മീഡിയ വൺ കേസ്​: ലംഘിക്കപ്പെട്ട നിയമതത്വങ്ങൾ

2014-ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് രാജ്യസുരക്ഷാപരമായ തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന തീരുമാനത്തിനപ്പുറം നിയമനിർമാണസഭയ്ക്കും കോടതിയ്ക്കും ഇക്കാര്യത്തിൽ പ്രധാനമായ പങ്കൊന്നും നിർവഹിക്കാനില്ല എന്ന് അടിവരയിട്ട് പറയുന്ന ഈ വിധിന്യായം ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം നിരോധിച്ച്​, അവരുടെ ലൈസൻസ് റദ്ദാക്കി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് അവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്​. അവരോടൊപ്പം, സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരും കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സംഘടനയും ഇക്കാര്യം ചോദ്യം ചെയ്തിരുന്നു. പത്തുവർത്തേയ്ക്ക് സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കുകയും അപ്‌ലിങ്കിങ് ലൈസൻസ് ലഭിക്കുകയും ചെയ്ത സ്ഥാപനമാണ് മീഡിയ വൺ. 2021 അവസാനം വരെ ആ ലൈസൻസ് കാലാവധി നിലവിലുണ്ടായിരുന്നു.

2021 മെയ് മൂന്നിനു തന്നെ ലൈസൻസ് പുതുക്കി ലഭിക്കുന്നതിന് മീഡിയ വൺ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ആവശ്യമായതിനെതുടർന്ന് 29-11-2021 ന് ആഭ്യന്തര മന്ത്രാലയത്തിലേയ്ക്ക് പ്രസ്തുത അപേക്ഷ കൈമാറി.

കൃത്യം ഒരു മാസത്തിനുള്ളിൽ ഡിസംബർ 29-ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിയ്ക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ മീഡിയ വണ്ണിന് ഷോകോസ് നോട്ടീസ് നൽകുകയും ചെയ്തു. 2021 നവംബർ 29-ന് ലഭിച്ച അപേക്ഷ ഒരു മാസത്തിനുള്ളിൽ ക്ലിയറൻസ് നൽകാനാവില്ല കാരണത്താൽ ആഭ്യന്തര മന്ത്രാലയം തള്ളിയ നടപടി മീഡിയ വണ്ണിന്റെ ഭാഗം കേൾക്കാതെയാണ്. ഇക്കാര്യത്തിന് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടിക്രമം എന്താണെന്ന് വ്യക്തമല്ല. ഏത് കാരണത്താലാണ് പത്തുവർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു ചാനലിന് സെക്യൂരിറ്റി ക്ലിയറൻസ് പുതുക്കിനൽകാനാവാത്തതെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയ വണ്ണിന് സമർപ്പിച്ച ഷോകോസ് നോട്ടീസിൽ എന്തിനാണവർ കാരണം കാണിക്കേണ്ടത് എന്ന് വ്യക്തമല്ല. ആഭ്യന്തര മന്ത്രാലയം രഹസ്യാന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചത് എന്നാണ് കേന്ദ്രസർക്കാർ വാദം. ഹൈക്കോടതി ഈ ഉത്തരവ് ചോദ്യം ചെയ്ത എല്ലാ കേസുകളും തള്ളുകയും ഉത്തരവ് നിലനിൽക്കുന്നതാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് മീഡിയ വണ്ണിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. ഭരണഘടന പൗരർക്ക് നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ് ആർട്ടിക്കിൾ 19 (1) അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം. ആവിഷ്‌കാര സ്വാതന്ത്ര്യം പൗരർക്കാണ്, സ്ഥാപനങ്ങൾക്കല്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏതൊരു മാധ്യമസ്ഥാപനത്തിനും ലഭിയ്ക്കുന്ന അധികാരം, അവകാശം എന്നത് ആ മാധ്യമസ്ഥാപനത്തിലെ ജേണലിസ്റ്റുകൾക്ക് ലഭിക്കുന്നതാണ്.
പൗരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ആർട്ടിക്കിൾ 19 (2)* അനുശാസിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. റീസണബിൾ റെസ്ട്രിക്ഷൻസ് അഥവാ യുക്തിസഹമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ് ഏതൊരു മൗലികാവകാശവും. ഇവിടെ പൗരന്മാരുടെ മൗലികാവകാശം ഏത് കാരണത്താലാണ് ലംഘിക്കപ്പെടുന്നത് എന്നത് വ്യക്തമല്ല. എന്ത് കാരണത്താലാണ് ഒരു ചാനൽ പ്രവർത്തനം നിർത്തിവെക്കേണ്ടത് എന്നത് പ്രവർത്തനം നിർത്തിവെച്ചുള്ള ഉത്തരവിലോ അതേറ്റുവാങ്ങുന്ന ഏതെങ്കിലും രേഖകളിലോ വ്യക്തമല്ല. ഒരാളുടെ മൗലികാവകാശം ലംഘിക്കുമ്പോൾ, ഏത് കാരണത്താലാണ് തടയപ്പെടുന്നത് എന്നത് അയാളെ അറിയിക്കുക എന്നത് പ്രധാനമാണ്. അതുപോലെ പ്രധാനമാണ് സ്വാഭാവിക നീതി എന്നതും.

