നരിക്കുട്ടി മോഹനൻ

ഇന്ദിരാഗാന്ധിക്ക് ​‘വേണ്ടപ്പെട്ട’
അടിയന്തരാവസ്ഥാക്കാലത്തെ
ദേശാഭിമാനി ദൽഹി ലേഖകൻ

ദൽഹിയിൽ എ.കെ​.ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നരിക്കുട്ടി മോഹനൻ, ‘ദേശാഭിമാനി’ ലേഖകനുമായിരുന്നു. ഇന്ദിരാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മോഹനന്റെ അടിയന്തരാവസ്ഥാക്കാലത്തെ പത്രപ്രവർത്തന​ത്തെക്കുറിച്ചെഴുതുന്നു, മകനും മാധ്യമപ്രവർത്തകനുമായ ജയകൃഷ്ണൻ നരിക്കുട്ടി.

രാജ്യത്ത് ഇടതുപക്ഷ മാധ്യമശൈലിക്ക് തുടക്കം കുറിച്ച മാധ്യമപ്രതിഭകളിൽ ഒരാളായിരുന്നു നരിക്കുട്ടി മോഹനൻ. ദേശാഭിമാനിക്കുവേണ്ടി ദീർഘകാലം ഡൽഹിയിൽ സ്പെഷ്യൽ കറസ്പോണ്ടൻ്റായി അദ്ദേഹം പ്രവർത്തിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, യാത്രാ സാഹിത്യകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും മികവ് തെളിയിച്ചു.

കമ്യൂണിസ്റ്റുകാരെ വേട്ടയാടി ജയിലിലടച്ച അടിയന്തരാവസ്ഥ അടക്കമുള്ള പ്രതിസന്ധിഘട്ടത്തിൽ നരിക്കുട്ടി ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്നു. ദേശീയ നേതാക്കളായ ഇന്ദിരാഗാന്ധി, എ.ബി. വാജ്പേയ്, ബൂട്ടാസിങ്, ജ്യോതി ബസു, സുർജിത് സിങ്ങ്, എ.കെ. ആൻ്റണി തുടങ്ങി അക്കാലത്തെ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ഒരിക്കൽ പരിചയപ്പെട്ടവർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.

എ.കെ.ജിയും നരിക്കുട്ടി മോഹനനും
എ.കെ.ജിയും നരിക്കുട്ടി മോഹനനും

ഇന്ത്യൻ പാർലമെൻറിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ഡൽഹിയിലെത്തുന്നത്.
വാർത്തകൾ എഴുതുന്നതിനോടൊപ്പം ശക്തമായ കാർട്ടൂണുകളും വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നൂറുകണക്കിന് കാർട്ടൂണുകൾ ദേശാഭിമാനിയുടെ പേജുകളിൽ അച്ചടിമഷി പുരണ്ടിട്ടുമുണ്ട്. പത്രത്തിന്റെ ഒന്നാം പേജിൽ സമകാലീന വിഷയങ്ങളെ അധികരിച്ച് നരിക്കുട്ടി ചെയ്ത പോക്കറ്റ് കാർട്ടൂണും ഏറെ ശ്രദ്ധിക്കപ്പെട്ടു. ടി.വി പ്രചാരത്തിലില്ലാത്ത തെരഞ്ഞെടുപ്പ് കാലത്ത് ക്യാരികാച്ചറുകളിലൂടെ ദേശീയ നേതാക്കളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പംക്തിയും നരിക്കുട്ടി ദേശാഭിമാനിയിൽ ചെയ്തു.
അടിയന്തരാവസ്ഥാ കാലത്തും ശേഷവും ദേശീയ രാഷ്ട്രീയത്തിലെ അന്തർനാടകങ്ങൾ, സഞ്ജയ് ഗാന്ധിയുടെ വിമാന അപകടമരണത്തിലെ ദുരൂഹത, തുടങ്ങിയ നിരവധി വാർത്തകൾ കേരളീയർ വായിച്ചത് നരിക്കുട്ടിയുടെ തൂലികയിലൂടെയാണ്. 1989 ഒക്ടോബർ 31 ന് 53-ാം വയസിൽ അർബുദ ബാധിതനായി അന്തരിച്ചു.

