കാലം, രണ്ടായിരാമാണ്ടിന്റെ തുടക്കം.
മാറാട് കലാപത്തിന് തൊട്ടുപിന്നാലെ കോഴിക്കോട്ടേക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു മുന്നിലേക്ക് ഒരു പ്രതികരണത്തിനായി മൈക്കുമായി ഞങ്ങൾ ദൃശ്യമാധ്യമ രംഗത്തെ ജൂനിയർ നിരയിൽപ്പെട്ടവർ ചെന്നുനിന്നു. ട്രെയിനിൽ കയറുന്ന മുഖ്യമന്ത്രിക്കുമുന്നിലേക്ക് മൈക്ക് നീട്ടി. അദ്ദേഹം സൗമ്യമായി പറഞ്ഞു, ‘ഇതൊന്നും അത്ര നല്ല കീഴ്‌വഴക്കമല്ല. നിങ്ങൾ നേരത്തെ പറയാതെ ഇങ്ങനെ മൈക്കുമായി പെട്ടെന്നുവന്ന് പ്രതികരണം ചോദിക്കുന്നത്'.
ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഹ്രസ്വമായി അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
അന്ന് ഞങ്ങൾക്കൊക്കെ ചെറിയ ജാള്യത തോന്നി.
ചെയ്തത് മര്യാദകേടായിപ്പോയോ? കേരളത്തിലെ ദൃശ്യമാധ്യമ രംഗം അവിടെനിന്ന് ഇന്ന് എവിടെയൊക്കെ എത്തിനിൽക്കുന്നു!
ദൃശ്യമാധ്യമങ്ങൾ കേരളത്തിൽ കാലുറപ്പിച്ചിട്ട് നാലോ അഞ്ചോ വർഷങ്ങളേ ആയിട്ടുള്ളൂ അന്ന്. മാധ്യമ പ്രവർത്തനത്തിന്റെ രീതി മാറുന്നു, അല്ലെങ്കിൽ ദൃശ്യ മാധ്യമ സാങ്കേതിക വിദ്യ ആ രീതികളെ സമൂലം ഉടച്ചു വാർക്കുന്നു എന്നും, അതിൽ ചില തെറ്റായ പ്രവണതകൾ കൂടി കടന്നു കൂടുന്നു എന്നും കേരളത്തിലെ സക്രിയ ജനാധിപത്യത്തിൽ ഇടപെടുന്നവർ ശ്രദ്ധിച്ചുതുടങ്ങിയ കാലം കൂടിയായിരുന്നു അത്. തിരുവനന്തപുരത്തെ പദ്മതീർത്ഥക്കുളത്തിൽ ഒരാളെ മറ്റൊരാൾ മുക്കിക്കൊല്ലുന്നതിന്റെ ലൈവ് ദൃശ്യങ്ങൾ കണ്ട്, മലയാളി സ്തബ്ധരായി നിന്നതും അക്കാലത്താണ്. അത്തരം വാർത്താസംപ്രേഷണ രീതികളുടെ അധാർമികത അന്ന് വലിയ ചർച്ചയുമായി.
ആ കാലം മുതൽ ഇക്കാലം വരെ അകത്തു നിന്നും, മാറിനിന്നുമൊക്കെ മാധ്യമ പ്രവർത്തനം നടത്തിയ, ചിലപ്പോൾ നടത്താതിരുന്ന, ഒരാളെന്ന നിലയ്ക്ക് ചില കാര്യങ്ങൾ പറയട്ടെ. ഞങ്ങൾ ദൃശ്യ മാധ്യമപ്രവർത്തകർ എക്കാലത്തും സാങ്കേതിക വിദ്യയുടെ പാദസേവകരാണ് എന്ന സത്യം. പണ്ട് പ്രതിഭാശാലിയായ സംവിധായകൻ ഋത്വിക് ഘട്ടക് പറഞ്ഞു, ഒരു പേന കൊണ്ട് കഥയോ നോവലോ എഴുതുന്നതുപോലെ ലളിതമായി ഒരു സിനിമ എടുക്കാൻ കഴിയുന്ന ഒരു കാലത്തു മാത്രമേ നല്ല സിനിമ, ഒത്തുതീർപ്പില്ലാത്ത നിലപാടുകളിലുറച്ച സിനിമ, ഉണ്ടാവുകയുള്ളൂ എന്ന്. സോഷ്യൽ മീഡിയയുടെ വർധിച്ചുവരുന്ന പ്രാധാന്യം ഇതേ കാര്യമാണ് ഓർമിപ്പിക്കുന്നത്.