ഒരാൾക്കെതിരെ ഒരു തീരുമാനമെടുക്കുമ്പോൾ അയാൾക്ക് പറയാനുള്ളത് കേൾക്കുക എന്നതാണ് സ്വാഭാവിക നീതി. ആരോപണങ്ങളോ കണ്ടെത്തലുകളോ അടങ്ങിയ രേഖകളോ റിപ്പോർട്ടുകളോ ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കി അതിനോട് പ്രതികരിക്കാനുള്ള പൗരന്റെ അവകാശമാണ് സാമാന്യ നീതി. ഈ സാമാന്യ നീതി ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 21 ൽ അന്തർലീനമാണ് എന്ന് സുപ്രീകോടതി നിരവധി കേസുകളിൽ വിധിച്ചിട്ടുണ്ട്.

മീഡിയ വൺ ഹെഡ്ക്വാട്ടേഴ്സ്, കോഴിക്കോട്

ഇവിടെ മീഡിയ വണ്ണിന് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കുന്നത് ഏത് കാരണത്താലാണ് എന്നത് വ്യക്തമല്ല എന്നതുമാത്രമല്ല, ആ കാരണങ്ങൾ അക്കമിട്ട് നിരത്തി അതിൻമേൽ മീഡിയ വണ്ണിന് പറയാനുള്ളത് എന്താണ് എന്ന് കേട്ടിട്ടില്ല എന്നതും കേന്ദ്രസർക്കാർ കൂടി അംഗീകരിക്കുന്ന വസ്തുതയാണ്.
ഹൈക്കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് ദേശീയ സുരക്ഷ മുൻനിർത്തി രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസൻസ് നിഷേധിച്ചതെന്നും ഒരു ഉദ്യോഗസ്ഥതല കമ്മിറ്റി ഇക്കാര്യം ശുപാർശ ചെയ്‌തെന്നും ആ ശുപാർശയാണ് മന്ത്രാലയം അംഗീകരിച്ചത് എന്നുമാണ്. ഈ കാര്യം ഫയലിൽ വ്യക്തമാണ് എന്നും നോക്കി ആ കാര്യം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ജസ്റ്റിസ് നഗരേഷ് വിധിന്യായത്തിൽ പറയുന്നു.

