ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ്​ മുഹമ്മദ്​ ഖാനെ മാധ്യമങ്ങൾ
​കാണേണ്ടപോലെ കാണുന്നുണ്ടോ?

ഗവർണറുടെ പ്രതിദിന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനിടയിൽ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സവർണവൽക്കരിക്കാനുള്ള നീക്കങ്ങളും മാധ്യമങ്ങൾ അവഗണിക്കുന്നതിന് എന്തുകൊണ്ടാവും?

ഴിഞ്ഞ ലോക്​സഭാ തിരഞ്ഞെടുപ്പിനുമുമ്പാണ്.
കോഴിക്കോട്ട്​ ഒരു ലിറ്ററേച്ചർ ഫെസ്റ്റിന് അതിഥിയായി എത്തിയതായിരുന്നു അരുന്ധതി റോയ്. കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങൾ അവരെ കേൾക്കാനെത്തിയിരിക്കുന്നു. ശബരിമലയിലേക്ക് ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച്​ സുപ്രീംകോടതി വിധി വന്ന സമയം കൂടിയായിരുന്നു അത്. പ്രസംഗത്തിൽ അതേക്കുറിച്ചൊന്നും പറയാത്തതുകൊണ്ടാവാം, ശബരിമല സ്ത്രീപ്രവേശന വിധിയെക്കുറിച്ചായിരുന്നു അരുന്ധതിറോയിയോടുള്ള ചോദ്യങ്ങളേറെയും. ഒടുവിൽ അവർ പറഞ്ഞു; തിരഞ്ഞെടുപ്പിനുമുമ്പ് സംഭവിക്കുന്നതെന്തായാലും, അതിനൊരു താൽപര്യമുണ്ടാകുമെന്ന്. അതിലൊരു സംഘിതാൽപര്യമുണ്ടാകുമെന്ന്.

ഇപ്പോൾ ഇത് ഓർത്തുപോയത്, കേരളത്തിലെ ഗവർണർ- സർക്കാർ പോരുമായി ബന്ധപ്പെട്ട സംഗതികളെ വളരെ നിഷ്‌ക്കളങ്കമായി കണ്ട്, രാഷ്ട്രീയനിരപേക്ഷമായി നിലപാടെടുക്കുന്നവരെ കാണുമ്പോഴാണ്. സംഘ്പരിവാർ അധീശത്വകാലത്ത് സംഭവിക്കുന്നതെന്തിലും, അതിലൊരു ഹിന്ദുത്വ അജണ്ടയുണ്ടാകുമെന്ന കാര്യം പല മാധ്യമങ്ങളും, നിഷ്‌ക്കളങ്കരായി പോകുന്ന മറ്റ് ചിലരും മറക്കുന്നുവെന്നതാണ് കാര്യം.

അരുന്ധതി റോയ്

ഈ നിഷ്‌കളങ്ക കൂട്ടം കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. ഇന്ത്യയിൽ നടന്ന അഴിമതി വിരുദ്ധ സമരങ്ങളിൽ പലതിലിന്റെ ചിറകിലേറിക്കൊണ്ടുകൂടിയാണ് ഇന്ത്യയിൽ സംഘ്പരിവാർ നിഷ്‌കളങ്ക മധ്യവർഗത്തിന്റെ മനസ്സിലേക്ക് കുടിയേറിയത്. അടിയന്തരാവസ്ഥക്കുമുമ്പ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന സമരം ഒരുദാഹരണം. ഇതിനെക്കാൾ പ്രകടമായിരുന്നു രണ്ടാം യു.പി.എ സർക്കാരിന്റെ അവസാനകാലത്ത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരം. ആ സമരത്തിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. അതറിയാൻ അന്നാ ഹസാരെയുടെ റാലിഗാൻ സിദ്ധിയിലൊന്നും പോകേണ്ട, അരവിന്ദ് കെജ്​രിവാളിന്റെ പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തനം നോക്കിയാൽ അതെന്താണെന്ന് ബോധ്യമാവും.

