കെ.എസ്​. ഇന്ദുലേഖ

സൈബർ അടുക്കളയിലെ റെസിപി

മധ്യവർഗ ഗാർഹികതയുടെയും പാർട്രിയാർക്കൽ സിസ്റ്റത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് ഉയർന്നു വന്ന ചർച്ചകൾ ജോസഫൈനിലും ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റിലും അവസാനിക്കുന്നത് അത്ര നിഷ്‌കളങ്കമായി കരുതാനാകില്ല.

മാധ്യമപഠനവുമായി ബന്ധപ്പെട്ട് എഡ്വേഡ് എസ്. ഹെർമ്മനും നോം ചോംസ്‌കിയും ചേർന്നെഴുതിയ Manufacturing consent: The Political Economy of Mass Media (1988) എന്ന പുസ്​തകം പൊതുസമ്മതിക്കു വേണ്ടി ബഹുജനമാധ്യമങ്ങളുടെ സഹായത്തോടെ യു.എസ്. ഗവണ്മെൻറ്​ആവിഷ്‌കരിക്കുന്ന തന്ത്രങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പൊതുസമ്മിതി (Public Opinion) സ്വയമേ ഉണ്ടാകുന്നതല്ലെന്നും ബോധപൂർവമായ ഇടപെടലുകളിലൂടെ നിർമിച്ചെടുക്കുന്നതാണെന്നും ചോംസ്‌കിയും ഹെർമ്മനും പറഞ്ഞുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന സമ്മതികൾക്കൊപ്പം സാമൂഹ്യ രുചികളെ (taste of the society എന്ന അർഥത്തിൽ) രൂപപ്പെടുത്തുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന, രുചികൾക്കുമേലുള്ള കമ്പം നിരന്തരം വർധിപ്പിക്കാനുതകുന്ന വിഭവങ്ങളെ ഉണ്ടാക്കുക എന്നതാണ് മാധ്യമങ്ങൾ പൊതുവിൽ ചെയ്യുന്നത്. ജനാധിപത്യത്തിന്റെ സാധ്യതകളെതന്നെ പ്രയോജനപ്പെടുത്തി നടത്തുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന്റെ ക്രിയാത്മകമായ പുരോഗതിയെ തടസപ്പെടുത്തുന്നതാണ്.

എന്താണ് ‘സാമൂഹ്യ രുചി'?

നാവിനു മാത്രമല്ല, കണ്ണിനും കാതിനുമടക്കം എല്ലാ ഇന്ദ്രിയങ്ങൾക്കും രുചികളുണ്ട്. ഇത്തരം രുചികളെ തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ മാത്രമേ മനുഷ്യർ സ്വീകരിക്കുകയുള്ളൂ. ഇന്ദ്രിയങ്ങളുടെ രുചികൾ ഒരു ജനസമൂഹം പൊതുവായി പങ്കിടുമ്പോഴാണ് അവ സാമൂഹ്യ രുചിയായി മാറിത്തീരുന്നത്. ആഘോഷപരതയും വിനോദവുമാണ് സാമൂഹ്യ രുചിയുടെ അടിസ്ഥാന ഘടകങ്ങൾ. രുചിയെ തൃപ്തിപ്പെടുത്തുന്ന എന്തിനേയും സമൂഹം ആഘോഷമാക്കുന്നു. സിനിമയും സംഗീതവും മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളും മാധ്യമ വാർത്തകളും വരെ ദീർഘിപ്പിക്കാവുന്നതാണ് രുചിവിവരങ്ങളുടെ പട്ടിക.

എഡ്വേഡ് എസ്. ഹെർമ്മൻ, നോം ചോംസ്‌കി
എഡ്വേഡ് എസ്. ഹെർമ്മൻ, നോം ചോംസ്‌കി

ഇത്തരം സാമൂഹ്യ രുചികളെ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. സാമൂഹ്യ രുചി മുൻകൂർ നിശ്ചയിക്കുകയും അതിനനുസരിച്ചുള്ള ചർച്ചകളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തുകൊണ്ടാണ് പുതിയ കാലത്ത് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. വസ്തുനിഷ്ഠവും നിഷ്പക്ഷവും യഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നതുമായ വാർത്തകളിൽ നിന്നും ചർച്ചകളിൽനിന്നും മാറി, ആഘോഷപരതയിലും വിനോദത്തിലും അധിഷ്ഠിതമായ വിഭവങ്ങളെ അവതരിപ്പിച്ചാണ് മാധ്യമങ്ങൾ ജനപ്രിയമാകുന്നത്.

