നിങ്ങളിപ്പോഴും അച്ചടക്കത്തോടെ വരിനിൽക്കുകയാണോ?
നിങ്ങളുടെ നിശ്ശബ്ദതയിലുണ്ട് ഉത്തരം

ന്യൂസ് ക്ലിക് സംഭവത്തിൽ മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുമ്പോൾ ചോദിച്ച പ്രധാന ചോദ്യങ്ങൾ, 'നിങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ വാർത്ത നൽകിയിട്ടുണ്ടോ, കർഷക പ്രക്ഷോഭത്തെക്കുറിച്ച് വാർത്തകൾ നൽകിയിട്ടുണ്ടോ" എന്നൊക്കെയാണ്. സർക്കാരിനെതിരായ രാഷ്ട്രീയപ്രതിഷേധങ്ങളുടെ വാർത്ത നൽകുന്നത് മാധ്യമങ്ങളുടെ പണിയല്ല എന്ന് പറയുമ്പോൾ ഭരണകൂടത്തിന്റെ പ്രചാരണ യന്ത്രമാവുകയോ അല്ലെങ്കിൽ നിശ്ശബ്ദരായിരിക്കുകയോ മാത്രമാണ് നിങ്ങൾക്കുമുന്നിലുള്ള വഴിയെന്ന് വരുന്നു.

ല്ലാ അസ്വാഭാവികതകളെയും അസാധാരണത്വങ്ങളെയും സ്വാഭാവികവും സാധാരണവുമാക്കുക എന്നതാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ഉറപ്പുവരുത്തുന്നത്. പാതിരാവിൽ വാതിലിൽ കേൾക്കുന്ന മുട്ട് നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്, എപ്പോഴും ഇറങ്ങിപ്പോകാൻ പാകത്തിൽ അലക്കിയുണക്കിയ കുപ്പായമിടുന്നുണ്ട്, അധിക്ഷേപങ്ങളും അവഹേളനങ്ങളും കേൾക്കാൻ പാകത്തിൽ ചെവികളെയും ഇരുട്ടുമുറിയിൽ അരണ്ട മഞ്ഞവെളിച്ചത്തിൽ കാണാൻ പാകത്തിൽ കണ്ണുകളെയും പൊടുന്നനെ വീശിവീഴുന്നൊരു അടി കൊള്ളാൻ പാകത്തിൽ കവിളിനെയും നമ്മൾ തയ്യാറാക്കിയിട്ടുണ്ട്. ഇരുട്ടിൽ വലിയ തീക്കണ്ണുകളോടെ തിടുക്കമില്ലാതെ വന്നുനിൽക്കുന്ന പോലീസ് വണ്ടിയെത്തുന്നത് നോക്കാൻ പാകത്തിൽ ഒരു ജാലകം നമ്മൾ എപ്പോഴും പാതിതുറന്നിട്ടുണ്ട്. തിരക്കുപിടിച്ചൊരു കോടതിമുറിയിൽ മുഖമുയർത്താത്തൊരു ന്യായാധിപൻ രാജ്യദ്രോഹികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നതിനെടുക്കുന്ന നിമിഷാർദ്ധങ്ങളുടെ നീതിനടത്തിപ്പിനു മുമ്പിൽ നിശ്ശബ്ദമായി നിൽക്കാൻ നാം തയ്യാറെടുക്കുന്നുണ്ട്. അവസാനിക്കാത്ത തുരങ്കങ്ങളിലൂടെയോടുന്ന പൊലീസ്‌വണ്ടിയിലെ കുഞ്ഞുദ്വാരങ്ങളിലൂടെ പുറത്തുകാണുന്ന വെളിച്ചത്തിൽ ലോകം അതിസാധാരണമായ മറ്റൊരു ദിവസം പോലെ, അപരിചിതരായ മനുഷ്യരുടെ ധൃതിയിൽ നടന്നും ഇരുന്നും നിരങ്ങിയും ഇഴഞ്ഞും പകലിൽ നിന്ന് രാത്രിയിലേക്കും രാത്രിയിൽനിന്ന് പകലിലേക്കും പോകുന്നതും നാം കാണുന്നുണ്ട്. എല്ലാ സ്വാഭാവികമായിത്തോന്നുന്നതോടെ നമ്മൾ നമ്മളെത്തന്നെ മായ്ച്ചുകളയുന്നു.

നിറഞ്ഞുനിൽക്കുന്ന ഭയവും ഭരണകൂട അടിച്ചമർത്തലുകളും അതിനെത്തുടർന്നുള്ള നിശ്ശബ്ദതയും സ്വാഭാവികമായി സ്വീകരിക്കുന്നൊരു സമൂഹത്തിൽ നിന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ഥ, സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം മേധാവി അമിത് ചക്രവർത്തി എന്നിവരെ ദൽഹി പോലീസ് പിടികൂടുന്നത്. കുറ്റാരോപണം എന്താണെന്നുപോലും ചോദിക്കേണ്ടാത്ത വിധത്തിൽ നമുക്കത് പരിചിതമായിക്കഴിഞ്ഞു. രാജ്യദ്രോഹം, ഭീകരപ്രവർത്തനം, വിദേശത്തു നിന്ന് അനധികൃതമായി രാജ്യദ്രോഹ പ്രവർത്തികൾക്ക് പണം കൈപ്പറ്റൽ എന്നിങ്ങനെ പോകുന്ന ന്യൂസ്‌ക്ലിക് സംഭവത്തിലാകട്ടെ, കുറച്ചുകൂടി അന്താരാഷ്‌ട്രമാനം ഗൂഢാലോചനക്ക് നൽകാൻ, ചൈനയാണ് ഇതിനുപിന്നിലെന്ന് സർക്കാർ പറയുന്നു.

