യുദ്ധകാലത്തെ
മീഡിയ മിസൈൽ

യു.എസ്- ഇസ്രായേൽ– ഇറാൻ യുദ്ധവാർത്തകളെ വിമർശനാത്മകമായി വായിക്കുന്നത് ആഗോള രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള നിർണായക ബൗദ്ധിക പ്രക്രിയ കൂടിയാകുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധത്തെ ആഗോള മീഡിയ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുന്നത് എന്ന പരിശോധന- ഡോ. ആന്റോ പി. ചീരോത എഴുതുന്നു.

സ്രായേൽ– ഇറാൻ- അമേരിയ്ക്ക സംഘർഷത്തിന് ദീർഘകാല രാഷ്ട്രീയ പശ്ചാത്തലമുണ്ട്. എന്നാൽ ഇപ്പോഴത്തെ സംഘർഷത്തെ ആഗോള മാധ്യമങ്ങൾ എങ്ങനെയാണ് അവതരിപ്പിക്കുന്നത്? ആഗോള ഭൗമരാഷ്ട്രതന്ത്രത്തിലുണ്ടായ അപ്രതീക്ഷിതവും നാടകീയവുമായ ഒരു പൊട്ടിപ്പുറപ്പെടൽ മാത്രമായി ചിത്രീകരിക്കപ്പെടുന്നുണ്ടോ? ഒരു ദീർഘകാല രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായി കാണുന്നതിനുപകരം, തൽക്ഷണ സൈനികാക്രമണങ്ങൾ, മിസൈൽ പ്രഹരങ്ങൾ, നേതാക്കളുടെ കർശന പ്രസ്താവനകൾ, എണ്ണവിലയിലെ ചാഞ്ചാട്ടങ്ങൾ എന്നിവയിലേക്കാണോ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്?

ഇത് യുദ്ധഭൂമിയിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ കഥ മാത്രമല്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സമാന്തരമായി മുന്നേറുന്ന വിവരയുദ്ധത്തിന്റെ കഥയും കൂടിയായി മാറുന്നുണ്ട്. ലൈവ് അപ്‌ഡേറ്റുകൾ, ബ്രേക്കിംഗ് ന്യൂസ് സംസ്കാരം, സോഷ്യൽ മീഡിയയിൽ പടരുന്ന വീഡിയോകളും വാദപ്രതിവാദങ്ങളും- എല്ലാം നമ്മുടെ പരിപ്രേക്ഷ്യ നിർമ്മിതിയെ സ്വാധീനിയ്ക്കുന്നു. ഈ അവതരണരീതികൾ സംഘർഷത്തെ എങ്ങനെ നിർവചിക്കുന്നു, ആരുടെ ശബ്ദങ്ങൾക്കാണ് മുൻഗണന നൽകുന്നത്, എന്താണ് മറവിയിൽ പോകുന്നത് എന്നീ ചോദ്യങ്ങൾക്ക് ഗവേഷണപരമായി വലിയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷണത്തിലാണ് ഈ ലേഖനം.

ഇപ്പോഴത്തെ ഇസ്രയേൽ– ഇറാൻ- അമേരിയ്ക്ക സംഘർഷത്തെ ആഗോള മാധ്യമങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പരിശോധിക്കാം. ഈ എഴുത്ത് ഗവേഷണപരമായ സമീപനം സ്വീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് റോബർട്ട് എന്റ്മാൻ (Robert Entman) നിർദ്ദേശിച്ച ഫ്രെയ്മിംങ് സിദ്ധാന്തത്തെ ആശ്രയിച്ചാണ് വിശകലനം. എന്റ്മാന്റെ നിരീക്ഷണമനുസരിച്ച് ഫ്രെയ്മിംഗ് എന്നത് യാഥാർത്ഥ്യത്തിന്റെ ചില വശങ്ങൾ തിരഞ്ഞെടുത്ത് പ്രത്യേക പ്രാധാന്യത്തോടെ മുന്നോട്ടുവെക്കുന്നതിലൂടെ ഒരു സംഭവം വിവിധ തരത്തിൽ അവതരിപ്പിക്കപ്പെടുന്നു. പ്രസ്തുത സംഘർഷത്തിൽ മാധ്യമങ്ങൾ നൈതിക വിലയിരുത്തൽ നടത്തുന്നതിലൂടെയും പരിഹാര നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നതിലൂടെയും ഫ്രെയ്മിംഗ് പരിസരത്ത് പുതിയ ‘അർത്ഥനിർമ്മാണം’ സൃഷ്ടിയ്ക്കുന്നുണ്ട്.

