വാർത്ത ശേഖരിക്കുന്നതിൽ ഭരണകൂട നിർമിത തടസങ്ങൾ വർധിക്കുന്നു

എത്ര ചാനലുകൾക്കാണ് വാർത്തകളിൽ നൈതികത പാലിച്ചില്ലെന്ന പേരിൽ ബ്രോഡ്കാസ്റ്റ് അസോസിയേഷൻ അടുത്തിടെ വൻ തുക പിഴയായി ചുമത്തിയെന്നും, എത്ര മാധ്യമങ്ങളാണ് മാനനഷ്ടകേസുകളെ തുടർന്ന് മാപ്പ് പറഞ്ഞ്​ തെറ്റായ വാർത്തകൾ പിൻവലിക്കുകയോ ചെയ്തുവെന്നും പരിശോധിച്ചാൽ മതി, വ്യവസ്ഥാപിത മാർഗങ്ങളിലൂടെയുള്ള തിരുത്തൽ ഇപ്പോഴും ശക്തമായ ഒരു മാർഗമായി നിലനിൽക്കുന്നുവെന്നു മനസിലാകും.

മനില സി. മോഹൻ: ഒരു വശത്ത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഭരണകൂടങ്ങളാൽ നിയമനടപടികളും എതിർപ്പും വേട്ടയും നേരിടുന്നു. മറുവശത്ത്, വലിയ വിഭാഗം മാധ്യമങ്ങൾ ഭരണകൂടങ്ങളുടെ വക്താക്കളും പ്രയോജകരും പ്രായോജകരുമായി പ്രവർത്തിക്കുന്നു. മാധ്യമ - രാഷ്ട്രീയ രംഗം സങ്കീർണവും പ്രവചനാതീതവുമായിരിക്കുന്നു എന്നുപറയാം. ഇത് കേന്ദ്രത്തിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. മാധ്യമങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന ഭരണകൂടങ്ങളും ഭരണകൂടങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന മാധ്യമങ്ങളും ജനാധിപത്യത്തിന്, സമൂഹത്തിന്, എന്തെങ്കിലും ഗുണം ചെയ്യുമോ?

ബി. ശ്രീജൻ: തനിക്ക്, പത്രങ്ങൾ ഇല്ലാതെ സർക്കാർ മാത്രം അല്ലെങ്കിൽ സർക്കാർ ഇല്ലാതെ പത്രങ്ങൾ മാത്രം എന്നൊരു തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ രണ്ടാമത്തെ സാധ്യത തിരഞ്ഞെടുക്കാൻ ഒരു നിമിഷത്തെ സങ്കോചം പോലും വേണ്ടിവരില്ലെന്ന് തോമസ് ജെഫേഴ്സൺ എഴുതിയത് 1787-ലാണ്. അനന്യമായ ജനാധിപത്യ ബോധം പുലർത്തിയിരുന്ന ജെഫേഴ്‌സന്റെ തലമുറയിലെ നേതാക്കളോട്, വാർത്ത എഴുതിയതിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഇന്നത്തെ നേതാക്കളെ താരതമ്യം ചെയ്യേണ്ടി വരുന്നതാണ് എന്റെ തലമുറയിലെ മാധ്യമ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ശക്തമായ മാധ്യമങ്ങൾ ജനാധിപത്യ സംവിധാനങ്ങൾ നിരന്തരം നവീകരിക്കപ്പെടാൻ എത്രമാത്രം അത്യാവശ്യമാണെന്ന ബോധ്യം ഇന്നത്തെ നേതാക്കളിൽ, അവരുടെ രാഷ്ട്രീയം ഏതുമാകട്ടെ, തീരെയില്ലെന്നുതന്നെ പറയാം. ഒന്നുകിൽ, തങ്ങളുടെ കൂടെ അല്ലെങ്കിൽ അവരുടെ കൂടെ എന്ന ദ്വന്ദത്തിൽ പൗരന്മാരെ മാത്രമല്ല രാഷ്ട്രീയക്കാരെയും അവർ കാണുകയാണ്.

തോമസ് ജെഫേഴ്സൺ

മാധ്യമങ്ങളുടെ ഭാഗത്തുണ്ടാകുന്ന പിഴവുകൾ നേരിടാൻ നിയമപരമായ, പക്വമായ ധാരാളം വഴികൾ ഉള്ളപ്പോഴാണ് സർക്കാരും അവരുടെ പ്രിയപ്പെട്ടവരും പോലീസിനെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് കണ്ണിലെ കരടായ മാധ്യമ പ്രവർത്തകരെ നേരിടാൻ ശ്രമിക്കുന്നത്. എത്ര ചാനലുകൾക്കാണ് വാർത്തകളിൽ നൈതികത പാലിച്ചില്ലെന്ന പേരിൽ ബ്രോഡ്കാസ്റ്റ് അസോസിയേഷൻ അടുത്തിടെ വൻ തുക പിഴയായി ചുമത്തിയെന്നും, എത്ര മാധ്യമങ്ങളാണ് കോടതിയിലെ മാനനഷ്ടകേസുകളെ തുടർന്ന് മാപ്പ് പറഞ്ഞ്​ തെറ്റായ വാർത്തകൾ പിൻവലിക്കുകയോ ചെയ്തുവെന്നും പരിശോധിച്ചാൽ മതി, വ്യവസ്ഥാപിത മാർഗങ്ങളിലൂടെയുള്ള തിരുത്തൽ ഇപ്പോഴും ശക്തമായ ഒരു മാർഗമായി നിലനിൽക്കുന്നുവെന്നു മനസിലാകും. ആ വഴി മറന്ന്, ചോദ്യം ചെയ്യൽ - വിരട്ടൽ - സാമൂഹിക മാധ്യമങ്ങൾ വഴി അവഹേളന - ഗൂഢാലോചനാ കേസിൽ പ്രതിയാക്കൽ റൂട്ട് സർക്കാരും അവരുടെ വിവിധ ഏജൻസികളും സ്വീകരിക്കുന്നത് അല്ലാതെ തന്നെ പ്രതിസന്ധികളിൽ ഉഴലുന്ന മാധ്യമമേഖലയെ കൂടുതൽ ക്ഷീണിപ്പിക്കാനേ സഹായിക്കൂ.

ഇതിന്റെ മറുപുറം തന്നെയാണ് സർക്കാരിനെതിരെ ശത്രുതാ മനോഭാവത്തോടെ വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങളും ചെയ്യുന്നത്. വാർത്തകൾ വസ്തുതാപരമാവുകയെന്ന പ്രാഥമിക പാഠം മറന്നുള്ള ഒരു തരം മാധ്യമപ്രവർത്തനത്തിനും ദീർഘകാലാടിസ്ഥാനത്തിൽ നിലനില്പുണ്ടാവില്ല. വിമർശനങ്ങൾ രൂക്ഷമാകുന്നതിനൊപ്പം വസ്തുതകളുടെ പിൻബലവും ശക്തമാകണം.

മാധ്യമങ്ങൾക്ക് സവിശേഷമായ അവകാശങ്ങൾ ഇല്ല എന്നാണ് ജേണലിസ്റ്റുകൾക്കെതിരെ റിപ്പോർട്ടിങ്ങിൻ്റെ പേരിൽ കേസെടുക്കുന്നവരുടെ വാദം. ജനാധിപത്യ രാജ്യത്ത് പൗരർക്കുള്ള അവകാശ സ്വാതന്ത്ര്യങ്ങൾക്കപ്പുറത്ത് മാധ്യമങ്ങൾക്കോ മാധ്യമ പ്രവർത്തകർക്കോ പ്രത്യേക അവകാശ സ്വാതന്ത്ര്യമില്ല എന്നാണ് വാദിക്കുന്നത്. ജേണലിസം ഒരു തൊഴിൽ മേഖല കൂടിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യാവകാശങ്ങളുമായി തുലനം ചെയ്തുകൊണ്ടാണോ മാധ്യമ സ്വാതന്ത്ര്യത്തേയും അവകാശത്തേയും നിർവ്വചിക്കേണ്ടത്? ജേണലിസത്തിൻ്റെ ലോക ചരിത്രം എന്താണ് പറയുന്നത്? ജേണലിസത്തിൻ്റെ വർത്തമാന ചരിത്രത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

