സച്ചിദാനന്ദൻ / Photo : Struga Poetry Evenings

എഴുത്തുകാരുടെ നിലപാടും മാധ്യമങ്ങളും;
​ഋജുരേഖാവാദികളോട് ചില കാര്യങ്ങൾ

രെഴുത്തുകാരന്റെ അഥവാ എഴുത്തുകാരിയുടെ വ്യക്തിപരമായ രാഷ്ട്രീയ- നൈതിക നിലപാടുകളും അയാൾ / അവൾ എഴുതാൻ തെരഞ്ഞെടുക്കുന്ന മാധ്യമങ്ങളും തമ്മിൽ ഋജുരേഖ പോലെ ഒരു ബന്ധമുണ്ടോ? ഉണ്ടെന്നു ചിലർ വിശ്വസിക്കുന്നതായി സമീപകാലത്തെ ചില ഫെയ്‌സ്ബുക്ക് ചർച്ചകൾ കാണിക്കുന്നു. ആ വരയിലൂടെ നടന്നാൽ ആത്യന്തികമായി സ്വതന്ത്രമായ നൈതിക നിലപാടുകൾ സ്വീകരിക്കുന്ന എന്നെപ്പോലുള്ള ഒരെഴുത്തുകാരന് എഴുതാൻ ഒരു മാധ്യമവും ഇല്ലാതാവില്ലേ?

നമ്മുടെ ഋജുരേഖാവാദികൾ പറയുന്നത് ‘സാമൂഹ്യമാധ്യമങ്ങൾ ഉണ്ടല്ലോ' എന്നാണ്. അത് ഒരു ഫലിതം എന്ന നിലയിൽ ഞാൻ ആസ്വദിക്കുന്നു. എന്നാൽ കുറച്ചു കാലമായി ഒരു ‘സാമൂഹ്യമാധ്യമ' മെന്നു കരുതപ്പെടുന്ന ഫെയ്‌സ്ബുക്കിലെ എന്റെ അനുഭവം പറയുന്നത് ഏറ്റവുമധികം വിലക്കുകളുള്ളത് അവിടെയാണെന്നാണ്. കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുന്ന കാവൽനായ്ക്കൾ പരിരക്ഷിക്കുന്ന ഒരു സാമ്രാജ്യമാണ് അത്. എഴുതിയത് അൽപം കഴിഞ്ഞാൽ അപ്രത്യക്ഷമാകുക, ഭരണകൂടത്തിന്റെയോ പിണിയാളുകളുടെയോ അക്രമത്തിന്റെ ചിത്രങ്ങൾ ‘ഹിംസ' യാണ് അതെന്ന പേരിൽ (അതുകൊണ്ടുതന്നെയാണ് അവ പോസ്റ്റ് ചെയ്യുന്നത് എന്നിടത്താണ് വൈരുദ്ധ്യം; പികാസോ ‘ഗുയർണ്ണിക'യെപ്പറ്റി പറഞ്ഞതാണ് ഓർമ വരിക: ‘‘ഇത് നിങ്ങൾ ചെയ്തതാണോ'' എന്ന് ചോദിച്ച സൈന്യാധിപനോട്, ‘‘അല്ല, നിങ്ങൾ ചെയ്തതാണ്'' എന്നദ്ദേഹം പറഞ്ഞു) എടുത്തു മാറ്റുക, ഭരണകൂട വിമർശനങ്ങൾ ‘‘സമുദായ മാനദണ്ഡങ്ങൾക്ക്'' എതിരാണെന്ന കാരണം കാണിച്ച് ഡിലീറ്റ് ചെയ്യുക, ഇടക്കിടയ്ക്ക് താക്കീതുകൾ നൽകുക, അക്കൗണ്ട് ഇടക്കിടയ്ക്ക് മരവിപ്പിക്കുക, വേണ്ടിവന്നാൽ എന്നത്തേയ്ക്കുമായി ഭ്രഷ്ട് കൽപ്പിക്കുക: ഈ ഭീഷണവും ലാഭാധിഷ്ഠിതവുമായ ലോകത്താണ് സ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്നവരെ നമസ്‌കരിക്കുകയേ വഴിയുള്ളൂ. എന്നല്ല അത്തരം എഴുത്തുകാർ അതിന്റെ പേരിൽ ധാർമിക മേന്മ അവകാശപ്പെടുക കൂടി ചെയ്യുമ്പോൾ വൃത്തം പൂർത്തിയായി.