പ്രബിർ പുർകായസ്ഥ
പ്രബിർ പുർകായസ്ഥ

ദൽഹിയടക്കമുള്ള ദേശീയ തലസ്ഥാനമേഖലയിലും മുംബൈയിലുമായി അമ്പതോളം ഇടങ്ങളിൽ, 46 മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്നവരുടെ വീടുകളിലും ഔദ്യോഗിക കാര്യാലയങ്ങളിലും പരിശോധന നടത്തി. യാതൊരു നിയമാനുസൃത മാനദണ്ഡങ്ങളും പാലിക്കാതെ അവരിൽ പലരുടെയും മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തു. അതിനൊപ്പം മോദി സർക്കാരിന്റെ പ്രചാരണയന്ത്രങ്ങളായ മഹാഭൂരിഭാഗം "ദേശീയ മാധ്യമങ്ങളും" ഭരണകൂടത്തിന്റെ ഉത്തരവുകളെ പരമാവധി പൊലിപ്പിച്ചെടുക്കുന്ന ആഖ്യാനതന്ത്രങ്ങളുമായി മുഴുവൻസമയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള മിക്ക മാധ്യമ സ്ഥാപനങ്ങളും മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഉച്ചഭാഷിണികളും പ്രചാരണസംവിധാനങ്ങളും മാത്രമല്ല, അവരുടെ വേട്ടനായ്ക്കൾ കൂടിയാണ്.

ഇന്ത്യയിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും അവയുടെ മൂലധനതാത്പര്യം കൊണ്ടും അല്ലാത്ത ന്യൂനപക്ഷം ഭരണകൂടവേട്ടയെ അതിജീവിക്കാനാകാത്തതുകൊണ്ടും ഭരണകൂട താത്പര്യങ്ങൾക്കൊപ്പം നിൽക്കുന്നു. എതിർത്തുനിൽക്കുന്ന, ജനാധിപത്യ രാഷ്ട്രീയ നിലപാടെടുക്കുന്ന അപൂർവം മാധ്യമസ്ഥാപനങ്ങളെയാണ് ഇപ്പോൾ ന്യൂസ് ക്ലിക്കിനെ ആക്രമിക്കുന്ന പോലെ ആക്രമിക്കുന്നത്.

ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നിർണായകമായ രാഷ്ട്രീയായുധമാണ് രാഷ്ട്രീയ പ്രചാരണം (Political propaganda). അസത്യങ്ങളും അർദ്ധസത്യങ്ങളും വ്യാജ ആഖ്യാനങ്ങളും കൊണ്ട് സമ്പന്നമാണത്. അതിദേശീയതയും ശത്രു നിർമ്മിതിയും, തീർത്തും അപ്രസക്തമായ സംഗതികളെ വലിയ സംഭവങ്ങളാക്കി മാറ്റി ജനങ്ങളെ മുഴുവൻ ഒരുതരം ഉന്മാദാവസ്ഥയിലേക്കെത്തിക്കുന്നതും ചരിത്രം മാറ്റിയെഴുതുന്നതും രാജ്യത്തെ രാഷ്ട്രീയ- സമ്പദ്‌വ്യവസ്ഥ പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ചർച്ചയും ഉയരാതെ നോക്കുന്നതുമടക്കം, നിർണായകമായ തങ്ങളുടെ നിലനിൽപ്പിന്റെ ആധാരശിലകളിലെല്ലാം ഈ പ്രചാരണ സംവിധാനത്തിന്റെ കയ്യൊപ്പ് വേണ്ടതുണ്ടെന്ന് അവർക്കറിയാം.

ന്യൂസ്‌ക്ലിക്കിൽ  ഡൽഹി സ്‌പെഷ്യൽ പൊലീസ് നടത്തിയ റെയ്‌ഡിനിടയിൽ  / Photo: Shahid Tantray Twitter
ന്യൂസ്‌ക്ലിക്കിൽ ഡൽഹി സ്‌പെഷ്യൽ പൊലീസ് നടത്തിയ റെയ്‌ഡിനിടയിൽ / Photo: Shahid Tantray Twitter

സംഘ്പരിവാറിനെയും അവരുടെ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാരിനെയും സംബന്ധിച്ച് അതിന്റെ രാഷ്ട്രീയാധികാരത്തിന്റെ നിലനിൽപ്പ്, ഒരു ജനാധിപത്യ ആവാസവ്യവസ്ഥയിൽ സാധ്യമാകുന്ന ഒന്നല്ല. ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിനു അതാഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കണമെങ്കിൽ ജനാധിപത്യരഹിതമായ ഒരു രാഷ്ട്രീയാധികാരസംവിധാനം മാത്രം പോരാ, ഒപ്പം ജനാധിപത്യരഹിതമായൊരു സമൂഹം കൂടി വേണം. ഇത്തരത്തിൽ ജനാധിപത്യത്തിനെതിരെ ഇരട്ട ആക്രമണം നടത്തുക എന്നത് ഫാഷിസത്തിന്റെ അജണ്ടയാണ്. അതുകൊണ്ടാണ് നേരിട്ടുള്ള നിയമങ്ങളുടെയും അടിച്ചമർത്തലുകളുടെയും രൂപത്തിൽ ഭരണകൂടവും സാമൂഹ്യമണ്ഡലത്തിൽ ആൾക്കൂട്ടക്കൊലപാതകങ്ങളും ആക്രമണങ്ങളും വർഗീയ കലാപങ്ങളുമൊക്കെയായി സംഘപരിവാറിന്റെ സംഘടനാരൂപങ്ങളും ഈ പ്രക്രിയ തുടരുന്നത്.

സ്വതന്ത്ര മാധ്യമങ്ങൾ ഈ പദ്ധതിയെ നിർണായകമായ രീതിയിൽ ചോദ്യം ചെയ്യുകയും തുറന്നുകാട്ടുകയും ചെയ്യും. ഒരേസമയം രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിലെ ഫാഷിസ്റ്റ് ഭീകരതയെ തുറന്നുകാട്ടുന്നതിനൊപ്പം പൊതുമണ്ഡലത്തിലും പൗരജീവിതത്തിലും ജനാധിപത്യസംവാദങ്ങളുടെ ഒരു ബദൽ സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തെ അത് നിലനിർത്തുകയും ചെയ്യുന്നു. ഇത് ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയാധികാരത്തെ അതിന്റെ സമഗ്രാധിപത്യത്തിലേക്കുള്ള യാത്രയിൽ നിരന്തരം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയും ആ തടസങ്ങൾ വളരെ ദുർബ്ബലമാണെങ്കിൽക്കൂടി ജനാധിപത്യത്തിന്റെ സമരോത്സുകമായൊരു സാധ്യതയെ ജ്വലിപ്പിച്ചുനിർത്തുകയും ചെയ്യും. ഈ രാഷ്ട്രീയപ്രതിരോധത്തിന്റെ അപകടം അറിയാവുന്നതുകൊണ്ടാണ് വളരെ ചെറിയ വൃത്തങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന മാധ്യമങ്ങളെപ്പോലും ഇത്തരം രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മോദി സർക്കാർ വേട്ടയാടുന്നത്.