ഉച്ചക്കും വൈകുന്നേരവും മാത്രം തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പറക്കുന്ന രണ്ടു വിമാനങ്ങൾ. അവയിൽ കാസറ്റ് കൊടുത്തുവിടാൻ പറ്റിയാൽ മാത്രം അന്നത്തെ സന്ധ്യാ വാർത്തയിൽ ആ ദൃശ്യവാർത്ത കാണിക്കാം. അല്ലെങ്കിൽ പിറ്റേന്നത്തെ വാർത്തയിൽ. ഇതായിരുന്നു കേരളത്തിൽ സ്വകാര്യ ദൃശ്യമാധ്യമങ്ങളുടെ തുടക്കത്തിലേ സ്ഥിതി. അന്നെല്ലാം റിപ്പോർട്ടിങ് ചെയ്യുമ്പോൾ രാവിലെ ഒരു വാർത്ത കവർ ചെയ്താൽ ചിലപ്പോൾ വൈകിട്ട് ഒരെണ്ണം കൂടി പിറ്റേ ദിവസം എഡിറ്റു ചെയ്തു കൊടുക്കാനായി ഷൂട്ട് ചെയ്യും. അതോടെ അന്നത്തെ ജോലി തീർന്നു.
ഓരോ വാർത്തയും ശ്രദ്ധാപൂർവം ബന്ധപ്പെട്ട എല്ലാവരെയും കണ്ടും, സംസാരിച്ചും, ചോദിച്ചു മനസ്സിലാക്കാം, അതിന്റെ പശ്ചാത്തലം പഠിക്കാം, ശ്രദ്ധിച്ച് വർത്തയെഴുതാൻ സമയമുണ്ട്, ആ വാർത്തക്ക് ചേരുന്ന, അല്ലെങ്കിൽ പ്രസക്തമായ ദൃശ്യങ്ങൾ തെരഞ്ഞെടുത്ത്, സമയമെടുത്ത്, ഷൂട്ട് ചെയ്യാം, ഇടനേരങ്ങളിൽ കുറച്ചു വായിക്കാം, പത്രമാസികകൾ അരിച്ചുപെറുക്കാം, പുതിയ വാർത്തകൾ തേടാം. വല്ലപ്പോഴും അതിപ്രധാനമായൊരു എക്‌സ്‌ക്ലൂസീവ് വാർത്ത ചെയ്താൽ ഒരു ചെറിയ സ്വന്തം ആങ്കറിങ് കൂടി ഉൾപ്പെടുത്തും. ലൈവ് ഇല്ല. സ്റ്റുഡിയോ ചർച്ചകൾ ഇല്ല. മാധ്യമപ്രവർത്തകരുടെ മുഖം തന്നെ ആർക്കും പരിചിതമല്ല. എന്റെ പ്രായമായ ഒരു മുത്തശ്ശി അക്കാലത്തു ചോദിച്ചു, ‘വാർത്ത കാണുമ്പോൾ കുട്ടിയുടെ കൈ മാത്രം കാണാം. ശബ്ദവും കേൾക്കാം. കുറച്ചു മുന്നിലേക്ക് നീങ്ങി നിന്നുകൂടെ? എന്നാൽ ആളെയും കാണാമല്ലോ?'
പക്ഷെ അപ്പോഴതാ വാർത്ത ലൈവ് ആയി കൊടുക്കാനുള്ള സാങ്കേതിക വിദ്യ വരുന്നു. ക്രമേണ എവിടെ നിന്നും ആ നിമിഷത്തിൽ തന്നെ വാർത്ത സംപ്രേഷണം ചെയ്യാം എന്നാവുന്നു. ചാനലുകൾ പെരുകുന്നു. മത്സരം അതിതീവ്രമാവുന്നു. ഒരു വൈയക്തിക അനുഭവം ഇവിടെ പറയാം.