ഈ ചർച്ച ആരംഭിച്ചത് ‘മാധ്യമം ആഴ്ചപ്പതിപ്പി'ൽ ഞാൻ എഴുതുന്നത് എന്തിന് എന്ന് ഒരാൾ ചോദിച്ചതോടെയാണ്. വാദം ലളിതം: അത് ജമാ അത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണമാണ്. അതിന്റെ സമീപനം, ഉള്ളടക്കം, ലോകവീക്ഷണം -ഇതൊന്നും ചർച്ചാവിഷയമല്ല. ‘മാധ്യമം ആഴ്ചപ്പതിപ്പി'ൽ എഴുതുന്നവരെല്ലാം ജമാ അത്തുകാരാണോ? എങ്കിൽ കേരളത്തിലെ ഏതാണ്ട് എല്ലാ പ്രമുഖ എഴുത്തുകാരും ജമാ അത്തുകാരാണ്, ഈ വാദത്തിന്റെ യുക്തിസഹമായ നിഗമനം, ജമാ അത്തെ ഇസ്‌ലാമി ആണ് കേരളത്തിലെ ഏറ്റവും നല്ല സാഹിത്യസ്ഥാപനം എന്നതായിരിക്കും. അവിടെയും വാദം നിൽക്കുന്നില്ല, അതിൽ എഴുതുന്നവർ മൗദൂദിയുടെ പിന്തുണക്കാരാണ് എന്നാണ് അടുത്ത പടി. ആദ്യം തന്നെ ഇന്ത്യൻ ജമാ അത്തെ ഇസ്‌ലാമി മൗദൂദിസം അതേപടി നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് എന്ന് -ലളിതമായി പറഞ്ഞാൽ ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രം ആക്കി മാറ്റുവാൻ ശ്രമിക്കുന്നവർ- സമീകരിക്കുക, പിന്നെ എഴുത്തുകാരെ മൗദൂദി ശിഷ്യരാക്കുക -ഇതാണ് ഇവിടെ നടക്കുന്നത്. ജമാ അത്തെ ഇസ്‌ലാമിക്കുള്ളിൽ നടക്കുന്ന സംഘർഷങ്ങൾ, ആഭ്യന്തര വിമർശനങ്ങൾ ഇവയെ ഒന്നും ഈ വാദം കണക്കിലെടുക്കുന്നില്ല, എന്നല്ലാ, ഇസ്‌ലാം രാജവംശങ്ങൾ ഏറെക്കാലം ഭരിച്ചിട്ടും, ഒറ്റ തീട്ടൂരം കൊണ്ട് ഇന്ത്യക്കാരെ ഇസ്‌ലാം ആക്കി പരിവർത്തിപ്പിക്കാൻ കഴിയുമായിരുന്നിട്ടും, അവർ ചെയ്യാത്ത ഒരു കാര്യം അനായാസമായി ഇന്ത്യയിലെ ഒരു ന്യൂനപക്ഷത്തിന്റെ ഒരംശം ആളുകൾ മാത്രമുള്ള ജമാ അത്തെ ഇസ്‌ലാമി ചെയ്യും എന്ന് കരുതാൻ ജമാ അത്തിന്, അതിന്റെ മായക്കാഴ്ചകളിൽ പോലും കഴിയുമെന്ന് തോന്നുന്നില്ല.

‘ചന്ദ്രിക'യിൽ എഴുതാൻ മുസ്‌ലിം ലീഗ് ആകണം, ‘ദേശാഭിമാനി'യിൽ എഴുതാൻ സി.പി.ഐ (എം) ആകണം, ‘ജനയുഗ'ത്തിൽ എഴുതാൻ സി.പി.ഐ ആകണം, ‘മാതൃഭൂമി'യിൽ എഴുതാൻ കോൺഗ്രസ് ആകണമോ ബി.ജെ.പി ആകണമോ എന്ന് പിടിയില്ലാത്ത അവസ്ഥയാണ്. പിന്നെയുള്ളതാകട്ടെ രാഷ്ട്രീയം എന്തെന്ന് തന്നെ നിശ്ചയമില്ലാത്ത ചില പ്രസിദ്ധീകരണങ്ങളാണ്.

