ജേണലിസം ഒരു കാല്പനിക ആശയമല്ല. അത് ഭരണകൂടത്തോളം ഉത്തരവാദിത്തം പേറുന്ന ആശയമാണ്. പ്രതിപക്ഷമായി ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ടിട്ടുള്ള, ഇടപെടേണ്ട സിസ്റ്റം. ജേണലിസം അവഹേളിക്കപ്പെടുകയും വിമർശനങ്ങൾക്കപ്പുറത്ത്, നിരന്തരം ഭരണകൂടങ്ങളാലും രാഷ്ട്രീയ പാർട്ടികളാലും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോൾ ജനാധിപത്യത്തിന്റെ അടിത്തറയിലാണ് നശീകരണത്തിന്റെ ബോംബുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന് ജനാധിപത്യ വക്താക്കൾ, ഓർത്തിരിക്കേണ്ടതുണ്ട്.
അതിസങ്കീർണമാണ് ഇന്ത്യൻ ജേണലിസം നേരിടുന്ന പ്രശ്നങ്ങൾ. കാവിപ്പട്ടു ചുറ്റിയും ചെങ്കോലേന്തിയും പ്രവർത്തിക്കുന്ന ഗോദി മീഡിയയുടെ പ്രഭാവം ഒരു വശത്ത്. ജേണലിസത്തിന്റെ അടിസ്ഥാന പാഠങ്ങളെ മുഴുവൻ മീഡിയമോദി, ചരിത്രത്തെ മാറ്റിയെഴുതുന്ന പോലെ മാറ്റിയെഴുതുന്നു. വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 180 ൽ 161 ആയി. കഴിഞ്ഞ വർഷം ഇത് 150 ആയിരുന്നു. കണ്ടന്റ് വ്യവസായ ലോകത്ത് ഫേക്ക് ന്യൂസുകളുടെ കുത്തൊഴുക്കാണ്. ജേണലിസം നടത്തുന്ന ജേണലിസ്റ്റുകളേയും പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രവർത്തകരേയും ഒരുപോലെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും നിയമ നടപടികളിലൂടെയും ഭരണകൂടം ഭയപ്പെടുത്തുന്നു, ആക്രമിക്കുന്നു. ഭരണകൂട വിമർശനം ദേശവിരുദ്ധതയായി വ്യാഖ്യാനിക്കുന്നു.
കേരളത്തിൽ, മറുനാടൻ സ്കൂൾ, വർഗ്ഗീയതയുടേയും വ്യക്തിവിരോധത്തിന്റേയും ഒളിഞ്ഞുനോട്ടത്തിന്റേയും അശ്ലീലങ്ങൾ ജേണലിസമെന്ന സബ്ജക്റ്റ് ടൈറ്റിലിൽ സ്ഥാപനവത്കരിക്കുന്നു. മാധ്യമം/ മീഡിയ എന്നതിനു മുന്നിൽ സാമൂഹ്യ / സോഷ്യൽ എന്ന് ചേർത്ത് വെച്ച് സോഷ്യൽ മീഡിയയും, എഡിറ്ററുള്ള മീഡിയയും ഒന്നു തന്നെ എന്ന് തോന്നിപ്പിച്ച് കബളിപ്പിക്കുന്ന രാഷ്ട്രീയതന്ത്രം മറ്റൊരു വശത്ത്. ഭരണകൂട വിമർശനമുന്നയിക്കുന്ന സകലതിനേയും ഇടതുവിരുദ്ധതയായും കേരളത്തിനെതിരായതായും വ്യാഖ്യാനിച്ച് ജേണലിസ്റ്റുകൾക്കെതിരെ കേസെടുക്കുന്ന പ്രാക്ടീസ് തുടങ്ങി വെച്ചിരിക്കുന്നു. ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ റിപ്പോർട്ടിംഗിന്റെ പേരിൽ കേസെടുക്കാനുള്ള തീരുമാനത്തെ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കൾ തന്നെ ന്യായീകരിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. സംഘപരിവാർ ഉടമസ്ഥതയിൽ ഇഷ്ടം പോലെ ടെലിവിഷൻ ചാനലുകൾ ഇപ്പോൾത്തന്നെ ഉണ്ട്. അതൊന്നും പോരാഞ്ഞ് മതേതര- നിഷ്പക്ഷ മുഖങ്ങളെ അനുപാതതന്ത്രമുപയോഗിച്ച് വിലയ്ക്കു വാങ്ങി 2024 ഇലക്ഷൻ മുന്നിൽക്കണ്ട് ഒരു കൂട്ടം ടെലിവിഷൻ ചാനലുകൾ അണിയറയിൽ ഒരുങ്ങുന്നു. എണ്ണമറ്റ കോടികളുടെ നിക്ഷേപമാണ് മാധ്യമകേരളത്തിലേക്ക് വന്നിരിക്കുന്നത്.
