാണേണ്ടത്. ഇത്തരത്തിലെല്ലാം പ്രത്യേകിച്ചൊരു നവമൂല്യബോധമോ പുതുമയോ സമൂഹത്തിനു മുന്നില്‍ വെക്കാത്ത, നടപ്പുജീര്‍ണ്ണതകളെ ദുര്‍ബ്ബലമായ തൊഴില്‍ വൈദഗ്ധ്യത്തോടെ അവതരിപ്പിക്കുക കൂടി ചെയ്യുന്നതോടെ ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയാണ് ചെയ്യുന്നത്.
പത്തു കൊല്ലത്തിനപ്പുറം കേരളത്തിലെ പുതിയ തലമുറയില്‍പ്പെട്ട ഒരാള്‍ ഇന്നത്തെപ്പോലുള്ള ഒരു ടെലിവിഷന്‍ വാര്‍ത്താ സംവാദം കാണാനിരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.
ടെലിവിഷനുമുന്നിലെ
ഭാവി തലമുറ
മലയാളം ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ലോകമല്ല കേരളത്തിലെ പുതിയ മനുഷ്യര്‍ ഒരു ദശാബ്ദത്തിനപ്പുറം കാണുന്നത്. പത്തു കൊല്ലത്തിനപ്പുറം കേരളത്തിലെ പുതിയ തലമുറയില്‍പ്പെട്ട ഒരാള്‍ ഇന്നത്തെപ്പോലുള്ള ഒരു ടെലിവിഷന്‍ വാര്‍ത്താ സംവാദം കാണാനിരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. പത്രവായന ഒരു ശീലത്തിന്റെ പുറത്താണ് ഇപ്പോള്‍ വലിയൊരു വിഭാഗം ആളുകള്‍ നടത്തുന്നത്. വാര്‍ത്താ വായനയില്‍ പ്രതിബദ്ധത ആവശ്യമില്ലാതായിരിക്കുന്നു. നിങ്ങളല്ലെങ്കില്‍ മറ്റൊരാളായി എണ്ണാനാവാത്തത്ര വിവരസ്രോതസുകള്‍ കൈയില്‍ക്കൊണ്ടുനടക്കാന്‍ കഴിയുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് അവരുടേതായ സംവാദ, വിശകലന മണ്ഡലങ്ങളുണ്ടാക്കാന്‍ കഴിയുന്നു. പരസ്പരം ചീത്തവിളിക്കുന്ന രണ്ടോ മൂന്നോ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അവര്‍ക്കിടയില്‍ മലയാള ചലച്ചിത്രനായകരുടെ ഭൂതാവിഷ്ടരായ വാര്‍ത്താവതാരകരുടെ പ്രസംഗവും കേള്‍ക്കാന്‍ എങ്ങനെയാണ്, ഒരു ദശാബ്ദത്തിനപ്പുറം പോയാല്‍, വാര്‍ത്തകളും അറിവുകളും ജ്ഞാനവിനിമയവും ഓരോ ദിവസവും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തുന്ന ഒരു ലോകത്തിലേക്ക് തത്സമയം കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒരു തലമുറ ഇരുന്നുതരിക എന്നാലോചിച്ചാൽ തന്നെ, തങ്ങളെത്തിപ്പെടാന്‍ പോകുന്ന തിരസ്‌കൃത ലോകത്തിന്റെ കാഴ്ച ദൃശ്യ വാര്‍ത്താ മാധ്യമപ്രവര്‍ത്തകരെ ഞെട്ടിക്കേണ്ടതാണ്.
അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള ഹിംസാത്മകമായ അതിദേശീയതയുടെ രാഷ്ട്രീയ ജിഹ്വയുടെ ആക്രോശങ്ങളെയാണ് മലയാളി വാര്‍ത്താ അവതാരകരും മാതൃകയായി കണ്ടത്. പരമാവധി ബഹളമുണ്ടാക്കുകയും ഹിംസാത്മകമായ പൗരുഷപ്രകടനത്തില്‍ വിജയിക്കുകയും ചെയ്യുക എന്നതാണ് ഓരോ രാത്രിയിലും ചര്‍ച്ചാവതാരകരുടെ ലക്ഷ്യം എന്നായി. ഈ ഹിംസാത്മകത ഒരു ആകസ്മികതയല്ല. അത് ഹിന്ദുത്വ രാഷ്ട്രീയം ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന ഒരു സാമൂഹ്യ വികാരമാണ്. പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കുന്ന അര്‍ണബ് ഗോസ്വാമി അത് കണ്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം ആളുകള്‍ക്കും ഒരു കൂട്ടരതിയുടെ നിര്‍വൃതി നല്‍കുമ്പോഴാണ് നരേന്ദ്ര മോദിയുടെ ഹിന്ദു സാമ്രാട്ട് പദവി കൂടുതല്‍ ഉറയ്ക്കുന്നത്. എന്തായാലും ഇന്നിപ്പോള്‍ ഒരു നാടകത്തില്‍ അഞ്ചരക്കട്ടയില്‍ പാട്ടുപാടി ഒരു ഭാഗവതര്‍ വന്നും പോയുമിരുന്നാല്‍ എങ്ങനെയാണ് നമുക്ക് തോന്നുക? തീര്‍ച്ചയായും ഇപ്പോഴുള്ള ദൃശ്യമാധ്യമ ചര്‍ച്ചകള്‍ മിക്കതും ഏറെയകലെയല്ലാത്ത ഒരു കാലത്ത് സമൂഹം അങ്ങനെയായിരിക്കും കാണുക എന്നതില്‍ സംശയമില്ല.
ഭീമമായ മുതല്‍മുടക്കാവശ്യമുള്ള വാര്‍ത്താ ചാനലുകളുടെ വരവോടെ രാഷ്ട്രീയ- സാമൂഹ്യ സംവാദങ്ങള്‍ വീണ്ടും ഏകപക്ഷീയമായി. ജനം കാഴ്ചക്കാര്‍ മാത്രമായി. അച്ചടിയുടെ സാര്‍വത്രികത നല്‍കിയ ആത്മവിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി.
നവ സാമൂഹ്യമാധ്യമങ്ങള്‍ക്കൂടി വന്നതോടെ അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ഏറി. നവ സാമൂഹ്യമാധ്യമങ്ങളാകട്ടെ ഇതുവരെയില്ലാത്തവിധത്തിലുള്ള ഒരു സാമൂഹ്യ ഇടപെടലിന്റെ പുതിയ ഇടത്തെയാണ് ലോകത്താകെ സൃഷ്ടിച്ചത്. ഏതു തരം ആശയവിനിമയ സാങ്കേതിക വിദ്യയും ഇത്തരത്തിലുള്ള ഒരു സാധ്യത അതിന്റെ വ്യാപനഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ തുറക്കുന്നുണ്ട്. വാസ്തവത്തില്‍ സാങ്കേതികവിദ്യയെ കുത്തകവല്‍കരിക്കുകയും ലാഭമുണ്ടാക്കാനും വ്യവസ്ഥാപിതമായ ആശയങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ഒരു വഴിയായി ഉപയോഗിക്കുകയും ചെയ്യുമ്പോഴും ആശയവിനിമയ സാങ്കേതികവിദ്യയുടെ മേഖലയില്‍ ഇതേ ലാഭേച്ഛ തന്നെ അതിനെ കൂടുതല്‍ ആളുകളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുക എന്നത് അനിവാര്യമാക്കുകയും ചെയ്യുന്നുണ്ട്. ഈ വൈരുദ്ധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് അച്ചടിയുടെ കാര്യത്തില്‍ ലോകമാകെ ജനകീയ മുന്നേറ്റങ്ങള്‍ പ്രയോഗിച്ച രീതിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ലോകത്തെങ്ങും പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പത്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ദേശീയ വിമോചന പോരാട്ടങ്ങളും ഇതുതന്നെയാണ് ചെയ്തത്. പ്രാവ്ദയും, ഇസ്വേസ്തിയയും, യങ് ഇന്ത്യനും, നവ് ജീവനും, പ്രഭാതവും ദേശാഭിമാനിയും എല്ലാം ഇത്തരത്തിലാണ് തുടങ്ങിയത്.
എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ കാര്യത്തില്‍ ഇത് സാധ്യമായിരുന്നില്ല.
