മാദ്ധ്യമ കള്ളക്കടത്തുകളുടെ മഹാമാരിക്കാലം ഒരു ദൃക്​സാക്ഷിയുടെ സത്യവാങ്മൂലം

സ്ഥായിയായ ഇടതുപക്ഷ വിരുദ്ധത പുലർത്തുന്ന കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളാകെ ധർമ്മസങ്കടത്തിലായ കാലമായിരുന്നു കോവിഡ് മഹാമാരിയുടെ ആദ്യ മൂന്നു മാസങ്ങൾ. സർക്കാർ വിരുദ്ധ വാർത്തകളുടെ വറുതി മാത്രമല്ല അവരെ പ്രതിസന്ധിയിലാക്കി കളഞ്ഞത്. സർക്കാറിന്റെ
മികവുറ്റ പ്രവർത്തനങ്ങൾ കഴിയുന്നത്ര തമസ്കരിക്കാൻ തങ്ങൾ ശ്രമിച്ചിട്ടും ദേശീയ-അന്തർ ദേശീയ മാദ്ധ്യമങ്ങൾക്ക് അവയെല്ലാം സുപ്രധാന വാർത്തകളായി മാറിയത് അവരെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ബി.ബി.സിയും ദി ഇക്കോണമിസ്റ്റും ഗാർഡിയനും മുതൽ വാഷിങ്ങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും വരെയുള്ള നാൽപത്തിയഞ്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ കേരള മാതൃകക്കും കേരള സർക്കാരിന്റെ പ്രയോഗ മികവിനും ആഗോള അംഗീകാരം നൽകിയപ്പോൾ കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങൾ ശരിക്കും ഹതാശരായിപ്പോയി. കേരള മികവിനെ ആഘോഷിക്കുന്നതിൽ ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമങ്ങളാകെ മുന്നോട്ടുവരികയും അതിൽനിന്ന് അകലം പാലിക്കാൻ, ഇന്ത്യയിലെ തീവ്രവലതുപക്ഷ മാദ്ധ്യമ ജീർണ്ണതയുടെ എക്കാലത്തേയും ദുഷിച്ച ഉദാഹരണങ്ങളിലൊന്നായി കണക്കാക്കപ്പെടുമെന്നുറപ്പുള്ള ചാനലിനുൾപ്പെടെ കഴിയാതെ വരികയും ചെയ്തതും നാം കണ്ടു. ഇടതുപക്ഷമെന്നാൽ ചുവപ്പുകണ്ട കാളക്കൂറ്റനെപ്പോലെ ക്രുദ്ധനാവാറുള്ള ദേശീയ ചാനലിലെ അവതാരകനു പോലും "ഞാനിതാ പിണറായി വിജയൻ ഗവൺമെൻറിനെ പരസ്യമായി അഭിനന്ദിക്കുന്നു’ എന്ന് പറയേണ്ടി വന്നെങ്കിൽ കേരള മാദ്ധ്യമങ്ങൾ എത്രത്തോളം വലഞ്ഞു കാണണം?

തെരഞ്ഞെടുപ്പു വർഷത്തിൽ യുദ്ധം തീക്ഷ്ണ​മാകും. ന്യൂസ്റൂമുകൾ വലതുപക്ഷത്തിന്റെ യുദ്ധമുറികളാകും. മാദ്ധ്യമപ്പുരകൾ അവരുടെ ആയുധപ്പുരകളുമാകും

കയ്ച്ചിട്ട് ഇറക്കാനും വയ്യ, നാട്ടുകാരെ പേടിച്ച് തുപ്പാനും വയ്യ എന്ന അവസ്ഥ. ലോകം മുഴുവൻ മികവുകൊണ്ട് വാർത്തകളിൽ ഇടം പിടിച്ച സർക്കാരിനെക്കുറിച്ച് നല്ലതൊന്നും പറഞ്ഞില്ലെങ്കിൽ തങ്ങളുടെ വിശ്വാസ്യതക്ക് ഇടിവുതട്ടും എന്നായപ്പോൾ കയ്പ് കടിച്ചമർത്തി അവരും ചിലതൊക്കെ കൊടുത്തെന്നു വരുത്തി. അങ്ങിനെയാണ് ന്യൂയോർക്കിനേക്കാൾ കേരളം രോഗപ്രതിരോധത്തിന്റെ സർവ മേഖലകളിലും മുന്നിട്ടു നിൽക്കുന്നുവെന്നും കേരള നമ്പർ വൺ എന്നുമൊക്കെ മനോരമക്കും കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മികവിനുള്ള ദേശീയാംഗീകാരത്തേക്കുറിച്ചും മറ്റും മാതൃഭൂമിക്കും വാർത്ത കൊടുക്കേണ്ടി വന്നത്.

സ്പ്രിങ്ക്ളറിൽ തോറ്റതിന് ......

സ്പ്രിങ്ക്ളർ വീണു കിട്ടിയപ്പോൾ വിശന്നുവലഞ്ഞ ഹിംസ്ര മൃഗത്തിന് വിശപ്പകറ്റാൻ ഇരയെ കിട്ടിയ ആക്രാന്തമായിരുന്നു മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ പ്രകടിപ്പിച്ചത്. നേരത്തേ നല്ലത് ചിലത് പറയേണ്ടി വന്നതിന്റെ
അരിശം കൂടി അവർ മുതലും പലിശയും ചേർത്ത് തീർക്കുന്നതാണ് കണ്ടത്. കോവിഡ് പ്രതിരോധത്തിലെ കാര്യക്ഷമതയുടെ പേരിൽ തിളങ്ങി നിന്ന സർക്കാരിനോടുള്ള കണക്കുതീർക്കാനുള്ള ആദ്യാവസരം തന്നെ അവർ പാഴാക്കിയില്ല എന്നർത്ഥം. മലയാളികളുടെ ഡേറ്റ അമേരിക്കൻ കുത്തകക്ക് സർക്കാർ വിറ്റ് പണം വാങ്ങി, അതവർ മറ്റ് കുത്തകകൾക്ക് മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കി തുടങ്ങിയ സംഭ്രമജനകമായ കഥകൾ പഞ്ഞമില്ലാതെ പടച്ചുതുടങ്ങി. വളരെ സാങ്കേതികമായ മാനങ്ങളുള്ള ഒരു വിഷയത്തിൽ തങ്ങൾക്കുള്ള സമ്പൂർണ്ണമായ അജ്ഞതയേയും സങ്കീർണ്ണമായ വിഷയങ്ങൾ മനസ്സിലാക്കാൻ സാധാരണ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാവുന്ന പരിമിതികളേയും അനുഗ്രഹമായി കണ്ടാണ് കേരളത്തിലെ മിക്ക മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമങ്ങളും ചർച്ചകൾ നയിച്ചതും പരിഹാസ്യമായ വാർത്തകൾ വേവിച്ചെടുത്തതും. പാതിവെന്തതും പാകപ്പെടാത്തതുമായ ആ വാർത്തകളുടെ സാങ്കേതിക ജ്ഞാനപരമായ ഉള്ളടക്കമാവട്ടെ ചർച്ചയിലിട്ട് ചവയ്ക്കാൻ, വിഷയത്തിൽ സവിശേഷജ്ഞാനമൊന്നുമില്ലാത്ത ഐ.ടി.കമ്പനി ജീവനക്കാരെ വിദഗ്ദ്ധ വേഷമണിയിച്ച് സ്റ്റുഡിയോകളിൽ അണിനിരത്തി ജനങ്ങളെ കബളിപ്പിച്ചു. യഥാർത്ഥ ഐ.ടി.വിദഗ്ദ്ധരെ ബോധപൂർവ്വം അകറ്റി നിർത്തുകയും ചെയ്തു.

ഐ.ടി വിഷയത്തിലുള്ള അജ്ഞത വാചകക്കസർത്തിലുടെ യഥേഷ്ടം പ്രകടിപ്പിക്കാൻ വ്യാജ വിദഗ്ദ്ധർക്ക് വേണ്ടുവോളം അവസരം ലഭിച്ചത് സമീപകാല ടെലിവിഷൻ ചർച്ചകളിലെ ഏറ്റവും വലിയ തമാശയായിരുന്നു

ഞാൻ കൂടി ഭാഗമായിരുന്ന ഒരു ചർച്ചയിൽ, വിഷയത്തിൽ അവഗാഹമുള്ള വിദഗ്ദ്ധൻ സുരേഷ് കോഡൂർ അവതാരക പ്രതീക്ഷിച്ചതിന് നേർ വിപരീതമായ മറുപടി വളരെ ആധികാരികമായി നൽകിയതോടെ വീണ്ടുമൊരു ഊഴം നൽകാതെ ഒറ്റച്ചോദ്യത്തിലൊതുക്കുകയായിരുന്നു! പിന്നീടങ്ങോട്ട് വിദഗ്ദ്ധനെ മൂകസാക്ഷിയാക്കിയാണ് ചർച്ച പുരോഗമിച്ചത്. അദ്ദേഹത്തെ അബദ്ധത്തിൽ ക്ഷണിച്ചതായിരിക്കണം. വേറൊരു ചാനലിലും ഏറെക്കുറെ സമാനമായ അനുഭവം വിഷയത്തിലൂന്നി, വസ്തുനിഷ്ഠമായ അഭിപ്രായം പറഞ്ഞ മറ്റൊരു വിദഗ്ദ്ധനുമുണ്ടായി. എന്നാൽ വിഷയത്തിലുള്ള അജ്ഞത വാചകക്കസർത്തിലുടെ യഥേഷ്ടം പ്രകടിപ്പിക്കാൻ വ്യാജ വിദഗ്ദ്ധർക്ക് വേണ്ടുവോളം അവസരം ലഭിക്കുകയും ചെയ്തത് സമീപകാല ടെലിവിഷൻ ചർച്ചകളിലെ ഏറ്റവും വലിയ തമാശയായിരുന്നു. ക്ലൗഡ് കംപ്യൂട്ടിങ്ങിനെക്കുറിച്ച് ആഴമുള്ള അറിവും ലളിതമായി അവ വിശദീകരിക്കാനുള്ള കഴിവും പ്രകടിപ്പിച്ച നാസർ ഹുസൈനെപ്പോലുള്ളവരെയാകട്ടെ പീപ്പ്ൾ ചാനലും മീഡിയാ വണ്ണുമല്ലാതെ മറ്റാരും വിളിച്ചതേയില്ല.