റോബർട്ട് എന്റ്മാൻ. യാഥാർത്ഥ്യത്തിന്റെ ചില വശങ്ങൾ തിരഞ്ഞെടുത്ത് പ്രത്യേക പ്രാധാന്യത്തോടെ മുന്നോട്ടുവെക്കുന്നതിലൂടെ, ഒരു സംഭവം വിവിധ തരത്തിൽ അവതരിപ്പിക്കപ്പെടുന്നു എന്ന് ‘ഫ്രെയ്മിംങ്’ സിദ്ധാന്തത്തിലൂടെ എന്റ്മാൻ വിശദീകരിക്കുന്നു.
റോബർട്ട് എന്റ്മാൻ. യാഥാർത്ഥ്യത്തിന്റെ ചില വശങ്ങൾ തിരഞ്ഞെടുത്ത് പ്രത്യേക പ്രാധാന്യത്തോടെ മുന്നോട്ടുവെക്കുന്നതിലൂടെ, ഒരു സംഭവം വിവിധ തരത്തിൽ അവതരിപ്പിക്കപ്പെടുന്നു എന്ന് ‘ഫ്രെയ്മിംങ്’ സിദ്ധാന്തത്തിലൂടെ എന്റ്മാൻ വിശദീകരിക്കുന്നു.

ഇപ്പോൾ തുടരുന്ന യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട ആഗോള മാധ്യമ പ്ലാറ്റ്ഫോമുകളിലെ വാർത്തകളും ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും അഭിപ്രായലേഖനങ്ങളും ഈ പഠനത്തിൽ പരിഗണിക്കുന്നു. അമേരിക്കൻ, യൂറോപ്യൻ, മധ്യ പൂർവേഷ്യൻ മാധ്യമങ്ങൾ ഉൾപ്പെടെ വ്യത്യസ്ത ഭൂമിശാസ്ത്ര- രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ള മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ തമ്മിൽ താരതമ്യപരമായി പരിശോധിക്കുന്നു. ഇത്തരം ഫ്രെയ്മിംഗ് വിശകലനം വഴി, യുദ്ധത്തിന്റെ തൽക്ഷണ ദൃശ്യാവിഷ്കാരത്തിനപ്പുറം, ആഗോള മാധ്യമങ്ങൾ രാഷ്ട്രീയ- ഭൗമരാഷ്ട്രതന്ത്ര യാഥാർത്ഥ്യങ്ങളെ എങ്ങനെ രൂപകൽപ്പന ചെയ്യുന്നു എന്നതിനെ സിസ്റ്റമാറ്റിക് രീതിയിൽ തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ ഇപ്പോഴത്തെ സംഘർഷത്തെ “അപ്രതീക്ഷിത പൊട്ടിപ്പുറപ്പെടൽ” എന്ന നിലയിൽ മാത്രം ചിത്രീകരിക്കുന്ന മാധ്യമഭാഷയുടെ പരിധികളും ദീർഘകാല രാഷ്ട്രീയ പശ്ചാത്തലങ്ങളെ മറവിയിൽ നിർത്തുന്ന പ്രവണതകളും വിമർശനാത്മകമായി പരിശോധിക്കാനാകും.

‘അപ്രതീക്ഷിത’
പൊട്ടിപ്പുറപ്പെടൽ’ എന്ന
ആഖ്യാനം

ഇസ്രായേൽ– ഇറാൻ– അമേരിക്ക യുദ്ധത്തെ ആഗോള മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്, ‘പുതിയ ഘട്ടത്തിലെ നാടകീയ വ്യാപനം’ എന്ന രീതിയിലാണ്. നിരവധി തലക്കെട്ടുകൾ ഈ അവതരണത്തിന്റെ ദിശ വ്യക്തമാക്കുന്നു.

ഉദാഹരണത്തിന്:

  • US- Israel War on Iran Dramatically Expands Across Middle East (The Guardian, 3 March 2026).

  • Netanyahu Says US-Israel War on Iran Will Not Take Years (Reuters, 3 March 2026).

  • US Strikes Three Iranian Nuclear Sites’ (France 24, 28 February 2026).

  • Iran-Israel-US Attack: Live Updates” (CNN, 28 February 2026).

