അറുപതുകളുടേയും എഴുപതുകളുടേയും വസന്തദീപ്തമായ ഇന്ത്യൻ കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ലിങ്ക് വാരികയും പേട്രിയറ്റ് ദിനപത്രവും ലോകമാകെയുള്ള ഇടതുപക്ഷത്തിന് ചാർത്തിക്കൊടുത്ത പ്രൗഢമായ ജനപക്ഷ നിലപാടിന്റെ അച്ചടിമുദ്രകൾ ചരിത്രത്തിന്റെ ചത്വരങ്ങളിൽ നിന്ന് അത്ര പെട്ടെന്നൊന്നും മായ്ച്ചുകളയാനാവില്ല. സോവിയറ്റ് യൂണിയന്റെ ആശ്രിതവാൽസല്യം ആവോളമനുഭവിക്കാൻ സാധിച്ച സി.പി.ഐയുടെ സുവർണകാലഘട്ടത്തിലാണ് ആ പാർട്ടിയുടെ അനൗദ്യോഗിക ജിഹ്വകളായി ഈ പത്രവും വാരികയും രാജ്യതലസ്ഥാനത്തെ കുത്തകമാധ്യമങ്ങൾക്ക് വെല്ലുവിളിയായി ഉയർന്നുവന്നതും വെല്ലുവിളികളെ സുധീരം മറികടന്ന് മുപ്പത് വർഷം നിലനിന്നതും. ഡൽഹി മഥുരാ റോഡിൽ ബഹദൂർ ഷാ സഫർമാർഗിൽ തലയുയർത്തിനിന്ന ലിങ്ക് ഹൗസിനെ ഒരു കാലത്ത് സി.പി.ഐ കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനോളം പ്രാധാന്യത്തോടെയാണ് കോൺഗ്രസ്- ഇടത് നേതാക്കളും പുരോഗമന കലാകാരന്മാരും മറ്റും കണ്ടിരുന്നത്. തലശ്ശേരി തിരുവങ്ങാട്ടെ കപ്പന കണ്ണൻ മേനോന്റെയും എടത്തട്ട രുഗ്മിണിയമ്മയുടേയും മകനായ എടത്തട്ട നാരായണൻ എന്ന എഡിറ്ററായിരുന്നു, ലിങ്കിന്റെയും പേട്രിയറ്റിന്റെയും ജീവനാഡി. ഈ രണ്ട് മാധ്യമങ്ങളിലൂടെ സെക്യുലർ ഇന്ത്യയുടെ ചിത്രങ്ങൾ അനാവൃതമാക്കപ്പെട്ടു. ഇന്ത്യൻ മാധ്യമലോകത്ത് മൂന്നു പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന് ആരോരുമറിയാതെ മാഞ്ഞുപോയ പ്രതിഭാശാലിയായ ഒരു പത്രാധിപരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണ് ‘എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും'. മലയാള മനോരമ പത്രാധിപസമിതി അംഗമായ പി. രാംകുമാറിന്റെ 22 വർഷത്തെ കഠിനാധ്വാനമാണ്, ഈയൊരു പുസ്തകത്തിന്റെ പ്രസാധനം സാക്ഷാൽകൃതമാക്കിയത്.