ഭീമമായ മുതല്‍മുടക്കാവശ്യമുള്ള വാര്‍ത്താ ചാനലുകളുടെ വരവോടെ രാഷ്ട്രീയ- സാമൂഹ്യ സംവാദങ്ങള്‍ വീണ്ടും ഏകപക്ഷീയമായി. ജനം കാഴ്ചക്കാര്‍ മാത്രമായി. അച്ചടിയുടെ സാര്‍വത്രികത നല്‍കിയ ആത്മവിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി. നവ സാമൂഹ്യ മാധ്യമങ്ങള്‍ ഈ ഏകപക്ഷീയമായ കളിയെ മാറ്റുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപക ഉപയോഗം ജനങ്ങളുടെ വിവര ശേഖരണത്തിനുള്ള വഴികളെ സമാനതകളില്ലാത്തവിധം വിപുലമാക്കി. വാര്‍ത്തകളുടെ തത്സമയ വിനിമയമാണ് ദൃശ്യ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മേല്‍ നേടിയിരുന്ന സാങ്കേതിക മുന്‍കൈ എങ്കില്‍ സാമൂഹ്യമാധ്യമങ്ങള്‍ അതില്‍ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ക്കൊപ്പമെത്തി. വാര്‍ത്തകളുടെ പ്രചാരണക്രമം ദൃശ്യ മാധ്യമങ്ങള്‍ മാത്രമല്ല മറ്റ് നിരവധി തല്‍പരകക്ഷികള്‍ക്കൂടി ഇടപെടുകയും നിശ്ചയിക്കുകയും ചെയ്യുന്ന ഒന്നായി. ഇതോടെ വാസ്തവത്തില്‍ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ പ്രധാന എതിരാളിയായി കാണുന്നത് സമാന ചാനലുകളെയല്ല, മറിച്ച് നവ സാമൂഹ്യ മാധ്യമങ്ങളെയാണ്. അജണ്ട നിശ്ചയിക്കുന്നതില്‍ നടക്കുന്ന ഈ മത്സരത്തില്‍ അവര്‍ നേരിടുന്ന വെല്ലുവിളി, യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കേണ്ടാത്ത ഒരു എതിരാളിയാണ് സാമൂഹ്യ മാധ്യമങ്ങള്‍ എന്നതാണ്. വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ മാത്രമല്ല അവയുടെ വിശകലനത്തിലും ഒരു തരത്തിലും സാമൂഹ്യ മാധ്യമങ്ങള്‍ക്കൊപ്പമെത്താന്‍ ദൃശ്യ മാധ്യമങ്ങള്‍ക്കാകില്ല. കാരണം ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരേസമയം ഒരു വിഷയത്തില്‍ പുറപ്പെടുവിക്കുന്ന നാനാവിധമായ, പല നിലവാരത്തിലുള്ള അഭിപ്രായങ്ങള്‍ക്കു ശേഷമാണ് ഒരു രാത്രി ചര്‍ച്ചയിലേക്ക് മാധ്യമങ്ങള്‍ക്കെത്താനാകുന്നത്.
വാസ്തവത്തില്‍ നാഗരികതയുടെ സാമൂഹ്യഘടനയുടെ ഉരുത്തിരിയലില്‍ സവിശേഷമായ ഒരു ഘട്ടമാണിത്. ഇതാദ്യമായാണ് ലോകത്തെങ്ങുമുള്ള മനുഷ്യര്‍ വ്യക്തികളെന്ന നിലയില്‍ സ്വന്തം സമയത്തിന്റെയും സ്ഥലത്തിന്റെയും സൗകര്യങ്ങള്‍ക്കനുസരിച്ച് നിരന്തരമായി പൊതുസമൂഹത്തില്‍ സംവദിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ വാര്‍ത്താ മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിദഗ്ധരരുടെ വിശകലന വിപണിമൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു.
മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഈ സ്വാധീനം വളരെ വ്യക്തമാണ്. 'ട്രോളുകളുമായാണ്' അവതാരകരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും മിക്കപ്പോഴും മത്സരിക്കുന്നത്. മലയാള സിനിമകളിലെ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, രംഗങ്ങള്‍ എന്നിവയൊക്കെയാണ് മിക്കപ്പോഴും ഉപമകളായും അലങ്കാരങ്ങളായും വരുന്നത്. ഇത്തരത്തിലൊരു ജനപ്രിയതയുടെ അമിതഭാരം ആരും ആവശ്യപ്പെടാതെത്തന്നെ മുതുകത്ത് കെട്ടിവെച്ചാണ് മലയാള ദൃശ്യ വാര്‍ത്താമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മാധ്യമ മൂലധനം
ഭരണകൂടത്തിന്റെ രാഷ്ട്രീയസ്വഭാവം മാധ്യമങ്ങളെ രൂപപ്പെടുത്തും എന്നതില്‍ സംശയമൊന്നുമില്ല. പ്രത്യേകിച്ചും മൂലധനാധിഷ്ഠിതമായ മാധ്യമ ഉടമസ്ഥത നിലനില്‍ക്കുന്നിടത്ത് അതിന്റെ താത്പര്യങ്ങളായിരിക്കും മാധ്യമരംഗത്തെ നിയന്ത്രിക്കുക. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം രാഷ്ട്രീയാധികാരത്തിലെത്തിയതോടെ രൂപപ്പെട്ട ഹിന്ദുത്വ ഫാഷിസ്റ്റ്- കോര്‍പ്പറേറ്റ് കൂട്ടുകെട്ട് മാധ്യമലോകത്തെ ഏതാണ്ട് വിഴുങ്ങിക്കളഞ്ഞു. ബി ജെ പി സര്‍ക്കാരിനുവേണ്ടിയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കുവേണ്ടിയും ആഖ്യാനങ്ങളുണ്ടാക്കുന്ന വെറും പ്രചാരണ യന്ത്രങ്ങളായി മാധ്യമങ്ങളില്‍ മിക്കതും മാറി. എന്‍ ഡി ടി വിയെ ഏറ്റെടുത്ത അദാനി, ഫാഷിസ്റ്റ്- കോര്‍പ്പറേറ്റ് കൂട്ടുകെട്ട് എങ്ങനെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് കാണിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാണ് വലിയൊരു വിഭാഗം വാര്‍ത്താ മാധ്യമങ്ങള്‍. മുകേഷ് അംബാനിക്ക് നേരിട്ട് നിയന്ത്രണമുള്ള Network -18 നു കീഴില്‍ 16 വാര്‍ത്താ ചാനലുകളും 21 വിനോദ ചാനലുകളുമുണ്ട്. വാര്‍ത്താ വെബ്സൈറ്റുകള്‍ അടക്കമുള്ളവ വേറെ. ഇതുകൂടാതെ NDTV, News Nation , IndiaTV , News 24 എന്നിവയിലും അംബാനിക്ക് പരോക്ഷ പങ്കാളിത്തമുണ്ട്. ബി.ജെ.പി അനുഭാവിയും Essel Group മേധാവിയുമായ സുഭാഷ് ചന്ദ്രയാണ് Zee Group -നെ നിയന്ത്രിക്കുന്നത്. ഇവരുടെ നിയന്ത്രണത്തില്‍ 14 വാര്‍ത്താ ചാനലുകളും DNA എന്ന പത്രവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളില്‍ ഒന്നായ Times Group മോദി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്ത സ്ഥാപനമായി മാറിയിരിക്കുന്നു. സങ്കുചിത ദേശീയതയും ന്യൂനപക്ഷ ഭീതിയും ഇടതുപക്ഷ വിരുദ്ധതയുമൊക്കെ പരത്തുന്നതില്‍ അവര്‍ക്ക് മുന്നിലുള്ളത് റിപ്പബ്ളിക് ടി.വി മാത്രമാണ്. മൂന്ന് വാര്‍ത്താ ചാനലുകളും 15 പത്രങ്ങളുമാണ് അവര്‍ക്കുള്ളത്. ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെയും അരുണ്‍ പുരിയുടെയും ഉടമസ്ഥതയിലാണ് TV Today. ആജ് തക്, ഇന്ത്യ ടുഡേ എന്നിവയടക്കം നാല് വാര്‍ത്താ ചാനലുകളാണുള്ളത്.