ഈ റിപ്പോർട്ടുകൾക്കെല്ലാം പൊതു ആഖ്യാന പരിസരമുണ്ട്. അതായത്, സംഘർഷത്തെ അപ്രതീക്ഷിതവും വേഗത്തിൽ വ്യാപിക്കുന്നതുമായ സംഭവമായി മാത്രം അവതരിപ്പിയ്ക്കുന്നു. “Expands”, “Strikes”, “Attack”, “War” എന്നീ പദങ്ങൾ സംഭവത്തിന്റെ അതിവേഗതയും അടിയന്തരതയും മുൻനിർത്തുന്നു. ഇതിലൂടെ സംഘർഷം ദീർഘകാല രാഷ്ട്രീയ വൈരത്തിന്റെ തുടർച്ചയല്ല, മറിച്ച് ‘ഒരു പുതിയ ഘട്ടത്തിലെ പൊട്ടിപ്പുറപ്പെടലാണ്’ എന്ന ധാരണ ശക്തിപ്പെടുത്തുന്നതായി കാണാം.

ഫ്രെയിമിംഗ് സിദ്ധാന്തം അനുസരിച്ച്, മാധ്യമങ്ങൾ ഒരു സംഭവത്തെ അവതരിപ്പിക്കുമ്പോൾ ചില ഘടകങ്ങൾക്കുമാത്രം പ്രാധാന്യം നൽകി അവതരിപ്പിക്കുകയും മറ്റു ഘടകങ്ങളെ തീർത്തും അവഗണിക്കുകയും ചെയ്യുന്നു (Entman, 1993). ഇവിടെ മിസൈൽ ആക്രമണങ്ങൾ, സൈനിക തിരിച്ചടികൾ, നേതാക്കളുടെ പ്രസ്താവനകൾ, എണ്ണവിലയിലെ ചാഞ്ചാട്ടം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകി അവതരിപ്പിക്കുന്നുണ്ട്.

ഇസ്രായേൽ– ഇറാൻ– അമേരിക്ക യുദ്ധത്തെ ആഗോള മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്, ‘പുതിയ ഘട്ടത്തിലെ നാടകീയ വ്യാപനം’ എന്ന രീതിയിലാണ്.
ഇസ്രായേൽ– ഇറാൻ– അമേരിക്ക യുദ്ധത്തെ ആഗോള മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്, ‘പുതിയ ഘട്ടത്തിലെ നാടകീയ വ്യാപനം’ എന്ന രീതിയിലാണ്.

എന്നാൽ 1979-ലെ ഇറാനിയൻ വിപ്ലവം മുതൽ രൂപപ്പെട്ട ഇസ്രയേൽ– ഇറാൻ വൈരം, ലെബനോൻ–സിറിയ മേഖലകളിലെ പ്രോക്സി സംഘർഷങ്ങൾ, അമേരിക്കൻ ഉപരോധരാഷ്ട്രീയം തുടങ്ങിയ ദീർഘകാല ഘടകങ്ങൾ ഒരിടത്തും വാർത്തയുടെ കേന്ദ്രമാകുന്നില്ല. ഇത്തരം ചരിത്ര വസ്തുതകൾ ബ്ലർബുകളോ, സ്ട്രിപ്പുകളോ മാത്രമായി ചുരുങ്ങുന്നു.

റഷ്യ– ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പഠനത്തിൽ വാർത്താമാധ്യമങ്ങൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ തന്നെ രാഷ്ട്രീയവും നൈതികവുമായ നിലപാടുകൾ നിർണ്ണയിക്കുന്നുവെന്ന് വോർസെനിക്കിന്റെയും കൂട്ടരുടേയും 2024-ലെ പഠനം സൂചിപ്പിയ്ക്കുന്നു. “War”, “Invasion”, “Aggression” എന്നീ പദങ്ങൾ വിവിധ രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യത്യസ്തമായി ഉപയോഗിക്കപ്പെടുന്നുവെന്നും ഈ പഠനത്തിൽ പറയുന്നു.

മാധ്യമങ്ങളിൽനിന്ന് പൊതുജന മനസ്സിൽ രൂപപ്പെടുന്ന യുദ്ധചിത്രം ഒരു ‘അപ്രതീക്ഷിത യുദ്ധാവസ്ഥ’യുടേതാണ്. ഇതുമൂലം, സംഘർഷത്തിന്റെ ചരിത്രപരമായ തുടർച്ചയും ഘടനാപരമായ കാരണങ്ങളും മറഞ്ഞുപോകുന്നു.

