സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നിര്‍മിക്കുന്നതും വളച്ചൊടിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തി ഇളവ് നല്‍കാവുന്ന കുറ്റമല്ല. സാധാരണ പൗരരുടെ അഭിപ്രായ പ്രകാശന സ്വാതന്ത്ര്യത്തിനപ്പുറം ഭരണഘടന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശേഷിച്ചൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. ആര്‍ക്കുമെതിരെ എന്തും വിളിച്ചുപറയാനും നുണക്കഥകള്‍ മെനയാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കും ഭരണഘടന അനുവദിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, മാധ്യമപ്രവര്‍ത്തകര്‍ വിശുദ്ധപശുക്കളല്ലെന്നും അവരും സാധാരണ പൗരരെപോലെ, ഒരു ജനാധിപത്യ സമൂഹത്തില്‍ തങ്ങളുടേതായ ജോലി ചെയ്ത് ജീവിക്കുന്നവരാണെന്നുമുള്ളതാണ് സത്യം. മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നൊക്കെ പറയുന്നത് പലപ്പോഴും മാധ്യമങ്ങളുടെ വരേണ്യപക്ഷപാതിത്വത്തെയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെയും മൂടിവെക്കാനുള്ള കേവലമായ ഭംഗിവാക്കുകളാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളെത്ര സ്വതന്ത്രരും നിഷ്പക്ഷരുമാണെന്ന് സ്വയം അവകാശപ്പെട്ടാലും ഉടമയുടെ താല്പര്യങ്ങള്‍ക്കപ്പുറമുള്ള ഒരു മാധ്യമസ്വാതന്ത്ര്യവും അവരനുഭവിക്കുന്നില്ല എന്നതാണ് വാസ്തവം.
ശരിയായ വസ്തുതകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിച്ച് ജനാധിപത്യത്തിന്റെ നാലാംതൂണാവേണ്ട, ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പില്‍ സുപ്രധാന പങ്ക് വഹിക്കേണ്ട മാധ്യമങ്ങള്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടിന്റെ കുഴലൂത്തുകരായി അധഃപതിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് മൂലധനത്തിനും വര്‍ഗീയതക്കുമെതിരായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന മോദി അജണ്ടയിലാണ് മനോരമയും ഏഷ്യാനെറ്റും ഉള്‍പ്പെട്ട മാധ്യമ കുത്തകകള്‍. ഇടതുപക്ഷത്തിനെതിനെതിരായ പ്രചാരണയുദ്ധമാണ് ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടേത്.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നാല്‍ വിഷം കഴിച്ചു മരിച്ചുകളയുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ മാമന്‍മാപ്പിളമാരുടെ തുടര്‍ച്ചക്കാരാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം ആളുകളും.
എസ്.എഫ്.ഐക്കും സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോക്കും എതിരായി വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടുള്ള ഇപ്പോഴത്തെ പ്രചാരണയുദ്ധത്തിന് പ്രകോപനമായത് കാഞ്ഞിരപള്ളി രൂപതക്ക് കീഴിലെ അമല്‍ജ്യോതി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഭവങ്ങളാണ്.
ആറു വർഷം മുമ്പ് പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാർഥിയുടെ മരണത്തിലേക്കുനയിച്ച ക്രൂരമായ അനുഭവങ്ങളേക്കാള്‍ ഭീകരമായ പീഢനങ്ങള്‍ അമല്‍ജ്യോതി കോളേജധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് അവിടുത്തെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്യുന്നത്. ശ്രദ്ധയുടേത് കേവലമായൊരു ആത്മഹത്യയല്ല. എന്നാല്‍, അമല്‍ജ്യോതി കോളേജ് അധികൃതരും അവര്‍ക്ക് പിറകിലുള്ള നിക്ഷിപ്ത താല്‍പര്യക്കാരും ശ്രദ്ധയുടെ മരണത്തെയും വെറുമൊരു ആത്മഹത്യയായി ഒതുക്കിയെടുക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കോളേജ് അധികൃതക്കെതിരെ എസ്.എഫ്. ഐ രംഗത്തു വന്നതോടെയാണ് ഈ നീക്കം തടയപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടർന്നാണ് അമല്‍ജ്യോതിയിലെ സദാചാര പീഢനകഥകള്‍ പുറത്തുവന്നുതുടങ്ങിയത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ആര്‍ഷോ അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തതാണ് മനോരമയെ പ്രകോപിപ്പിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. മനോരമയും ഏഷ്യാനെറ്റുമെല്ലാം തങ്ങളുടെ കുപ്രസിദ്ധമായ കമ്യൂണിസ്റ്റ് വിരോധത്തില്‍ നിന്നാണ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച എസ്.എഫ്.ഐയെ അപകീര്‍ത്തിപ്പെടുത്താൻ കുത്സിത നീക്കം നടത്തിയത്. രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് കെ.എസ്.യുക്കാരെ കൂട്ടുപിടിച്ച് വ്യാജവാര്‍ത്ത പടച്ച് എസ്.എഫ്.ഐയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം അഴിച്ചുവിട്ടു.
