കെ.യു.ഡബ്ലു.ജെ.യുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത സംസാരിക്കുന്നു

പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) ന്റെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.വി. വിനീത ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുന്നു. എതിർ സ്ഥാനാർത്ഥിയായ എം.പി. സൂര്യ ദാസിനെ ശക്തമായ മത്സരത്തിൽ 78 വോട്ടുകൾക്കാണ് വിനീത തോൽപ്പിച്ചത്. വിനീത 1515 വോട്ടുകൾ നേടി. വീക്ഷണം പത്രത്തിന്റെ തൃശൂർ ബ്യൂറോ സീനിയർ റിപ്പോർട്ടറാണ് എം.വി. വിനീത.

പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്ത്രീയാണ് താങ്കൾ. അത് ചരിത്രമാണ്. ശക്തമായ മത്സരം ഉണ്ടായിരുന്നു. എന്താണ് വിജയത്തിന്റെ അടിസ്ഥാനം എന്നാണ് തോന്നുന്നത്?

ഒരു വനിത ആദ്യമായി മത്സരിക്കാനെത്തുന്നു എന്നത് സ്ഥാനാർത്ഥി എന്ന നിലയിൽ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ടാകാം. ഒരു കൂട്ടായ പ്രവർത്തനമാണ് നടന്നത്. അതിന്റെ തുടർച്ച തന്നെയാണ് ഈ വിജയം. ശക്തമായ പോരാട്ടമായിരുന്നു നടന്നത്. ഒരു വനിതാ സ്ഥാനാർത്ഥി എന്ന നിലയ്ക്ക് യാതൊരു പരിമിതിയും എനിക്ക് ഉണ്ടായിരുന്നില്ല.

എതിർപക്ഷത്ത് മത്സരിച്ചയാളോട് ഏറെ ബഹുമാനമുണ്ട്. അദ്ദേഹത്തിനും അഭിമാനിക്കാവുന്ന പോരാട്ടമായിരുന്നു നടന്നത്. എന്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത് എന്നത് ഓരോരുത്തരുടേയും മനോവികാരങ്ങൾ അനുസരിച്ചാണ്. യൂണിയനിലെ എന്റെ മുൻകാല പ്രവർത്തനങ്ങളും ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെട്ടിട്ടുണ്ടാകാം. അതിനെല്ലാം ഉപരിയായി ഇത് ഒപ്പം നിന്നവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് എന്നാണ് ഉറച്ച് വിശ്വസിക്കുന്നത്.

മാധ്യമങ്ങളുടേയും മാധ്യമ പ്രവർത്തനത്തിന്റേയും രീതികൾ ആഗോള തലത്തിൽത്തന്നെ പരിണാമങ്ങൾക്കു വിധേയമാവുന്ന കാലത്തിലൂടെ കടന്നുപോവുകയാണ്. മാധ്യമ പ്രവർത്തനവും ജേണലിസ്റ്റുകളും മുൻപില്ലാത്ത വിധം വിമർശിക്കപ്പെടുകയും അതേ സമയം അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ കാലത്തെ ജേണലിസത്തെയും ജേണലിസ്റ്റുകളെയും എങ്ങനെയാണ് വിലയിരുത്തുന്നത്?