ടെക്നോളജിയുടെ വികാസം ജനാധിപത്യത്തെ, ജനാധിപത്യ ആശയങ്ങളാൽ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷകളെ ഇല്ലാതാക്കിക്കൊണ്ട് ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് ഏറ്റവും മികച്ച രീതിയിൽ പ്രൊപ്പഗാന്റയും വർഗ്ഗീയ - രാഷ്ട്രീയ ക്യാപ്സൂളുകളും നിർമിക്കപ്പെടുകയും തെരത്തെടുപ്പുകളെപ്പോലും അട്ടിമറിക്കാൻ പ്രാപ്തമാവുകയും ചെയ്തു എന്നതാണ് ആഗോള യാഥാർത്ഥ്യം.
ഭരണകൂടങ്ങൾക്കും എല്ലാത്തരം അനുബന്ധ സ്ഥാപനങ്ങൾക്കും എതിരായ വിമർശനം ജനപക്ഷത്തുനിന്നുകൊണ്ട് ഏറ്റവും ശക്തവും പ്രൊഡക്ടീവുമായി, ഭയവും വിട്ടുവീഴ്ചയുമില്ലാതെ റിപ്പോർട്ട് ചെയ്യാനും അനലൈസ് ചെയ്യാനും മാധ്യമങ്ങൾക്കും ജേണലിസ്റ്റുകൾക്കും സാധിക്കുക എന്നത് തന്നെയാണ് പരമപ്രധാനമായ കാര്യം. അതോടൊപ്പം മാധ്യമസ്ഥാപനങ്ങൾ അകത്തു നിന്ന് സ്വന്തം സ്ട്രക്ചറിനെ പുതുക്കിപ്പണിയേണ്ട കാലവുമാണിത്.
ന്യൂസ് എന്ന വാക്ക് പേരിനോട് ചേർത്ത് വെച്ച് ന്യൂസല്ലാത്തതൊക്കെയും ജേണലിസമല്ലാത്തതൊക്കെയും വിപണനം ചെയ്യുന്ന ഡിജിറ്റൽ കണ്ടന്റ് മേക്കേഴ്സിനോട് മത്സരിക്കാൻ നിന്നാൽ ലഗസി മീഡിയയും എഡിറ്ററുള്ള മീഡിയയുമൊക്കെ ഒരു ദാക്ഷിണ്യവുമില്ലാതെ തോൽക്കുകയേ ഉള്ളൂ.