പൊടിപോലുമില്ലാത്ത ഫൈസർ വാർത്ത

സ്പ്രിങ്ക്ളർ സംബന്ധിച്ച മാദ്ധ്യമ വാർത്തകളിൽ ഒരേസമയം കോമഡിയും ട്രാജഡിയുമായത് സ്പ്രിങ്ക്ളർ ആഗോള ഫാർമ കുത്തകയായ ഫൈസറിന് കേരളത്തിൽ നിന്നു ശേഖരിച്ച ഡേറ്റ വിറ്റു എന്ന മാതൃഭൂമി ചാനലിന്റെ
സ്തോഭജനകമായ വാർത്തയായിരുന്നു. വാർത്തയുടെ ഒരേയൊരു അടിസ്ഥാനം സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റിൽ തങ്ങൾ ഫൈസറിന്റെ
കൺസൾട്ടൻറ്​ ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നതായിരുന്നു! പിന്നൊന്നും നോക്കിയില്ല. വിവാദ വാർത്തകണ്ടെത്താനുള്ള സമ്മർദ്ദത്തിൽ റിപ്പോർട്ടർ അത് തെളിവാക്കി വാർത്ത രചിച്ചു. ബ്രേക്ക് ചെയ്ത ഉടൻ പ്രതികരണത്തിന് ഈ ലേഖകനെയാണ് വിളിച്ചത്. "അസംബന്ധം’ എന്ന ഒറ്റവാക്കിലാണ് ആദ്യം പ്രതികരിച്ചത്. പിന്നീട് "ഈ വാർത്തയുടെ ഗുരുതരമായ

സ്പ്രിങ്ക്ളർ വിവാദത്തിൽ സ്വകാര്യത കേന്ദ്രബിന്ദുവാക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങളും പ്രതിപക്ഷവും ആരോഗ്യസേതു ആപ്പിനെക്കുറിച്ച് ഏറെക്കുറെ നിശ്ശബ്ദത പാലിക്കുകയോ ചർച്ചക്ക് വിമുഖത കാണിക്കുകയോ ആണ് ചെയ്തത്

പ്രത്യാഘാതങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും ധാരണയുണ്ടോ?’ എന്നും ചോദിച്ചു. ഒരു മണിക്കൂറിനകം ചാനൽ വാർത്ത പിൻവലിച്ചു. അതും ഒരു വിശദീകരണവുമില്ലാതെ. പിറ്റേന്നത്തെ മാതൃഭൂമി പത്രത്തിൽ ഒരു വരി പോലും വാർത്ത കൊടുത്തതുമില്ല. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള രാഷ്ട്രീയ മൽസരത്തിന്റെയും റേറ്റിങ്ങിനുള്ള വ്യാപാര മൽസരത്തിന്റെയുമിടയിൽ പ്രേക്ഷക മനസ്സിലേക്ക് മാദ്ധ്യമ കുതന്ത്ര ചാനലിലൂടെ പതിവായി വ്യാജവാർത്തകൾ കള്ളക്കടത്തു നടത്തുന്നതിനിടയിൽ ചിലപ്പോഴെല്ലാം പിടിക്കപ്പെടുമല്ലോ. അതാണ് ഫൈസർ വാർത്തയിലുണ്ടായത്. അപ്പുറത്ത് ഫൈസറായതു കൊണ്ടു മാത്രം വ്യാജവാർത്ത പിൻവലിച്ച് രക്ഷപ്പെട്ടു. ഇടതുപക്ഷമായിരുന്നു വ്യാജവാർത്തയിലെങ്കിൽ നൂറ്റൊന്നാവർത്തിച്ച് പ്രേക്ഷക മനസ്സിലുറപ്പിക്കുമായിരുന്നു. പഴയ ‘വരദാചാരിയുടെ തല പരിശോധനാ' നുണ ആവർത്തിച്ചുറപ്പിച്ചതു പോലെ.

സ്പ്രിങ്ക്ളർ വിവാദത്തിൽ സ്വകാര്യത കേന്ദ്രബിന്ദുവാക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങളും പ്രതിപക്ഷവും കേന്ദ്ര സർക്കാരിന്റെ ആരോഗ്യസേതു ആപ്പിനെക്കുറിച്ച് ഏറെക്കുറെ നിശ്ശബ്ദത പാലിക്കുകയോ ചർച്ചക്ക് വിമുഖത കാണിക്കുകയോ ആണ് ചെയ്തത് എന്ന് പ്രത്യേകം ഓർക്കണം. ആരോഗ്യ സേതുവിന്റെ കടുത്ത സ്വകാര്യതാ ലംഘനത്തെക്കുറിച്ച് ‘ദി ഹിന്ദു’ പോലുള്ള ദേശീയ പത്രങ്ങൾ പലതും ഗൗരവമുള്ള വിശകലനങ്ങളും ചർച്ചകളും ഉയർത്തിക്കൊണ്ടു വന്നപ്പോൾ മലയാള മാദ്ധ്യമങ്ങൾക്ക് ആ സ്വകാര്യതാ ലംഘനം വിഷയമേ ആയില്ലെന്നത് എന്തതിശയം.! മാത്രമല്ല, പുട്ട സ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമല്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേന്ദ്രത്തിലെ ബി.ജെ.പി.സർക്കാർ പകർച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പുകളെ ദുർബലപ്പെടുത്താനായി പെട്ടെന്ന് സ്വകാര്യതയുടെ സംരക്ഷകവേഷം കെട്ടിയതിലെ കൊടും കാപട്യം ഒരൊറ്റ മാദ്ധ്യമ അവതാരകരും ചോദ്യം ചെയ്തതേയില്ല. ബി.ജെ.പി.യോട് അഥവാ കേന്ദ്ര അധികാരത്തോട് ചോദ്യങ്ങൾ ഉയർത്തുന്നതിലുള്ള വിമുഖതക്ക് ഉദാഹരണങ്ങൾ വേറെയും ധാരാളം കാണാം.

സ്പ്രിങ്ക്ളറിൽ ഹൈക്കോടതിയുടെ ഇടക്കാല വിധിയിൽ നിന്നേറ്റ പ്രഹരത്തോടെ മാദ്ധ്യമങ്ങളും പ്രതിപക്ഷവും ക്ഷീണിതരായി പിൻമാറുകയായിരുന്നു. കരാർ റദ്ദാക്കുന്നതടക്കമുള്ള ഇവർ കെട്ടിപ്പൊക്കി കൊണ്ടുവന്ന മുഖ്യ ആവശ്യങ്ങളെല്ലാം കോടതിയിൽ തകർന്നതോടെ മാദ്ധ്യമങ്ങൾ മുഖം രക്ഷിക്കാൻ വഴി തേടി. ദിവസങ്ങളോളം ഒന്നാം പേജിൽ സ്പ്രിങ്ക്ളർ ആരോപണങ്ങൾ ആഘോഷിച്ചു തിമിർത്ത മനോരമ പത്രം കോടതി വിധി അഞ്ചാംപേജിൽ മൂന്നു കോളത്തിലൊതുക്കിയാണ് രക്ഷപ്പെട്ടത്. "സി-ഡിറ്റ് സർവറിന് സ്പ്രിങ്ക്ളർ സോഫ്റ്റ് വെയർ ഡേറ്റയുടേയും അപഗ്രഥനത്തിന്റെയും ഉടമസ്ഥത സർക്കാറിന്’ എന്ന, സർക്കാർ വിവാദത്തിന്റെ ആരംഭം മുതൽ ആവർത്തിച്ച നിലപാട് കോടതി വിധിയായി സത്യസന്ധമായി തന്നെ മനോരമ കൊടുത്തു. വാർത്ത വസ്തുനിഷ്ഠമായപ്പോൾ സ്ഥാനം അഞ്ചാംപേജിലായെന്നു മാത്രം. മാതൃഭൂമി ആ സത്യസന്ധത കാണിച്ചില്ല.

പാളിച്ചകൾ പരതിയെടുക്കാനുള്ള പരക്കംപാച്ചിലിലാണ് മനോരമാ ന്യൂസിന്റെ പരിക്കേറ്റ വിശ്വാസ്യതയെ ആംബുലൻസ് കൂടി ഇടിച്ചത്

ഒന്നാംപേജിൽ കോടതി വിധിയെക്കുറിച്ചുള്ള വാർത്തയുടെ ശീർഷകം ഇങ്ങനെ: "കോവിഡ് രോഗികളുടെ വിവരശേഖരണം-സ്പ്രിങ്ക്ളർ പുറത്ത്’. തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകത്തിനു കീഴിൽ വാർത്തയുടെ ഉള്ളടക്കം പക്ഷേ, ഏതാണ്ട് വസ്തുനിഷ്ഠമായിരുന്നു. വിവരശേഖരണത്തിന് ഒരിക്കലും സ്പ്രിങ്ക്ളറിനെ ഏൽപ്പിച്ചിരുന്നില്ല. ആശ വർക്കർമാർ മുഖേന സർക്കാർ നേരിട്ടായിരുന്നു. ഇല്ലാത്ത ചുമതലയിൽ നിന്ന് മാതൃഭൂമി അങ്ങിനെ സ്പ്രിങ്ക്ളറിനെ പുറത്താക്കി സ്വന്തം മുഖം രക്ഷിച്ചതായി ആശ്വസിച്ചു.

ഇടിച്ചു കയറ്റിയ ആംബുലൻസ്

ഇതിനിടയിൽ, വലിയ വെല്ലുവിളികൾ നിറഞ്ഞ കോവിഡ് പ്രതിരോധത്തിലെ സർക്കാർ മികവുകൾ തമസ്ക്കരിക്കുന്നതും ചെറിയ പാളിച്ചകളെങ്കിലും പരതിയെടുക്കാനുള്ള പരക്കംപാച്ചിലുകളും മാദ്ധ്യമങ്ങൾ തുടർന്നു. ഇന്ത്യയിലാദ്യമായി ഒരു സാമ്പത്തിക പാക്കേജ് (20,000 കോടി) എൽ.ഡി.എഫ്.സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിന് ഒന്നാം പേജിൽ ഇടം കൊടുക്കാതിരുന്നത് മലയാള മനോരമയും വീക്ഷണം, ജന്മഭൂമി എന്നിവയുമാണ്. അതായത് കോൺഗ്രസ്, സംഘപരിവാർ മുഖപത്രങ്ങൾക്കൊപ്പം മനോരമക്കും ആ വാർത്ത ജനങ്ങൾ അറിയരുതെന്ന നിർബന്ധമുണ്ടായി. മാതൃഭൂമി പോലും ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുത്ത വാർത്തയാണിത്.ദേശീയ മാദ്ധ്യമങ്ങൾക്കും പ്രധാന വാർത്തയായിരുന്നു. പാളിച്ചകൾ പരതിയെടുക്കാനുള്ള പരക്കംപാച്ചിലിലാണ് മനോരമാ ന്യൂസിന്റെ പരിക്കേറ്റ വിശ്വാസ്യതയെ ആംബുലൻസ് കൂടി ഇടിച്ചത്. കോവിഡ് സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് 15 മിനിറ്റായിട്ടും എത്തിയില്ലെന്ന പേരിൽ കൗണ്ടർ പോയിൻറിൽ ആങ്കർ നടത്തിയ പ്രകടനം ഇടതുപക്ഷ വിരുദ്ധ വാർത്താ വറുതിയുടെ പരവേശം മനോരമയെ എത്രത്തോളം ബാധിക്കുമെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു. ആശുപത്രിയിൽ നിന്ന് തന്റെ വീട്ടിലേക്ക് ആംബുലൻസ് ഓടിയെത്താനുള്ള സമയം മാത്രമേ എടുക്കുന്നുള്ളുവെന്നും തനിക്ക് ആശങ്കയും പരാതിയുമില്ലെന്നും രോഗി ആങ്കറോട് പറയുന്നുണ്ട്. ഹാർട്ട് അറ്റാക്ക് സംഭവിക്കുകയോ പാമ്പ് കടിയേൽക്കുകയോ ചെയ്ത അത്യാസന്ന നിലയിലുള്ള രോഗിയല്ലെന്ന് ഓർക്കണം. പക്ഷേ ആങ്കർപറയുന്നത്, ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. നിങ്ങൾക്കില്ലെങ്കിലും ഞങ്ങൾക്ക് പരാതിയുണ്ട് എന്ന മട്ടിലാണ്.

