ജീവിതം തിരിച്ചുപിടിച്ച മനുഷ്യരുടെ
നിർവികാര ലോകങ്ങൾ

ചൂരൽമലയിലെയും പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും അവശേഷിക്കുന്ന ഓരോ മനുഷ്യർക്കും അതിജീവിച്ചതിന്റെ ഭയാനകമായ ഒരുപാട് കഥകൾ പറയാനുണ്ട്. അവരുടെ മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നം തന്നെയാണ്. സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ടതിനേക്കാളുപരി, അവർ കടന്നുവന്ന ദുരന്തത്തെ കുറിച്ചുള്ള ഓർമകൾ. അതിൽനിന്ന് മുക്തമാകാൻ ഒരുപാടു നാളുകൾ വേണം. അതിന് അവർക്ക് സഹായം വേണം- മാധ്യമപ്രവർത്തക ജിഷ ജോസഫ് എഴുതുന്നു.

തിരാവിലെ നല്ല ഉറക്കത്തിലാണ് വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞത്. പെട്ടെന്നുതന്നെ ടി.വി വച്ചു. ഇരുട്ടത്താണ് രക്ഷാപ്രവർത്തനം. ചാനൽ റിപ്പോർട്ടർമാർ ആരും എത്തിയിരുന്നില്ല. പെട്ടെന്ന് ബാംഗ്ലൂർ ടീമിനോട് വയനാട്ടിലേക്ക് തിരിക്കാനുള്ള അറേഞ്ച്മെൻറ്സ് ചെയ്തിട്ട് വയനാടുള്ള പരിചയക്കാരായ റിപ്പോർട്ടർമാരെയെല്ലാം മാറിമാറി വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. അവസാനം രാഷ്ട്രീയക്കാരനായ സുഹൃത്തിനെ വിളിച്ചപ്പോൾ അദ്ദേഹം ചെറിയൊരു രൂപം തന്നു. ടി.വിയിൽ കാണുന്ന വിഷ്വൽസിൽ നിന്ന് ഏകദേശം ഒരു ധാരണ കിട്ടിയിരുന്നു. ഒരു വയനാട്ടുകാരിയായതുകൊണ്ടും മേപ്പാടി ചൂരൽപുഴ ഭാഗത്തെ ഭൂപ്രകൃതിയെ കുറിച്ച് നന്നായി അറിയാവുന്നതുകൊണ്ടും മനസ്സിൽ വല്ലാത്ത ആശങ്കയുണ്ടായിരുന്നു.

ഒരുപാട് മുഖങ്ങൾ അവിടെ കണ്ടു. കുടുംബം ഒന്നടങ്കം രക്ഷപ്പെട്ടവർ വളരെ കുറവായിരുന്നു.
ഒരുപാട് മുഖങ്ങൾ അവിടെ കണ്ടു. കുടുംബം ഒന്നടങ്കം രക്ഷപ്പെട്ടവർ വളരെ കുറവായിരുന്നു.

രണ്ടുദിവസം കഴിഞ്ഞാണ് ഞാൻ വയനാട്ടിലെത്തിയത്. നേരെ പോയത് മേപ്പാടി സ്കൂളിൽ പ്രവർത്തിച്ചിരുന്ന റിലീഫ് ക്യാമ്പിലേക്കാണ്. അപ്പോഴും ഇടവിട്ട് ആംബുലൻസുകൾ വരുന്നുണ്ടായിരുന്നു. തിരച്ചിലിൽ കിട്ടുന്ന മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും സ്കൂളിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെൻററിൽ ക്രമീകരിച്ചിരുന്ന താൽക്കാലിക മോർച്ചറിയിലേക്ക് കൊണ്ടുവരുന്നതും കുട്ടികൾ അടക്കമുള്ള ബന്ധുക്കൾ തിരിച്ചറിയാൻ പോകുന്നതും കണ്ടു. തങ്ങളുടെ ഉറ്റവരുടേതല്ല അതൊന്നും എന്ന് തിരിച്ചറിഞ്ഞ് ഇറങ്ങിവരുന്നവർ ഒരു ഭാഗത്ത്, പ്രതീക്ഷിക്കാത്ത മുഖങ്ങൾ കണ്ട് തിരിച്ചുവരുന്നവർ മറുഭാഗത്ത്- വല്ലാത്ത കാഴ്ചയായിരുന്നു അത്. എല്ലാവരുടെയും മുഖത്ത് ഒരേ നിർവികാരത.

പിന്നീട് തിരച്ചിൽ നടക്കുന്ന ചൂരൽമല ഭാഗത്തേക്ക് പോയി. സേനാവിഭാഗങ്ങൾ, എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പോലീസ്, മറ്റു സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെല്ലാം ചേർന്ന തിരച്ചിൽ, ഒപ്പം നാട്ടുകാരും. ഓരോ വീടിരുന്ന സ്ഥലവും മറ്റും നാട്ടുകാർ രക്ഷാപ്രവർത്തകർക്ക് കാണിച്ചു കൊടുക്കുന്നു. ഒരു തുണിക്കഷണമോ മറ്റോ കണ്ടാൽ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു മാറും. തങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലുമാണോ അവിടെയുള്ളത് എന്നറിയാനുള്ള ആകാംക്ഷ.

അടുത്തുനിന്നിരുന്ന ചേട്ടനോട്, വീട് എവിടെയായിരുന്നു എന്ന് ചോദിച്ചു. കുന്നിൻ മുകളിൽ ഉരുൾപൊട്ടലിന്റെ ബാക്കിപത്രമായി നിൽക്കുന്ന ചാലി സൈഡിലേക്ക് അദ്ദേഹം വിരൽചൂണ്ടി: ‘‘ആ കുന്നിന്റെ മുകളിൽ, ഒരു വശത്തായിരുന്നു വീട്. രാത്രി വലിയ ശബ്ദം കേട്ട് ഞങ്ങൾ കുന്നിന്റെ മുകളിലേക്ക് കയറിനിന്നു. അതുകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ്. വീടൊക്കെ പോയി, ഞങ്ങളെല്ലാവരും ക്യാമ്പിലാണ്. രാത്രി ആദ്യം ഉരുൾപൊട്ടലുണ്ടായപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. കുതിച്ചുവരുന്ന വെള്ളം കണ്ട് ഞങ്ങളും ഉയർന്ന ഭാഗത്തേക്ക് ഓടിമാറി, അതുകൊണ്ടാണ് രക്ഷപ്പെട്ടത്’’.

‘‘കഴിഞ്ഞ ഒരാഴ്ചയായി അസാധാരണമായി മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറെ പേർ മാറി താമസിച്ചു, പക്ഷേ ഇത്തരത്തിലൊരു ദുരന്തത്തിനെക്കുറിച്ച് ആരും സൂചിപ്പിച്ചില്ല’’.

ഒരുപാട് മുഖങ്ങൾ അവിടെ കണ്ടു. കുടുംബം ഒന്നടങ്കം രക്ഷപ്പെട്ടവർ വളരെ കുറവായിരുന്നു. പലരും കൂട്ടത്തിൽ കാണാതായ ഉറ്റവരെ തേടിയാണ് അവിടെ നിന്നിരുന്നതെന്ന് പിന്നീട് മനസ്സിലായി. ജെ സി ബി നിർത്താതെ തിരയുന്നുണ്ടായിരുന്നു.

‘‘ഇതെല്ലാം ചൂരൽമല ടൗണായിരുന്നു. ഞങ്ങളെല്ലാം വൈകീട്ട് പാലത്തിനക്കരെയുള്ള ചായക്കടയിൽ ഒരുമിച്ചു കൂടിയിരുന്നു’’, ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടുമുമ്പുള്ള ഉയർന്ന ഭാഗം കാണിച്ച് അയാൾ പറഞ്ഞു; ‘‘ഞങ്ങളുടെ ശിവന്റെ അമ്പലമായിരുന്നു ഇത്. 150 വർഷം പഴക്കമുള്ള അമ്പലത്തിന്റെ ശ്രീകോവിലാണ് പൊങ്ങി നിൽക്കുന്നത്’’.

