‘എന്നോടും ദൽഹി പൊലീസ് ചോദിച്ചത് അതേ ചോദ്യങ്ങൾ’ ന്യൂസ് ക്ലിക്കിൽ ജേണലിസ്റ്റായിരുന്ന അനുഷ പോൾ പറയുന്നു

‘‘എഡിറ്റർ ഇൻ ചീഫ് അടക്കമുള്ള എല്ലാ ജീവനക്കാരുടെയും കൈയ്യിൽ നിന്ന് വർക്ക് ചെയ്യാനുള്ള ഉപകരണങ്ങളെല്ലാം കൊണ്ടുപോയിട്ടും ന്യൂസ് ക്ലിക്കിനെ നിശ്ശബ്ദമാക്കാൻ കഴിഞ്ഞിട്ടില്ല. സ്റ്റോറികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ദിവസവും ഒരു പത്ത് സ്റ്റോറിയെങ്കിലും നൽകാൻ ശ്രമം നടത്തുന്നു. വളരെ കുറഞ്ഞ റിസോഴ്‌സു വെച്ച്, കമ്പ്യൂട്ടറുകൾ പരസ്പരം ഷെയർ ചെയ്ത് ജീവനക്കാർ ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് മാധ്യമ പ്രവർത്തനത്തിലൂടെ മറുപടി നൽകേണ്ടത്.’’- ന്യൂസ് ക്ലിക്കിനെതിരായ കേസിന്റെ ഭാഗമായി ദൽഹി പൊലീസ് ചോദ്യം ചെയ്ത മലയാളി ജേണലിസ്റ്റ് അനുഷ പോൾ സംസാരിക്കുന്നു.

റിദാ നാസർ: രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഇല്ലാതാക്കാൻ ചൈനയിൽ നിന്ന് വിദേശഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിലാണ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികളെ ഇല്ലാതാക്കാൻ ശ്രമിച്ചു, കർഷക സമരം നീട്ടിക്കൊണ്ടുപോകാനും രാജ്യത്തെ പൊതുസ്വത്ത് നശിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകി, ഇന്ത്യൻ ഭൂപടത്തിൽ നിന്ന് കശ്മീരിനെ ഒഴിവാക്കുകയും അരുണാചൽ പ്രദേശിനെ തർക്കമേഖലയായി അടയാളപ്പെടുത്തുകയും ചെയ്ത് പുതിയ ഇന്ത്യൻ ഭൂപടം സൃഷ്ടിക്കാൻ പദ്ധതിയിട്ടു, തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരായ കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞദിവസം സി.ബി.ഐയും ഈ വിഷയത്തിൽ ന്യൂസ് ക്ലിക്കിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ചൈനീസ് വിദേശഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

അനുഷാ പോൾ: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ന്യൂസ് ക്ലിക്ക് ചെനീസ് വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നും ചൈനീസ് പ്രചാരണങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഒരു മുൻ ജീവനക്കാരിയെന്ന നിലയിലും ന്യൂസ് ക്ലിക്കിന്റെ സ്ഥിരവായനക്കാരിയെന്ന നിലയിലും ഞാൻ കരുതുന്നില്ല. നിയമപരമായും സുതാര്യവുമായിട്ടാണ് ന്യൂസ് ക്ലിക്കിലെ എല്ലാ നിക്ഷേപങ്ങളും നടന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ ആരാണ് ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

ന്യൂസ് ക്ലിക്കിൽ എപ്പോഴാണ് ജോലി ചെയ്തത്, കർഷക സമരവും സി.ഐ.എ പ്രതിഷേധവും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ, കോവിഡ് കാലത്ത് സർക്കാരിനെ വിമർശിച്ച് എഴുതിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് എന്നോട് ചോദിച്ചത്.

വേൾഡ് വൈഡ് മീഡിയ ഹോർഡിങ്സ് എന്ന, അമേരിക്കയിൽ സ്ഥാപിതമായ ഓർഗനൈസേഷനാണ് ന്യൂസ് ക്ലിക്കിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. പീപ്പിൾ സപ്പോർട്ട് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള ഈ ഓർഗനൈസേഷൻ അമേരിക്കയിലാണുള്ളത് എന്നിരിക്കെ എങ്ങനെയാണ് ഇവർ ചൈനീസ് വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണം ഉന്നയിക്കുന്നത്? ന്യൂസ് ക്ലിക്കിന്റെ എഡിറ്ററായിരുന്ന പ്രബീർ പുർകായസ്ത നേരത്തെ ജോലി ചെയ്തിരുന്ന Thought Workers Collective എന്ന ഐ.ടി കൺസൽട്ടൻസിയുടെ ഓണർഷിപ്പ് കൈമാറിയശേഷം നെവില്ല റോയ് സിംഘത്തിന് കിട്ടിയ പൈസയാണ് നിക്ഷേപമായി നടത്തിയിട്ടുള്ളത്.

