കാൾ ക്രോസിന്റെ ‘ടോർച്ചും' മാധ്യമങ്ങളിലെ ഇരുട്ടും

ആരാണീ കാൾ ക്രോസ്? പുതിയകാല മാധ്യമപ്രവർത്തകർ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടോ? ഏതായാലും അങ്ങനെയൊരാൾ ജർമ്മനിയിലെ മാധ്യമ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് നിറഞ്ഞുനിന്നിരുന്നു. അക്കാലത്തെ മുഖ്യധാര പത്രങ്ങളെല്ലാം പേടിച്ചിരുന്ന ഒരു പേരാണത്. മുഖ്യധാരാ പത്രങ്ങൾ മുഴുവൻ നുണപ്രചാരണത്തിന്റെ ജിഹ്വകളായി മാറിയ കാലത്ത് 'ദി ടോർച്ച്' എന്ന പേരിൽ ഒരു ബദൽ മാധ്യമം അദ്ദേഹം തുടങ്ങി. ഈ മാധ്യമം, സമകാലിക ഇന്ത്യൻ മാധ്യമലോകത്തുനിന്ന് പ്രസരിക്കുന്ന ഇരുട്ടിനെക്കുറിച്ച് പലതും ഓർമിപ്പിക്കുന്നു

1919-ൽ ജർമ്മനിയിലെ പ്രധാന എഴുത്തുകാരനായ പീറ്റർ ആൾടെൻബർഗ് അന്തരിച്ചു. എല്ലാ പത്രങ്ങളിലും അത് പ്രധാന വാർത്തയായിരുന്നു. പ്രശസ്ത എഴുത്തുകാരനായിരുന്നിട്ടും അദ്ദേഹത്തിന്റെ നിര്യാണവും സംസ്‌ക്കാരവും വിയന്നയിലെ പ്രമുഖപത്രമായ ‘ദി ന്യു ഫ്രീ പ്രസ്സി'ൽ മാത്രം വാർത്തയായില്ല. അതിന്റെ കാരണം, അവരുടെ റൂൾബുക്കിലെ ഒരു നിബന്ധനയായിരുന്നു. ആൾടെൻബർഗിന്റെ സംസ്‌കാര ചടങ്ങിൽ ശ്മശാനപ്രസംഗം നടത്തിയത് കാൾ ക്രോസ്സായിരുന്നു. കാൾ ക്രോസ് എന്ന പേര് ഒരു കാരണവശാലും പത്രത്തിൽ അച്ചടിച്ചു വരാൻ പാടില്ല എന്നതായിരുന്നു "ന്യൂ ഫ്രീ പ്രസ്സി'ന്റെ നിബന്ധന. അതിനാൽ പ്രധാനപ്പെട്ടതാണെങ്കിലും ആ വാർത്ത അവർ പാടേ ഉപേക്ഷിക്കുകയായിരുന്നു. കാൾ ക്രോസിനോട് അവർക്ക് അത്രമാത്രം വിരോധമായിരുന്നു.

ആരാണീ കാൾ ക്രോസ്? പുതിയകാല മാധ്യമപ്രവർത്തകർ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടോ? ജേണലിസം കോഴ്‌സുകളിൽ അങ്ങനെയൊരാളെപ്പറ്റി പഠിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞാൻ ജേണലിസം പഠിച്ചയൊരാളല്ല. ഏതായാലും അങ്ങനെയൊരാൾ ജർമ്മനിയിലെ മാധ്യമ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് നിറഞ്ഞുനിന്നിരുന്നു.