നരിക്കുട്ടി മോഹനന്റെ
അടിയന്തരാവസ്ഥാക്കാലം

ഫോർ അശോക റോഡായിരുന്നു ആദ്യകാലത്ത് ഡൽഹിയിൽ സി.പി.എമ്മിന്റെ കേന്ദ്ര ആസ്ഥാനം. ദീർഘകാലം അതുതന്നെയായിരുന്നു ആസ്ഥാന കേന്ദ്രം. പാർലമെൻ്റിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ എ കെ ജിക്ക് സർക്കാരിൽ നിന്ന് ലഭിച്ചതായിരുന്നു അത്. വിശാലമായ കോമ്പൗണ്ട് വാളോടുകൂടിയ മനോഹരമായ ബംഗ്ലാവ്. പച്ച പുൽത്തകിടി, ചെറിയ കൃഷിയിടം, ഓഫീസുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കായുള്ള ക്വാട്ടേഴ്സുകൾ, സർവൻ്റ് ക്വാട്ടേഴ്സുകൾ എന്നിവയൊക്കെ അവിടെയുണ്ടായിരുന്നു. കേരളത്തിൽ നിന്ന് ജോലി തേടി വരുന്നവരായിരുന്നു സർവൻ്റ് ക്വാട്ടേഴ്സുകളിൽ താമസിച്ചിരുന്നത്. അവിടെ മിക്കപ്പോഴും പത്തോ ഇരുപതോ യുവാക്കൾ ഉണ്ടാവും. അതിൽ ജോലിയുള്ളവരും ഇല്ലാത്ത വരുമുണ്ട്. ജോലിയുള്ളവർ കൊണ്ടുവരികയോ ഉണ്ടാക്കുകയോ ചെയ്യുന്ന ഭക്ഷണം എല്ലാവരും പങ്കിട്ടു കഴിക്കും. സ്ഥിരതാമസക്കരുടെ വീടുകളിൽ നിന്നുള്ള കറികളും ബാച്ചിലേഴ്സ് ഊണിനെ സമ്പന്നമാക്കും.
തുറന്ന മൈതാനത്ത് വേനൽക്കാലത്ത് പായ വിരിച്ചു കിടക്കാമെന്നതിനാലും തണുപ്പുകാലത്ത് മുറിയിൽ ഒട്ടിപ്പിടിച്ചതുപോലെ ചേർന്നു കിടക്കാമെന്നതിനാലും തൊഴിൽരഹിതരുടെ മുറിയിൽ ഡൽഹിയിലെ കൊടുംതണുപ്പും കൊടും ചൂടും അലട്ടിയതേയില്ല.

ഫോർ അശോക റോഡ് എപ്പോഴും ജനസാന്ദ്രമായിരിക്കും. എ കെ ജി ഡൽഹിയിലുണ്ടാകുമ്പോൾ പറയുകയും വേണ്ട. രാഷ്ട്രീയ ഭേദമന്യേയുള്ള നേതാക്കൾ എ കെ ജിയെ കാണാനെത്തും. അകത്തു പോയവർ പുറത്തുവരാൻ ഊഴം കാത്തിരിക്കും. എ കെ ജിയെ കൂടാതെ ബംഗാളിൽ നിന്നുള്ള ‘സമർദാ’ എന്ന് വിളിക്കുന്ന സമർ മുഖർജിയും ഫോർ അശോക റോഡിൽ താമസമുണ്ടായിരുന്നു. കൂടാതെ എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നരിക്കുട്ടി മോഹനൻ, തമിഴ് നാട്ടിൽ നിന്നുള്ള രാമകൃഷ്ണൻ, ബംഗാളിൽ നിന്നുള്ള സുഭാഷ് തുടങ്ങിയ ഏതാനും ജീവനക്കാരുമുണ്ടായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചതും ഫോർ അശോകാ റോഡായിരുന്നു.

ദൽഹിയിൽ സി.പി.എം ആസ്ഥാനമായിരുന്ന ഫോർ അശോക റോഡിലെ, എ.കെ.ജി അടക്കമുള്ള അന്നത്തെ താമസക്കാർ.
ദൽഹിയിൽ സി.പി.എം ആസ്ഥാനമായിരുന്ന ഫോർ അശോക റോഡിലെ, എ.കെ.ജി അടക്കമുള്ള അന്നത്തെ താമസക്കാർ.