കേരളത്തിൽപോലും ഏറെ അറിയപ്പെടാത്ത എഡിറ്ററാണ് എടത്തട്ട. ഇന്ത്യയിലെ ആദ്യ വാർത്താ വാരികയായ ലിങ്ക്, ആദ്യ ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായ പേട്രിയറ്റ് എന്നിവയുടെ സ്ഥാപക പത്രാധിപരെക്കുറിച്ച് നിരവധി പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടേയും മറ്റും അടിസ്ഥാനത്തിലാണ് രാംകുമാർ ഈ പുസ്തകം രചിച്ചത്. പുതുതലമുറ മാധ്യമപ്രവർത്തകർ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
പത്രപ്രവർത്തനത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാമെന്നു തെളിയിക്കുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മികച്ച മൂല്യങ്ങൾ കാത്തുസൂക്ഷിച്ച പത്രാധിപരായി മാറുകയും ചെയ്ത വ്യക്തിത്വമാണ് എടത്തട്ടയുടേത്. ദേശീയ പ്രസ്ഥാനത്തിനുവേണ്ടി പത്രപ്രവർത്തനത്തിലൂടെ പോരാടിയ എടത്തട്ട, ജയിൽവാസമനുഭവിച്ചു. പക്ഷേ താനൊരു സ്വാതന്ത്ര്യസമരപോരാളിയാണെന്നു പറയുകയോ അതിന്റെ പേരിൽ ആനുകൂല്യം പറ്റുകയോ ചെയ്തില്ല, അദ്ദേഹം.
കോൺഗ്രസിനകത്തെ വലതുപക്ഷവും വൈദേശിക പിൻബലത്തോടെ
പ്രതിലോമശകതികളും വൻ കുത്തകകളുടെ സഹായത്തോടെ നടത്തിപ്പോന്ന പത്രങ്ങളുടെ മുതലാളിത്ത താൽപര്യങ്ങൾക്കും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്കും ബദലായി സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് പേട്രിയറ്റും ലിങ്കും ആരംഭിച്ചത്.
‘നട്ടെല്ലുള്ള പത്രാധിപർ’ എന്നാണ് എടത്തട്ട നാരായണനെ, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സി. രാധാകൃഷ്ണൻ വിശേഷിപ്പിക്കുന്നത്. രാധാകൃഷ്ണന്റെ വാക്കുകൾ: ‘‘കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സയൻസ് ടുഡേ മാസികക്ക് ജന്മം നൽകി മൂന്നു കൊല്ലം അവിടെ ജോലി ചെയ്ത ശേഷം അത് കളഞ്ഞ് വെറുതെയിരിക്കുമ്പോഴാണ് എടത്തട്ടയെ കാണുന്നത്. തന്റെ കൂടെ കൂടുന്നോ എന്നദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കുന്ന പത്രമാണ് പേട്രിയറ്റ്. എനിക്കാണെങ്കിൽ പക്ഷമില്ല. അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കമൻറ്: ‘ഭൂമധ്യരേഖ' യിൽ കഴിയുന്നവർക്കും സ്വാഗതം. ഉദ്ദേശിച്ചതിലേറെ സ്വാതന്ത്ര്യം എനിക്കുകിട്ടി. രാവിലെ എഡിറ്റോറിയൽ മീറ്റിംഗിൽ ആർ ഏത് വിഷയം എഴുതണമെന്ന് തീരുമാനിക്കുമ്പോൾ ഒരു കീഴ്വഴക്കമുണ്ടായിരുന്നു. അഭിപ്രായം തുറന്നുപറയാം. സംഭവത്തെ കുറിച്ച് സത്യസന്ധമായി സംസാരിക്കാം. പത്രത്തിന്റെ പൊതുനിലപാട് എന്തെന്നത് രണ്ടാമതേ വരൂ. ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് ഞാൻ പഠിച്ചത് പ്രൊഫഷനൽ ജേണലിസമായിരുന്നെങ്കിൽ എടത്തട്ടയുടെ കൂടെ നിന്ന് പഠിച്ചത് ധാർമിക ജേണലിസം. ഏത് അധികാരിയേയും അധികാരത്തേയും പേടിക്കാനില്ല എന്ന പാഠമാണ് മുഖ്യം. പറയുന്നത് ശരിയാകണം. അത്രയേ വേണ്ടൂ.’’