ഇപ്പോള്‍ ആര്‍ഷോവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ എടുത്ത കേസ് വിവാദമാക്കാനാണ് മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഖിലയെന്ന റിപ്പോര്‍ട്ടർ, ആര്‍ഷോവിനെതിരെ കെ.എസ്.യു നേതാവ് ഉന്നയിച്ച ആരോപണം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന വാദം വസ്തുതാപരമല്ല. അഖില യഥാര്‍ത്ഥത്തില്‍ ചെയ്തത് ആരോപണത്തിന്റെ സാധുത പരിശോധിക്കാതെ, കെ.എസ്.യു നേതാവിന്റെ ആരോപണം എന്നു പോലും പറയാതെ, ബ്രേക്കിങ് ന്യൂസ് നല്‍കുകയായിരുന്നു. താന്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ആ വാര്‍ത്ത തിരുത്തി ക്ഷമ ചോദിക്കാന്‍പോലും തയ്യാറായില്ല എന്ന കാര്യം, അഖിലയ്‌ക്കെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയാണെന്ന് പ്രസ്താവനയിറക്കുന്ന സുഹൃത്തുക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.
തനിക്കുണ്ടായ വ്യക്തിപരമായ അപമാനം മുന്‍നിര്‍ത്തിയാണ് അതിന് കാരണക്കാരായ കെ.എസ്.യു നേതാവിനെയും വാര്‍ത്ത നല്‍കിയ ചാനലിനെയും റിപ്പോര്‍ട്ടറെയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പരാതി നല്‍കിയത്. അതില്‍ കഴമ്പുള്ളതുകൊണ്ടാണല്ലോ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ച്, ആര്‍ഷോയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കുകയോ ഇല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുമല്ലോ. അതല്ലേ, ഒരു നിയമവ്യവസ്ഥയില്‍ അഭികാമ്യം. ഈ സംഭവത്തെ കേന്ദ്രസര്‍ക്കാരിന്റെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങളുമായി സമീകരിച്ച്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ചാനലിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനകള്‍ക്ക് മാന്യതയും സഹതാപവും ഉണ്ടാക്കിക്കൊടുക്കാന്‍ കാര്യവിവരവമുള്ള ആരും മിനക്കെടുമെന്ന് തോന്നുന്നില്ല.
കാമ്പസുകളുടെ അരാഷ്ട്രീയവല്‍ക്കരണത്തിനും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ പൊരുതുന്ന സംഘടനയാണ് എസ്.എഫ്.ഐ. അതിന്റെ പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപചയം സംഭവിച്ചുണ്ടാകാം. അത്തരം ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച് രാഷ്ട്രീയ യുവത്വത്തെ തകര്‍ത്ത് കളയാമെന്നാരും വ്യാമോഹിക്കേണ്ട. വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനുമെതിരെ അഖിലേന്ത്യാതലത്തിലും കേരളത്തിലും ശക്തമായ കാമ്പയിനുകള്‍ നടത്തുന്ന ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാങ്ങളുടെ നേതൃത്വശക്തിയാണ് എസ്. എഫ്. ഐ.
പുതിയ വിദ്യാഭ്യാസനയത്തിനോ അക്കാദമിക് മേഖലയുടെ കാവിവല്‍ക്കരണത്തിനോ എതിരെ എന്തെങ്കിലും നീക്കങ്ങള്‍ കെ.എസ്. യുപോലുള്ള വലതുപക്ഷ സംഘടനകള്‍ നടത്തുന്നുണ്ടോ? അവരുടെ നേതാക്കള്‍ രാജീവ് ചന്ദ്രശേഖരന്റെ ചാനലുമായി ചേര്‍ന്ന് എസ്.എഫ്.ഐക്കാര്‍ക്കെതിരെ വ്യാജ വാര്‍ത്തകളുണ്ടാക്കുന്ന കുശിനിപ്പണിയില്‍ അഭിരമിക്കുകയല്ലേ. ഇതൊന്നും കാണാതെ കേരളത്തിലെ കാമ്പസുകളില്‍ മതനിരപേക്ഷ ജനാധിപത്യ അന്തരീക്ഷത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍, സംഘപരിവാറിന്റെയും വര്‍ഗീയ ശക്തികളുടെയും ഏജന്‍സി പണിയാണ് അറിഞ്ഞോ അറിയാതെയോ നിര്‍വ്വഹിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെയും അദ്ദേഹത്തിന്റെ ചാനലിന്റെയും രാഷ്ട്രീയ അജണ്ടയെ കുറിച്ച് അജ്ഞത നടിച്ച് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കേവലമായ വാചകമടികള്‍ ആത്മഹത്യാപരമാണെന്ന് പറയേണ്ടിവരും.
കേരളത്തിലെ വിദ്യാര്‍ഥികള്‍ നെഞ്ചേറ്റിയ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ എസ്.എഫ്.ഐക്കെതിരെ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. എസ്.എഫ്.ഐ മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ, പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ അപവാദങ്ങളും നുണപ്രചാരണങ്ങളും നടത്തുകയാണ് ഇത്തരം വലതുപക്ഷ ക്ഷുദ്രജീവികള്‍. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിനെതിരെ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളുടെ സത്യാവസ്ഥ അറിയാതെ അപവാദപ്രചാരണം ഏറ്റെടുക്കുന്ന മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചൊന്നും വിലപിക്കുന്നതിലര്‍ത്ഥമില്ല.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും സ്ഥാപിത താല്‍പ്പര്യങ്ങളുമാണ് ഇത്തരം ഗൂഢാലോചനകള്‍ക്ക് പിറകിലുള്ളത്. മനോരമയും അവരുടെ സൃഷ്ടിയായ കെ.എസ്.യുവും അരനൂറ്റാണ്ടായി ഇടതു പക്ഷനേതാക്കളെയും പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചും എസ്.എഫ്.ഐ ഉള്‍പ്പെടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ നോക്കി. എന്നാല്‍, എല്ലാ വെല്ലുവിളികളെയും അതിജീവിച്ചും കേരളത്തില്‍ ഇടതുപക്ഷം വളരുന്നു, തുടര്‍ഭരണം നേടുന്നു. കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ ഏക സംഘടനയായി എസ്.എഫ്.ഐ വളരുന്നു. സഹിക്കുമോ, മനോരമക്കും മനോരമയുടെ മനസുള്ളവര്‍ക്കും.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ വേദികളെല്ലാം എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാണ്. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, മറ്റ് പിന്തിരിപ്പന്‍ വര്‍ഗീയ സംഘടനകൾ എന്നിവർ ഒരേ കുടക്കീഴില്‍ അണിനിരന്നിട്ടും ഈ വിപ്ലവ വിദ്യാര്‍ഥി സംഘടനയെ പരാജയപ്പെടുത്താനവര്‍ക്കായിട്ടില്ല.
എഴുതാത്ത പരീക്ഷ പാസായെന്ന രേഖ ചമച്ചാണ് പി.എം. ആര്‍ഷോക്കെതിരെ വിവാദം കത്തിച്ചത്. ഇതിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. രജിസ്റ്റര്‍ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ ചെയ്യാത്ത പരീക്ഷ പാസായെന്നാണ് ഓണ്‍ലൈൻ ഫലത്തിലുള്ളത്. മാര്‍ച്ചില്‍ ഫലം വന്നപ്പോള്‍ മാര്‍ക്കിന്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയശേഷം ‘പാസ്ഡ്’ എന്ന് രേഖപ്പെടുത്തിയത് ബോധപൂര്‍വമാണ്. കൃത്യമായ ഗുഢാലോചന ഇതിനുപിറകിലുണ്ട്. അത് അന്വേഷിക്കണമെന്ന ആര്‍ഷോയുടെ പരാതിയിലാണ് രാജീവ് ചന്ദ്രശേഖരന്റെ ചാനലിലെ മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഫലം പ്രസിദ്ധീകരിച്ച എന്‍.ഐ.സിയുടെ സോഫ്റ്റ്വെയറിലെ പിഴവാണെന്നാണ് കോളേജ് അധികൃതര്‍വിശദീകരിച്ചത്. എന്നാല്‍, മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെമാത്രം കാര്യത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടാകുക, അത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുമാത്രം കിട്ടുക, അവര്‍ വഴി മാധ്യമങ്ങള്‍ക്ക് നല്‍കി വിവാദമുണ്ടാക്കുക, ഇതെല്ലാം സ്വാഭാവികമാണെന്ന് വിശ്വസിക്കുക അത്ര എളുപ്പമല്ല. കെ.എസ്.യു നേതാവായ വിദ്യാര്‍ഥിനിയെ റീവാല്യുവേഷനിലുടെ വിജയിപ്പിച്ചതില്‍ ഒരു ഡിപ്പാര്‍ട്ട്‌മെൻറ് കോ- ഓര്‍ഡിനേറ്ററുടെ ഇടപെടലിനെപ്പറ്റി അന്വേഷിക്കാന്‍ കോളേജ് യൂണിയനും വിദ്യാര്‍ഥികളും നല്‍കിയ പരാതി പൂഴ്ത്തിവച്ചപ്പോഴും പരാതി കൊടുത്ത വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയപ്പോഴും അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ഷോ ഒന്നിലധികം തവണ ഇടപെട്ടിരുന്നുവെന്നതും ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കണം.
നേരത്തെ സൂചിപ്പിച്ചതുപോലെ, ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജില്‍ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന സമരമാണ്, ഇപ്പോഴത്തെ സംഭവങ്ങളുടെ സമ്മര്‍ദ്ദമായി വര്‍ത്തിച്ചത്. വിദ്യാര്‍ഥി സംഘടനാരാഷ്ട്രീയം നിരോധിച്ചശേഷം, വിദ്യാര്‍ഥികളോട് കാമ്പസുകളിലും ഹോസ്റ്റലിലും കടുത്ത മനുഷ്യാവകാശലംഘനം നടത്തുന്ന സ്വാശ്രയമാനേജ്‌മെന്റുകള്‍ക്ക് കുട പിടിക്കുകയാണ് യു.ഡി.എഫും മാധ്യമങ്ങളുമെന്ന കാര്യമാണ്, വ്യാജവാര്‍ത്തനിര്‍മ്മിതിക്കെതിരെ കേസെടുത്തതിനെ വിവാദമാക്കുന്നവര്‍ ചെയ്യുന്നത്. സ്വാശ്രയ മാനേജുമെന്റുകളുടെ അരാഷ്ട്രീയ സദാചാര ഭീകരതയെക്കുറിച്ച് മൗനംപാലിക്കുന്നവരാണ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവുന്ന യു.ഡി.എഫുകാര്‍. ശ്രദ്ധയുടെ മരണത്തിനിടയാക്കിയ സംഭവങ്ങള്‍ അമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. അമല്‍ജ്യോതി കോളേജിനെപ്പോലുള്ള നിരവധി കാമ്പസുകള്‍ കേരളത്തിലുണ്ട്. ഒരു ഇൻസ്റ്റിറ്റ്യൂഷനൽ മര്‍ഡര്‍ എന്ന രീതിയില്‍ത്തന്നെയാണ് ശ്രദ്ധയുടെ മരണത്തെ കാണേണ്ടത്. അത്തരം ക്രിമിനല്‍ മാനേജ്‌മെന്റുകളെ സംരക്ഷിക്കാനുള്ള മനോരമയുടെയും ഏഷ്യാനെറ്റിന്റെയും അജണ്ടയില്‍വീണുപോകാതിരിക്കാനുള്ള വിവേകമെങ്കിലും 'മാധ്യമസ്വാതന്ത്ര്യ'ത്തെ കുറിച്ച് സംസാരിക്കുന്നവര്‍ക്ക് വേണം.