അതിഥി സംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പായിപ്പാട്ട് തെരുവിലിറക്കിയതിൽ ചില ദൃശ്യമാദ്ധ്യമങ്ങൾ വഹിച്ച പങ്ക് ഇപ്പോൾ വ്യക്തമായിട്ടുണ്ടല്ലോ

സർക്കാരിനെതിരായി ജനങ്ങൾക്ക് പരാതിയില്ലെങ്കിലും ഞങ്ങൾ അംഗീകരിക്കില്ല, ഞങ്ങൾക്ക് പരാതി ഉണ്ടാക്കിയേ തീരു എന്ന മനോഭാവം. എന്നാൽ ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കോവിഡ് സ്ഥിരീകരിച്ച ഓരോ രോഗിയേയും അപ്പപ്പോൾ സർക്കാർ ചെലവിൽ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് സൗജന്യമായി ചികിത്സിച്ച് ഭേദമാക്കി തിരിച്ച് വീട്ടിലെത്തിക്കുന്നില്ല എന്ന വസ്തുത ഇവർ ജനങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല .കേരളത്തിനു പുറത്ത്​ സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് ലക്ഷങ്ങൾ പിഴിഞ്ഞെടുക്കുന്ന സംഭവങ്ങളും ഇവർക്ക് വാർത്തയല്ല. കാരണം അവ വാർത്തയായാൽ കേരളമാതൃകയുടെ മികവ് ജനങ്ങൾ തിരിച്ചറിയുമല്ലോ.

അതിഥി സംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പായിപ്പാട്ട് തെരുവിലിറക്കിയതിൽ ചില ദൃശ്യമാദ്ധ്യമങ്ങൾ വഹിച്ച പങ്ക് ഇപ്പോൾ വ്യക്തമായിട്ടുണ്ടല്ലോ. ഇടതുപക്ഷവിരുദ്ധ മാദ്ധ്യമങ്ങളാകെ ആഹ്ലാദരാവങ്ങളും സന്നാഹങ്ങളുമായി പായിപ്പാട്ടേക്ക് പാഞ്ഞെത്തിയെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരെ വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാരിന് വെറും ഒരു മണിക്കൂറേ വേണ്ടിവന്നുള്ളൂ. തൊഴിലാളികളുടെ പിന്നാലെ നിങ്ങളില്ലാതെ ഞങ്ങൾക്കെന്താഘോഷം എന്ന നിരാശയിൽ മാദ്ധ്യമപ്പടയും വന്ന വഴി മടങ്ങിയതും നാം കണ്ടതാണ്. അന്ന് 24 ന്യൂസും ന്യുസ് 18 ഉം ആ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കില്ലെന്ന ഉത്തരവാദിത്തത്തോടെയുള്ള തീരുമാനമെടുത്ത് വേറിട്ടുനിന്നത് വിസ്മരിക്കാനാവില്ല. ഇതോടൊപ്പം എസ്.എസ്.എൽ.സി.പരീക്ഷ, ഇതര സംസ്ഥാനങ്ങളിൽ നിന്നു മടങ്ങുന്നവരുടെ പാസ്‌, പ്രവാസികളുടെ മടക്കം, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ പ്രശ്നം, ക്ഷേത്രങ്ങൾ തുറക്കുന്നത് എന്നിവയെല്ലാം മുൻനിർത്തി വിവാദമുണ്ടാക്കാനും സർക്കാറിനെ മുൾമുനയിലാക്കാനും തുടർച്ചയായ മാദ്ധ്യമ ഉപജാപങ്ങൾ അരങ്ങേറിയെങ്കിലും അവയെല്ലാം ലക്ഷ്യം നേടാനാവാതെ അലസിപ്പോയി.

നുണകളുടെ സ്വർണ്ണഖനി

തുടർച്ചയായ തിരിച്ചടികളിൽ മനംനൊന്തിരുന്ന മാദ്ധ്യമപ്രഭുക്കൾക്ക് ജൂലായ് ആദ്യവാരത്തോടെ കളഞ്ഞുകിട്ടിയ നിധിപോലൊരു സുവർണ്ണാവസരമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടിയ സംഭവം. മാദ്ധ്യമങ്ങൾ അതുവരെയുള്ള ക്ഷീണമെല്ലാം മറന്ന് സടകുടഞ്ഞെഴുന്നേറ്റു. അതിലെ പ്രതികളിൽ ചിലർക്ക് ഭരണ തലപ്പത്തുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ടെന്നു വന്നതോടെ മാദ്ധ്യമങ്ങൾ സർക്കാരിന്റെ ചോരമണത്തു. മുഖ്യമന്ത്രിയിലേക്കും സർക്കാരിലേക്കും ഘടിപ്പിക്കാൻ പിന്നെ അസത്യങ്ങളും അർദ്ധസത്യങ്ങളും അതിശയോക്തികളും കലർത്തിയ വ്യാജ വാർത്താ നിർമിതികളുടെ പ്രവാഹമായിരുന്നു പിന്നെ കേരളം കണ്ടത്. സത്യാനന്തരകാല മാദ്ധ്യമപ്രവർത്തനത്തിന്റെ ദുർഗന്ധം വഹിക്കുന്ന അദ്ധ്യായമായി അത് ചരിത്രത്തിൽ അവശേഷിക്കും.

ഈ ഉദ്യോഗസ്ഥന് എങ്ങനെ രണ്ടു പ്രധാന പദവികൾ നൽകി എന്ന ചോദ്യങ്ങൾക്ക് സസ്പെൻഷനു ശേഷം മനോരമ തന്നെ ഉത്തരവും പറഞ്ഞു. ‘മിടുക്കൻ; പഠനത്തിലും ഉദ്യോഗത്തിലും ' എന്ന വാർത്തയിലൂടെ

മുഖ്യധാരാ മാദ്ധ്യമ നുണശാലകൾ നിർമ്മിച്ചെടുക്കുകയും വാട്സ്ആപ്പ് നുണ ശൃംഖലകളിലൂടെ വൈദ്യുത വേഗത്തിൽ പ്രസരിപ്പിക്കപ്പെടുകയും എന്നാൽ സോപ്പുകുമിളയെന്നോണം അൽപായുസ്സായി പൊട്ടിത്തകരുകയും ചെയ്ത വ്യാജ വാർത്തകൾ എന്തെല്ലാമായിരുന്നു? ഇപ്പോൾ മുഖ്യപ്രതിയായ സ്ത്രീ സർക്കാരിന്റെ ഐ.ടി.വകുപ്പിലെ ഉന്നത ഉദ്യോസ്ഥയായിരുന്നു. അവർ ഐ.ടി വകുപ്പിനു കീഴിൽ ഒരു സ്ഥാപനത്തിലെ ഒരു പ്രത്യേക പ്രോജക്ടിനായി ഉപകരാർ എടുത്ത കമ്പനി കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരിയാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ട യാഥാർത്ഥ്യമാണ്. അവരുടെ നിയമനം, യോഗ്യത എന്നിവ സംബന്ധിച്ച കേസിൽ കരാറും ഉപകരാറും എടുത്ത സ്ഥാപനങ്ങൾ പ്രതികളായതോടെ ‘ഐ.ടി.വകുപ്പിലെ ഉന്നത’ എന്ന കഥക്ക് പൂർണ വിരാമമായി. ഐ.എ.എസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നു എന്ന പ്രചാരണവും ചട്ടപ്രകാരം പഴുതടച്ച് സസ്പെൻറ്​ ചെയ്തതോടെ പരാജയപ്പെട്ടു. ഈ ഉദ്യോഗസ്ഥന് എങ്ങനെ രണ്ടു പ്രധാന പദവികൾ നൽകി എന്ന ചോദ്യങ്ങൾക്ക് സസ്പെൻഷനു ശേഷം മനോരമ തന്നെ ഉത്തരവും പറഞ്ഞു. ‘മിടുക്കൻ; പഠനത്തിലും ഉദ്യോഗത്തിലും ' എന്ന വാർത്തയിലുടെ മനോരമ സമ്മതിച്ചത് സർക്കാർ കാര്യക്ഷമതയും കഴിവും മാനദണ്ഡമാക്കി മാത്രമാണ് അദ്ദേഹത്തെ നിയമിച്ചത് എന്നാണ്. തെറ്റു ചെയ്തപ്പോൾ സംരക്ഷിച്ചതുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്​ വിളിച്ചു എന്ന ഗുരുതര ആരോപണം ആദ്യം ആഘോഷിച്ച മാദ്ധ്യമങ്ങൾക്ക് കസ്റ്റംസ് തന്നെ നിഷേധിച്ചതോടെ ഉത്തരം മുട്ടുകയും അതേക്കുറിച്ച് മിണ്ടാട്ടമില്ലാതാവുകയും ചെയ്തു. പ്രതികൾക്കുവേണ്ടി യഥാർത്ഥത്തിൽ കസ്റ്റംസിലേക്ക് വിളിച്ച് ഭീഷണി പ്പെടുത്തിയതിന്റെ പേരിൽ പത്ത് മണിക്കൂർ ചോദ്യം ചെയ്യപ്പെട്ട ഹരിരാജിന്റെ ബി.ജെ.പി. ബന്ധം "വിളിച്ചത് ഒരു ട്രേഡ് യൂണിയൻ നേതാവ്’ എന്ന അലസവും അനാഥവുമായ തലക്കെട്ടിലൊളിപ്പിച്ച് രക്ഷിക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങളുടെ കാപട്യം സാമുഹിക മാദ്ധ്യമങ്ങൾ പിച്ചിച്ചീന്തുകയും ചെയ്തു. മുഖ്യമന്ത്രിയെ സംശയമുനയിൽ നിർത്താൻ മൽസരിച്ച് വാർത്ത ചമച്ചുകൊണ്ടിരുന്ന മാദ്ധ്യമങ്ങൾ മുഖ്യമന്ത്രി തന്നെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ വെട്ടിലായി. അവർ ശരിക്കും കുഴിയിൽ വീണത് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമായതോടെയാണ്. സന്ദീപ് നായരുടെ ബി.ജെ.പി. ബന്ധവും റമീസിന്റെയും മുഹമ്മദ് ഷാഫിയുടേയും മറ്റും ലീഗ് ബന്ധവും മാദ്ധ്യമങ്ങൾ മുടി വെക്കാൻ മാത്രമല്ല ശ്രമിച്ചത്, സന്ദീപ് നായരെ സി.പി.എം ആക്കാൻ ജുഗുപ്സാവഹമായ നീക്കവുമുണ്ടായി. സാമൂഹിക മാദ്ധ്യമങ്ങൾക്കൊപ്പം 24 ന്യൂസും കൈരളി പീപ്പ്ൾ ചാനലും നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് ഏഷ്യാനെറ്റും മനോരമയും വീഡിയോ എഡിറ്റ് ചെയ്ത് സൃഷ്ടിച്ച തെറ്റായ വാർത്ത ലോകത്തിനു മുന്നിൽ തുറന്നു കാട്ടാനായത്.