കോൺഗ്രസിനകത്തെ വലതുപക്ഷവും വൈദേശിക പിൻബലത്തോടെ
പ്രതിലോമശകതികളും വൻ കുത്തകകളുടെ സഹായത്തോടെ നടത്തിപ്പോന്ന പത്രങ്ങളുടെ മുതലാളിത്ത താൽപര്യങ്ങൾക്കും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്കും ബദലായി സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് പേട്രിയറ്റും ലിങ്കും ആരംഭിച്ചത്. ആ ലക്ഷ്യം ഏറെക്കുറെ നിറവേറ്റാനും സാധിച്ചു. യഥാർഥ മാധ്യമപ്രവർത്തനത്തോടുള്ള എടത്തട്ടയുടെ പ്രതിബദ്ധതയായിരുന്നു അതിനു കാരണം. കോൺഗ്രസിനകത്തെ വലതുപക്ഷ ആശയക്കാരുടെയും മഹാസഖ്യത്തിന്റെ മറവിൽ തലയുയത്തിയ വർഗീയ ശകതികളുടേയും ഉറക്കം കെടുത്തുന്ന വാർത്തകളും ലേഖനങ്ങളും കൊണ്ട് നിറഞ്ഞു പേട്രിയറ്റ്. എടത്തട്ടയുടെ നേതൃത്വവും അരുണാ ആസഫലിയുടെ പങ്കാളിത്തവും പത്രസ്ഥാപനത്തിലെ തൊഴിലാളികളുടെ ആത്മാർഥതയും പേട്രിയറ്റിനെ മുൻനിരയിലെത്തിച്ചു. സി.പി.ഐ നേതൃത്വം ലിങ്കിനും പേട്രിയറ്റിനും അവരുടെ അനൗപചാരിക ജിഹ്വകളെന്നപോലെയുള്ള പിൻബലമാണ് നൽകിയത്.
ഡൽഹിയിലെ പത്രലോകം അടക്കിവാണ മലയാളികളുടെ ലേഖനങ്ങളിൽ നിന്നും കേട്ടെഴുത്തുകളിൽ നിന്നും കിട്ടിയ അറിവുകൾ കൂടി എടത്തട്ടയുടെ വ്യകതിത്വത്തിന് പരഭാഗശോഭ പകരാൻ ഗ്രകർത്താവിനെ സഹായിച്ചിട്ടുണ്ട്. പോത്തൻ ജോസഫ്, സി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ്, ആർ.പി. നായർ. സി.പി. രാമചന്ദ്രൻ, എം. ശിവറാം, കാർട്ടൂണിസ്റ്റ് ശങ്കർ, ടി.ജെ.എസ്. ജോർജ്, ടി.വി.ആർ. ഷേണായ്, വി.കെ. മാധവൻകുട്ടി എന്നിവരെല്ലാം എടത്തട്ടയെക്കുറിച്ച് പലപ്പോഴായി പരാമർശിച്ചിട്ടുണ്ട്. ഇവ പരമാവധി ശേഖരിക്കാൻ രാംകുമാറിന് സാധിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റ് കുട്ടിയുമായും എടത്തട്ടക്ക് നല്ല ബന്ധമായിരുന്നു. മരിക്കുന്നതിനു മുമ്പ് ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിൽ നിന്ന് എടത്തട്ടയെക്കുറിച്ച് കുട്ടി അയച്ച കുറിപ്പുകളെക്കുറിച്ചും രാംകുമാർ പുസ്തകത്തിൽ പറയുന്നുണ്ട്. പേട്രിയറ്റ് സ്ഥാപിക്കുന്നതിനുമുമ്പ് ഫ്രീ പ്രസ് ജേണൽ, ഹിന്ദുസ്ഥാൻ ടൈംസ്, പയനിയർ, ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ, ശങ്കേഴ്‌സ് വീക്കിലി എന്നിവയിലെല്ലാം പ്രവർത്തിച്ചതിന്റെ ചേതോഹരമായ അനുഭവങ്ങൾ എടത്തട്ട പലരോടും പങ്കുവെച്ചതും രാംകുമാർ പകർത്തിയിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്റെ പത്രപ്രവർത്തനചരിത്രം നമ്മുടെ രാഷ്ട്രീയ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുകയാണ്. അക്കാലത്താണ് നമ്മുടെ രാഷ്ട്രതന്ത്രവും നയങ്ങളും രൂപപ്പെട്ടത്.
ലിങ്ക് ഹൗസ് ഒരു കാലത്ത് രാജ്യത്തെ ഉൽപ്പതിഷ്ണുക്കളുടെ താവളമായിരുന്നു. എടത്തട്ട നാരായണനായിരുന്നു അവരുടെയെല്ലാം ആകർഷണം.
പാർട്ടി മുഖപത്രങ്ങളായിരുന്ന ക്രോസ് റോഡ്, ന്യൂ ഏജ് എന്നിവയിലും എഡിറ്ററായിരുന്നു എടത്തട്ട. പേട്രിയറ്റിന്റെ കേരള പ്രതിനിധിയായിരുന്ന ടി.വി.കെയുടെ സഹകരണവും പുസ്തകരചനയിൽ രാംകുമാറിന് സഹായമായി.
പ്രധാനമന്ത്രി പോലും കാത്തിരുന്ന് വായിച്ചൊരു പത്രപ്രവർത്തകനെയാണ്
പി. രാംകുമാർ ഈ ജീവചരിത്ര പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്.
പാഠപുസ്തകങ്ങളിലൂടെ ചരിത്രം പഠിക്കുന്നവർക്ക് ലഭിക്കുന്നതല്ല യഥാർഥ പത്രപ്രവർത്തന ചരിത്രം- അത്, ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ പത്രാധിപർ ചലപതി റാവു എഴുതിയ പാഠപുസ്തകമാണെങ്കിൽ പോലും. കാരണം, സ്വതന്ത്ര ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്റെ പത്രപ്രവർത്തനചരിത്രം നമ്മുടെ രാഷ്ട്രീയ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുകയാണ്. അക്കാലത്താണ് നമ്മുടെ രാഷ്ട്രതന്ത്രവും നയങ്ങളും രൂപപ്പെട്ടത്. ജ്ഞാനികളും ദീർഘദർശികളുമായ നിരവധി സമുന്നത നേതാക്കൾ ഇന്ത്യയുടെ രാഷ്ട്രീയം കെട്ടിപ്പടുക്കുമ്പോൾ അവരോട് തോളോടുതോൾ നിന്ന് പ്രവർത്തിക്കുകയായിരുന്നു പത്രപ്രവർത്തകരും. ഭരണാധികാരികളെ തിരുത്തേണ്ടിടത്ത് തിരുത്തിയും പ്രോത്സാഹിപ്പിച്ചും അവർ ജനാധിപത്യത്തിന്റെ നാലാം തൂണായി നിലയുറപ്പിച്ചു.
ജീവചരിത്രങ്ങൾ കഥാപുസ്തകം പോലെ രസിച്ചു വായിക്കുന്ന ഒരാളുടെ ഇഷ്ടവിഷയം പത്രപ്രവർത്തനം കൂടിയാവുമ്പോൾ സ്വാഭാവികമായും ജന്മമെടുക്കുന്ന ഒരപൂർവ്വ സൃഷ്ടിയാണ് എടത്തട്ടയുടെ ഈ ജീവചരിത്ര പുസ്തകം.
ഗ്രന്ഥകാരൻ ആമുഖത്തിലെഴുതുന്നു: എടത്തട്ടയെക്കുറിച്ച് എന്തുകൊണ്ട് ഇതുപോലൊരു പുസ്തകം ഇന്ത്യയിലെങ്ങും ഇറങ്ങിയില്ല എന്നത് സത്യത്തിൽ അത്ഭുതകരമായി തോന്നിയത് ഈ പുസ്തകത്തിനുവേണ്ട മെറ്റീരിയൽസ് സംഘടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ്. എടത്തട്ട ഒരു ഇതിഹാസമായിരുന്നു. ജീവിച്ചിരുന്ന കാലത്തും മരണശേഷവും. പക്ഷേ, അദ്ദേഹത്തിന്റെ വ്യകതിജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേ പ്രസിദ്ധീകൃതമായിരുന്നുള്ളൂ. ഒരു വിക്കിപീഡിയ പേജ് പോലും ഇല്ലാതിരുന്ന ഇതിഹാസം! (2005 സെപ്തംബറിലാണ് എടത്തട്ടയെ പറ്റി വളരെ പരിമിതമായ ഒരു പേജ് വിക്കിപീഡിയയിൽ പോലും പ്രത്യക്ഷപ്പെടുന്നത്.)
1999 - ൽ ഈ പുസ്തകത്തിന്റെ വിഭവ സമാഹരണം ആരംഭിക്കുമ്പോൾ അതുവരെ കിട്ടാവുന്ന മിക്കവാറും എഴുത്തുകൾ രാമേട്ടൻ സമാഹരിച്ചിരുന്നു. പക്ഷേ, അവയൊന്നും എടത്തട്ട എന്ന വ്യക്തിയെ പൂർണമായി മനസ്സിലാക്കാൻ പര്യാപ്തമല്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ആരോടെങ്കിലും സംസാരിക്കാനാവുമോ എന്ന ചിന്തയിലെത്തിയത്. അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ചിലരുടെ ഓർമകളിൽ നിന്നാണ് ഈ പുസ്തകത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറാവുന്നത്; 2004 ൽ. കാർട്ടൂണിസ്റ്റ് കുട്ടിയായിരുന്നു ഏറ്റവും സഹായിച്ച വ്യക്തിത്വം. അമേരിക്കയിൽ താമസമാക്കിയിരുന്ന അദ്ദേഹം വാർധക്യത്തിന്റെ അവശതകൾ വകവയ്ക്കാതെ എഴുതി. ചോദ്യങ്ങൾ ഗ്രന്ഥകർത്താവിന്റെ കൈയ്യിൽ സുലഭമായിരുന്നതു കൊണ്ട് ആ സ്മരണകൾ ഇടമുറിയാതെ ലഭ്യമായി. പിന്നീടങ്ങോട്ട് ഗവേഷണങ്ങളുടെയും കൂട്ടിച്ചേർക്കലുകളുടെയും കാലമായിരുന്നു. ഒടുവിൽ അമൂല്യമായ ഈ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് തയ്യാറായി. വിവരങ്ങളുടെയും വിവരണങ്ങളുടെയും കുത്തൊഴുക്കിൽ പെട്ട് ദൗത്യം മറന്നുപോയ ഒരു വായനാനുഭവം.
കേരളത്തിന്റെ വടക്കുനിന്നൊരാൾ ഇന്ത്യയുടെ വടക്കെത്തി ദേശീയ പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ കഥയാണ് ഈ പുസ്തകം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും അതിന്റെ പേരിൽ ഒരു കടലാസുകഷണം പോലും സമ്മാനമായി കൈപ്പറ്റുകയും ചെയ്യാതിരുന്ന നിസ്വാർത്ഥനായ പോരാളി, സാക്ഷാൽ ജവഹർലാൽ നെഹ്‌റുവിനൊപ്പം പതിവായി ചായ - ചില നേരങ്ങളിൽ സ്മോളും - കുടിക്കുന്ന ചങ്ങാതി, ഇടതുപക്ഷാഭിമുഖ്യമുള്ള ലിങ്ക് വാരികയും പേട്രിയറ്റ് പത്രവും ഇംഗ്ലീഷിൽ തുടങ്ങി വിജയിപ്പിച്ച പത്രാധിപർ, ബിസിനസുകാരുടെയോ രാഷ്ട്രീയകക്ഷികളുടെയോ പിൻബലമില്ലാതെ ഡൽഹിയുടെ ഹൃദയത്തിൽ ലിങ്ക് ഹൗസ് എന്ന വലിയ പത്രമോഫീസ് പണി തീർത്ത സംരംഭകൻ. 1907 മുതൽ 1976 വരെയുള്ള ആ ജീവിതം ഒരു ബോളിവുഡ് സിനിമയെ അതിശയിക്കുന്നത്ര സംഭവബഹുലമായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയിലും ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റിലുമൊക്കെയുള്ള കോളങ്ങളിലൂടെ ആയിരക്കണക്കിനു വായനക്കാരെ സ്വന്തമാക്കിയ എടത്തട്ട, ആത്മകഥ പോയിട്ട് മരുന്നിനൊരു പുസ്തകം പോലും എഴുതിയില്ല. ഇന്റർനെറ്റിൽ നല്ല ചിത്രങ്ങളോ വിക്കിപീഡീയയിൽ നല്ലൊരു ജീവചരിത്രക്കുറിപ്പോ ഇല്ല.
അച്ചടിമണം നുകർന്ന് സദാ ന്യൂസ് റൂമിൽ ജീവിതം ചെലവിട്ടപ്പാഴും കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെയാണ് എടത്തട്ട കടന്നുപോയത്. ടൈംസ് ഓഫ് ഇന്ത്യയിലും ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റിലുമൊക്കെയുള്ള കോളങ്ങളിലൂടെ ആയിരക്കണക്കിനു വായനക്കാരെ സ്വന്തമാക്കിയ എടത്തട്ട, ആത്മകഥ പോയിട്ട് മരുന്നിനൊരു പുസ്തകം പോലും എഴുതിയില്ല. ഇന്റർനെറ്റിൽ നല്ല ചിത്രങ്ങളോ വിക്കിപീഡീയയിൽ നല്ലൊരു ജീവചരിത്രക്കുറിപ്പോ ഇല്ല.
1978 സെപ്റ്റംബർ ഏഴ്. കോരിച്ചൊരിഞ്ഞ മഴ ഡൽഹി നഗരത്തെ നിശ്ചലമാക്കി. നിർത്താതെ പെയ്ത മഴയിൽ റെയിൽവെ ഉൾപ്പെടെയുള്ള ഗതാഗതം നിലച്ചു. യമുന കരകവിഞ്ഞു. നഗരം വെള്ളത്തിനടിയിലായി. ഏതാണ്ട് ഒരു ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. അന്നത്തെ എഡിറ്റോറിയലിൽ എടത്തട്ട ഭരണാധികരികളുടെ അലസതയെ നിശിതമായി വിമർശിച്ചു. വെള്ളപ്പൊക്കത്തിന്റെ കെടുതികളെക്കുറിച്ച് പിറ്റേന്നിറങ്ങുന്ന പേട്രിയറ്റിന്റെ പേജുകൾ പ്ലാൻ ചെയ്ത് അദ്ദേഹം ക്യാബിനിലേക്ക് പോയി. രാത്രി അച്ചടിയാരംഭിച്ചപ്പോൾ പ്രസിന് തകരാറ് സംഭവിച്ചു. തൊഴിലാളികളോടൊപ്പം നിന്ന് എടത്തട്ട കേടുപാട് തീർക്കാൻ സഹായിച്ചു. അർധരാത്രിയാണ് പ്രസ് വീണ്ടും പ്രവർത്തിക്കാനാരംഭിച്ചത്. കൈയിൽ പുരണ്ട ഗ്രീസും കരിമഷിയും കഴുകിക്കളഞ്ഞ് ആദ്യം അച്ചടിച്ച പത്രവുമായി മുറിയിലേക്കുപോയ എഡിറ്റർക്ക് സഹപ്രവർത്തകർ ഗുഡ്‌നൈറ്റ് പറഞ്ഞു. പിറ്റേന്നുരാവിലെ പരിചാരകൻ ചായയും മറ്റുപത്രങ്ങളുമായി പത്രാധിപരെ വിളിച്ചുണർത്താൻ ചെന്നപ്പോൾ അദ്ദേഹം അന്ത്യനിദ്രയിലായിരുന്നു. 71 വർഷം നീണ്ട ഒരു യാത്രയുടെ അവസാനമായിരുന്നു അത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.