വൈകുന്നേരം ശവസംസ്‌കാരം തീരുന്നതു വരെ ഒ.വി. വിജയനെ നേരിട്ട് വായിച്ചറിഞ്ഞതും, അറിവുള്ളവർ പറഞ്ഞുതന്നതും, വീണ്ടും ഓർത്തെടുത്തതും, കയ്യിൽ കരുതിയ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നുള്ള വരികളും എല്ലാം പറഞ്ഞിട്ടും പിന്നെയും തീരുന്നില്ലല്ലോ, പൊതുദർശനം. ലൈവിൽ തുടരുകയല്ലാതെ എന്ത് ചെയ്യാൻ.
അങ്ങനെ ഇരിക്കുമ്പോൾ ഒ.വി. വിജയൻ പാലക്കാട്ടുവെച്ച് അന്തരിക്കുന്നു. അന്ന് വൈകുന്നേരം തിരുവനന്തപുരത്തെ ഡെസ്‌കിൽ നിന്ന് കോഴിക്കോട്ടെ റിപ്പോർട്ടറായ എനിക്ക് വിളി വരുന്നു. നാളെ പൊതുദർശനവും, ശവസംസ്‌കാരവും ലൈവ് ആയി കവർ ചെയ്യണം. ഇന്നുതന്നെ പാലക്കാട്ടേക്ക് പുറപ്പെടുക. ശരി, പുറപ്പെട്ടു. ഒ .വി. വിജയൻ എന്ന മഹാ സാഹിത്യകാരനെ ആസ്വദിച്ചു വായിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ അക്ഷരപ്രപഞ്ചത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ഞാനൊരു മാധ്യമപ്രവർത്തക മാത്രമാണ്. സാഹിത്യത്തിൽ അദ്ദേഹത്തെ ആധികാരികമായി വിലയിരുത്താനുള്ള പ്രാവീണ്യം ഒട്ടുമില്ല. അതുകൊണ്ടു അറിവുള്ളവരെ വിളിച്ചു, ലൈവിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ എങ്ങനെ അവതരിപ്പിക്കണം എന്ന ഉപദേശം ചോദിച്ചു. അതികാലത്ത് പാലക്കാട്ടു ടൗൺഹാളിൽ പൊതു ദർശനം. ലൈവ് ആരംഭിച്ചു. ഇടക്കൊന്നു പറഞ്ഞു നിർത്തുമ്പോൾ ചെവിയിൽ തിരുവനന്തപുരത്തെ പ്രൊഡക്ഷൻ കൺട്രോൾ റൂമിൽ നിന്ന് ഒരേ വായ്ത്താരി. ‘പറഞ്ഞോ, പറഞ്ഞോ, നിർത്തണ്ട.' വൈകുന്നേരം ശവസംസ്‌കാരം തീരുന്നതു വരെ വിജയനെ നേരിട്ട് വായിച്ചറിഞ്ഞതും, അറിവുള്ളവർ പറഞ്ഞുതന്നതും, വീണ്ടും ഓർത്തെടുത്തതും, കയ്യിൽ കരുതിയ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നുള്ള വരികളും എല്ലാം പറഞ്ഞിട്ടും പിന്നെയും തീരുന്നില്ലല്ലോ, പൊതുദർശനം. ശവസംസ്‌കാരത്തിന്റെ സമയവും ആവുന്നില്ല. ലൈവിൽ തുടരുകയല്ലാതെ എന്ത് ചെയ്യാൻ. അന്ന് സ്റ്റുഡിയോ ചർച്ചകളൊന്നും അത്ര സാങ്കേതികമായി വളർന്നിട്ടില്ലാത്തതിനാൽ സമയം കൊല്ലാനുള്ള ഉത്തരവാദിത്വം പൂർണമായും ലൈവിൽ നിൽക്കുന്ന റിപ്പോർട്ടർക്ക് തന്നെ. ജീവിതത്തിൽ ഇത്രയും ആത്മനിന്ദ തോന്നിയ ഒരു സന്ദർഭം മറ്റൊന്നില്ല എന്ന് അന്ന് ചില സുഹൃത്തുക്കളോട് പറഞ്ഞത് ഇന്നും തിരുത്തേണ്ടി വന്നിട്ടില്ല.
