പാരമ്പര്യ ഭാരമില്ലാതെ, നൂറും കടന്ന് ട്രൂകോപ്പി വെബ്സീൻ

സൗജന്യമായി വായിക്കാവുന്ന രണ്ട് പാക്കറ്റുകളിലായി 165 എഴുത്തുകാരാണ്, വെബ്‌സീനിന്റെ നൂറാം പാക്കറ്റിനൊപ്പം വായനക്കാർക്കു മുന്നിലെത്തുന്നത്. 100 പാക്കറ്റുകളിൽനിന്ന് തെരഞ്ഞെടുത്ത 100 മാറ്ററുകളുമായി Best of Truecopy Webzine പാക്കറ്റ്, ഒപ്പം, ഏറ്റവും പുതിയ കഥകളും കവിതകളും അഭിമുഖങ്ങളും ലേഖനങ്ങളുമടങ്ങിയ 100 -ാം പാക്കറ്റും.

ട്രൂ കോപ്പി വെബ്‌സീൻ തുടങ്ങുമ്പോൾ അതിന് മലയാളത്തിൽ പൂർവമാതൃകയില്ലായിരുന്നു. പുതിയ കാലത്തെ ജേണലിസത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എത്തിക്‌സിനെ ബദൽധാരയിൽ മാത്രമല്ലാതെ, മുഖ്യധാരയിൽ തന്നെ സ്ഥാപിക്കാനായിരുന്നു ശ്രമം. ആ ശ്രമം പാരമ്പര്യഭാരമില്ലാതെ നൂറും കടന്ന് മുന്നേറുകയാണ്.

പ്രിന്റ് മാധ്യമങ്ങളുടെ അപ്രമാദിത്തം ഇല്ലാതാകുകയും അവിടേക്ക് ഡിജിറ്റൽ മാധ്യമങ്ങൾ കടന്നുവരികയും ചെയ്യുന്ന ഒരു കാലം കൂടിയാണിത്. ഉടമസ്ഥതയുടെയും മൂലധനത്തിന്റെയും കുത്തകയും ഉള്ളടക്കത്തിലെ യാഥാസ്ഥിതികതയും വായനക്കാരിൽനിന്നുള്ള അന്യവൽക്കരണവും ഒരു പരിധിവരെ ഇല്ലാതായി. ജനാധിപത്യപരവും ബഹുസ്വരവുമായ ഒരു മീഡിയ സ്‌പെയ്‌സ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രൂപപ്പെട്ടു. എന്നാൽ, ഇത്തരം ഇടങ്ങളും മലയാളിയെ സംബന്ധിച്ച് അപ്രാപ്യമായിരുന്നു. കാരണം, രാഷ്ട്രീയനിലപാടുള്ള എഡിറ്റർഷിപ്പിന്റെ അഭാവം, പുതിയ ഉള്ളടക്കങ്ങളെ അരാഷ്ട്രീയതയിലേക്കും വലതുപക്ഷത്തേക്കും പരിമിതപ്പെടുത്തി. ഈ ഹൈജാക്കിങ്ങിൽ നിന്ന് ഡിജിറ്റൽ മീഡിയയുടെ മാത്രമല്ല, ജേണലിസത്തിന്റെ തന്നെ പുരോഗമനപരമായ വീണ്ടെടുപ്പായിരുന്നു ട്രൂ കോപ്പിയുടെ തുടക്കകാലത്തുണ്ടായിരുന്ന വെല്ലുവിളി. ഇതിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനായി എന്നതുതന്നെയാണ് ട്രൂ കോപ്പിയുടെ ഭാവിയെക്കുറിച്ചും അത്രമേൽ നിശ്ചയദാർഢ്യത്തോടെ സംസാരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. വെബ്‌സീനിന്റെ 100 പാക്കറ്റുകൾ ആ നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യങ്ങൾ കൂടിയാണ്. നിലപാടും നവീന സാങ്കേതികവിദ്യയും ഒരുമിക്കുന്ന പുതിയൊരു പ്ലാറ്റ്‌ഫോമിനായിരുന്നു ട്രൂ കോപ്പിയുടെ ശ്രമം. വെബ്‌സീൻ എന്ന മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ മാഗസിന്, നൂറ് പാക്കറ്റുകളിലൂടെ ആ ലക്ഷ്യത്തിലെത്താനായിട്ടുണ്ട്. ഇന്ത്യൻ മാധ്യമലോകത്തുതന്നെ മലയാളത്തിന്റെ ഏറ്റവും പുതിയ മാധ്യമത്തിന്റെ അടയാളമായിക്കഴിഞ്ഞു, വെബ്‌സീൻ.

പുതിയ തലമുറയുടെ ഗൗരവകരമായ വായന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നു എന്നതിന്റെ സൂചനയായിരുന്നു ട്രൂ കോപ്പിയുടെ ദീർഘമായ ടെക്സ്റ്റുകൾക്കും പോഡ്കാസ്റ്റുകൾക്കും ലഭിച്ച പ്രതികരണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വായനയുടേയും കാഴ്ചയുടേയും ഒരു ക്വാണ്ടം ജംപ് സാധ്യമായി, ട്രൂ കോപ്പിയിലൂടെ. ഈ കണ്ടന്റിന്റെ വായനക്കാരും കേൾവിക്കാരും ഒരു പുതിയ ക്ലാസിൽ പെട്ടവരുമായിരുന്നു; വായനയുടെ നിലവാരത്തിൽ ഒരുതരം വിട്ടുവീഴ്ചയും പുലർത്താത്തവർ, എല്ലാവിധ യാഥാസ്ഥികതകളെയും കുടഞ്ഞെറിഞ്ഞവർ.

കൃത്യമായ രാഷ്ട്രീയ പക്ഷമുള്ള എഴുത്തുകാരുടെ സാന്നിധ്യമാണ് ട്രൂ കോപ്പിയുടെ സവിശേഷത. സ്ത്രീ എഴുത്തുകാരാണ് അവരിലേറെയും. ഒപ്പം, ഇന്ത്യക്കുപുറത്ത് ജീവിക്കുന്ന മലയാളി എഴുത്തുകാരുടെ പുതിയ തലമുറ, ഇതുവരെ ആവിഷ്‌കരിക്കപ്പെടാത്ത സ്വന്തം അനുഭവലോകം വായനക്കാരുടെ മുന്നിൽ തുറന്നുവെച്ചു. സമൂഹത്തിലെ വ്യത്യസ്തമാർന്ന പ്രതിനിധാനങ്ങൾ അവരുടെ സ്വത്വപരവും സാമ്പത്തികവും സാമൂഹികവും വർഗപരവുമായ അതിജീവനപ്രശ്നങ്ങൾ ട്രൂ കോപ്പിയിലൂടെ തുറന്നു പറഞ്ഞു. ഗൗരവമേറിയ സമകാലിക വിഷയങ്ങൾക്കൊപ്പം, രാഷ്ട്രീയത്തിലെയും സാഹിത്യത്തിലെയും സയൻസിലെയും കലയിലെയും സിനിമയിലെയുമെല്ലാം ഭാവുകത്വപരിണാമങ്ങളെ, കൃത്യമായ എഡിറ്റോറിയൽ പ്ലാനിങ്ങിലൂടെ ഡിജിറ്റലായി രേഖപ്പെടുത്താൻ കഴിഞ്ഞു. ആഴ്ചക്കപ്പുറത്തേക്കും വികസിക്കുന്ന വായനയിലൂടെ ഓരോ വെബ്‌സീൻ പാക്കറ്റും ഇപ്പോഴും സമകാലികമായി തന്നെ തുടരുന്നു.

ഒരുതരത്തിലുമുള്ള കാണാച്ചരടുകളും നിക്ഷിപ്ത താൽപര്യങ്ങളും നിയന്ത്രിക്കാനില്ലാത്ത, ജേണലിസത്തിന്റെ സ്വതന്ത്രമായ ആവിഷ്‌കാരം ഉറപ്പുവരുത്തുന്ന ഒരു എഡിറ്റോറിയൽ നയത്തിന്റെയും എഡിറ്റോറിയൽ ടീമിന്റെയും സൃഷ്ടിയാണ് ട്രൂ കോപ്പി വെബ്‌സീനും തിങ്ക് പോർട്ടലും. ഇന്ത്യൻ മാധ്യമലോകത്തിലെ സവിശേഷമായ ഒരു ബ്രേക്കിങ് ഘട്ടമായി ട്രൂ കോപ്പിയെ വിപുലപ്പെടുത്താനാണ് ശ്രമം. പിന്നിട്ട നാളുകളിലെ അനുഭവങ്ങൾ അതിനുള്ള ഇന്ധനമായി മാറിയിട്ടുണ്ട്.

സൗജന്യമായി വായിക്കാവുന്ന രണ്ട് പാക്കറ്റുകളിലായി 165 എഴുത്തുകാരാണ്, വെബ്‌സീനിന്റെ നൂറാം പാക്കറ്റിനൊപ്പം വായനക്കാർക്കു മുന്നിലെത്തുന്നത്. 100 പാക്കറ്റുകളിൽനിന്ന് തെരഞ്ഞെടുത്ത 100 മാറ്ററുകളുമായി Best of Truecopy Webzine പാക്കറ്റ്, ഒപ്പം, ഏറ്റവും പുതിയ കഥകളും കവിതകളും അഭിമുഖങ്ങളും ലേഖനങ്ങളുമടങ്ങിയ 100 -ാം പാക്കറ്റും. ട്രൂകോപ്പി വെബ്‌സീനിൽ ഈ മാറ്ററുകളെല്ലാം സൗജന്യമായി വായിക്കുകയും കേൾക്കുകയും ചെയ്യാം.

Comments