ഭരണഘടന പഠിയ്ക്കുന്ന കാലത്ത് നിയമ വിദ്യാർഥികളെല്ലാം ഭരണഘടനയുടെ മൗലികാവകാശം ഉയർത്തിപ്പിടിക്കുന്ന വിധിന്യായങ്ങൾ പഠിയ്ക്കാറുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് മനേകാ ഗാന്ധിയുടെ കേസ്. മനേകാ ഗാന്ധിയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതി ആദ്യമായി പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു തെറ്റായ തീരുമാനത്തെ, എ.കെ. ഗോപാലൻ VS ഇന്ത്യ കേസിനെ ഓവർറൂൾ ചെയ്​ത്​ ആർട്ടിക്കിൾ 14, 21, 19 എന്നിവ പരസ്പരബന്ധിതമാണെന്നും അതൊരു ഗോൾഡൻ ട്രയാംഗിളായി കാണേണ്ടതാണെന്നും ഇതിനെ ഒറ്റക്കൊറ്റക്കെടുത്ത്​ വായിക്കുകയല്ല വേണ്ടതെന്നും ഒരു പൗരന് അന്തസ്സ് ഉറപ്പുവരുത്തി ജീവിക്കാൻ ആവശ്യമായ അവകാശങ്ങൾ മൂന്നിലും ഉൾച്ചേർന്നിട്ടുണ്ടെന്നും അതുകൊണ്ട് മൂന്നും ഒരുമിച്ച് കാണേണ്ടതാണെന്നുമുള്ള തത്വം പറയുന്നത്. അതിനകത്താണ് പറയുന്നത്, ഏതെങ്കിലും അധികാരി ഏതെങ്കിലും ഭരണതീരുമാനത്തിലൂടെ ആരുടെയെങ്കിലും മൗലികാവകാശങ്ങൾ കവരുമ്പോൾ അത് നീതിയുക്തവും ന്യായയുക്തവുമായിരിക്കണം. അതിനുശേഷം എല്ലാ അധികാരസ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും ഏതുതരം നിയന്ത്രണങ്ങലായിരുന്നാലും അത് യുക്തസഹമായിരിക്കണം, നീതിയുക്തമായിരിക്കണം എന്നത് മനേകാ ഗാന്ധി കേസിനുശേഷം ഇന്ത്യൻ ഭരണഘടന പൗരന് കൊടുക്കുന്ന ഉറപ്പാണ്. ഇതാണ് വാസ്തവത്തിൽ 2014-ൽ സുപ്രീംകോടതിയുടെ രണ്ടംഗം ജഡ്ജിമാരുള്ള ബെഞ്ചിൽ നിന്നുണ്ടാകുന്ന വിധിന്യായം മാറ്റിമറിക്കുന്നത്.

എക്‌സ് സർവീസ്‌മെൻ കേസിനകത്ത് സുപ്രീംകോടതി പറഞ്ഞ പ്രധാനപ്പെട്ട ഒരു വിധി, ദേശീയ സുരക്ഷയുടെ പേരിൽ ഏതെങ്കിലും തീരുമാനമെടുക്കുകയാണെങ്കിൽ അത് പൂർണമായി എക്‌സിക്യൂട്ടീവിന് വിട്ടുകൊടുക്കണം എന്നുള്ളതാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നാൽ സാമാന്യതത്വം പാലിക്കേണ്ടതുണ്ട് എന്ന് നിർബന്ധിക്കാനാവില്ല എന്നാണ്. കോടതി അതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയും തൃപ്തികരമായ കാരണങ്ങളുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്താൽ പരാതിക്കാരെ കേട്ടില്ലെങ്കിൽ പോലും അതിനകത്ത് യാതൊരു തെറ്റുമില്ല എന്നും ഏത് കാരണത്താലാണോ മൗലികാവകാശം ലംഘിച്ചത് ആ കാര്യം അതിനിരയായ ആളെ അറിയിക്കേണ്ടതില്ല എന്നും സുപ്രധാനമായ ഈ വിധിന്യായം പറയുന്നു. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ 2014-ലെ ഈ വിധിന്യായമാണ് 2019-ൽ ഡിജിവേൾഡിന്റെ കേസിലുണ്ടായ വിധിന്യായത്തിനും കാരണമായത്.

ഇവിടെ ദേശീയ സുരക്ഷ ഒരു കാരണമായി പറഞ്ഞ്​ സ്റ്റേറ്റിന്റെ എക്‌സിക്യൂട്ടീവ് ഫങ്ഷൻ കോടതികൾ ചോദ്യംചെയ്യുന്നത് ശരിയല്ല എന്ന നിലപാടിലേയ്ക്കാണ് സുപ്രീംകോടതി എത്തിയത്. എന്നാൽ ഇതിൽനിന്ന് തീർത്തും കടകവിരുദ്ധമായ നിലപാടാണ് സുപ്രീംകോടതി ഈയടുത്ത കാലത്ത് പെഗാസസ് കേസിൽ സ്വീകരിച്ചത്. ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞ്​ ജുഡീഷ്യൽ റിവ്യൂവിൽ നിന്ന് ഒഴിവാകാനാകില്ല എന്ന് അസന്ദിഗ്​ധമായി സുപ്രീകോടതി പറഞ്ഞു.