അതുപോലെ, ഇസ്രയേൽ– ഇറാൻ സംഘർഷത്തിൽ “self-defense”, “retaliation”, “precision strike” എന്നീ പദങ്ങൾ ഉപയോഗിക്കപ്പെടുമ്പോൾ ഒരു നൈതിക ബൈനറി നിർമ്മിക്കപ്പെടുന്നു. ഒരുവശത്ത് “സ്വയംരക്ഷ”, മറുവശത്ത് “ആക്രമണം” എന്ന ദ്വന്ദ്വം രൂപപ്പെടുന്നു.

CNN പോലുള്ള പ്ലാറ്റ്ഫോമുകളുടെ ലൈവ് ബ്ലോഗുകൾ സംഭവത്തെ തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നതിനാൽ സംഘർഷത്തിന്റെ ‘തത്സമയ’ ആസന്നത ശക്തിപ്പെടുന്നു. എന്നാൽ ഈ അതിവേഗ അവതരണത്തിൽ ചരിത്രപരമായ വിശകലനം പരിമിതമാണ്. മാധ്യമ ലോജിക് സങ്കീർണ്ണമായ രാഷ്ട്രീയ- സാംസ്കാരിക പശ്ചാത്തലങ്ങളെ ലളിതമായ സംഭവകഥകളാക്കി മാറ്റുന്നുവെന്ന് കലൻന്താരി (Saleh Kalantari- 2020), തന്റെ പഠനത്തിൽ വ്യക്തമാക്കുന്നു. ദീർഘകാല വൈരങ്ങൾ, ആശയ- പ്രത്യയശാസ്ത്രധാരകൾ, മേഖലാതല ശക്തിപ്രകടനങ്ങൾ എന്നിവ “breaking news” ഫോർമാറ്റിൽ ഒതുങ്ങുന്നില്ലെന്നതും യാഥാർത്ഥ്യമാണ്.

CNN പോലുള്ള പ്ലാറ്റ്ഫോമുകളുടെ ലൈവ് ബ്ലോഗുകൾ സംഘർഷത്തെ തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നതിനാൽ യുദ്ധത്തിന്റെ  ‘തത്സമയ’ ആഖ്യാനം ശക്തിപ്പെടുന്നു. എന്നാൽ ഈ അതിവേഗ അവതരണത്തിൽ ചരിത്രപരമായ വിശകലനം പരിമിതമാണ്.
CNN പോലുള്ള പ്ലാറ്റ്ഫോമുകളുടെ ലൈവ് ബ്ലോഗുകൾ സംഘർഷത്തെ തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നതിനാൽ യുദ്ധത്തിന്റെ ‘തത്സമയ’ ആഖ്യാനം ശക്തിപ്പെടുന്നു. എന്നാൽ ഈ അതിവേഗ അവതരണത്തിൽ ചരിത്രപരമായ വിശകലനം പരിമിതമാണ്.

ഇക്കാരണങ്ങളാൽ പൊതുജന മനസ്സിൽ രൂപപ്പെടുന്ന ചിത്രം ഒരു ‘അപ്രതീക്ഷിത യുദ്ധാവസ്ഥ’യുടേതായി മാറിയതായി നിരീക്ഷിക്കാം. സംഘർഷത്തിന്റെ ചരിത്രപരമായ തുടർച്ചയും ഘടനാപരമായ കാരണങ്ങളും മറഞ്ഞുപോകുന്നു. അതിനാൽ, ഈ “അപ്രതീക്ഷിത പൊട്ടിപ്പുറപ്പെടൽ” ഫ്രെയിം വെറും അവതരണരീതി മാത്രമല്ല; അത് സംഘർഷത്തെ മനസ്സിലാക്കാനുള്ള നമ്മുടെ ചട്ടക്കൂടിനെ തന്നെ രൂപപ്പെടുത്തുന്ന മാധ്യമ നിർമ്മിതി കൂടിയാണ്.

അമേരിക്ക- ഇസ്രായേൽ
നായകനിർമിതി

ഇസ്രായേൽ– ഇറാൻ സംഘർഷത്തിന്റെ റിപ്പോർട്ടിംഗിൽ ഏറ്റവും പ്രകടമായ പ്രവണത അമേരിക്ക– ഇസ്രായേൽ കേന്ദ്രിത ആഖ്യാനത്തിന് ലഭിക്കുന്ന മുൻതൂക്കമാണ്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകളിലൂന്നിയാണ് നിരീക്ഷണം. ഇതിൽ പുതുമയോ അതിശയോക്തിയോ ഉണ്ടാകേണ്ടതില്ല. വാർത്താഘടന, ഉറവിടങ്ങളുടെ തിരഞ്ഞെടുപ്പ്, തലക്കെട്ടുകളിലെ പദപ്രയോഗം എന്നിവയിലൂടെയാണ് ഇത് നിർമ്മിക്കപ്പെടുന്നത്.