അമേരിക്കയിലെ ഫസ്റ്റ് അമെൻഡ്മെന്റിന് സമാനമായ ഒരു നിയമപരിരക്ഷ ഇന്ത്യയിലെ മാധ്യമങ്ങൾക്കില്ലെന്നത് വസ്തുതയാണ്. അതേ സമയം, തൊഴിലിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത്, തൊഴിൽ തടസമില്ലാതെ ചെയ്യാൻ സഹായകമായ സൗകര്യങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മാധ്യമങ്ങൾക്ക് ചെയ്തുകൊടുക്കാറുണ്ടായിരുന്നു. ആരോഗ്യകരമായ ജനാധിപത്യത്തിൽ എക്സിക്യൂട്ടീവും ബ്യുറോക്രസിയും പ്രസിന്​ നൽകുന്ന പിന്തുണയായാണ് അതിനെ കണ്ടിരുന്നത്.

എന്നാൽ, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിൽ തിരിച്ചറിയൽ കാർഡോ അക്രെഡിറ്റേഷൻ കാർഡോ ഉപയോഗിച്ച് കയറാൻ പറ്റുന്ന സൗകര്യം നിരസിക്കുക, ആഴ്ച തോറും വാർത്താസമ്മേളനങ്ങൾ നടത്തി മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന പതിവ് നിർത്തുക, വിവരവകാശ ചോദ്യങ്ങൾക്ക് തെറ്റിദ്ധാരണാ ജനകമായ മറുപടി നൽകുക / അല്ലെങ്കിൽ മറുപടി നൽകാതിരിക്കുക തുടങ്ങിയ പ്രവർത്തികളിലൂടെ ഒരു സർക്കാർ മാധ്യമങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ്? നിങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നവർ അല്ല, അല്ലെങ്കിൽ നിങ്ങളുടെ ആവശ്യം ഇവിടെയില്ല എന്നൊക്കെ തന്നെയല്ലേ?

ആരോഗ്യകരമായ മാധ്യമപ്രവർത്തനത്തിന്, പ്രത്യേകിച്ച് വ്യാജ വാർത്തകളുടെ കുത്തൊഴുക്കുള്ള ഇക്കാലത്ത്, കൃത്യമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കാനുള്ള സൗകര്യം കൂടെ ഇല്ലാതാക്കുന്നത് തീർത്തും പ്രതിലോമകരമായ നടപടിയാണ്. ഡിജിറ്റൽ ഭരണത്തെയും അത് നൽകുന്ന സുതാര്യതയെയും പറ്റി വാ തോരാതെ സംസാരിക്കുന്നവർ സ്ഥാപിതതാല്പര്യമുള്ള സർക്കാർ ഉത്തരവുകൾ ഓൺലൈനിൽ ലഭ്യമാക്കാതിരിക്കുന്നതിന്റെ യുക്തി എന്താണ്? ഡൽഹിയിലും തിരുവനന്തപുരത്തും സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുന്നതിൽ ഭരണകൂട നിർമിത തടസങ്ങൾ വർധിച്ചുവെന്നതാണ് കഴിഞ്ഞ ഏഴെട്ടു വർഷത്തെ അനുഭവം. മാധ്യമ പ്രവർത്തകരോട് ഫോണിൽ സംസാരിക്കാൻ പോലും ഉദ്യോഗസ്ഥർ ഭയപ്പെടുന്ന അവസ്ഥ യാഥാർഥ്യമാണ്. കൂണുകൾ പോലെ മുളയ്ക്കുന്ന, സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത, ഡിജിറ്റൽ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നിറഞ്ഞ വാർത്തകൾ പ്രചരിപ്പിക്കുന്നതും അവ ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന തലത്തിലേക്ക് എത്തുന്നതും വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് പല വിവരങ്ങളും പരിശോധിക്കാനും വാർത്ത നൽകാനും കഴിയാത്ത സ്ഥിതിയുള്ളതുകൊണ്ടാണ്. മാധ്യമങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് വ്യക്തിസ്വാതന്ത്ര്യത്തോട് തുലനം ചെയ്തുകൊണ്ടാവരുത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഒരു ക്രിമിനൽ കേസിൽ വ്യക്തി എന്ന നിലയിൽ പ്രതിയാക്കുന്ന മാധ്യമ പ്രവർത്തകർക്ക്​ പ്രത്യേക സംരക്ഷണത്തിനും അർഹതയില്ല. എന്നാൽ, ജോലി ചെയ്തതിന്റെ പേരിൽ ക്രിമിനൽ കേസിൽ പ്രതിയാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.