മീഡിയ വൺ കേസിൽ പരാതിക്കാർ പ്രധാനമായി ആശ്രയിച്ച ഒരു വിധിന്യായമാണ് പെഗാസസിന്റേത്. എന്നാൽ രണ്ടുസ്ഥലത്ത് മാത്രമാണ് ഈ വിധിന്യായത്തിൽ പെഗാസസ് കേസിന്റെ വിധിന്യായം പരാമർശിക്കുന്നത്. അതിലൊന്ന്, പരാതിക്കാർ പെഗാസസ് കേസിലെ വിധിന്യായത്തെ ആശ്രയിക്കുന്നു എന്നും കേവലമായ രാജ്യസുരക്ഷയുടെ കാരണം പറഞ്ഞ്​മൗലികാവകശം ലംഘിക്കാൻ കഴിയില്ല എന്നുമാണ്.
രണ്ടാമതായി ആ വിധി പരാമർശിക്കുന്നത്, അത് ഈ കേസിൽ ബാധകമല്ല എന്നും ആ കേസ് സ്വകാര്യതയുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഈ കേസിൽ പരാതിക്കാരെ സഹായിക്കില്ല എന്നുമുള്ള ജഡ്ജിയുടെ തീർപ്പുള്ള ഭാഗത്താണ്. ഇത് യഥാർഥത്തിൽ വസ്തുതാവിരുദ്ധമാണ്. ഹൈക്കോടതി വിധിന്യായത്തിൽ ഒറ്റനോട്ടത്തിൽ തെറ്റ് എന്ന് പറയാവുന്ന ഒരു കാര്യമാണിത്.

പെഗാസസിന്റെ സുപ്രീംകോടതി വിധിയിൽ 55-ാം പാരഗ്രാഫിൽ വളരെ കൃത്യമായി പറയുന്ന ഒരു കാര്യം സ്വകാര്യത മാത്രമല്ല, സ്വകാര്യതാ അവകാശത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഒരേ വരിയിലാണ് ആ വിധി വിശേഷിപ്പിച്ചിട്ടുള്ളത്. അതും മനേകാ ഗാന്ധി കേസും ഒരുമിച്ച് വായിച്ചാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം പെഗാസസ് കേസിൽ ചർച്ച ചെയ്തിരുന്നുവെന്നും അതുകൊണ്ടുതന്നെ പെഗാസസ് കേസിന്റെ വിധിന്യായം ഈ കേസിൽ ഹർജിക്കാർ ആശ്രയിച്ചത് ശരിയാണ് എന്നും മനസ്സിലാകുന്നു.

