മലയാള മാധ്യമ ചരിത്രത്തിലുടനീളം ജനിതകമായ ഇടത് വിരുദ്ധതയുണ്ട്

സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. ന്യൂസ്റപ്​റ്റ്​ മലയാളം ചീഫ് എഡിറ്റർ എം.പി. ബഷീർ സംസാരിക്കുന്നു.

ഷഫീഖ് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആർ.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കുമുള്ള ആവശ്യകത വർധിക്കുകയാണെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളിൽ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?

എം.പി. ബഷീർ: എല്ലാ സാമൂഹിക ഉപകരണങ്ങളെയും സ്വാധീനിക്കലും വരുതിയിലാക്കലും ഫാസിസത്തിന്റെ സ്വഭാവമാണ്. കേരളത്തിലെ ഹിന്ദു സമുദായ സംഘടനകളെയും ക്രൈസ്തവ സഭകളെയും മുസ്ലിം സമുദായത്തിലെ ചില വിഭാഗങ്ങളെപ്പോലും അവരങ്ങനെ സമീപിക്കുന്നുണ്ട്. ചില സംഘടനകൾ, വ്യവസായ ഗ്രൂപ്പുകൾ തുടങ്ങിയവയൊക്കെ വരുതിയിൽ ആകുന്നുമുണ്ട്. മാധ്യമപ്രവർത്തനത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമായി അതിനെ കാണേണ്ടതില്ല. ഒരുപക്ഷേ ജനങ്ങളെ സ്വാധീനിക്കാനുള്ള ഉപകരണങ്ങളെന്ന നിലയിൽ മാധ്യമങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദമുണ്ടാകാം. ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ചാനലിന്റെയും ഉടമസ്ഥതയിൽതന്നെ ആ പിടിയുണ്ട്. മറ്റുസ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെയും സമ്മർദ്ദപ്പെടുത്തുന്നുണ്ടാകണം. മലയാള മനോരമയുടെ "ദ വീക്ക്' പോലൊരു സ്ഥാപനത്തിന് സവർക്കറെക്കുറിച്ച് നൽകിയ ഒരു അന്വേഷണ റിപ്പോർട്ട് വർഷങ്ങൾക്കുശേഷം പിൻവലിക്കുകയും മാപ്പുപറയുകയും ചെയ്യേണ്ടി വരുന്നത് അത്തരം സമ്മർദ്ദങ്ങളുടെ പുറത്താകാം. '24 ന്യൂസ്' പോലുള്ള സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിനെതിരായ വാർത്തകളോട് കാണിക്കുന്ന വിമുഖതയും പ്രകടമാണ്.

എന്നാൽ, ഇതൊക്കെയാണെങ്കിലും, കേരളത്തിലെ മാധ്യമപ്രവർത്തകരും എഡിറ്റർമാരുമാകെ സംഘപരിവാർ ആശയത്തോട് വിധേയപ്പെടുകയാണ് എന്ന വിമർശനം തീർത്തും തെറ്റാണ്, തൊഴിലാളി വിരുദ്ധവും. ന്യൂസ് റൂമുകളുടെ വർക്കിംഗ് മെക്കാനിസത്തെക്കുറിച്ചുള്ള വികല ധാരണയാണത്. വ്യക്തിഗതമായും കൂട്ടായും സംഘപരിവാറിനെ നേരിടാനുള്ള ശ്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് മാധ്യമപ്രവർത്തകർക്കിടയിലാണ്. മാധ്യമപ്രവർത്തകരാകെ സംഘപരിവാറിന്റെ തടവിലായി എന്നുപറയുന്നത് ആ ശ്രമങ്ങളെ ഡിസ്‌ക്രഡിറ്റ് ചെയ്യാനേ സഹായിക്കൂ. കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം നടക്കുന്നുണ്ട്. ഇത്രയും പറഞ്ഞതിന് അർഥം സംഘിമനസുള്ള മാധ്യമപ്രവർത്തകരും എഡിറ്റർമാരുമില്ല എന്നല്ല. മാധ്യമ സമൂഹമാകെ കീഴ്പ്പെട്ടുകഴിഞ്ഞു എന്നത് അത്ര നിഷ്‌കളങ്കമായ ഒരു ആശങ്കയുമല്ല. വൻ ബിസിനസ് താത്പര്യങ്ങളുള്ള വൻകിട മാധ്യമങ്ങൾ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങുന്നുണ്ടെങ്കിൽ, അതിന് സമാന്തരമായി രാജ്യത്തെ മറ്റിടങ്ങളിൽ എന്നപോലെ മലയാളത്തിലും ചെറുകിട മാധ്യമസംരംഭങ്ങൾ ഉണ്ടാകുന്നുണ്ട്. മാധ്യമപ്രവർത്തകരെ ഒന്നാകെ വിമർശിക്കുമ്പോൾ അതിന്റെ സമഗ്രതയിൽ കാണണം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളിൽ തുല്യപ്രാതിനിധ്യം നേടാൻ ടെലിവിഷൻ ന്യൂസ്റൂമുകൾ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?

