കടക്ക് പുറത്ത്, നോക്കുകൂലി, മാപ്ര… ചില സമസ്യകൾ

മാധ്യമ പ്രവർത്തനവും മാധ്യമങ്ങൾക്ക് നേരെയുള്ള വിമർശവും ജനാധിപത്യ സംവിധാനത്തിൻ്റെ ജീവവായുവാണ്. അതിൻ്റെ മറവിൽ മാധ്യമ പ്രവർത്തരെ കടന്നാക്രമിക്കാനും നിസാരവൽക്കരിക്കാനും നോക്കിയാൽ മറ്റു മേഖലകളിലെ നിങ്ങളുടെ മൗനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമ പ്രവർത്തകർക്കൊപ്പം തന്നെ നിലയുറപ്പിക്കും.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ ഒട്ടും ഔചിത്യമില്ലാത്ത പെരുമാറ്റത്തിൻ്റെ മറവിൽ അവരെ തെറി പറയാനും ഭീഷണിപ്പെടുത്താനും ഉപദേശിക്കാനും നിരവധി പേർ രംഗത്തുവന്നു. നല്ലതുതന്നെ, തെറ്റ് ചൂണ്ടിക്കാട്ടുന്നത് ഏതൊരു തൊഴിൽവിഭാഗത്തിനും അവരിലെ തെറ്റായ പ്രവണതകളെ കണ്ടെത്തുന്നതിനും തിരുത്തുന്നതിനും പ്രേരണയാകും. കയറ്റിറക്ക് തൊഴിലാളികളുടെ നോക്കുകൂലിയെ ശക്തമായി എതിർത്തുകൊണ്ട് സി പി ഐ(എം) നേതാക്കൻമാർതന്നെ രംഗത്തെത്തിയത് ഈ സന്ദർഭത്തിൽ ഓർക്കുകയാണ്.

കയറ്റിറക്ക് തൊഴിലാളികളിലെയും മാധ്യമ പ്രവർത്തരിലെയും തെറ്റായ പ്രവണതകൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത് നല്ല കാര്യമാണന്ന് സമ്മതിക്കുമ്പോഴും, ആ ചൂണ്ടിക്കാട്ടലിൻ്റെ മറവിൽ തങ്ങളുടെ തൊഴിലാളി / മാധ്യമ പ്രവർത്തക വിരുദ്ധ വികാരത്തെ ഒളിച്ചു കടത്താൻ ശ്രമിക്കുന്നവരെ തിരിച്ചറിയാനും ജാഗ്രത പുലർത്തേണ്ടതുണ്ട്. സംസ്ഥാനത്തിൻ്റെ വ്യാപാര / വ്യവസായ പിന്നോക്കാവസ്ഥക്ക് കാരണം ഇവിടുത്തെ ഉത്തരവാദിത്തബോധമില്ലാത്ത തൊഴികളികളാണ് എന്നും അവരുടെ കൊടി പിടുത്തമാണ് കേരളത്തിൻ്റെ ശാപമെന്നും പാടിനടന്ന തനി വലതുപക്ഷ രാഷ്ട്രീയക്കാർ നോക്കുകൂലി വിരുദ്ധ പ്രസ്താവന ആഘോഷിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ വീട്ടിൽ മാധ്യമപ്രവർത്തകരുടെ ബഹളം കാരണം ഫോൺ ചെയ്യാൻ ബുദ്ധിമുട്ടുന്ന അമ്മ.

''ഇതാ കണ്ടില്ലേ. തൊഴിലാളികളെ കുറിച്ച് ഞങ്ങൾ നേരത്തെ പറഞ്ഞുകൊണ്ടിരുന്നത് തൊഴിലാളിവർഗ്ഗ നേതാക്കൾതന്നെ അംഗീകരിച്ചിരിക്കുന്നു'' എന്ന മട്ടിൽ തങ്ങളുടെ തൊഴിലാളിവിരുദ്ധത ഒരു പടികൂടി കയറ്റിവെയ്ക്കാൻ അവർ ശ്രമിച്ചു. ഈ ഉദാഹരണം, മാധ്യമ പ്രവർത്തകരെ കുറിച്ചുള്ള വിമർശത്തിനും ബാധകമാണ് എന്ന് മനസ്സിലാക്കാൻ വലിയ വിശകലനം ആവശ്യമില്ല. തട്ടികൊണ്ടുപോകൽ റിപ്പോർട്ട് ചെയ്തതിലെ അപാകത ചൂണ്ടിക്കാണിച്ചും തെറിവിളിച്ചും ഉപദേശിച്ചും എത്തിയവരെ മൊത്തത്തിൽ ഇവിടെ എടുക്കുന്നില്ല. എന്നാൽ അവരിൽ മഹാഭൂരിപക്ഷവും പിണറായി ആരാധകരും മാധ്യമപ്രവർത്തകരെ ‘മാപ്ര’ എന്ന വട്ടപ്പേരിൽ നേരത്തെ മുതൽ ആക്ഷേപിക്കുന്നവരുമാണ്. ഇക്കാര്യം പിണറായിക്കും പൊലീസിനും എതിരായ വിഷയങ്ങളിലെ അവരുടെ മൗനവും മാധ്യമ പ്രവർത്തകർക്കെതിരായ നിരന്തര ആക്ഷേപങ്ങളും പരിശോധിച്ചാൽ വ്യക്തമാകും.

സി പി ഐ- എമ്മിൻ്റ ചരിത്രത്തിൽ വ്യക്തിയാരാധന കൊടികുത്തിവാണ കാലമാണ് വി.എസിൻ്റെയും പിണറായിയുടേയും കാലം. ആയതിന് അവരവർ തന്നെ ഒരു പരിധിവരെ പ്രൊമോഷൻ കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് കാണാൻ കഴിയും. കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് നേർ എതിർവശത്ത് വന്നുനിന്ന ആദ്യത്തെ കമ്യൂണിസ്റ്റ് നേതാക്കളാണിവർ എന്ന അഭിപ്രായം ലോക രാഷ്ട്രീയം വീക്ഷിക്കുന്ന ആർക്കും പറയാൻ സാധിക്കുകയുമില്ല. ആദ്യത്തെയാൾ ‘കണ്ണും കരളു’ മായപ്പോൾ രണ്ടാമൻ ‘ഇരട്ടച്ചങ്കനും’ ‘ക്യാപ്റ്റനു’മായി.

വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ

ഇടതു രാഷ്ട്രീയ ഭാവുകത്വത്തിൻ്റെ അരാഷ്ട്രീയവത്കരണമായി വായിച്ചെടുക്കേണ്ട ഈ പ്രതിഭാസത്തെ അങ്ങനെ വായിച്ചെടുക്കാൻ അതിനകത്തുനിന്ന് ശ്രമങ്ങളുണ്ടായില്ല. പുറത്തുനിന്നുള്ള എല്ലാ ശ്രമങ്ങളേക്കും സി.പി.എം. വിരുദ്ധത എന്ന ഏക ജാലക നോട്ടത്തിലൂടെ തള്ളാനാണ് ഔദ്യോഗികർ ശ്രമിച്ചത്. ഭരണത്തിൻ്റെ തണുപ്പുകൊള്ളാനെത്തിയ കരാറുകാരും പി.ആറുകാരും തൻകാര്യം നോക്കികളും സ്ഥാനമോഹികളുമായ മാധ്യമ പ്രവർത്തകരും നിരീക്ഷകവേഷധാരികളുമാണ് അവരുടെ താത്വികാചാര്യർ. രാഷ്ട്രീയ ചിന്തകരെന്ന് മേനിനടിക്കുന്ന ഈ അരാഷ്ട്രീയ വാദികളാണ് ഇപ്പോൾ മാധ്യമ പ്രവർത്തകർക്കെതിരെ ഇറങ്ങിയിരിക്കുന്നത്.

മാധ്യമ പ്രവർത്തവിരോധത്തിൻ്റെ അടിസ്ഥാനമെന്ത് എന്ന് പരിശോധിക്കാവുന്ന ചില ചോദ്യങ്ങൾ പ്രസക്തമാണ് എന്ന് തോന്നുന്നു.

1. സമാന്യ മര്യാദയുടെ, ഔചിത്യത്തിൻ്റെ ലംഘനമാണൊ ഇവരെ മാധ്യമ പ്രവർത്തകർക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്?