സ്വകാര്യതയെ മാത്രം മുൻനിർത്തിയാണ് പെഗാസസ് കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ അഥവാ തീർപ്പ് ഇതേ കാരണത്താൽ തെറ്റാണെന്ന് പറയേണ്ടിവരും.
ഈ വിധിന്യായത്തിൽ നിയമപരമായി കാണുന്ന ഗുരുതരമായ പിഴവ് കേന്ദ്ര ആഭ്യന്തര വകുപ്പ് തങ്ങൾ നിർവഹിക്കേണ്ട, ഭരണഘടനാപരമായ എക്‌സിക്യൂട്ടീവിന്റെ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കർത്തവ്യം നിർവഹിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ഒരു കേസാണ് എന്ന രീതിയിൽ ഇതിനെ കണ്ടതാണ്.
വാസ്തവത്തിൽ പാർലമെൻറ്​ നിർമിച്ച കേബിൾ ടി.വി. നെറ്റ് വർക്ക് നിയമത്തിനുകീഴിൽ കേന്ദ്രസർക്കാരിന് നയപരമായ നിർദേശങ്ങളോ ചട്ടങ്ങളോ ഉണ്ടാക്കാൻ നൽകിയ അധികാരത്തിൻമേൽ കേന്ദ്രസർക്കാരുണ്ടാക്കിയ ഒരു പോളിസി ഗൈഡ് ലൈൻ അനുസരിച്ചുമാത്രം ആഭ്യന്തര മന്ത്രാലയത്തിന് കിട്ടുന്ന ക്ലിയറൻസ് നൽകുന്നതിനുള്ള ഒരധികാരമാണ് കേസിന്റെ ആധാരം. ആ അധികാരം ആഭ്യന്തര മന്ത്രാലയം നിർവഹിക്കുമ്പോൾ വാസ്തവത്തിൽ ഒരു സ്റ്റാറ്റ്യൂട്ടറി ഉത്തരാദിത്തമാണ് അവർ നിർവഹിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി അധികാരം നൽകുന്നതാവട്ടെ പാർലമെന്റിലുണ്ടാക്കിയ നിയമവും അതിലെ വകുപ്പുമാണ്. സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ നിർവഹിക്കുമ്പോൾ ആർബിറ്റെർനെസ് പാടില്ല എന്നത് സാമാന്യതത്വമാണ്. അത്തരം സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ പ്രയോഗിക്കുമ്പോൾ സ്‌റ്റേറ്റിന് ഭരണഘടനാപരമായി കിട്ടുന്ന എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിക്കുന്ന അതേ മാനദണ്ഡങ്ങളല്ല പ്രയോഗിക്കേണ്ടത് എന്ന കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് മറന്നതായി കാണുന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രാലയത്തിനുള്ള അധികാരം ചോദ്യംചെയ്യാൻ കോടതികൾ വിസമ്മതിക്കുന്ന വിധിന്യായങ്ങൾ ഇക്കാര്യത്തിൽ ഉപയോഗിക്കുന്നത് യുക്തിസഹമായിരിക്കില്ല. കേബിൾ ടി.വി. നിയമത്തിനുകീഴിൽ ഒരു ചാനൽ തുടർന്നും പ്രവർത്തിക്കണമോ എന്ന് തീരുമാനിക്കാനുള്ള ലൈസൻസ് പുതുക്കിനൽകൽ പ്രക്രിയയിൽ സെക്യൂരിറ്റി ക്ലിയറൻസ് നൽകുക എന്ന സ്റ്റാറ്റ്യൂട്ടറി ഉത്തരവാദിത്തമാണ് ഇവിടെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത്. ആ അധികാരം പ്രയോഗിക്കുമ്പോൾ ഭരണഘടനാപരവും നൈതികവുമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം ചെയ്യാൻ എന്നത് സാമാന്യയുക്തിയും സാമാന്യതത്വവുമാണ്.

2014-ലെ സുപ്രീംകോടതി വിധിയെ ഉദ്ധരിച്ച് രാജ്യസുരക്ഷാപരമായ തീരുമാനങ്ങൾ ചോദ്യംചെയ്യുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന തീരുമാനത്തിനപ്പുറം നിയമനിർമാണസഭയ്ക്കും കോടതിയ്ക്കും ഇക്കാര്യത്തിൽ പ്രധാനമായ പങ്കൊന്നും നിർവഹിക്കാനില്ല എന്ന് അടിവരയിട്ട് പറയുന്ന ഈ വിധിന്യായം ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും.

കേബിൾ ടി.വി. നിയമത്തിനുകീഴിൽ ആഭ്യന്തര മന്ത്രാലയത്തെ ക്ലിയറൻസിനായി ചുമതലപ്പെടുത്തുന്ന പോളിസി മാർഗനിർദേശം തന്നെ കോടതികൾക്ക് റദ്ദാക്കാവുന്നതാണ്. എക്‌സസീവ് പവർ ഡെലിഗേഷൻ (അമിതാധികാരം നൽകൽ) എന്ന ഭരണഘടനാവിരുദ്ധമായ ഒറ്റക്കാരണത്താൽ കേബിൾ ടി.വി. നിയമത്തിലെ വകുപ്പുതന്നെ കോടതികൾക്ക് റദ്ദാക്കാവുന്നതാണ്. കേബിൾ ടി.വി. നിയമം തന്നെ ഭരണഘടനാവിരുദ്ധമാണ് എന്നുപറയാനുള്ള അധികാരവും കോടതികൾക്കുണ്ട് എന്നിരിക്കെ, ആഭ്യന്തര മന്ത്രാലയത്തിന് നിയമത്തിലൂടെ നൽകിയ ഒരധികാരം തിരിച്ചെടുക്കാനുള്ള അധികാരം പാർലമെന്റിനുമുണ്ടായിരിക്കെ, അതിനെല്ലാം മുകളിലാണ് എക്‌സിക്യൂട്ടീവിന്റെ തീരുമാനമെടുക്കൽ അധികാരം എന്ന് പറഞ്ഞുവെക്കുന്നത് അപകടകരമായ നീക്കമാണ്. ഇത്തരം വിധിന്യായങ്ങൾ ജനാധിപത്യ ഇന്ത്യയെ മനേകാ ഗാന്ധി കേസിലെ വിധിന്യായത്തിന് മുൻപേയ്ക്ക് കൊണ്ടുപോവുകയാണ്, പിന്നോട്ടടിയ്ക്കുകയാണ് എന്ന് പറയാതെ വയ്യ.