സീ ന്യൂസ് ജെ.എൻ.യു.വിൽ കനയ്യകുമാറും കൂട്ടരും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന വ്യാജ വീഡിയോ നിർമ്മിച്ചതിന് സമാനമായിരുന്നു ഈ വാർത്തയും. സന്ദീപ് നായർ സി.പി.എം ആണെന്ന വസ്തുതാവിരുദ്ധത ഒരു പകൽ കഴിഞ്ഞപ്പോഴേക്കും മനോരമ ന്യൂസിന് തിരുത്തേണ്ടി വന്നു. സ്വമേധയാ അല്ല. രാത്രി ചർച്ചയിൽ പങ്കെടുത്ത പാർട്ടി പ്രതിനിധി ശക്തമായി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് മനോരമ തിരുത്തി ‘മാതൃക'യായത്. ഏഷ്യാനെറ്റാകട്ടെ തങ്ങൾ പ്രചരിപ്പിച്ച വാർത്തയിൽ രണ്ടു ദിവസം കടിച്ചുതൂങ്ങാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് ചീഫ് എഡിറ്റർ വന്ന് ‘സാങ്കേതിക പിഴവു' മൂലം പറ്റിയ തെറ്റാണെന്ന് വിശദീകരിച്ച് തടിയൂരിയത്. പാവപ്പെട്ട ഓമനക്കുട്ടനെ അഴിമതിക്കാരനായി ചിത്രീകരിച്ച ഏഷ്യാനെറ്റ്, മറ്റെല്ലാ മാദ്ധ്യമങ്ങളും ആപാതകത്തിൽ മാപ്പു പറഞ്ഞപ്പോൾ ഇന്നുവരെ അതിൽ തിരുത്തലിനോ ഖേദപ്രകടനത്തിനോ തയ്യാറായിട്ടില്ല എന്ന് മറന്നുകൂടാ. സി.സി.ടി.വി ദൃശ്യങ്ങൾ കസ്റ്റംസിന് പോലീസ് കൊടുത്തില്ല എന്നതുമുതൽ സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചുപോയതായി സർക്കാർ എൻ.ഐ.എയോട് പറഞ്ഞു എന്നുവരെയുള്ള കള്ളക്കഥകൾ മാദ്ധ്യമങ്ങൾ നിർമ്മിച്ചുവെങ്കിലും ഒരു ദിവസം പോലും ആയുസ്സില്ലാതെ അവ തകർന്നു പോയതും നാം കണ്ടു. കസ്റ്റംസും എൻ.ഐ.എ.യും അന്വേഷിക്കുന്ന കേസുകളിൽ സംസ്ഥാന പൊലീസ് അന്വേഷിക്കാത്തതിൽ ദുരുദ്ദേശ്യം ആരോപിക്കാനും മാദ്ധ്യമങ്ങൾ മുന്നിലുണ്ടായിരുന്നു.

ഏറ്റവുമൊടുവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് രോഗികളുടെ ‘ദുരിതം' സംബന്ധിച്ച വസ്തുതാവിരുദ്ധമായ വാർത്തയിലെ ഖേദപ്രകടനം വരെ എത്തി നിൽക്കുന്നു വാർത്താ കള്ളക്കടത്തിലെ കയ്യൊഴിയലുകൾ

നിയമപ്രകാരം ഒരിക്കലും അത് സാദ്ധ്യമാവില്ലെന്നറിഞ്ഞു കൊണ്ടുതന്നെ സർക്കാർ പ്രതികളെ സഹായിക്കുന്നു എന്ന്​ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ മാത്രമായിരുന്നു ഉദ്ദേശ്യം. നിയമമനുസരിച്ച് ഇത്തരം കേസുകളിൽ ആ ഏജൻസികൾ ആവശ്യപ്പെടുന്ന സഹായം ചെയ്യാൻ മാത്രമേ പോലീസിന് അധികാരമുള്ളൂ എന്നും അത് ആവശ്യപ്പെട്ടപ്പോഴെല്ലാം ചെയ്തിട്ടുണ്ട് എന്നതുമാണ് വാസ്തവം. ട്രിപ്പ്ൾ ലോക്ക്​ഡൗൺ ഉള്ളപ്പോഴാണ് പ്രതിയായ സ്ത്രീ തിരുവനന്തപുരത്ത് നിന്ന് രക്ഷപ്പെട്ടത് എന്ന വ്യാജവാർത്ത രണ്ടു ദിവസം ചർച്ചയാക്കിയ മാദ്ധ്യമങ്ങൾ, സ്വന്തം റിപ്പോർട്ടർമാർ തന്നെ അതിനെ നിഷേധിക്കുന്ന വാർത്തകൾ കൊടുത്ത കാര്യം ഒരു ചർച്ചയിൽ മറുപടിയായി ഈ ലേഖകൻ ചൂണ്ടിക്കാട്ടിയപ്പോൾ "ട്രിപ്പ്ൾ ലോക്ക്ഡൗൺ എന്ന വാദത്തിൽ ഞാൻ നിൽക്കുന്നതേയില്ല ശ്രീ.രാജേഷ്’ എന്ന് മലക്കം മറിഞ്ഞു. വ്യാജ കഥനങ്ങളുടെ കള്ളക്കടത്തുകൾ ഓരോന്നായി പിടിക്കപ്പെടുമ്പോൾ: ‘അത് എ​ന്റെതല്ല’ എന്ന കുറ്റവാളിയുടെ കയ്യൊഴിയലിന് സമാനമാണിത്. ഏറ്റവുമൊടുവിൽ കളമശ്ശേരി മെഡിക്കൽ

കോളേജിലെ കോവിഡ് രോഗികളുടെ ‘ദുരിതം' സംബന്ധിച്ച വസ്​തുതാവിരുദ്ധമായ വാർത്തയിലെ ഖേദപ്രകടനം വരെ എത്തി നിൽക്കുന്നു വാർത്താ കള്ളക്കടത്തിലെ കയ്യൊഴിയലുകൾ.

ഫോട്ടോയിലെ ഇരട്ടനീതി

മുഖ്യമന്ത്രിയും പ്രതിയായ സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്നും പഴയ സോളാറിന്റെ തനിയാവർത്തനമാണിതെന്നുമുള്ള പ്രതീതി നിർമ്മിക്കാൻ തുടക്കം മുതൽ ആസൂത്രിതവും അതിസൂക്ഷ്മവുമായ മാദ്ധ്യമ കരുനീക്കങ്ങളുണ്ടായി. ഉമ്മൻ ചാണ്ടിയുടെ കാതിൽ സ്വകാര്യം പറഞ്ഞ സോളാർ കേസ് പ്രതിയായ സ്ത്രീയുടെ ചിത്രം ഇവിടെയും പുനഃസൃഷ്ടിക്കലായിരുന്നു പദ്ധതി.അതിനായി മുഖ്യമന്ത്രിയും സ്പീക്കറും യു.എ.ഇ കോൺസുലേറ്റിലെ ഔദ്യോഗിക ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥ എന്ന നിലയിൽ ഇപ്പോഴത്തെ പ്രതി സന്നിഹിതയായിരുന്ന ഫോട്ടോ ചുവന്ന വൃത്തത്തിനകത്താക്കിയാണ് മനോരമ തുടർച്ചയായി ഉപയോഗിച്ചത്. ടെലിവിഷൻ സ്ക്രീനുകളിലും ഇത് നിരന്തരം പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. ഉമ്മൻചാണ്ടിയുടെ ഫോട്ടോയും ഇങ്ങനെ കാണിച്ചിട്ടുണ്ടല്ലോ എന്നാണ് രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടില്ലെന്ന് നടിച്ച് മനോരമയും മറ്റും നിഷ്കളങ്ക നാട്യത്തിൽ ന്യായീകരിക്കുന്നത്. മനോരമ ഉമ്മൻ ചാണ്ടിയുടെ ആ ഫോട്ടോ ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ല എന്നോർക്കണം. മാത്രമല്ല സോളാർ ജുഡീഷ്യൽ കമ്മീഷന്റെ മുമ്പിൽ ഒരു രാവും പകലും വിസ്തരിക്കപ്പെട്ടിട്ടും ‘ഉന്മേഷം മായാതെ ഉമ്മൻ ചാണ്ടി ' എന്ന് പ്രാസമൊപ്പിച്ച് വെള്ളപൂശിയ പത്രവുമാണത്. ഇത്തവണ കോൺസുലേറ്റിലെ ഇഫ്താർ വിരുന്നിലും പിന്നീട് പ്രതിപക്ഷ നേതാവ് ആതിഥേയത്വം വഹിച്ച ഇഫ്ത്താറിലും രമേശ് ചെന്നിത്തലക്കൊപ്പം ഈ സ്ത്രീയുണ്ടായതിന്റെ ഫോട്ടോയും പത്രങ്ങൾ കണ്ടില്ലെന്ന് നടിച്ചു.

മനോരമ ഉമ്മൻ ചാണ്ടിയുടെ ആ ഫോട്ടോ ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ല എന്നോർക്കണം. മാത്രമല്ല സോളാർ ജുഡീഷ്യൽ കമ്മീഷന്റെ മുമ്പിൽ ഒരു രാവും പകലും വിസ്തരിക്കപ്പെട്ടിട്ടും ‘ഉന്മേഷം മായാതെ ഉമ്മൻ ചാണ്ടി ' എന്ന് പ്രാസമൊപ്പിച്ച് വെള്ളപൂശിയ പത്രവുമാണത്

മാത്രമല്ല മുഖ്യപ്രതി സന്ദീപ് നായർ ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരനെ ആശ്ലേഷിച്ച് നിൽക്കുന്നതും ബി.ജെ.പി.ജനറൽ സെക്രട്ടറി എ. എൻ.രാധാകൃഷ്ണൻ വേറൊരു പ്രതി ഷാഫിക്കൊപ്പം നിൽക്കുന്നതുമായ ഫോട്ടോകളൊന്നും മാദ്ധ്യമങ്ങൾക്ക് വിഷയമായില്ല. ചില മാദ്ധ്യമപ്രവർത്തകരും പ്രതികളുമായുള്ള ഫോട്ടോകളും "ഒരു ഫോട്ടോയിൽ എന്തിരിക്കുന്നു?’ എന്ന മട്ടിൽ എഴുതി തള്ളുകയായിരുന്നു മാദ്ധ്യമങ്ങൾ.