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ Sun Group നിരവധി വ്യവസായ താല്‍പര്യങ്ങളുള്ള മാരന്‍ കുടുംബത്തിന്റെയാണ്. 32 ചാനലുകളാണ് അവര്‍ക്കുള്ളത്. മൂന്നു പത്രങ്ങളും നടത്തുന്നു. News24 ഉടമ അനുരാധ പ്രസാദ് കോണ്‍ഗ്രസ് രാജ്യസഭാ എം.പിയും വ്യവസായിയുമായ രാജീവ് ശുക്ലയുടെ ഭാര്യയും ബി. ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ സഹോദരിയുമാണ്. India TV എന്ന മോദി ഭക്ത ചാനല്‍ ഉടമ രജത് ശര്‍മ്മ എ.ബി.വി.പി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്. റൂപര്‍ട് മര്‍ഡോക്കിന്റെ Star TV-ക്ക് 42 ചാനലുകളാണുള്ളത്. ഹിന്ദുത്വ ഫാഷിസത്തിന്റെ സ്വന്തം ചാനല്‍ റിപ്പബ്ലിക് ടി.വിയുടെ ഉടമസ്ഥന്‍ ഏഷ്യാനെറ്റ് ഉടമ കൂടിയായ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറാണ്.
ഹിന്ദുത്വ ഫാഷിസ്റ്റ്- കോര്‍പ്പറേറ്റ് അജണ്ടയ്ക്കപ്പുറം മറ്റൊന്നും ഇന്ത്യയില്‍ വാര്‍ത്തകളായിപ്പോലും വരുന്നില്ല എന്ന് ഭരണകൂടം ഇങ്ങനെയാണ് ഉറപ്പാക്കുന്നത്. ഈ രാഷ്ട്രീയ ഘടനയെ മറികടക്കുന്ന ഒരു ജനാധിപത്യ, മതേതര ആഖ്യാനം എത്രത്തോളമുണ്ടാക്കാന്‍ കഴിയുന്നു കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എന്നത് നിര്‍ണ്ണായകമായ ചോദ്യമാണ്. ശബരിമല സമരക്കാലമടക്കമുള്ള പല ഘട്ടങ്ങളിലും നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയഘടനയിലെ ഹിന്ദുത്വ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളെ പ്രീണിപ്പിക്കുകയായിരുന്നു കേരളത്തിലെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ മിക്കവയും എന്നതൊരു വസ്തുതയാണ്.
ഭരണകൂടത്തിനാവശ്യം തങ്ങളെ അനുസരിക്കുന്നവ വിധേയന്മാരായ മാധ്യമങ്ങളെയാണ് അഥവാ പ്രചാരണ യന്ത്രങ്ങളെയാണ്. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇത് കാണിക്കുന്നുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്ത മാധ്യമങ്ങളെ, തങ്ങളെ വിമര്‍ശിക്കുന്നവരെ ഭരണകൂടം നാനാവിധ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തെ 180 രാജ്യങ്ങളില്‍ 160-ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് മോദിക്ക് കീഴിലുള്ള ഇന്ത്യ. ഇത്തരം സമഗ്രാധിപത്യ പ്രവണതകള്‍ നിയോ-ലിബറല്‍, ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ രീതികള്‍ ഒരു പൊതു അധികാരബോധമായി മാറും. അതാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള പല അടിച്ചമര്‍ത്തല്‍ നടപടികളും ഒളിഞ്ഞും തെളിഞ്ഞും എടുക്കുന്നത്. ഇത് ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങള്‍ കൂടുതലായി നേരിടുന്നുമുണ്ട്. അതവയുടെ ദൃശ്യസാധ്യതകള്‍ക്കൊണ്ടു കൂടിയാണ്. ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലുകളെ നേരിടണമെങ്കില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ആന്തരികമായൊരു ജനാധിപത്യ രാഷ്ട്രീയവും ഘടനയും ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കതില്ല. ഭരണകൂടത്തിന്റെയും അധികാരഘടനയുടെയും ചെറുതും വലുതുമായ ഘടനകളാണ് ഇത്തരം വാര്‍ത്താ മാധ്യമങ്ങളും അവരുടെ പ്രവര്‍ത്തന സംവിധാനത്തിനുള്ളില്‍ പകര്‍ത്തുന്നത്. ആന്തരികമായി ജനാധിപത്യവത്ക്കരിക്കപ്പെടാത്തൊരു മാധ്യമരൂപത്തിന് ഭരണകൂടത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തെ നേരിടാനാകില്ല.