കാമ്പസുകളെ അരാഷ്ട്രീയമാക്കി ഒറ്റതിരിച്ചുനിര്‍ത്തുന്നതിന്റെ ദുരന്തം കൂടിയാണ് ശ്രദ്ധയുടെ മരണമെന്നത് കാണണം. ഇത്തരം കാമ്പസുകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ അപ്പോസ്തുലന്മാരെ തിരിച്ചറിയണം. എല്ലാ കാമ്പസുകളിലും രാഷ്ട്രീയം അനുവദിച്ചാല്‍, അത് പഠനാന്തരീക്ഷം വിദ്യാര്‍ഥി സൗഹൃദപരമാക്കുന്നതിനെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന എസ്.എഫ്.ഐക്ക് അനുകൂലമാകുമെന്ന തിരിച്ചറിവാണ് വിവാദം സൃഷ്ടിക്കാന്‍ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്.
മഹാരാജാസ് കോളേജിലെ പരീക്ഷാഫലത്തിലെ പിഴവിന്റെ പേരില്‍ എസ്.എഫ്.ഐയെയും സി.പി.എമ്മിനെയും കരിവാരിത്തേക്കാനുള്ള നീക്കത്തിനുപിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ്. തെറ്റായ നടപടി എത്ര ഉന്നതർ ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല എസ്.എഫ്.ഐക്കുള്ളതെന്ന് അതിന്റെ നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. സംഘടനയുടെ പേരില്‍ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച ചരിത്രമാണ് സംഘടനയ്ക്കുള്ളത്. അതുകൊണ്ടുതന്നെയാണ് പരീക്ഷാഫലത്തിലെ പിഴവിനെപ്പറ്റിയും ഇതിനുപിന്നിലെ ഗൂഢാലോചനയെപ്പറ്റിയും സമഗ്രമായി അന്വേഷിക്കണമെന്ന് ആര്‍ഷോ തന്നെ ആവശ്യപ്പെട്ടതും.
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അധ്യാപക ജോലി നേടിയ സംഭവമുള്‍പ്പെടെ എസ്.എഫ്.ഐയെ കരിവാരിയെറിയാനുള്ള അവസരമാക്കുന്നവരുടെ താല്പര്യം മനസ്സിലാക്കുന്നതേയുള്ളൂ. വ്യക്തിഗത താല്പര്യങ്ങള്‍ക്കായി സംഘടനയെയും സ്ഥാനത്തെയും ഉപയോഗിക്കുന്നത് ഒരിടതുപക്ഷ രീതിയല്ല. മുമ്പ് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ ചെയ്യുന്ന തെറ്റിന് എസ്. എഫ്. ഐ ഉത്തരവാദിയാണെന്നൊക്കെയുള്ള മാധ്യമ പ്രചാരണം ഇടതുപക്ഷ വിരുദ്ധതയില്‍ നിന്നുണ്ടാകുന്നതാണ്.
ഉന്നത വിദ്യാഭ്യാസമന്ത്രി വ്യകതമാക്കിയതുപോലെ അന്വേഷിച്ച് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തന്നെ വേണം. കാമ്പസുകളെ അരാഷ്ട്രീയ സദാചാര കോണ്‍സെന്‍ട്രേഷൻ ക്യാമ്പുകളാക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കെതിരായ സമരമാണ് ശ്രദ്ധയുടെ മരണത്തെത്തുടര്‍ന്ന് അമല്‍ജ്യോതി കോളേജില്‍ ഉയര്‍ന്നുവന്നത്. അതില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ചിലരുടെ ഗൂഢാലോചനയിലാണ് പരീക്ഷയെഴുതാതെ പാസായി എന്നൊക്കെയുള്ള കെ.എസ്.യു- മാധ്യമനീക്കങ്ങളുണ്ടായത്.