‘മാധ്യമം' ഒരു ആഴ്ചപ്പതിപ്പ് എന്ന നിലയിൽ ഒരു തരം മതഭ്രാന്തും കാണിച്ചിട്ടില്ല, അത് എന്നും കീഴാളപ്രശ്‌നങ്ങൾ ഉയർത്തിയിട്ടേയുള്ളൂ, അത് എഴുത്തുകാരെ സെൻസർ ചെയ്യാറില്ല എന്നെല്ലാം എന്റെ വായനയുടെയും എഴുത്തിന്റെയും മാത്രം അനുഭവം വെച്ച് എനിക്ക് പറയാൻ കഴിയും. ഷാജഹാൻ മാടമ്പാട്ടിനെപ്പോലെ മൗദൂദിയുടെ കടുത്ത വിമർശകരുടെ രചനകൾ പോലും പ്രസിദ്ധീകരിക്കാറുള്ള ഒരു ആഴ്ചപ്പതിപ്പാണത്. അതിൽ ആരോപിക്കുന്ന "വർഗീയത', 'സ്ത്രീവിരുദ്ധത' മുതലാവയ്ക്ക് തെളിവ് നൽകേണ്ടത് ഒരാവശ്യമായിപ്പോലും വിമർശകർ കാണുന്നില്ല. അത് നടത്തുന്ന സംഘടന, സ്ത്രീകൾക്ക് അമിതസ്വാതന്ത്ര്യം നൽകുന്നു എന്ന് മറ്റു ചില മുസ്‌ലിം സംഘടനകൾ തന്നെ ആരോപിക്കുന്നു എന്നതും കാണേണ്ടതാണ്.
ഈ വിചിത്രയുക്തി പിന്തുടർന്നാൽ എഴുത്തുകാർക്ക് എവിടെയെങ്കിലും എഴുതാൻ കഴിയുമോ? ‘ചന്ദ്രിക'യിൽ എഴുതാൻ മുസ്‌ലിം ലീഗ് ആകണം, ‘ദേശാഭിമാനി'യിൽ എഴുതാൻ സി.പി.ഐ (എം) ആകണം, ‘ജനയുഗ'ത്തിൽ എഴുതാൻ സി.പി.ഐ ആകണം, ‘മാതൃഭൂമി'യിൽ എഴുതാൻ കോൺഗ്രസ് ആകണമോ ബി.ജെ.പി ആകണമോ എന്ന് പിടിയില്ലാത്ത അവസ്ഥയാണ്. പിന്നെയുള്ളതാകട്ടെ രാഷ്ട്രീയം എന്തെന്ന് തന്നെ നിശ്ചയമില്ലാത്ത ചില പ്രസിദ്ധീകരണങ്ങളാണ്. ഇത് മലയാളത്തിന്റെ മാത്രം കഥ. എന്റെ ലേഖനങ്ങളും കവിതകളും ദേശ-വിദേശങ്ങളിൽ പല പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്, പലപ്പോഴും വിവർത്തകരാണ് അയച്ചുകൊടുക്കാറ്, അവയുടെയൊക്കെ ഉത്പത്തി പരിശോധിക്കുക എനിക്ക് എളുപ്പമായി തോന്നുന്നില്ല. പല പ്രസിദ്ധീകരണങ്ങളും നടത്തുന്നത് കോർപ്പറേറ്റുകളോ, നിയോ -ലിബറൽ അടിത്തരയുള്ളവരോ ആണ്. അപ്പോൾ സമത്വസ്വപ്നങ്ങളുള്ള എഴുത്തുകാർക്ക് രചനകൾ പ്രസിദ്ധീകരിക്കാൻ ലോകം മുഴുവൻ സോഷ്യലിസ്റ്റ് ആകും വരെ കാത്തിരിക്കേണ്ടി വരും.

Halal Love Story എന്ന സിനിമയിൽ നിന്ന്

നാം ജീവിക്കുന്നത്, പേരിലെങ്കിലും ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്താണ്. അതിന്റെ പരിമിതികളും വെല്ലുവിളികളും നന്നായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ ഇത് പറയുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. അപ്പോൾ ജനാധിപത്യപരമായി എഴുത്തിനെയും എഴുത്തുകാരെയും സമീപിക്കുന്ന, ജനങ്ങളിൽ എന്റെ എഴുത്ത് എത്താൻ സഹായിക്കുന്ന, ഏതു പ്രസിദ്ധീകരണത്തിലും ഞാൻ എഴുതും.

അതുകൊണ്ടുതന്നെയാണ് ജനാധിപത്യവിരുദ്ധമായ, ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ നിരന്തരം പ്രവർത്തിക്കുന്ന, തീവ്രഹിന്ദുത്വ പ്രസിദ്ധീകരണങ്ങളിൽ ഞാൻ എഴുതാത്തതും. ഇത് എന്റെ മാത്രം നിലപാടല്ല, അൽപ്പം സുബോധം ഇപ്പോഴും ബാക്കിയുള്ള എല്ലാ ഇന്ത്യൻ എഴുത്തുകാരുടെയും നിലപാടാണ്. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments