സ്വാതന്ത്ര്യം അപഹരിക്കപ്പെടുന്നു, ഭയമില്ലാത്തവരുടെ എണ്ണം ഇല്ലാതാകുന്നു, കേരളത്തിലും ഇന്ത്യയിലും…

ഇന്ത്യയിലും കേരളത്തിലും പബ്ലിക് സ്‌പെയ്‌സ് കുറഞ്ഞുവരികയാണ്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണകൂടങ്ങൾക്ക്​ പാരസ്പര്യമുണ്ട്​. മാധ്യമങ്ങളോടുള്ള സമീപനത്തില്‍ ഈ ലക്ഷ്യം പ്രകടമാണ്. ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം ചെയ്യുന്നതാണിത്. ഇക്കാര്യത്തില്‍, സി.പി.എം ബി.ജെ.പിയുടെ കൂട്ടാളിയാണ്. ഇവരുടെ താല്‍പര്യങ്ങള്‍ ഒന്നാണ്.

മാധ്യമ സ്വാതന്ത്ര്യവും അതിനെതിരായ ഭരണകൂട ഇടപെടലുകളും ചര്‍ച്ചയാകുന്ന സന്ദര്‍ഭത്തില്‍, മാധ്യമ സ്വാതന്ത്ര്യം എന്നതിനെ, ജനങ്ങളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട് എന്നുതോന്നുന്നു.

മാധ്യമങ്ങളുമായി എനിക്ക് ബന്ധപ്പെടേണ്ടിവന്ന ഒരു സന്ദര്‍ഭത്തെക്കുറിച്ച് പറയാം.

സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ആദ്യഘട്ട സമരം നടക്കുന്ന സമയം. ഞാന്‍ കാര്യവട്ടത്ത് അധ്യാപകനായിരുന്നു. അവര്‍ പത്തുപതിനാലുപേരുണ്ടായിരുന്നു. ടോയ്‌ലറ്റില്‍ പോകാനൊന്നും സൗകര്യമില്ലാത്തതിനാല്‍, സമാനമനസ്‌കരായ ഞങ്ങളില്‍ ചിലര്‍ ചേര്‍ന്ന് സ്റ്റാച്യുവില്‍ അവര്‍ക്ക് ഒരു മുറിയെടുത്തുകൊടുത്തു. സി.ജെ. ജാനു നിരാഹാരം തുടങ്ങിയശേഷം, അവർക്കുവേണ്ടി മീഡിയയുമായി സംസാരിക്കാന്‍ എനിക്ക് അവസരമുണ്ടായി. പ്രസ് ക്ലബിലായിരുന്നു വാര്‍ത്താസമ്മേളനം. മാധ്യമപ്രവര്‍ത്തകര്‍ ആദ്യം തന്നെ ഉന്നയിക്കുന്ന കാര്യം, ജാനുവിന് വിദേശ പണം കിട്ടുന്നുണ്ട് എന്നതാണ്. അത് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നെ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല.

സി.കെ. ജാനു, ഒരു പഴയകാല ചിത്രം.

ഞാന്‍ പറഞ്ഞു: വിദേശപണത്തെക്കുറിച്ച് എനിക്കറിയില്ല. ഇന്റലിജന്‍സും പൊലീസുമാണ് ഇത് കണ്ടെത്തേണ്ടത്. ജാനുവിന് വിദേശ പണം കിട്ടുന്നുണ്ട് എന്നു നിങ്ങള്‍ പറയുമ്പോള്‍, നിങ്ങളുടെ കൈയില്‍ അതു സംബന്ധിച്ച ആധികാരിക രേഖകളുണ്ടായിരിക്കണമല്ലോ. അതുവച്ച്, ഈ ഗുരുതര പ്രശ്‌നം നിങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ ഉന്നയിക്കണം. നിങ്ങള്‍ അധികാരക്കസേരകളോട് ചേര്‍ന്നുനില്‍ക്കുന്നവരാണല്ലോ. എനിക്ക് അറിയാവുന്ന ഒരു കാര്യം, ഈ കുട്ടികള്‍ക്ക് ബാത്ത് റൂമില്‍ പോകാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ല. ഞങ്ങളാണ് അവര്‍ക്ക് വാടകക്ക് മുറിയെടുത്തുകൊടുത്തത്. ഇവര്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന്റെ സാമൂഹ്യസാംഗത്യം മനസ്സിലാക്കിയതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നത്. ഈ ആളുകളോടുള്ള മാധ്യമങ്ങളുടെ വിവേചനമാണ് നിങ്ങളുടെ പ്രതികരണത്തിലൂടെ പ്രകടിപ്പിക്കുന്നത്.

വളരെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മീഡിയ പേഴ്‌സണാലിറ്റികളെ എങ്ങനെയാണ് തൊഴിലാളികളായി പരിഗണിക്കുക എന്നത് വലിയൊരു പ്രശ്‌നമാണ്. അവര്‍ ഏതുവിധത്തിലാണ് തൊഴിലാളികള്‍ എന്ന് എനിക്കറിഞ്ഞുകൂടാ. തൊഴിലാളി എന്ന ഐഡന്റിറ്റിയെ ബ്ലൈന്‍ഡ് ആയി കണക്കാക്കാന്‍ പറ്റില്ല.

ഇവരുടെ bias മനസ്സിലായെങ്കിലും ഭൂപ്രശ്‌നം അവതരിപ്പിക്കാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തേണ്ട എന്നു വിചാരിച്ച് ഞാന്‍ പ്രശ്‌നം വിശദീകരിച്ചു. ദേശീയ- സംസ്ഥാന തലങ്ങളില്‍ നയം എന്തായാലും ശരി, ലോക്കലായ മൈക്രോ പവര്‍ ഡൈനാമിക്‌സില്‍, ഇതൊന്നും നടക്കില്ല എന്ന കാര്യം, ഗവേഷണത്തിന്റെ ഭാഗമായൊക്കെ എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ചും ശക്തരായ കുടിയേറ്റക്കാരും- ഈ ശക്തികള്‍ ഒന്നിച്ചാണ് ആദിവാസികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാക്കി.

എങ്കിലും, ഈ സമരത്തെ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. അവര്‍ വളരെ നെഗറ്റീവായ സമീപനമാണ് സ്വീകരിച്ചത്. അതില്‍, മീഡിയയുടെ വര്‍ഗതാല്‍പര്യം കൂടി പ്രതിഫലിച്ചിരിക്കണം.

മുത്തങ്ങ വെടിവെപ്പ്

എന്നാല്‍, പിന്നീട്​, മുത്തങ്ങ സമരകാലത്തും അതിനുശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ നടന്ന നില്‍പുസമരത്തിലും മാധ്യമങ്ങള്‍ സക്രിയമായ പങ്കാണ് വഹിച്ചത്. ആ സമരം വിജയിച്ചതിന്റെ മുഖ്യ കാരണം, മീഡിയയുടെ പിന്തുണയായിരുന്നു. അവര്‍ വിഷയം ശരിക്കും പഠിച്ച്, റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, വസ്തുതകള്‍ വിശകലനാത്മകമായി അവതരിപ്പിക്കുകയും ചെയ്തു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വിങ്ങിയ സി.കെ. ജാനുവിന്റെ വിങ്ങിയ മുഖത്തിന്റെ ഫോട്ടോയൊക്കെ പ്രൊജക്റ്റു ചെയ്ത് മാധ്യമങ്ങള്‍ സമരത്തിനെതിരായ ഭരണകൂട ഭീകരത വെളിവാക്കി.

ജാനു നേതൃത്വം നല്‍കിയ സമരത്തിലൂടെയാണ് വയനാട് കൂടുതല്‍ മാധ്യമശ്രദ്ധയാകര്‍ഷിച്ചത്. ആദ്യ സമരം അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയായിരുന്നു. പിന്നീട് ഗീതാനന്ദന്‍ കൂടി എത്തിയതോടെ, ആദിവാസികളിലെ ഭൂരാഹിത്യം എന്ന വിഷയം ഉന്നയിക്കപ്പെട്ടു. 23,000 കുടുംബങ്ങള്‍ക്ക് ഭൂമിയില്ല, ഒരേക്കറില്‍ താഴെ ഭൂമിയുള്ള 22,000 കുടുംബങ്ങളുണ്ട് തുടങ്ങിയ വസ്തുതകളടങ്ങിയ രേഖ ജാനുവും ഗീതാനന്ദനും ചേര്‍ന്ന് സര്‍ക്കാറിനുനല്‍കി. ഇതൊരു മികച്ച അക്കാദമിക് ഡോക്യുമെന്റ് കൂടിയായിരുന്നു.