എ കെ ജിക്ക് വരുന്ന കത്തുകൾക്ക് മറുപടി അയക്കുക, പല നാടുകളിലെ പ്രക്ഷോഭങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക, പാർലമെൻ്റ് പ്രസംഗങ്ങളും മറ്റും എടുക്കുക, തൊഴിൽ തേടി വരുന്ന യുവാക്കൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുക തുടങ്ങി നിരവധി ജോലികളാണ് എ കെ ജി നരിക്കൂട്ടി മോഹനനെ ഏല്പിച്ചിരുന്നത്. അതോടൊപ്പം, ദേശാഭിമാനിക്ക് തലസ്ഥാനത്തു നിന്നുള്ള വാർത്തകൾ നൽകാനും ചുമതലപ്പെടുത്തി. പാർലമെൻ്റ് പ്രസംഗങ്ങളും പ്രക്ഷോഭവിവരങ്ങളം ശേഖരിക്കുന്ന നരിക്കുട്ടിക്ക് വാർത്ത തയ്യാറാക്കാൻ പ്രയാസമുണ്ടാവില്ലല്ലോ എന്നായിരുന്നു എ കെ ജിയുടെ കണക്കുകൂട്ടൽ. അത് തെറ്റിയില്ല.

വളരെ വേഗം ഇടതുപക്ഷ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നരിക്കുട്ടി ശ്രദ്ധേയനായി. വിവിധ രാഷ്ടീയ നേതാക്കൾ മുതൽ അവരുടെ കിച്ചൺ ക്യാബിനറ്റിലുള്ളവർ വരെ നരിക്കുട്ടിയുടെ സുഹൃത്ത് വലയത്തിലുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഓഫീസ് വരെ വിവരങ്ങൾ നൽകുന്നവരിൽ പെടുന്നു. രാഷ്ട്രിയ എതിരാളിയായിട്ടും ഇന്ദിരാഗാന്ധിയുടെ ഗുഡ് ലിസ്റ്റിലും കയറിപ്പറ്റി. ചില പ്രധാന സംഭവങ്ങളുണ്ടാവുമ്പോൾ ‘മോഹൻസ് പേപ്പറി’ൽ എന്താണുള്ളത് എന്നായിരുന്നു അവർ ആരാഞ്ഞിരുന്നത്. എ കെ ജിയുടെ പത്രത്തിൽ എന്താണുള്ളത് എന്നായിരുന്നു ഇന്ദിരാഗാന്ധിക്കറിയേണ്ടത്. അതിനുപയോഗിച്ച വാക്കായിരുന്നു ‘മോഹൻസ് പേപ്പർ’.

നരിക്കുട്ടി മോഹനനെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിൽ ഉടൻ വിട്ടയക്കാൻ ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടു. പിടികൂടിയ സ്ഥലത്തുതന്നെ രാത്രിയോടെ പൊലീസ് കൊണ്ടുവിട്ടു. ‘ഇന്ദിരാഗാന്ധിക്ക് വേണ്ടപ്പെട്ടയാൾ’ എന്ന പരിഗണന അതോടെ ലഭിച്ചു.

1971- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിവാദങ്ങളും തുടർന്നുണ്ടായ അലഹബാദ് കോടതി വിധിയുമൊക്കെ ഡൽഹി രാഷ്ട്രീയത്തെ നിരന്തരം കലുഷിതമാക്കികൊണ്ടിരുന്നു. അവയൊക്കെ ദേശാഭിമാനിയിലൂടെ നരിക്കുട്ടി മോഹനൻ മലയാള വായനക്കാർക്ക് എത്തിച്ചുകൊണ്ടിരുന്നു.
1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഡൽഹിയിലെ ഉന്നത കേന്ദ്രങ്ങളുടെ ഇടനാഴിയിൽ, വരാനിരിക്കുന്ന ആപത്തിന്റെ മർമരം ഉയർന്നിരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നരിക്കുട്ടി സസൂക്ഷമം നിരീക്ഷിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ നൽകേണ്ട വാർത്തകൾ മുൻകൂട്ടി തയാറാക്കി. എന്നാൽ ഇന്നത്തെ പോലെയുള്ള കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളൊന്നുമില്ലല്ലോ. കമ്പി തപാലാപ്പീസിൽ ട്രങ്ക് കോൾ ബുക്ക് ചെയ്ത് മണിക്കൂറുകളോളം കാത്തിരുന്ന് ഫോണിലൂടെ വാർത്ത വിളിച്ചു പറയുന്നതായിരുന്നു ഒരു സംവിധാനം. അതിപ്രധാനമുള്ള, ഉടൻ വരേണ്ട വാർത്തകൾ മാത്രമേ അങ്ങനെ അയക്കാൻ അനുമതിയുള്ളൂ. നല്ല പണച്ചെലവ് വരുന്നതിനായതിനാൽ ദേശാഭിമാനിക്ക് താങ്ങാനുള്ള ശേഷിയുമുണ്ടായിരുന്നില്ല.