2021- ലാണ് ന്യൂസ് ക്ലിക്ക് ഓഫീസിൽ ആദ്യ റെയ്ഡ് നടക്കുന്നത്. ആ സമയത്ത് ഇ.ഡിയും ഡി.ആർ.ഐയും ദൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയുമെല്ലാം തുടർച്ചയായി ന്യൂസ് ക്ലിക്ക് ഓഫീസിൽ റെയ്ഡ് നടത്തിയതാണ്. അന്ന് 75 വയസ്സുകാരനായ പ്രബീർ പുർകായസ്തയെ ഉറങ്ങാൻ പോലും സമ്മതിക്കാതെ രാപകൽ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ വീട്ടിലും റെയ്ഡ് നടത്തിയി. തെളിവെടുപ്പിനായി ഓഫീസിലെ ഉപകരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുപോയി. അന്നും നിക്ഷേപവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

ആ സമയത്തും കൃത്യമായി ഡബ്ല്യ.എം.എച്ച് നിക്ഷേപങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറിയതാണ്.

ഇപ്പോൾ നടന്ന റെയ്ഡിനും അറസ്റ്റിനുമെല്ലാം ശേഷവും ന്യൂസ് ക്ലിക്ക് നിക്ഷേപങ്ങൾ സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഔദ്യോഗിക പ്രസ്താവനയായി തന്നെ ന്യൂസ് ക്ലിക്ക് പുറത്തിറക്കിയിട്ടുണ്ട്. പീപ്പിൾ സെൻട്രിക്ക് ആയ മാധ്യമ സംസ്കാരം വികസിപ്പിച്ചെടുക്കാൻ മറ്റു പല സ്ഥാപനങ്ങളും നടത്തുന്നതുപോലെ തന്നെ, ന്യൂസ് ക്ലിക്കും നിയമപരമായി തന്നെയാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. സംശമുള്ളവർക്ക് ന്യൂസ് ക്ലിക്കിന്റെ വെബ്‌സൈറ്റും യുട്യൂബ് ചാനലുമൊക്കെ നോക്കാം. അത് പരിശോധിച്ചാൽ, നിക്ഷ്പക്ഷവും സത്യസന്ധവുമായ ജേണലിസമാണ് ന്യൂസ് ക്ലിക്കിന്റേതെന്ന് മനസ്സിലാക്കാം.

പിന്നെ എന്തുകൊണ്ടാണ് ഇത്തരം ഗുരുതര ആരോപണങ്ങളു​ന്നയിച്ച് ന്യൂസ് ക്ലിക്കിനെ വേട്ടയാടാൻ ശ്രമിക്കുന്നത്?

എതിർശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുകയാണ് ഇതിനുപിന്നിലുള്ളത്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത പല സംഭവങ്ങൾക്കും ന്യൂസ് ക്ലിക്ക് പിന്തുണ നൽകിയതുതന്നെയാണ് പ്രതിക്കൂട്ടിൽ നിർത്താൻ കാരണം. കർഷക സമരത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന സമയത്ത്, ആധികാരിക റിപ്പോർട്ടുകൾ നൽകിയത് ന്യൂസ് ക്ലിക്കാണ്. ന്യൂസ് ക്ലിക്കിലൂടെ ആവർത്തിച്ചുവന്ന റിപ്പോർട്ടുകളിലൂടെയാണ് കർഷക സമരം നടക്കുന്നുണ്ടെന്ന് പോലും പൊതുജനങ്ങൾ അറിയുന്നത്. കർഷകരുടെ പ്രശ്‌നങ്ങളെന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും പൊതുജന പിന്തുണ ഉറപ്പിക്കാനും ന്യൂസ് ക്ലിക്കിന് സാധിച്ചിരുന്നു.

കർഷക സമരം റിപ്പോർട്ട് ചെയ്തവരോട്, അവർക്ക് റിപ്പോർട്ടിങ്ങിന്, പ്രത്യേകമായി പണം കിട്ടിയിരുന്നോ എന്നെല്ലാം ചോദിച്ചിരുന്നു. ഇതിൽ നിന്നെല്ലാം പോലീസിന്റെ ഉദ്ദേശ്യം വ്യക്തമാണ്.

സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്കാണ് ന്യൂസ് ക്ലിക്ക് എല്ലാ കാലത്തും പ്രാധാന്യം നൽകിയിട്ടുള്ളത്. 2018- ലാണ് ഞാൻ ന്യൂസ് ക്ലിക്കിൽ ജോയിൻ ചെയ്യുന്നത്. സ്വകാര്യവത്ക്കരണത്തെക്കുറിച്ചും മോദിയും അദാനിയും തമ്മിലുള്ള ക്രോണി കാപ്പിറ്റലിസത്തെക്കുറിച്ചും ഫോറസ്റ്റ് റൈറ്റ് ആക്ട് ദുരുപയോഗം ചെയ്ത് ആദിവാസി ഭൂമി, അദാനിയെ പോലുള്ള കോർപറേറ്റുകൾ കൈയേറ്റം ചെയ്യുന്നതിനെക്കുറിച്ചും ന്യൂസ് ക്ലിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഫാലിന്റെ പുറകിലെ അഴിമതിയെക്കുറിച്ചും സയന്റിഫിക്കായ ലേഖനങ്ങളും ന്യൂസ് ക്ലിക്ക് നൽകിയിട്ടുണ്ട്. ഭരണകൂട അനാസ്ഥയെയും അഴിമതിയെയും കോർപറേറ്റിസത്തെയും തൊഴിൽ ചൂഷണങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന വസ്തുനിഷ്ഠവും ആഴത്തിലുള്ളതുമായ ആധികാരികമായ ലേഖനങ്ങളും വീഡിയോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജനപക്ഷത്ത് നിന്ന് അവർ നേരിടുന്ന പ്രശ്‌നങ്ങളെയും ഭരണകൂട കെടുകാര്യസ്ഥതയെയും പുറത്തുകൊണ്ടുവന്നതിനാണ് ഈ വേട്ടയാടൽ.

ന്യൂസ് ക്ലിക്കിനെതിരായ ആക്രമണം ഒരേസമയം കർഷകർക്കും പൊതുജനങ്ങൾക്കുമെതിരെ നടത്തുന്ന ആക്രമണമായി കാണേണ്ടതുണ്ട്. കാരണം ലോകസഭാ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. എഴുപത് ശതമാനം ജനങ്ങളും കർഷക സമരത്തെ പിന്തുണച്ചവരായിരുന്നു. ഭരണകൂടത്തെ മുട്ടുകുത്തിച്ച ഈ സമരത്തെ ചരിത്രത്തിൽ നിന്നു തന്നെ തുടച്ചുനീക്കേണ്ടത് കേന്ദ്ര ഗവൺമെന്റിന്റെ ആവശ്യമാണ്. ഭരണം നഷ്ടപ്പെടുമെന്ന ഭയം തന്നെയാണ്, കർഷക സമരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ന്യൂസ് ക്ലിക്കിന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗവൺമെന്റിനെതിരായ വാർത്തകളൊന്നും ഇനി വരരുതെന്ന രാഷ്ട്രീയ താൽപ്പര്യങ്ങളും ഇതിന് പിന്നിലുണ്ട്. ന്യൂസ് ക്ലിക്ക് പോലൊരു സ്വതന്ത്ര മാധ്യമത്തിന്റെ വായ അടപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ സാധാരണക്കാർ അനുഭവിക്കുന്ന പല വിഷയങ്ങളും തമസ്‌കരിക്കപ്പെടാൻ സാധ്യതയുണ്ട്.

എന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെയും ദൽഹി പാർട്ടി സെക്രട്ടറിയായ കെ.എം തിവാരിയെയുംക്കുറിച്ചുമെല്ലാം ദൽഹി പൊലീസ് ചോദിച്ചു. ന്യൂസ് ക്ലിക്ക് അല്ലാതെ ഇതര സംഘടനകളിൽ നിന്ന് എനിക്ക് പൈസ കിട്ടിയുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു കൂടുതലും.