രാജ്യത്തിന്റെ പൊതുമണ്ഡലത്തെ നിരന്തരമായി ഹിംസാത്മകമായ ഭരണകൂട, ഫാഷിസ്റ്റ് രാഷ്ട്രീയ പ്രയോഗങ്ങളിൽക്കൂടി കടത്തിവിടുന്നത് ഇതിന്റെ ഭാഗമായാണ്. ന്യൂസ് ക്ലിക് സംഭവത്തിൽ മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുമ്പോൾ ചോദിച്ച പ്രധാന ചോദ്യങ്ങൾ, 'നിങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ വാർത്ത നൽകിയിട്ടുണ്ടോ, കർഷക പ്രക്ഷോഭത്തെക്കുറിച്ച് വാർത്തകൾ നൽകിയിട്ടുണ്ടോ" എന്നൊക്കെയാണ്. അതായത് സർക്കാരിനെതിരായ രാഷ്ട്രീയപ്രതിഷേധങ്ങളുടെ വാർത്ത നൽകുന്നത് മാധ്യമങ്ങളുടെ പണിയല്ല എന്ന് പറയുമ്പോൾ ഭരണകൂടത്തിന്റെ പ്രചാരണ യന്ത്രമാവുകയോ അല്ലെങ്കിൽ നിശ്ശബ്ദരായിരിക്കുകയോ മാത്രമാണ് നിങ്ങൾക്കുമുന്നിലുള്ള വഴിയെന്ന് വരുന്നു. അതു മാത്രമല്ല ആ ചോദ്യങ്ങളിലുള്ളത്. ഇന്ത്യയിൽ മോദി സർക്കാരിന്റെ കാലത്തുണ്ടായ ഏറ്റവും ജൈവവും രാഷ്ട്രീയബോധത്താൽ സമ്പന്നവുമായ സമരങ്ങളോടുള്ള ഭരണകൂടത്തിന്റെ അതിസൂക്ഷ്മമായ ഭീതിയും പകയും കൂടി വെളിവാക്കുന്നുണ്ട്, ഈ ചോദ്യങ്ങൾ.

സമഗ്രാധിപത്യ ഭരണകൂടങ്ങൾക്കും ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കും തങ്ങൾക്കു വേണ്ട മാധ്യമങ്ങളും വേണ്ടാത്ത മാധ്യമങ്ങളും എന്ന ​വേർതിരിവുള്ള മാധ്യമവ്യവസ്ഥയല്ല ആവശ്യം; അവർക്കുവേണ്ടത് 'പ്രചാരണ മാധ്യമങ്ങൾ' മാത്രമാണ്. അവ ഉച്ചഭാഷിണികൾ മാത്രമാണ്. എങ്ങനെയാണോ ഫാഷിസ്റ്റ് രാഷ്ട്രീയം സമൂഹത്തിൽ ഹിംസാത്മകമായ രാഷ്ട്രീയാഖ്യാനം രൂപപ്പെടുത്തുന്നത്, അതിനുവേണ്ട പൊതുബോധനിർമ്മാണ ഉപകരണങ്ങൾ മാത്രമാണ് പരമ്പരാഗത മാധ്യമ രൂപങ്ങളിലുള്ള ഈ പ്രചാരണശാലകൾ. ഈ പ്രചാരണനിലയങ്ങളുടെ മാധ്യമ മാനദണ്ഡങ്ങളാണ് എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങൾക്കും താത്പര്യം.

ലോകത്താകെയും ഏതാണ്ടെല്ലാ മുഖ്യധാരാ വാർത്താമാധ്യമങ്ങളും വൻകിട കോർപ്പറേറ്റുകളുടെ മൂലധന താൽപര്യം പിന്തുടരുന്നവയാണ്. 21-ാം നൂറ്റാണ്ടിലെത്തിയപ്പോൾ ലോകത്താകെ കരുത്താർജ്ജിച്ച തീവ്ര വലതുപക്ഷ രാഷ്ട്രീയവും വലതുപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഭരണകൂടവുമായുള്ള വൈരുദ്ധ്യങ്ങളെ രൂക്ഷമാക്കി. ഇതിന്റെ അടിസ്ഥാനകാരണം ബൂർഷ്വാ ഉദാര ജനാധിപത്യ സങ്കൽപങ്ങളും തീവ്ര വലതുപക്ഷത്തിന്റെ ഫാഷിസ്റ്റ് ഭരണകൂടങ്ങളും തമ്മിലുള്ള ചില വൈരുധ്യങ്ങൾ തന്നെയാണ്. ഇത് പ്രധാനമായും ഭരണകൂടത്തിന്റെ ഇടപെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെയും വിപണികളുടെയും സ്വതന്ത്ര വ്യവഹാരത്തിലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക അധികാരത്തെയും നീതിയെയും കുറിച്ച് ഈ വൈരുദ്ധ്യത്തിനുള്ളിൽ ആശങ്കയുണ്ടാകില്ല. പക്ഷെ, ഈ വൈരുദ്ധ്യത്തെ വിശാലമായ ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും എന്നു മാത്രമല്ല, ഇത്തരത്തിലുള്ള ഒരു ജനാധിപത്യ അടിത്തറ നഷ്ടപ്പെടുന്നത് ഒരു ജനതയെ സംബന്ധിച്ച് ആത്മഹത്യാപരം കൂടിയാണ്.

ജനാധിപത്യ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിമിതമായ അവകാശങ്ങൾ പോലും ഇല്ലാതാക്കുക എന്നതാണ് തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെ അജണ്ട. നുണപ്രചാരണങ്ങളിലും വെറുപ്പിലും അപര വിദ്വേഷത്തിലും യുദ്ധവെറിയിലുമൊക്കെ അടിത്തറകെട്ടിയ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് സമ്പൂർണമായ വിധേയത്വമല്ലാത്ത ഒന്നിനെയും അംഗീകരിക്കാനാകില്ല. സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മാധ്യമവിരോധത്തിന്റെ പ്രധാന കാരണമിതാണ്.

പ്രബിർ പുർകായസ്ഥയും ന്യൂസ്‌ക്ലിക്  എഡിറ്റർ പ്രൻജലും / Photo: Vibhu Grover.
പ്രബിർ പുർകായസ്ഥയും ന്യൂസ്‌ക്ലിക് എഡിറ്റർ പ്രൻജലും / Photo: Vibhu Grover.

2014-ൽ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ രൂപവത്ക്കരിച്ചതിനൊപ്പം, സംഘപരിവാറും മോദി സർക്കാരും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അജണ്ട മറയില്ലാതെ വ്യക്തമാക്കിയിരുന്നു. അന്നത്തെ വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കർ ‘മാധ്യമങ്ങൾ ലക്ഷ്മണരേഖ പാലിക്കണം’ എന്നാവശ്യപ്പെട്ടു. തുടർന്ന് ഒന്നും രണ്ടും മോദി സർക്കാരുകളുടെ കാലത്തായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ടുപോകുന്നത്.

അന്ന് പ്രണോയ് റോയുടെ നേതൃത്വത്തിലുണ്ടായിരുന്ന എൻ.ഡി.ടി.വിക്കെതിരെ കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ച് നിരന്തര അന്വേഷണം നടത്തി കടുത്ത സമ്മർദ്ദം ചെലുത്തി. എൻ.ഡി.ടി.വി മോദി സർക്കാരിന്റെ വാഴ്ത്തുപാട്ട് സംഘത്തിൽ ചേർന്നില്ല എന്നതായിരുന്നു കാരണം. പിന്നീട് തങ്ങൾക്ക് കീഴ്പ്പെടുത്താൻ കഴിയുന്നില്ല എന്നുവന്നപ്പോൾ തന്ത്രപൂർവം മോദിയുടെ മുതലാളി അദാനി ആ സ്ഥാപനത്തിന്റെ ഓഹരികൾ കൗശലം നിറഞ്ഞൊരു കൈമാറ്റപ്രക്രിയയിലൂടെ സ്വന്തമാക്കുകയും അങ്ങനെ ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളിൽ എന്തെങ്കിലും തരത്തിൽ മോദി സർക്കാരിനെ വിമർശിക്കാൻ അല്പമെങ്കിലും സന്നദ്ധത കാണിച്ചിരുന്ന സ്ഥാപനത്തെ മോദിമന്ത്രമുരുവിടുന്ന മറ്റൊരു യന്ത്രമാക്കി മാറ്റുകയും ചെയ്തു.

മാധ്യമങ്ങളുടെ സ്വതന്ത്രസ്വഭാവത്തെ ഇല്ലാതാക്കുന്നതിന് പലവിധ മാർഗങ്ങൾ അവർ ഉപയോഗിക്കുന്നുണ്ട്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത രീതിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമസ്ഥാപനങ്ങൾക്കുനേരെയുള്ള അടിച്ചമർത്തൽ നീക്കങ്ങളാണ് ഒരു വഴി. ഇത് നേരിട്ട് വാർത്തയുടെ പേരിലുള്ള നടപടിയായിത്തന്നെ വരണമെന്നില്ല. പല കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചുകൊണ്ടുള്ള വേട്ടയായിട്ടാണ് ഇത് മിക്കപ്പോഴും പ്രത്യക്ഷപ്പെടുക. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന കലാപം അഥവാ മുസ്​ലിം വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തശേഷം, ബി ബി സിക്കെതിരെ കേന്ദ്ര സർക്കാർ ആദായനികുതി വകുപ്പിനെവിട്ട് പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. കോവിഡ് കാലത്ത് തീർത്തും പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെയും ബി. ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെയും തുറന്നുകാട്ടിയ വാർത്തകൾ പ്രസിദ്ധീകരിച്ചതിനാണ് ദൈനിക് ഭാസ്‌ക്കർ പത്രത്തിനുനേരെ നികുതി വകുപ്പ് എത്തിയത്. 

മാധ്യമങ്ങളെ വരുതിയിൽ നിർത്തിക്കാൻ ഏതറ്റം വരെയും പോകുമെന്ന് മോദി സർക്കാർ തെളിയിച്ചിട്ടുണ്ട്. Masterstroke എന്നൊരു പരിപാടി ABP News -ൽ അവതരിപ്പിച്ചിരുന്നത് പുണ്യ പ്രസൂൺ ബാജ്‌പേയി എന്ന മാധ്യമ പ്രവർത്തകനായിരുന്നു. മോദി വിമർശനം വന്നതോടെ നരേന്ദ്ര മോദിയെ ഇനി മുതൽ പരാമർശിക്കരുതെന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി. അദ്ദേഹം വഴങ്ങിയില്ല. മാത്രമല്ല, ഗൗതം അദാനിയെക്കൂടി വിമർശിച്ചു. അതോടെ കഥ മാറി. നിരവധി കമ്പനികൾ പരസ്യം പിൻവലിച്ചു. സംഘ് പരിവാർ ചാനൽ ബഹിഷ്‌കരിച്ചു. മാത്രമല്ല, പ്രൈം ടൈമിൽ ചാനലിന്റെ സംപ്രേഷണത്തിൽ സാങ്കേതികത്തകരാറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബാജ്‌പേയി രാജിവെച്ചതോടെ പരസ്യങ്ങൾ തിരിച്ചുവന്നു, സംഘപരിവാർ ബഹിഷ്‌കരണം നിർത്തി, സാങ്കേതികക്കുഴപ്പങ്ങൾ ഒറ്റയടിക്ക് അവസാനിച്ചു.

ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്ററായിരുന്ന ബോബി ഘോഷിന് പത്രത്തിൽ നിന്ന് പോരേണ്ടിവന്നതും ഇങ്ങനെയായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെയും മോദി സർക്കാരിനെയും വിമർശിക്കുന്ന, മുസ്‍ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന “Let's Talk about Hate" എന്ന പരമ്പര വന്നതോടെ ബോബി ഘോഷിനെ പുറത്താക്കാനുള്ള അന്ത്യശാസനം സംഘപരിവാറും മോദി സർക്കാരും പത്ര ഉടമകൾക്ക് നൽകി. ബോബി ഘോഷ് രാജിവെച്ചു. അതായത് സർക്കാർ ഏജൻസികൾ വഴിയല്ലാതെയും മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും നിയന്ത്രിക്കാനുള്ള മറ്റൊരു സംവിധാനം സംഘപരിവാറും മോദി സർക്കാരും നടത്തുന്നുണ്ട്. അതിന് വഴിപ്പെടാത്തവരും അതുവഴി തളയ്ക്കാൻ കഴിയാത്തവരുമാണെങ്കിൽ വരൂ, തടവറകൾ സ്വാഗതമോതുന്നു എന്നാണ്.