ഒരാളെ ശിക്ഷിയ്ക്കുമ്പോൾ അയാൾ ചെയ്ത തെറ്റെന്താണെന്നുള്ളത് കൃത്യമായി ഉന്നയിക്കുകയും അതിനാധാരമായ തെളിവുകൾ നൽകുകയും ചെയ്യുക എന്നതും അയാൾക്ക് പറയാനുള്ളത് കേൾക്കുക എന്നുള്ളതും നിയമവ്യവസ്ഥ നിലനിൽക്കുന്ന ലോകത്തെവിടെയും നടപ്പാക്കപ്പെടുന്ന നിയമതത്വമാണ്. ഇന്ത്യയിലും ഇത് നിലവിലുണ്ട്. എന്നാൽ മീഡിയ വൺ ചെയ്ത തെറ്റെന്താണെന്ന് മീഡിയ വണ്ണിനോ പൊതുസമൂഹത്തിനോ ഇന്നുമറിയില്ല. ഫയലിൽ അതൊരു രഹസ്യമായി സൂക്ഷിക്കുകയും കേസ് കേൾക്കുന്ന ജഡ്ജിമാർ മാത്രം അതറിഞ്ഞാൽ മതി എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോൾ അത് വ്യക്തിനിഷ്ഠമായ തീർപ്പായി മാറുന്നു. സിംഗിൾ ബെഞ്ചിന് ഫയൽ നോക്കി ബോധ്യപ്പെട്ട കാരണം ഡിവിഷൻ ബെഞ്ചിന് ബോധ്യപ്പെടാതെയിരുന്ന സന്ദർഭങ്ങളുണ്ട്. സിംഗിൾ ബെഞ്ചിന് കണ്ടെത്താൻ കഴിയാതിരുന്ന കാരണം ഫയലിൽ നിന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തിയ ചരിത്രം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഉണ്ടായിട്ടുണ്ട്. ഇതിനർഥം വ്യക്തിനിഷ്ഠമായ തീർപ്പുകൾ കൊണ്ട് മൗലികാവകാശം ലംഘിക്കപ്പെടുന്ന സ്ഥിതിയുണ്ടായാൽ അത് അനീതിയ്ക്ക് വഴിവെയ്ക്കുമെന്നാണ്. വ്യക്തിനിഷ്ഠമായ തീർപ്പുകൾക്കപ്പുറം നീതിയുക്തവും ന്യായയുക്തവും യുക്തിസഹവുമായ കാരണങ്ങൾ പറഞ്ഞായിരിക്കണം ശിക്ഷകൾ നടപ്പാക്കേണ്ടത്.