Digitally Altered Representational Image

ടെലിവിഷൻ ജേണലിസത്തിൻ്റെ വളർച്ചയുടെ കാലം ഇന്ത്യയിലും കേരളത്തിലും എങ്ങനെയാണ് ജേണലിസത്തിൻ്റെ നൈതികതയെ, അന്തസത്തയെ പ്രത്യക്ഷത്തിൽത്തന്നെ ഇല്ലാതാക്കിയത്? ജേണലിസത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ പോലും മാറ്റിയെഴുതുന്നതിലേക്ക് പ്രിൻറ്​ മീഡിയയും ടെലിവിഷനും ഡിജിറ്റൽ മീഡിയയും എത്തിച്ചേർന്ന രാഷ്ട്രീയ- സാമ്പത്തിക വശങ്ങൾ എന്തൊക്കെയാണ്?

ദൃശ്യ മാധ്യമ വ്യവസായത്തിലെ വിജയത്തിന്റെ സൂചിക കാഴ്ചക്കാരുടെ എണ്ണവും കാഴ്ചയുടെ ദൈർഘ്യവുമാണ് എന്ന നിർവചനത്തിന് ഒരു പ്രശ്നമുണ്ട്. ഇതേ പ്രശ്നം ഇപ്പോൾ നേരിടുന്നത്, സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള വരുമാനം പ്രധാന വരുമാന മാർഗമായ, ഡിജിറ്റൽ മാധ്യമങ്ങളാണ്. കൂടുതൽ കാഴ്ചക്കാരെ നേടാനുള്ള മത്സരത്തിൽ കാഴ്ചക്കാർ കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന തരത്തിലുള്ള വാർത്ത കൂടുതലായി നൽകാൻ ചാനലുകൾ ശ്രമിച്ചുതുടങ്ങി. വിരസമായ വികസന പരിപ്രേക്ഷ്യങ്ങളും കുടിവെള്ള ക്ഷാമം, കടൽക്ഷോഭങ്ങൾ തുടങ്ങിയ മനുഷ്യദുരിതങ്ങൾ വർത്തയാവാതിരിക്കുകയും, അതേസമയം ആനയോ കടുവയോ നായകനായ മനുഷ്യ - വന്യമൃഗ സംഘർഷ വാർത്തകൾ തലക്കെട്ടുകളാവുകയും ചെയ്യുന്നതിന്റെ യുക്തി ഇതാണ്. ‘ഇഫ് ഇറ്റ് ബ്ലീഡ്സ്, ഇറ്റ് ലീഡ്സ്’ എന്നതാണ് സാർവദേശീയമായി പോപ്പുലർ മീഡിയയെ നയിക്കുന്ന ആപ്തവാക്യം. പുതുതായി വരുന്ന ചാനലുകളും ഈ മത്സരത്തിന്റെ ഭാഗമാകുന്നതോടെ വിജയം ഉറപ്പ് നൽകുന്ന സമവാക്യങ്ങളിൽ നിന്ന് മാറി വേറിട്ട പാതയിൽ നടക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതാണ് കണ്ടുവരുന്നത്. വരുമാനം നേടാൻ മറ്റു വഴികൾ തേടുകയാണ് ഈ കുടുക്കിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗം. വരിസംഘ്യ നൽകി ദൃശ്യ മാധ്യമങ്ങൾ കാണാൻ കൂടുതൽ ആൾക്കാർ തയാറാക്കുക, അല്ലെങ്കിൽ സദ് വാർത്താ താൽപര്യത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകളോ മറ്റോ നല്ല ജേണലിസം മാതൃകകൾക്ക് ധനസഹായം നൽകുന്ന മാതൃക ഒക്കെയാണ് സാദ്ധ്യതകൾ.

വിരസമായ വികസന പരിപ്രേക്ഷ്യങ്ങളും കുടിവെള്ള ക്ഷാമം, കടൽക്ഷോഭങ്ങൾ തുടങ്ങിയ മനുഷ്യദുരിതങ്ങൾ വർത്തയാവാതിരിക്കാനുള്ള യുക്തി ഇതാണ്.

ഒരു മാധ്യമ സ്ഥാപനത്തിൻ്റെ മൂലധനം അതിൻ്റെ എഡിറ്റോറിയൽ പോളിസിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ നിരവധി ടെലിവിഷൻ ചാനലുകൾ പുതുതായും രൂപമാറ്റം വരുത്തിയും അണിയറയിൽ ഒരുങ്ങുകയാണ്. ദേശീയ തലത്തിൽ എൻ.ഡി.ടി.വി അദാനി കയ്യടക്കി. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എൻ.ഡി.ടി.വി ടെലിവിഷൻ ചാനൽ തുടങ്ങാൻ പോകുന്നു. ഏഷ്യാനെറ്റ് എന്ന കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ, ബി.ജെ.പി. എം.പി.യായ രാജീവ് ചന്ദ്രശേഖറുടെ കയ്യിലെത്തിയിട്ട് കുറേക്കാലമായി. മാധ്യമ മേഖലയിൽ നടക്കുന്ന വൻനിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ അതിൻ്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. കേരളത്തിലെ മാധ്യമ രംഗത്തെ മൂലധന നിക്ഷേപങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും എന്താണ് ലക്ഷ്യമാക്കുന്നത്? അത് പുരോഗമനപരമാണോ?

വാർത്താ ചാനലുകൾ വ്യക്തമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുകയാണ് എന്നതാണ് ദേശീയതലത്തിലെ പ്രവണത. വാർത്ത ഒരു കാഷ്വലിറ്റി ആവുന്ന മട്ടിൽ പ്രവർത്തിക്കുന്ന ചാനലുകളാണ് അധികവും. എന്നാൽ കേരളത്തിലെ സ്ഥിതി അത്ര മോശമല്ല. ഏറ്റവും പക്ഷപാതപരമായി രാഷ്ട്രീയം പറയുന്ന രണ്ടോ മൂന്നോ മലയാള ചാനലുകൾക്കല്ലേ ഏറ്റവും കുറവ് വ്യൂവർഷിപ്? സി.പി.എം എതിർക്കുന്ന മറ്റു മുഖ്യധാരാ ചാനലുകൾ വാർത്തകൾ വസ്തുതാപരമായി തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ വിമർശനം കഠിനമായി നിർവഹിക്കുമ്പോഴും വാർത്തയുടെ വിവിധ വശങ്ങൾ പ്രേക്ഷകർക്ക്​ നൽകാനും വ്യത്യസ്​തമായ വാർത്തകൾ വിന്യസിച്ച് പുതുമ കണ്ടെത്താനും ഈ ചാനലുകൾക്ക് കഴിയുന്നുണ്ട്.

സാക്ഷരരും രാഷ്ട്രീയ ബോധമുള്ളവരുമായ കാഴ്ചക്കാർ കൂടുതലുള്ള ഇവിടത്തെ മാർക്കറ്റിൽ വൻതോതിൽ അസത്യ പ്രചാരണം നടത്തി കാഴ്ചക്കാരെ തേടാനുള്ള ശ്രമങ്ങൾ വിജയിക്കാൻ സാധ്യതയുണ്ട്. അദാനിയാണ് മൂലധനം മുടക്കുന്നതെങ്കിലും ഏറ്റവും പ്രൊഫഷണലായി നടത്താൻ പറ്റിയില്ലെങ്കിൽ മലയാളം വാർത്താ ചാനൽ വിജയിക്കാൻ സാധ്യതയില്ല.

വാർത്താ ചാനലുകൾ വ്യക്തമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുകയാണ് എന്നതാണ് ദേശീയതലത്തിലെ പ്രവണത. വാർത്ത ഒരു കാഷ്വലിറ്റി ആവുന്ന മട്ടിൽ പ്രവർത്തിക്കുന്ന ചാനലുകളാണ് അധികവും.