ന്യൂസ് എന്ന വാക്ക് പേരിനോട് ചേർത്ത് വെച്ച് ന്യൂസല്ലാത്തതൊക്കെയും ജേണലിസമല്ലാത്തതൊക്കെയും വിപണനം ചെയ്യുന്ന ഡിജിറ്റൽ കണ്ടന്റ് മേക്കേഴ്സിനോട് മത്സരിക്കാൻ നിന്നാൽ ലഗസി മീഡിയയും എഡിറ്ററുള്ള മീഡിയയുമൊക്കെ ഒരു ദാക്ഷിണ്യവുമില്ലാതെ തോൽക്കുകയേ ഉള്ളൂ. ‘ജമീലയുടെ ലീലകൾ’ എന്ന് ക്യാപ്ഷനിട്ട് നിയമസഭയിലെ അടിപിടി വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്തത് പുതുതലമുറ അഭിനവ കണ്ടന്റ് മേക്കേഴ്സ് ആയിരുന്നില്ല. മാതൃഭൂമി ടെലിവിഷനിലെ മുതിർന്ന ജേണലിസ്റ്റ് ആയിരുന്നു. ആദ്യം പ്രിന്റ് മീഡിയ, ടെലിവിഷൻ ജേണലിസത്തോട് അനാവശ്യമായി മത്സരിച്ചു. ഇപ്പോൾ ഇത് രണ്ടും രൂപഭാവങ്ങളിൽ മാത്രമല്ല ഘടനയിൽത്തന്നെ വ്യൂസും റീച്ചും അതുവഴിയുള്ള വരുമാനവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ കണ്ടന്റ് മേക്കേഴ്സിനോട് മത്സരിക്കുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ, ഡിജിറ്റൽ ഫോർമാറ്റിൽ ഇൻഡിപെന്റന്റ് ജേണലിസം ചെയ്യുന്ന എത്രയോ വെബ് പോർട്ടലുകളുണ്ട് ഇന്ത്യയിൽ. അവയുടെയൊക്കെ തലപ്പത്ത്, എഡിറ്റർഷിപ്പിൽ, ലെഗസി മീഡിയയിൽ പയറ്റിത്തെളിഞ്ഞ ജേണലിസ്റ്റുകളും പ്രവർത്തിക്കുന്നുണ്ട്. ലെഗസി മീഡിയയുടെ മാർക്കറ്റ് താത്പര്യ മാറ്റങ്ങളിലും കണ്ടന്റ് താത്പര്യ മാറ്റങ്ങളിലും മടുത്തിട്ടും തുടരാൻ പറ്റാതെയും ഡിജിറ്റൽ മീഡിയയുടെ ജേണലിസം സാധ്യതകൾ മനസ്സിലാക്കിയും തന്നെ ഈ രംഗത്തേക്ക് വന്നവർ. അവരൊക്കെയും തീവ്രവലതുപക്ഷത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങളിൽ മൂലധനം കണ്ടെത്താനാകാതെ ഉലയുന്നുണ്ട്. അത്തരം ജേണലിസം പ്ലാറ്റ്ഫോമുകൾക്ക് ഏറ്റവും മികച്ച കണ്ടന്റുള്ളപ്പോഴും അതു ചെയ്തെടുക്കാനുള്ള മൂലധനമില്ലാതെ പോകുന്നു. കാരവനും ആൾട്ട് ന്യൂസും മോജോ സ്റ്റോറീസും ദ വയറും ന്യൂസ് ലോണ്ടറിയും ന്യൂസ് മിനുട്ടുമെല്ലാം ഉദാഹരണങ്ങൾ.
മറുവശത്ത് വർഗ്ഗീയതയും അശ്ലീലവും ലൈംഗികതയുമാണ് ഏറ്റവും വിറ്റ് പോകുന്ന കണ്ടന്റ് എന്ന് എല്ലാ തലമുറ ഡിജിറ്റൽ കണ്ടന്റ് മേക്കേഴ്സും ഒരുപോലെ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് സ്വന്തം സഹപാഠി ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിന് ഇരയായ സംഭവത്തിന് മുകളിൽ കയറി നിന്ന് ഏറ്റവും പുതിയ തലമുറയിലെ പെൺകുട്ടി പത്രോസിന്റെ ‘സുവിശേഷം’ ലേലം ചെയ്ത് റീച്ചുണ്ടാക്കുന്നത്.
ഈ സങ്കീർണമായ സാഹചര്യത്തിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ട്രൂകോപ്പി തിങ്ക് ജനാധിപത്യപരമായ ആശയ സംവാദം തുടരുകയാണ്. ജേണലിസത്തിന്റെ അടിസ്ഥാനത്തെയും മൂലധനത്തേയും ടെക്നോളജിയേയും അഡ്രസ്സ് ചെയ്യാൻ ശ്രമിക്കുകയാണ്. കുഴപ്പങ്ങളെ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാനും സംഘപരിവാറിന്റെ തീവ്രവലതുപക്ഷ ആക്രമണങ്ങളെ ചെറുക്കാനും ഇടതുപക്ഷത്തെ അതിന്റെ ജനാധിപത്യ മൂല്യങ്ങളെ ഓർമിപ്പിക്കാനും ശ്രമിക്കുകയാണ്.
സോഷ്യൽ മീഡിയയല്ല മീഡിയ. മീഡിയയിൽ എഡിറ്റർമാർ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ പ്രവർത്തിക്കാത്ത എഡിറ്റർമാരോട് ജനാധിപത്യം കലഹിക്കണം.