കേരളത്തിന്റെ രാഷ്ട്രീയ പ്രതലത്തെ മൂന്നായി പകുത്ത് അതിലൊന്ന് ബി.ജെ.പിക്ക് അനുവദിച്ചുകൊടുക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു ഘട്ടത്തിൽ 15 ശതമാനം കടന്ന ഒരു വോട്ട് ഷെയറിനെ പാടെ അവഗണിക്കണമെന്നല്ല, ബി.ജെ.പിക്ക് കെട്ടിവെച്ച പണം തിരിച്ചുകിട്ടാത്ത മണ്ഡലങ്ങളിൽപോലും ത്രികോണ മത്സരമെന്നാണ് എന്ന് ചിത്രീകരിക്കപ്പെടുന്നത്. ഇത് ടെലിവിഷനും മുൻപ് തുടങ്ങിയതാണ്. 1980കളിലും 90കളിലും ബി.ജെ.പിയുടെ വോട്ട് ഷെയർ അഞ്ചുശതമാനത്തിൽ നിൽക്കുമ്പോൾ പോലും മലയാള മനോരമയും മാതൃഭൂമിയും പല മണ്ഡലങ്ങളിലും മൂന്നുസ്ഥാനാർത്ഥികളുടെയും ഫോട്ടോ വെച്ച് ത്രികോണ ചിത്രീകരണം നടത്തിയിട്ടുണ്ട്. ഒപ്പം എൽ.ഡി.എഫും യു.ഡി.എഫും ഭരണത്തിലിരിക്കുമ്പോൾ അതത് കാലത്ത് പ്രതിപക്ഷ നിരയിൽ നിൽക്കുന്ന ബി.ജെ.പിയെ കവറേജിൽ അവഗണിക്കാനാവാത്ത സാഹചര്യവുമുണ്ട്.

മലയാള മനോരമ പ്രസിദ്ധീകരണമായ 'ദ വീക്', 'A lamb, lionised' എന്ന തലക്കെട്ടിൽ 2016-ൽ സവർക്കറെ കുറിച്ച് നടത്തിയ അന്വേഷണ റിപോർട്ട് പ്രസിദ്ധീകരിച്ചതിന് 2021-ൽ നൽകിയ ക്ഷമാപണം.