ന്യൂസ് ക്ലിക്കിന് ഇംഗ്ലീഷിനൊടൊപ്പം ഹിന്ദി വേർഷനുമുണ്ട്. ഹിന്ദി സംസാരിക്കുന്നവർക്കിടയിൽ ഒരുപാട് വായിക്കപ്പെടുന്ന പോർട്ടൽ കൂടിയാണ്. പ്രത്യേകിച്ച് അഭിഷാർ ശർമ്മയെയും ഭാഷാസിങ്ങിനെയും നിലാഞ്ജനയെയും ഊർമ്മിളേഷിനെയും പോലുള്ള മികച്ച ഹിന്ദി ജേണലിസിറ്റുകളാണ് വാർത്തകൾ ചെയ്യുന്നത്. അവർ നിരന്തരം ഗ്രൗണ്ട് റിപ്പോർട്ടുകളിലൂടെയും വിശകലനങ്ങളിലൂടെയും വാർത്തകളിലെ സത്യമെന്തെന്ന് കൃത്യമായി ബോധ്യപ്പെടുത്തികൊടുക്കുന്നവരാണ്. ഈ പോർട്ടലിനെ നിശ്ശബദ്മാക്കുകയെന്നത് ഈ അധികാരി വർഗങ്ങളുടെ പ്രധാന ആവശ്യമായി മാറുന്നതും അതുകൊണ്ടാണ്. ചൈന ഫണ്ടൊക്കെ അതിനു വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയ കഥ മാത്രമാണ്. ഇത്രയും കാര്യക്ഷമമായ സ്റ്റേറ്റ് സർവൈലയൻസിന്റെ കീഴിൽ അങ്ങനെയൊരു മാധ്യമസ്ഥാപനത്തിന് ഫണ്ട് സ്വീകരിച്ച് പ്രവർത്തിക്കുകയെന്നത് അസാധ്യമാണ്. കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ പിന്തുണ ഉണ്ടായിട്ടും അദാനിയുടെ സാമ്പത്തിക തട്ടിപ്പുവരെ ഇവിടെ പുറത്തുവന്നിട്ടുണ്ട്. അന്ന് രാജ്യസഭയിൽ ഈ പ്രശ്‌നം ഉന്നയിച്ചവരെയൊക്കെ പുറത്താക്കാനും സഭയിൽ ഈ വിഷയം പോലും ഉന്നയിക്കാൻ സമ്മതിക്കാതിരിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തത്. ജനപക്ഷത്തുനിന്ന് സംസാരിക്കാൻ ശ്രമിച്ചുവെന്നത് മാത്രമാണ് ന്യൂസ് ക്ലിക്ക് ചെയ്തിട്ടുള്ള്ത്. അതിനെയാണ് വേട്ടയാടാൻ ശ്രമിക്കുന്നത്.

ന്യൂസ് ക്ലിക്കിനെതിരായ കേസിൽ താങ്കളെയും ചോദ്യം ചെയ്തിരുന്നല്ലോ. എന്താണ് ദൽഹി പോലീസ് ചോദിച്ചത്?

ന്യൂസ് ക്ലിക്കിൽ എപ്പോഴാണ് ജോലി ചെയ്തത്, കർഷക സമരവും സി.ഐ.എ പ്രതിഷേധവും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ, കോവിഡ് കാലത്ത് സർക്കാരിനെ വിമർശിച്ച് എഴുതിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളുണ്ടായിരുന്നത്. ന്യൂസ് ക്ലിക്കിലെ എന്റെ സഹപ്രവർത്തകർക്കും സമാന ചോദ്യങ്ങൾ തന്നെയാണ് നേരിടേണ്ടിവന്നത്. കർഷക സമരം റിപ്പോർട്ട് ചെയ്തവരോട് അവർക്ക് റിപ്പോർട്ടിങ്ങിന്, പ്രത്യേകമായി പണം കിട്ടിയിരുന്നോ എന്നെല്ലാം ചോദിച്ചിരുന്നു. ഇതിൽ നിന്നെല്ലാം പോലീസിന്റെ ഉദ്ദേശ്യം വ്യക്തമാണ്.

photo: thetricontinental.org

ട്രൈ കോണ്ടിനെന്റ് എന്ന സ്ഥാപനത്തെക്കുറിച്ചും ചോദിച്ചു. അവിടെ വർക്ക് ചെയ്തിട്ടുണ്ടോ, ആ സ്ഥാപനത്തിലുള്ള വിജയ പ്രഷാദിനെ അറിയുമോ എന്നൊക്കെയാണ് ചോദിച്ചത്. സത്യത്തിൽ ട്രൈ കോണ്ടിനെന്റ് ഒരു റിസർച്ച് സെന്ററാണ്. അവർ വളരെ സമയമെടുത്ത് ഒരു വിഷയം ആധികാരികമായി പഠിച്ച് റിപ്പോർട്ടുകളും ഡോക്യുമെൻസും പുസ്തകങ്ങളും പബ്ലിഷ് ചെയ്യുന്ന സ്ഥാപനമാണ്.