മാധ്യമ പ്രവർത്തകർ ഏറെ വിമർശിക്കപ്പെടുകയും തുറന്നുകാട്ടപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. മാധ്യമപ്രവർത്തനം എന്നതിന്റെ മികവ് കാലഘട്ടത്തിനൊപ്പം നിൽക്കേണ്ടത് ആവശ്യമാണ്. കൂടുതൽ സുതാര്യതയും കൂടുതൽ വ്യക്തതയും കൂടുതൽ ആധികാരികതയും വാർത്തകളിൽ കൊണ്ടുവരേണ്ട കാലഘട്ടമാണിത്. മുൻകാലങ്ങളിൽ മാധ്യമപ്രവർത്തകർ അതിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. മാധ്യമപ്രവർത്തന രീതിയ്ക്ക് ശോഷണം സംഭവിക്കുന്നു എന്ന ആശങ്ക സമൂഹത്തിൽ പ്രകടമാണ്. അത് ഒരു പക്ഷേ മാധ്യമമേഖലയിൽ സംഭവിച്ച പരിണാമങ്ങളുടെ ഫലമായുണ്ടായ സമ്മർദ്ദങ്ങളുടെ തുടർച്ചയായിരിക്കാം എന്നാണ് കരുതുന്നത്.
മാധ്യമപ്രവർത്തകർ വിമർശനത്തിന് വിധേയരാകുന്നുണ്ടെങ്കിലും സ്വയം നവീകരണത്തിന് കൂടി അവർ തയ്യാറാകുന്നുണ്ട്. പുതിയ കാലത്ത് ജേണലിസ്റ്റുകളുടേയും ജേണലിസത്തിന്റേയും പ്രസക്തി ഒട്ടും കുറയുന്നില്ല. കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ടു തന്നെയാണ് മാധ്യമപ്രവർത്തകർ മുന്നോട്ടുപോകുന്നത്.

എം.വി. വിനീത

പുരുഷൻമാർ ഭൂരിപക്ഷമായിരുന്ന ഒരു മേഖലയാണ് ജേണലിസം. ഭാഷയിൽ, കാഴ്ചപ്പാടിൽ, സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ, കുടുംബ വീക്ഷണത്തിൽ ഒക്കെ ആൺ കാഴ്ച, ആൺ ബോധം രൂപപ്പെടുത്തിയ രീതികളാണ് ഇവിടെയുള്ളത്. തീരുമാനങ്ങളെടുക്കുന്ന തലത്തിൽ സ്ത്രീകളുടെ എണ്ണം ഇന്നും നാമമാത്രമാണ്. KUWJ എന്ന സംഘടനയും ആ അർത്ഥത്തിൽ വ്യത്യസ്ഥമല്ല. അവിടെയാണ് വിനീതയുടെ വിജയത്തിന്റെ രാഷ്ട്രീയ പ്രസക്തി. നമ്മുടെ ന്യൂസ് റൂമുകൾ, മാധ്യമങ്ങൾ, സംഘടനകൾ എങ്ങനെ മാറണം എന്നാണ് ഒരു ജേണലിസ്റ്റ് എന്ന നിലയിൽ ആഗ്രഹിക്കുന്നത്?

ഏതൊരു വ്യക്തിയുടേയും പരിമിതികൾ നിശ്ചയിക്കേണ്ടത് ആ വ്യക്തി മാത്രമാണ്. അത് നിശ്ചയിക്കാൻ മറ്റാർക്കും അധികാരമില്ല. അത്തരം പരിമിതകളെക്കൂടി സാധ്യതകളാക്കി മാറ്റാൻ കഴിയുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം. അതിൽ സ്ത്രീ പുരുഷ വ്യത്യാസമുണ്ട് എന്ന് തോന്നിയിട്ടില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും വന്നിട്ടുണ്ട്. അത് മാധ്യമരംഗത്തും സംഭവിച്ചിട്ടുണ്ട്. യൂണിയന്റെ കാര്യമെടുത്താൽ തന്നെ 2017 ൽ രണ്ട് വനിതകൾ രണ്ട് ജില്ലകളിൽ നേതൃനിരയിലെത്തി. 2019ലും രണ്ട് വനിതകൾ യൂണിയനെ നയിച്ചു. അതിന്റെ തുടർച്ചയാണ് ഈ തിരഞ്ഞെടുപ്പും. വനിതകൾ മുന്നോട്ടു വരിക എന്നത് തന്നെയാണ് പ്രധാനം.