എല്ലാം നഷ്ടപ്പെട്ടിട്ടും, ആ യാഥാർത്ഥ്യവുമായി പൂർണമായും പൊരുത്തപ്പെടാനാവാത്ത  കുറെയാളുകളാണ് ഇന്ന് ദുരന്തഭൂമിയിലുള്ളത്.
എല്ലാം നഷ്ടപ്പെട്ടിട്ടും, ആ യാഥാർത്ഥ്യവുമായി പൂർണമായും പൊരുത്തപ്പെടാനാവാത്ത കുറെയാളുകളാണ് ഇന്ന് ദുരന്തഭൂമിയിലുള്ളത്.

പിറ്റേന്ന് അമ്പലം താണുപോയ സ്ഥലത്തായി ഞങ്ങളുടെയെല്ലാം നിൽപ്പ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ, തിരച്ചിലിനായി പോകുന്ന നാട്ടുകാരനായി ചേട്ടൻ പറഞ്ഞു, അവിടെയിരുന്ന് ഊണ് കഴിക്കരുത്, അത് ശിവന്റെ അമ്പലമാണ്.
ഞങ്ങൾ അല്പം മാറിയിരുന്നു.

ഒരുപാട് മുഖങ്ങളെ അവിടെ കണ്ടു. എല്ലാം നഷ്ടപ്പെട്ടിട്ടും, ആ യാഥാർത്ഥ്യവുമായി പൂർണമായും പൊരുത്തപ്പെടാനാവാത്ത കുറെയാളുകൾ. അവർക്കിടയിലാണ്, ചൂരൽമലയിലേക്ക് വരുന്നവരോടും തിരിച്ചു പോകുന്നവരോടും ‘ചായ കുടിച്ചോളൂ, ചായ കുടിച്ചോളൂ’ എന്നുപറഞ്ഞ് ചായ കൊടുക്കുന്ന അബൂക്കയെ കണ്ടത്. അബൂക്കയ്ക്ക് ദുരന്തഭൂമി കാണാൻ കരുത്തില്ല. തന്നാലാവുന്നത് ചെയ്യണമല്ലോ എന്നു കരുതി എല്ലാവർക്കും ചായ കൊടുക്കുകയാണ്. അതിനിടയിൽ പ്ലാസ്റ്റിക് കപ്പുകളും കവറുകളുമെല്ലാം എടുത്ത് വൃത്തിയാക്കിയിരുന്ന രണ്ട് സ്ത്രീകളെ ശ്രദ്ധിച്ചു.

ആദിവാസി കുടുംബത്തെ സാഹസികമായി കാട്ടിൽ നിന്ന് രക്ഷിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആ കഥ പറഞ്ഞു. അഞ്ചു വയസ്സായിട്ടും കളിപ്പാട്ടം പോലും കണ്ടിട്ടില്ലാത്ത ആദിവാസി കുട്ടി, ദാരിദ്ര്യത്തിൽ മുങ്ങി ജീവിക്കുന്ന കുടുംബം.

പിറ്റേദിവസമാണ് നടൻ മോഹൻലാൽ വന്നത്. ആർമി താൽക്കാലികമായി ഉണ്ടാക്കിയ പാലത്തിൽ നിന്ന് മോഹൻലാൽ മാധ്യമപ്രവർത്തകരുമായി വഴിമുടക്കുംവിധം സംസാരിച്ചുനിൽക്കു​മ്പോൾ, ഇടയിലേക്ക് ഒരു സ്ത്രീ കയറിവന്നു; ‘‘സാറേ, ഞങ്ങളുടെ ഉറ്റവരും ഉടയവരും ആ മണ്ണിനടിയിൽ ഇപ്പോഴുമുണ്ട്. അവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നവർക്ക് അല്പം വെള്ളവും ഭക്ഷണവും എത്തിക്കണം. നിങ്ങളുടെ പോലുള്ളവർ ഈ വഴിമുടക്കരുത്’’.

അതെ, തലേന്നുകണ്ട സ്ത്രീകളിൽ ഒരാളാണ്. മോഹൻലാൽ പോയിക്കഴിഞ്ഞപ്പോൾ അവരോട് ഒരു സോറി പറയണം എന്നു തോന്നി. വഴിമുടക്കിയതല്ല, അവിടെ നിൽക്കാൻ നിർദ്ദേശമുണ്ടായിരുന്നു, അതുകൊണ്ടാണ്.

സബിത എന്ന ആ ചൂരൽമലക്കാരി പറഞ്ഞു, ‘‘ഞങ്ങൾക്കും നിങ്ങളോട് വിരോധമുണ്ടായിട്ടല്ല, പക്ഷേ സാഹചര്യം നിങ്ങൾക്കറിയാമല്ലോ. പലരും മണ്ണിനടിയിലാണ്, എവിടെയെങ്കിലും ഒരു ജീവനുണ്ടെങ്കിലോ? അതുകൊണ്ടാണ് ഞാൻ അങ്ങനെ സംസാരിച്ചത്. ഞാനും നാത്തൂനും വെള്ളം കൊടുത്തു സഹായിക്കാൻ നിൽക്കുന്നത് ഞങ്ങളെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നറിയാനാണ്. ദുരന്തമുണ്ടായ രാത്രി ഒന്നരയ്ക്ക് ഞങ്ങൾ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റിയില്ല. നാട്ടുകാർ ആരൊക്കെയോ കുറെ പേരെ രക്ഷപ്പെടുത്തി കൊണ്ടുവന്നു. അതിനിടയിലാണ് ഒരു കുഞ്ഞുകുട്ടിയെ ഞങ്ങളുടെ കയ്യിൽ കിട്ടിയത്. ചെളിയിൽ പൊതിഞ്ഞിരുന്ന ആ കുഞ്ഞിന്റെ മുഖത്തെ ചെളി പതുക്കെ കൈകൊണ്ട് മാറ്റിയപ്പോഴാണ് മനസ്സിലായത്, ആറുമാസം പ്രായമുള്ള കൂട്ടുകാരിയുടെ കുഞ്ഞാണെന്ന്. പിന്നീടാണ് അവളെ കിട്ടിയത്’’- സബിത ഒന്നു നിർത്തി, പിന്നെ തുടർന്നു; ‘‘ഞങ്ങളെല്ലാം എല്ലാ പ്രശ്നത്തിലും ഒരുമിച്ച് നിന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അസാധാരണമായി മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറെ പേർ മാറി താമസിച്ചു, പക്ഷേ ഇത്തരത്തിലൊരു ദുരന്തത്തിനെക്കുറിച്ച് ആരും സൂചിപ്പിച്ചില്ല’’.

മേപ്പാടിക്കടുത്ത് മകളും മരുമകനും അടക്കം 10 പേരോളം നഷ്ടപ്പെട്ട ഒരു കുടുംബത്തിലേക്ക് ഞങ്ങൾ പോയി. നാലു വയസ്സുകാരി ഒന്നുമറിയാതെ കട്ടിലിൽ കളിക്കുകയാണ്. അവളുടെ ഉപ്പയെയും ഉമ്മയെയും ചേച്ചിയെയും മറ്റു ബന്ധുക്കളെയും കാണാതായി. നാലു പേരെ കിട്ടി. ബാക്കിയുള്ളവരെ ഇതുവരെ കിട്ടിയിട്ടില്ല. മോൾ ​ഇതൊന്നും അറിഞ്ഞിട്ടില്ല. അവൾ പറയുന്നത്, അവരെല്ലാം മണ്ണിനടിയിലാണെന്നാണ്.
ഒന്നും പറയാനാകാതെനിന്നു, അവിടെ.

റിപ്പോർട്ടിംഗിലെ ഒരിക്കലും മറക്കാനാവാത്ത കാഴ്ച, പുത്തുമലയിലെ കൂട്ട സംസ്കാരമായിരുന്നു. 31 മൃതദേഹങ്ങളും 156 ദേഹഭാഗങ്ങളും ഒരുമിച്ചുള്ള സംസ്കാരം. മന്ത്രിമാരും രാഷ്ട്രീയക്കാരും മുതൽ സർവമത പ്രാർത്ഥന നടത്തേണ്ട മതനേതാക്കളും നാട്ടുകാരുമെല്ലാം വന്നിരുന്നു. കൃഷി ചെയ്യാൻ ഭൂമിയൊരുക്കുന്നതുപോലെ ബുൾഡോസർ കൊണ്ട് അടുത്തടുത്ത്, പല വലിപ്പത്തിൽ കുഴികളെടുത്തിരുന്നു. ആദ്യം 16 മൃതദേഹങ്ങൾ നിരത്തിവച്ചു. സർവമത പ്രാർത്ഥന കഴിഞ്ഞ് ചടങ്ങ് ആരംഭിച്ചു.

പിന്നെ, 15 കൊച്ചുകുട്ടികളുടെ ശരീരങ്ങളടങ്ങിയ പെട്ടികളെടുത്തു. അത് കാണാനാകാത്ത കാഴ്ചയായിരുന്നു. പി പി കിറ്റ് ഇട്ട വളണ്ടിയർമാരായിരുന്നു മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും സംസ്കരിക്കുന്നതിന് ചുമതലയുണ്ടായിരുന്നവർ. അതിനിടയിലൂടെ ഒരു മുണ്ടുടുത്ത മനുഷ്യൻ ഓടിനടന്ന് മൺവെട്ടി കൊണ്ട് കുഴിമാടങ്ങൾ മൂടുന്നതുകണ്ടു. തന്റെ പ്രിയപ്പെട്ടവരാരോ ഇതിനിടയിൽ തിരിച്ചറിയാതെയുണ്ടാകാം എന്ന തോന്നലിലാകാം അദ്ദേഹത്തെ ആ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ആ കാഴ്ച ദിവസങ്ങളോളം മനസ്സിൽ നിന്ന് പോകാതെ നിന്നു.

റിപ്പോർട്ടിംഗിലെ ഒരിക്കലും മറക്കാനാവാത്ത കാഴ്ച, പുത്തുമലയിലെ കൂട്ട സംസ്കാരമായിരുന്നു. 31 മൃതദേഹങ്ങളും 156 ദേഹഭാഗങ്ങളും ഒരുമിച്ചുള്ള സംസ്കാരം.
റിപ്പോർട്ടിംഗിലെ ഒരിക്കലും മറക്കാനാവാത്ത കാഴ്ച, പുത്തുമലയിലെ കൂട്ട സംസ്കാരമായിരുന്നു. 31 മൃതദേഹങ്ങളും 156 ദേഹഭാഗങ്ങളും ഒരുമിച്ചുള്ള സംസ്കാരം.

ചൂരൽമലയിലെയും പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും അവശേഷിക്കുന്ന ഓരോ മനുഷ്യർക്കും ഇതുപോലെ ഒരുപാട് കഥകൾ പറയാനുണ്ട്. അവരുടെ മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നം തന്നെയാണ്. സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ടതിനേക്കാളുപരി, അവർ കടന്നുവന്ന ദുരന്തത്തെ കുറിച്ചുള്ള ഓർമകൾ. അതിൽനിന്ന് മുക്തമാകാൻ ഒരുപാടു നാളുകൾ വേണം. അതിന് അവർക്ക് സഹായം വേണം. റിലീഫ് ക്യാമ്പുകളിൽ മാധ്യമപ്രവർത്തകരെ വിലക്കിയതിനെ കുറിച്ച്, കൗൺസിലിംഗ് കൊടുക്കുന്ന ഒരു ഡോക്ടർ പറഞ്ഞതോർക്കുന്നു. ക്യാമ്പിലുള്ളവരെല്ലാം ടി.വി വാർത്ത നോക്കിയാണിരിക്കുന്നത്. കുഞ്ഞ് മരിച്ചതെല്ലാം ഒരമ്മ അറിഞ്ഞത് അങ്ങനെയാണ്. തങ്ങളുമായി ബന്ധപ്പെട്ട ഓരോ വാർത്തകളും അവരറിയുന്നത് ടി.വിയിൽനിന്നാണ്. പെട്ടെന്നുണ്ടാവുന്ന ഷോക്ക് അതിജീവിക്കാൻ അവർക്കാവുന്നില്ല. ദുരന്തവാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മാനദണ്ഡം കൊണ്ടുവരുന്നത് നന്നായിരിക്കും.
അവിടെ കണ്ട ടീച്ചർമാർ പറഞ്ഞ ഒരു കാര്യമുണ്ട്; അവരുടെ കുഞ്ഞുങ്ങൾ കടന്നുപോകുന്ന മാനസികാവസ്ഥ. ഈ കുഞ്ഞുങ്ങളിൽ പലരും ഡി എൻ എ ടെസ്റ്റിനും തിരിച്ചറിയാനുമൊക്കെ പോകേണ്ടിവന്നവരാണ്. ക്യാമ്പിലെ ചിരിയിലും കളിയിലും അവർ പങ്കെടുക്കുന്നുണ്ട്. എല്ലാം യാന്ത്രികമാണ്. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവരിക എന്നത് അത്ര എളുപ്പമല്ല.