യുദ്ധത്തിന്റെ ‘ആധികാരിക ശബ്ദം’ പലപ്പോഴും അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്നാണ് വരുന്നത്.

വിശകലനം ചെയ്ത അന്താരാഷ്ട്ര വാർത്താ റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡന്റിന്റെയോ വിദേശകാര്യ വകുപ്പിന്റെയോ, ഇസ്രായേൽ പ്രധാനമന്ത്രിയുടെയോ സൈനിക വക്താക്കളുടെയോ പ്രസ്താവനകളെ കേന്ദ്രീകരിച്ചാണ് രൂപപ്പെടുത്തിയിരിയ്ക്കുന്നത്. ഈ രീതിയിൽ വാർത്ത ആരംഭിക്കുമ്പോൾ തന്നെ യുദ്ധത്തിന്റെ വ്യാഖ്യാനം ‘രാഷ്ട്രീയ എലീറ്റ്’ നിർവചിക്കുന്ന രീതിയിൽ പൊതുജനങ്ങളിൽ എത്തുന്നു. ആരുടെ പ്രസ്താവന ‘തലക്കെട്ട്’ ആകുന്നു എന്നതുതന്നെ പൊതുചർച്ചയുടെ ദിശ നിർണ്ണയിക്കുന്നു.

ഇറാന്റെ പ്രതികരണങ്ങൾ പലപ്പോഴും രണ്ടാംഘട്ട വിവരമായി, അല്ലെങ്കിൽ “Iran responded by…” എന്ന ഘടനയിൽ മാത്രമായി ഉൾക്കൊള്ളപ്പെടുന്നു. അതായത്, യുദ്ധത്തിന്റെ “ആധികാരിക ശബ്ദം” പലപ്പോഴും അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്നാണ് വരുന്നത്.

രണ്ടാമതായി, സുരക്ഷാകേന്ദ്രിതമായ ഭാഷാപ്രയോഗം ഈ ആഖ്യാനത്തെ ശക്തിപ്പെടുത്തുന്നു. “defense,” “security,” “retaliation,” “support,” “stability,” “counter-strike” തുടങ്ങിയ പദങ്ങൾ തലക്കെട്ടുകളിലും ലീഡ് പാരഗ്രാഫുകളിലും ആവർത്തിക്കപ്പെടുന്നു. ഇത്തരം വാക്കുകൾ അമേരിക്ക– ഇസ്രായേൽ നടപടികളെ നിർബന്ധിതവും നൈതികമായി ന്യായീകരിക്കാവുന്നതുമായ പ്രതികരണമായി അവതരിപ്പിക്കുന്നു.

ഉദാഹരണത്തിന്, “support” എന്ന പദം ഉപയോഗിക്കുമ്പോൾ, അത് കൂട്ടാളിത്തത്തിന്റെയും സ്ഥിരതയുടെയും സൂചന നൽകുന്നു; “defense” എന്നത് സ്വയംരക്ഷയുടെ നൈതികഭാരം ഉൾക്കൊള്ളുന്നു. ഇതിലൂടെ അമേരിക്ക– ഇസ്രായേൽ സൈനിക നീക്കം ഏകപക്ഷീയ ആക്രമണമായി വായിക്കപ്പെടുന്നതിനേക്കാൾ ‘സുരക്ഷാ പ്രതികരണമായി’ വായിക്കപ്പെടാനുള്ള സാധ്യത വർധിക്കുന്നു.

“defense,” “security,” “retaliation,” “support,” “stability,” “counter-strike” തുടങ്ങിയ പദങ്ങൾ തലക്കെട്ടുകളിലും ലീഡ് പാരഗ്രാഫുകളിലും ആവർത്തിക്കപ്പെടുന്നു. ഇത്തരം വാക്കുകൾ അമേരിക്ക– ഇസ്രായേൽ നടപടികളെ നിർബന്ധിതവും നൈതികമായി ന്യായീകരിക്കാവുന്നതുമായ പ്രതികരണമായി അവതരിപ്പിക്കുന്നു.
“defense,” “security,” “retaliation,” “support,” “stability,” “counter-strike” തുടങ്ങിയ പദങ്ങൾ തലക്കെട്ടുകളിലും ലീഡ് പാരഗ്രാഫുകളിലും ആവർത്തിക്കപ്പെടുന്നു. ഇത്തരം വാക്കുകൾ അമേരിക്ക– ഇസ്രായേൽ നടപടികളെ നിർബന്ധിതവും നൈതികമായി ന്യായീകരിക്കാവുന്നതുമായ പ്രതികരണമായി അവതരിപ്പിക്കുന്നു.