പലപ്പോഴും മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ പുരുഷകേന്ദ്രീകൃതമാകാറുണ്ട്. അത് ഉപയോഗിക്കുന്ന ആരുടേയും കുറ്റമാണ് എന്ന് തോന്നുന്നില്ല. അതൊരു ശീലമായി മാറിയതിനാലാവാം. അത്തരം ശീലങ്ങളിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. ആദ്യകാലങ്ങളിൽ വിരലിലെണ്ണാവുന്ന പെൺകുട്ടികൾ മാത്രമാണ് മാധ്യമരംഗത്തുണ്ടായിരുന്നത്. സമീപകാലത്തായി അതിന് വലിയ മാറ്റം വന്നു. കൂടുതൽ പെൺകുട്ടികൾ മാധ്യമരംഗത്തേയ്ക്ക് എത്തി. അവരെല്ലാം നല്ല രാഷ്ട്രീയബോധ്യമുള്ളവരുമാണ്. ന്യൂസ് റൂമുകളിൽ നവജനാധിപത്യ ബോധം രൂപപ്പെടുത്തുന്നതിൽ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നവരുമാണ് അവർ. ന്യൂസ് റൂമുകൾ അത്തരത്തിൽ രൂപാന്തരപ്പെടണമെന്ന് തന്നെയാണ് അഭിപ്രായം.

തൊഴിലാളി സംഘടനയാണ് KUWJ. മാധ്യമ സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങളിൽ പക്ഷേ വേണ്ട രീതിയിൽ, വേണ്ടത്ര രീതിയിൽ ഇടപെടാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മുൻകാല അനുഭവം. എതിർപക്ഷത്ത് മാധ്യമ മുതലാളിമാരാണ് എന്നത് തന്നെയാണ് കാരണം. മാനേജ്‌മെന്റിന്റെ കത്തുണ്ടെങ്കിൽ മാത്രം അംഗത്വം കിട്ടുന്ന ഒരു സംഘടനയിൽ തൊഴിലാളി സംഘടന എന്ന രീതിയിലുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?
KUWJ സംസ്ഥാന കമ്മറ്റിയിൽ ആകെ 36 അംഗങ്ങളിൽ 6 സ്ത്രീകൾക്ക് മാത്രമാണ് സംവരണം. മാധ്യമ രംഗത്ത് ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്ന കാലമാണ്. അംഗസംഖ്യയ്ക്കനുസരിച്ചുള്ള പ്രാതിനിത്യം സംഘടനയിൽ ഉണ്ടോ? അതിനായി എന്ത് ചെയ്യാൻ പറ്റും?

ഒരു സ്വയം തിരുത്തൽ ആവശ്യമുള്ള സമയമാണ് ഇത്. നാം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നതും എങ്ങോട്ടാണ് നാം പോകുന്നത് എന്നതും വളരെ മൂൻകൂട്ടി തിരിച്ചറിയേണ്ടതുണ്ട്. അത്തരം കാര്യങ്ങളിൽ വേണ്ട തിരുത്തലുകൾ വരുത്തി മുന്നേറേണ്ടതുണ്ട്. അവകാശങ്ങൾക്ക് വേണ്ടി ശക്തമായ പ്രക്ഷോഭം എന്നും ഉണ്ടായിട്ടുണ്ട്. ഇതര സംഘടനകളെപ്പോലെ പണിമുടക്കിയും മറ്റും സമരങ്ങൾ ചെയ്യാനുള്ള പരിമിതി സംഘടനയ്ക്ക് ഉണ്ട് എന്നത് വാസ്തവമാണ്. വേജ് ബോർഡ് നിലനിർത്താനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കും. മാറ്റങ്ങൾ സംഘടനാതലത്തിൽ ഉണ്ടാകുന്നുണ്ട്. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അംഗത്വം നൽകിയത് വലിയ മുന്നേറ്റമാണ്. അതു പോലെതന്നെയാണ് സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് ആറ് വനിതകൾക്ക് സംവരണം ലഭ്യമാക്കിയതും. അത് കാലക്രമേണ വർദ്ധിപ്പിച്ചു കൊണ്ടുവരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനുള്ള ശ്രമങ്ങൾ ഉണ്ടാകും.

Comments