എം. ഗീതാനന്ദന്‍

വിഷയത്തിന്റെ ഫോക്കസ് അന്ന് ഷിഫ്​റ്റ്​ ചെയ്യുകയായിരുന്നു- അന്യവല്‍ക്കരിക്കപ്പെട്ട ഭൂമിയുടെ പ്രശ്‌നത്തില്‍നിന്ന് ഭൂരാഹിത്യത്തിലേക്ക്. ഭൂരഹിതരുടെ കൃത്യമായ ഭൂപ്രശ്‌നം കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത് ജാനുവും ഗീതാനന്ദനുമാണ്. അത് മാധ്യമങ്ങള്‍ അതേ രീതിയില്‍ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ടു ചെയ്തു. പൊതുജനാഭിപ്രായം ആദിവാസികള്‍ക്ക് അനുകൂലമാക്കുന്നതില്‍ മീഡിയ വലിയ പങ്കു വഹിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ അനലൈസ് ചെയ്യാന്‍ തുടങ്ങിയത് ഇപ്പോഴാണ്, അത് സ്വാഗതം ചെയ്യപ്പെടേണ്ട കാര്യമാണ്. മാധ്യമങ്ങള്‍ യാഥാര്‍ഥ്യം മനസ്സിലാക്കി എന്നാണ് അതിനര്‍ഥം.

ഇന്ത്യന്‍ പ്രധാനമന്ത്രി പാര്‍ലമെൻറ്​ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത്, സന്യാസിമാര്‍ക്കുമുന്നില്‍ നമിച്ചുകിടക്കുന്നത് ഇന്ത്യന്‍ ജനതക്ക് അപമാനമാണ്. അത് ഫ്യൂഡലിസമാണ്. അതുകൊണ്ടുതന്നെ, ഇത് എതിര്‍ക്കപ്പെടേണ്ടതുമാണ്.

ജനങ്ങളുടെ സ്വാതന്ത്ര്യം കവരുന്നു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ സ്വാതന്ത്ര്യം വേണം. അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നത് അവരുടെ പ്രശ്‌നമാണ്. ഇത് ജനങ്ങളെയാകെ ബാധിക്കുന്ന ഒരു പ്രശ്‌നമായി മാറുന്നത്, സ്വാതന്ത്ര്യം മൊത്തത്തില്‍ നിഷേധിക്കപ്പെടുമ്പോഴാണ്. അത്തരമൊരു സാഹചര്യം ഇന്നുണ്ട്. മീഡിയക്കുമാത്രമല്ല സ്വാതന്ത്ര്യം നഷ്ടമാകുന്നത്. ഭയാന്തരീക്ഷം സൃഷ്ടിച്ച് ഭരണാധികാരികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യം തന്നെ കവര്‍ന്നെടുക്കുകയാണ്. ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യത്തെ ഭയമാണ്, അതുകൊണ്ടുതന്നെ അവര്‍ സ്വാതന്ത്ര്യത്തിന് എതിരാണ്. വ്യക്തിസ്വാതന്ത്ര്യം തങ്ങളുടെ ഔദാര്യമല്ല എന്നത് ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ല. ഏത് സമൂഹത്തിലും ക്രിയാത്മകത വളരണമെങ്കില്‍ സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യം വേണമെങ്കില്‍ അധികാരം കുറയണം. അധികാരം സ്വാതന്ത്ര്യത്തിന് എതിരാണ്, ഏതു തലത്തിലായാലും ഏതു തരത്തിലായാലു ശരി. ഇവിടെ അധികാരികളുടെ ‘പവര്‍’ കൂടിക്കൂടിവരികയാണ്. അവര്‍ നിശ്ചയിക്കുന്ന ലിമിറ്റേ പാടുള്ളൂ സ്വാതന്ത്ര്യത്തിന് എന്ന നില വന്നിരിക്കുകയാണിവിടെ. ഭയമില്ലാത്തവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞ്, ഇല്ലാതായി വരികയാണ്.

വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ

ഭീമ- കൊറേഗാവ് കേസ് നോക്കുക. പ്രഗല്‍ഭരായ മനുഷ്യാവകാശപ്രവര്‍ത്തകരെ വിചാരണയില്ലാതെ തടവിലിട്ട് പീഡിപ്പിക്കുകയാണ്. യാതൊരു സ്ഥാപിത താല്‍പര്യവുമില്ലാത്തവരാണിവര്‍. ആദിവാസികളുടെ പ്രശ്‌നം ഉന്നയിച്ച, വയോധികനായ സ്റ്റാന്‍ സ്വാമിയെ നരകിപ്പിച്ച് കൊലപ്പെടുത്തി. ആദിവാസി സ്‌നേഹം പ്രകടിപ്പിക്കുന്ന അതേ ഭരണകൂടമാണ്, ഇതേ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഒരു മനുഷ്യനെ കൊന്നുകളഞ്ഞത്. ഇതൊക്കെ മീഡിയ നന്നായി പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മാധ്യമങ്ങള്‍ ഭരണാധികാരികളെ ബിംബവല്‍ക്കരിക്കുന്നുമുണ്ട്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാതിരുന്നത്, അവര്‍ ആദിവാസിയായതുകൊണ്ടാണ് എന്ന അഭിപ്രായം മീഡിയ ഉയര്‍ത്തിയിരുന്നു. എന്നാല്‍, അവര്‍ ഒരു ആദിവാസി പ്രസിഡന്റല്ല. ഒരു ആദിവാസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രൊവിഷനില്ല, ഭരണഘടനയില്‍. എല്ലാ ആദിവാസി പ്രതിനിധികളും മുര്‍മുവിന് വോട്ട് ചെയ്തിട്ടില്ല. ആദിവാസി വോട്ട് കിട്ടിയിട്ടുമാത്രമല്ല അവര്‍ ജയിച്ചത്. ആദിവാസിയായതുകൊണ്ടല്ല അവരെ തഴഞ്ഞത്, തന്റെ അപ്രമാദിത്തം നിലനിര്‍ത്തുക എന്നതായിരുന്നു മോദിയുടെ ലക്ഷ്യം.

പുതിയ പാര്‍ലിമെന്റ് ഉദ്ഘാടനവേളയില്‍ ചെങ്കോലുമായി നരേന്ദ്രമോദി

പ്രസിഡന്റിനെ മാറ്റിനിര്‍ത്തി, താനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ട നേതാവ് എന്ന് വരുത്തിത്തീര്‍ക്കാനാണ് മോദി ശ്രമിച്ചത്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും പ്രക്രിയകളെയും തമസ്‌കരിക്കാനുള്ള ഒരു ലാര്‍ജര്‍ പാക്കേജിന്റെ ഭാഗമായാണ് പ്രസിഡന്റിനെ തഴഞ്ഞത്. ഈ സന്ദര്‍ഭത്തില്‍, മോദിയുടെ പക്ഷത്തായിരുന്നു മാധ്യമങ്ങൾ. ആ സമീപനം ശരിയായിരുന്നില്ല. മോദിയെ ബിംബവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ പങ്കു വഹിക്കുന്നുണ്ട്. മീഡിയക്ക് ഒരു വരേണ്യസ്വഭാവമുണ്ട്. ഭരണാധികാരികള്‍ പറയുന്നതാണ് ശരി എന്ന് അവര്‍ സ്ഥാപിക്കും.

തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു. തങ്ങളുടെ വിശ്വാസവും പ്രാര്‍ഥനയുമാണ് തങ്ങളെ അവിടെ എത്തിക്കുന്നത്, രാഷ്ട്രീയപ്രവര്‍ത്തനമല്ല എന്ന് അവര്‍ തന്നെ കരുതുന്നു എന്നാണ് അതിനര്‍ഥം. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ മുന്നേറണമെങ്കില്‍, പലതിനെയും വെല്ലുവിളിക്കണം, ചോദ്യം ചെയ്യണം. അത് ഇവരാരും ചെയ്യുന്നില്ല.