പൊതുസമൂഹത്തിനാകട്ടെ, വിവരങ്ങള്‍ക്കോ അറിവുകള്‍ക്കോ വിശകലനങ്ങള്‍ക്കോ ആയി കേരളത്തിലെ ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായിക്കൊണ്ടിരിക്കുകയും ഒരു ആഗോള വാര്‍ത്താ വിനിമയ ശൃഖലയിലേക്ക് അവര്‍ കണ്ണിചേരുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കേരളത്തിലെ ടെലിവിഷന്‍ വാര്‍ത്ത മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധി, അവ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര സമുച്ചത്തില്‍ തങ്ങള്‍ക്കിനി നിര്‍ണ്ണായകമായൊരു പങ്കുണ്ട് എന്ന് ആ വര്‍ഗാധികാര ഘടനയെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതുകൂടിയാണ്. കേരളത്തിലെ ഒരു ടെലിവിഷന്‍ വാര്‍ത്താചാനലില്‍ ഇറക്കുന്ന മൂലധനത്തിന് ലാഭം എന്നത് മാറ്റിനിര്‍ത്തിയാലും ഏതുതരത്തിലുള്ള പലിശയാണ് രാഷ്ട്രീയ, സാമൂഹ്യാധികാരമായി തിരിച്ചുകിട്ടുക എന്നതാണ് മുതലാളിത്തം ആലോചിക്കുക. മുതലാളിത്തത്തിന്റെ രാഷ്ട്രീയ, സമ്പദ്വ്യവസ്ഥയെ പരിപാലിക്കുന്ന കാര്യത്തില്‍ കേരളത്തിലെ അധികാര രാഷ്ട്രീയത്തിനുവേണ്ടി തര്‍ക്കിക്കുന്ന കക്ഷികളൊന്നും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പൊതുസമൂഹത്തിനാകട്ടെ തങ്ങള്‍ക്കുവേണ്ട വിവരങ്ങള്‍ക്കോ അറിവുകള്‍ക്കോ വിശകലനങ്ങള്‍ക്കോ ആയി കേരളത്തിലെ ടെലിവിഷന്‍ വാര്‍ത്താ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വളരെ വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയും ഒരു ആഗോള വാര്‍ത്താ വിനിമയ ശൃഖലയിലേക്ക് അവര്‍ കണ്ണിചേരുകയും ചെയ്തുകൊണ്ടിരിക്കുന്നു. മലയാളം വാര്‍ത്താ ചാനലുകളിലെ ഉള്ളടക്കമാകട്ടെ കേരളത്തിലെ വീടുകളില്‍ ഒതുക്കപ്പെട്ട വൃദ്ധരെയും ഒരു വിഭാഗം മധ്യവയസ്‌കരെയും അധികാരരാഷ്ട്രീയത്തിലെ തര്‍ക്കങ്ങള്‍ പന്തുകളിപോലെയോ പൂരപ്പറമ്പിലെ തല്ലുപോലെയോ കാണുന്ന ഒരു വിഭാഗത്തെയും മാത്രം കാണികളായി ലഭിക്കുന്ന, പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു കവലത്തര്‍ക്കത്തെ ഓര്‍മ്മിപ്പിക്കുന്ന നിസ്സാരതയിലും വഷളത്തത്തിലും നിന്നും കരകയറാനാവാതെ ശ്വാസം മുട്ടുന്നു. ലോകത്ത് ആധുനികതയും വാര്‍ത്താ വ്യവസായത്തിന്റെ വികാസവും സമ്മേളിച്ച നാടുകളിലൊന്നും നമ്മുടെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലേതുപോലുള്ള പൂരക്കളികളും ആര്‍പ്പുവിളികളും കാണുന്നില്ലെന്ന് കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ലോകത്തെ കാണുന്ന പുതിയ മലയാളി, മലയാളം ടെലിവിഷന്‍ ചാനലുകള്‍ കാണാതാവുന്നു. ഈ പ്രതിസന്ധി ചെറുതല്ല. അത് ഒഴിവാക്കാനാവുന്നതുമല്ല.
എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമുള്ളൊരു ശുഭപര്യവസായിയായ നാടകമല്ല കാലം.