നീലേശ്വരം അപകടം റിപ്പോർട്ട് ചെയ്യുമ്പോൾ വെടിക്കെട്ട് നിയന്ത്രണം ചർച്ചയാക്കാത്ത മാധ്യമങ്ങൾ

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകളും വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയവും പരാമർശിക്കാതെ എങ്ങനെയാണ് നീലേശ്വരത്ത് നടന്ന അപകടം റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നത്? എന്തായിരിക്കാം ഇത് ഒഴിവാക്കപ്പെടാൻ കാരണം? - ആർ. രാജഗോപാൽ എഴുതുന്നു

ദിനപത്രങ്ങൾക്ക് ഇനിയൊരിക്കലും എന്നെ ഞെട്ടിക്കാൻ സാധിക്കില്ലായെന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ കഴിഞ്ഞ ദിവസം കയ്യിലെടുത്ത ഒന്നല്ല, എട്ട് ദിനപത്രങ്ങളും എന്നെ ഒരുപോലെ ഞെട്ടിച്ച് കളഞ്ഞു. നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ വാർത്താ റിപ്പോർട്ടിങ്ങിൽ ഒരൊറ്റ പത്രവും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെടിക്കെട്ട് നിയന്ത്രണത്തെക്കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാൻ തയ്യാറായില്ല എന്നതാണ് എന്നെ ഞെട്ടിച്ചത്. ഇൻട്രോയിൽ ഒരുപാട് വിശദാംശങ്ങൾ നൽകേണ്ടതുള്ളതിനാൽ വാർത്തയുടെ രാഷ്ട്രീയ ആംഗിൾ ഒഴിവാക്കിയതാവാമെന്ന് കരുതിയെങ്കിലും, മലയാള മനോരമയിലെ ഏറെ സംയമനം പാലിച്ചുള്ള എഡിറ്റോറിയലിലൊഴികെ എവിടെയും ഇതുമായി ബന്ധപ്പെട്ട് ഒരു പരാമർശവും എനിക്ക് കണ്ടെത്താനായില്ല.

എന്താണ് ഈ റിപ്പോർട്ടിങ്ങിൽ ഇല്ലാതെ പോയിരിക്കുന്നത്? തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകളും വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയവും പരാമർശിക്കാതെ എങ്ങനെയാണ് നീലേശ്വരത്ത് നടന്ന അപകടം റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നത്? എന്തായിരിക്കാം ഇത് ഒഴിവാക്കപ്പെടാൻ കാരണം? ഏതെങ്കിലും കോടതി പരാമർശങ്ങളെ വിലക്കിയിട്ടുണ്ടോ? ഏതായാലും അങ്ങനെ ഒരു ഉത്തരവ് എൻെറ അറിവിൽ ഇല്ല. ഇനി അഥവാ അങ്ങനെ ഒരു ഉത്തരവുണ്ടെങ്കിൽ ദയവായി മുന്നോട്ട് വായിക്കേണ്ടതില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ വലിയ ചർച്ചയാവേണ്ട, രാഷ്ട്രീയ പാർട്ടികൾ സംസാരിക്കേണ്ട ഒരു വിഷയം ബൈപാസ് ചെയ്യാൻ ന്യൂസ് റൂമുകളുടെയെല്ലാം തലപ്പത്തുള്ളവർ ഒറ്റക്കെട്ടായി ശ്രമിക്കുന്നുവെന്നത് എന്നെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

എല്ലാ നിയന്ത്രണങ്ങളും നിയമവും പാലിച്ചാണ് തൃശൂർ പൂരം നടക്കുകയെന്നതും, എന്നാൽ നീലേശ്വരത്ത് അങ്ങനെയല്ല സംഭവിച്ചതെന്നുമുള്ളതാവാം ഒരു കാരണമെന്നതാണ് പ്രാഥമിക വിവരങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. എന്നാൽ, പതിനായിരക്കണക്കിന് പേർ ഒരുമിച്ചെത്തുന്ന ഒരിടത്ത് ഒരു നിയന്ത്രണവും മതിയാകില്ലെന്നതാണ് യാഥാർഥ്യം. കാതടപ്പിക്കുന്ന ശബ്ദങ്ങളിൽ നിന്നും വൻതോതിൽ പുക പുറന്തള്ളുന്നതുമായ സ്ഫോടനത്തിൽ നിന്നുമെല്ലാം അസംബന്ധമായ ആനന്ദം കണ്ടെത്തുന്നവരോട്, ആനകൾ നേരിടുന്ന പീഡനത്തെക്കുറിച്ച് പരാമർശിക്കേണ്ടതില്ലെന്ന് തോന്നുന്നു. താഴെ പറയുന്നവയാണ് ഞാൻ വായിച്ച പത്രങ്ങൾ. മറ്റേതെങ്കിലും പത്രങ്ങളിൽ രാഷ്ട്രീയവും സാമൂഹ്യ പ്രസക്തിയുള്ളതുമായ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഈ എട്ട് ദിനപത്രങ്ങളാണ് എനിക്ക് പൂർണമായും നോക്കാൻ സാധിച്ചത്. ഒരു ന്യൂസ് റൂമിൽ പ്രവർത്തിക്കുന്ന വ്യക്തി അല്ലാത്തതിനാൽ അതിനപ്പുറത്തേക്ക് എനിക്ക് സാധിച്ചില്ല.

നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ വാർത്താ റിപ്പോർട്ടിങ്ങിൽ ഒരൊറ്റ പത്രവും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെടിക്കെട്ട് നിയന്ത്രണത്തെക്കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാൻ തയ്യാറായില്ല എന്നതാണ് എന്നെ ഞെട്ടിച്ചത്.
നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ വാർത്താ റിപ്പോർട്ടിങ്ങിൽ ഒരൊറ്റ പത്രവും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെടിക്കെട്ട് നിയന്ത്രണത്തെക്കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാൻ തയ്യാറായില്ല എന്നതാണ് എന്നെ ഞെട്ടിച്ചത്.

മലയാള മനോരമ: ഒന്നാം പേജിലെ വാർത്തയിൽ പരാമർശമില്ല. എന്നാൽ, ഞാൻ കണ്ടതിൽ ഈ വിഷയത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച ഒരേയൊരു പത്രം മനോരമയാണ്. പത്രത്തിൻെറ സാധാരണ സ്വഭാവം പരിഗണിച്ച് ഇതൊരു സംയമനത്തോടെയുള്ള എഡിറ്റോറിയലാണ്. എന്തെങ്കിലും തരത്തിൽ അഗ്രസീവായ നിലപാട് മനോരമ ഈ വിഷയത്തിൽ എടുത്തിരുന്നുവെങ്കിൽ പത്രത്തിൻെറ ഉടമകളുടെ മതവിശ്വാസവുമായി ബന്ധപ്പെടുത്തി ചർച്ചകൾക്ക് വഴിവെച്ചേനെ. അത്തരത്തിലുള്ള അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.

മാധ്യമം: നിലവിലെ തൃശൂർ പൂരരാഷ്ട്രീയവിഷയവുമായി ബന്ധപ്പെട്ട ഒരു പരാമർശവും റിപ്പോർട്ടിൽ ഇല്ല. മുകളിൽ പറഞ്ഞ അതേ കാരണമാണ് ഇതിന് പിന്നിലുമുള്ളതെന്ന് ഞാൻ കരുതുന്നു. പത്രത്തിനെതിരെയും മീഡിയ വണ്ണിനെതിരെയുമുള്ള നിരന്തരമായ, വസ്തുതാവിരുദ്ധമായ വർഗീയ, വിദ്വേഷ പരാമർശങ്ങൾ കാരണം ഈ വാർത്ത വളരെ പ്ലെയിനായി റിപ്പോർട്ട് ചെയ്താൽ മതിയെന്ന് മാധ്യമം തീരുമാനിച്ചതായിരിക്കണം.

ജനയുഗം: തൃശൂർ പൂരത്തിന് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന സി.പി.ഐയുടെ പ്രഖ്യാപിത നിലപാട് കാരണം തന്നെ ജനയുഗത്തിൻെറ റിപ്പോർട്ടിൽ ഒരു പരാമർശവും പ്രതീക്ഷിക്കേണ്ടതില്ല. അതിൽ എനിക്ക് പരാതിയില്ല. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമാണ്. അതിനാൽ മറ്റ് രാഷ്ട്രീയപാർട്ടികളുടെ പത്രങ്ങളെക്കുറിച്ച് ഇനി ഞാൻ പറയുന്നില്ല.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്: യാതൊരു പരാമർശവുമില്ല. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. എന്നാൽ, ദിവ്യയുടെ വാർത്തയേക്കാൾ വെടിക്കെട്ട് അപകടത്തിൻെറ വാർത്തയ്ക്ക് പ്രാധാന്യം നൽകുന്നതിനുള്ള ന്യൂസ് സെൻസ് ഈ പത്രത്തിന് നേരത്തെയുണ്ടായിരുന്നു. (ഈ വിഷയത്തിൽ കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, എന്താണ് ലീഡ് ആക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം ഒരു പത്രത്തിൻെറ എഡിറ്ററിൽ നിക്ഷിപ്തമാണ്.)