ഹിന്ദുത്വം കേരളത്തിൽ അവതരിപ്പിച്ച ദീർഘകാല പദ്ധതികൾ പലതും കേരളം ‘പൊതു'വാക്കി മാറ്റി അംഗീകരിച്ചിട്ടുണ്ട്. കർക്കടകമാസത്തെ രാമയാണ മാസമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞ് വർഷങ്ങളാവുമ്പോഴേക്കും അക്കാര്യം മലയാളികൾ ചെയ്​തതും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ കൊടിമാറ്റി കെട്ടി അവതരിപ്പിക്കുന്നതുമെല്ലാം ഇതിനുദാഹരണമാണ്.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഗവർണർ- സർക്കാർ ഏറ്റുമുട്ടലിന്റെ സ്വാഭാവിക ലക്ഷ്യം മേൽപറഞ്ഞതുതന്നെയാണ്. ഹിന്ദുത്വം കേരളത്തിൽ അവതരിപ്പിച്ച ദീർഘകാല പദ്ധതികൾ പലതും കേരളം ‘പൊതു'വാക്കി മാറ്റി അംഗീകരിച്ചിട്ടുണ്ട്. കർക്കടകമാസത്തെ രാമയാണമാസമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞ് വർഷങ്ങളാവുമ്പോഴേക്കും അക്കാര്യം മലയാളികൾ ചെയ്​തതും - ഇപ്പോൾ, കമ്യൂണിസ്റ്റ് പത്രം പോലും രാമായണ മാസത്തിന് സപ്ലിമെൻറിറക്കുന്നു- ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ കൊടിമാറ്റി കെട്ടി അവതരിപ്പിക്കുന്നതുമെല്ലാം ഇതിനുദാഹരണമാണ്.

അങ്ങനെയൊന്നും ഹിന്ദുത്വം ഇതുവരെ ചെറുക്കപ്പെട്ടിട്ടില്ല.

2011 ലെ അഴിമതി വിരുദ്ധ സമരത്തിനിടെ അന്നാ ഹസാരെയും അരവിന്ദ് കെജ്രിവാളും

കേരളത്തിലെ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്​ലിംകൾ, ശ്രദ്ധാപൂർവം എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ടുകൂടിയാണ് കേരളത്തിൽനിന്ന് സംഘ്പരിവാറിന് ജനപ്രതിനിധികൾ കുറയുന്നത്. അങ്ങനെ പറയുമ്പോഴും ഹിന്ദുത്വം സൃഷ്ടിച്ച പൊതുബോധത്തിന്റെ ഇരകളായി ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിൽ മാറിയിട്ടുണ്ടെന്നത് ചുറ്റും നോക്കിയാൽ മനസ്സിലാകും. അത് നിയമസഭയിലെ സീറ്റിന്റെ എണ്ണം നോക്കി രാഷ്ട്രീയം പറയുന്നവർക്ക് തിരിയണമെന്നില്ല.

കേരളത്തിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ കോടതിവിധിയും ഗവർണറുടെ ഇടപെടലുമെല്ലാം ചേരുമ്പോൾ ഉറപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ പതുക്കെ ഇല്ലാതാക്കപ്പെടുന്നു എന്നതാണ്.

ഇത് കാര്യമായി മനസ്സിലാകാത്തവർ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരാണെന്ന് തോന്നുന്നു. അവരെ സംബന്ധിച്ച്​ കേരളം ഇപ്പോഴും ഹിന്ദുത്വത്തിന് പിടിച്ചെടുക്കാൻ പറ്റാത്ത മതേതര പുരോഗമന കേരളമാണ്. ശബരിമല വിധി വന്നശേഷം കേരളത്തിലെ കോൺഗ്രസുകാരും, ലോക്​സഭാ തിരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷവും എത്ര സ്വാഭാവികമായാണ് ഹിന്ദുത്വത്തിന്റെ ആവശ്യങ്ങൾക്കുമുന്നിൽ ഫലത്തിൽ കീഴടങ്ങിയതെന്നും ഈ നാട് കണ്ടതാണ്. അതുകൊണ്ട് ബി.ജെ.പിയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റില്ലാത്തതുകൊണ്ട് കേരളം മതേതരത്വത്തിന്റെ ഉറച്ച കോട്ട എന്നൊക്കെ പറയുന്നത്, ആണ്ടി നല്ല അടിക്കാരനാണെന്ന ആണ്ടിയുടെ പറച്ചിൽ പോലെ മാത്രമേയുള്ളൂ. ആ പൊങ്ങച്ചത്തന് വലിയ സ്‌കോപ്പൊന്നുമില്ല

തിരഞ്ഞെടുപ്പിൽ മുന്നേറ്റം സാധ്യമാകാത്ത ഇടങ്ങളിൽ ഗവർണർമാരെന്ന സംഘ്പരിവാർ ഏജന്റുമാരെവെച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എങ്ങനെയാണ് ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ബംഗാളിൽ അട്ടിമറി സാധ്യതകൾ പരീക്ഷിച്ചതെന്നത് സമീപകാല ചരിത്രമാണ്. അതുപോലെ പ്രതിപക്ഷ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് നടക്കുന്നത്. കേരളത്തിൽ ആ ചുമതല ഏൽപ്പിച്ചിരിക്കുന്നത് ആരിഫ് മുഹമ്മദ് ഖാനെയാണ്. അദ്ദേഹം ആ പണി അദ്ദേഹത്തിന് ആവും വിധം ചെയ്യുന്നുവെന്നതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാൻ

സർവകലാശാലകളിലെ വൈസ് ചാൻസലറുമാരുടെ നിയമനമവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന വിവാദങ്ങളും കോടതി നിരീക്ഷണങ്ങളും അതിന്റെ പ്രത്യക്ഷത്തിലുള്ള കോലഹാലങ്ങൾക്കപ്പുറം സംഘ്പരിവാർ അജണ്ടയുടെ വിജയത്തിനായാണ് ഉപയോഗിക്കപ്പെടുന്നതെന്നത് ഒരു വസ്തുതയാണ്.

കേരളത്തിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ കോടതിവിധിയും ഗവർണറുടെ ഇടപെടലുമെല്ലാം ചേരുമ്പോൾ ഉറപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ പതുക്കെ ഇല്ലാതാക്കപ്പെടുന്നു എന്നതാണ്. സി.ബി.എസ്.ഇയിലൂടെയും അതുപോലുള്ള മറ്റ് കേന്ദ്രീകൃത സംവിധാനത്തിലൂടെയുമുള്ള പ്രവർത്തനങ്ങൾ മൂലം ഇപ്പോൾ തന്നെ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ രൂപപ്പെട്ടുവരികയാണ്. ഇതിനുപിന്നാലെയാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ യു.ജി.സിയുടേതായിരിക്കണമെന്ന്​ തീരുമാനിക്കപ്പെടുന്നത്.

മാധ്യമങ്ങൾക്ക് ഫാഷിസ്റ്റ് വിരുദ്ധമോ, ജനാധിപത്യപരമോ ആയ ഉള്ളടക്കം ഇല്ലാത്തതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതല്ല. അതാണ് ഇപ്പോൾ നമ്മുടെ കാലത്തെ ദുരന്തം.

സംസ്ഥാനങ്ങളിലെ സർവകാലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ കക്ഷി രാഷ്ട്രീയ താൽപര്യങ്ങളുടെ ആധിക്യമായിരിക്കാം, പ്രൊഫഷണൽ മികവിനെക്കാൾ കൂടുതൽ പ്രതിഫലിക്കുന്നത്. എന്നാൽ അതിന് പരിഹാരം കേന്ദ്രീകൃത സംവിധാനമോ, കേന്ദ്ര ഭരണകക്ഷിയുടെ ആളുകളെ നിയമിക്കലോ അല്ല.
യു.ജി.സിയുടെ മോദികാലത്തെ പ്രവർത്തനം എന്തെന്നതിന് സമീപകാലത്തെ അവരുടെ തീരുമാനങ്ങൾ മാത്രം നോക്കിയാൽ മതി. ജെ.എൻ.യുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കിയതിനുശേഷം യു.ജി.സി ചെയർമാൻ പദവിയിലെത്തിയ എം. ജഗദേഷ് കുമാറാണ് ഇപ്പോൾ അതിനെ നയിക്കുന്നത്.

ഭരണഘടനാദിനത്തിൽ യു.ജി.സി സർവകലാശാലകൾക്ക് നൽകിയ നിർദ്ദേശം, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പരകൾ നടത്തുന്നതിനാണ്. വ്യാജ ചരിത്രനിർമിതിയാണ് ഇതിലൂടെയും ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ തന്നെ ചാതുർവർണ്യത്തെ നീതികരിക്കുന്ന, അതാണ് ഏറ്റവും പ്രധാനമെന്ന് പറയുന്ന ഒരു കാലത്തെ ജനാധിപത്യവുമായി ചേർത്തുനിർത്തുന്നത് എങ്ങനെയാണ്. ഈ പരിപാടികളുടെ ക്വ​ട്ടേഷനാണ്​ യഥാർത്ഥത്തിൽ ഗവർണർ ഏറ്റെടുത്തിട്ടുള്ളതെന്ന കാര്യം വിസ്മരിച്ചാണ്​, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുല്യശോഷണത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങൾ നടത്തുന്നത്.