കഴിഞ്ഞ 10 വർഷം കേബിൾ ടി.വി. നെറ്റ് വർക്ക് ആക്റ്റിന് കീഴിൽ പ്രവർത്തിച്ച ഒരു ചാനൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയെന്ന് ഇന്ത്യയിൽ ഏതെങ്കിലുമൊരു പൗരൻ പരാതിപ്പെടുകയോ ഏതെങ്കിലുമൊരു അധികാരി അത്തരമൊരു നിരീക്ഷണം നടത്തുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ ഒരധികാരിയ്ക്കും ഏതെങ്കിലും നിയമവ്യവസ്ഥ ലംഘിച്ചാണ് മീഡിയ വൺ പ്രവർത്തിച്ചത് എന്ന പരാതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ലൈസൻസ് പുതുക്കാൻ നൽകുന്ന വേളയിൽ മാത്രം ഇത്തരമൊരു ആരോപണം ഇന്റലിജൻസ് ഏജൻസികൾ ഉന്നയിച്ചു എന്നതും അതപ്പടി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു എന്നതും അംഗീകരിക്കുന്നതിനുമുൻപ് മീഡിയ വണ്ണിനോട് വിശദീകരണം ചോദിച്ചില്ല എന്നതും അങ്ങേയറ്റം ദുരുപദിഷ്ഠവും അധികാരദുർവിനിയോഗവുമായി കണക്കാക്കേണ്ടിവരും.
ഇത് ഇന്ത്യയിൽ നിലവിലുള്ള മാധ്യമപ്രവർത്തകർക്കോ മാധ്യമസ്ഥാപനങ്ങൾക്കോ മാത്രം വെല്ലുവിളിയാകുന്ന സംഗതിയല്ല. ജനാധിപത്യത്തെ മൊത്തം പിന്നോട്ടടിയ്ക്കുന്ന, ജനാധിപത്യപരമായി 75 വർഷക്കാലം കൊണ്ട് നാം നേടിയെടുത്ത മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്ന, അതിന്റെ ശോഭ കെടുത്തുന്ന, എക്‌സിക്യൂട്ടീവിന്റെ തലപ്പത്തേയ്ക്ക് അധികാരകേന്ദ്രീകരണം നടത്തുന്ന, ഭരണഘടനയുടെ അടിസ്ഥാനതത്വമായ സെപെറേഷൻ ഓഫ് പവേഴ്‌സിനെ പോലും ലംഘിയ്ക്കുന്ന ഒരു വിധിന്യായമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ജനാധിപത്യത്തെപ്പറ്റി ശുഭോദർക്കമായ പ്രതീക്ഷകൾ സൂക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടേണ്ടിവരും. ഈ ആശങ്ക പരിഹരിയ്ക്കാൻ ജനാധിപത്യപരമായ എല്ലാ വഴികളും ഉപയോഗിയ്ക്കുകയും ഓരോ സ്ഥാപനത്തെ ഉപയോഗിച്ചും തുറവുകൾ ഉണ്ടാക്കി, വഴികൾ വെട്ടി ജനാധിപത്യ അവകാശങ്ങൾ നിലനിർത്തുന്ന ശ്രമങ്ങൾ തുടരുകയും ചെയ്യുക എന്നുള്ളതാണ് പൗരൻമാർക്ക് ചെയ്യാനാവുക.

* ആർട്ടിക്കിൾ 19(2): Nothing in sub clause (a) of clause (1) shall affect the operation of any existing law, or prevent the State from making any law, in so far as such law imposes reasonable restrictions on the exercise of the right conferred by the said sub clause in the interests of the sovereignty and integrity of India, the security of the State, friendly relations with foreign States, public order, decency or morality or in relation to contempt of court, defamation or incitement to an offence.

ഇതിനകത്ത്, സോവെർനിറ്റി ആൻഡ് ഇന്റഗ്രിറ്റി ഓഫ് ഇന്ത്യ, സെക്യൂരിറ്റി ഓഫ് ദി സ്റ്റേറ്റ്, പബ്ലിക് ഓർഡർ ഡീസൻസി ഓർ മൊറാലിറ്റി, ഡിഫമേഷൻ, കണ്ടംപ്റ്റ് ഓഫ് കോർട്ട്, ഇൻസൈറ്റ്‌മെൻറ്​ ടു ആൻ ഒഫെൻസ് എന്നിവയിൻ മേൽ നിയമം ഉണ്ടാക്കുന്നതിനാണ് തടസ്സമില്ലാത്തത്. അല്ലാതെ നിലവിലുള്ള നിയമത്തിനകത്ത് ഇങ്ങനെയുള്ള സംഗതികൾ വ്യാഖ്യാനിക്കാൻ എക്‌സിക്യൂട്ടീവിന് അധികാരമില്ല. ആർട്ടിക്കിൾ 19 (2) അനുശാസിക്കുന്ന നിയന്ത്രണങ്ങൾ മാത്രമെ സ്റ്റേറ്റിന് വരുത്താൻ പറ്റൂ.

Comments