ഇത്തരം കാര്യങ്ങളിൽ വിമർശനം ഉന്നയിക്കുമ്പോൾ മാധ്യമപ്രവർത്തനത്തിന്റെ സങ്കീർണ്ണതകളും ധർമ്മസങ്കടങ്ങളും അത്ര എളുപ്പത്തിൽ മനസിലാക്കപ്പെടുന്നില്ല. ടെലിവിഷൻ വന്നപ്പോൾ വളരെ വോക്കലായ സംഘപരിവാർ പ്രതിനിധികൾ സ്‌ക്രീൻ സ്പേസ് നേടിയെന്നത് ശരിയാണ്. ഇപ്പോൾ ഈ വിമർശനം ഉന്നയിച്ച എം.വി. നികേഷ്‌കുമാർ ഉൾപ്പടെ മലയാളത്തിൽ വാർത്താ ടെലിവിഷന്റെ തുടക്കകാലത്തെ നടത്തിപ്പുകാർക്ക് അതിൽ പങ്കുണ്ട്. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ടെലിവിഷൻ ചതുരത്തിലാണ് ഉയർന്നുവന്നത്. പി.സി. ജോർജ് ഒരുപക്ഷേ നികേഷ് കുമാറിന്റെ മാത്രം സൃഷ്ടിയാണെന്നുപോലും പറയാം. ഇക്കാര്യത്തിൽ ആത്മ വിമർശനത്തിന്റെ ആവശ്യമുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ എനിക്ക് മറ്റൊരു അഭിപ്രായമുണ്ട്. ടെലിവിഷൻ സ്‌ക്രീനിൽ നിന്ന് മാറ്റിനിർത്തപ്പെട്ടാൽ ഇല്ലാതാവുന്നതല്ല ഫാസിസം. ടെലിവിഷനിലേക്ക് എത്തുമ്പോൾ അവർ തുറന്നുകാട്ടപ്പെടുകകൂടി ചെയ്യും. അത് നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. മാധ്യമങ്ങളിൽ നിന്ന് ആരെയെങ്കിലും മാറ്റിനിർത്തിയോ മാധ്യമങ്ങളെ ബഹിഷ്‌കരിച്ചോ ഒരു രാഷ്ട്രീയ പ്രക്രിയയും സാധ്യമല്ല.

മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി വാർത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളിൽ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

മാനേജ്മെന്റുകളുടെ സ്വാധീനം കണ്ടന്റ് ഫിലോസഫിയിലുണ്ടാവുക എന്നത് സ്വാഭാവികമാണ്. പല മാധ്യമസ്ഥാപനങ്ങളും തുടങ്ങിയത് തന്നെ ചില സാമൂഹിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും ഭാഗമായാണ്. അത് അറിഞ്ഞുതന്നെയാണ് അവിടെ മാധ്യമപ്രവർത്തകർ ജോലിക്ക് എത്തുന്നതും. എന്നാൽ ജേണലിസത്തിന്റെ അടിസ്ഥാന സംഹിതകളിൽ നിന്ന് മാറിപ്പോവാതിരിക്കുക എന്നത് മാധ്യമപ്രവർത്തകരുടെ മാത്രം ഉത്തരവാദിത്വമാണ്. കെട്ടിവരിയാൻ പാകത്തിന് അവരരവരുടെ കൈകൾ വെച്ചുകൊടുക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ ജാഗ്രത. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ മഹാഭൂരിപക്ഷവും ആ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നവരാണ്, പ്രത്യേകിച്ചും ടെലിവിഷൻ ചാനലുകളിൽ.

മനോരമ ന്യൂസിലെയും ഏഷ്യാനെറ്റിലെയും സഹപ്രവർത്തകരുടെ ജോലിയെ സസൂഷ്മം നിരീക്ഷിച്ചാൽ അത് മനസിലാക്കാം. മാനേജ്മെന്റുകളുടെ തോട്ടക്കാരാകാൻ വിസമ്മതിക്കുന്ന മാധ്യമപ്രവർത്തകരാണ് ഈ രണ്ട് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരിൽ അധികവും- ഏഷ്യാനെറ്റിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. മോദി മന്ത്രിസഭയിലെ ഒരു അംഗം ഉടമസ്ഥനായിരിക്കുന്ന ഏഷ്യാനെറ്റിൽ, ആ ഗ്രൂപ്പിന് കീഴിലെ പല സ്ഥാപനങ്ങളും സംഘപരിവാറിന്റെ ഉപകരണമാക്കപ്പെട്ടതിന് ശേഷവും, വാർത്താ ഉള്ളടക്കം കുറേയൊക്കെ സെക്കുലർ സ്വഭാവം നിലനിർത്തുന്നു എന്നത് ചെറിയ കാര്യമല്ല. ഭൂതകാലത്തും ഇപ്പോഴും ആ ന്യൂസ് ടീമിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകരുടെ കളക്ടീവായ ധീരതയായാണ് ഞാൻ അതിനെ കാണുന്നത്.