പരസ്പരമുള്ള മത്സരം, ഫാക്റ്റ് ചെക്ക് ചെയ്യാതിരിക്കൽ, ഷാലോ ആയ റിപ്പോർട്ടിങ്ങ്, പ്രൊപ്പഗാൻ്റ, ടെലിവിഷൻ ചർച്ചകളാണ് ജേണലിസം എന്നും ചർച്ചകൾ നയിക്കുന്നവർ മാത്രമാണ് ജേണലിസ്റ്റുകൾ എന്നുമുള്ള തോന്നൽ ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ ജേണലിസത്തിൻ്റെ അപചയത്തിനുള്ള ഉദാഹരണങ്ങളായി കുറേക്കാലമായി പറയാറുണ്ട്. മാധ്യമങ്ങളുടെ ഘടനയിലും ഓരോ ഘടകത്തിലും അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കുന്ന വലതുപക്ഷവത്കരണത്തെ ഒരു സിസ്റ്റം എന്ന നിലയിലും ആത്മവിമർശനപരമായ ദൗത്യം എന്ന നിലയിലും കാണേണ്ടതുണ്ട്. അങ്ങനെയൊരു സാധ്യത മുന്നിൽ കാണുന്നുണ്ടോ?

വാർത്താ ചാനലുകളിലെ പരിപാടികൾ വാർത്ത അല്ലെങ്കിൽ വിശകലനം എന്ന മട്ടിൽ നിന്ന് ഒരു സമ്പൂർണ ഷോ എന്ന നിലയിലേക്ക് മാറിയതിന്റെ പ്രശ്നങ്ങളുണ്ട്. വ്യക്തികേന്ദ്രീകൃതമായ പരിപാടികൾ വിജയിക്കുന്നതോടെ ആ വ്യക്തിക്ക് താരപരിവേഷം കൈവരുന്നതും അവരുടെ വിപണിമൂല്യം ഉയരുന്നതും ഈ മാതൃകയുടെ ശക്തിയോ ദൗർബല്യമോ ആണ്. നായകന്റെ മട്ടും ഭാവവും കാലക്രമത്തിൽ കൈവരുന്ന അവതാരകൻ ‘ധീരോദാത്തൻ അതിപ്രതാപ ഗുണവാൻ വിഖ്യാത വംശൻ’ മോഡിലേക്ക് സ്വിച്ച് ഓവർ ചെയ്യുന്നതോടെയാണ് അപചയം ആരംഭിക്കുന്നത്. താൻ പറയുന്നത് ശ്രദ്ധിക്കാൻ ആയിരങ്ങളുണ്ടെന്നും അവരെ കോൾമയിർ കൊള്ളിക്കുന്ന കാര്യങ്ങളാണ് താൻ പറയേണ്ടതെന്നും അദ്ദേഹം ധരിച്ചുവശാകുന്നു. പഞ്ച് ഡയലോഗുകൾക്ക് വസ്തുതകൾ വിഘാതമാണെങ്കിൽ ആ തടസം പിഴുതെറിയുന്നു. ഒരു തെറ്റ് പറ്റിയാൽ, അത് തിരുത്തുന്നത് ഊതി വീർപ്പിച്ച നായക ഈഗോയെ മുറിവേൽപ്പിക്കുന്ന ഒന്നായി മാറുന്നു. അതേസമയം, ഈ പരിമിതി അച്ചടി മാധ്യമങ്ങൾക്ക് ഇല്ലാത്ത ഒന്നാണ്. വാർത്ത ആണ് അവിടെ നായകൻ. മികച്ച വാർത്തയുമായി വരുന്ന റിപ്പോർട്ടർ ആരായാലും ഒന്നാം പേജിലെ സ്ഥലം അയാൾക്കുള്ളതാണ്. ദൃശ്യ മാധ്യമങ്ങൾ ‘വാർത്തയാണ് താരം, വ്യക്തിയല്ല’ എന്നൊരു ശൈലിയിലേക്ക് മാറുന്നതാണ് ഈ പ്രവണതയ്ക്ക് ഒരു പരിഹാരം. അത് സാധ്യമാകുമോ ഇല്ലയോ എന്നത് മറ്റൊരു ചോദ്യമാണ്.

Comments