സിദ്ധാർത്ഥ് വരദരാജൻ അടക്കമുള്ള ദ വയറിലെ മാധ്യമ പ്രവർത്തകരെ ഉത്തർപ്രദേശ് പൊലീസ് പല തരം കുറ്റങ്ങൾ ചുമത്തിയാണ് വേട്ടയാടുന്നത്. മോദി സർക്കാരിനെതിരെയും യു.പിയിലെ യോഗി സർക്കാരിനെതിരെയും വിമർശനങ്ങളുന്നയിക്കുന്നു എന്നതാണ് യഥാർത്ഥ പ്രശ്‌നം. സിദ്ദിഖ് കാപ്പനെന്ന മാധ്യമ പ്രവർത്തകൻ രണ്ടു കൊല്ലം തടവിൽ കിടന്നത്, യോഗി ആദിത്യനാഥിന്റെ ബി ജെ പി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന ബലാത്സംഗത്തെക്കുറിച്ച് വാർത്ത ശേഖരിക്കാൻ പോകുമ്പോഴാണ്. ഈ പട്ടിക ഇവരിൽ അവസാനിക്കില്ല.

 ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്ററായിരുന്ന ബോബി ഘോഷിന്റെ സംഘപരിവാർ രാഷ്ട്രീയത്തെയും മോദി സർക്കാരിനെയും വിമർശിക്കുന്ന, മുസ്‍ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന “Let's Talk about  Hate" എന്ന പരമ്പരയിൽ നിന്ന്
ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്ററായിരുന്ന ബോബി ഘോഷിന്റെ സംഘപരിവാർ രാഷ്ട്രീയത്തെയും മോദി സർക്കാരിനെയും വിമർശിക്കുന്ന, മുസ്‍ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന “Let's Talk about Hate" എന്ന പരമ്പരയിൽ നിന്ന്

ചരിത്രത്തിൽ മോദിക്കും സഘ്പരിവാറിനും മാധ്യമനിയന്ത്രണത്തിന്റെ കാര്യത്തിലും വഴികാട്ടി ഹിറ്റ്ലറുടെ നാസി ഭരണകൂടമാണ്. ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ നാസികൾ ഗംഭീര മാതൃകയാണെന്ന് പറഞ്ഞ ഗോൾവാർക്കറടക്കം ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ മാതൃകാരാജ്യമായിരുന്നു നാസി ജർമ്മനി. ജർമ്മനിയിൽ 1933-ൽ ഹിറ്റ്​ലർ അധികാരത്തിൽ വരുമ്പോൾ 2483 വർത്തമാനപ്പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 65 ദശലക്ഷം വരുന്ന ജനസംഖ്യ വെച്ചുനോക്കിയാൽ അക്കാലത്ത് അതൊട്ടും മോശവുമല്ലായിരുന്നു. തുടർന്നുള്ള അഞ്ചുവർഷം കൊണ്ട് ഏതാണ്ടെല്ലാ പത്രങ്ങളും ദേശസ്‌നേഹത്തിന്റെ അച്ചടക്കം എന്താണെന്ന് സ്വയം പഠിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഏറെ താലോലിക്കപ്പെടുന്ന സെൽഫ് സെൻസറിങ് ജർമ്മനിയിൽ ഒരു മന്ത്രം പോലെ സ്വീകരിക്കപ്പെട്ടു. 1938 നവംബർ 9, 10 തിയ്യതികളിൽ ജൂതന്മാർക്കെതിരെ ആദ്യത്തെ വലിയ വംശീയ ആക്രമണങ്ങളിലൊന്ന് നടന്നു. ജർമ്മനിയിലെമ്പാടും ജൂതന്മാരുടെ വ്യാപാര സ്ഥാപങ്ങളും മറ്റും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ‘തകർന്ന ചില്ലുകളുടെ രാത്രി' (Kristallnacht) എന്നറിയപ്പെട്ട ഈ സംഭവത്തെ പൂർണമായും തമസ്‌കരിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ജർമ്മനിയിലെ മിക്ക പത്രങ്ങളും ഇറങ്ങിയത്. ന്യൂസ്‌ക്ലിക്കിനെതിരായ ഭരണകൂട നടപടിയെ നിഷ്പക്ഷരെന്ന് നടിക്കുന്ന മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി കണ്ടാൽ നാസി ജർമ്മനിയിലെ പത്രധർമ്മത്തിന്റെ പാഠപുസ്തകം പുതിയ പതിപ്പിറക്കുന്നത് എവിടെയെന്ന് കാണാം. ഈ സ്വയം നിയന്ത്രണവും വിധേയത്വവുമില്ലാത്ത ഒന്നിനെയും അനുവദിക്കാൻ സംഘപരിവാറും മോദി സർക്കാരും തയ്യാറല്ല.

ഇന്ത്യയിലെ വലിയ മാധ്യമങ്ങളെല്ലാം മോദി സർക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് കൂട്ടുകെട്ടിന്റെ ഭാഗമായ വൻകിട കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഭരണകൂട അജണ്ടകളും ആഖ്യാനങ്ങളും സമൂഹത്തിൽ കുത്തിവെക്കാൻ അവർക്ക് മറ്റൊരു വഴി അന്വേഷിക്കേണ്ടതില്ല. സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും അജണ്ടകൾ ആദ്യം തന്നെ നേരിട്ടവതരിപ്പിക്കുന്ന മാധ്യമങ്ങളായി മിക്ക വാർത്താ ചാനലുകളും പത്രങ്ങളും. ബി.ജെ.പി എം.പിയും മന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ എന്ന ഉടമയും അർണബ് ഗോസ്വാമി എന്ന ഫാഷിസ്റ്റ് നടത്തിപ്പുകാരനുമുള്ള റിപ്പബ്ലിക് ടി.വി, മോദിയുടെ ഇന്ത്യയുടെ കൃത്യമായ അടയാളപ്പെടുത്തലാണ്. അർബൻ നക്സൽ എന്ന അജണ്ട അവതരിപ്പിക്കുന്നത് പോലും ഈ മാധ്യമങ്ങൾ വഴിയായിരുന്നു.