എം. ജഗദേഷ് കുമാർ

ഗവർണറുടെ പ്രതിദിന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനിടയിൽ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ സവർണവൽക്കരിക്കാനുള്ള നീക്കങ്ങളും മാധ്യമങ്ങൾ അവഗണിക്കുന്നതിന് എന്തുകൊണ്ടാവും? അത് മിക്ക വിഷയങ്ങളിലുമുള്ളതുപോലെ, അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ച്​ഉപരിപ്ലവതയിൽ അഭിരമിക്കാനുള്ള വ്യഗ്രത തന്നെയാണ്. ഉപരിപ്ലവതയെന്നത് എവിടെയും എപ്പോഴും വലതുപക്ഷത്തിന് പ്രിയപ്പെട്ടതാണ്. കേരളം അതിന്റെ കക്ഷി രാഷ്ട്രീയ വിധേയത്വത്തിന്റെ പൊങ്ങച്ചങ്ങൾ മാറ്റി നിർത്തിയാൽ ഒരു വലതുപക്ഷ സമൂഹം തന്നെയാണ്.

പരമോന്നത നേതാവിന്റെ വിശ്വസ്തനായ സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിലൂടെ നടത്തുന്നത് ഫാഷിസ്റ്റ് പ്രതിരോധമാണെന്ന് പറഞ്ഞാൽ ഭക്തസംഘത്തിലെ ചിലരും ഭിക്ഷാംദേഹികളുമല്ലാത്തവർക്ക് അത് ബോധ്യപ്പെടുത്തണമെന്നില്ല.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനോട് സംഘ്പരിവാരത്തിനും, അതുകൊണ്ടുതന്നെ അവരുടെ കേരളത്തിലെ മുഖ്യവക്താവായി പ്രവർത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനും ഉള്ള എതിർപ്പും വെറുപ്പും എല്ലാവർക്കും ഇപ്പോൾ അറിയാവുന്ന കാര്യമാണ്. അതുപോലെ ചരിത്രകാരൻ ഇർഫാൻ ഹബീബിനോടും. എന്നാൽ അതിന്റെ മാത്രം യുക്തിയിൽ ന്യായികരിക്കാവുന്നതാണോ അസോസിയേറ്റ് പ്രൊഫസർ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ മാറിമറഞ്ഞത്. പരമോന്നത നേതാവിന്റെ വിശ്വസ്തനായ സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിലൂടെ നടത്തുന്നത് ഫാഷിസ്റ്റ് പ്രതിരോധമാണെന്ന് പറഞ്ഞാൽ ഭക്തസംഘത്തിലെ ചിലരും ഭിക്ഷാംദേഹികളുമല്ലാത്തവർക്ക് അത് ബോധ്യപ്പെടുത്തണമെന്നില്ല. വിധേയപ്പെട്ടുനിൽക്കുന്നവരുടെ ആൾക്കൂട്ടം, അത് ആരുടെ മുന്നിലാണെങ്കിലും, ഒരു അമിതാധികാര പ്രവണതയെയും ചെറുക്കാൻ ശേഷിയുള്ള കൂട്ടമാവില്ല. പ്രതിരോധ രാഷ്ട്രീയത്തിന്റെ പ്രവർത്തനങ്ങളിൽ ഒരു തിരുത്തും വരുത്താനുള്ള രാഷ്ട്രീയ സാധ്യതകളെ ഇല്ലാതാക്കുന്നത് ഇത്തരം ആൾക്കൂട്ടങ്ങളാണ്.

അത്തരം ഒരു കൂട്ടത്തെ സൃഷ്ടിച്ചെടുത്ത്, ഫാഷിസ്റ്റ് വിരുദ്ധത എന്ന രാഷ്ട്രീയത്തെ സ്ഥാപിത താൽപര്യത്തിനുപയോഗിക്കുന്നത് രാഷ്ട്രീയ അധികാരകേന്ദ്രങ്ങളാണ്. അവരുടെ ഫാഷിസ്റ്റ് വിരുദ്ധത ചായകോപ്പയിലെ കൊടുങ്കാറ്റായി മാറുകയാണ് ചെയ്യുക. അതാണ് യു.എ.പി.എയും വിമതത്വത്തോടുള്ള വെറുപ്പും, നവലിബറൽ വികസന സമീപനവും അടക്കം, പലകാര്യങ്ങളിലും കേന്ദ്രവും സംസ്ഥാനവും ഒരേ പേജിലാകുന്നത്.

മാധ്യമങ്ങൾക്ക് ഫാഷിസ്റ്റ് വിരുദ്ധമോ, ജനാധിപത്യപരമോ ആയ ഉള്ളടക്കം ഇല്ലാത്തതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതല്ല. അതാണ് ഇപ്പോൾ നമ്മുടെ കാലത്തെ ദുരന്തം. അതിലേറെ ദുരന്തമാണ് ഫാഷിസ്റ്റ് വിരുദ്ധരെന്ന് പറയുന്നവരുടെ അരാഷ്ട്രീയ പകർന്നാട്ടങ്ങൾ. ▮


എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments