എൻ. മാധവൻ കുട്ടി

ഇലക്ഷൻ ഡെസ്കിൽ
എഡിറ്റർ എന്തുചെയ്യുന്നു?

‘‘എന്റെ ഭാഗ്യത്തിന്, പത്രമുതലാളി ഒരിക്കലും തെരഞ്ഞെടുപ്പ് കവറേജ് കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഇതിനര്‍ത്ഥം ഞാന്‍ സര്‍വ സ്വാതന്ത്രനായിരുന്നുവെന്നല്ല. എന്റെ ശക്തമായ രാഷ്ട്രീയ നിലപാടുകൾക്ക് ഞാൻ വലിയ വില കൊടുത്തിട്ടുണ്ട്. കേരളത്തിലെ ഒരു കാലത്തെ മാധ്യമപ്രിയനും ജനപ്രിയനുമായ രാഷ്ട്രീയതാരം എന്റെ മുതലാളിയുടെ മേല്‍ ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണ് എനിക്ക് പത്രാധിപര്‍ പദവി ഒഴിയേണ്ടിവന്നത്’’- എൻ. മാധവൻകുട്ടി എഴുതുന്നു.

ത്രങ്ങളുടെ പൊതുതെരഞ്ഞെടുപ്പു കവറേജ് തികച്ചും യാന്ത്രികമായ ജോലി മാത്രമാണ്. അതിന് ഒരു വാര്‍പ്പുമാതൃകയിലെ നടപടിക്രമം - SOP - ഉണ്ട്. അത് കൃത്യമായി നടപ്പിൽ വരുത്തുക എന്നതാണ്‌ പത്രാധിപരുടെ ഉത്തരവാദിത്വം. അതുകൊണ്ട് പത്രാധിപർ തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയപ്രക്രിയയില്‍നിന്നും അതിലെ പ്രധാന കഥാപത്രങ്ങളിൽനിന്നും നിശ്ചിതദൂരം പാലിക്കണം.
വിവരമറിയാന്‍ മാത്രം വേണ്ട അടുപ്പം.
ഒരുതരത്തിലും വ്യക്തിപരമായി സ്വാധീനിക്കപ്പെടാതിരിക്കാന്‍ വേണ്ട അകലം.

ജോലി ചെയ്യുന്ന പത്രാധിപര്‍ മുതൽ റിപ്പോര്‍ട്ടര്‍ വരെ ഒരാളെയും തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒരുതരത്തിലും ബാധിക്കില്ല. ബാധിച്ചാല്‍ പണി പാളും. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം മണത്താല്‍ പത്രാധിപര്‍ പത്രത്തിന്റെ മാനേജ്മെന്റ് പ്രതിനിധിയോട് അധിക പത്രക്കടലാസ് ആവശ്യപ്പെടും. അധിക തിരഞ്ഞെടുപ്പുപേജുകള്‍ വരുന്ന കാര്യം പരസ്യവിഭാഗത്തെ അറിയിക്കും.

പത്രാധിപർ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പ്രക്രിയയില്‍നിന്നും അതിലെ പ്രധാന  കഥാപത്രങ്ങളിൽനിന്നും നിശ്ചിതദൂരം പാലിക്കണം.
പത്രാധിപർ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പ്രക്രിയയില്‍നിന്നും അതിലെ പ്രധാന കഥാപത്രങ്ങളിൽനിന്നും നിശ്ചിതദൂരം പാലിക്കണം.

പ്രഖ്യാപനം വരുന്ന മുറയ്ക്ക് പത്രാധിപര്‍ പത്രാധിപസമിതിയിലെ മുതിർന്ന അംഗങ്ങളുടെ യോഗം വിളിച്ച്, കുറഞ്ഞത് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക രണ്ടു ഷിഫ്റ്റ്‌ പ്രവർത്തിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് ഡെസ്ക്ക് രൂപീകരിക്കും. തൊട്ടുപുറകെ, ജില്ലാതലങ്ങളിലെ ബ്യൂറോ തലവന്മാരുടെ യോഗം വിളിക്കും. അതില്‍കേന്ദ്ര തെരഞ്ഞെടുപ്പ് ഡെസ്ക് പ്രതിനിധികള്‍, മുഖ്യ ഫോട്ടോഗ്രാഫര്‍, ഡിസൈന്‍ / ഗ്രാഫിക്സ് ചുമതലക്കാര്‍ കൂടി പങ്കെടുക്കും.

ഈ യോഗത്തില്‍ പത്രാധിപര്‍ തന്റെ മനസിലുള്ള പ്രത്യേക തെരഞ്ഞെടുപ്പ് കവറേജ് പദ്ധതിയുടെ കരട് അവതരിപ്പിക്കും. ഇത് ചർച്ച ചെയ്ത് അംഗീകരിക്കും. തെഞ്ഞെടുപ്പു വാർത്തയുടെ ആധിക്യം ഒരിക്കലും മറ്റു വാർത്തകളുടെ പ്രാധാന്യം കുറയ്ക്കില്ല എന്നുറപ്പുവരുത്തും. ഓരോ ലേഖകനും ബ്യൂറോക്കും വേണ്ട അധിക സൗകര്യങ്ങള്‍ ഉറപ്പാക്കും. ചെലവാക്കാന്‍ വേണ്ട പണം, കരാര്‍ ഫോട്ടോഗ്രാഥര്‍, വാഹനം തുടങ്ങി നിരവധി കാര്യങ്ങൾ.

തെരഞ്ഞെടുപ്പു വാർത്തയുടെ ആധിക്യം ഒരിക്കലും മറ്റു വാർത്തകളുടെ പ്രാധാന്യം  കുറയ്ക്കില്ല എന്ന് ഉറപ്പുവരുത്തും.
തെരഞ്ഞെടുപ്പു വാർത്തയുടെ ആധിക്യം ഒരിക്കലും മറ്റു വാർത്തകളുടെ പ്രാധാന്യം കുറയ്ക്കില്ല എന്ന് ഉറപ്പുവരുത്തും.

കവറേജ് കലണ്ടര്‍ യോഗത്തില്‍ നിശ്ചയിക്കും. സംസ്ഥാന തലസ്ഥാനത്തുള്ള പ്രത്യേക രാഷ്ട്രീയ ലേഖിക / ലേഖകന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നോക്കുന്ന ജില്ലാതല ലേഖകര്‍ എന്നിവര്‍ ഒരു ടീമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് ഡെസ്ക്കുമായി ഈ ലേഖകരുടെ ടീം പ്രവര്‍ത്തനം ഏ​കോപിപ്പിക്കും. മണ്ഡലങ്ങളുടെ ദൈനംദിന ചുമതല, തിരുവന്തപുരം ബ്യൂറോയുടെ കൃത്യമായ ഇടവേളയിലുള്ള പൊതു തിരഞ്ഞെടുപ്പുചിത്ര വിശകലനം എന്നിവയാണ് മുന്‍കൂട്ടി തീരുമാനിക്കുക. ഫോട്ടോഗ്രാഫിക്ക് ബാങ്ക് സൃഷ്ടിക്കും.

ജോലി ചെയ്യുന്ന പത്രാധിപര്‍ മുതൽ റിപ്പോര്‍ട്ടര്‍ വരെ ഒരാളെയും തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒരുതരത്തിലും ബാധിക്കില്ല. ബാധിച്ചാല്‍ പണി പാളും.

ദിനംപ്രതിയുള്ള തെരഞ്ഞെടുപ്പു വാര്‍ത്തകൾക്കു പുറമെ ലേഖകര്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച ‘കൗതുക’/‘ലൈറ്റ്‌’ വാർത്തകളും വാര്‍ത്താചിത്രങ്ങളും നല്‍കണം. ഒപ്പം, മറ്റു പത്രങ്ങള്‍ക്കു കിട്ടാത്ത എക്സ്ക്ലൂസീവ് വാര്‍ത്തകളും ചിത്രങ്ങളും തന്നിരിക്കണം.

സാധാരണ മൂന്നു റൗണ്ട് റിപ്പോര്‍ട്ടുകളുണ്ടാകും.
ഒന്ന്: മണ്ഡലം, സ്ഥാനാർത്ഥി എന്നിവരുടെ രൂപ രേഖ, ചരിത്രം, ജാതി - മത രൂപരേഖ, വിമത സാന്നിധ്യം തുടങ്ങിയവ.
രണ്ട്: പ്രചാരണത്തിന്റെ മധ്യ ഘട്ടം.
ഇവിടെ അടിയൊഴുക്കുകള്‍ പ്രധാനമാണ്.
മൂന്ന്: വോട്ടെടുപ്പിനു തൊട്ടു മുന്നേ.
ഇതില്‍ കൃത്യമായി ഏതു സ്ഥാനാർത്ഥിക്കാണ് വിജയസാധ്യത എന്നു പറയാന്‍ പത്രാധിപര്‍ എന്ന നിലയില്‍ ഞാന്‍ നിഷ്കര്‍ഷിക്കാറുണ്ട്.

ഈ മുന്നൂ റൗണ്ടിനുശേഷം വോട്ടിങ് ശതമാനം, പ്രകടമായ എന്തെങ്കിലും വോട്ടിംഗ് പാറ്റേൺ, കാലാവസ്ഥ, അക്രമം, കള്ളവോട്ട്, വിവിധ രാഷ്ട്രീയ പാളയങ്ങളിലെ മൂഡ് തുടങ്ങിയവ സ്പര്‍ശിച്ച് വിലയിരുത്തല്‍. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തല്‍. അങ്ങനെ നോക്കിയാല്‍ റൗണ്ട് അഞ്ചാകും.

പത്രാധിപര്‍ക്ക് പദ്ധതിയുടെ മൊത്തം ഏകോപനമുണ്ടാകും. പദ്ധതിയുടെ നടത്തിപ്പ്, പ്രധാന വാര്‍ത്തകള്‍ / വിശകലനങ്ങള്‍ രുചിച്ചു നോക്കല്‍, പരിശോധിച്ച് തിരുത്തല്‍, വാര്‍ത്തകളുടെ ‘ഫോളോ അപ്പ്’, പക്ഷപാതിത്വമില്ലെന്നുറപ്പുവരുത്തല്‍, ഒന്നാം പേജില്‍ വരേണ്ട വാര്‍ത്തകളുടെ തെരഞ്ഞെടുപ്പ്, ദിവസവും രാവിലെ 11 നും സന്ധ്യക്ക് ഏഴിനും പത്രാധിപസമിതി യോഗങ്ങള്‍. ഞാൻ പത്രാധിപരായിരിക്കേ പരസ്യവകുപ്പും സര്‍ക്കുലേഷന്‍ വകുപ്പും ചേര്‍ന്ന് വായനക്കാർക്ക് പ്രവചനമത്സരം നടത്തിയിരുന്നു.

ദിനംപ്രതിയുള്ള തെരഞ്ഞെടുപ്പ് വാര്‍ത്തകൾക്കു പുറമെ ലേഖകര്‍ തിരഞ്ഞെടുപ്പു  സംബന്ധിച്ച ‘കൗതുക’/‘ലൈറ്റ്‌’ വാർത്തകളും വാര്‍ത്താചിത്രങ്ങളും നല്‍കണം.
ദിനംപ്രതിയുള്ള തെരഞ്ഞെടുപ്പ് വാര്‍ത്തകൾക്കു പുറമെ ലേഖകര്‍ തിരഞ്ഞെടുപ്പു സംബന്ധിച്ച ‘കൗതുക’/‘ലൈറ്റ്‌’ വാർത്തകളും വാര്‍ത്താചിത്രങ്ങളും നല്‍കണം.

എന്റെ ഭാഗ്യത്തിന്, പത്രമുതലാളി ഒരിക്കലും തെരഞ്ഞെടുപ്പ് കവറേജ് കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഇതിനര്‍ത്ഥം ഞാന്‍ സര്‍വ സ്വാതന്ത്രനായിരുന്നുവെന്നല്ല. എന്റെ ശക്തമായ രാഷ്ട്രീയ നിലപാടുകൾക്ക് ഞാൻ വലിയ വില കൊടുത്തിട്ടുണ്ട്. കേരളത്തിലെ ഒരു കാലത്തെ മാധ്യമപ്രിയനും ജനപ്രിയനുമായ രാഷ്ട്രീയതാരം എന്റെ മുതലാളിയുടെ മേല്‍ ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണ് എനിക്ക് പത്രാധിപര്‍ പദവി ഒഴിയേണ്ടി വന്നത്. അത്, വേറൊരു ചരിത്രം.


എൻ. മാധവൻകുട്ടി

ഇംഗ്ലീഷിലും മലയാളത്തിലും പ്രവർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ.

Comments