സംവാദ ഭാഷ: നിയമസഭ മുൻകൈയെടുത്തു, മാധ്യമങ്ങളോ, നിങ്ങൾ ഇതിന്​ തയാറുണ്ടോ?- എം.ബി. രാ​ജേഷ്​

‘‘ദൃശ്യമാധ്യങ്ങളിൽ സംവാദം എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങൾക്ക്, ഏത് പൊതുവേദിയിലും എന്തും പറയാമെന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഒരു പ്രധാന പങ്കുണ്ട്. അതിനെ യഥാർഥത്തിൽ ടെലിവിഷൻ അവതാരകരൊക്കെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ അഗ്രസീവായ ഹിംസാത്മകമായ ഭാഷയിലൂടെയും ചേഷ്ടകളിലൂടെയുമൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഞാൻ പറയുന്നു, ഞങ്ങൾ ഇങ്ങനെയൊരു മുൻകൈയെടുത്തു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളതിന് തയ്യാറുണ്ടോ എന്നാണറിയേണ്ടത്.’’ സ്​പീക്കർ എം.ബി. രാജേഷ്​ മാധ്യമങ്ങളോട്​ ചോദിക്കുന്നു.

Truecopy Webzine

കേരളത്തിലെ സംവാദഭാഷയെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാക്കുന്നതിലും സംവാദങ്ങളെ വെറും പോർവിളിയാക്കുന്നതിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് പ്രധാനമായും ദൃശ്യമാധ്യമങ്ങളാണെന്ന് നിയമ സഭാ സ്പീക്കർ എം.ബി. രാജേഷ്.

എം.എം. മണിയുടെ പരാമർശവുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം നടത്തിയ റൂളിങ് സഭ അംഗീകരിച്ചു. സഭയുടെ തന്നെ ഒരു സ്വയംവിമർശനമാണത്. സഭ അതിന്റെ കരുത്ത് തെളിയിക്കുകയാണ് ചെയ്തത്. സ്വയം വിമർശനം നടത്താനും സ്വയം നവീകരിക്കാനും കഴിയും. അതുകഴിഞ്ഞാൽ പിന്നെ ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. മാധ്യമങ്ങൾ ഒരു പ്രധാന സംവാദവേദി തന്നെയാണ്’’- ട്രൂ കോപ്പി വെബ്​സീനിലെ രണ്ടു ചോദ്യങ്ങൾ എന്ന കോളത്തിൽ, ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

‘‘ദൃശ്യമാധ്യങ്ങളിൽ സംവാദം എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങൾക്ക്, ഏത് പൊതുവേദിയിലും എന്തും പറയാമെന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഒരു പ്രധാന പങ്കുണ്ട്. എങ്ങനെയും പറയാം, എന്തും പറയാം എന്നത്. അതിനെ യഥാർഥത്തിൽ ടെലിവിഷൻ അവതാരകരൊക്കെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ അഗ്രസീവായ ഹിംസാത്മകമായ ഭാഷയിലൂടെയും ചേഷ്ടകളിലൂടെയുമൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഞാൻ പറയുന്നു, ഞങ്ങൾ ഇങ്ങനെയൊരു മുൻകൈയെടുത്തു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളതിന് തയ്യാറുണ്ടോ എന്നാണറിയേണ്ടത്.’’

‘‘ദിനംപ്രതി ടെലിവിഷൻ ചർച്ചകളിൽ നോക്കിയാൽ ഞെട്ടിപ്പിക്കുന്ന പരാമർശങ്ങൾ കേൾക്കാം. അവതാരകരിൽ നിന്നുതന്നെ കേൾക്കാം. അശ്ശീലമാണോ എന്ന് നോക്കിയാൽ ആയിരിക്കില്ല. പക്ഷേ ആശയപരമായും രാഷ്ട്രീയമായും പ്രതിലോമകരമായിരിക്കും. രാഷ്ട്രീയക്കാരെ തിരുത്തുക എന്നു പറയാൻ എല്ലാവരുമുണ്ട്. പക്ഷെ എല്ലാവരും തിരുത്തേണ്ടതാണ്.’’

ദൃശ്യമാധ്യമങ്ങൾ പോലെ തന്നെ കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷം മലിനമാക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്കും പങ്കുണ്ട്. അത് സമൂഹമാധ്യമങ്ങളുടെ കുഴപ്പമാണെന്ന് പറയാൻ പറ്റില്ല. അത് ഉപയോഗിക്കുന്നതിന്റെ പ്രശ്‌നമാണ്. അതൊരുതരത്തിൽ നാൽക്കവല പോലെയാണല്ലോ. ആർക്കും വരാം, എന്തും പറയാം. നാൽക്കവലയിലുണ്ടാകുന്ന പബ്ലിക് ഓർഡർ പോലും ഇവിടെയില്ല. മുഖമില്ലാത്തതുകൊണ്ട് പ്രത്യേകിച്ചും. ട്രെയിനിലെ മൂത്രപ്പുരയിൽ കയറിയാൽ എന്താണ് സ്ഥിതി. ആ സ്ഥിതി സമൂഹമാധ്യമങ്ങളിൽ കാണാം. അതിന് വേറൊരു രാഷ്ട്രീയം കൂടിയുണ്ട്. അത് കാണാതിരുന്നിട്ട് കാര്യമില്ല. നമ്മുടെ സമൂഹം തീവ്രമായി വലതുപക്ഷവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായ, വിമർശനങ്ങളോടുള്ള ആക്രമണോത്സുകത, ഹിംസാത്മകത, അസഹിഷ്ണുത, പക ഇതിന്റെയെല്ലാം പ്രതിഫലനമാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കാണുന്നത്. തിരുത്തൽ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം’’- എം.ബി. രാജേഷ്​ അഭിപ്രായപ്പെട്ടു.

എം.ബി. രാജേഷ്​ / മനില സി. മോഹൻ
ആ റൂളിങ് സഭയുടെ തന്നെ
സ്വയംവിമർശനമാണ്
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 87
വായിക്കൂ


Summary: ‘‘ദൃശ്യമാധ്യങ്ങളിൽ സംവാദം എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങൾക്ക്, ഏത് പൊതുവേദിയിലും എന്തും പറയാമെന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഒരു പ്രധാന പങ്കുണ്ട്. അതിനെ യഥാർഥത്തിൽ ടെലിവിഷൻ അവതാരകരൊക്കെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ അഗ്രസീവായ ഹിംസാത്മകമായ ഭാഷയിലൂടെയും ചേഷ്ടകളിലൂടെയുമൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഞാൻ പറയുന്നു, ഞങ്ങൾ ഇങ്ങനെയൊരു മുൻകൈയെടുത്തു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളതിന് തയ്യാറുണ്ടോ എന്നാണറിയേണ്ടത്.’’ സ്​പീക്കർ എം.ബി. രാജേഷ്​ മാധ്യമങ്ങളോട്​ ചോദിക്കുന്നു.


Comments