മാനേജ്മെന്റിനും ന്യൂസ് റൂമിനുമിടയിൽ തീരുമാനം എടുക്കേണ്ട പൊസിഷനിൽ ഞാൻ ജോലി ചെയ്തത് ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന നാലുവർഷമാണ്. ഒറ്റ എഡിറ്റോറിയൽ മീറ്റിംഗിലും മാനേജ്മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടില്ല. സംപ്രേഷണം ചെയ്യണമെന്ന് എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ച ഒരു വാർത്തയും മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങി കൊടുക്കാതിരുന്നിട്ടുമില്ല. അതിനർഥം അവിടെ സമ്മർദ്ദങ്ങളുണ്ടായിരുന്നില്ല എന്നല്ല. കേരളത്തിലെ രാഷ്ട്രീയ രംഗത്തും ബിസിനസ് രംഗത്തുമുള്ള പന്ത്രണ്ട് പേരായിരുന്നു അതിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നുകൂടി ഓർക്കണം. അവിടെ മാനേജ്മെന്റുമായുണ്ടായ സംഘർഷങ്ങളെക്കുറിച്ച് ഇവിടെ വിസ്തരിച്ചുപറയാൻ ഉദ്ദേശിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രതിരോധം ഒറ്റപ്പെട്ട വ്യക്തികളുടെ സവിശേഷതയൊന്നുമല്ല. ഇന്ത്യാവിഷൻ വാർത്താസംഘത്തിന്റെ ഒരു പൊതുസ്വാഭാവം അങ്ങനെയായിരുന്നു. ഇപ്പോൾ മലയാളത്തിലെ മാധ്യമങ്ങളിൽ പൊതുവായിതന്നെ മാനേജ്മെന്റിന്റെ അക്വേറിയത്തിലെ സ്വർണ്ണമത്സ്യങ്ങളാകാൻ ശ്രമിക്കുന്നവർ കുറച്ചുപേർ മാത്രമാണ്. അവരെ ചൂണ്ടിക്കാട്ടിയാണ് വിമർശകർ ഒരു തൊഴിൽ മേഖലയെ ഒന്നാകെ ഭർത്സിക്കുന്നത്.

ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധർമം നിർവഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങൾക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ദീപികയും മലയാള മനോരമയും മുതൽ മലയാള മാധ്യമ മേഖലയുടെ മാനേജ്മെന്റ് ചരിത്രത്തിലുടനീളം ജനിതകമായിതന്നെ ഇടതുപക്ഷ വിരുദ്ധതയുണ്ട്. മാതൃഭൂമിയിലും ഒരു കാലത്തും ഇടതുപക്ഷ ആഭിമുഖ്യമുള്ള മാനേജ്മെന്റായിരുന്നില്ല. ഈ അടുത്തകാലത്ത് ഉദയംകൊണ്ട മാധ്യമത്തിനും മീഡിയാ വണ്ണിനും പ്രത്യയശാസ്ത്രപരമായി തന്നെ ഇടതുപക്ഷ വിരുദ്ധതയുണ്ട്. എന്നാൽ മലയാളത്തിലെ ഇടതുപക്ഷ നീരീക്ഷകരുടെയും സൈബർ പോരാളികളുടെയും കണ്ണിലെ കരടാകുന്നത് കൂടുതലായും ഇൻഡിവിജ്വൽ മാധ്യമപ്രവർത്തകർ മാത്രമാണ്. ഉദാഹരണത്തിന് പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ അസൈൻ ചെയ്യപ്പെട്ട അജയ ഘോഷിനോട്. മാധ്യമപ്രവർത്തകരെ ഒന്നാകെയോ ഒറ്റതിരിഞ്ഞോ അക്രമിക്കുക എന്ന പ്രതിരോധം മാത്രമാണ് അവർക്ക് അറിയാവുന്നത്. അത് പലപ്പോഴും പിണറായി വിജയനോടുള്ള ഭക്തിയിൽ അധിഷ്ഠിതമാണ്. അത്തരം സൈബർ വിമർശകരിൽ പലരും ഈ സംവിധാനത്തിന്റെ ആനുകൂല്യം പറ്റുന്നവരുമാണ്. അതിൽ മാധ്യമപ്രവർത്തകരുമുണ്ട് എന്നതാണ് ഖേദകരം.