ഇതൊന്നും സംഘപരിവാറിന്റെ പണം കൊണ്ടുണ്ടാക്കിയ പ്രചാരണയന്ത്രങ്ങളായിരുന്നില്ല. ഇവയെല്ലാം ഇന്ത്യയിലെ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള വാർത്താ മാധ്യമങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാണ് വലിയൊരു വിഭാഗം വാർത്താ മാധ്യമങ്ങൾ. മുകേഷ് അംബാനിക്ക് നേരിട്ട് നിയന്ത്രണമുള്ള Network -18 നു കീഴിൽ 16 വാർത്താ ചാനലുകളും 21 വിനോദ ചാനലുകളുമുണ്ട്. വാർത്താ വെബ്‌സൈറ്റുകൾ അടക്കമുള്ളവ വേറെ. ഇതുകൂടാതെ NDTV, News Nation, India TV, News 24 എന്നിവയിലും അംബാനിക്ക് പരോക്ഷ പങ്കാളിത്തമുണ്ട്.

ബി.ജെ.പി അനുഭാവിയും എസ്സൽ ഗ്രൂപ്പ് മേധാവിയുമായ സുഭാഷ് ചന്ദ്രയാണ് Zee Group -നെ നിയന്ത്രിക്കുന്നത്. ഇവരുടെ നിയന്ത്രണത്തിൽ 14 വാർത്താ ചാനലുകളും DNA എന്ന പത്രവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിൽ ഒന്നായ Times Group മോദി സർക്കാരിന്റെ ഏറ്റവും വിശ്വസ്ത സ്ഥാപനമായി മാറിയിരിക്കുന്നു. സങ്കുചിത ദേശീയതയും ന്യൂനപക്ഷ ഭീതിയും ഇടതുപക്ഷ വിരുദ്ധതയുമൊക്കെ പരത്തുന്നതിൽ അവർക്ക് മുന്നിലുള്ളത് റിപ്പബ്‌ളിക് ടി.വി മാത്രമാണ്. മൂന്ന് വാർത്താ ചാനലുകളും 15 പത്രങ്ങളുമാണ് അവർക്കുള്ളത്. ആദിത്യ ബിർളാ ഗ്രൂപ്പിന്റെയും അരുൺ പുരിയുടെയും ഉടമസ്ഥതയിലാണ് TV Today. ആജ് തക്, ഇന്ത്യ ടുഡേ എന്നിവയടക്കം നാല് വാർത്താ ചാനലുകളാണുള്ളത്. NDTV അദാനി സ്വന്തമാക്കിയതോടെ ദേശീയ ടെലിവിഷൻ ചാനലുകളെല്ലാം സർക്കാർ-സംഘപരിവാർ ജിഹ്വകൾ മാത്രമായിരിക്കുന്നു.

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ Sun Group നിരവധി വ്യവസായ താൽപര്യങ്ങളുള്ള മാരൻ കുടുംബത്തിന്റെയാണ്. 32 ചാനലുകളാണ് അവർക്കുള്ളത്. മൂന്നു പത്രങ്ങളും നടത്തുന്നു. News24 ഉടമ അനുരാധ പ്രസാദ് കോൺഗ്രസ് രാജ്യസഭാ എം.പിയും വ്യവസായിയുമായ രാജീവ് ശുക്ലയുടെ ഭാര്യയും ബി. ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ സഹോദരിയുമാണ്. India TV എന്ന മോദി ഭക്ത ചാനലുടമ രജത് ശർമ്മ എ.ബി.വി.പി മുൻ ജനറൽ സെക്രട്ടറി കൂടിയാണ്. റൂപർട് മർഡോക്കിന്റെ Star TV-ക്ക് 42 ചാനലുകളാണുള്ളത്. ഇന്ത്യയിലെ മാധ്യമരംഗത്തെ വൻകിട കളിക്കാരിൽനിന്നും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പ്രതീക്ഷിക്കാനാവില്ല എന്നത് അവയുടെ വർഗ്ഗതാത്പര്യത്തെ വെളിവാക്കുന്ന ഈ മൂലധനവിന്യാസം നമ്മോട് പറയുന്നുണ്ട്.

മാധ്യമപ്രവർത്തനത്തെയോ മാധ്യമങ്ങളെയോ ഒറ്റപ്പെടുത്തി ആക്രമിക്കുകയല്ല മോദി സർക്കാർ ചെയ്യുന്നത്. ജനാധിപത്യത്തിനെതിരായ ഫാഷിസ്റ്റ് കടന്നാക്രമണത്തിന്റെ ഭാഗമായാണ് അവരത് ചെയ്യുന്നത്.

ഇതിനെ പ്രതിരോധിക്കണമെങ്കിൽ ജനാധിപത്യത്തോടും പൗരാവകാശങ്ങളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ജീവശ്വാസം പോലെ കൊണ്ടുനടന്നേ മതിയാകൂ. അത് നഷ്ടപ്പെടുമ്പോഴാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്നതുപോലെ മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുന്നതും യു.എ.പി.എ എന്ന മനുഷ്യാവകാശ വിരുദ്ധ നിയമം ഉപയോഗിച്ച് ആളുകളെ തടവിലിടുന്നതുമൊക്കെ. മാത്രവുമല്ല, എങ്ങനെയാണോ കേന്ദ്രത്തിൽ സംഘപരിവാറും മോദി സർക്കാരും മാധ്യമങ്ങൾക്കെതിരെയുള്ള ആക്രമണം നടത്തുന്നത് അതിന്റെ പതിഞ്ഞ അനുകരണത്തിലൂടെ, അതെ കൈപ്പുസ്തകം പിന്തുടർന്നാണ് കേരളത്തിൽ തങ്ങളെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ പൊലീസിനെ ഉപയോഗിച്ച് പിണറായി സർക്കാർ വിരട്ടുന്നത്. ഏഷ്യാനെറ്റ് ലേഖിക അഖില നന്ദകുമാറിനെതിരെ നടത്തിയ അന്വേഷണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തീവ്രവലതുപക്ഷ ഭരണകൂടവും ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന കക്ഷിയും സർക്കാരും ഒരേതരത്തിലുള്ള മാധ്യമവിരുദ്ധതയുടെ ആക്രമണതന്ത്രങ്ങൾ ഉപയോഗിക്കുന്നത് ഹിംസാത്മകമായ വലതുപക്ഷ രാഷ്ട്രീയവും അതിന്റെ ഭരണകൂട സ്വഭാവവും ഭയാനകമായ ആഴത്തിൽ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയശരീരത്തിലേക്ക് ഇറങ്ങുന്നതിന്റെ പ്രകടമായ ലക്ഷണമാണ്. തങ്ങൾക്കെതിരെ വിമർശനവും പ്രതിഷേധവുമുയർത്തുന്ന മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഒപ്പം നിൽക്കുന്നെന്ന് കരുതുന്ന മാധ്യമ പ്രവർത്തകരെ "presstitute" എന്നാണ് സംഘപരിവാർ ആക്ഷേപിക്കുന്നതെങ്കിൽ തങ്ങളുടെ നേതാവിനും ഭരണവ്യവസായത്തിനും എതിരെ നിൽക്കുന്നുവെന്ന് കരുതുന്ന മാധ്യമ പ്രവർത്തകരെ കേരളത്തിലെ ഭരണ ഇടതുപക്ഷം "മാ പ്രാകൾ" എന്ന് വിളിക്കുന്നതും ഇതേ ജനാധിപത്യവിരുദ്ധ സമഗ്രാധിപത്യ ഭരണകൂട യുക്തിയുടെ ആക്രോശമാണ്. നമുക്കിഷ്ടമില്ലാത്ത തരം ജീർണമാധ്യമപ്രവർത്തനം നടത്തുന്നവർക്ക് നേരെ കുറച്ചൊക്കെ ഭരണകൂട അതിക്രമവും നിയമവാഴ്ചക്ക് ബാഹ്യമായ, നിയമപ്രക്രിയകളെ ദുരുപയോഗം ചെയ്യുന്ന അടിച്ചമർത്തലുമാകാം എന്ന ധാരണ വളർത്തിയെടുക്കുന്നതോടെ ഫാഷിസത്തിന് പ്രവേശിക്കാൻ പാകത്തിലൊരു സാമൂഹ്യ ശരീരത്തെക്കൂടിയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നത്, തിരുത്തിയില്ലെങ്കിൽ അനുഭവിക്കാൻ കാത്തുകിടക്കുന്നൊരു തിരിച്ചറിവാണ്.

സ്വതന്ത്ര സമൂഹത്തിനു നേരെയുള്ള ആക്രമണമാണ് ഈ മാധ്യമവിരുദ്ധതയിലൂടെയും നടക്കുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ജനാധിപത്യ ഇടപെടലുകളെയും പരമാവധി ചുരുക്കിക്കൊണ്ടുവരികയും ഭരണകൂടത്തിന്റെ മേൽനോട്ടത്തിനുകീഴിലുള്ള വരിതെറ്റാത്ത, അച്ചടക്കമുള്ള പൗരരെ നിർമ്മിച്ചെടുക്കുകയും ചെയ്യുന്ന പരിപാടിയുടെ ഭാഗമാണിത്. നിറഞ്ഞുനിൽക്കുന്ന ഹിംസയുടെ അന്തരീക്ഷമാണ് അതുണ്ടാക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ സമരത്തിൽ, ജനാധിപത്യവും പൗരാവകാശങ്ങളും തങ്ങൾക്കിഷ്ടമുള്ളവർക്ക് മാത്രം നഷ്ടപ്പെടുമ്പോൾ മാത്രം പ്രതികരിക്കുകയും എതിർക്കുകയും ചെയ്യാം എന്ന് കരുതുന്നത് ചരിത്രത്തിൽ ആവർത്തിക്കുന്ന ആലസ്യമാണ്. അത്തരം ആലസ്യങ്ങൾ നിതാന്തമായി ഉറങ്ങിയത് ഫാഷിസത്തിന്റെ കൊലനിലങ്ങളിലായിരുന്നു എന്നതും അതിന്റെ ബാക്കിയാണ്. അവസരവാദപരമായ ആലസ്യങ്ങളിൽ നിന്നും പുറത്തുകടന്നില്ലെങ്കിൽ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ബഹുജനാടിത്തറ ഇനിയും വിപുലമാവുക എന്ന വൈരുദ്ധ്യത്തിനായിരിക്കും ഇടവരുത്തുക എന്നത് ഇനി പറയേണ്ടതില്ലാത്തവിധം വ്യക്തമാണ്.

മാധ്യമ സ്വാതന്ത്ര്യം മാത്രമായിട്ടൊരു സ്വാതന്ത്ര്യമില്ല. അത് ജനാധിപത്യസമൂഹത്തിന്റെ ഭാഗമാണ്. പൊതുസമൂഹത്തിന്റെ ജനാധിപത്യ ഘടനയും പൗരാവകാശങ്ങളും ദുർബ്ബലമാകുമ്പോൾ മാധ്യമ സ്വാതന്ത്ര്യം എന്നതും അതിവേഗത്തിൽ ഇല്ലാതാകും. ഇന്ത്യയിൽ സംഭവിക്കുന്നത് അതാണ്. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ പലതരത്തിൽ ഇല്ലാതാവുകയാണ്. പുതിയതായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളിലെല്ലാം ഈ കടന്നുകയറ്റം പ്രകടമാണ്. അത് Digital Personal Data Protection Act -2023 ആയാലും രാജ്യദ്രോഹക്കുറ്റത്തെ മറ്റു പേരിൽ നിലനിർത്തുന്ന പുതിയ ശിക്ഷാനിയമം (Bharatiya Nyaya Sanhita) ആയാലുമൊക്കെ "ദേശീയ സുരക്ഷ" എന്ന ഒരൊറ്റ കാരണം കാണിച്ച് ഏതു പൗരാവകാശവും എപ്പോൾ വേണമെങ്കിലും റദ്ദ് ചെയ്യാമെന്ന വ്യവസ്ഥകളിലേക്കുള്ള വഴികൾ കാണിക്കുന്നതാണ്. ഭരണകൂടത്തിന് വ്യക്തികളുടെ സ്വകാര്യതയ്ക്കും ജീവിതത്തിനും മുകളിൽ ഭയാനകമായ മേൽനോട്ടാധികാരവും കടന്നുകയറ്റാധികാരവും നൽകുന്നവയാണ് സർക്കാരിന്റെ ഓരോ പുതിയ നിയമനിർമ്മാണവും.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യ 180-ൽ 161-ാം സ്ഥാനത്തേക്ക് വീണുകിടക്കുന്നത്. 2016 മുതൽ ലോകത്ത് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നടത്തിയ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കലിൽ 58%-വും ഇന്ത്യയിലാണ്. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്തുനടന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ ഉപയോഗിച്ച ഒരു മാർഗം ആഴ്ചകളോളം നീണ്ട ഇന്റർനെറ്റ് സേവനരാഹിത്യമായിരുന്നു. അറിയാനും ആശയവിനിമയം നടത്താനുമുള്ള മനുഷ്യരുടെ മൗലികാവകാശത്തിനു മുകളിൽ യാതൊരു നീതിയും കൂടാതെ കടന്നുകയറുകയാണ് ഇന്ത്യൻ ഭരണകൂടം ചെയ്യുന്നത്.

ആദിവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്കുവേണ്ടി പിടിച്ചെടുക്കുകയും അവരുടെ സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന നയത്തിന്റെ തുടർച്ചയാണ് മാധ്യമ അടിച്ചമർത്തലും. അദാനിക്കുവേണ്ടി ഗുജറാത്തിലായാലും കേരളത്തിലായാലും മുഴുവൻ ഭരണകൂട സംവിധാനങ്ങളും ഓച്ഛാനിച്ചു നിൽക്കുകയും രാജ്യത്തിന്റെ പൊതുസമ്പത്ത് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന പരിപാടിയുടെ അടുത്ത പുറമാണ് അദാനിയെ നിശിതമായി വിമർശിക്കുന്ന പരഞ്ചോയ് ഗുഹ താക്കുർത്തയടക്കമുള്ള മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത്. അതായത് ഹിന്ദുത്വ ഫാഷിസ്റ്റ്- കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ പ്രചണ്ഡമായ ആക്രമണത്തിൽ സ്വാത്യന്ത്ര്യത്തിന്റെയോ പൗരാവകാശത്തിന്റെയോ ജനാധിപത്യത്തിന്റെയോ എന്തെങ്കിലുമൊരു ഛായ പോലും ബാക്കിവെക്കാൻ അവരാഗ്രഹിക്കുന്നില്ല. ഫാഷിസ്റ്റ് ആക്രമണപദ്ധതിയിൽ വേട്ടക്കാരന്റെ കൃത്യത മറച്ചുവെക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വേട്ടയാടപ്പെടുന്നവരുടെ ഐക്യവും അനിവാര്യമാണ്.

ഡി. രഘുനന്ദന്‍, അഭിസാര്‍ ശര്‍മ, പ്രബിര്‍ പുര്‍കായസ്ത, സൊഹൈല്‍ ഹാഷ്മി, ഉര്‍മിളേഷ്, ഭാഷ സിങ്
ഡി. രഘുനന്ദന്‍, അഭിസാര്‍ ശര്‍മ, പ്രബിര്‍ പുര്‍കായസ്ത, സൊഹൈല്‍ ഹാഷ്മി, ഉര്‍മിളേഷ്, ഭാഷ സിങ്

ഭീമ കോറേഗാവ് ഗൂഡാലോചനക്കേസിൽ കെട്ടിച്ചമച്ച കഥകളുടെ പേരിൽ തടവിലിട്ട മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ബുദ്ധിജീവികളും കിടക്കുന്ന അതേ തടവറകളിലേക്കാണ് ബാക്കിയുള്ളവരെയും കൊണ്ടുപോകുന്നത്. അവിടെയെല്ലാവരും അക്കങ്ങളുടെ തുടർച്ചയാണ്. ജനാധിപത്യത്തിനുള്ളിൽ നിങ്ങൾക്ക് പല രീതിയിൽ വിയോജിക്കാമെങ്കിലും ഫാഷിസം നിങ്ങൾക്ക് തടവറയിൽ തുല്യത ഉറപ്പുവരുത്തുന്നുണ്ട്. ഇത് തിരിച്ചറിയുക എന്നത് തടവിലാകുന്നതിനു മുമ്പുതന്നെ ഉണ്ടാകേണ്ടൊരു രാഷ്ട്രീയബോധ്യമാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഇന്ത്യയിലിപ്പോഴുള്ള ഏറ്റവും വിരുദ്ധോക്തിയിലുള്ള ഫലിതം എന്നുവരുന്നു. രാജ്യം ഒരു തുറന്ന തടവറയാവുകയും കൃത്യസമയങ്ങളിൽ ഭയത്തിന്റെ രാഷ്ട്രീയജനിതക ഘടികാരം നിങ്ങളെ തടവറയിലെ നിയമങ്ങൾക്കൊത്തു ചലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നൊരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. അകത്താര്, പുറത്താര് എന്ന ചോദ്യം പോലും അപ്രസക്തമാവുകയാണ്. പുറത്തുള്ളവർ അകത്താക്കാൻ പോലും പ്രസക്തരല്ലാത്ത വിധത്തിൽ നിഷ്ക്രിയരായി മാറുകയാണ്. നീണ്ടൊരു വരിയിലൊരാളായി നിൽക്കുകയാണ് നാം. അതെത്തുന്നത് എവിടേക്കാണെന്നുപോലും നിശ്ചയമില്ലെങ്കിലും അച്ചടക്കത്തോടെ വരിനിൽക്കാൻ തയ്യാറായ ജനത ജനാധിപത്യവുമായി വഴിപിരിഞ്ഞുപോന്നവരാകും. ചോദ്യങ്ങളുയർത്തുന്നവരെയും പ്രതിഷേധിക്കുന്നവരെയുമാണ് ഒന്നൊന്നായി കൊണ്ടുപോകുന്നത്. നിങ്ങളിപ്പോഴും അച്ചടക്കത്തോടെ വരിനിൽക്കുകയാണോ എന്നതാണ് ചോദ്യം. നിങ്ങളുടെ നിശ്ശബ്ദതയിലുണ്ട് ഉത്തരം.

Comments