എന്നാൽ സ്പീക്കറുടെ കട ഉൽഘാടനത്തിന്റെയും മറ്റും പൊതുചടങ്ങിലെ ഫോട്ടോകളും ദുസ്സൂചനയോടെയും ദ്വയാർത്ഥത്തോടെയും ആവർത്തിച്ച് ഉപയോഗിക്കപ്പെട്ടു. എന്നാൽ കേസിലുൾപ്പെട്ട ഒരു പ്രതിയുടെ സ്വർണ്ണക്കട ഉദ്ഘാടനം ചെയ്ത മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്റെ ഫോട്ടോ മാദ്ധ്യമങ്ങളുടെ കണ്ണിൽ പെട്ടതേയില്ല. ഇതിനു പുറമേ ഒരു പത്രവും ജയ്ഹിന്ദ് ചാനലും മുഖ്യമന്ത്രിയുടെ ഈ സ്ത്രീയോടൊപ്പമുള്ളതെന്ന വ്യാജേന ഒരു ഫോട്ടോയും വീഡിയോയും മോർഫ് ചെയ്തു പ്രസിദ്ധീകരിക്കുന്നിടത്തോളം മാദ്ധ്യമങ്ങൾ അധ:പതിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ വരെ കൃത്രിമമായി ഈ പ്രതിയുടെ തല വെട്ടിയെടുത്ത് ഒട്ടിച്ചുചേർത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതൊന്നും ഒരു മാദ്ധ്യമത്തിനും അധാർമ്മികമായി തോന്നിയില്ല. വാർത്തയോ വിമർശനങ്ങളോ ഉണ്ടായില്ല. അതായത്, സി.പി.എം കാരെ കുറ്റക്കാരെന്നു വിധിക്കാൻ ഉപയോഗിക്കുന്ന ഫോട്ടോ തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ മാദ്ധ്യമങ്ങൾക്ക് നിരുപദ്രവകരമായി തോന്നിയത് എന്തുകൊണ്ടാവാം?.

കള്ളക്കടത്ത് ചർച്ചയിലെ കള്ളക്കടത്ത്

തുടർച്ചയായി നടക്കുന്ന ചർച്ചകളിൽ ഇതുവരെ കള്ളക്കടത്തിനെക്കുറിച്ച് ചർച്ച ചെയ്തതേയില്ല എന്ന് തിരിച്ചറിയണം. ചർച്ച മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് മാത്രമായിരുന്നു. അതിനു പുറത്തേക്ക്, കള്ളക്കടത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ഒരിക്കലും ചർച്ച എത്താതിരിക്കാനുള്ള കരുതലും ജാഗ്രതയും മാദ്ധ്യമങ്ങൾ പുലർത്തുകയും ചെയ്തു. അധികാരത്തിലുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്നൊക്കെ മേനി പറയുന്ന ചീഫ് എഡിറ്റർമാരുടെ സ്ഥാപനം ഉൾപ്പെടെ ആരും കള്ളക്കടത്തു തടയുന്നതിലുണ്ടായ കേന്ദ്ര സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് ഉയർത്തേണ്ട കാതലായ ഒരൊറ്റ ചോദ്യം പോലും കേന്ദ്രത്തോട് / ബി.ജെ.പി.യോട് ഇതുവരെ ചോദിച്ചില്ല എന്നു മറക്കരുത്. ഒരു വർഷം മുമ്പ്​ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടു വരെ സ്വർണ്ണക്കടത്തിന് അറസ്റ്റിലായിട്ടും അവിടെ കടത്ത് തുടർന്നും നിർബാധം നടന്നു വന്നത് കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ഗുരുതര വീഴ്ചയല്ലേ? നയതന്ത്ര ചാനലിലൂടെ ഒരു വർഷമായി സ്വർണ്ണം കടത്തുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ്, കേന്ദ്ര ഐ.ബി, റോ എന്നീ ഏജൻസികളുടെ വീഴ്ചയെക്കുറിച്ച് ചോദ്യമുണ്ടായോ? വിദേശ കോൺസുലേറ്റുകളിലെ നയതന്ത്ര ഉദ്യോഗസ്ഥർ റോയുടേയും മറ്റും നിരീക്ഷണത്തിലുള്ളവരാണെന്നിരിക്കേ അവർ ഇന്നാട്ടുകാരുമായി ഫോണിലും നേരിട്ടുമെല്ലാം നിരന്തര ബന്ധം പുലർത്തിയതൊന്നും വിഖ്യാത കേന്ദ്ര ഏജൻസികൾക്ക് കണ്ടെത്താനാവാതെ പോയതിന് എന്തു വിശദീകരണം? സംശയമുനയിൽ നിൽക്കുന്ന അറ്റാഷേ അപ്രത്യക്ഷമായതിൽ കേന്ദ്രം പ്രതികരണം പോലും നടത്താത്തത് എന്ത് ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ്? രാജ്യദ്രോഹ ബന്ധങ്ങൾ ആരോപിക്കപ്പെടുന്ന കേസിൽ നാടുവിട്ടയാളെ തിരിച്ചെത്തിക്കാൻ ഇതുസംബന്ധിച്ച ഇന്ത്യാ-യു.എ.ഇ. ഉഭയകക്ഷി കരാർ കേന്ദ്ര സർക്കാർ ഉപയോഗിക്കുമോ? കള്ളക്കടത്തും സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വളരെ ഉയർത്തി നിർത്തുന്ന കേന്ദ്ര സർക്കാർ നടപടിയും തമ്മിലുള്ള ബന്ധമെന്താണ്? ഇന്ത്യയിലേക്കാകെ വരുന്ന സ്വർണ്ണത്തിന്റെ വലിയ പങ്ക് കള്ളക്കടത്തിലുടെയാവുന്നത് എന്തുകൊണ്ട്? അതിൽ വെറും 10 ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നത് ആരുടെ വീഴ്ച? ഗുജറാത്തിലേയും മുംബൈയിലേയും തുറമുഖങ്ങളും നേപ്പാൾ അതിർത്തിയും ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്തിന്റെ പ്രധാന കവാടങ്ങളാവുന്നത് എന്തുകൊണ്ട്? 2019 നവാബർ 6ന് കേന്ദ്ര സർക്കാറിന്റെ ഡി.ആർ.ഐ. മുംബൈ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളെക്കുറിച്ചെന്തേ മിണ്ടാട്ടമില്ല? രണ്ടു വർഷത്തിനകം 1482 കോടി രൂപ വിലമതിക്കുന്ന 4152 കിലോ കള്ളക്കടത്ത്​ സ്വർണ്ണം ഗുജറാത്ത്, മുംബൈ തുറമുഖങ്ങളിൽ പിടിച്ചു എന്ന് ഡി.ആർ.ഐ വ്യക്തമാക്കിയ കേസിൽ എന്തുകൊണ്ട് എൻ.ഐ.എ യെ നിയോഗിച്ചില്ല? എന്തുകൊണ്ട് യു.എ.പി.എ ഇല്ല ?

അധികാരത്തിലുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്നൊക്കെ മേനി പറയുന്ന ചീഫ് എഡിറ്റർമാരുടെ സ്ഥാപനം ഉൾപ്പെടെ ആരും കള്ളക്കടത്തു തടയുന്നതിലുണ്ടായ കേന്ദ്ര സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് കാതലായ ഒരൊറ്റ ചോദ്യം പോലും ചോദിച്ചില്ല

30 കിലോ സ്വർണ്ണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കുന്നതിനേക്കാൾ എത്ര വലുതായിരിക്കും 4152 കിലോ സ്വർണ്ണം അതിന് ഉയർത്തുന്ന ഭീഷണി? കേരള മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതുപോലെ എന്തുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല? രാജ്യസുരക്ഷയിൽ ഗുജറാത്ത് മുഖ്യമന്ത്രിക്ക് ഉത്കണ്ഠ തീരെയില്ലെന്നാണോ? 4152 കിലോ കടത്തിയ കേസിലെ പ്രതി ഋതുഗ്​ന്നൻ ത്രിവേദി അവിടുത്തെ സന്ദീപ് നായരാണോ? ഈ ചോദ്യങ്ങളെല്ലാം കേന്ദ്രം/ബി.ജെ.പി.യോടാണ് ഉയർത്തേണ്ടത് .ഒരിക്കൽ പോലും അവ ഉയർത്തിയില്ലെന്നു മാത്രമല്ല ഇക്കാര്യത്തിൽമുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തേക്ക് ഒരു ചോദ്യവും നീളരുതെന്ന നിർബന്ധ ബുദ്ധിയുടെ തടവുകാരായിട്ടാണ് മാദ്ധ്യമങ്ങളും അവതാരകരും പ്രവർത്തിച്ചത്. ആരാണ് ഇവരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇവർക്കായി ചോദ്യങ്ങൾ തയ്യാറാക്കുന്നതും ഇവരെ ഉപയോഗിച്ച് നിരന്തരം വ്യാജ വാർത്തകൾ നിർമ്മിക്കുന്നവരുമായ അദൃശ്യ ശക്തികൾ? അവർ പരസ്യത്തിന്റെ രൂപത്തിലും പ്രായോജകരുടെ വേഷത്തിലും മാനായും മാരീചനായുമെത്തുന്ന മൂലധനവും വിലക്കിന്റെയും ഭീഷണിയുടേയും ചാട്ടവാറുമായെത്തുന്ന ഫാസിസ്റ്റ് അധികാരവുമൊക്കെയാണ്. അതിനെ കൂസാത്ത സത്യാന്വേഷണമായി മാദ്ധ്യമപ്രവർത്തനത്തെ കാണാൻ കരുത്തുള്ളവർക്കു മാത്രമേ മുകളിലുന്നയിച്ച ചോദ്യങ്ങളുയർത്താനാവൂ.

മൂലധനത്തിന്റെയും അധികാരത്തിന്റെയും ദല്ലാൾ പ്രവർത്തനമായും അധികാര വിലക്കുകൾക്കു മുന്നിൽ മുട്ടിലിഴയുകയും ചെയ്യുന്നവർക്ക് ഫാസിസ്റ്റ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന ആ ചോദ്യങ്ങളൊന്നും ഉയർത്താൻ നാവു പൊങ്ങില്ല. അവർക്ക് കരണീയമായിട്ടുള്ളത് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരന്റെ മുന്നിൽ ഭവ്യതയോടെ ചോദ്യങ്ങൾ ചോദിച്ച് അയാൾക്ക് സ്വയം പുണ്യവാളൻ ചമയാൻ ടെലിവിഷൻ ഇടം ഒരുക്കിക്കൊടുക്കുക, അയാളെ ഇരയായി ചിത്രീകരിച്ച് ഫേസ് ബുക്ക് പോസ്റ്റിടുക, ശരിയായ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ മൈക്രോഫോൺ ഓഫ് ചെയ്ത് നിശ്ശബ്ദരാക്കാൻ നോക്കുക തുടങ്ങിയ കലാപരിപാടികളാണ്. രക്ഷപ്പെടും മുമ്പുള്ള അവസാന കോൾ വിളിക്കാൻ മാത്രമുള്ള വിശ്വാസവും ആശ്രിതത്വവും പ്രതി ചാനൽ മേധാവികളുമായി പുലർത്തുമ്പോൾ അവരിൽ നിന്ന് എങ്ങിനെയാണ് ശരിയായ ചോദ്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാനാവുക?