അക്കാലത്തെ മുഖ്യധാര പത്രങ്ങളെല്ലാം പേടിച്ചിരുന്ന ഒരു പേരാണത്. എന്താണ് അദ്ദേഹം ചെയ്തത്? മലീമസമായ അക്കാലത്തെ മാധ്യമ പ്രവർത്തനത്തോട് കോർത്തുകൊണ്ട് ‘ദി ടോർച്ച് ' ( Die Fackel) എന്ന പേരിൽ സ്വന്തമായി ഒരു ബദൽ മാധ്യമം ആരംഭിച്ചു. ടോർച്ച് വാരികയായിരുന്നു. അതിനുവേണ്ടി കാത്തിരുന്നവരുടെ പേരുകൾ കൂടി കേൾക്കുക: സിഗ്മണ്ട് ഫ്രോയ്ഡ്, ഫ്രാൻസ് കാഫ്ക, വാൾട്ടർ ബെൻജമിൻ.. 1899 ലാണ് ക്രോസ് ‘ദി ടോർച്ച്' തുടങ്ങുന്നത്. 1936-ൽ അദ്ദേഹം മരിക്കുന്നതുവരെ അത് തുടരുകയും ചെയ്തു. 1911 മുതൽ കാൾ ക്രോസ് മാത്രമെ വാരികയിൽ എഴുതിയിട്ടുള്ളൂ. പൂർണ്ണമായും അദ്ദേഹം തയ്യാറാക്കിയ ഒന്നായി വാരിക മാറി. ഒരു ഒറ്റയാൾ പട്ടാളം ലൈൻ! എന്തായിരുന്നു ടോർച്ചിന്റെ ഉള്ളടക്കം? പ്രധാനമായും മറ്റു പത്രങ്ങൾ പ്രചരിപ്പിച്ച അവാസ്തവ വാർത്തകളുടെ വാസ്തവം ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതായിരുന്നു ‘ടോർച്ച്’ ഏറ്റെടുത്ത ദൗത്യം. അതദ്ദേഹം ഭംഗിയായി നിർവ്വഹിച്ചുപോന്നു. ടോർച്ച് സത്യത്തിന്റെ അവസാനവാക്കായി ജർമനിയിൽ നിലകൊണ്ടു. ഒരിക്കലും തെറ്റുപറ്റാതെ, ഒരു പ്രലോഭനത്തോടും സന്ധിയാവാതെ ആ പത്രം മുന്നേറി. രാഷ്ട്രീയത്തിലെയും സാംസ്‌കാരിക രംഗത്തെയും എല്ലാ കള്ളനാണയങ്ങളേയും പിച്ചിച്ചീന്തി. ഇതിലേറ്റവും ആക്രമിക്കപ്പെട്ടത് മുകളിൽ സൂചിപ്പിച്ച "ദ ന്യൂ ഫ്രീ പ്രസ്സ്' എന്ന പത്രമായിരുന്നു. അതുകൊണ്ടാണ് കാൾ ക്രോസ് എന്ന പത്രാധിപർ അവരുടെ കണ്ണിലെ കരടായത്.

കാൾ ക്രോസ് (1874 - 1936) പത്രപ്രവർത്തകനെന്നതിലുപരി എഴുത്തുകാരനായിരുന്നു. ആസ്ട്രിയൻ കവിയും നാടകകൃത്തുമായിരുന്നു. ഹാസ്യസാഹിത്യകാരനെന്ന നിലയിലും പ്രശസ്തനായി. അദ്ദേഹം രചിച്ച The Last Days of Mankind എന്ന നാടകം ലോകസാഹിത്യത്തിലെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ - സാംസ്‌കാരിക വാരിക എന്ന നിലയിലാണ് ‘ദി ടോർച്ച് ' ആരംഭിക്കുന്നത്. ആധുനിക ജേണലിസത്തിന് പുതിയൊരു മുഖം നൽകുന്നതിന് അത് സാധ്യതയൊരുക്കി. ആദ്യമൊക്കെ മറ്റുള്ളവരെ കളിയാക്കിക്കൊണ്ടുള്ള രചനകളാണ് അതിൽ വന്നത്. പിന്നീടത് ഗൗരവമായ മാധ്യമ വിമർശനമായി മാറി.