ഇന്നും പല ടെലിവിഷൻ ചാനലുകളിലിരുന്ന് റിപ്പോർട്ടിങ്ങും, ചർച്ചയുമെല്ലാം നടത്തുന്ന എന്റെ മിക്ക സുഹൃത്തുക്കളും ഇടക്കെങ്കിലും ഇതേ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട് എന്ന് എനിക്കുറപ്പാണ്. 24 മണിക്കൂറും ലൈവ് കാണിക്കാനുള്ള സാങ്കേതിക വിദ്യ ഉണ്ടെന്നു കരുതി എല്ലായ്‌പ്പോഴും നാമത് ഉപയോഗിച്ചുകൊണ്ടേയിരിക്കണം എന്നുണ്ടോ? ദൃശ്യമാധ്യമരംഗത്തു എഡിറ്റോറിയൽ നിയന്ത്രണങ്ങളുടെ സാദ്ധ്യതകൾ, അതെങ്ങനെ കൊണ്ടുവരാം എന്ന ചർച്ചകൾ നമ്മൾ തുടങ്ങി വെക്കുകയെങ്കിലും വേണ്ടേ? എഡിറ്റോറിയൽ നിയന്ത്രണം എന്നത് സെൻസർഷിപ്പ് അല്ല. പ്രേക്ഷകരിലെത്തുന്നതിനു മുൻപ്, കഴിയുമെങ്കിൽ, ഓരോ വാർത്തയും, അല്ലെങ്കിൽ (ടെലിവിഷന്റെ പ്രത്യേക സാഹചര്യത്തിൽ) പറ്റാവുന്നത്ര വാർത്തകൾ, അനുഭവസമ്പന്നരായ ഒന്നിൽ കൂടുതൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ ചെല്ലുന്നു, അവരതിൽ ഒരു ഓഡിറ്റിങ് നടത്തുന്നു എന്നതാണ് എഡിറ്റോറിയൽ നിയന്ത്രണത്തിന്റെ സത്ത. ലൈവിൽ ഇരിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ/പ്രവർത്തക ആ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അതും ലൈവ് ആയി, ആ നിമിഷം, ഒരു തീരുമാനം, നിലപാട് എടുക്കേണ്ടി വരുന്നു. അനുഭവസമ്പത്തുള്ള നമ്മുടെ വാർത്താ അവതാരകർ നന്നായിത്തന്നെ ആ ഉത്തരവാദിത്വം നിറവേറ്റിയ എത്രയോ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ, പാളിച്ചകൾ വരുമ്പോൾ, അത് പലതവണ ആവർത്തിക്കുമ്പോൾ, അതവരെ പ്രതിരോധത്തിലാക്കുന്നു. വിമർശനങ്ങൾക്ക് മൂർച്ച കൂടുന്നു.
ഒരേ വാർത്ത, ഒരു സാധാരണ വാർത്ത പോലും, ഒരു നിമിഷം നേരത്തെ കൊടുത്താൽ എന്ത് ജീവിതധന്യതയാണ് ആ ഓട്ടമത്സരത്തിൽ ജയിച്ച ചാനലിൽ ആ വാർത്ത ആദ്യം കാണുന്ന പ്രേക്ഷകന് കിട്ടുക?