അല്ല. അങ്ങനെയെങ്കിൽ മാധ്യമ പ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പിണറായി ആക്രോശിച്ചപ്പോൾ ഇവർ എന്തുകൊണ്ട് മാധ്യമ പ്രവർത്തകരുടെ അന്തസ്സുയർത്തിപ്പിടിച്ചുകൊണ്ട് രംഗത്തുവന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ അഖിലേന്ത്യാ, സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ചേരുമ്പോൾ വാർത്ത നൽകാനായി അതിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് സ്വാഭാവിക പ്രവർത്തനമാണ്. അംഗങ്ങളെല്ലാം ഇരുന്നു കഴിഞ്ഞ് പ്രസ്തുത യോഗം തുടങ്ങുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പകർത്തി ഫോട്ടോ ജേർണലിസ്റ്റുകൾ പുറത്തിറങ്ങും. ഈ ദൃശ്യം പകർത്തൽ ആവശ്യമില്ലാത്ത ഒറ്റ വിഭാഗമേയുള്ളു. അത് റേഡിയോകളിൽ ജോലി ചെയ്യുന്നവരാണ്. പത്രങ്ങൾക്കും ചാനലുകൾക്കും അവരുടെ വാർത്ത നൽകാൻ ഈ ദൃശ്യങ്ങൾ ആവശ്യമാണ്. തിരുവനന്തപുരത്ത് നടന്ന ഒരു സർവ്വകക്ഷി യോഗത്തിൻ്റെ ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകരോടാണ് പരസ്യമായി മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചത്.

അങ്ങനെ അപമാനിക്കപ്പെടാൻ അവർ എന്ത് തെറ്റു ചെയ്തു. തൻ്റെ തൊഴിൽ ചെയ്യുന്ന വേളയിൽ ഒരു തൊഴിലാളിയെ അപമാനിക്കാൻ പിണറായിക്ക് ശേഷി നൽകിയത് മുഖ്യമന്ത്രി, സി പി ഐ- എം നേതാവ് തുടങ്ങിയ അധികാരങ്ങളല്ലാതെ മറ്റെന്താണ്? ഇങ്ങനെ അപമാനിക്കപ്പെട്ട് കുനിഞ്ഞോടി സ്ഥലംവിടുന്ന ആ മാധ്യമ പ്രവർത്തകന് അന്തസ്സില്ലേ? ആ ദൃശ്യങ്ങൾ അയാള സ്നേഹിക്കുന്ന അയാളുടെ കുഞ്ഞുമക്കൾ കാണില്ലേ? അവർ സങ്കടപ്പെടില്ലേ? ഇത്തരം ആലോചനകളൊന്നും മാധ്യമ പ്രവർത്തകോപദേശികൾക്ക് തോന്നിയില്ല. എന്നു മാത്രമല്ല ഇപ്പോൾ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആ 'കടക്കു പുറത്ത് 'ന് വ്യാപകമായി ജയ് വിളികൾ ഉയരുകയാണ്. ഈ വൈരുദ്ധ്യം ചർച്ച ചെയ്യപ്പെടണം.

2. തെറ്റായ വാർത്തകൾ നൽകിയതിൻ്റെ വിരോധമാണോ?

അല്ല. തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ മാധ്യമപ്രവർത്തകരെ പുച്ഛിച്ച് പൊലീസിന് സല്യൂട്ടടിക്കുകയാണ് നേരത്തേ പറഞ്ഞ ഗണത്തിലുള്ളവർ ചെയ്തത്. ഒരു തൊഴിൽ വിഭാഗമെന്ന നിലയിൽ തെറ്റു ചെയ്യാത്തവരാണോ പൊലീസുകാർ? മറ്റെല്ലാ തൊഴിൽ വിഭാഗങ്ങളുടെയും പ്രവൃത്തിദോഷങ്ങൾ ഒന്നിച്ചെടുത്താലും പൊലീസിനോളം വരില്ല എന്ന് ഒരിക്കലെങ്കിലും പൊലീസ് സ്റ്റേഷനിൽ പോയിട്ടുള്ള ആർക്കാണറിയാത്തത്? പിണറായിയുടെ കാലത്തുതന്നെ നടന്ന ഉദാഹരണങ്ങൾ എടുത്താൽ പറഞ്ഞു തീർക്കാൻ കഴിയുമോ? മാവോയിസ്റ്റ് പ്രവർത്തകരെ ഏകപക്ഷീയമായി വെടിവെച്ചു കൊന്നുവെന്ന് ആരോപിച്ച സന്ദർഭത്തിൽ മുഖ്യമന്ത്രി പറഞ്ഞത്, ‘അവരുടെ ആത്മവീര്യം തകർക്കരുത്’ എന്നാണ്.