ദി ടൈംസ് ഓഫ് ഇന്ത്യ: കൊച്ചി എഡിഷൻെറ ഒന്നാം പേജിൽ യാതൊരുവിധ പരാമർശവുമില്ല. ഫുൾ കവറേജ് അഞ്ചാം പേജിലുണ്ടെന്ന് ഒന്നാം പേജിൽ എഴുതിയിട്ടുണ്ടെങ്കിലും വെടിക്കെട്ട് നിയന്ത്രണത്തിൻെറ കാര്യത്തിൽ ഒന്നും കണ്ടില്ല. മറ്റ് എഡിഷനുകളൊന്നും തന്നെ ഞാൻ നോക്കിയിട്ടില്ല.

നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ റിപ്പോർട്ട്.
നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ റിപ്പോർട്ട്.

ദി ഹിന്ദു: പരാമർശമില്ല. എനിക്ക് ചെന്നൈ എഡിഷനാണ് വായിക്കാൻ സാധിച്ചത്. അകത്തെ പേജിലാണ് വാർത്ത നൽകിയിരിക്കുന്നത്. വെടിക്കെട്ട് അപകട വാർത്തയ്ക്ക് താഴെയായിട്ടാണ് ഇതേ പേജിൽ, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരിക്കുന്നത്.

മാതൃഭൂമി: അങ്ങനെയാണ് ഞാൻ മാതൃഭൂമിയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലും ടെലിവിഷനിലുമെല്ലാം നേരത്തെ വന്ന വാർത്തയായതിനാൽ മാതൃഭൂമി അവരുടെ ഇൻട്രോയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ഞാൻ മാതൃഭൂമി അവസാനം കയ്യിലെടുത്തതിന് ചില കാരണങ്ങളുണ്ട്. അവരുടെ ഹോറോസ്കോപ്, താൽപര്യങ്ങൾ, പത്രം ഉടമകളുടെ മതം തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. മാട്രിമോണിയൽ പരസ്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി നോക്കിയാൽ തന്നെ മാതൃഭൂമി ഈയൊരു വാർത്തയെ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരുതവണ ‘മീശ’ കടിച്ചവർ രണ്ട് തവണ ചിന്തിക്കാതിരിക്കാൻ വഴിയില്ലല്ലോ! മാതൃഭൂമിയും തൃശൂർ പൂരത്തിലെ വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു പരാമർശവും നടത്താതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇഴകീറി ചിന്തിച്ചതിന് ശേഷം, ഏപ്രിലിൽ പൂരത്തിന് നേരിട്ട തടസ്സങ്ങളുമായി ബന്ധപ്പെട്ട് ഒരു ബോക്സ് സ്റ്റോറി അവർ നൽകിയിട്ടുണ്ട്. എന്നാൽ വെടിക്കെട്ട് നിയന്ത്രണത്തിൽ ഒരു പരാമർശവും നടത്താതിരിക്കാൻ ശ്രദ്ധിച്ചിട്ടുമുണ്ട്.

റിപ്പോർട്ടർമാരും സബ് എഡിറ്റർമാരും: ദയവ് ചെയ്ത് ഞാൻ പറയുന്നത് പിന്തുടർന്ന് നിങ്ങളുടെ ഇപ്പോൾ ചെയ്യുന്ന രീതിയിലുള്ള ജോലിക്ക് തടസ്സമുണ്ടാക്കാൻ നിൽക്കേണ്ടതില്ല. എന്നാൽ, നിങ്ങളുടെ ജോലിയിലെ പ്രൊഫഷണലിസം തിരിച്ച് പിടിക്കണമെങ്കിൽ, വൈകുന്നേരം വന്നാൽ ഒരു പുസ്തകമെടുത്ത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഇൻട്രോ എഴുതി നോക്കുക. ആർക്കറിയാം അത്ഭുതങ്ങൾ സംഭവിക്കില്ലെന്ന്? ഇവിടുത്തെ എല്ലാ മാധ്യമങ്ങളും ശരിയായ പാതയിൽ സഞ്ചരിക്കുന്ന ഒരു ദിവസം വരില്ലെന്ന് ആര് കണ്ടു? അന്ന് നിങ്ങൾക്ക് ഈ സ്കിൽ വേണ്ടിവന്നേക്കും. ആ ഘട്ടത്തിൽ മേൽപ്പറഞ്ഞ രീതി നിങ്ങൾക്ക് ഉപകാരപ്പെടുകയും ചെയ്യും. നിങ്ങൾക്ക് താഴെ പറയുന്ന ഫോർമാറ്റ് പിന്തുടരാവുന്നതാണ്. (ഞാൻ താഴെ എന്താണോ എഴുതിയിരിക്കുന്നത്, അത് നിങ്ങൾക്ക് എഴുതാൻ സാധിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ചതോ വേറിട്ട് നിൽക്കുന്നതോ ആണെന്ന അവകാശവാദമൊന്നും നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ മുന്നറിയിപ്പ് നൽകുന്നു)

മിക്ക പത്രങ്ങളിലെയും നിലവിലുള്ള ഇൻട്രോ: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ തെയ്യം നടക്കുന്നതിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ 150 പേർക്ക് പരിക്കേറ്റു. ഇതിൽ 16 പേരുടെ പേരുടെ നില ഗുരുതരമാണ്. ഏഴ് പേർ വെൻറിലേറ്റർ സഹായത്തോടെ കഴിയുകയാണ്.