പിന്നെയുള്ള ചോദ്യങ്ങൾ, എന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെയും ദൽഹി പാർട്ടി സെക്രട്ടറിയായ കെ.എം തിവാരിയെയുംക്കുറിച്ചുമെല്ലാമായിരുന്നു. ന്യൂസ് ക്ലിക്ക് അല്ലാതെ ഇതര സംഘടനകളിൽ നിന്ന് എനിക്ക് പൈസ കിട്ടിയുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു കൂടുതലും. അവർ ഒരു സെറ്റ് ചോദ്യങ്ങളുമായി വരികയും അത് ചോദിക്കുകയുമാണ് ആകെ ചെയ്തത്. ആ ചോദ്യങ്ങളിൽ ആദ്യത്തേത് അവസാനം ചോദിക്കാനും അവസാനത്തേത് ആദ്യം ചോദിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളുവെന്നാണ് എനിക്ക് തോന്നിയത്. കാരണം, ഏകദേശം ഒരു മണിക്കൂർ നീളുന്ന ചോദ്യംചെയ്യലിൽ ആ സെറ്റ് ചോദ്യങ്ങൾക്കപ്പുറം ഒന്നും എന്നോട് ചോദിച്ചിട്ടില്ല.

അവർ ഒരു സെറ്റ് ചോദ്യങ്ങളുമായി വരികയും അത് ചോദിക്കുകയുമാണ് ആകെ ചെയ്തത്. ആ ചോദ്യങ്ങളിൽ ആദ്യത്തേത് അവസാനം ചോദിക്കാനും അവസാനത്തേത് ആദ്യം ചോദിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.

ന്യൂസ് ക്ലിക്ക് പോലൊരു ബദൽ മാധ്യമത്തിൽ ജോലി ചെയ്യുകയെന്നത് അനുഷയുടെ രാഷ്ട്രീയമായ തീരുമാനമായിരുന്നോ?

മാധ്യമപ്രവർത്തകയാകണമെന്ന് ചെറുപ്പം മുതലേ തീരുമാനിച്ച ഒരാളായിരുന്നു. പി.ആർ ഏജൻസിയിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്നെങ്കിലും ഇതല്ല എന്റെ ജേണിയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജേണലിസം തിരഞ്ഞെടുക്കുന്നത്. എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ഒരു പൊളിറ്റിക്കൽ പൊസിഷനിങ്ങ് ഉണ്ടാകുന്നതിനും കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിലേക്ക് എത്തപ്പെടുന്നതിനുമെല്ലാം പ്രധാന കാരണം ജേണലിസമാണ്. ജേണലിസം പഠിച്ചതുകൊണ്ടും ജേണലിസ്റ്റിക്കായി പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടതുംകൊണ്ടുമാണ് ഞാൻ കമ്മ്യൂണിസ്റ്റുകാരിയായി മാറുന്നത്. എന്റെ അഭിപ്രായത്തിൽ ഇന്ത്യയിലുണ്ടായിട്ടുള്ള ആദ്യത്തെ മികച്ച ജേണലിസ്റ്റ് ഭഗത് സിങ്ങാണ്. പ്രൊഫഷണലായി ജേണലിസം കോഴ്‌സ് പഠിച്ച ഒരാളൊന്നുമല്ല ഭഗത് സിങ്. പക്ഷേ ജേണലിസത്തിൽ എന്റെ ഹീറോയായി ഞാൻ കരുതുന്നത് ഭഗതിനെയാണ്. ഈ ലോകത്ത് ഇതുവരെ ഉണ്ടായ മികച്ച ജേണലിസ്റ്റുകളെല്ലാം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സംഭാവനകളായിരുന്നു. ഭഗത് സിങിലും ലെനിനിലുമെല്ലാം ഇത് കാണാം.