ജനാധിപത്യത്തിൽ, എല്ലാത്തരം ശബ്ദങ്ങൾക്കും ഇടമുണ്ടാവണം. ആ ശബ്ദങ്ങളുടെ ഇൻക്ലൂസീവ് പരിസരത്തുനിന്ന്, വിമർശനങ്ങളുടേയും ജനകീയസമരങ്ങളുടേയും ആഘോഷങ്ങളുടെ സങ്കരത്തിൽ നിന്ന് ഇന്ത്യൻ ജനാധിപത്യം ഉയിർക്കപ്പെടുക തന്നെ ചെയ്യും. മാധ്യമ സ്വാതന്ത്ര്യം പൗരസ്വാതന്ത്ര്യവുമായി തുലനം ചെയ്തല്ല വിശകലനം ചെയ്യേണ്ടത്. വ്യക്തിയല്ല മാധ്യമം. മാധ്യമ ചരിത്രം ആഗോള തലത്തിലും ഇന്ത്യയിലും അതായിരുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തോട് തെറ്റായി ഉപമിച്ച് ജേണലിസത്തിന് സവിശേഷാവകാശങ്ങൾ ഇല്ല എന്ന് സ്ഥാപിക്കപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങളെ ഏറ്റവും പ്രത്യക്ഷത്തിൽത്തന്നെ ഇല്ലാതാക്കിക്കളയും. മാധ്യമങ്ങളെ ഫോർത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്നത് കാൽപനികമായല്ല. മാധ്യമങ്ങൾ ഭരണകൂട താത്പര്യങ്ങൾക്ക് വഴിപ്പെടുന്നുണ്ട് എന്നാണ് വിമർശിക്കേണ്ടത്. അതിനർത്ഥം മാധ്യമങ്ങൾ നിലനിൽക്കേണ്ടതില്ല എന്നല്ല.
രണ്ടുതരത്തിൽ മാധ്യമങ്ങളെ ഭരണകൂടങ്ങൾക്ക് ഇല്ലാതാക്കാം.
ഒന്ന്; വിലയ്ക്കു വാങ്ങിക്കൊണ്ട്.
രണ്ട്; മാധ്യമങ്ങൾ മുഴുവൻ ഫേക്കാണ് എന്ന് സ്ഥാപിച്ചു കൊണ്ട്.
വിലയ്ക്കു വാങ്ങൽ സ്ട്രാറ്റജിയിൽ അവർ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു. രണ്ടാമത്തെ സ്ട്രാറ്റജിയിലും അവർ മുന്നേറുകയാണ്. സോഷ്യൽ മീഡിയയാണ് മീഡിയ എന്ന പ്രതീതി സൃഷ്ടിച്ച്, ഫേക്ക് ന്യൂസ് മെഷീനുകളെ ധാരാളമായി വിന്യസിച്ച്, എപ്പോഴും ചർച്ചകളിൽ നിറഞ്ഞു നിൽക്കാനുള്ള കണ്ടന്റ് ഉദ്പാദിപ്പിച്ച് ജേണലിസവും ഫേക്ക് ജേണലിസവും തമ്മിലെ അതിരുകളെ മായ്ച്ചുകളഞ്ഞ് ജേണലിസം സമം ഫേക്ക് എന്ന നരേറ്റീവ് സൃഷ്ടിക്കപ്പെടുകയാണ്.
വാർത്ത റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ കേസെടുക്കുമ്പോൾ വാർത്തകളെ മുഴുവർ ഭയപ്പെടുത്താനുള്ള അധികാരപ്രയോഗമാണവിടെ നടക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള വിവേചനാധികാരം പൗരരുടെ അവകാശമാണ്. സോഷ്യൽ മീഡിയയല്ല മീഡിയ. മീഡിയയിൽ എഡിറ്റർമാർ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ പ്രവർത്തിക്കാത്ത എഡിറ്റർമാരോട് ജനാധിപത്യം കലഹിക്കണം. നിരോധനവും ഭയപ്പെടുത്തലും കേസുമൊക്കെ മാധ്യമങ്ങളെയും കലഹങ്ങളെയുമല്ല, ജനാധിപത്യത്തെയാണ് ഇല്ലാതാക്കുക.