താഹ ഫസല്‍, അലന്‍ ശുഹൈബ്

ഒരു വീണ്ടുവിചാരവുമില്ലാതെ അലൻ, താഹ എന്നീ വിദ്യാർത്ഥികൾക്ക് മേൽ യു എ പി എ ചുമത്തി. ജയിലിൽ കിടത്തി അവരുടെ ജീവിതം താറുമാറാക്കി, ആത്മഹത്യാമുനമ്പിലെത്തിച്ചു. ഉദാഹരണങ്ങൾ തീരാൻ വിലാസിനിയുടെ അവകാശികളേക്കാൾ വലിയ പുസ്തകം രചിക്കേണ്ടിവരും എന്നിട്ടും എല്ലാം മറന്ന് കേരളാ പൊലീസ് അഭിമാനമാകുകയും മാധ്യമപ്രവർത്തകർ ദുശ്ശകുനമാകുകയും ചെയ്യുന്നത് വിമർശനങ്ങളോടുള്ള അസഹിഷ്ണുത ഒന്നു കൊണ്ടു മാത്രമാണ്.

3. മാപ്ര എന്ന വിളിയിലുണ്ട് വിരോധം. എന്തിനാണ് ഒരാളെ നാം വട്ടപ്പേരിട്ട് വിളിക്കുന്നത്?

അയാളെ നിസാരവത്ക്കരിക്കാൻ. അയാളെ കോമഡിയാക്കാൻ. അങ്ങനെ കോമഡിയാക്കിയാൽ പിന്നെ അയാൾ പറയുന്നതിനെ ഗൗരവത്തിലെടുക്കേണ്ടതില്ല. ഇപ്പോൾ ഒത്താശക്കാർ ‘മാപ്ര’കൾ എന്ന് മാധ്യമ പ്രവർത്തകർക്ക് വട്ടപ്പേരിടുന്നതിൻ്റെ പിന്നിലെ മനഃശാസ്ത്രവും ഇതുതന്നെയാണ്. ‘അകത്തേക്കെടുക്കുക അല്ലെങ്കിൽ വെടക്കാക്കുക.’ ആദ്യത്തേതാണ് കേന്ദ്രത്തിലുള്ളവർ ചെയ്യുന്നത്. മാധ്യമങ്ങളെ വിലക്കുവാങ്ങി അകത്തേക്കെടുത്ത് അവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് ഒത്താശക്കാർ മാധ്യമ പ്രവർത്തകരെ വെടക്കാക്കി ക്രെഡിബിലിറ്റിയില്ലാതാക്കാൻ ശ്രമിക്കുന്നു. അതിൻ്റെ ഭാഗമാണ് ഈ തെറിവിളികളും ഉപദേശ മെന്ന വ്യാജേനയുള്ള ധൃതരാഷ്ട്രാലിംഗനങ്ങളും.

നോക്കുകൂലിക്കെതിരെ തൊഴിലാളി നേതാക്കൾ പറഞ്ഞത് അംഗീകരിക്കും. ആ എക്കൗണ്ടിൽ, എക്കാലത്തും തൊഴിലാളികളെ ഗുണ്ടകളായി ചിത്രീകരിച്ച വലതുപക്ഷക്കാരും അരാഷ്ട്രീയ വാദികളും മുതലെടുക്കാൻ ശ്രമിച്ചാൽ തൊഴിലാളി പക്ഷത്തുനിന്ന് അതിനെ നേരിടും. മാധ്യമ പ്രവർത്തനവും മാധ്യമങ്ങൾക്ക് നേരെയുള്ള വിമർശവും ജനാധിപത്യ സംവിധാനത്തിൻ്റെ ജീവവായുവാണ്. അതിൻ്റെ മറവിൽ മാധ്യമ പ്രവർത്തരെ കടന്നാക്രമിക്കാനും നിസാരവൽക്കരിക്കാനും നോക്കിയാൽ മറ്റു മേഖലകളിലെ നിങ്ങളുടെ മൗനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമ പ്രവർത്തകർക്കൊപ്പം തന്നെ നിലയുറപ്പിക്കും.

Comments