(സ്മാർട്ട്ഫോൺ കയ്യിലുള്ള ഒരു വ്യക്തി പിറ്റേന്ന് പത്രത്തിൽ ഈ വാർത്ത എന്തിനാണ് വായിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. 24 മണിക്കൂർ മുമ്പ് ഫോണിലൂടെ കിട്ടിയ വിവരങ്ങൾക്കപ്പുറത്ത് എന്ത് വിവരമാണ് ഈ വാർത്ത ഒരാൾക്ക് നൽകുന്നത്? അത് മറ്റൊരു വിഷയമാണ്.)

നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ റിപ്പോർട്ട്.
നീലേശ്വരത്ത് നടന്ന വെടിക്കെട്ട് അപകടത്തിൻെറ റിപ്പോർട്ട്.

ന്യൂട്രൽ ഇൻട്രോ: ചൊവ്വാഴ്ച കാസർഗോഡ് ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ 140 പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വർഷം തൃശൂർപൂരം വെടിക്കെട്ട് വൈകിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ഭരണകക്ഷിയായ ഇടതുപക്ഷം നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമം നടത്തുന്ന ഘട്ടത്തിലാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നതെന്നത് യാദൃശ്ചികമാണ്.

നോൺ ന്യൂട്ടൽ ഇൻട്രോ: ചൊവ്വാഴ്ച കാസർഗോഡ് ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴ് പേർ മരണത്തോട് മല്ലിടുകയും 140 പേർ ചികിത്സയിൽ കഴിയുകയുമാണ്. ആളുകൾ കൂട്ടമായി എത്തുന്ന ഇടങ്ങളിൽ സുരക്ഷാനടപടികൾ ശക്തമാക്കണമെന്ന് വ്യക്തമാക്കുന്ന അപകടം, നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കാനുള്ള പൊതുപ്രവർത്തകരുടെ ശ്രമത്തെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്.

പക്ഷപാതിത്വമുള്ള ഇൻട്രോ അല്ലെങ്കിൽ എൻെറ ഇൻട്രോ: ചൊവ്വാഴ്ച കാസർഗോഡ് ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴ് പേർ പരിക്കേറ്റ് മരണത്തോട് മല്ലിടുകയും 140 പേർ ചികിത്സയിൽ കഴിയുകയുമാണ്. തൃശൂർ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, ഇത്തരം ആഘോഷസ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നതിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന സ്വയം പ്രഖ്യാപിത പുരോഗമനവാദികൾക്കുള്ള മുന്നറിയിപ്പാണ് ഈ അപകടം.

ഞാൻ നേരത്തെ പറഞ്ഞത് പോലെ, ഇതെല്ലാം ചെയ്യാനാവുന്ന സാംപിളുകൾ മാത്രമാണ്. മാധ്യമപ്രവർത്തകർ ആത്മാർഥതയോടെ ഇത് വായിക്കുകയും ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് ജോലി അൽപം കൂടി മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് കൂടുതൽ ഇൻട്രോകൾ എഴുതാൻ സാധിക്കുന്നുവെങ്കിൽ അതിനായി ശ്രമിക്കുക. ജേർണലിസം സ്കൂളുകളിൽ നിന്നും മുതിർന്ന ഭയമില്ലാതെ പണിയെടുത്തിരുന്ന മുതിർന്ന മാധ്യമപ്രവർത്തകരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചത് പോലെ, വളർന്നുവരുന്ന യുവതലമുറയിലെ മാധ്യമപ്രവർത്തകരിൽ നിന്നും എനിക്കേറെ പഠിക്കാനുണ്ട്.

(സോഷ്യൽ മീഡിയയിൽനിന്ന് എടുത്തത്)


Summary: Media not mention Thrissur Pooram and fireworks regulation while reporting Nileshwar Fire Accident, R Rajagopal examines various newspaper reports.


ആർ. രാജഗോപാൽ

കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ്പത്രത്തിന്റെ എഡിറ്റർ അറ്റ് ലാര്‍ജ്.

Comments