മീഡിയ വണ്ണിന്റെ കമ്യൂണിസ്റ്റ് വിരോധം; ഒരു കേരള സ്​റ്റോറി

കേരളീയ സമൂഹത്തിനു മുമ്പിൽ മതനിരപേക്ഷ നാട്യങ്ങളിലൂടെയും സാമ്രാജ്യത്വവിരുദ്ധ നാട്യങ്ങളിലൂടെയും കൗശലപൂർവ്വം മതരാഷ്ട്രവാദം ഒളിച്ചുകടത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടാൻ ഇടതുപക്ഷം മുന്നോട്ടുവരുന്നതാണ് മൗദൂദിസ്റ്റുകളെ പ്രകോപിതരാക്കുന്നതും നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും. സി.പി.എം സംസ്​ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പരാമർശം വളച്ചൊടിച്ചുകൊണ്ടുള്ള മീഡിയ വണ്ണിന്റെ സ്​റ്റോറി പോസ്റ്റർ ഇതിന്റെ ഭാഗമാണ്​.

രു ജർമൻ യഹൂദിയുടെ ചിന്തയിൽ പിറന്ന ഭ്രാന്തൻ ദർശനമാണ് മാർക്സിസമെന്ന് അധിക്ഷേപിച്ച അങ്ങേയറ്റം വംശീയവാദിയും കമ്യൂണിസ്റ്റ് വിരുദ്ധനുമായ മൗദൂദിയുടെ പിന്തുടർച്ചക്കാർ എത്ര അധമമായിട്ടാണ് ഇപ്പോഴും തങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ വിദ്വേഷപ്രചാരണം തുടരുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്, യുവധാര ലിറ്റററി ഫെസ്​റ്റിവലിൽ സി.പി.എം സംസ്​ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പരാമർശം വളച്ചൊടിച്ചുകൊണ്ടുള്ള മീഡിയ വണ്ണിന്റെ സ്​റ്റോറി പോസ്റ്റർ. അവരുടെ ഓൺലൈൻ ഡെസ്​കിൽ പണിയെടുക്കുന്ന മൗദൂദിസ്റ്റുകളുടെ ക്ഷുദ്രമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പുളിച്ചുതികട്ടലാണ് ആ പോസ്റ്ററിലൂടെ കേരളം കണ്ടത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ എങ്ങനെ അധികാരത്തിൽ നിന്ന് ഇറക്കാമെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ നിരീക്ഷണമാണ് എം.വി. ഗോവിന്ദൻ നടത്തിയത്.

ദേശീയതലത്തിൽ വളർന്നുവരേണ്ട ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മകളെ സംബന്ധിച്ച സി.പി.എം നിലപാടിനെയാണ്​ തെറ്റായി ഉദ്ധരിച്ച്​ ഈ മാധ്യമം പ്രചരിപ്പിച്ചത്. മാധ്യമപത്രപ്രവർത്തകരുടെ ചോദ്യത്തിന്​ അദ്ദേഹം കൃത്യമായ മറുപടിയാണ്​ പറഞ്ഞത്​: ‘‘ഞാൻ കോൺഗ്രസിനെ തള്ളിപ്പറയുന്നൊന്നുമില്ല, പക്ഷെ ഞങ്ങളാണ് ഇന്ത്യയിലെ ബി.ജെ.പിയെ തോൽപിക്കാൻ പോകുന്ന പാർട്ടി എന്ന അഹന്തവെച്ചു പറഞ്ഞാൽ കോൺഗ്രസ്​ തോറ്റ് തുന്നംപാടും... നേരെ മറിച്ച് എന്തുവേണം, ഓരോ സംസ്​ഥാനത്തിനും നോക്കണം, കേരളത്തിൽ നോക്കേണ്ട കാര്യമില്ല. ഈ മുന്നണിതന്നെ അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചോട്ടെ കുഴപ്പമില്ല.’’ ഈ പ്രസ്​താവനയാണ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ തോറ്റു തുന്നംപാടുമെന്ന നിലയ്​ക്കും ഇന്ത്യയിൽ ഒരു പാർട്ടിക്കും ബി.ജെ.പിയെ തോൽപിക്കാൻ കഴിയില്ലെന്ന തരത്തിലും എം.വി. ഗോവിന്ദൻ പറഞ്ഞതായി മീഡിയാവൺ പ്രചരിപ്പിച്ചത്​. ഗീബൽസിനെപോലും തോൽപ്പിക്കുന്നവരായി മീഡിയാവണിലെ മൗദൂദിസ്റ്റുകൾ സി.പി.എം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ്. ഈ കളി തുടങ്ങിയിട്ട് കുറേക്കാലമായി.

സാമൂഹ്യമാധ്യമങ്ങളിലൂടെയും തങ്ങളുടെ ചാനലിലൂടെയും ചരിത്രവും വസ്​തുതകളുമായി ബന്ധമില്ലാത്ത നുണപ്രചാരണമാണ്​ ഇവർ കുറേക്കാലമായി സി.പി.എമ്മിനും ഇടതുപക്ഷ സർക്കാരിനുമെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റു വിരോധത്തിന്റെ നുരയും പതയും തികട്ടുന്നവരാണ് സംഘികളെ പോലെ തന്നെ ജമാഅത്തെ ഇസ്​ലാമിക്കാരും. കേരളീയ സമൂഹത്തിനു മുമ്പിൽ മതനിരപേക്ഷ നാട്യങ്ങളിലൂടെയും സാമ്രാജ്യത്വവിരുദ്ധ നാട്യങ്ങളിലൂടെയും കൗശലപൂർവ്വം മതരാഷ്ട്രവാദം ഒളിച്ചുകടത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടാൻ ഇടതുപക്ഷം മുന്നോട്ടുവരുന്നതാണ് മൗദൂദിസ്റ്റുകളെ പ്രകോപിതരാക്കുന്നതും നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും. തങ്ങളുടെ മതരാഷ്ട്രവാദവും ആർ.എസ്​.എസ്​ ബാന്ധവവുമൊക്കെ തുറന്നു കാട്ടപ്പെടുമ്പോഴുണ്ടാകുന്ന മൗദൂദിസ്റ്റുകളുടെ ജാള്യത മനസ്സിലാക്കാവുന്നതേയുള്ളൂ. അത് മറച്ചുപിടിക്കാനാണവർ സൈബർ ഇടങ്ങളെയും ചാനലിനെയും ഉപയോഗിച്ച് കമ്യൂണിസ്റ്റുകാർക്കെതിരെ വ്യാജപ്രചാരണം നടത്തുന്നത്. സി.പി.എമ്മുകാരെ വർഗീയവാദികളും പിണറായിവിജയനെ ‘മുണ്ടുടുത്ത മോദി’യുമാക്കുന്ന പ്രചാരണ കൗശലം തങ്ങളുടെ ആർ.എസ്​.എസ്​ സേവ മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ സൂത്രം മാത്രമാണ്. കമ്യൂണിസ്റ്റുകാരെകൂടി വർഗീയവാദികളാക്കി തങ്ങളുടെ മതരാഷ്ട്രതീവ്രവാദ രാഷ്ട്രീയത്തിലേക്ക് മുസ്​ലിം സമൂഹത്തെയാകെ കൊണ്ടുവരാനാണ്​ മൗദൂദിസ്റ്റുകൾ കുറേക്കാലമായി വിളയാടിക്കൊണ്ടിരിക്കുന്നത്. സത്യാനന്തര കാലമല്ലേ! ജമാഅത്തുകാർ കമ്യൂണിസ്റ്റുകാരെ വർഗീയവാദികളാക്കുന്നതും ഒരു സത്യാനന്തരകാല വിശേഷമെന്നല്ലാതെ എന്തു പറയാനാണ്!

ബാബറിമസ്​ജിദ് പൊളിച്ചുമാറ്റണമെന്ന് പറഞ്ഞവരാണ് കമ്യൂണിസ്റ്റുകാരെന്നൊക്കെ ഇ.എം.എസിന്റെ തിരൂർ പ്രസംഗം തെറ്റായി ഉദ്ധരിച്ച് നുണപ്രചാരണം തുടരുന്നവരാണ് മൗദൂദിസ്റ്റുകൾ. ബാബറി മസ്​ജിദ് തർക്കഭൂമിയാക്കുന്നതിനും പിന്നീട് ഹിന്ദുത്വശകതികൾക്കു തുറന്നുകൊടുക്കുന്നതിനും രാമക്ഷേത്രത്തിന്​ ശിലാന്യാസം നടത്തുന്നതിനും ഹിന്ദുത്വവാദികൾക്ക് ഒത്താശ ചെയ്തു കൊടുത്ത കോൺഗ്രസ്​ മുന്നണിയിൽ നിന്നിട്ടാണ് നാണമില്ലാതെ മൗദൂദിസ്റ്റുകൾ ഇങ്ങനെ വിളിച്ചുപറയുന്നത്. ബാബ്റി മസ്​ജിദ് നിലനിന്നിരുന്ന സ്​ഥലത്ത് ക്ഷേത്രം പണിയണമെന്ന് വിധിയെഴുതിയ ജസ്റ്റിസ്​ രഞ്ജൻ ഗഗോയിയെ വിമർശിക്കാൻപോലും ധൈര്യംകാണിക്കാത്ത മൃദുഹിന്ദുത്വവാദികളുടെ തോളിൽക്കേറിയിരുന്നാണ് ഗീബൽസിയൻ നുണപ്രചാരണം നടത്തുന്നത്.

വിശ്വഹിന്ദു പരിഷത്​ നേതാവ് അശോക് സിംഗാൾ, ഉമാഭാരതി. ക്യാമറയ്ക്ക് തൊട്ടുമുന്നിൽ രാജ്നാഥ് സിംഗ് ഇരിക്കുന്നതും കാണാം. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ബാബ്റിപള്ളി പൊളിക്കാൻ കർസേവകർക്ക് സർവ്വ ഭരണസൗകര്യങ്ങളും ചെയ്തുകൊടുത്ത, ഇപ്പോൾ പള്ളി പൊളിച്ച സ്​ഥലത്ത് ക്ഷേത്രം പണിയാൻ സംഘികളോട് മത്സരിക്കുന്ന കോൺഗ്രസുകാരോടൊപ്പം നിന്ന്​, സി.പി.എമ്മുകാർ പള്ളി പൊളിക്കാൻ പറഞ്ഞവരാണെന്ന് ആക്ഷേപിക്കുന്ന മൗദൂദിസ്റ്റുകൾക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയല്ല, സാക്ഷാൽ ഗീബൽസിന്റെ തന്നെ തൊലിക്കട്ടിയാണുള്ളത്. ഗിർഗിസ്​ഥാൻ മുതൽ ബംഗാൾ വരെ മുസ്​ലിംകളെ കൊന്നു കൂട്ടിയവരാണ് തുടങ്ങി എന്തെല്ലാം നുണക്കഥകളാണ് കമ്യൂണിസ്റ്റുകാർക്കെതിരെ ഇവർ പ്രചരിപ്പിക്കുന്നത്. നുണ പറഞ്ഞും ആവർത്തിച്ചും സത്യമാക്കാമെന്നും ജനങ്ങളെ തെറ്റിധരിപ്പിച്ചു വശത്താക്കാമെന്നതുമാണ് എല്ലാതരത്തിലും കോലത്തിലുമുള്ള മതരാഷ്ട്രവാദികളുടെയും സ്​ഥിരം പരിപാടി. നാസികളെപോലെ ഹസനൻബന്ന മുതൽ മൗദൂദി വരെയുള്ള എല്ലാ മതരാഷ്ട്രവാദികളും അപര മതവിദ്വേഷികളും നുണയന്മാരുമാണ്. അക്കാര്യത്തിൽ അവരും സംഘികളും ഒരമ്മപെറ്റ മക്കളാണ്.

എന്തുകൊണ്ടാണവർ കമ്യൂണിസ്റ്റുകാരെ ലക്ഷ്യമിടുന്നതും വേട്ടയാടുന്നതും? ലോകത്തെല്ലായിടത്തും മനുഷ്യരുടെ മതാതീതമായ ഐക്യവും പണിയെടുക്കുന്നവരുടെ വർഗ്ഗപരമായ ഏകോപനവും ലക്ഷ്യം വെച്ച്​ പ്രവർത്തിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. അതുകൊണ്ടു തന്നെയാണ് എല്ലാ കാലത്തും മതരാഷ്ട്രവാദികളായ ഫാഷിസ്റ്റുസംഘങ്ങൾ കമ്യൂണിസ്റ്റുകാരെ ലക്ഷ്യമിട്ട് ആക്ഷേപങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നതും. കമ്യൂണിസ്റ്റുകാരെയും മതനിരപേക്ഷ ജനാധിപത്യപ്രസ്​ഥാനങ്ങളെയും അസ്​ഥിരീകരിക്കുകയും ഇല്ലാതാക്കുകയും ചെയ്താൽ മാത്രമെ മതരാഷ്ട്രവാദികൾക്ക് തങ്ങളുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനാവൂ. താന്താങ്ങളുടെ മതത്തിന്റെ അടിസ്​ഥാനത്തിലുള്ള ധ്രുവീകരണവും ചേരിതിരിവും ഉണ്ടാക്കിയെടുക്കുകയാണ് ഹിന്ദുരാഷ്ടവാദികളെ പോലെ ജമാഅത്തെ ഇസ്​ലാമിക്കാരുടെയും അജണ്ട. ഹിറ്റ്​ലറെയും മുസോളിനിയെയും സൃഷ്ടിച്ച സ്വത്വരാഷ്ട്രീയമാണവരെ നയിക്കുന്നത്​. പൗരത്വസമരത്തിൽ നമ്മളത് കണ്ടതാണ്.

കമ്യൂണിസ്റ്റുകാർ സാർവ്വ ദേശീയതലത്തിൽ തന്നെ വർഗീയവാദികളും മുസ്​ലിം വിരുദ്ധരുമാണെന്ന അപവാദപ്രചാരണമാണ് മൗദൂദിസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. മതരാഷ്ട്രവാദികളായ മൗദൂദിസ്റ്റുകൾക്ക് ഇസ്​ലാമിക ദർശനത്തെയും അത് മനുഷ്യരാശിയുടെ ചരിത്രത്തിൽ ചെയ്ത സംഭാവനകളെയും സംബന്ധിച്ച മാർക്​സിന്റെയും എംഗൽസിന്റെയും വിശകലനങ്ങളൊന്നും പരിഗണിക്കേണ്ട ആവശ്യമില്ലല്ലോ. എണ്ണയുടെ കണ്ടുപിടുത്തത്തോടെ അറബ് ലോകത്ത് വിഭവങ്ങൾക്കും വാണിജ്യപാതകൾക്കും വേണ്ടി അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമെല്ലാം നടത്തിയ അധിനിവേശങ്ങളെ പ്രതിരോധിച്ച അറബ് ദേശീയ ഉണർവ്വകളോടൊപ്പം നിന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. ഈജിപ്ത്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉയർന്നു വന്ന സാമ്രാജ്യ വിരുദ്ധ ദേശീയ മുന്നേറ്റങ്ങളെ ശിഥിലീകരിക്കാനാണല്ലോ രാഷ്ട്രീയ ഇസ്​ലാമിസവും ഹസനൽ ബന്നയുടെ മുസ്​ലിം ബ്രദർഹുഡും ഉയർന്നു വന്നത്. ഇസ്​ലാമിക ലോകത്തെ ദേശീയവാദികളെയും കമ്യൂണിസ്റ്റുകാരെയും കൂട്ടക്കൊല ചെയ്​ത സാമ്രാജ്യത്വശകതികളുടെ പിണിയാളന്മാരായിട്ടാണ് മുസ്​ലിം ബ്രദർഹുഡ് എന്ന ജമാഅത്തെ ഇസ്​ലാമിയുടെ മാതൃസംഘടന ജന്മമെടുത്തത് തന്നെ. ട്രംപിന്റെയും അമേരിക്കയുടെയും പിണിയാളായി തുർക്കിയെ നാറ്റോത്താവളമാക്കി മാറ്റിയ എർദോഗന്റെ അനുയായികൾക്ക്, തുർക്കി സുൽത്താനേറ്റിനെതിരായി പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങൾ സ്വീകരിച്ച അധിനിവേശനയങ്ങളോട് ശകതമായ നിലപാട് സ്വീകരിച്ച ലോക കമ്യൂണിസ്റ്റു പ്രസ്​ഥാനത്തിന്റെയും ലെനി​ന്റെയുമൊന്നും ചരിത്രവും സംഭാവനകളും വിലമതിക്കേണ്ടതില്ലല്ലോ. ഇന്ത്യൻ കമ്യൂണിസത്തിനടിത്തറയിട്ട മൗലവി ബർക്കുത്തുള്ളയുടെയും മുഹമ്മദലിയുടെയും മുഹമ്മദ് ഷെഫീഖിന്റെയുമൊന്നും ചരിത്രം നോക്കേണ്ടതില്ലല്ലോ.

മൗദൂദിസ്റ്റുകൾ ആർ.എസ്​.എസുകാരെ പോലെ തന്നെ കൊളോണിയൽ ശക്തികൾക്കെതിരെ വളർന്നുവന്ന ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമര പ്രസ്​ഥാനത്തെ മതരാഷ്ട്രവാദം ഉയർത്തി അസ്​ഥിരീകരിച്ചവരാണ്. ആർ.എസ്​.എസ്​ എന്ന പോലെ ആധുനിക ദേശീയതക്കും ജനാധിപത്യത്തിനും എതിരായ ദിശയിൽ വളർന്നുവന്ന സാമ്രാജ്യത്വ പ്രസ്​ഥാനമാണ് ജമാഅത്തെ ഇസ്​ലാമി. മതത്തെ രാഷ്ട്രമായി കാണുന്നവരാണവർ. ബഹുസ്വരതയും മതനിരപേക്ഷതയും അംഗീകരിക്കുന്നവരെ ഇസ്​ലാമായി കാണാനാവില്ലെന്ന നിലപാടാണല്ലോ മൗദൂദി ‘ഖുതുബാത്തി’ലൂടെ മുന്നോട്ട് വെക്കുന്നത്. ഹിന്ദുരാഷ്ട്രവാദത്തിന്റെ സൈദ്ധാന്തിക അടിസ്​ഥാനമായ ഗോൾവാക്കറുടെ വിചാരധാര പോലെ ഇസ്​ലാമിക രാഷ്ട്രവാദത്തിന്റെ സൈദ്ധാന്തിക സമീപനമാണ് ഖുതുബാത്ത് മുന്നോട്ട് വെക്കുന്നത്. ഇസ്​ലാമിന്റെ ആത്മീയ ദർശനത്തെയും ബഹുസ്വരതയെ ഉൾക്കൊള്ളുന്ന ലൗകിക ജീവിതവീക്ഷണങ്ങളെയും നിഷേധിക്കുകയാണ് മൗദൂദി ചെയ്തത്. ഇസ്​ലാമിലെ നിർബന്ധങ്ങളായ നമസ്​കാരത്തെയും നോമ്പിനെയും ഹജ്ജിനെയുമെല്ലാം മതരാഷ്ട്ര സ്​ഥാപനത്തിനുള്ള സൈനിക പരിശീലനങ്ങളായിട്ടാണ് മൗദൂദി വ്യാഖ്യാനിക്കുന്നത്. ചരിത്രവിരുദ്ധവും യുക്തിരഹിതവുമായ വാദങ്ങളിലൂടെ ഇസ്​ലാമിനെ മതരാഷ്ട്രസിദ്ധാന്തമാക്കി ദുർവ്യാഖ്യാനിക്കുകയാണ്.

ഈയൊരു അപകടരമായ വീക്ഷണത്തിൽ നില്ക്കുന്ന രാഷ്ട്രീയ ഇസ്​ലാമിസ്റ്റുകളെ ഉപയോഗിച്ചാണ് സാമ്രാജ്യത്വശക്തികൾ പശ്ചിമേഷ്യയിലും മധ്യപൂർവദേശത്തും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ആധുനിക ജനാധിപത്യ ഭരണകൂടങ്ങൾക്കെതിരെ അട്ടിമറികൾ സംഘടിപ്പിച്ചത്. സയണിസ്റ്റ് രാഷ്ട്രരൂപീകരണത്തെ തുടർന്ന്​ ഇസ്​ലാമിക ലോകത്ത് ഉയർന്നുവന്ന, അമേരിക്കക്കും ഇസ്രായേലിനുമെതിരായ മുന്നേറ്റങ്ങളെ വഴിതിരിച്ചുവിടാൻ കൂടിയാണ് രാഷ്ട്രീയ ഇസ്​ലാമിസത്തെ ശീതയുദ്ധകാലത്തെ അമേരിക്കൻ താല്പര്യങ്ങളുടെ പ്രധാന ആയുധമാക്കി മാറ്റിയെടുത്തത്. ഈജപ്തിൽ നാസറുടെ ദേശീയത ഇസ്​ലാമിക വിരുദ്ധമാണെന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് മുസ്​ലിം വിശ്വാസികളെ ബ്രദർഹുഡുകാർ ഇളക്കിവിട്ടത്. ഇറാനിൽ എണ്ണ ദേശസാൽക്കരണത്തെ തുടർന്ന്​ ഡോ. മുസാദിഖിെൻ്റ സർക്കാരിനെ അട്ടിമറിച്ച വലതുപക്ഷ കലാപത്തിന് നേതൃത്വം നൽകിയതും ബ്രദർഹുഡായിരുന്നു. ലക്ഷക്കണക്കിന് ദേശീയവാദികളെയും കമ്യൂണിസ്റ്റുകാരെയും സി.ഐ.എ സഹായത്തോടെ ഉന്മൂലനം ചെയ്താണ് മുസാദിഖ് സർക്കാറിനെ അട്ടിമറിച്ചത്.

ഇന്തോനേഷ്യയിൽ സോഷ്യലിസ്റ്റ് ഭരണനടപടികൾ സ്വീകരിച്ച സുക്കാർണോ സർക്കാറിനെ പിന്തുണച്ച ഇന്തോനേഷ്യൻ കമ്യൂണിസ്റ്റുപാർട്ടിയിലെ 5 ലക്ഷം കമ്യൂണിസ്റ്റുകാരെ കൊല ചെയ്യുന്നതിന് നേതൃത്വം നൽകിയത് ബ്രദർഹുഡുകാർ തന്നെയായിരുന്നു. രാഷ്ടീയ ഇസ്​ലാമിസത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്​ത്ര പദ്ധതിയാക്കിയാണ് അഫ്ഘാനിലെ ഡോ. നജീബുള്ള സർക്കാറിനെ അട്ടിമറിക്കാനുള്ള ‘വിശുദ്ധ യുദ്ധപദ്ധതി’കൾ സി.ഐ.എ ആവിഷ്ക്കരിച്ച് നടപ്പാക്കിയതും താലിബാനെ സൃഷ്ടിച്ചതും.

ലോകത്തെല്ലായിടത്തും കമ്യുണിസ്റ്റുകാരായിപ്പോയ മുസ്​ലിംകളെ തന്നെയാണ് രാഷ്ട്രീയ ഇസ്​ലാമിസ്റ്റുകളായ തീവ്രവാദിസംഘങ്ങൾ കൊന്നുതള്ളിയത്. ഇറാനിലും ഇന്തോനേഷ്യയിലും അഫ്ഘാനിലും മുസ്​ലിംകളായവരെ തന്നെയാണല്ലോ അരിഞ്ഞു വീഴ്ത്തിയത്. പാക്കിസ്​ഥാനിൽ ജമാഅത്തുകാരുടെ ആചാര്യനായ സാക്ഷാൽ മൗദൂദി മുസ്​ലിംകളായ അഹ്​മദിയ വിശ്വാസികളെയാണല്ലോ വംശഹത്യക്ക് വിധേയമാക്കിയത്. അതുകൊണ്ടാണ് ഫാഷിസ്റ്റുകൾ, മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവർ മതത്തിന്റെ എല്ലാ ധാർമ്മികതക്കും മാനവികമൂല്യങ്ങൾക്കുമെതിരായ വഴിയിൽ സഞ്ചരിക്കുന്നവരാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മനുഷ്യരാശിയെ അസമാധാനത്തിലേക്കും അവസാനിക്കാത്ത ഭീകരപ്രവർത്തനങ്ങളിലേക്കും തള്ളിവിട്ട മൂലധനശകതികളുടെ കയ്യിൽ കളിച്ചവരാണ് രാഷ്ട്രീയ ഇസ്​ലാമിസ്റ്റുകളും അതിന്റെ അവാന്തരങ്ങളായ പലതരം മതരാഷ്ട്രവാദി സംഘങ്ങളും.

ജമാഅത്തെ ഇസ്​ലാമിക്കാരുടെ കമ്യൂണിസ്റ്റ് വിരോധവും സി.പി.എം വിരുദ്ധതയും തികട്ടിപ്പുറത്തുവരുന്നതാണ് ഈ കോവിഡ് കാലത്തുപോലും നാം കണ്ടത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച ശ്ലാഘനീയങ്ങളായ മുൻകൈ പ്രവർത്തനങ്ങളെ സംഘപരിവാറിനെപോലെ തന്നെ നിരന്തരമായി ഇകഴ്ത്തി കാണിക്കാനാണ് ജമാഅത്തെ ഇസ്​ലാമിയും അവരുടെ പത്രമായ മാധ്യമവും ശ്രമിച്ചത്​. 2020 ജൂൺ 24ലെ മാധ്യമം പത്രത്തിൽ ‘പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടിൽ വന്ന റിപ്പോർട്ട് ജമാഅത്തെ ഇസ്​ലാമിയുടെ അധാർമ്മികവും സങ്കുചിതലക്ഷ്യത്തോടെയുമുള്ള രാഷ്ട്രീയത്തെയാണ് പുറത്തുകൊണ്ടുവന്നത്. കോവിഡ് പ്രതിരോധത്തിന് ലോകത്തിനുതന്നെ മാതൃകയായ കേരളത്തെ അപമാനിക്കുകയാണ് പത്രം ചെയ്തത്. വിദേശരാജ്യങ്ങളിൽ മരിച്ച ഇരുന്നൂറിലധികം മലയാളികളുടെ ചിത്രങ്ങളുമായിറങ്ങിയ പത്രം, അവരുടെ തന്നെ ഗൾഫ് മാധ്യമത്തിൽ ഈ വാർത്തയും ചിത്രവും കൊടുത്തതുമില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പും ജമാഅത്തെ ഇസ്​ലാമിക്കാരുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ് ഇത്തരം കുത്തിത്തിരിപ്പ് വേലകളിലൂടെ അനാവരണം ചെയ്യപ്പെട്ടത്.

നേരത്തെ മാധ്യമം പ്രസിദ്ധീകരിച്ച ഒരു കാർട്ടൂൺ വിവാദപരമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അവരുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ നികൃഷ്ടമായൊരു പുളിച്ചുതികട്ടലായിരുന്നു ചെഗുവേരയിൽ ചാണകവും ഗോമൂത്രവും ദർശിച്ചുകൊണ്ടുള്ള കാർട്ടൂൺ. ഇറ്റലിയിലെ കോവിഡ് ബാധിതരെ ചികിക്തിക്കാൻ പോയ ക്യൂബൻ മെഡിക്കൽ ബ്രിഗേഡിനെ കളിയാക്കി കൊണ്ടാണ് ഈ മൗദൂദി പത്രം അത്യന്തം നിന്ദ്യമായ കമ്യൂണിസ്റ്റ് വിരുദ്ധ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അത് കാണിക്കുന്നത് കമ്യൂണിസ്റ്റുകാരെ എതിർക്കാനും അപകീർത്തിപ്പെടുത്താനും അവർ എവിടെവരെയും പോകുമെന്നാണ്, എത്രയും തരംതാഴുമെന്നാണ്.

ആർ.എസ്​.എസുകാരെ പോലെ ഒരു സംവാദം പോലും സാധ്യമല്ലാത്ത കമ്യൂണിസ്റ്റു വിരോധികളും മതരാഷ്ട്രവാദികളുമാണ് ജമാഅത്തെ ഇസ്​ലാമിക്കാരും. എത്ര ക്ഷുദ്രവികാരമുണർത്തുന്നതും ക്രൂരവുമാണ് അവരുടെ നിലപാടുകളെന്ന് മനസ്സിലാക്കാൻ മാധ്യമം പത്രവും ജമാഅത്തെ ഇസ്​ലാമിക്കാരുടെ ഫെയ്സ്​ബുക്ക് പോസ്റ്റുകളും മാത്രം പരിശോധിച്ചാൽ മതിയാകും. ഏറ്റവുമൊടുവിൽ നമ്മൾ കണ്ടത് മുസ്​ലിം ലീഗ് ക്രിമിനൽസംഘം നെഞ്ചിൽ കഠാര കുത്തിയിറക്കി കൊല ചെയ്ത കാഞ്ഞങ്ങാട്ടെ അബ്​ദുറഹിമാൻ ഔഫിന്റെ മൃതശരീരത്തെയും സംസ്​കാരചടങ്ങുകളെയും മൗദൂദിസ്റ്റുകൾ അപഹസിക്കുന്നതാണ്. താലിബാൻ ഭീകരരുടെ മനോഭാവത്തിൽ നിന്നാണ്​ ഈ അധിക്ഷേപം. അഫ്ഘാനിസ്​ഥാനിൽ താലിബാൻകാർ പിടികൂടി ക്രൂരമായി കൊല ചെയ്ത ഡോ. നജീബുള്ളയുടെ മൃതശരീരത്തോട് കാണിച്ച അപമാനകരവും ഇസ്​ലാമിക വിരുദ്ധവുമായ നടപടികൾ ലോകം രോഷപൂർവ്വം ചർച്ച ചെയ്തിട്ടുള്ളതും അപലപിച്ചിട്ടുള്ളതുമാണല്ലോ.

ഹസനുൽബന്ന എന്ന ഒരു മൗദൂദിസ്​റ്റിന്റെ എഫ്.ബി പോസ്റ്റ്, മരണത്തിലും അവർ കമ്യൂണിസ്റ്റുകാരോട് എടുക്കുന്ന നിന്ദ്യമായ സമീപനത്തിന്റെ പ്രതിഫലനമായിരുന്നു. അതവരുടെ താലിബാൻ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അബ്​ദുറഹിമാൻ ഔഫിന്റെ മൃതശരീരത്തിൽ ചെങ്കൊടി പുതപ്പിച്ചതാണ് ഹസനുൽബന്നയെ പ്രകോപിപ്പിച്ചത്. ഇദ്ദേഹം മാധ്യമം പത്രത്തിന്റെ ചീഫ് റിപ്പോർട്ടറാണ്. ഒരു രക്തസാക്ഷിയുടെ കബറടക്കത്തിൽ വർഗീയതയുടെ വിഷം കലർത്തുന്ന വിദ്വേഷമനസ്സാണ് ഈ ഫെയ്സ്​ബുക്ക് പോസ്റ്റിലൂടെ അനാവരണം ചെയ്യപ്പെട്ടത്. താലിബാനിസ്റ്റുകളും ചുവപ്പുകണ്ടാൽ പേയിളകുന്ന മതഭ്രാന്തന്മാരായിരുന്നല്ലോ. ഒരു മുസ്​ലിം മതവിശ്വാസി കമ്യൂണിസ്റ്റാവുന്നത്, ഡി.വൈ.എഫ്.ഐ പ്രവർത്തകനാകുന്നത് താലിബാനിസ്റ്റുകൾക്ക് സഹിക്കാവുന്നതല്ല.

എസ്​.എസ്​.എഫ് പ്രവർത്തകനായ അബ്​ദുറഹിമാൻ ഔഫ്​ കല്ലൂരാവിയിലെ മുസ്​ലിം മതവിശ്വാസിയായ, ഊർജ്ജസ്വലനായ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനായിരുന്നു. പരമ്പരാഗത ഇസ്​ലാമിക വിശ്വാസിയായ ഔഫ്​​ രാഷ്ട്രീയ ഇസ്​ലാമിസ്റ്റുകളെ ശക്തമായെതിർത്ത ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഹസനുൽബന്ന എഫ്.ബിയിൽ എഴുതിയിട്ടത്; ‘ആ മയ്യത്ത് തൂവെള്ള കഫൻപുടവയിൽ പൊതിഞ്ഞ് പരലോകമോക്ഷത്തിനുവേണ്ടി പ്രാർത്ഥനക്കും നമസ്​കാരത്തിനുവേണ്ടി അഭ്യർത്ഥിക്കുമ്പോഴാണ് മതവിരുദ്ധരുടെ ചുവപ്പ് പുതപ്പിച്ചിട്ടുള്ള ഔചിത്യമില്ലാത്ത മുഷ്ടിചുരുട്ടൽ നാടക’മെന്നാണ്. എത്ര ഭീകരമാണ് ഈ മൗദൂദിസ്​റ്റിന്റെ വർഗീയ മനസ്​ എന്ന്​ മതനിരപേക്ഷശകതികൾ തിരിച്ചറിയേണ്ടതുണ്ട്. മതവിശ്വാസിയായ ഒരു ഇടതുപക്ഷ പ്രവർത്തകന്റെ മൃതദേശഹത്തിൽ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർ ചുവപ്പ് പതാക പുതപ്പിച്ചതിനെ വിവാദമാക്കുന്നത് കടുത്ത വർഗീയവൽക്കരണ ലക്ഷ്യത്തോടെയാണെന്നത് ആർക്കാണ് തിരിച്ചറിയാനാകാത്തത്.

ഔഫിനെ വധിച്ചത് മുസ്​ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശവുമായി നടക്കുന്ന മുസ്​ലിം ലീഗെന്ന സംഘടനയിൽപ്പെട്ടവരാണ്. കടുത്ത കമ്യൂണിസ്റ്റ് വിരോധവും ഒരുതരം വംശീയവാദപരമായ മതമൗലികവാദവുമാണ് ഈ ജമാഅത്തെ ഇസ്​ലാമിക്കാരന്റെ പോസ്റ്റിലൂടെ പുറത്തുവന്നത്. മതവിശ്വാസത്തിനും ദൈവത്തിനുമിടയിൽ ഇടനിലക്കാരായി നിലകൊള്ളുന്ന സംഘടനകളെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി സാധൂകരിച്ച് നിർത്താനുള്ള അനഭിലഷണീയമായ പ്രവണതയാണ് ഇത്തരം വാദങ്ങളിലൂടെ പുറത്തുവരുന്നത്.

കമ്യൂണിസ്റ്റുകാർ മുസ്​ലിംകളെ തൊട്ടാലോ മുസ്​ലിംകൾ കമ്യൂണിസ്റ്റുകാരെ തൊട്ടാലോ മരണാനന്തര ജീവിതം ഭാസുരമാകില്ലായെന്ന ഒരുതരം ശുദ്ധിവാദമാണ് ഇത്തരം നിലപാടുകൾക്കടിയിൽ കിടക്കുന്നത്. മതത്തെ രാഷ്ട്രമായും രാഷ്ട്രത്തെ ദൈവാധികാരമായുമൊക്കെ നിർവ്വചിക്കുന്ന ജമാഅത്തെ ഇസ്​ലാമിക്ക് മതവിശ്വാസിയും മതസംഘടനയും തമ്മിലുള്ള ബന്ധത്തെ അധികാരബന്ധമായി നിർവ്വചിക്കേണ്ടിവരുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. പരമ്പരാഗത ഇസ്​ലാമിക വിശ്വാസിസമൂഹവും സംഘടനകളും ജമാഅത്തെ ഇസ്​ലാമിയുടെ അങ്ങേയറ്റം മൗലികവാദപരമായ വംശീയനിലപാടുകളെ തുറന്നുകാണിക്കാനും തള്ളിക്കളയാനും മതവിശ്വാസികളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് അവരെ കൂടുതൽ പ്രകോപിതരാക്കുന്നുമുണ്ട്.

മതാധിഷ്ഠിത രാഷ്ട്രവാദവും മതനിരപേക്ഷതക്കെതിരായ പ്രത്യക്ഷമായ യുദ്ധപദ്ധതിയുമാണ് ജമാഅത്തെ ഇസ്​ലാമിയുടെ പ്രത്യയശാസ്​ത്രം. അവർക്ക് ഇസ്​ലാമിന്റെ ചരിത്രവും പ്രബോധനങ്ങളുമായല്ല, സാമ്രാജ്യത്വ മൂലധനത്തിന്റെ വളർച്ചയുടെയും വിപുലനത്തിന്റെയും അക്രമോത്സുകമായ ചരിത്രവുമായാണ് ബന്ധം. ജമാഅത്തെ ഇസ്​ലാമിയെയും അവരുൾക്കൊള്ളുന്ന ആഗോള മുസ്​ലിം ബ്രദർഹുഡിനെയും മതനിരപേക്ഷ ജനാധിപത്യത്തിനും കമ്യൂണിസത്തിനുമെതിരെ സാമ്രാജ്യത്വ മൂലധന കേന്ദ്രങ്ങൾ വളർത്തിയെടുത്തതാണ്. സിയോണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും മറുപുറം കളിച്ച്​ ആഗോള ഫൈനാൻസ്​ മൂലധനത്തിന്റെ അധിനിവേശ പ്രക്രിയയ്ക്കും ഫാഷിസ്റ്റ് രാഷ്ട്രീയത്തിനും സ്​ഥിരീകരണമുണ്ടാക്കി കൊടുക്കുകയാണവർ. ഷിബു മുഹമ്മദ് എഫ്.ബിയിൽ കുറിച്ചതുപോലെ, സംഘപരിവാറിന്റെ തൂണിൽ കെട്ടിയിട്ട പട്ടികളെ പോലെയാണ് ഈ ഹസനുൽബന്നമാർ മതനിരപേക്ഷ ശക്തികൾക്കും കമ്യൂണിസ്റ്റുകാർക്കുമെതിരെ കുരച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ജമാഅത്തെ ഇസ്​ലാമിക്കാർ കമ്യൂണിസ്റ്റുകാരെ വർഗീയവാദികളും ഹിന്ദുത്വവാദികളുമാക്കാനുള്ള ഓവർടൈം പണിയിലാണ്. മതനിരപേക്ഷ രാഷ്ട്രീയത്തെ തകർക്കുന്ന സംഘികൾക്കുവേണ്ടിയുള്ള ക്വട്ടേഷൻ പണിയാണിത്. മൗലാനാ മൗദൂദിയുടെ നിലപാടിൽ നിന്നാണവർ മാർക്സിസത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയുമെല്ലാം ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. കമ്യൂണിസത്തെ മൗദൂദി നിർവചിച്ചത്; ‘‘ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്ന്​ പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം’ എന്നാണല്ലോ. ഈ വിധം നികൃഷ്ടമായ വംശീയ വിദ്വേഷനിലപാടുകൾ സൂക്ഷിക്കുന്ന മൗദൂദിസന്തതികളുടെ സ്വത്വരാഷ്ട്രീയവും കമ്യൂണിസ്റ്റുവിരോധവും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കി സംഘപരിവാറിന് വഴിയൊരുക്കാനാണെന്ന് തിരിച്ചറിയണം. ഹസനുൽബന്നമാർ കുളം കലക്കുന്നത് അമിത്ഷാക്ക് മീൻപിടിക്കാനാണ്.

കഴിഞ്ഞ കുറേക്കാലമായി യഥാർത്ഥ ഇടതുപക്ഷത്തെയും അധിനിവേശ വിരുദ്ധതയെയുമെല്ലാം സംബന്ധിച്ച വാചകമടികളിലൂടെ, നിലനിൽക്കുന്ന ഇടതുപക്ഷ പ്രസ്​ഥാനങ്ങളിൽ അവിശ്വാസവും അസ്​ഥിരീകരണവും സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്​ലാമിക്കാർ കേരളത്തിൽ ശ്രമിച്ചുകൊണ്ടിരുന്നത്. മാധ്യമം വാരികയും പത്രവുമെല്ലാം കേരളീയ സമൂഹത്തിൽ സ്വാധീനവും മേൽകൈയും ചെലുത്തുന്ന ഇടതുപക്ഷരാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. പുതുതലമുറയിലും മധ്യവർഗ ബുദ്ധിജീവികളിലും കാൽപനികാഭിനിവേശവും സംഘടിതപ്രസ്​ഥാനങ്ങളെ അസ്​ഥിരീകരിക്കുന്നതും ശിഥിലീകരിക്കുന്നതുമായ ഉത്തരാധുനികാശയങ്ങളും പ്രചരിപ്പിക്കുകയാണവർ ചെയ്തുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളെയെല്ലാം നിരാകരിക്കുന്ന ഉത്തരാധുനിക കസർത്തുകളിലൂടെ തങ്ങളുടെ മതരാഷ്ട്രസിദ്ധാന്തങ്ങൾക്കാവശ്യമായ പ്രത്യയശാസ്​ത്രപരിസരം നിർമ്മിച്ചെടുക്കുകയാണവരുടെ ബൗദ്ധികലക്ഷ്യം. സംഘപരിവാറിന്റെ മറുപുറം കളിച്ച്​ മതനിരപേക്ഷ സംസ്​കാരത്തെയും ബഹുസ്വരതയെയും തകർക്കുന്ന വിഭജന രാഷ്ട്രീയമാണവർ ആടിതീർക്കുന്നത്.

ആധുനിക ദേശരാഷ്ട്രത്തിന്റെയും ആശയങ്ങളുടെയും അസ്​ഥിരീകരണങ്ങളിലൂടെ തങ്ങളുടെ മതരാഷ്ട്ര നിർമ്മിതിക്കനുകൂലമായ സാഹചര്യമൊരുക്കിയെടുക്കാമെന്നാണ് ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്​ലാമിസ്റ്റുകളും കണക്കുകൂട്ടുന്നത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും തകർത്ത് മൂന്നാംലോക ദേശീയതകൾക്കും സ്വതന്ത്ര രാജ്യങ്ങൾക്കും മേൽ അധിനിവേശം ഉറപ്പിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ മൂലധന ശക്തികളാണ് ഈ മതരാഷ്ട്രവാദികളെയും മതതീവ്രവാദികളെയും ഫണ്ടും ആശയങ്ങളും ആയുധങ്ങളും നൽകി വളർത്തിയെടുക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വവാദികളും ഇസ്​ലാമിക രാഷ്ട്രവാദികളും ഒരേ മൂലധനകേന്ദ്രങ്ങളുടെ കയ്യിൽ കളിക്കുന്ന അസ്​ഥിരീകരണ ശക്തികളാണ്. സാമ്രാജ്യത്വത്തിന്റെ ബാൽക്കണൈസേഷൻ പദ്ധതികളുടെ പ്രത്യയശാസ്​ത്ര കരുക്കളും സാമൂഹ്യായുധങ്ങളുമാണ് സ്വത്വരാഷ്ട്രീയവാദികളും മതവംശീയരാഷ്ട്രം ലക്ഷ്യമിടുന്ന എല്ലാ പ്രതിലോമശകതികളുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Comments