കേരളത്തിന്റെ സാമൂഹ്യജീവിതത്തെ ആരോഗ്യകരമായ സംവാദങ്ങളിലൂടെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമായ സന്ദർഭങ്ങളെയും സംവാദ സാധ്യതകളെയും വ്യക്തികേന്ദ്രീകൃതമായ വിവാദങ്ങളായി ചുരുക്കുകയും, പ്രശ്‌നത്തെ പ്രശ്‌നമായിതന്നെ തുടരാൻ അനുവദിക്കുകയും ചെയ്യുകയെന്നതാണ് മാധ്യമ ചർച്ചകളുടെ പൊതുസ്വഭാവം.

സാമൂഹ്യ രുചിയെ തൃപ്തിപ്പെടുത്തുന്നതിലൂടെ ഉണ്ടായിവരുന്ന ജനപ്രിയത അധീശ പ്രത്യയശാസ്ത്രങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വഴി കൂടിയായി മാറിത്തീരുന്നുണ്ട്. അൽത്തൂസർ പറയുന്ന മട്ടിൽ പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണമായി മാധ്യമങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നു സാരം. വാർത്തകൾ, വിനോദങ്ങൾ, പരസ്യങ്ങൾ, ചർച്ചകൾ തുടങ്ങി മാധ്യമങ്ങൾ പ്രദാനം ചെയ്യുന്ന എല്ലാ വിഭവങ്ങളിലും ഈയൊരു താത്പര്യവും ഉള്ളടങ്ങുന്നുണ്ട്. ബഹുജനങ്ങളെ നിശബ്ദമാക്കുന്ന മാധ്യമമാണ് ബഹുജന മാധ്യമങ്ങൾ എന്ന ബോദ്രിലാർദിന്റെ നിരീക്ഷണവും ഇതോടൊപ്പം ഓർക്കാം. സാമൂഹ്യ രുചികളെ നിർമിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക വഴി സ്വയമേ ജനപ്രിയമാകുകയും അധീശ പ്രത്യയശാസ്ത്രത്തെ സ്വീകരിക്കാൻ പരിശീലനം നൽകുന്നതിലൂടെ സാമൂഹ്യഘടനയെ അതിന്റെ എല്ലാത്തരം യാഥാസ്ഥിതികത്വത്തോടും കൂടി നിലനിർത്താൻ പ്രേരണ നൽകുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യുന്നത്.

രുചി വിഭവങ്ങളും ജനപ്രിയ നിർമിതിയും

കേരളത്തിന്റെ സാമൂഹ്യജീവിതത്തെ ആരോഗ്യകരമായ സംവാദങ്ങളിലൂടെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമായ ഒട്ടേറെ സന്ദർഭങ്ങൾ ഓരോ ദിവസവും നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം സംവാദസാധ്യതകളെ മുഴുവൻ വ്യക്തികേന്ദ്രീകൃതമായ വിവാദങ്ങളായി ചുരുക്കുകയും, പ്രശ്‌നത്തെ പ്രശ്‌നമായിതന്നെ തുടരാൻ അനുവദിക്കുകയും ചെയ്യുകയെന്നതാണ് പത്രങ്ങൾ മുതൽ സൈബർ ഇടങ്ങൾവരെ നീളുന്ന ചർച്ചകളുടെ പൊതുസ്വഭാവം. യാഥാർഥ്യങ്ങളെ വളച്ചൊടിക്കുക മാത്രമല്ല, ചർച്ചകളെ സമൂഹത്തിന്റെ രുചികളെ തൃപ്തിപ്പെടുത്താൻ പാകത്തിനുള്ള വിഭവമാക്കി മാറ്റി തീർക്കുക കൂടി ചെയ്തുകൊണ്ടാണ് വാർത്താമാധ്യമങ്ങൾ ജനപ്രിയത്വമാർജ്ജിക്കുന്നത്.

സാമൂഹ്യ രുചികളെ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.  അവ മുൻകൂർ നിശ്ചയിക്കുകയും അതിനനുസരിച്ചുള്ള ചർച്ചകളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തുകൊണ്ടാണ് പുതിയ കാലത്ത് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് / Photo: Screengrab from 'The 5 Filters of the Mass Media Machine', Al Jazeera
സാമൂഹ്യ രുചികളെ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അവ മുൻകൂർ നിശ്ചയിക്കുകയും അതിനനുസരിച്ചുള്ള ചർച്ചകളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തുകൊണ്ടാണ് പുതിയ കാലത്ത് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് / Photo: Screengrab from 'The 5 Filters of the Mass Media Machine', Al Jazeera

സ്ത്രീധന പീഡനത്തിനിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയ എന്ന പെൺകുട്ടിയുടെ വാർത്ത കേരളം ചർച്ച ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്. വേദനാജനകമായ ഒരു സംഭവം വളരെ പെട്ടെന്ന് മെറിറ്റോറിയസായ ചർച്ചകളിലേക്കും അതിനേക്കാൾ വേഗത്തിൽ ഒരു രാഷ്ട്രീയ വിവാദത്തിലേക്കും വഴിമാറുകയായിരുന്നു. ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ എന്നു തന്നെ വിശേഷിപ്പിക്കേണ്ടുന്ന, ആ നിലയിൽ വളർത്തിക്കൊണ്ടു വരേണ്ടുന്ന ചർച്ചകളാണ് രാഷ്ട്രീയ വിവാദങ്ങളിൽ അവസാനിച്ചു പോയത്.
ഉപരി - മധ്യവർഗ കുടുംബത്തിലെ അംഗമായിരുന്ന വിസ്മയയുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്, ജൂൺ 21നാണ്​. സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന വാർത്തകൾ പുറത്തു വന്നതു മുതൽ സ്ത്രീധനത്തിനെതിരെ ഗൗരവമേറിയ പല ചർച്ചകളും മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്നിരുന്നു. ധാർമികതയും നിയമവും ലിംഗനീതിയും മനുഷ്യാവകാശങ്ങളും മുതൽ വിവാഹം, വിവാഹമോചനം, കുടുംബസംവിധാനങ്ങൾ തുടങ്ങിയ എല്ലാത്തരം സ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങൾവരെ ചർച്ചകൾക്കു വിഷയമായി.

മധ്യവർഗ ഗാർഹികതയുടെയും പാർട്രിയാർക്കൽ സിസ്റ്റത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് ഉയർന്നു വന്ന ചർച്ചകൾ ജോസഫൈനിലും ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റിലും അവസാനിക്കുന്നത് അത്ര നിഷ്‌കളങ്കമായി കരുതാനാകില്ല.

എന്നാൽ ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ നടപടി പുതിയൊരു രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. അതുവരെയുണ്ടായിരുന്ന മുഴുവൻ ചർച്ചകളും അദ്ധ്യക്ഷയുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ ആണധികാരവ്യവസ്ഥയെ സംബന്ധിച്ചു വികസിച്ചു വന്ന ചർച്ചകളെല്ലാം റദ്ദുചെയ്യപ്പെട്ടു. എം. സി. ജോസഫൈൻ എന്ന മുതിർന്ന വനിതാ നേതാവിന്റെ അപക്വവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പെരുമാറ്റങ്ങൾ വിമർശിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇത്തരം വിമർശനങ്ങൾ ആരോഗ്യകരമായ മറ്റൊരു സംവാദത്തെ അവസാനിപ്പിച്ചു കളയുന്നതിനുള്ള ടൂളായി മാറുന്നതിൽ ഒരു പ്രശ്‌നമുണ്ട്. മധ്യവർഗ ഗാർഹികതയുടെയും പാർട്രിയാർക്കൽ സിസ്റ്റത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് ഉയർന്നു വന്ന ചർച്ചകൾ ജോസഫൈനിലും ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റിലും അവസാനിക്കുന്നത് അത്ര നിഷ്‌കളങ്കമായി കരുതാനാകില്ല.

എം. സി. ജോസഫൈൻ എന്ന മുതിർന്ന വനിതാ നേതാവിന്റെ അപക്വവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പെരുമാറ്റങ്ങൾ വിമർശിക്കപ്പെടേണ്ടതു തന്നെ. എന്നാൽ ഇത്തരം വിമർശനങ്ങൾ ആരോഗ്യകരമായ മറ്റൊരു സംവാദത്തെ അവസാനിപ്പിച്ചു കളയുന്നതിനുള്ള ടൂളായി മാറുന്നതിൽ ഒരു പ്രശ്‌നമുണ്ട്. / Photo: Wikimedia Commomns
എം. സി. ജോസഫൈൻ എന്ന മുതിർന്ന വനിതാ നേതാവിന്റെ അപക്വവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പെരുമാറ്റങ്ങൾ വിമർശിക്കപ്പെടേണ്ടതു തന്നെ. എന്നാൽ ഇത്തരം വിമർശനങ്ങൾ ആരോഗ്യകരമായ മറ്റൊരു സംവാദത്തെ അവസാനിപ്പിച്ചു കളയുന്നതിനുള്ള ടൂളായി മാറുന്നതിൽ ഒരു പ്രശ്‌നമുണ്ട്. / Photo: Wikimedia Commomns

സൂക്ഷ്മനോട്ടത്തിൽ രണ്ടുതരം താത്പര്യങ്ങളാണ് ഈയൊരു വഴിമാറലിനു പിന്നിൽ പ്രവർത്തിച്ചതെന്ന് കാണാം. ഒന്ന്, പാർട്രിയാർക്കൽ രുചികൾക്കനുസരിച്ചുള്ള നീക്കമാണ്. സ്ത്രീധനം എന്ന വിഷയത്തിൻമേലുള്ള പ്രാഥമികമായ ചർച്ച മലയാളിയുടെ കുടുംബഘടനയുടെ പ്രശ്‌നങ്ങളിലേക്കു വഴിമാറുന്നതോടെ ആണധികാരവ്യവസ്ഥയ്ക്ക് ഇളക്കം സംഭവിച്ചു തുടങ്ങുന്നുണ്ട്. കുടുംബം ഭദ്രമാക്കി നിർത്തുക എന്നതാണല്ലോ പാർട്രിയാർക്കിയുടെ എക്കാലത്തെയും ആവശ്യം. അതിനെ അസ്ഥിരപ്പെടുത്തുന്ന ഒരു ചർച്ചയേയും ആൺകോയ്മ അനുവദിക്കില്ല. അതുകൊണ്ടുതന്നെ പാർട്രിയാർക്കിക്ക് അരുചികരമായി അനുഭവപ്പെടുന്ന ചർച്ചകളെ ഗതി മാറ്റുകയും പുതിയൊരു ചർച്ച സൈബർ ഇടങ്ങളെയടക്കം ഉപയോഗപ്പെടുത്തി തുടങ്ങി വയ്ക്കുകയും ചെയ്യന്നു. ഈയൊരു താത്പര്യത്തെ അഥവാ രുചിയെ തിരിച്ചറിഞ്ഞുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്ത് വികസിപ്പിക്കുന്നത്.

സ്ത്രീധനത്തെയും വിവാഹാർഭാടങ്ങളെയും സംബന്ധിക്കുന്ന ചർച്ചകളെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ചർച്ചകളിലൂടെ രൂപപ്പെടുന്ന ജനകീയാവബോധം മുതലാളിത്തത്തിന് എതിരെ സഞ്ചരിക്കുന്നതാണ്.

മുതലാളിത്ത രുചിയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ താത്പര്യം. മാധ്യമങ്ങൾ, പ്രത്യേകിച്ച് മുഖ്യധാരാ മാധ്യമങ്ങൾ നിലനിൽക്കുന്നത് പരസ്യവരുമാനം കൊണ്ടാണ്. മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വലിയൊരു പങ്കും വിവാഹ ക്കമ്പോളത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. വിവാഹത്തിന് വധുവായി ഒരുങ്ങുന്ന സ്ത്രീ വിലകൂടിയ ആഭരണങ്ങൾ ധരിക്കേണ്ടതുണ്ടെന്ന പൊതുബോധ നിർമിതിയിൽ പരസ്യങ്ങൾക്ക് വലിയൊരു പങ്കുണ്ട്. വസ്ത്രവ്യാപാരശാലകളുടെ പരസ്യങ്ങളും സമാനമായ ബോധ്യങ്ങളെയാണ് രൂപപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ സ്ത്രീധനത്തെയും വിവാഹാർഭാടങ്ങളെയും സംബന്ധിക്കുന്ന ചർച്ചകളെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ചർച്ചകളിലൂടെ രൂപപ്പെടുന്ന ജനകീയാവബോധം മുതലാളിത്തത്തിന് എതിരെ സഞ്ചരിക്കുന്നതാണ്. ഈ വിധം പുരുഷാധികാരവ്യവസ്ഥയും മുതലാളിത്തവും കൈകോർത്തതിന്റെ ഫലമായിരുന്നു ചർച്ചകളിൽ സംഭവിച്ച വഴിമാറ്റങ്ങൾ.

മുഖ്യധാരാ മാധ്യമങ്ങളിൽ സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഗതിമാറിയതിന്റെ മറ്റൊരു താൽപര്യം മുതലാളിത്ത രുചിയുമായി ബന്ധപ്പെട്ടതാണ് / Photo: Al Jazeera, Youtube
മുഖ്യധാരാ മാധ്യമങ്ങളിൽ സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഗതിമാറിയതിന്റെ മറ്റൊരു താൽപര്യം മുതലാളിത്ത രുചിയുമായി ബന്ധപ്പെട്ടതാണ് / Photo: Al Jazeera, Youtube

ഏതു വിവാദത്തിലും സ്ത്രീകളെ കേന്ദ്രത്തിൽ നിർത്തി ചർച്ചകളെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ നടത്താറുണ്ട്. ഇത്തരം ചർച്ചകളിലെല്ലാം മാധ്യമങ്ങൾ പലപ്പോഴും വോയേറിന്റെ (voyeur) സ്ഥാനത്താകും നിലയുറപ്പിക്കുക. ഒളിഞ്ഞുനോട്ടക്കാരന്റെ ആനന്ദത്തോടെ വ്യക്തികേന്ദ്രീകൃതമായ വാർത്തകളെ സൃഷ്ടിക്കാൻ ഈയൊരു നില മാധ്യമങ്ങൾക്ക് സൗകര്യം നൽകുന്നു. സാമൂഹ്യ രുചിയെ തൃപ്തിപ്പെടുത്തുന്ന ഒരു നിൽപ്പാണിതെന്ന് നിസ്സംശയം പറയാം. ഏതൊരു മാധ്യമത്തെയും ജനപ്രിയമാക്കുന്നതിൽ ഈയൊരു നിൽപ്പിന് വലിയ പങ്കുമുണ്ട്. സ്വർണ്ണക്കടത്തുകേസ്​ പ്രതിയായ സ്വപ്നയെ ബാംഗ്ലൂരിൽ നിന്ന്​കൊച്ചിയിലേക്കു കൊണ്ടുവന്നപ്പോൾ വഴിയരികിൽ കാത്തുനിന്നും, പൊലീസ് വാഹനത്തെ റെയ്‌സിംങ്ങ് സ്പിരിറ്റോടെ ചെയ്‌സ് ചെയ്തും മലയാള മാധ്യമങ്ങൾ നടത്തിയ ‘പ്രകടനങ്ങൾ' കേരളം മറന്നു കാണാനിടയില്ല. അഞ്ചു മിനിറ്റ് റിപ്പോർട്ടിൽ അവസാനിപ്പിക്കേണ്ടുന്ന ഒരു വാർത്തയെ കാണിയുടെ ആകാംഷയെ വർദ്ധിപ്പിച്ചും സാമൂഹ്യ രുചിയെ തൃപ്തിപ്പെടുത്തിയും അവതരിപ്പിക്കുമ്പോൾ സ്ത്രീവിരുദ്ധതയുടെയും ഒളിഞ്ഞുനോട്ട രതിയുടെയും പുതിയ പാഠങ്ങളാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നതെന്നു നിസ്സംശയം പറയാം. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ബന്ധം ആഘോഷിച്ചും ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ സ്‌ക്രീനിൽ ആവർത്തിച്ചു കാണിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനമെന്ന വ്യാജേന അവതരിപ്പിക്കുന്ന ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ ചർച്ചകളുടെ കേന്ദ്രത്തെ തന്നെ മാറ്റിത്തീർക്കുന്നതാണ്. ഇഷ്യൂവിനു മേലുള്ള ചർച്ച വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാകുമ്പോൾ വന്നുപോകുന്ന തരക്കേടാണിത്.