സി.പി.എമ്മും ബി.ജെ.പിയും

ഇന്ത്യയിലും കേരളത്തിലും പബ്ലിക് സ്‌പെയ്‌സ് കുറഞ്ഞുവരികയാണ്, സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റുന്നില്ല. പബ്ലിക് സ്‌പെയ്‌സ് ചുരുക്കുന്നതില്‍ കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണകൂടങ്ങളുടെ സമീപനവും ലക്ഷ്യവും ഒന്നുതന്നെയാണ്. ഇക്കാര്യത്തില്‍ രണ്ടു ഭരണകൂടങ്ങള്‍ക്കും ഒരു പാരസ്പര്യം കാണുന്നുണ്ട്. പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ള താഹ, അലന്‍ എന്നീ കുട്ടികളെ യു.എ.പി.എ ചുമത്തി ജയിലിട്ടല്ലോ. കേന്ദ്രത്തിന്റെ അതേ നയങ്ങള്‍ തന്നെ കേരളവും നടപ്പാക്കുമ്പോള്‍, കേരളം, കേന്ദ്രത്തിന്റെ സംസ്ഥാന തലത്തിലുള്ള ചില്ലറ വില്‍പ്പനക്കാരാകുമ്പോള്‍, അതില്‍ അവര്‍ക്കൊരു ലക്ഷ്യമുണ്ടായിരിക്കണമല്ലോ. മാധ്യമങ്ങളോടുള്ള സമീപനത്തില്‍ ഈ ലക്ഷ്യം പ്രകടമാണ്. ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം ചെയ്യുന്നതാണിത്. ഇക്കാര്യത്തില്‍, സി.പി.എം ബി.ജെ.പിയുടെ കൂട്ടാളിയാണ്. ഇവരുടെ താല്‍പര്യങ്ങള്‍ ഒന്നാണ്. കേന്ദ്രത്തെ പ്രീതിപ്പെടുത്തിയാലേ, അവര്‍ക്ക് ഇവിടെ നില്‍ക്കാന്‍പറ്റൂ. ഫെഡറലസത്തിന്റെ ഒരു ഡൈനാമിക്‌സാണിത്.

താഹ ഫസല്‍, അലന്‍ ഷുഹൈബ്

ജനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ഒരു പബ്ലിക് സ്‌പെയ്‌സ് എന്ന നിലയില്‍ മാധ്യമങ്ങളെ തടയുന്നതോടെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തന്നെയാണ് തടയുന്നത്. എന്നാല്‍, ഇവിടെ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം എന്നതിനപ്പുറത്തേക്കുള്ള ഒരു തലം കൂടിയുണ്ട്. അറിയാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുള്ളപ്പോള്‍, അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. ഈ ഉത്തരവാദിത്തം, കേവലം, സ്വാതന്ത്ര്യത്തെയും കവിഞ്ഞുനില്‍ക്കുന്ന ഒന്നാണ്. ആ ഉത്തരവാദിത്തം മാധ്യമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍, പ്രശ്‌നം മീഡിയയുടെ പൊതുസ്വഭാവമാണ്. അവര്‍ എപ്പോഴും അധികാരക്കസേരകളോട് ചേര്‍ന്നുനില്‍ക്കുന്നതില്‍ അഭിമാനിക്കുന്നവരും അഹങ്കരിക്കുന്നവരുമാണ്. മീഡിയ പ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യരാണ് എന്ന് അവര്‍ തന്നെ ഒരു ഇംപ്രഷന്‍ സൃഷ്ടിച്ച് നിലനിര്‍ത്തുന്നു. എന്തു പറഞ്ഞു എന്നതല്ല, ആര് പറഞ്ഞു എന്നതാണ് അവരെ സംബന്ധിച്ച് പ്രധാനം.

കാള്‍ മാര്‍ക്സ്

ഏതൊരു സമൂഹത്തെയും മുന്നോട്ടുകൊണ്ടുപോകുന്നത് വലിയ ജനക്കൂട്ടമല്ല, വ്യത്യസ്തരായി ചിന്തിക്കുന്ന വ്യക്തികളാണ്. ഇവര്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. മാര്‍ക്​സ്​ പറഞ്ഞിട്ടുണ്ട്, Essence of existence is Human freedom. ആ സ്വാതന്ത്ര്യത്തില്‍നിന്നാണ് അന്വേഷണവും ചിന്തയും വളരുന്നത്. വിജ്ഞാനമുണ്ടാകുന്നത്. അതാണ്, ഉല്‍പാദകഘടകങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നത്. നോളജ് എന്നും വികസിച്ചുകൊണ്ടിരിക്കും എന്നതുകൊണ്ടുതന്നെ ഉല്‍പാദനക്ഷമതയും വികസിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ്, മാര്‍ക്‌സ് പറഞ്ഞത്, മനുഷ്യരാശിക്ക് മുന്നോട്ടുപോകാനേ കഴിയൂ, പുറകോട്ടുപോകാന്‍ കഴിയില്ല എന്ന്. ഈ ഫിലോസഫി വളരെ ശാസ്ത്രീയമായി ആവിഷ്‌കരിച്ചതാണ്. ഇവിടെ, ബി.ജെ.പി ശ്രമിക്കുന്നത് ഫ്യൂഡല്‍ മൂല്യങ്ങളെയും പ്രയോഗങ്ങളെയും തിരിച്ചുകൊണ്ടുവരാനാണ്. സമൂഹത്തെ പുറകോട്ടുനടത്തുകയാണ്​ അവരുടെ ലക്ഷ്യം. ഇന്ത്യന്‍ പ്രധാനമന്ത്രി പാര്‍ലമെൻറ്​ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത്, സന്യാസിമാര്‍ക്കുമുന്നില്‍ നമിച്ചുകിടക്കുന്നത് ഇന്ത്യന്‍ ജനതക്ക് അപമാനമാണ്. അത് ഫ്യൂഡലിസമാണ്. അതുകൊണ്ടുതന്നെ, ഇത് എതിര്‍ക്കപ്പെടേണ്ടതുമാണ്.

മതേതരത്വം നിലനില്‍ക്കേണ്ടത് മുതലാളിമാരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ, അവരുടെ നിയന്ത്രണത്തിലുള്ള മീഡിയയില്‍ വരുന്ന സ്‌റ്റോറികള്‍ മതേതരത്വവും ജനാധിപത്യവും പ്രമോട്ട് ചെയ്യുന്നവ തന്നെയാണ്. അത് നിഷേധിക്കാന്‍ പറ്റില്ല.

കലയിലൂടെയും മാധ്യമങ്ങളിലൂടെയും അധികാരികളെയും മതമൂല്യങ്ങളെയും വിശ്വാസങ്ങളെയും വിമര്‍ശിക്കരുത് എന്നൊരു സമീപനം ഉയര്‍ന്നുവരുന്നുണ്ട്. മാധ്യമങ്ങള്‍ക്കെതിരായ ആക്രമണം പോലെ തന്നെ, ചില സിനിമകള്‍ ഇറക്കരുത് എന്ന് ഭരണകൂടം ഉത്തരവിടുന്നു. 'ആദി പുരുഷ്' എന്ന സിനിമയില്‍ രാമന്റെയും ഹനുമാന്റെയും സംഭാഷണം ഹിന്ദു വികാരങ്ങളെയും വിചാരങ്ങളെയും വ്രണപ്പെടുത്തുന്നതാണ്, അതുകൊണ്ട് ആ സിനിമ തടയണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. നമ്മുടെ പ്രധാനമന്ത്രി വിദേശത്തുചെല്ലുമ്പോള്‍, 'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്' എന്നൊക്കെ അവകാശപ്പെടാറുണ്ട്. ആ രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നാല്‍, നമ്മളേക്കാള്‍ കൂടുതല്‍ സമചിത്തതയോടെ ഈ കാര്യങ്ങളെ കാണുന്നവരുണ്ട്.