ഇടതുപക്ഷ സർക്കാരിനെ വിമർശിക്കുന്നതും പ്രതിരോധത്തിലാക്കുന്ന തരത്തിൽ വാർത്തകൾ പുറത്തുകൊണ്ടുവരുന്നതും ഇടതുപക്ഷ വിരുദ്ധതയായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അതിന് ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. 2004-ലെ ഐസ്‌ക്രീം കേസുമുതൽ ഇങ്ങോട്ടാണ് മാധ്യമമേഖലയെ ഡിസ്‌ക്രഡിറ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായത്. തൊട്ടടുത്ത വർഷം എസ്.എൻ.സി ലാവ്ലിൻ കേസുകൂടി വന്നപ്പോൾ അത് സി.പി.എമ്മും ഏറ്റെടുത്തു എന്നുമാത്രം. വന്നുവന്ന്, സി.പി.എമ്മിന് ഹിതകരമായത് മാത്രമാണ് മഹത്തരമായ ജേണലിസം എന്ന നിലവന്നിട്ടുണ്ട് സാമൂഹികമാധ്യമങ്ങളിൽ. ചില ജേണലിസ്റ്റുകൾക്ക് സമൂഹ മാധ്യമങ്ങളിലെ പ്രമോട്ടർമാരെ കണ്ടെത്താനുള്ള വഴിയാണ് അത്. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചിട്ടും, പതിറ്റാണ്ടുകളോളം ന്യൂസ് റൂമുകളിൽ പ്രവർത്തിച്ചിട്ടും ക്യാമ്പസിലെ എസ്.എഫ്.ഐ മനസിൽ നിന്ന് വിടുതൽ നേടാത്ത ചിലരുണ്ട്. അക്കൂട്ടത്തിൽ മുന്തിയ എഡിറ്റർമാർ പോലുമുണ്ട്. ഈ പ്രൊഫഷന് അത്തരമൊരു വിടുതൽ അത്യാവശ്യമാണെന്ന് അവർ അറിയുന്നില്ല.

കേരളത്തിലെ ടെലിവിഷൻ ജേണലിസം ശരിയായ പാതയിൽ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദർഭങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, റിപ്പോർട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

സ്വർണ്ണക്കടത്ത് കേസിലെ മാധ്യമങ്ങളുടെ സമീപനത്തെ തുടക്കം മുതലെ വിമർശിച്ച ആളാണ് ഞാൻ. ഒരു കേന്ദ്രസർക്കാർ ഏജൻസിയുടെ വീഴ്ചയിൽ സംഭവിച്ച ഒരു കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും, കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സംഘപരിവാറിന് അനുകൂലമായി കളമൊരുക്കാനും ആസൂത്രിതമായി നീക്കം നടന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അന്വേഷണ ഏജൻസികളിൽ നിന്ന് റിപ്പോർട്ടർമാരിലേക്ക് വാർത്തകൾ ചോർത്തി നൽകപ്പെട്ട രീതി അതിനുമുൻപ് സംഭവിച്ചിട്ടില്ലാത്തതാണ്. ആ വാർത്താ പ്രളയം നടക്കുന്ന രാഷ്ട്രീയ പശ്ചാത്തലം മാധ്യമങ്ങൾ പരിഗണിച്ചില്ല എന്നതാണ് അവരുടെ ഭാഗത്തുണ്ടായ വീഴ്ച. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികൾക്ക് പുതിയ പല്ലും നഖവും നൽകുന്നത് അവർ കണ്ടില്ല. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പ്രതിപക്ഷ സംസ്ഥാനത്തിന് നേരെ കേന്ദ്രസർക്കാർ കാണിക്കുന്ന രാഷ്ട്രീയ അത്യാചാരമായി അത് കാണേണ്ടിയിരുന്നു. കവറേജിന്റെ അനുപാതവും സ്വഭാവവും അതിന് അനുസരിച്ച് ക്രമീകരിക്കപ്പെടേണ്ടിയിരുന്നു. അതുണ്ടായില്ല എന്നത് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വലിയ വീഴ്ച തന്നെയാണ്. ഇപ്പോഴത്തെ സ്വപ്ന കേസിലും ഈ അവധാനത നഷ്ടപ്പെടുന്നുണ്ട്. ഷാജ് കിരണും സ്വപ്നയുമൊക്കെ മുന്നോട്ടുവയ്ക്കുന്ന വാർത്തകളെ അവ അർഹിക്കുന്ന പ്രാധാന്യത്തോടെയേ കൈകാര്യം ചെയ്യാൻ പാടുള്ളൂ. കൃത്രിമമായി നിർമ്മിക്കപ്പെടുന്ന തലക്കെട്ടുകളും അതിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന സൂപ്പർലേറ്റീവ് പ്രയോഗങ്ങളും മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത തകർക്കും.

ടെലിവിഷൻ മാധ്യമങ്ങൾക്ക് മാത്രമായി എന്തെങ്കിലും രോഗബാധയുണ്ടെന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ ദൈനംദിന രാഷ്ട്രീയത്തിന്റെ നടത്തിപ്പുക്കാരുടെ മുഖം തെളിയുന്നതും വാക്കുകൾ കേൾക്കുന്നതും ടെലിവിഷനിലായതുകൊണ്ട് സംഭവിക്കുന്നതാണത്. 24 മണിക്കൂർ ലൈവായി നിൽക്കുന്ന ഒരു സ്‌ക്രീനിൽ എഡിറ്ററുടെ ഇടപെടലിന് പരിമിതിയുണ്ട്. എന്നാൽ എല്ലാ വാർത്താസംഘങ്ങൾക്കും ലിഖിതമായ എഡിറ്റോറിയൽ പോളസി ഉണ്ടാക്കിയും റിപ്പോർട്ടർമാർക്ക് എത്തിക്കലായ തൊഴിൽ സംഹിത നിർബന്ധമാക്കിയും പരിഹരിക്കേണ്ട പ്രശ്നമാണിത്. ചാനലുകളിലെ പരിചയം വന്ന റിപ്പോർട്ടർമാർക്ക് ഇതിൽ മുൻകൈ എടുക്കാൻ സാധിക്കും. ഇപ്പോഴത്തെ ഈ വിശ്വാസ പ്രതിസന്ധിയെ മലയാള മാധ്യമ മേഖലയ്ക്ക്, അതിലെ ജേണലിസ്റ്റുകളുടെ തൊഴിൽപരമായ കരുത്തിന്റെ പിൻബലത്തിൽ, മറികടക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.

മുഖ്യധാരാ മാധ്യമങ്ങളുടെ എളുപ്പത്തിൽ വിധേയപ്പെടുന്ന മാനേജ്മെന്റുകളിലോ അവരോട് ചങ്ങാത്തത്തിലായ രാഷ്ട്രീയ പാർട്ടികളിലോ അല്ല എന്റെ വിശ്വാസം. ഒന്നേകാൽ നൂറ്റാണ്ടിലേറെ അനുഭവമുള്ള മലയാള മാധ്യമപ്രവർത്തനത്തിലാണ്, അത് സൂക്ഷ്മതയോടെ ചെയ്യുന്ന മാധ്യമപ്രവർത്തകരിലാണ്.

Comments