വാർത്തകൾ അയക്കാനുള്ള മറ്റൊരു വഴി പരിചയക്കാരുടെ കൈയിൽ കവറിലാക്കി ട്രെയിനിൽ കൊടുത്തയക്കലാണ്. കോഴിക്കോട്ടേക്ക് പോകുന്ന റെയിൽവേ ജീവനക്കാർ മുതൽ കോൺഗ്രസ് നേതാക്കൾ വരെ നരിക്കുട്ടി നൽകുന്ന വാർത്താകവറുകൾ ഭദ്രമായി ദേശാഭിമാനിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാ ഘട്ടത്തിൽ നരിക്കുട്ടി നൽകിയ വാർത്താ കവറുകൾ ഡൽഹിയിൽ നിന്ന് പത്രഓഫീസിൽ എത്തിച്ച കാര്യം കമ്പിതപാൽ നേതാവായിരുന്ന വി.എ.എൻ നമ്പൂതിരി ഓർമിക്കുകയുണ്ടായി.

അടിയന്തരാവസ്ഥ പ്രഖ്യാപനം വരുംമുമ്പ് പിടി കൊടുക്കരുതെന്ന തീരുമാനത്തോടെ നേതാക്കൾ ഒളിവിൽ പോയി. എന്നും ജനനിബിഡമായ ഫോർ അശോക റോഡ് ഇരുട്ടിലായി തുടങ്ങി.
അടിയന്തരാവസ്ഥ പ്രഖ്യാപനം വരുംമുമ്പ് പിടി കൊടുക്കരുതെന്ന തീരുമാനത്തോടെ നേതാക്കൾ ഒളിവിൽ പോയി. എന്നും ജനനിബിഡമായ ഫോർ അശോക റോഡ് ഇരുട്ടിലായി തുടങ്ങി.

അടിയന്തരാവസ്ഥ പ്രഖ്യാപനം വരുംമുമ്പ് പിടി കൊടുക്കരുതെന്ന തീരുമാനത്തോടെ നേതാക്കൾ ഒളിവിൽ പോയി. എന്നും ജനനിബിഡമായ ഫോർ അശോക റോഡ് ഇരുട്ടിലായി തുടങ്ങി. 1971- ലെ ഇന്ത്യ- പാക്ക് യുദ്ധഘട്ടത്തിൽ പോലും എ കെ ജിയുടെ വാസസ്ഥലം പകൽ നേരത്ത് സജീവമായിരുന്നു. വെളിച്ചം തെളിക്കരുത്, വാതിൽ അടക്കൂ, ജനലുകളിലും വാതിലുകളിലും വെളിച്ചം പുറത്തു വരാത്തവിധം പേപ്പർ ഒട്ടിക്കൂ തുടങ്ങിയ പൊലീസ്, പട്ടാള അനൗൺസ്മെൻ്റ് ഉണ്ടാകുന്ന രാത്രികളിൽ മാത്രമായിരുന്നു ഫോർ ആശോക് ബംഗ്ലാവ് നിശ്ശബ്ദമായിരുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഗേറ്റ് എല്ലായ്പ്പോഴും അടഞ്ഞുകിടന്നു. അകത്തേക്ക് കയറിയില്ലെങ്കിലും മതിൽക്കെട്ടിനുചുറ്റും രഹസ്യപൊലീസുകാരുടെ വിഹാരമായി. അവിടേക്ക് വരുന്നവരെ തടഞ്ഞു നിർത്തുക, ചോദ്യം ചെയ്യുക, കൈയിലുള്ളവയൊക്കെ വാങ്ങിയെടുക്കുക, അനാവശ്യമായി ഭീഷണിപ്പെടുത്തുക, തല്ലുക തുടങ്ങിയ കലാപരിപാടികൾ ചെയ്തുതുടങ്ങി. അതോടെ ഫോർ അശോക റോഡിലെ ജീവനക്കാരടക്കം വരാതായി. സർവൻ്റ് ക്വാർട്ടേഴ്സടക്കം കാലിയായി. നരിക്കുട്ടി മോഹനനും കുടുംബവും മറ്റു ചിലരും മാത്രം ഫോർ അശോക റോഡിൽ ബാക്കിയായി.

കേരളത്തിലേക്കുള്ള വണ്ടിയിൽ വാർത്താകവർ കൊടുത്തയക്കാനുള്ള യാത്രക്കാരനെ കണ്ടെത്താൻ രഹസ്യപൊലീസിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും കബളിപ്പിക്കണമായിരുന്നു. അടിയന്തരവസ്ഥയോട് എതിർപ്പുള്ള കോൺഗ്രസ് നേതാക്കളിൽ ചിലരും രഹസ്യമായി കവറുകൾ കേരളത്തിൽ എത്തിക്കാൻ സഹായിച്ചു.

ഈ ലേഖകനടക്കുള്ള കുട്ടികളോട് പൊലീസുകാർ മറ്റൊരടവാണ് എടുത്തത്. അവരോട് സ്നേഹത്തിലാണ് സംസാരിച്ചത്. ആരൊക്കെ വന്നു പോയി, നേതാക്കൾ എവിടെയാണുള്ളത്, ആരൊക്കെ അകത്തുണ്ട് തുടങ്ങിയ വിവരങ്ങൾ അറിയാനാണ് ശ്രമിച്ചത്. ഏതെങ്കിലും കടലാസുകൾ എടുത്തുകൊണ്ടുവന്നു നൽകാനും ആവശ്യപ്പെട്ടു. അതോടെ മതിലിനടുത്തോ ഗേറ്റിനടുത്തോ പോകരുതെന്ന താക്കീത് നരിക്കുട്ടിയിൽ നിന്ന് കുട്ടികൾക്ക് കിട്ടി. അതോടെ ബംഗ്ലാവിലെ കാറ്റ് പോലും നിലച്ചു.

നരിക്കുട്ടി മോഹനനാകട്ടെ, നിരന്തരം പൊലീസിന്റെ പരിശോധനക്കും ചോദ്യം ചെയ്യലിനും ഇരയായിക്കൊണ്ടിരുന്നു. വാർത്തകൾ അയക്കുക എന്നത് ദിവസം പിന്നിടുമ്പോഴും കൂടുതൽ ദുസ്സഹമായി. ട്രങ്ക് കോളുകൾ നിരീക്ഷണത്തിലായി. ബന്ധപ്പെടുന്നവരൊക്കെ നിരീക്ഷണത്തിലായതിനാൽ ട്രെയിൻ ജീവനക്കാരിൽ പലരും വാർത്താകവർ എടുക്കാതെയായി. എങ്കിലും നരിക്കുട്ടി ആരുടെയെങ്കിലും ഒരു കൈ സഹായത്തോടെ വാർത്തകൾ കോഴിക്കോട്ട് എത്തിച്ചു.

വാർത്തകളും രേഖകളും പാർട്ടി കത്തുകളും പലപ്പോഴും എത്തിക്കേണ്ടിടത്ത് എത്തിക്കുക അതിസാഹസമായി. തന്നെ പിന്തുടരുന്ന പൊലീസുകാരെ പലവിധ തന്ത്രത്തിലൂടെ കബളിപ്പിച്ചായിരുന്നു അവയൊക്കെ ബംഗ്ലാവിന് പുറത്തേക്കും അകത്തേക്കും കടത്തിയത്. കുടുംബത്തെയും അതിനായി ഉപയോഗിച്ചു. ഭാര്യയോടും മക്കളോടും അടുത്തുള്ള പാർക്കിലോ കടകളിലോ വരാൻ പറയും. രേഖകളും വാർത്താ കവറുകളും അവരുടെ വസ്ത്രത്തിനുള്ളിൽ ഒളിച്ചു വയ്ക്കും. അവരുടെ കൈയിലെ അരിയും സാധനങ്ങളും പൊലീസ് അരിച്ചു പെറുക്കുമെങ്കിലും സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ പൊലീസുകാർ ധൈര്യം കാട്ടിയിരുന്നില്ല. കുട്ടികളെയും അവർ വെറുതെ വിട്ടു. ഈ സൗകര്യങ്ങൾ നരിക്കുട്ടി രണ്ടും കൽപിച്ചു സമർഥമായി ഉപയോഗപ്പെടുത്തി. കേരളത്തിലേക്കുള്ള വണ്ടിയിൽ വാർത്താകവർ കൊടുത്തയക്കാനുള്ള യാത്രക്കാരനെ കണ്ടെത്താനും ഇത്തരത്തിൽ രഹസ്യപൊലീസിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും കബളിപ്പിക്കണമായിരുന്നു. ചില പൊലീസുകാരുടെ ഒത്താശയും അതിന് ലഭിച്ചു. അടിയന്തരവസ്ഥയോട് എതിർപ്പുള്ള കോൺഗ്രസ് നേതാക്കളിൽ ചിലരും രഹസ്യമായി കവറുകൾ കേരളത്തിൽ എത്തിക്കാൻ സഹായിച്ചു.

ഇങ്ങനെയൊരാൾ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നരിക്കുട്ടിയെ ആരുമറിയാതെ ഒരു ദിവസം പൊക്കി. ഭാഗ്യത്തിന് അന്ന് വിലപ്പെട്ടതൊന്നും കൈവശമുണ്ടായിരുന്നില്ല. രഹസ്യ സങ്കേതത്തിൽ കൊണ്ടുപോയി പകലന്തിയോളം ചോദ്യം ചെയ്തു. നരിക്കുട്ടിയെ കാണാതായ വിവരം കുടുംബങ്ങൾ മാത്രമാണറിഞ്ഞത്. പൊലീസ് പിടികൂടിയെന്ന് സംശയിച്ച കോൺഗ്രസ് നേതാക്കളിലാരോ ഇന്ദിരാഗാന്ധിയെ വിവരം അറിയിച്ചു. പിടികൂടിയിട്ടുണ്ടെങ്കിൽ ഉടൻ വിട്ടയക്കാനവർ ആവശ്യപ്പെട്ടു. പിടികൂടിയ സ്ഥലത്തുതന്നെ രാത്രിയോടെ പൊലീസ് കൊണ്ടുവിട്ടു. ‘ഇന്ദിരാഗാന്ധിക്ക് വേണ്ടപ്പെട്ടയാൾ’ എന്ന പരിഗണന അതോടെ ലഭിച്ചു.

രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ദുരുഹമരണമടക്കമുള്ള വാർത്തകൾ ദേശാഭിമാനിയിലൂടെ നരിക്കുട്ടി മോഹനൻ വായനക്കാരിലെത്തിച്ചു.
രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ദുരുഹമരണമടക്കമുള്ള വാർത്തകൾ ദേശാഭിമാനിയിലൂടെ നരിക്കുട്ടി മോഹനൻ വായനക്കാരിലെത്തിച്ചു.

അടിയന്തരാവസ്ഥക്കെതിരെ പിന്നീടുള്ള പ്രവർത്തനത്തിന് ആ കസ്റ്റഡിയിലെടുക്കൽ സഹായകമായി. നരിക്കുട്ടിയാകട്ടെ തന്റെ തൂലികക്ക് മൂർച്ച കൂട്ടി. രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ദുരുഹമരണമടക്കമുള്ള വാർത്തകൾ ദേശാഭിമാനിയിലൂടെ തുടർന്ന് വായനക്കാരിൽ എത്തിച്ചു. അതിനിടയിൽ കേരളത്തിൽ ദേശാഭിമാനിക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിരുന്നു.


Summary: Narikutty Mohanan was a Malayali journalist who was a passionate journalist at the time of emergency also close to Indira Gandhi, his son and journalist Jayakrishnan Narikutty writes.


ജയകൃഷ്ണൻ നരിക്കുട്ടി

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. ‘ദേശാഭിമാനി’ കോഴിക്കോട് ന്യൂസ് എഡിറ്ററായിരുന്നു. നൃത്തശാലയിലെ പ്രണയം. ചാത്തൻകുഴിയിലേക്കുള്ള വണ്ടി എന്നിവ കഥാസമാഹാരങ്ങൾ.

Comments