‘ദി ടോർച്ച് ' - കവർ
‘ദി ടോർച്ച് ' - കവർ

വർത്തമാനകാല ഇന്ത്യയിലെ മാധ്യമപ്രവർത്തനരംഗത്തേക്ക് നോക്കി അസ്വസ്ഥനാവുന്നതിനിടയിലാണ് ഞാൻ കാൾ ക്രോസിനെ ഓർത്തുപോയത്. അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിസരത്ത് ജീവിച്ചുകൊണ്ടാണ് ഇങ്ങനെയൊരു സാഹസിക കൃത്യം നിർവഹിച്ചു പോന്നത്. മുഖ്യധാരാ പത്രങ്ങൾ മുഴുവൻ നുണപ്രചരണത്തിന്റെ ജിഹ്വകളായി മാറിയ കാലം. എല്ലാവരും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ കാലം. കുറ്റകൃത്യങ്ങൾ പെരുകിവന്നു. ഒന്നിനും നാഥനില്ലാത്ത അവസ്ഥ. എല്ലാവരും നുണ പ്രചരിപ്പിച്ച് ലാഭമുണ്ടാക്കി. എന്നാൽ ടോർച്ചിനൊപ്പവും ധാരാളം വായനക്കാരുണ്ടായി. ആദ്യ ലക്കം അച്ചടിച്ചത് മുപ്പതിനായിരം കോപ്പിയാണ്. 1899 ലാണെന്നോർക്കണം. സത്യത്തിന്റെ കൂടെ എപ്പോഴും ആളുകളുണ്ടായിരുന്നു. സത്യത്തിനു വേണ്ടി നിലകൊണ്ട കാൾ ക്രോസിന്റെ ചരിത്രം ഓർത്തുകൊണ്ട് നമുക്ക് വർത്തമാനകാലത്തേക്ക് മടങ്ങാം.

ഇന്ത്യയിലെ ജനാധിപത്യം അത്യസാധാരണമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. രാഷ്ട്രം ഫാസിസ്റ്റ് ശക്തികളുടെ പിടിയിലമർന്നുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ - ഫാസിസ്റ്റ് രാഷ്ട്രീയം എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും തകർത്തുകൊണ്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ പോലും പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥ. അനുയായികളും നാഥനുമില്ലാത്ത അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികൾ. ഒറ്റപ്പെട്ട വ്യക്തികൾ മാത്രമാണ് പല രംഗത്തായി ചെറുത്തുനിൽക്കുന്നത്. ഇങ്ങനെയൊരു ഇന്ത്യയിലാണ് മാധ്യമങ്ങളുടെ അധഃപതനം അപ്രതീക്ഷിത വേഗതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പത്ര- ദൃശ്യ മാധ്യമങ്ങൾ ഒരുപോലെ ഒട്ടും ഉളുപ്പില്ലാതെ, അധികാര രാഷ്ട്രീയത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് ചുറ്റും. ഒറ്റപ്പെട്ട ചെറുത്തുനിൽപുകളെ, അത് വ്യക്തികളുടെ ഭാഗത്തു നിന്നായാലും ചെറിയ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നായാലും അവഗണിക്കപ്പെടുകയോ, വേട്ടയാടപ്പെടുകയോ ചെയ്യുകയാണ്. ഇതിന്റെ പുറകെ അസാധാരണമായ മറ്റൊരു സാഹചര്യം കൂടി സംഭവിക്കുന്നു- കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി. മാനവരാശി ഇത്തരം അസാധാരണ സാഹചര്യങ്ങളെ കാലത്തിന്റെ വലിയ ഇടവേളകളിൽ നേരിട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലെ വർത്തമാനകാല തലമുറക്ക് ഇത് തീർത്തും അപരിചിതമായ സാഹചര്യം തന്നെയാണ്. ഒരു ഭാഗത്ത് ഇന്ത്യൻ സമൂഹത്തിൽ ഫാസിസം പിടിമുറുക്കുന്നു. അതോടൊപ്പം എല്ലാ സംവിധാനങ്ങൾക്കും വെല്ലുവിളിയായി ഭയപ്പെടുത്തുന്ന പകർച്ചവ്യാധിയുടെ വ്യാപനം. മനുഷ്യന്റെ സഹായത്തിനെത്തേണ്ട എല്ലാ സുരക്ഷാസംവിധാനങ്ങളും അപകടപ്പെടുത്തി മുന്നേറുന്ന ഒരു കാലം. പൊതുജനത്തിന്റെ ജീവനോ സ്വത്തിനോ അവകാശങ്ങൾക്കോ വില കൽപിക്കാത്ത ഒരു ഭരണവർഗം ഈ സാഹചര്യത്തെ അവരുടെ മേൽക്കോയ്മ ശക്തിപ്പെടുത്താനുള്ള അവസരമായി കണക്കാക്കുന്നു. സമ്പദ്‌വ്യവസ്ഥ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് തകർന്നടിയുന്നു. സമൂഹത്തിലാകെ ഭയം പിടിമുറുക്കുന്നു. ആ ഭയം മാധ്യമ രംഗത്തേയും കീഴടക്കുന്നു. അവരും ജനങ്ങളെ മറക്കുന്നു. ഉത്തരവാദിത്തങ്ങൾ മറക്കുന്നു. തൊഴിൽപരമായ ധാർമികത കൈവെടിയുന്നു. ലാഭത്തിൽ കുറവു വരാതെ നിലനിൽക്കാനായി ഫാസിസ്റ്റ് അധികാരക്രമത്തോട് സന്ധിയാവുന്നു. വളർന്നു വന്ന വഴിയിലെ വലിയ പാരമ്പര്യങ്ങളെ പാടെ മറക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടവർ പോലും ഒരു മടിയും കൂടാതെ മറുകണ്ടം ചാടുന്നു.
ഇവിടെ ജയിക്കുന്നത് അധികാര രാഷ്ട്രീയമാണ്. അവർ ചോദ്യങ്ങൾക്കതീതരാവുന്നു. എതിർപ്പിന്റെ ശബ്ദങ്ങൾ, വിമത ചിന്തകൾ ഇല്ലാതാവുന്നു. ഉള്ളവയ്ക്കായി കാരാഗൃഹങ്ങളുടെ വാതിലുകൾ തുറന്നു കിടക്കുന്നു. അതും ചോദ്യം ചെയ്യപ്പെടുന്നില്ല.