മൂന്നാമതായി, ഇറാന്റെ നടപടികളെ ‘പ്രതികരണം’ എന്ന രീതിയിൽ ബന്ധിപ്പിയ്ക്കുന്ന വാർത്താ ആഖ്യാനങ്ങൾ വ്യാപകമാണ്. പല റിപ്പോർട്ടുകളിലും സംഭവങ്ങളുടെ ക്രമീകരണം ഇങ്ങനെയാണ്: ആദ്യം അമേരിക്കയുടെയോ ഇസ്രായേലിന്റെയോ നീക്കം, തുടർന്ന് ഇറാന്റെ പ്രതികരണം. ഈ ഘടനയിൽ ഇറാൻ ഒരു സ്വതന്ത്ര നയരൂപീകരണ ശക്തിയെന്നതിലുപരി ‘പ്രതികരിക്കുന്ന ഘടകമായി’ പ്രത്യക്ഷപ്പെടുന്നു. അതുവഴി യുദ്ധത്തിന്റെ തുടക്കം, ഉദ്ദേശ്യം, നൈതിക ചർച്ച എന്നിവ അമേരിക്ക–ഇസ്രായേൽ വ്യാഖ്യാനത്തിലേക്ക് ചുരുങ്ങുന്നു.

ഈ മൂന്ന് ഘടകങ്ങളും- ഉറവിടങ്ങളുടെ മുൻഗണന, സുരക്ഷാഭാഷ, പ്രതികരണ ഘടന- ചേർന്നാണ് അമേരിക്ക–ഇസ്രായേൽ കേന്ദ്രിത ആഖ്യാനം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര വാർത്താ ആഖ്യാനത്തിൽ ഇറാൻ കേന്ദ്രിത ആഖ്യാനമല്ല, മറിച്ച് സുരക്ഷയും തന്ത്രപരമായ പ്രതികരണവും മുൻനിർത്തുന്ന അമേരിക്ക–ഇസ്രയേൽ കേന്ദ്രിത വ്യാഖ്യാനമാണ്.

ഡിജിറ്റൽ യുദ്ധഭൂമി

ഇസ്രായേൽ- ഇറാൻ സംഘർഷം ഇന്ന് സൈനിക ഏറ്റുമുട്ടൽ മാത്രമല്ല; അത് സമാന്തരമായി നടക്കുന്ന വിവരയുദ്ധവുമാണ്. യുദ്ധഭൂമിയിൽ മിസൈലാക്രമണം നടക്കുമ്പോൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ‘വിവരങ്ങളുടെ’ പ്രഹരങ്ങളാണ് നടക്കുന്നത്. CNN, BBC, അൽ ജസീറ തുടങ്ങിയ ആഗോള മാധ്യമങ്ങളുടെ ലൈവ് ബ്ലോഗുകളും തത്സമയ അപ്ഡേറ്റുകളും ഈ യുദ്ധത്തെ “നടന്നു കൊണ്ടിരിക്കുന്ന ട്രൻഡിങ് കഥ”യായി രൂപപ്പെടുത്തുന്നതായും കാണാം.

പുതിയ ഡിജിറ്റൽ മാധ്യമ ആവാസവ്യവസ്ഥയിൽ ‘യാഥാർത്ഥ്യത്തെ എഡിറ്റ് ചെയ്യുകയല്ല മറിച്ച് അവരവർ അവരവരുടെ യാഥാർത്ഥ്യത്തെ തന്നെ നിർമ്മിക്കുക തന്നെയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്, “Iran Launches Missiles Toward Israel, U.S. Forces on Alert: Live Updates” (The New York Times, 2026) എന്ന തലക്കെട്ട് സംഘർഷത്തെ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു അടിയന്തര സംഭവമായി അവതരിപ്പിക്കുന്നു. ഇവിടെ വാർത്ത ഒരു പൂർത്തിയായ റിപ്പോർട്ടല്ല; മറിച്ച് നിമിഷംപ്രതി പുതുക്കപ്പെടുന്ന ഡിജിറ്റൽ പ്രവാഹമാണ്. അതുപോലെ, “Israel Expands Strikes on Iranian Targets as Tensions Escalate” (BBC, 2026) എന്ന തലക്കെട്ട് സൈനിക നടപടിയെ വ്യാപകവും തീവ്രവുമായ ഘട്ടത്തിലേക്ക് കടന്നതായി ഫ്രെയിം ചെയ്യുന്നു.