ഇവിടെ പൊതുജനവും മാധ്യമങ്ങളും തമ്മിൽ സൂക്ഷ്മതലത്തിൽ ചില കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ടെന്നു കാണാം. ഒരു ഭാഗത്ത്, സാമൂഹ്യ രുചികളെ തൃപ്തിപ്പെടുത്തുകയും ജനപ്രിയമാകുമെന്നുറപ്പുള്ള ചില തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുക. മറുഭാഗത്ത് രുചികളെ രൂപപ്പെടുത്തുന്ന താത്പര്യങ്ങളെയും ആകാംഷകളെയും സൃഷ്ടിക്കുക. ഇങ്ങനെ ഒരേ സമയം ഇരട്ട ദൗത്യമേറ്റെടുത്തു നടപ്പാക്കാനാണ് മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈയൊരു സംവിധാനത്തിൽ നിന്ന്​ പുറത്തു കടക്കുക, ഏറെ ശ്രമകരമാണ്. ബോധപൂർവമായ ഇടപെടലുകളിലൂടെ മാത്രമേ ഇത്തരമൊരു മാധ്യമസംസ്‌കാരത്തെ മറികടക്കാനാകൂ.

സാമൂഹ്യ രുചിയെ തൃപ്തിപ്പെടുത്തുകയും ജനപ്രിയ നിർമിതി ലക്ഷ്യമല്ലാതിരിക്കുകയും ചെയ്യുന്ന സമാന്തര ഇടങ്ങൾക്ക് വിഷയാധിഷ്ഠിതമായ പുതിയൊരു ജനാധിപത്യ സംവാദങ്ങളെ ഉയർത്തി കൊണ്ടുവരാനാകും.

സമൂഹത്തെ ആരോഗ്യകരമായ സംവാദങ്ങളിലൂടെ മുന്നോട്ടു നയിക്കാൻ കെല്പുള്ള, പൊളിറ്റിക്കൽ കറക്​റ്റ്​നെസ്സിനെക്കുറിച്ച്​ ബോധ്യമുള്ള, മൂലധനശക്തികൾക്ക് കീഴ്‌പ്പെടാത്ത സമാന്തര മാധ്യമങ്ങൾക്കും സമൂഹമാധ്യമ ഇടപെടലുകൾക്കും മുഖ്യധാരയെ തിരുത്താനുള്ള കെല്പുണ്ട്. ചർച്ചകളെ അതിന്റെ ഫോക്കസ് പോയിൻറിലേക്ക് തിരിച്ചെത്തിക്കാനുള്ള ഇടപെടൽ നടത്താൻ ഇക്കൂട്ടർക്ക് സാധിക്കും. യാഥാസ്ഥിതികവും സദാചാരപരവും ആൺകോയ്മയിലധിഷ്ഠിതവുമായ സമൂഹ്യ രുചികളിൽ സമൂഹത്തെ കുരുക്കിയിടുന്ന ആഖ്യാനങ്ങൾ ബോധപൂർവ്വം ഉത്പാദിപ്പിച്ചും വിളമ്പിയും മുന്നോട്ടു പോകുന്ന മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന്​വ്യത്യസ്തമായി സാമൂഹ്യ രുചിയെ പുരോഗമനപരമായി മാറ്റിത്തീർക്കാനുള്ള ജാഗ്രതയിലാണ് സമാന്തര മാധ്യമങ്ങളും സൈബർ ഇടങ്ങളും ഊന്നൽ നൽകേണ്ടത്. വിഷയത്തെ വ്യക്തികേന്ദ്രീകൃത വിവാദങ്ങൾ മാത്രമാക്കി ചുരുക്കി നിർത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. സാമൂഹ്യ രുചിയെ തൃപ്തിപ്പെടുത്തുകയും ജനപ്രിയ നിർമിതി ലക്ഷ്യമല്ലാതിരിക്കുകയും ചെയ്യുന്ന സമാന്തര ഇടങ്ങൾക്ക് വിഷയാധിഷ്ഠിതമായ പുതിയൊരു ജനാധിപത്യ സംവാദങ്ങളെ ഉയർത്തി കൊണ്ടുവരാനാകും. രുചിയെ പരിഷ്‌കരിക്കുന്നതിന് രുചി പ്രിയരല്ലാത്ത, അധീശ - മൂലധനശക്തികൾക്കു കീഴ്‌പ്പെടാത്ത സമാന്തര സംവിധാനങ്ങൾ ഉണ്ടായി വരേണ്ടത് ആവശ്യമാണ്. ▮


കെ.എസ്​. ഇന്ദുലേഖ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെല്ലോ. കലാചരിത്രം, സംസ്കാര ചരിത്രം, നവോത്ഥാനം, സ്ത്രീ മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തുന്നു

Comments