അടുത്ത കാലത്ത് മാധ്യമ മര്യാദയെപ്പറ്റി നടക്കുന്ന ചർച്ചകൾ കൂടി മനസ്സിൽ വെച്ചുകൊണ്ട് പറയുമ്പോഴും, എനിക്ക് എന്റെ സഹപ്രവർത്തകരെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല. കാരണം അവർ വിചാരിച്ചാൽ മാത്രം മാധ്യമമര്യാദകൾ വീണ്ടെടുക്കാൻ കഴിയില്ല എന്നതാണ് സത്യം. മത്സരത്തിൽ ഒന്നാമതെത്താൻ വാർത്തയെ എരിവും പുളിയുമുള്ള ഒരു എന്റർറ്റൈനർ പരിപാടി ആക്കാൻ ആർക്കാവും താൽപര്യം? രാവിലെ മുതൽ ഈ മിക്കവാറും തോൽക്കുന്ന മത്സരത്തിൽ ഓടിക്കിതച്ചു തളരുന്ന മാധ്യമപ്രവർത്തകർക്കോ, അതോ റേറ്റിങ്ങിലൂടെ ലാഭം നേടുന്ന മുതലാളിക്കോ? ഒരേ വാർത്ത, ഒരു സാധാരണ വാർത്ത പോലും, ഒരു നിമിഷം നേരത്തെ കൊടുത്താൽ എന്ത് ജീവിതധന്യതയാണ് ആ ഓട്ടമത്സരത്തിൽ ജയിച്ച ചാനലിൽ ആ വാർത്ത ആദ്യം കാണുന്ന പ്രേക്ഷകന് കിട്ടുക?
തികച്ചും അശാസ്ത്രീയമായ ഒരു റേറ്റിങ് സംവിധാനം, അതിനെ മാത്രം നമ്പി പരസ്യങ്ങൾ നൽകുന്ന ഒരു വ്യവസായ ലോകം, അതിനുവേണ്ടി സ്വന്തം മാധ്യമ വ്യക്തിത്വത്തെ പൊളിച്ചെഴുതി മറ്റൊരാളായി മാറാൻ മാധ്യമപ്രവർത്തകർക്കുമേൽ സമ്മർദ്ദം ചെലുത്തുന്ന മുതലാളിമാർ. ഒരു കാലത്ത് എല്ലാവരും അർണാബ് ഗോസ്വാമിക്ക് പഠിക്കാനായിരുന്നു നിർദ്ദേശം. ഇപ്പോൾ മലയാളത്തിലെ സരസനായ ഒരു വാർത്താവതാരകനെപ്പോലെയാകാനുള്ള സമ്മർദ്ദം.
നിലവിലുള്ള സാങ്കേതിക വിദ്യ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ, ഏറ്റവും റേറ്റിങ് നേടുക എന്ന ഫോർമുലയാണ് ഇക്കാലത്തിനിടയിൽ ദൃശ്യമാധ്യമങ്ങൾ കേരളത്തിൽ വികസിപ്പിച്ചത് എന്ന് ആരും ശ്രദ്ധിച്ചിട്ടില്ല. സാമൂഹ്യ വിഷയങ്ങൾ പ്രതിപാദിക്കുന്ന, 'കണ്ണാടി' പോലുള്ള ഒരു പരിപാടിക്കുപോലും ചാനലിനകത്തും, പുറത്തും സ്വീകാര്യത കുറഞ്ഞു വന്നു. സ്റ്റുഡിയോവിൽ ഒരു ചർച്ച നടത്താൻ ചെലവാകുന്ന തുകയിലും എത്രയോ ഏറെ ചെലവുണ്ട്, ഫീൽഡിൽ പോയി നന്നായി ഗവേഷണവും, പഠനവും നടത്തി തയാറാക്കുന്ന ഒരു പരിപാടിക്ക് എന്ന സാമ്പത്തികശാസ്ത്രം എത്ര പേർ മനസ്സിലാക്കുന്നുണ്ട്? സ്റ്റുഡിയോ, അവിടെ പണം മുടക്കി ഉണ്ടാക്കി വെച്ചിരിക്കുകയാണ്. അതിന് കറന്റു ചെലവുണ്ട്, എ.സി. പ്രവർത്തിപ്പിക്കണം, ഏതു ഘട്ടത്തിലും തയ്യാറായി ജീവനക്കാരെ നിയോഗിച്ചിരിക്കുന്നു. അത് പരമാവധി ഉപയോഗിച്ചാൽ അത്രയും ലാഭം. പുറത്തു പോയി ഷൂട്ടിങ് നടത്തുന്നതിന് ചെലവേറും. വണ്ടി ഓടണം, ക്രൂവിന് ഹോട്ടലിൽ താമസച്ചെലവ് വരും, ഭക്ഷണച്ചെലവ് നൽകണം, ഉപകരണങ്ങൾക്കും ഫീൽഡിലെ പരുക്കൻ ഉപയോഗം മൂലം കൂടുതൽ തേയ്മാനം കൂടുതൽ വരും. കൊറോണ കൂടി വന്നതോടെ ഫീൽഡിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം പിന്നെയും കുറഞ്ഞു. പതിവ് റിപ്പോർട്ടിങ്ങിനപ്പുറം ഫീൽഡിൽ നിന്നുള്ള, നല്ല പഠനം ആവശ്യമുള്ള ‘സ്റ്റോറികൾ' എണ്ണം കുറഞ്ഞു.
നന്നായി ഫീൽഡിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകരെ കുറച്ചുകാണുകയല്ല. സ്റ്റുഡിയോ ചർച്ചകളിൽ നല്ല പഠനത്തിന്റെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന നല്ല ചോദ്യങ്ങൾ ചോദിക്കുന്ന വാർത്താ അവതാരകരെയും കണ്ടില്ലെന്നു നടിക്കുകയല്ല. പക്ഷെ, ഒരു പറ്റം സ്ഥിരം അതിഥികളുമായി എന്നും ചർച്ച നടത്തുക എന്ന കീഴ്‌വഴക്കത്തിനു അവധി കൊടുക്കാൻ കഴിയുമോ എന്നതാണ് ചോദ്യം. പ്രേക്ഷകർക്കും ഈ ചർച്ചകളാണ് പ്രിയം എന്ന് റേറ്റിങ് കണക്കുകൾ നിരത്തി വാദിക്കാം. പരസ്യക്കണക്കുകളും അതിനു പിൻബലം നൽകും. ചാനലുകളുടെ സാമ്പത്തികശാസ്ത്രം മറന്നു പറയുകയല്ല. പക്ഷെ വാർത്താ അവതാരകർക്കു കുറച്ചു കൂടി വിശ്രമവും, വാർത്തയെ digest ചെയ്യാനുള്ള സാവകാശവും നൽകിയാൽ വാർത്താ മൂല്യം ഉയരുമെന്ന് തീർച്ചയാണ്. പുതുമ എല്ലാവരും ഇഷ്ടപ്പെടുന്നു. അനുകരണം എന്നത് ആശയദാരിദ്ര്യത്തിന്റെ കൂടി പ്രശ്‌നമാണ്. ഒരു ചാനലിന് മാത്രമായി ചർച്ച നിർത്താനൊന്നും കഴിയില്ല. പൂർണമായി നിർത്തേണ്ടതും, മോശമായതുമായ ഒരു സംഗതിയാണ് ചാനൽ ചർച്ച എന്ന വിവക്ഷ ഒട്ടും ഇവിടെ ഉദ്ദേശിക്കുന്നില്ല. പക്ഷെ എന്നും ഈ ചർച്ച നയിക്കാൻ വന്നിരിക്കുന്ന മാധ്യമപ്രവർത്തകർക്ക്, ഒരു ദിവസം, അവർക്കിഷ്ടമുള്ള, വിവാദമാകാത്ത ഒരഭിമുഖം നടത്താൻ, വളരെ ഓഫ് ബീറ്റ് ആയ ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ, കുറച്ചു യാത്ര ചെയ്ത് ഒരു വേറിട്ട വാർത്ത തയ്യാറാക്കാൻ അവസരം നൽകണം. സ്ഥിരം സീനിയർ അവതാരകർക്കു പുറമെ പുതിയ തലമുറ മാധ്യമപ്രവർത്തകരെ ധാരാളം ചർച്ച നയിക്കാൻ ഏൽപ്പിക്കണം. വലിയ വാർത്തകളൊന്നും സംഭവിക്കാത്ത ദിവസങ്ങളിൽ സംഗീതത്തെപ്പറ്റിയോ, ഒരു പുസ്തകത്തെപ്പറ്റിയോ, നോബൽ സമ്മാനം ലഭിച്ച ഒരു ശാസ്ത്രജ്ഞനെ പറ്റിയോ, എന്തിന്, പ്രപഞ്ചത്തിന്റെ പൊരുളിനെപ്പറ്റിയോ തുടക്കക്കാർ ചർച്ച നടത്തട്ടെ. വിഷയവൈവിധ്യം ഉണ്ടാവട്ടെ. അപ്പോൾ സ്ഥിരം മുഖങ്ങളല്ലാതെ പുതിയ വിഷയങ്ങളും, വ്യക്തികളും ചർച്ചകളിൽ സ്ഥാനം നേടും. പുതിയ ഊർജ്ജം പ്രസരിക്കും. വിവാദങ്ങളുടെ മുൾമുനയിൽ മാത്രമല്ല വാർത്ത സംഭവിക്കുന്നത്. മാധ്യമ പ്രവർത്തകർ സെലിബ്രിറ്റികളല്ല ആകേണ്ടത്. അവർ സാധാരണ മനുഷ്യർക്ക് ഏറ്റവും, പരിചിതരും, അവർക്കൊപ്പം നടക്കുന്നവരും ആവുമ്പോൾ വാർത്തയുടെ ക്വാളിറ്റി തന്നെ മറ്റൊന്നാകും. അവരെ പെർഫോമേഴ്സ് മാത്രമായിട്ടല്ല പ്രേക്ഷകർക്ക് പരിചയം വേണ്ടത്.
എന്നും ചർച്ച നയിക്കാൻ വന്നിരിക്കുന്ന മാധ്യമപ്രവർത്തകർക്ക്, ഒരു ദിവസം, അവർക്കിഷ്ടമുള്ള, വിവാദമാകാത്ത ഒരഭിമുഖം നടത്താൻ, വളരെ ഓഫ് ബീറ്റ് ആയ ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ, കുറച്ചു യാത്ര ചെയ്ത് ഒരു വേറിട്ട വാർത്ത തയ്യാറാക്കാൻ അവസരം നൽകണം
അപൂർവം ചിലപ്പൊഴൊക്കെ മാധ്യമ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ പോകാറുണ്ട്. അപ്പോഴൊക്കെ അവരോടു പറയാനായി ആലോചിക്കാറുണ്ട്, മാധ്യമ ധർമത്തിന്റെ ഒരു ബെഞ്ച് മാർക്ക് എന്താവാം. നിങ്ങളുടെ കുഞ്ഞുങ്ങൾക്കുകൂടി കാണാൻ വേണ്ടിയാണ് നിങ്ങൾ ഈ വാർത്ത തയ്യാറാക്കുന്നത് എന്ന് സങ്കൽപ്പിക്കൂ. അവർ കൂടി ഉണ്ടല്ലോ ഓരോ വീട്ടിലെയും ടെലിവിഷൻ പ്രേക്ഷക സദസിൽ. അവർക്കു നെല്ലും പതിരും വേർതിരിച്ചറിയാൻ സഹായിക്കുന്ന വ്യക്തത, അവരെ ആജീവനാന്ത നിരാശാവാദികളാക്കാതിരിക്കാൻ വേണ്ട പ്രത്യാശ, അവർക്കു ജീവിതത്തെ മാന്യതയോടെ നേരിടാൻ വേണ്ട പ്രധാനപ്പെട്ട മൂല്യബോധങ്ങൾ, വിശാലമായൊരു ലോകം മുന്നിലുണ്ടെന്നും, അതിൽ മാനവികവും, ജനാധിപത്യപരവുമായൊരു കാലത്തിനുവേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർക്കു തിരിച്ചറിയാൻ സഹായിക്കുന്ന സംവാദാത്മകത, ഇതൊക്കെ നമ്മൾ തയ്യാറാക്കുന്ന ഓരോ വാർത്തയിലും, വിശകലനത്തിലും പ്രതിഫലിക്കുക. അതാവണ്ടേ ബെഞ്ച് മാർക്ക്? ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.