മറ്റൊരു ഉദാഹരണം, “US Reaffirms Support for Israel Amid Rising Iran Conflict” (Associated Press, 2026) എന്ന റിപ്പോർട്ട് രാഷ്ട്രീയ നേതാക്കളുടെ ഔദ്യോഗിക പ്രതികരണങ്ങളെയാണ് വാർത്തയുടെ കേന്ദ്രത്തിൽ കൊണ്ടുവരുന്നത്. ഇവിടെ യുദ്ധഭൂമിയിലെ സംഭവങ്ങളെക്കാൾ വരേണ്യവിഭാഗത്തിന്റെ പ്രസ്താവനകളാണ് പൊതുചർച്ചയുടെ ദിശ നിർണ്ണയിക്കുന്നത്. ഇവിടെ കലൻന്താരി അവതരിപ്പിക്കുന്ന “media contest” എന്ന ആശയം പ്രസക്തമാണ്. രാഷ്ട്രീയനേതാക്കൾ മാധ്യമങ്ങളെ ഉപയോഗിച്ച് യുദ്ധത്തിന്റെ അർത്ഥം നിർവചിക്കാൻ പരസ്പരം മത്സരിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേൽ ഒരു സൈനിക നടപടിയെ “preemptive defense” എന്ന് വ്യാഖ്യാനിക്കുമ്പോൾ, ഇറാൻ അതിനെ “aggression” അല്ലെങ്കിൽ “international law violation” എന്ന രീതിയിൽ വിശേഷിപ്പിക്കുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ ഈ മത്സരത്തെ അതിവേഗമാക്കുന്നു. ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയാൽ നിമിഷങ്ങൾക്കകം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിക്കുന്നു.

യുദ്ധഭൂമിയിൽ മിസൈലാക്രമണം നടക്കുമ്പോൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ‘വിവരങ്ങളുടെ’ പ്രഹരങ്ങളാണ് നടക്കുന്നത്.
യുദ്ധഭൂമിയിൽ മിസൈലാക്രമണം നടക്കുമ്പോൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ‘വിവരങ്ങളുടെ’ പ്രഹരങ്ങളാണ് നടക്കുന്നത്.

അതുകൊണ്ട്, ‘ഡിജിറ്റൽ യുദ്ധഭൂമി’ യുദ്ധ റിപ്പോർട്ടിംഗ് മാത്രമല്ല ചെയ്യുന്നത്; അത് യുദ്ധത്തിന്റെ അർത്ഥം പുനർനിർമ്മിക്കുകയും ചെയ്യുന്നു. ഒരു തരത്തിൽ ഈ പുതിയ ഡിജിറ്റൽ മാധ്യമ ആവാസവ്യവസ്ഥയിൽ ‘യാഥാർത്ഥ്യത്തെ എഡിറ്റ് ചെയ്യുകയല്ല മറിച്ച് അവരവർ അവരവരുടെ യാഥാർത്ഥ്യത്തെ തന്നെ നിർമ്മിക്കുക തന്നെയാണ് ചെയ്യുന്നതെന്ന് തോന്നിയാൽ തെറ്റില്ല’ (Not editing reality rather fabricating reality). ഇങ്ങനെ, ഇസ്രായേൽ– ഇറാൻ സംഘർഷം സൈനിക തലത്തിൽ മാത്രം ഒതുങ്ങുന്നില്ല. വിവരതലത്തിലും അതിവേഗത്തിൽ നടക്കുന്ന പോരാട്ടമായി മാറുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ ഈ വിവരയുദ്ധത്തിന്റെ കേന്ദ്രവേദിയായി പ്രവർത്തിക്കുന്നത് കാണാം.

യുദ്ധം പോലുള്ള വലിയ രാഷ്ട്രീയ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ എത്തുമ്പോൾ, അവ രൂപപ്പെടുത്തുന്ന ഫ്രെയിമുകളാണ് പലപ്പോഴും പൊതുധാരണയെ നിർണ്ണയിക്കുന്നത്.