ആദിപുരുഷ് സിനിമയുടെ പോസ്റ്ററില്‍ നിന്ന്

ഡാന്‍ ബ്രൗണ്‍ എഴുതിയ ഡാവിഞ്ചി കോഡ് എന്ന നോവലില്‍ ദൈവത്തെക്കുറിച്ച്​ ഒരു വാചകം മാത്രമേയുള്ളൂ, ദൈവത്തെക്കുറിച്ച് I am the nephew of Christ. ക്രിസ്തു മനുഷ്യനായിരുന്നു, അദ്ദേഹത്തിന് മനുഷ്യബന്ധങ്ങളുണ്ടായിരുന്നു എന്ന ആശയമാണ്​ ഈ വാചകം ഉൾക്കൊള്ളുന്നത്​. ഡാവിഞ്ചി കോഡിലുള്ളതിനേക്കാൾ കൂടുതല്‍ വിമര്‍ശനമാണ് പിന്നീട്​ അദ്ദേഹം എഴുതിയ Deception Point എന്ന നോവലിലുള്ളത്​. കൂടുതല്‍ ശാസ്ത്രീയമായി മതവിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും ആക്രമിക്കുന്ന നോവലാണിത്​. അതില്‍ ഒരു വാചകമുണ്ട്: Bible was not written in heavan, and e- mailed to earth. ഇന്ത്യയിലായിരുന്നുവെങ്കില്‍ കലാപത്തിന് അതു മതിയായിരുന്നു. എന്നാല്‍, അവിടെ ഈ നോവൽ നിരോധിക്കപ്പെട്ടില്ല, ഒരു തല്ലിത്തകര്‍ക്കലുമുണ്ടായില്ല.

ന്യൂസിനെ ഒരു കമ്മോഡിറ്റിയാക്കിയാണ് ആസ്പിരേഷനല്‍ മൊബിലിറ്റി സൃഷ്ടിച്ചെടുക്കുന്നത്. അതിന്റെ ഇക്കണോമിക്‌സ് വേറൊരു പ്രശ്‌നമാണ് എങ്കിലും, ഇത് മാധ്യമങ്ങളുടെ വലിയൊരു സാമൂഹിക സംഭാവനയാണ്. അത്തരമൊരു മൊബിലിറ്റി മനുഷ്യന് ആവശ്യമാണ്.

മതവിശ്വാസങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് എന്നും ശാസ്ത്രം മുന്നേറിയിട്ടുള്ളത്. എന്നാല്‍, രാഷ്ട്രീയത്തിലും മതങ്ങളിലും ഒരേതരം ഫ്യൂഡല്‍ മൂല്യങ്ങള്‍ പ്രകടമാണ്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രീണിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു. തങ്ങളുടെ വിശ്വാസവും പ്രാര്‍ഥനയുമാണ് തങ്ങളെ അവിടെ എത്തിക്കുന്നത്, രാഷ്ട്രീയപ്രവര്‍ത്തനമല്ല എന്ന് അവര്‍ തന്നെ കരുതുന്നു എന്നാണ് അതിനര്‍ഥം. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ മുന്നേറണമെങ്കില്‍, പലതിനെയും വെല്ലുവിളിക്കണം, ചോദ്യം ചെയ്യണം. അത് ഇവരാരും ചെയ്യുന്നില്ല. ഇത്തരം മൂല്യങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ എന്ത് നിലപാടെടുക്കുന്നു എന്നത് പ്രധാനമാണ്.

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, മാധ്യമങ്ങളുടെ മുതലാളിമാരെയും തൊഴിലാളികളെയും വേറിട്ടുകാണണം എന്നൊരു വാദവും ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ തൊഴിലാളികളും മൂലധനം കൈകാര്യം ചെയ്യുന്നവര്‍ മുതലാളിമാരുമാണ് എന്ന വിഭജനമാണ് ഈ വാദമുന്നയിക്കുന്നവര്‍ എടുത്തു പറയുന്നത്. മതേതരത്വം നിലനില്‍ക്കേണ്ടത് മുതലാളിമാരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ, അവരുടെ നിയന്ത്രണത്തിലുള്ള മീഡിയയില്‍ വരുന്ന സ്‌റ്റോറികള്‍ മതേതരത്വവും ജനാധിപത്യവും പ്രമോട്ട് ചെയ്യുന്നവ തന്നെയാണ്. അത് നിഷേധിക്കാന്‍ പറ്റില്ല. പക്ഷെ, അത് സൃഷ്ടിക്കുന്നത് വേറൊരു രീതിയിലാണെന്നു മാത്രം, അതില്‍ ലാഭം എന്നൊരു ഘടകം കൂടിയുണ്ടാകും. ബിസിനസ് എപ്പോഴും ലാഭത്തിനുവേണ്ടിയുള്ളതാണല്ലോ.

ന്യൂസ് ഇന്നൊരു സെയ്‌ലബിള്‍ കമ്മോഡിറ്റിയാണ്. അതിന് മാര്‍ക്കറ്റുണ്ട്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുന്നത്. മാധ്യമങ്ങള്‍ ന്യൂസ് കൊടുക്കുന്നത് ഒരു വാക്വത്തിലേക്കല്ല.