അനുഷാ പോൾ

മാധ്യമ പ്രവർത്തകയെന്ന നിലയിൽ ആദ്യമായാണോ ദൽഹി പോലീസിൽ നിന്ന് ഇത്തരം ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരുന്നത്? 2021 ലെ ന്യൂസ് ക്ലിക്ക് റെയ്ഡിന്റെ സമയത്ത് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നോ?

2021- ലെ ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്ഡിൽ ഞങ്ങൾ ജീവനക്കാരെ ആരെയും ചോദ്യം ചെയ്തിട്ടില്ല. എഡിറ്റോറിയർ അംഗങ്ങളെ മാത്രമാണ് അന്ന് വിചാരണ ചെയ്തത്. ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ ഇതാദ്യമായാണ് ഞാൻ ദൽഹി പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയയാകുന്നത്. ഞാൻ എഴുതിയ ഒരു റിപ്പോർട്ടിന്റെ പേരിലൊന്നുമല്ല, മുൻ ജീവനക്കാരിയായിരുന്നു എന്നതിന്റെ പേരിലായിരുന്നു ചോദ്യംചെയ്യൽ. ഞാൻ ഇപ്പോൾ റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. എങ്കിലും റിസർച്ച് റിപ്പോർട്ടുകളെല്ലാം ഇടയ്ക്ക് ന്യൂസ് ക്ലിക്കിന് കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്.

എതിർ ശബ്ദങ്ങളെ ഏതുവിധേനയും അടിച്ചമർത്തുകയെന്ന സ്വേച്ഛാധിപത്യ മനോഭാവത്തോടൊണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഫെഡറലിസമെന്ന സംവിധാനത്തെ പോലും അട്ടിമറിക്കുന്ന ഇടപെടലുകളാണ് ഇവരിൽ നിന്ന് ഉണ്ടായികുന്നത്. ഇ.ഡി റെയ്ഡുകളും മാധ്യമവേട്ടകളുമെല്ലാം തുടരുന്നു. രാജ്യത്തെ പൗര എന്ന നിലയിൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

എതിർ ശബ്ദങ്ങൾ എവിടെനിന്ന് വരുന്നോ അതിനെ അടിച്ചമർത്തുക, അല്ലെങ്കിൽ നിശ്ശബ്ദമാക്കുക എന്ന അജണ്ടയിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ബദൽ മാധ്യമങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും ബഹുജനപ്രതിഷേധങ്ങളെയെല്ലാം അവർ നിഷ്ഠൂരമായി അടിച്ചമർത്തുകയാണ്. ഭരണകൂട ഭീകരതയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ മുഴുവൻ നിശ്ശബ്ദരാക്കുന്ന തീർത്തും ഫാഷിസ്റ്റായി പ്രവർത്തിക്കുന്ന സർക്കാരാണ് രാജ്യത്തുള്ളത്. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളിലൂന്നിയ രാഷ്ട്രീയത്തെ എസ്റ്റാബ്ലിഷ് ചെയ്യുവാനും ഹിന്ദു രാഷ്ട്രമാക്കാനുമുള്ള ശ്രമം ഇവർ നടത്തികൊണ്ടേയിരിക്കും.

കർഷക സമരത്തിൽ നിന്ന്

അവിടെ ജനാധിപത്യത്തിനോ, മതേതതര്വത്തിനോ, റിപ്പബ്ലിക്കിലൂന്നിയ ഭരണത്തിനോ ഒരു സ്ഥാനവും ഉണ്ടാവില്ല. അവരുടെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ തടസ്സമായ എല്ലാത്തിനെയും ഇല്ലാതാക്കാനുള്ള ശ്രമം നടത്തും. ചരിത്രത്തിൽ ഹിറ്റ്ലറിലും മുസ്സോളനിയിലും ബ്രസീലിലെ മുൻ ഭരണത്തിലുമെല്ലാം ഇത് നമ്മൾ കണ്ടിട്ടുണ്ട്. അതേ പ്രവണത തന്നെയാണ് ഇവിടെ ആർ.എസ്.എസ് പ്രത്യയശാസ്ത്രം നിയന്ത്രിക്കുന്ന കേന്ദ്രഗവൺമെന്റിനുകീഴിലും നടക്കുന്നത്.