ഈ സാഹചര്യത്തിൽ മാധ്യമാവതരണങ്ങളെ വിമർശനാത്മകമായി വായിക്കുക എന്നത് വെറും അക്കാദമിക് അഭ്യാസം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന് അനിവാര്യമായ പൗരബോധം കൂടിയാണ്. യുദ്ധം പോലുള്ള വലിയ രാഷ്ട്രീയ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ എത്തുമ്പോൾ, അവ രൂപപ്പെടുത്തുന്ന ഫ്രെയിമുകളാണ് പലപ്പോഴും പൊതുധാരണയെ നിർണ്ണയിക്കുന്നത്. ഒരു സംഭവത്തെ “സുരക്ഷാ പ്രതികരണം” എന്ന നിലയിൽ അവതരിപ്പിക്കുമ്പോൾ അത് ഒരു വിധത്തിലുള്ള നൈതിക അംഗീകാരവും സൃഷ്ടിക്കാം. അതേ സമയം “ആക്രമണം” എന്ന ഫ്രെയിം ഉപയോഗിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ അർത്ഥവും മാറാം. അതിനാൽ, മാധ്യമങ്ങൾ തിരഞ്ഞെടുക്കുന്ന പദങ്ങൾ, ഉറവിടങ്ങൾ, വാർത്താ ഘടന എന്നിവയെ വിമർശനാത്മകമായി പരിശോധിക്കുന്നത് സംഘർഷത്തിന്റെ യഥാർത്ഥ സങ്കീർണ്ണത മനസ്സിലാക്കാൻ സഹായിക്കുന്നു.

ഇതോടൊപ്പം, ഡിജിറ്റൽ മാധ്യമങ്ങളുടെ കാലഘട്ടത്തിൽ വാർത്തയുടെ വേഗതയും വ്യാപ്തിയും ഈ വിമർശനാത്മക വായനയെ കൂടുതൽ അനിവാര്യമാക്കുന്നു. ലൈവ് അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ വീഡിയോകൾ, വൈറൽ ക്ലിപ്പുകൾ എന്നിവയിലൂടെ യുദ്ധം പലപ്പോഴും വികാരപരമായ ദൃശ്യാനുഭവമായി മാറുന്നു. ഈ സാഹചര്യത്തിൽ പശ്ചാത്തല വിവരങ്ങളും ചരിത്രപരമായ വിശദീകരണങ്ങളും പലപ്പോഴും പിന്നിലാക്കപ്പെടുകയോ തമസ്കരിക്കയ്പ്പെടുകയോ ചെയ്യുന്നു. അതിനാൽ, വാർത്തയുടെ ആസന്നതയെ മാത്രം ആശ്രയിക്കാതെ അതിന്റെ പശ്ചാത്തലവും ഘടനയും മനസ്സിലാക്കാനുള്ള മാധ്യമസാക്ഷരത സമൂഹത്തിൽ വളർത്തേണ്ടതുണ്ട്.

ലൈവ് അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ വീഡിയോകൾ, വൈറൽ ക്ലിപ്പുകൾ എന്നിവയിലൂടെ യുദ്ധം പലപ്പോഴും വികാരപരമായ ദൃശ്യാനുഭവമായി മാറുന്നു.
ലൈവ് അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ വീഡിയോകൾ, വൈറൽ ക്ലിപ്പുകൾ എന്നിവയിലൂടെ യുദ്ധം പലപ്പോഴും വികാരപരമായ ദൃശ്യാനുഭവമായി മാറുന്നു.

ഇത്തരം വിമർശനാത്മക സമീപനം മാധ്യമങ്ങളെ കൂടുതൽ ഉത്തരവാദിത്തപരമായ അവതരണത്തിലേക്ക് നയിക്കാൻ ​നിർബന്ധിതമാക്കും. യുദ്ധം പോലുള്ള സങ്കീർണ്ണമായ അന്താരാഷ്ട്ര വിഷയങ്ങളെ ലളിതമായ ദ്വന്ദ്വങ്ങളിലേക്കു ചുരുക്കുന്നതിനുപകരം, അതിന്റെ രാഷ്ട്രീയ, ചരിത്ര, സാംസ്കാരിക ഘടകങ്ങളെ ഉൾക്കൊള്ളുന്ന, കൂടുതൽ സമഗ്രമായ അവതരണങ്ങളിലേക്ക് മാധ്യമങ്ങൾ നീങ്ങേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ വ്യക്തമായി തെളിയുന്നു. അതുകൊണ്ടുതന്നെ, യു.എസ്- ഇസ്രായേൽ– ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള വാർത്തകളെ വിമർശനാത്മകമായി വായിക്കുന്നത് ഒരു വാർത്താവായനാശീലം മത്രമല്ല; അത് ആഗോള രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള നിർണായക ബൗദ്ധിക പ്രക്രിയ കൂടിയാകുന്നു.

Comments