എന്നാല്‍, വളരെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മീഡിയ പേഴ്‌സണാലിറ്റികളെ എങ്ങനെയാണ് തൊഴിലാളികളായി പരിഗണിക്കുക എന്നത് വലിയൊരു പ്രശ്‌നമാണ്. അവര്‍ ഏതുവിധത്തിലാണ് തൊഴിലാളികള്‍ എന്ന് എനിക്കറിഞ്ഞുകൂടാ. തൊഴിലാളി എന്ന ഐഡന്റിറ്റിയെ ബ്ലൈന്‍ഡ് ആയി കണക്കാക്കാന്‍ പറ്റില്ല. അവരുടെ ആഗ്രഹവും പറ്റുമെങ്കില്‍ ഒരു മുതലാളിയാകാനാണ്. മുതലാളിയെയും തൊഴിലാളിയെയും വേറിട്ടുകാണണം എന്നത് ആശയപരമായി അംഗീകരിക്കാവുന്ന കാര്യമാണെങ്കിലും പ്രായോഗികമായി അത് അനുഭവപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മാധ്യമങ്ങളിലെ തൊഴിലാളികളെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മാധ്യമങ്ങളിലെ തൊഴിലാളികളുടെ യഥാര്‍ഥവും പ്രായോഗികവുമായ ഐഡന്റിറ്റിയെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ന്യൂസ് ഇന്നൊരു സെയ്‌ലബിള്‍ കമ്മോഡിറ്റിയാണ്. അതിന് മാര്‍ക്കറ്റുണ്ട്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുന്നത്. മാധ്യമങ്ങള്‍ ന്യൂസ് കൊടുക്കുന്നത് ഒരു വാക്വത്തിലേക്കല്ല. ആ മാര്‍ക്കറ്റ് കാപ്ചര്‍ ചെയ്യുകയാണ് മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുന്നതിലൂടെ മുതലാളിത്തം ചെയ്യുന്നത്. എന്തിനെയും ഒരു മാര്‍ക്കറ്റായി മാറ്റാന്‍ മുതലാളിത്തത്തിന് കഴിയും. മുമ്പ് സാമ്പത്തിക ശാസ്ത്രത്തില്‍ പറഞ്ഞിരുന്നത്, നിലവിലുള്ള ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഉല്‍പാദനം സംഘടിപ്പിക്കുന്നത് എന്നാണ്. ഇന്ന്, ഉല്‍പാദനത്തിന്റെ കൂടെ ഉപഭോഗവും മാര്‍ക്കറ്റില്‍ തന്നെ സൃഷ്ടിക്കപ്പെടുന്നു. ഒരുതരത്തില്‍ ഇത് ദോഷം ചെയ്യുമെങ്കിലും മറ്റൊരു തരത്തില്‍ ഗുണം ചെയ്യുന്നുണ്ട്. മനുഷ്യരില്‍ ആസ്പിരേഷനല്‍ മൊബിലിറ്റി (Aspirational mobility) എന്നൊന്നുണ്ട്​. ആഗ്രഹമുണ്ടെങ്കിലേ മനുഷ്യന് ഉയര്‍ന്നുപോകാന്‍ പറ്റൂ. ഈ ആഗ്രഹമുണ്ടാക്കുന്നതില്‍ മീഡിയ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ന്യൂസിനെ ഒരു കമ്മോഡിറ്റിയാക്കിയാണ് ആസ്പിരേഷനല്‍ മൊബിലിറ്റി സൃഷ്ടിച്ചെടുക്കുന്നത്. അതിന്റെ ഇക്കണോമിക്‌സ് വേറൊരു പ്രശ്‌നമാണ് എങ്കിലും, ഇത് മാധ്യമങ്ങളുടെ വലിയൊരു സാമൂഹിക സംഭാവനയാണ്. അത്തരമൊരു മൊബിലിറ്റി മനുഷ്യന് ആവശ്യമാണ്. അത് അന്വേഷണത്തിന് പ്രേരണ നല്‍കുന്നുണ്ട്. ഇതാണ് മീഡിയയുടെ ഏറ്റവും മികച്ച സംഭാവന എന്നു ഞാന്‍പറയും.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments