സംഘപരിവാർ സമ്മർദം മാധ്യമപ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിട്ടുണ്ട്

സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. ദി ഐഡം ചീഫ് എഡിറ്റർ സി.എൽ. തോമസ്‌ സംസാരിക്കുന്നു.

ഷഫീഖ് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആർ.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കുമുള്ള ആവശ്യകത വർധിക്കുകയാണെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളിൽ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?

സി.എൽ. തോമസ്‌: മലയാളത്തിലെയും ചില മാധ്യമങ്ങളിൽ ഈ സ്വാധീനം വർധിച്ചിട്ടുണ്ട്. കുറച്ചുകാലം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന്റെ മാനേജുമെൻറ്​അതിന്റെ എഡിറ്റർമാർക്ക് അയച്ച ഒരു സർക്കുലർ പുറത്തുവരികയുണ്ടായി. എഡിറ്റോറിയൽ നിയമനങ്ങൾ ചെയർമാന്റെ രാഷ്ട്രീയത്തോട് യോജിക്കുന്ന തരത്തിലുള്ളവർക്കായിരിക്കണം എന്നായിരുന്നു ഇതിന്റെ ഉള്ളടക്കം. ഇത് പുറത്തുവന്നതിനെതുടർന്ന് സർക്കുലർ പിൻവലിച്ചെങ്കിലും ഇതിലൂടെ മാനേജുമെന്റിന്റെ സന്ദേശം എത്തേണ്ടിടത്തെല്ലാം എത്തി എന്നുവേണം കരുതാൻ. ആ ചാനലിന്റെ ഉള്ളടക്കത്തിന്റെ വർത്തമാനകാല സ്വഭാവം ഇത് തെളിയിക്കുകയും ചെയ്യുന്നുണ്ട്.

മാതൃഭൂമി ന്യൂസിലും സംഘപരിവാർ സമ്മർദത്തിന്റെ സ്വാധീനം പ്രകടമാണ്. ഈ സമ്മർദം അവിടെ പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും നിയന്ത്രിച്ചിട്ടുണ്ട്. മറ്റു ചില മാധ്യമങ്ങളുടെ ഉള്ളടക്കത്തിൽ പ്രധാനമന്ത്രിയോടും ബി.ജെ.പിയോടും കാണുന്ന വിധേയത്വം അധികാരത്തോട് ആ സ്ഥാപനങ്ങൾ എന്നും കാണിച്ചിരുന്ന വിധേയത്വത്തിന്റെ തുടർച്ചയായി കണ്ടാൽ മതിയാകുമെന്നാണ് എന്റെ അഭിപ്രായം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളിൽ തുല്യപ്രാതിനിധ്യം നേടാൻ ടെലിവിഷൻ ന്യൂസ്റൂമുകൾ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?

ഈ ചോദ്യത്തിൽ കാര്യവും കാര്യമില്ലായ്മയും ഉണ്ട്. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതോടെ ദേശീയവിഷയങ്ങളിൽ ആ പാർട്ടിയുടെ പ്രാതിനിധ്യം ഉണ്ടാവേണ്ടത് ജനാധിപത്യ മാധ്യമ മര്യാദ മാത്രമാണ്. എന്നാൽ, ഇത് കേരള വിഷയങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഇവിടെ ന്യൂസ് ചാനലുകൾ ചെയ്തത്. 12 മുതൽ 15 ശതമാനം വരെ മാത്രം വോട്ട് വിഹിതമുള്ള ഒരു പാർട്ടിക്ക്, 38 മുതൽ 45 ശതമാനം വരെ മാറിമാറി വോട്ട് നേടുന്ന എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യമായ സ്ഥാനമുണ്ട് എന്ന പ്രതീതി ഈ രീതി സൃഷ്ടിച്ചു. എന്നാൽ, ഈ രീതി ശരിയല്ല എന്ന് നയപരമായ തീരുമാനമെടുത്ത ചാനലുകളും ഇവിടെയുണ്ട്. മീഡിയ വൺ ഉദാഹരണം. ഏതാനും വർഷം മുമ്പുവരെ ഏഷ്യാനെറ്റ് ന്യൂസും.

മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി വാർത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളിൽ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

മലയാള മാധ്യമങ്ങളിൽ ഇത് പുതിയ കാര്യമല്ല. ന്യൂസ് ചാനലുകൾ വരുന്നതിനുമുമ്പുതന്നെ രാഷ്ട്രീയ വാർത്തകളിൽ ഉടമസ്ഥതാൽപര്യം എന്നും പ്രതിഫലിച്ചിരുന്നു. വിമോചനസമരകാലത്തെ മലയാള പത്രങ്ങളിലെ വാർത്താവിന്യാസരീതി മുതൽ ഓരോ തെരഞ്ഞെടുപ്പുകാലങ്ങളിലെയും കഥാസൃഷ്ടികൾ വരെ ഇതിന് ഉദാഹരണമാണ്. വ്യവസ്ഥാപിത മൂല്യബോധത്തിനെ ചോദ്യം ചെയ്യുന്ന സംഭവങ്ങളിലും ഇത് പ്രകടമാണ്. ഒരു തലത്തിൽ അതും രാഷ്ട്രീയമാണല്ലോ.
രാഷ്ട്രീയമേഖല ഒഴിവാക്കിയാൽ ഈ മാധ്യമങ്ങൾ തൊഴിൽപരമായി ഉന്നത നിലവാരം പുലർത്തുന്നവയുമാണ്. പത്രങ്ങളെ അപേക്ഷിച്ച് ന്യൂസ് ചാനലുകളിൽ സമീപകാലം വരെ ഈ പ്രവണത കുറവായിരുന്നു. അവിടേക്കും ഇത് കടന്നുവരുന്നു എന്നാണ് സമീപകാല വാർത്താവിന്യാസരീതി സൂചിപ്പിക്കുന്നത്.

ഒരു മുതലാളിയും ദിനംതോറും ന്യൂസ് മുറികളിൽ വന്നിരുന്ന് നിർദ്ദേശം നൽകി നടപ്പാക്കുന്ന ഒരു പരിപാടിയാണ് ഇതെന്നാണ് ചില മാധ്യമ വിമർശനങ്ങൾ കണ്ടാൽ തോന്നുക. സ്ഥാപനതാൽപര്യം പ്രകടമായാൽ മാധ്യമപ്രവർത്തകർ തന്നെ സ്വയം സെൻസർഷിപ്പിന് വിധേയരാകും എന്നാണ് എന്റെ അനുഭവം പഠിപ്പിച്ചിട്ടുള്ളത്.

ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധർമം നിർവഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങൾക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ഇത് ഇടതുപക്ഷത്തിന്റെ ആരോപണം മാത്രമാണ്. ഇടത് രാഷ്ട്രീയവിരുദ്ധത പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള മാധ്യമങ്ങൾ ഇവിടെയുണ്ട്. അത് രഹസ്യമാക്കിവെച്ചിട്ടുള്ള കാര്യമല്ല.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സരിതാ റിപ്പോർട്ടിംഗ് ഭരണവിരുദ്ധമായിരുന്നല്ലോ. അന്ന് ഇടതുപക്ഷം മാധ്യമങ്ങളുടെ സത്യസന്ധതയെ പ്രകീർത്തിച്ചിരുന്നു. യു.ഡി.എഫ് നേതാക്കൾ അന്ന് മാധ്യമ വിമർശകരുമായിരുന്നു. സ്വപ്ന റിപ്പോർട്ടിംഗ് യു.ഡി.എഫിനെ സന്തോഷിപ്പിക്കുകയും എൽ.ഡി.എഫിനെ അരിശത്തിലാക്കുകയും ചെയ്യുന്നു എന്നതുതന്നെ വാസ്തവത്തിൽ മാധ്യമങ്ങൾ ധർമം നിർവഹിക്കുന്നു എന്നതിന്റെ തെളിവാകേണ്ടതാണ്. പക്ഷേ, ഈ രണ്ട് അനുഭവങ്ങളുടെയും റിപ്പോർട്ടിംഗ് രീതി ഗൗരവമുള്ള മാധ്യമപ്രവർത്തന മാനദണ്ഡങ്ങൾക്കെതിരായതിനാൽ നമ്മുടെ മാധ്യമങ്ങൾ ചെയ്യുന്ന നല്ല കാര്യമായി അതിനെ കണക്കാക്കാൻ കഴിയില്ല.

കേരളത്തിലെ ടെലിവിഷൻ ജേണലിസം ശരിയായ പാതയിൽ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദർഭങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, റിപ്പോർട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

ഓരോ മനുഷ്യനും ജീവിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള വസ്തുതകൾ പ്രേക്ഷകർക്ക് നൽകുക എന്നതാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ വാർത്താപ്രവർത്തനം. ആ മാനദണ്ഡമനുസരിച്ച് മുഖ്യധാരാ ടെലിവിഷൻ ജേണലിസം ശരിയായ പാതയിലാണ് എന്ന് കരുതാൻ കഴിയില്ല. സരിതാ വിവാദത്തിലും സ്വപ്ന വിവാദത്തിലും മാത്രമല്ല, സെൻസേഷന്റെ അംശമുള്ള കാര്യങ്ങളിലും വസ്തുതകളോടുള്ള പ്രതിബദ്ധത റിപ്പോർട്ടിംഗിൽ കാണാനില്ല.
എന്നെ സംബന്ധിച്ച് സ്വപ്ന നാളിതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. അവർ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവരുടെ ആരോപണങ്ങൾ, അത് ഭരണനേതൃത്വത്തെക്കുറിച്ചുള്ള ആരോപണങ്ങൾ എന്ന നിലയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. എന്നാൽ, ഉണ്ടായത്, അവർ എന്തോ പരമസത്യം വെളിപ്പെടുത്തി എന്ന മട്ടിലുള്ള പ്രചാരണമാണ്.

ഈ രീതി സ്വപ്ന റിപ്പോർട്ടിംഗിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ഇത് ഇപ്പോൾ തുടങ്ങിയ പ്രവണതയും അല്ല. അത് നമ്മുടെ ആദ്യത്തെ ന്യൂസ് ചാനൽ പിറവിക്കാലത്തുതന്നെ സംഭവിച്ചുതുടങ്ങി (ആ ന്യൂസ് ചാനൽ മലയാള ടെലിവിഷൻ വാർത്താരംഗത്ത് നൽകിയ ഗുണപരമായ സംഭാവനകളെ മറന്നുകൊണ്ടല്ല ഇക്കാര്യം പറയുന്നത്). ഇന്ന് അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലെത്തി.

സംഘടിതശക്തികളുടെ (രാഷ്ട്രീയമായാലും മതമായാലും) മാധ്യമ വിമർശനത്തെ ഗൗരവത്തിലെടുക്കേണ്ട കാര്യമില്ല. അത് സങ്കുചിത താൽപര്യങ്ങളുടെ അട്ടഹാസം മാത്രമാണ്. പക്ഷേ, ഗൗരവമുള്ള മാധ്യമവിമർശനത്തെ ഈ കടന്നൽക്കൂട്ടം മുക്കിക്കളയുകയാണ് ചെയ്യുന്നത്.


Summary: സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. ദി ഐഡം ചീഫ് എഡിറ്റർ സി.എൽ. തോമസ്‌ സംസാരിക്കുന്നു.


Comments