ഇന്നത്തെ ഇന്ത്യ വന്നെത്തി നിൽക്കുന്നതും, നമ്മളാരും പ്രതീക്ഷിക്കാത്തതുമായ ഈ ദുരവസ്ഥയാണ് നമ്മുടെ മുന്നിലെ ഇരുണ്ട യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യത്തിൽ മാധ്യമങ്ങൾ ഏങ്ങനെ സ്വന്തം സ്വത്വം നിലനിർത്തും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. സമാനമായ ഒരു സാമൂഹ്യാവസ്ഥയിലാണ് ജർമ്മനിയിൽ കാൾ ക്രോസ് എന്ന പത്രാധിപർ ശക്തമായ ബദൽ സാധ്യത മുന്നോട്ടുവെച്ചത്. അതിൽ നിന്ന് ഇവിടെയുള്ളവരും പാഠം ഉൾക്കൊള്ളേണ്ടതുണ്ട് . എല്ലാവരും എന്നല്ല, കുറച്ചു പേരെങ്കിലും. ന്യൂനപക്ഷമാവാം. പുതിയ കാലം വിപുല സാധ്യതകൾ നമുക്കു മുന്നിൽ ഒരുക്കിവെച്ചിട്ടുണ്ട്. അത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് നമ്മുടെ നിലപാടുമായി ബന്ധപ്പെട്ട വെല്ലുവിളി. അതിനെ സത്യാനന്തര കാലം എന്നൊക്കെയുള്ള സൈദ്ധാന്തിക ഉടയാടകൾ ചേർത്തുവെച്ച് വ്യാഖ്യാനിക്കേണ്ടതില്ല. ആത്യന്തിക പ്രശ്‌നം മുമ്പും ഇന്നും ഒന്നു തന്നെയാണ്. വസ്തുതകൾ മറച്ചുവെച്ചാൽ, വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ചാൽ ഉറപ്പാക്കപ്പെട്ടിട്ടുള്ള പ്രതിഫലം. അതു വേണോ, വേണ്ടയോ എന്ന തിരുമാനത്തിലെത്തൽ. ഇതിനെ നിലനിൽപുമായാണ് മാധ്യമ ഉടമകൾ ചേർത്തുപറയുന്നത്. അതൊരു നുണയാണ്. പട്ടിണിയൊന്നുമല്ല പ്രശ്‌നം. നിലനിൽക്കുന്ന ഓഹരി മൂല്യത്തിലെ ഇടിവു മാത്രമാണ്. എന്താണ് നഷ്ടപ്പെടുന്നത്? അവർ കാണുന്നത് വരുമാനത്തിലെയും ലാഭത്തിലെയും കുറവു മാത്രമാണ്. അടിസ്ഥാനപരമായ മൂല്യനഷ്ടം അവരുടെ ചിന്തയിൽ വരുന്നതേയില്ല. അതുകൊണ്ടാണ് പ്രധാനികൾ സ്വയം മറന്ന് മാനംവിൽക്കുക എന്ന തീരുമാനത്തിലേക്കു പോവുന്നത്. ഇന്ത്യൻ മാധ്യമരംഗം ഇപ്പോൾ നേരിടുന്ന വെല്ലുവിളി ഇതാണ്. പുതിയ അധികാരികൾ കുനിയാൻ പറയുമോ എന്ന് സംശയിച്ച്, കിടന്നു കൊടുക്കുന്ന ഒരു തലത്തിലേക്ക് മാധ്യമ മുതലാളിമാർ എത്തിച്ചേർന്നിരിക്കുന്നു. അവർക്ക് ഒളിക്കാനും ഭയക്കാനും പലതുമുണ്ട് എന്നതു തന്നെയാണ് കാരണം. ഇതിന്റെ കാരണം അവർ മാധ്യമ ഉടമകൾ മാത്രമല്ല; മറ്റു പല തരം മുതലാളിമാർ കൂടിയാണ് എന്നതാണ്. അവർ തിരഞ്ഞടുക്കുന്ന മുൻഗണനകളാണ് മാധ്യമ രംഗത്തെ മൂല്യങ്ങളെ കാറ്റിൽപ്പറത്തുന്നത്. സ്വന്തം നിലനിൽപ്പിന് ജനാധിപത്യം ആവശ്യമാണെന്നു പോലും അവർ മറന്നു പോകുന്നു.

ജനാധിപത്യത്തിൽ അടിസ്ഥാനപരമായി എല്ലാം ജനപക്ഷത്തായിരിക്കണം. മാധ്യമങ്ങളും അങ്ങനെ വേണം ചിന്തിക്കാൻ. സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവവും വാർത്തയാവുന്നതിന്റെ പിന്നിലെ ലക്ഷ്യം അത് ജനങ്ങളറിയാൻ വേണ്ടിയായിരിക്കണം എന്നതാണ്. ജനങ്ങളെന്തറിയണം? സത്യമറിയണം. വാസ്തവമറിയണം. എന്നാൽ എന്താണ് നമുക്കു ചുറ്റും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്? യാഥാർത്ഥ വസ്തുതകളിൽ നിന്ന് ജനശ്രദ്ധയകറ്റുക എന്നതാണ് മാധ്യമങ്ങളോട് അധികാരികൾ നിരന്തരം ആവശ്യപ്പെടുന്നത്. അതിനായി ഒരു വശത്ത് മാധ്യമങ്ങളെ വേണ്ടത് കൊടുത്ത് പ്രോത്സാഹിക്കുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി വരുതിയാൽ നിർത്തുന്നു. ഇതിനിടയിൽ സത്യത്തിന്റെ മുഖം വക്രീകരിക്കപ്പെടുന്നു. യഥാർത്ഥ സത്യത്തിനു പകരം സത്യപ്രതീതി ഉളവാക്കുന്ന അനുബന്ധ വാർത്തകൾ നിറയ്ക്കുക എന്നതാണ് മാധ്യമങ്ങൾ ഇപ്പോൾ ഇതിനായി കണ്ടെത്തിയ വഴി. ആകർഷകമായ വേഷം കെട്ടിച്ച നുണകളുടെ വലിയൊരു ശ്രംഖല നിരത്തി ജനത്തെ പ്രലോഭിപ്പിക്കുക. അതിനിടയിൽ വാസ്തവത്തെ മറച്ചു പിടിക്കുക. വായനക്കാരുടെയും കാഴ്ചക്കാരുടെയും ചിന്താശേഷിയെ വിഷലിപ്തമാക്കുക.

ഇത് നിരന്തരം തുടർന്നുകൊണ്ടിരിക്കും. അങ്ങനെ സത്യത്തിൽ നിന്ന്, യഥാർത്ഥ വസ്തുതകളിൽ നിന്ന് ജനം അകന്നുപോയിക്കൊണ്ടിരിക്കും. ഒരു പരിധി കഴിയുമ്പോൾ അനുബന്ധ വാർത്തകളുടെ ധാരാളിത്തത്തിൽ സത്യം മുങ്ങിച്ചാകും. വസ്തുതകൾ വാർത്തായാകാത്തിടത്ത് വസ്തുതകളുടെ മരണം വാർത്തയാവുന്നതെങ്ങനെ? അപ്പോഴേക്കും പുതിയ സംഭവങ്ങൾ കടന്നുവരും. അതും ഇതേ സൂത്രവാക്യത്തിലൂടെ കയറ്റി വിട്ട് പരിഹാരമില്ലാത്ത പ്രശ്‌നമായി രൂപാന്തരം വരുത്തും. ഭരണകൂടവും അവർക്കു താങ്ങായ മാധ്യമലോകവും ജൈത്രയാത്ര തുടരും. പാവം ജനം മുന്നിൽ നിറഞ്ഞ വിഭ്രാന്തിയിൽ അഭിരമിച്ച് കാലം കഴിച്ചുകൂട്ടും. സത്യത്തോടൊപ്പം മരിക്കുന്നത് ജനാധിപത്യമാണ്. അതിന് കാരണക്കാരാവുന്നത് ജനാധിപത്യത്തിന്റെ കാവൽക്കാരായ മാധ്യമ ലോകവും. മാധ്യമ കൂട്ടായ്മകൾ ഫാസിസത്തിന് ദാസ്യവൃത്തിയെടുക്കുന്ന ദാരുണമായ കാഴ്ചയാണ് ഇന്നത്തെ ഇന്ത്യയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന് വെളിച്ചം പകരേണ്ടവർ ഫാസിസത്തിന്റെ ടോർച്ചുമായി ഇരുട്ടിൽ തപ്പുന്നു. ആ ടോർച്ചിലൂടെ ഇരുളും ഭയവുമാണ് സമൂഹത്തിൽ പ്രസരിക്കുന്നത്. സത്യത്തെ മൂടിവെക്കാനാണ് ഇതുവഴി അവർ കൂട്ടുനിൽക്കുന്നത്. പാവപ്പെട്ട മനുഷ്യർ എണ്ണിപ്പെറുക്കിയെടുത്ത തുട്ടുകൾ കൊണ്ട് വില കൊടുത്തു വാങ്ങിച്ച ദിനപ്പത്രമാണ് നിങ്ങളുടെ സാമ്രാജ്യങ്ങളുടെ അടിത്തറ നിർമ്മിച്ചത്. അവർ കാലത്തിന്റെ പ്രഹരമേറ്റ് പിടയുമ്പോൾ അവരിലേക്ക് വെളിച്ചമെത്തിക്കേണ്ട ദൗത്യത്തിൽ നിന്ന് ലാഭനഷ്ടങ്ങളുടെ പേരിൽ മാറി നിൽക്കരുത്. അങ്ങനെ ചെയ്താൽ ഒരു തിരിച്ചുവരവ് അസാധ്യമാകും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാൾ ക്രോസ് വിയന്നയിൽ നിന്നടിച്ച ടോർച്ചിന്റെ വെളിച്ചം ചരിത്രത്തിൽ ഇപ്പോഴും പ്രകാശം പരത്തുന്നുവെങ്കിൽ അതൊരു സാധ്യതയാണ്. ഇന്നത്തെ ഇന്ത്യയിൽ അതിന് പിൻഗാമികളുണ്ടാവണം. ജനാധിപത്യത്തിലേക്ക് വെളിച്ചം പകരുന്ന ചെറിയ ചെറിയ ടോർച്ചുകൾ നമുക്കു ചുറ്റും നിറയട്ടെ. ഫാസിസത്തിന്റെ ഇരുണ്ട ലോകത്തെയെങ്കിലും അത് തുറന്നു കാണിക്കട്ടെ.


Summary: ആരാണീ കാൾ ക്രോസ്? പുതിയകാല മാധ്യമപ്രവർത്തകർ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടോ? ഏതായാലും അങ്ങനെയൊരാൾ ജർമ്മനിയിലെ മാധ്യമ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് നിറഞ്ഞുനിന്നിരുന്നു. അക്കാലത്തെ മുഖ്യധാര പത്രങ്ങളെല്ലാം പേടിച്ചിരുന്ന ഒരു പേരാണത്. മുഖ്യധാരാ പത്രങ്ങൾ മുഴുവൻ നുണപ്രചാരണത്തിന്റെ ജിഹ്വകളായി മാറിയ കാലത്ത് 'ദി ടോർച്ച്' എന്ന പേരിൽ ഒരു ബദൽ മാധ്യമം അദ്ദേഹം തുടങ്ങി. ഈ മാധ്യമം, സമകാലിക ഇന്ത്യൻ മാധ്യമലോകത്തുനിന്ന് പ്രസരിക്കുന്ന ഇരുട്ടിനെക്കുറിച്ച് പലതും ഓർമിപ്പിക്കുന്നു


Comments