അതിനിടയിൽ, ആദിവാസി കുടുംബത്തെ സാഹസികമായി കാട്ടിൽ നിന്ന് രക്ഷിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആ കഥ പറഞ്ഞു. അഞ്ചു വയസ്സായിട്ടും കളിപ്പാട്ടം പോലും കണ്ടിട്ടില്ലാത്ത ആദിവാസി കുട്ടി, ദാരിദ്ര്യത്തിൽ മുങ്ങി ജീവിക്കുന്ന കുടുംബം. കേരളത്തിലും ഇത്തരം അവസ്ഥകളുണ്ടെന്നത് പുതിയ അറിവായിരുന്നു.

രക്ഷപ്പെട്ട കുഞ്ഞുങ്ങൾ കടന്നുപോകുന്ന മാനസികാവസ്ഥ അതിഭീകരമാണ്. ഈ കുഞ്ഞുങ്ങളിൽ പലരും ഡി എൻ എ ടെസ്റ്റിനും തിരിച്ചറിയാനുമൊക്കെ പോകേണ്ടിവന്നവരാണ്.
രക്ഷപ്പെട്ട കുഞ്ഞുങ്ങൾ കടന്നുപോകുന്ന മാനസികാവസ്ഥ അതിഭീകരമാണ്. ഈ കുഞ്ഞുങ്ങളിൽ പലരും ഡി എൻ എ ടെസ്റ്റിനും തിരിച്ചറിയാനുമൊക്കെ പോകേണ്ടിവന്നവരാണ്.

നിഖിൽ മല്ലശ്ശേരി എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞത് മറ്റൊരു കഥയാണ്. മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയുമെടുത്ത് കുത്തിയൊലിക്കുന്ന ചൂരൽപുഴയുടെ മുകളിലൂടെ നടത്തിയ റോപ് എസ്കേപ്പ്. ആ കഥ പറഞ്ഞുനിർത്തുമ്പോൾ അദ്ദേഹം വികാരാധീനനായി, ‘എനിക്ക് എന്റെ കുഞ്ഞിനെയാണ് ഓർമ വന്നത്’.
ഇത്തരം ഓഫീസർമാർ എന്നും നമുക്ക് മുതൽക്കൂട്ടാണ്.

രക്ഷപ്പെട്ടവരിൽ ഒരാൾക്കും ഇനി അവിടെ താമസിക്കാൻ ധൈര്യമില്ല. 2019-ലെ പുത്തുമല ദുരന്തം അവർ നേരിട്ട് കണ്ടതാണ്. അതിനുശേഷം ഒരുറക്കത്തിലാണ് എല്ലാം നഷ്ടപ്പെട്ടത്. കയ്യിൽ ബാക്കിയായ ജീവിതം എങ്ങനെയെങ്കിലും മുൻപോട്ടു കൊണ്ടുപോകണം. അതിനവർക്കുവേണ്ടത് അധികാരികളുടെയും മറ്റുള്ളവരുടെയും കൈത്താങ്ങാണ്.

ഉറക്കത്തിനിടെ ഒരു നിമിഷം​ കൊണ്ട് ഉറ്റവരെയും ജീവിതകാലമത്രയും സമ്പാദിച്ചതും നഷ്ടപ്പെട്ട ഒരു വലിയ വിഭാഗം ജനതയാണ് ചൂരൽമലയിലും മുണ്ടക്കയിലും പുഞ്ചിരിമട്ടത്തും അവശേഷിക്കുന്നത്. അവരെല്ലാം പറഞ്ഞതിൽ നിന്ന് മനസ്സിലായ ഒരു കാര്യമുണ്ട്; അവരിലാർക്കും ഇനി അവിടെ താമസിക്കാൻ ധൈര്യമില്ല. 2019-ലെ പുത്തുമല ദുരന്തം അവർ നേരിട്ട് കണ്ടതാണ്. അതിനുശേഷം ഒരുറക്കത്തിലാണ് എല്ലാം നഷ്ടപ്പെട്ടത്. കയ്യിൽ ബാക്കിയായ ജീവിതം എങ്ങനെയെങ്കിലും മുൻപോട്ടു കൊണ്ടുപോകണം. അതിനവർക്കുവേണ്ടത് അധികാരികളുടെയും മറ്റുള്ളവരുടെയും കൈത്താങ്ങാണ്. അതൊരിക്കലും ആരുടെയും വായടപ്പിക്കാനോ കണ്ണിൽ പൊടിയിടാനോ ഉള്ള ഒന്നായിരിക്കരുത്.

അതീവ ഗുരുതരമായ ഒരു ദുരന്തം അതിജീവിച്ച ഈ നാട്ടുകാർക്ക് ഇനി വേണ്ടത്, ഒരുമിച്ച് ജീവിക്കാനുള്ള അവസരമാണ്. ചോരാത്തതും കാറ്റടിച്ചാൽ ഇളകിപ്പോകാത്തതുമായ വീടുകൾ വേണം. ജോലി ചെയ്ത് ജീവിക്കാനാകണം. പരസ്പരം താങ്ങും തണലുമായി അവർക്ക് ജീവിക്കാനാകണം. അതാവണം നമ്മുടെ ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനം എന്ന സത്യത്തെ നമ്മൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം എന്ന സത്യത്തെ നമ്മൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം എന്ന സത്യത്തെ നമ്മൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളം പോലെ കുന്നും മലയും പുഴകളുമുള്ള ഒരു സംസ്ഥാനത്ത്, ഇതിന്റെ ആഘാതം എത്രയായിരിക്കുമെന്ന് നമ്മുടെ ഭരണാധികാരികൾ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ വേണം. വികസന പദ്ധതികൾ പ്ലാൻ ചെയ്യുമ്പോൾ കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും ചർച്ചയാക്കണം. പശ്ചിമഘട്ട മലനിരകൾക്ക് ഇനിയും അധികം പിടിച്ചുനിൽക്കാനാവില്ല.

മേപ്പാടി പോലുള്ള സ്ഥലങ്ങളിലെ കാലാവധി കഴിഞ്ഞ പാട്ട കരാറുകാരെ പിരിച്ചുവിടാൻ സർക്കാറിന് കഴിയണം. കാലാവസ്ഥക്കനുസരിച്ച കൃഷിരീതികളും പുതിയ ടൂറിസം പദ്ധതികളും വിഭാവനം ചെയ്യണം. പ്രകൃതിയെ ഉപദ്രവിക്കാത്ത പദ്ധതികൾക്കു മാത്രം അനുവാദം കൊടുക്കുന്ന സംസ്ഥാനമായി നമ്മുടെ നാട് മാറേണ്ടിയിരിക്കുന്നു. വാർത്താപ്രാധാന്യം കുറയും തോറും മറ്റുള്ളവരുടെ ഓർമയിൽനിന്ന് ഈ നാട്ടുകാർ വിസ്മൃതിയിലാവും. പക്ഷേ അവശേഷിക്കുന്ന അവരുടെ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുതീർക്കാൻ അവസരം നൽകേണ്ടത്, നാം ഓരോരുത്തരുടെയും, അധികാരികളുടെയും ഉത്തരവാദിത്തമാണ്.

Comments