കർഷക സമരത്തിലൊക്കെ ഈ അധികാര ധാർഷ്ട്യത്തിന്റെ പ്രകടനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മന്ത്രിയുടെ മകൻ നിസ്സഹായരായ കർഷകരുടെ മേൽ കാർ കയറ്റി കൊല്ലുന്നതും അമ്പലത്തിൽവെച്ച് അഞ്ചു വയസ്സുള്ള ആസിഫയെന്ന ബാലികയെ റേപ് ചെയ്ത് കൊന്നതും അതിലെ പ്രതികളെ രക്ഷിക്കാൻ ഈ രാജ്യത്തിന്റെ കൊടിപിടിച്ച് ഇറങ്ങിയവരെയും നമ്മൾ കണ്ടതാണ്. ഹാഥ്റസിലെയും ഉന്നാവോയിലെയും സംഭവങ്ങളിലൂടെ ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നമ്മൾ കണ്ടതാണ്. സ്ത്രീകളും കുട്ടികളും പാർശ്വവൽകൃത സമുദായങ്ങളും ഗോത്രവിഭാഗങ്ങളും കർഷകരുമടങ്ങുന്ന സാധാരണക്കാരെയെല്ലാം ബുൾഡോസ് ചെയുന്ന ഭരണമാണുള്ളത്. ന്യൂസ് ക്ലിക്കിന് മുകളിലും യു.എ.പി.എ പോലുള്ള വലിയൊരു ബുൾഡോസർ കടത്തിയിരിക്കുകയാണ്. ഇതിൽ സിസ്റ്റമിക്ക് ആയ ഒരു മാറ്റം തന്നെയാണ് വരേണ്ടത്.

2021- ൽ റെയ്ഡ് നടക്കുന്ന സമയത്ത്, വർക്ക് ഫ്രം ഹോമായിട്ടാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. സ്റ്റുഡിയോ ഉപയോഗിക്കാൻ കഴിയാത്തതിനാൽ വീഡിയോ സെഗ്മെന്റുകളുടെ എണ്ണം കുറച്ചു കുറഞ്ഞുപോയി എന്നതിനപ്പുറം റിട്ടൺ സ്റ്റോറിയുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സമയത്ത് സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളെ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുള്ളതായി തോന്നിയിട്ടില്ലേ ?

പ്രതിപക്ഷശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിൽ. ഇ.ഡിയെയാണ് അതിനുള്ള ഉപകരണമായി ഇവർ കാണുന്നത്. ബി.ജെ.പി സർക്കാർ ഭരണത്തിലില്ലാത്ത ഓരോ സംസ്ഥാനത്തും കേന്ദ്രഗവൺമെന്റിന് കീഴിലുള്ള അന്വേഷണ ഏജൻസികളെ വിട്ട് ഭീഷണിപ്പെടുത്തുകയാണ്. കേന്ദ്രഗവൺമെന്റിന്റെ പേടിസ്വപ്നമാണ് ഇടതുപക്ഷ പാർട്ടികൾ. പാർലമെന്ററി പൊളിറ്റിക്‌സിൽ പങ്കെടുക്കുന്ന ഓർഗനൈസ്ഡ് ലെഫ്റ്റിനെ ആർ.എസ്.എസിനും ബി.ജെപിക്കുമെല്ലാം ഒരു പോലെ ഭയമുണ്ടാകും. സംസ്ഥാനങ്ങളിൽ ഭരണമില്ലെങ്കിലും രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദിക്കാനും ജനങ്ങളുടെ ശബ്ദമായി മാറാനും തങ്ങൾക്ക് സാധിക്കുമെന്ന് ഇടതുപക്ഷ നേതാക്കൾ തെളിയിച്ച് കഴിഞ്ഞതാണ്. ഓർഗനൈസ്ഡ് ലെഫ്റ്റിനകത്തുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയായ സി.പി.എമ്മിലെ പ്രധാന നേതാക്കളെ ചോദ്യം ചെയ്യുന്നതിലൂടെ, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാമെന്നാണ് ഇവർ കരുതുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് ഒരു സഖ്യകക്ഷിയായി മുന്നോട്ടുവരുമ്പോൾ അവർക്ക് എന്തായാലും ഭയമുണ്ടാകും. ആ പ്രതിപക്ഷ സഖ്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ അവർ നേതൃത്വം കൊടുക്കുന്നത്.

ഇന്ത്യയിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂട ജിഹ്വകളായി, ഒരു പ്രതിപക്ഷം പോലും അല്ലാതെ, ലാപ്‌ഡോഗുകളായി ചുരുങ്ങുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിമതശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടനടപടികളെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിലൂടെ എങ്ങനെയാണ് പ്രതിരോധിക്കാനാകുക?

എപ്പോഴും ജനങ്ങളുടെ, ശരിയുടെ പക്ഷത്ത് നിൽക്കാനാകണം എല്ലാ മാധ്യമങ്ങളും ശ്രമിക്കേണ്ടത്. ഭരണകൂടം എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും സത്യം ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കണം. അതിന് ഏറ്റവും നല്ല ഉദാഹരണവും ന്യൂസ്‌ക്ലിക്കാണ്. 2021- ൽ റെയ്ഡ് നടക്കുന്ന സമയത്ത്, വർക്ക് ഫ്രം ഹോമായിട്ടാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. സ്റ്റുഡിയോ ഉപയോഗിക്കാൻ കഴിയാത്തതിനാൽ വീഡിയോ സെഗ്മെന്റുകളുടെ എണ്ണം കുറച്ചുകുറഞ്ഞുപോയി എന്നതിനപ്പുറം റിട്ടൺ സ്റ്റോറിയുടെ എണ്ണത്തിലൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. ഞങ്ങൾ ഒരു ദിവസം പബ്ലിഷ് ചെയ്യുന്ന സ്റ്റോറിയുടെ എണ്ണത്തെക്കാൾ അഞ്ച് സ്റ്റോറി കൂടുതൽ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഇന്നും ന്യൂസ് ക്ലിക്ക് ഓഫീസ് സിൽ ചെയ്തിട്ടും എഡിറ്റർ ഇൻ ചീഫ് അടക്കമുള്ള എല്ലാ ജീവനക്കാരുടെയും കൈയ്യിൽ നിന്നും അവർക്ക് ബേസിക്കായി വർക്ക് ചെയ്യാനുള്ള ഉപകരണങ്ങളെല്ലാം കൊണ്ടുപോയിട്ടും ന്യൂസ് ക്ലിക്കിനെ നിശ്ശബ്ദമാക്കാൻ കഴിഞ്ഞിട്ടില്ല. നൽകുന്ന സ്റ്റോറികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ദിവസവും ഒരു പത്ത് സ്റ്റോറിയെങ്കിലും നൽകാൻ ശ്രമം നടത്തുന്നുണ്ട്. വളരെ കുറഞ്ഞ റിസോഴ്‌സു വെച്ച്, കമ്പ്യൂട്ടറുകൾ പരസ്പരം ഷെയർ ചെയ്ത് ജീവനക്കാർ ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ശബ്ദത്തെ നിലനിർത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് മാധ്യമ പ്രവർത്തനത്തിലൂടെ നമ്മൾ മറുപടി നൽകേണ്ടത്.

ആരോടും അടിയറവ് പറയാതെ ഇരുണ്ട കാലത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കാൻ തന്നെയാണ് ശ്രമിക്കേണ്ടത്. ജനങ്ങളുടെ പക്ഷത്തു നിന്ന് സംസാരിക്കുന്ന ഒരു മാധ്യമമാണെങ്കിൽ ജനങ്ങൾ എപ്പോഴും അവർക്കൊപ്പം നിൽക്കും. മാധ്യമപ്രവർത്തകർക്ക് നിലനിൽപ്പിന്റേതായ ഭയങ്ങളുണ്ടാകും. പല കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും നേരിടേണ്ടിവന്നേക്കാം, പക്ഷേ സധൈര്യം ജോലി തുടരുക തന്നെയാണ് വേണ്ടത്. ഇതല്ലാതെ മുന്നിൽ മറ്റ് വഴികളില്ല. അവസാനത്തെ ശേഷിയും ബാക്കിയാകുന്നതുവരെ പറഞ്ഞുകൊണ്ടേയിരിക്കുക, എഴുതിക്കൊണ്ടേയിരിക്കുക.

ഇന്നത്തെ പല മുഖ്യധാരാ മാധ്യമങ്ങളും 2014- നു മുമ്പുവരെ ഭരണകൂടത്തിനെതിരെ ഗർജ്ജിച്ചുകൊണ്ടിരുന്നവരാണ്. പക്ഷേ 2014- നുശേഷം ഈ സിംഹങ്ങളെല്ലാം യൂടേൺ എടുക്കുന്നതും നമ്മൾ കണ്ടതാണ്. ഇവരൊക്കെ യൂടേൺ എടുക്കുമ്പോൾ നമ്മൾ നേരായ വഴിയിലൂടെ തന്നെയല്ലേ പോകേണ്ടത്.

Comments