അരക്കിട്ടുറപ്പിച്ച ഏകപക്ഷീയത

ടെലിവിഷൻ ചർച്ചകളിൽ അരോചകമായി മാറിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധതയും ആക്രോശ മേധാവിത്വവും നുണഘോഷയാത്രകളും നഗ്നമായ മുൻവിധികളും സ്വേഛാപരമായ വിധിതീർപ്പുകളും അതിന്റെ ഏറ്റവും ജീർണ്ണഭാവത്തിൽ പ്രകടമായ ചർച്ചകളായിരുന്നു സ്വർണ്ണ കള്ളക്കടത്ത് കാലത്ത് കണ്ടത്. ഇടതു പക്ഷ/ സർക്കാർ വിരുദ്ധ ആഖ്യാനം നിർമ്മിച്ചെടുക്കുകയും ജനമനസ്റ്റിലേക്ക് വിക്ഷേപിക്കുകയും സമൂഹത്തിൽ ആവർത്തിച്ചുറപ്പിക്കുകയും ചെയ്യാനുള്ള യുദ്ധമുറികളാക്കി ന്യുസ് റൂമുകളെ മാറ്റി. നിശാചർച്ചാവേദികൾ അതിനായി കൃത്യമായ ആസൂത്രണത്തോടെ ദുരുപയോഗിക്കപ്പെട്ടു. അവതാരകൻ ഉൾപ്പെടെ 4:1 എന്ന സർക്കാർ വിരുദ്ധ അനുപാതം നിർബന്ധബുദ്ധിയോടെ നടപ്പിലാക്കി തുടക്കം മുതൽ ഏകപക്ഷീയത ഉറപ്പാക്കി. ആദ്യഘട്ടം ഇതുറപ്പു വരുത്താൻ പാനലിൽ 2 യു.ഡി.എഫ്, 1 ബി.ജെ.പി, 1 സി.പി.എം എന്നിങ്ങനെയാണ് വക്താക്കളെ ഉൾപ്പെടുത്തിയത്.

പ്രശ്നാധിഷ്ഠിത വിമർശനമല്ല, സർക്കാറിനെതിരായ ചാവേറാക്രമണ സന്നദ്ധത മാത്രമാണ് പാനലിലെ സ്ഥിരാംഗത്വത്തിന് ചാനലുകൾ നിശ്ചയിച്ച പ്രധാന യോഗ്യത

രണ്ടാം ഘട്ടമായപ്പോൾ ഒരു യു.ഡി.എഫ്, പിന്നെ സർക്കാർ വിരുദ്ധ നിലപാടുള്ളയാളെന്ന് ഉറപ്പുള്ള ഒരു നിരീക്ഷകൻ എന്ന നിലയിൽ പാനൽ ഘടന മാറ്റി. സർക്കാരിനെ പ്രശ്നാധിഷ്ഠിതമായി പിന്തുണക്കുകയും വിമർശിക്കുകയും ചെയ്യുന്ന സ്വതന്ത്ര നിരീക്ഷകരെയൊന്നും അടുപ്പിച്ചതേയില്ല. അതിരപ്പള്ളി, സ്പ്രിങ്ക്ളർ കേസുകളിൽ സർക്കാർ വിരുദ്ധ നിലപാടിനൊപ്പമായിരുന്നപ്പോൾ അഡ്വ. ഹരീഷ് വാസുദേവൻ ചാനൽ ചർച്ചകളിൽ പതിവ് ക്ഷണിതാവായിരുന്നു. ഈ പ്രശ്നത്തിൽ അദ്ദേഹം തുടക്കത്തിലേ സർക്കാർ വിരുദ്ധ പ്രചാരണത്തിനെതിരായി നിലകൊണ്ടപ്പോൾ ചർച്ചകളിൽ നിന്ന് ഒഴിവാക്കി നിർത്തി. അതുപോലെ സർക്കാരിനെ വിമർശിക്കുന്ന വിഷയങ്ങളിലെല്ലാം ചാനലുകൾ ചർച്ചയ്ക്ക് ക്ഷണിക്കുന്ന പത്രപ്രവർത്തകൻ കെ.ജെ.ജേക്കബിനും ഈ ചർച്ചകളിൽ ഇടം കൊടുത്തില്ല. പ്രശ്നാധിഷ്ഠിത വിമർശനമല്ല, സർക്കാറിനെതിരായ ചാവേറാക്രമണ സന്നദ്ധത മാത്രമാണ് പാനലിലെ സ്ഥിരാംഗത്വത്തിന് ചാനലുകൾ നിശ്ചയിച്ച പ്രധാന യോഗ്യത. സർക്കാരിനെ എതിർക്കുക എന്നത് പാനലിൽ നിരീക്ഷക / വിദഗ്ദ്ധ പദവിയിലേക്ക് താൽക്കാലിക പരിഗണനക്കു പോലുമുള്ള ചുരുങ്ങിയ യോഗ്യതയായി നിജപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ മാനങ്ങളുള്ള വിഷയമായിട്ടും ചർച്ചകളിൽ ആദ്യഘട്ടത്തിൽ അഭിഭാഷകരെ ആരേയും ഉൾപ്പെടുത്തിയിരുന്നില്ലെന്നത് ശ്രദ്ധിക്കുക. പ്രത്യേകിച്ച് കസ്റ്റംസ്, എൻ.ഐ.എ.കേസുകളിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സാന്നിദ്ധ്യം ചർച്ചയെ കൂടുതൽ വ്യക്തതയുള്ളതാക്കാൻ സഹായിക്കുമായിരുന്നിട്ടും. ഇല്ലാത്തതിന്റെ കാരണം മാദ്ധ്യമങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സർക്കാർ വിരുദ്ധ ആഖ്യാനത്തിന്റെ നിയമപരമായ അടിത്തറയും യുക്തിപരതയും തുടക്കത്തിലേ തകരും എന്നതായിരുന്നു. ആദ്യഘട്ടത്തിൽ ചില വിരമിച്ച കസ്റ്റംസ് ഓഫീസർമാരുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെതിരായി കള്ളക്കടത്തിന്റെ പേരിൽ ഉയർത്തുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വസ്തുത അവർ സംശയാതീതമായി ചർച്ചകളിൽ വ്യക്തമാക്കുകയുണ്ടായി. അവതാരകർ അവരിൽ നിന്ന് ബോധപൂർവ്വം വ്യക്തത തേടാതിരുന്ന കാര്യം സി.പി.എം പ്രതിനിധികളാണ് അവരിൽ നിന്ന് ചോദിച്ച് പ്രേക്ഷകർക്ക് വ്യക്തത വരുത്തിക്കൊടുത്തത്. അതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്നവർക്ക് പാനലിൽ ഇടമില്ലാതായി. രണ്ടാം ഘട്ടമായപ്പോൾ ചില അഭിഭാഷകർ ചർച്ചകളിലേക്ക് ക്ഷണിക്കപ്പെട്ടു. ഒരാൾ മുസ്ലീംലീഗിന്റെ അഭിഭാഷക സംഘടനയുടെ അദ്ധ്യക്ഷൻ. അദ്ദേഹം പക്ഷേ സ്വന്തം രാഷ്ട്രീയം വ്യക്തമാക്കാനും അത് തന്റെ അഭിപ്രായങ്ങളിൽ പ്രതിഫലിക്കുമെന്ന് അംഗീകരിക്കാനുമുള്ള സത്യസന്ധത കാണിച്ചു. രണ്ടാമത്തെയാൾ സുപ്രീം കോടതിയിലെ അഭിഭാഷകൻ. അദ്ദേഹം ഈ കേസിന്റെ തുടക്കത്തിൽ തന്നെ സർക്കാരിനെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട് നിലപാട് വ്യക്തമാക്കിയതാണ്, അവതാരകർ അദ്ദേഹത്തെ ഈ ചർച്ചകൾക്ക് ക്ഷണിക്കാൻ കാരണമായതെന്ന് ഉറപ്പ്. ഈ അഭിഭാഷകനാവട്ടെ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ കാര്യത്തിൽ സർക്കാർ ചെയ്തത് നിയമപരമായി ശരിയാണെന്ന് അംഗീകരിക്കുകയും എന്നിട്ടും താൻ സർക്കാരിനെ വിമർശിക്കുന്നത് താൻ എന്നും വിമർശക പക്ഷത്തു മാത്രം നിൽക്കാൻ

കെ.എസ്.യു.നേതാവും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം ആസുത്രണ ബോർഡംഗമാവുകയും ചെയ്യുന്നയാളും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനസമാഹരണം നേതൃത്വം കൊടുത്തയാളുമെല്ലാം സ്റ്റുഡിയോകളിലെത്തുമ്പോൾ മാത്രം നിഷ്പക്ഷ നിരീക്ഷകരാവുന്നു

ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നുമാണ് പറഞ്ഞത്. അതായത് വിമർശനത്തിന്റെ അടിസ്ഥാനം രാഷ്ട്രീയമാണെന്നാണ് അദ്ദേഹം തന്നെ സമ്മതിക്കുന്നത്. മറ്റ് ‘നിരീക്ഷകരാ 'കട്ടെ ഇത്രയും സത്യസന്ധത പുലർത്താത്തവരും അന്ധമായ ഇടതുപക്ഷ വിരോധം പ്രത്യക്ഷത്തിൽ തന്നെ പ്രകടമാക്കുന്നവരും എന്നിട്ടും നിഷ്പക്ഷതയുടെ കപടനാട്യം പുലർത്തുന്നവരുമാണ്. അവരുടെ രാഷ്ട്രീയബന്ധങ്ങൾ നോക്കൂ; ഒരാൾ കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ മന്ത്രിയായപ്പോൾ പഴ്സണൽ സ്റ്റാഫിലംഗമായിരുന്ന വിശ്വസ്തൻ. വേറൊരാൾ ആം ആദ്മി പാർട്ടി നേതാവ്... എന്നിട്ട് നിഷ്​പക്ഷ നിരീക്ഷകന്റെ വ്യാജ മേൽവിലാസത്തിൽ രാഷ്ട്രീയ ആൾമാറാട്ടത്തിന് മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുകയും ചെയ്യുന്നു. പഠിക്കുന്ന കാലം മുതൽ കെ.എസ്.യു.നേതാവും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം ആസുത്രണ ബോർഡംഗമാവുകയും ചെയ്യുന്നയാളും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനസമാഹരണം നേതൃത്വം കൊടുത്തയാളുമെല്ലാം സ്റ്റുഡിയോകളിലെത്തുമ്പോൾ മാത്രം നിഷ്പക്ഷ നിരീക്ഷകരാവുന്നു. ബി.ജെ പി.യിൽ അംഗത്വമെടുത്ത മുൻ അംബാസഡറും സൈനിക ഓഫീസറുമെല്ലാം പറയുന്ന അഭിപ്രായങ്ങളും നിക്ഷ്പക്ഷമെന്ന വ്യാജേന മാദ്ധ്യമങ്ങൾ നമ്മുടെ സ്വീകരണ മുറികളിലേക്ക് ഒളിച്ചുകടത്തുന്നു, കള്ളക്കടത്തുകാർ സ്വർണ്ണം കടത്തുന്ന അതേ കള്ളക്കൗശലത്തോടെ. ഇന്ന് കടുത്ത സി.പി.എം വിരോധം പുലർത്തുന്ന ഒരാളെ മുമ്പ്​ മുഖ്യമന്ത്രിയുടെ ഐ ടി. ഉപദേഷ്ടാവെന്ന ഔദ്യോഗിക പദവി വഹിച്ചതിന്റെ പേരിൽ സർക്കാർ വിമർശനത്തിനുള്ള സ്ഥിരം ക്ഷണിതാവിക്കുന്നതും നിഷ്പക്ഷനെന്ന നിലയിലാവുമ്പോൾ ചോദ്യം ചെയ്യാതെ തരമില്ല. ഇങ്ങനെ പ്രമുഖരായ സ്ഥിരം നിരീക്ഷകർ കഴിഞ്ഞാൽ മുട്ടുശാന്തിക്കാരായി തരാതരം പോലെ അപ്പപ്പോൾ ആവശ്യമായ നിരീക്ഷക / വിദഗ്ദ്ധ പട്ടം ചാർത്തിക്കൊടുത്ത വതരിപ്പിക്കുന്നവരും ഇടതു വിരുദ്ധർ തന്നെ. വിഷയം/ വേഷം ഏതായാലും ചെയ്യാൻ തയ്യാർ എന്ന മട്ടിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളെപ്പോലുള്ള ആ ചെറുകിട നിരീക്ഷകരുടെ കാര്യം തൽക്കാലം വിടാം. ചെറുതോ വലുതോ ആവട്ടെ ആസ്ഥാന നിരീക്ഷക സദസ്സിൽ അംഗത്വത്തിന്റെ ഏക മാനദണ്ഡം ഇടതുപക്ഷ വിരുദ്ധത മാത്രമാകുന്നതിനെ തുറന്നു കാണിക്കാതെ വയ്യ. ഏഷ്യാനെറ്റ് ചീഫ് എഡിറ്ററുടെ "അതൊന്നും ബോധപൂർവ്വമല്ല’ എന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണം ചിന്തിക്കുന്നവർക്കാർക്കും വിഴുങ്ങാനാവില്ല.

ന്യൂസ് റൂമിലെ വരേണ്യ ഗർജ്ജനങ്ങൾ

ആക്രമണോത്സുകതയും ആക്രോശങ്ങളും തടസ്സപ്പെടുത്തലും പരിഹാസവും വ്യക്ത്യധിക്ഷേപവും ദുസ്സൂചനകളും പല അവതാരകരുടേയും തന്നെ ആയുധങ്ങളായി മാറുമ്പോൾ സംവാദ മര്യാദകളുടെ ബാലപാഠങ്ങൾ തന്നെ ലംഘിക്കപ്പെടുന്നു. ക്രിക്കറ്റ് ഫീൽഡിലും ഫുട്ബാൾ ഗ്രൗണ്ടിലുമെല്ലാം എതിരാളിയെ അധിക്ഷേപിക്കുന്നതാണ് ആക്രമണോത്സുകതയും മാനസികാധിപത്യം സ്ഥാപിക്കാനുള്ള മാർഗ്ഗങ്ങളെന്നും കരുതുന്ന ചില കളിക്കാരെപ്പോലെയാണ് പല അവതാരകരും പെരുമാറുന്നത്. അവർ സ്വന്തം ദൗത്യം മറന്നവരോ മറ്റു താൽപര്യങ്ങൾക്ക് കീഴ്‌പ്പെട്ടവരോ ആണ്. ഹിംസാത്മകമായ ആക്രമണത്വര പ്രകടിപ്പിക്കുന്നതിലൂടെ മാത്രമേ തന്റെ സാന്നിദ്ധ്യവും സംഭാവനയും അടയാളപ്പെടുത്താനാവു എന്ന് തോന്നുന്ന അവതാരകർ സ്വയം വിമർശനം നടത്തണം എന്നു മാത്രം പറയട്ടെ. അവതാരകർ / സംവാദകർ തീർപ്പു കൽപ്പിക്കേണ്ടവരല്ല. സംവാദകന് വസ്തുതകളും വീക്ഷണങ്ങളും വാദമുഖങ്ങളും നിലപാടുകളും അവതരിപ്പിക്കാനുള്ള ഫെസിലിറ്റേറ്ററുടെ റോളാണ് അവതാരകർക്കുള്ളത്. അതിനാവശ്യമായ ചോദ്യങ്ങൾ / വിശദീകരണങ്ങൾ എന്നിവയാണ് തേടേണ്ടത്.

"പ്യൂണായിരിക്കാൻ പോലും യോഗ്യതയില്ലാത്തയാൾ സ്പീക്കറായിരിക്കുന്നു’ എന്ന ഞെട്ടിക്കുന്ന വരേണ്യ ധാർഷ്ട്യത്തിന്റെ നിന്ദാഗർജനം നമ്മുടെ ന്യൂസ് റൂമുകളിൽ നിന്നുയരുന്നു

അല്ലാതെ താൻ പ്രത്യേക ലക്ഷ്യത്തോടെ മുൻകൂട്ടി തയ്യാറാക്കി വെച്ച ഉത്തരം സമ്മതിച്ചു തരും വരെ പോലീസ് മുറയിൽ ചോദ്യം ചെയ്യുന്ന മുഷ്ക്കിന് സംവാദം എന്ന പേര് ചേരില്ല. സംവാദ വേദിയിൽ സത്യാന്വോഷണത്തിന് വഴിയൊരുക്കാനാണ്, അല്ലാതെ അന്തിമ സത്യം ഞാൻ പ്രഖ്യാപിക്കുന്നതാണ് എന്ന അപ്രമാദിത്വ പദവിയിൽ സ്വയം പ്രതിഷ്ഠിക്കാനല്ല അവതാരകർ ശ്രമിക്കേണ്ടത്.

സ്റ്റുഡിയോയുടെ നിയന്ത്രണവും അവതാരകൻ എന്ന പദവിയും നൽകുന്ന സവിശേഷാധികാരം എന്തും ചെയ്യാനും പറയാനുമുള്ള സർവ്വാധികാരമെന്ന മട്ടിൽ പല അവതാരകരും കയ്യാളുന്നത് അവരവരിലുള്ള ജനാധിപത്യ ബോധത്തിന്റെ പോഷകാഹാരക്കുറവുമൂലമാണ്. അതുകൊണ്ടാണ് ആരെക്കുറിച്ചും എന്തും പറയാൻ അധികാരമുള്ളവരാണ് തങ്ങളെന്ന്, സ്റ്റേഷനിൽ വരുന്ന ഏതൊരാളോടും അധികാര ഭാവത്തിൽ പെരുമാറുന്ന ചില പോലീസുകാരെപ്പോലെ സ്റ്റുഡിയോയിലിരിക്കുന്ന അവതാരകർക്ക് തോന്നുന്നത്. അതുകൊണ്ടാണ് "പ്യൂണായിരിക്കാൻ പോലും യോഗ്യതയില്ലാത്തയാൾ സ്പീക്കറായിരിക്കുന്നു’ എന്ന ഞെട്ടിക്കുന്ന വരേണ്യ ധാർഷ്ട്യത്തിന്റെ നിന്ദാഗർജനം നമ്മുടെ ന്യൂസ് റൂമുകളിൽ നിന്നുയരുന്നത്. എന്നാൽ കേരളത്തിലെ ഒന്നിലേറെ ജനപ്രതിനിധികളുടെ പേരിൽ അവർ തന്നെ പത്രപ്പരസ്യത്തിലൂടെ വെളിപ്പെടുത്തിയതനുസരിച്ച് ഐ.പി.സി. 376 അനുസരിച്ചുള്ള ഗുരുതര കേസുണ്ട്. അവരുടെ യോഗ്യതയെക്കുറിച്ച് സമാനമായ വിധി പ്രസ്താവമോ രോഷപ്രകടനമോ ഉണ്ടാവാത്തതിന്റെ കാരണം രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? ഒരു പൊതുചടങ്ങിൽ, ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന്​ ആർക്കും അന്ന് സംശയില്ലാതിരുന്ന, പരിചയമുള്ള ഒരു സ്ത്രീയോട് സൗഹൃദത്തോടെ ഇടപെട്ടതിന് അന്ന് അവിടെ ആർക്കും തോന്നാത്ത ദുസ്സൂചന ഇപ്പോൾ കൽപിച്ചു കൊടുക്കുന്ന മാദ്ധ്യമപ്രവർത്തനത്തിലടങ്ങിയ സദാചാര വൈകൃതവും ഒളിഞ്ഞുനോട്ടവും മനംപുരട്ടൽ ഉളവാക്കുന്നതല്ലേ? അവതാരകർ ഭാഷയിലും ശരീരഭാഷയിലുമെല്ലാം പുലർത്തുന്ന പുച്ഛ​വും മുകളിൽ പറഞ്ഞതുപോലുള്ള അധിക്ഷേപങ്ങളുമൊക്കെയല്ലേ പ്രാകൃതം എന്ന് വിവേകമതികളായ പത്രാധിപൻമാർ ആത്മപരിശോധന നടത്തേണ്ടത്​? സ്റ്റുഡിയോയുടേയും മൈക്രോഫോണിന്റെയും നിയന്ത്രണം ഉപയോഗിച്ച് തങ്ങൾക്കിഷ്ടപ്പെടാത്ത വാദമുഖങ്ങളെ നിരന്തരം ( 17, 18 തവണ ) തടസ്സപ്പെടുത്തുന്നതും ഇടതുപക്ഷ വക്താവിന്റെ മാത്രം മൈക്രോഫോണിന്റെ മാത്രം ശബ്ദം താഴ്ത്തിവെക്കുന്നതും അവരുടെ മൈക്രോഫോൺ തന്നെ ഓഫാക്കുന്നതുമൊക്കെയല്ലേ യാർത്ഥത്തിൽ ജനാധിപത്യവിരുദ്ധത? നാല് പേരെ ചുറ്റുമിരുത്തി പത്മവ്യൂഹമൊരുക്കിയ ശേഷം മൈക്ക് ഓഫ് ചെയ്യുന്നതു പോലുള്ള ചതിപ്രയോഗങ്ങളല്ലേ തിരുത്തേണ്ട അധാർമ്മികത ? എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ മാത്രമാണ് ഉത്തരം പറയേണ്ടതെന്ന് പറയുകയും എന്നാൽ അതിന് സമയം കേക്ക് മുറിച്ചു തരുന്നതുപോലെ നൽകാനൊന്നും കഴിയില്ല എന്നു പറയുന്നത് എന്ത് സംവാദ മര്യാദയാണ്? ഇതെല്ലാമായിട്ടും ഞങ്ങൾ മാത്രമാണ് സംവാദത്തിന്റെ കുത്തകാവകാശികൾ എന്ന് മേനി നടിക്കുന്നത് എത്രത്തോളം ജനാധിപത്യപരമാണ്?

അവതാരകർ ഭാഷയിലും ശരീരഭാഷയിലുമെല്ലാം പുലർത്തുന്ന പുച്ഛ​വും മുകളിൽ പറഞ്ഞതുപോലുള്ള അധിക്ഷേപങ്ങളുമൊക്കെയല്ലേ പ്രാകൃതം എന്ന് വിവേകമതികളായ പത്രാധിപൻമാർ ആത്മപരിശോധന നടത്തേണ്ടത്​?

തൽസമയം ആയിരക്കണക്കിന് ചോദ്യങ്ങളുയരുന്ന സാമൂഹിക മാദ്ധ്യമങ്ങളിൽ "ചോദ്യങ്ങളൊന്നും നേരിടേണ്ടല്ലോ?’ എന്ന പ്രസ്താവം വസ്തുതകൾക്ക് നിരക്കുന്നതാണോ? സംവാദം സാദ്ധ്യമായ മറ്റെല്ലാ വേദികളിലും പങ്കെടുക്കുമെന്ന് സി.പി.എം വ്യക്തമാക്കിയിരിക്കേ ഏഷ്യാനെറ്റിന്റെ ഏകപക്ഷീയ ചർച്ചാവേദികളിൽ പഞ്ചപുഛമടക്കിയിരിക്കുകയും വിധി പ്രസ്താവങ്ങളുടെ അടിയിൽ തള്ളവിരൽ അടയാളം പതിപ്പിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ജനാധിപത്യവാദിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുള്ളൂ എന്നാണോ?

ഞങ്ങൾ നിശ്ചയിച്ചത് ബഹിഷ്ക്കരിക്കാനല്ല, നിലപാട് പറയാൻ സമയവും സൗകര്യവുമനുവദിക്കാത്ത വേദിയിൽ നിന്ന് വിട്ടു നിൽക്കാൻ മാത്രമാണ്. അത് പ്രേക്ഷകരോടും ജനങ്ങളോടും കാര്യകാരണസഹിതം തുറന്നു പറഞ്ഞതും പ്രഖ്യാപിച്ചതുമാണ്. ആരാണ് ജനാധിപത്യ വാദികൾ എന്ന് അവർ തീർപ്പുകൽപ്പിക്കട്ടെ. കാരണം ജനാധിപത്യത്തിൽ അന്തിമ തീർപ്പ് പ്യൂണും കൂലിപ്പണിക്കാരും ചെറിയവരുമെല്ലാമടങ്ങുന്ന ജനങ്ങളുടേതാണ്. അവരോട് മാത്രമാണ് ഞങ്ങൾക്ക് സമാധാനം പറയാനുള്ളത്. മാദ്ധ്യമ പൗരോഹിത്യത്തിന്റെ ഇടനിലയില്ലാതെയും ഇന്ന് ജനങ്ങളുമായുള്ള വിനിമയങ്ങൾ സാദ്ധ്യമാണെന്നു വിസ്മരിക്കരുതെന്നു മാത്രമാണ് വിനീതമായ ഓർമ്മപ്പെടുത്തൽ.

ന്യൂസ് റൂം എന്ന യുദ്ധമുറി

മാദ്ധ്യമങ്ങളുടെ വർഗതാൽപര്യങ്ങൾ എങ്ങനെ അവരുടെ രാഷ്ട്രിയ നിലപാടുകളെ നിർണയിക്കുന്നുവെന്ന തിരിച്ചറിവ് ഇടതുപക്ഷത്തോളം മറ്റാർക്കാണുള്ളത്? ആ രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പു വർഷത്തിൽ എത്ര നിർദ്ദാക്ഷിണ്യം അവർ പ്രയോഗിക്കുമെന്ന ബോദ്ധ്യവും അതിനെ നേരിടാനുള്ള തയ്യാറെടുപ്പുമുണ്ട്. മനോരമയുടെ രാഷ്ട്രീയ വിശകലന (കേരളീയം 23. 2. 2020) ത്തിൽ യു.ഡി.എഫിന് നൽകിയ ഉപദേശം അത് വ്യക്തമാക്കുന്നുണ്ട്. എൻ.ഐ.എ തുറക്കുമെന്ന് കരുതിയ രാഷ്ട്രീയ ഭാഗ്യത്തിന്റെ വഴി ഏതാണ്ട് അടഞ്ഞിരിക്കുന്നു. ഇനി വല്ലതും നടക്കണമെങ്കിൽ അമിത് ഷായും ഡോവലും മനസ്സുവെക്കണം. പുകമറ തെരഞ്ഞെടുപ്പു വരെ നിലനിർത്താൻ ഇനി സി.ബി.ഐയെ ആശ്രയിക്കുകയേ വഴിയുള്ളൂ. ബി.ജെ.പി സഹായത്തോടെ പുകമറ നിലനിർത്താനായാൽ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ശബരിമല കൊണ്ടു ഗുണം കിട്ടിയതുപോലെ സ്വർണ്ണം സുവർണ്ണാവസരമൊരുക്കുമോ എന്നൊരു പരീക്ഷണം നടത്താം. ഇതാണ് മനോരമയുടെ ഉപദേശത്തിന്റെ രത്നച്ചുരുക്കം. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ ഇല്ലാതാക്കുന്നതിൽ അമിത് ഷാക്കും ഡോവലിനും ഒരു താൽപര്യമില്ലാതിരിക്കില്ല എന്ന പ്രതീക്ഷ മനോരമ വെച്ചു പുലർത്തുന്നുണ്ട്. ഈ പൊതുവായ വർഗതാൽപര്യമാണ് ഇപ്പോഴത്തെ കടന്നാക്രമണങ്ങളുടെയെല്ലാം കാതൽ. കൊച്ചു ത്രിപുരയുടെ കാര്യത്തിൽ പോലുമുണ്ടായ നിഷ്കർഷ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കാര്യത്തിലുണ്ടാവില്ല എന്ന് കരുതാൻ മാത്രം ഇടതുപക്ഷം മൂഢരല്ല, 1959 ലെ വിമോചന സമര അനുഭവമുള്ളപ്പോൾ പ്രത്യേകിച്ചും.

ഇ- മൊബിലിറ്റി മുതൽ കെ- ഫോൺ വരെയുള്ള ബദൽ മാതൃകകൾ വൻകിട മൂലധനശക്തികളെ നേരിട്ടു തന്നെ പൊള്ളിക്കുന്നതാണ്. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും മുതൽ കേരള ബാങ്ക് വരെയുള്ള ബദലുകളും ഉയർത്തുന്ന പ്രതിരോധമെന്താണ് എന്ന് നവ ലിബറൽ നയങ്ങളുടെ വക്താക്കൾ അരിശത്തോടെ തിരിച്ചറിയുന്നുണ്ട്. സാമൂഹികക്ഷേമ പെൻഷൻ മുതൽ കോവിഡ് പ്രതിരോധം വരെ നീളുന്ന ആഴത്തിൽ വേരോട്ടമുള്ള ജനകീയ ബദലിന്റെ ബലം സാദ്ധ്യമാക്കുന്ന രാഷ്ട്രീയം വളരാൻ അനുവദിക്കുന്നതിന്റെ അപകടവും അവർ തിരിച്ചറിയുന്നുണ്ട്.

കൊച്ചു ത്രിപുരയുടെ കാര്യത്തിൽ പോലുമുണ്ടായ നിഷ്കർഷ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കാര്യത്തിലുണ്ടാവില്ല എന്ന് കരുതാൻ മാത്രം ഇടതുപക്ഷം മൂഢരല്ല, 1959 ലെ വിമോചന സമര അനുഭവമുള്ളപ്പോൾ പ്രത്യേകിച്ചും

ആ ബദൽ രാഷ്ട്രീയത്തിന്റെ ഒരു ചെറുനാമ്പു പോലും വളരാതിരിക്കാനുള്ള എല്ലാ പരിശ്രമവും ഉറപ്പിക്കാം. തെരഞ്ഞെടുപ്പു വർഷത്തിൽ യുദ്ധം തീക്ഷ്ണ​മാകും. ന്യൂസ്റൂമുകൾ വലതുപക്ഷത്തിന്റെ യുദ്ധമുറികളാകും. മാദ്ധ്യമപ്പുരകൾ അവരുടെ ആയുധപ്പുരകളുമാകും. ഇറാഖ് യുദ്ധകാലത്ത് കേട്ട ഒരു പ്രധാന നിരീക്ഷണം ഇതായിരുന്നു."യുദ്ധം നടക്കുന്നത് യുദ്ധമുന്നണിയിൽ മാത്രമല്ല, ടെലിവിഷൻ സ്ക്രീനിലും പത്ര പേജുകളിലും കൂടിയാണ്.’ ഇന്നത്തെ കേരളത്തിൽ മനസ്സിൽ കുറിച്ചിടേണ്ട ഒരു വാചകമാണിത്.

വാൽക്കഷ്ണം:

ഒരു പ്രധാന ദേശീയ ചാനൽ കേരളത്തിന് പുറത്തുള്ള ഒരു പ്രമുഖ അഭിഭാഷകനെ ചർച്ചക്ക് ക്ഷണിക്കുകയും തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്ന ദിശയിലാണ് ചർച്ച നടത്തുകയെന്നും അതിനെ സാധൂകരിക്കും വിധം സംസാരിക്കണമെന്നും ആവശ്യപ്പെട്ടതും അതിന് താൻ തയ്യാറല്ലെന്നും വസ്തുനിഷ്ഠമായി മാത്രമേ സംസാരിക്കാനാവു എന്ന മറുപടിയും കൊടുത്ത്, ലൈവിടാൻ വീട്ടിലെത്തിയ ചാനൽ സംഘത്തെ തിരിച്ചയച്ച ഒരു സംഭവം കേൾക്കുകയുണ്ടായി. ദേശീയ തലത്തിലും ഇവിടെയുമെല്ലാം മാദ്ധ്യമ അജണ്ടകൾക്ക് പഴയ നിഗൂഢത പോലുമില്ലെന്നായിരിക്കുന്നു.

Comments