പ്രബീർ പുർകായസ്ത: ചെറുത്തുനിൽപ്പിനുള്ള സാധ്യതകളിലേക്ക് ഒരു വിധി

അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്ന നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചയാണ് പ്രബീർ പുർകായസ്തയുടെ അറസ്റ്റും തുടർന്നുള്ള റിമാൻഡും റദ്ദാക്കാൻ സുപ്രീം കോടതി കാണിക്കുന്ന കാരണം. ഇത് കേവലമായ സാങ്കേതികപ്പിഴവിന്റെ കാര്യം മാത്രമായി കാണേണ്ടതില്ല എന്നതാണ് ഈ വിധിയുടെ പ്രാധാന്യം- പ്രമോദ് പുഴങ്കര എഴുതുന്നു.

മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക് സ്ഥാപകനും മുഖ്യ പത്രാധിപരുമായ പ്രബീർ പുർകായസ്തയുടെ അറസ്റ്റും തുടർന്നുള്ള തടവും (Remand) നിയമവിരുദ്ധവും നടപടിക്രമങ്ങൾ പാലിക്കാത്തതുമാണെന്നു കാണിച്ച് ദൽഹി പൊലീസ് നടത്തിയ പുർകായസ്തയുടെ അറസ്റ്റ്, തടവ് നടപടികൾ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു.

നടപടിക്രമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ വിധി. എന്നാലത് കേവലമായ സാങ്കേതികതയെ മാത്രമല്ല സ്പർശിക്കുന്നത്. Remand application പുർകായസ്തക്കോ അഭിഭാഷകനോ നൽകാതെ റിമാൻഡ് ചെയ്യാനുള്ള തിടുക്കമെന്തായിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. ആ തിടുക്കം ജനാധിപത്യത്തെ കൊന്നുതീർക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തിടുക്കമാണെന്ന രാഷ്ട്രീയ ഉത്തരമാണ് പുർകായസ്തയടക്കമുള്ള നിരവധി ജനാധിപത്യ രാഷ്ട്രീയ, മാധ്യമ, മനുഷ്യാവകാശ പ്രവർത്തകരുടെ തടവ് നൽകിയത്. നിരവധിയായ മനുഷ്യാവകാശ, ജനാധിപത്യ രാഷ്ട്രീയ പ്രവർത്തകരാണ് ഇന്ത്യയിൽ ഇത്തരത്തിൽ തടവിലുള്ളത്.

ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു
ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

നിരവധി വർഷങ്ങൾ സാമൂഹ്യ, രാഷ്ട്രീയ ജീവിതവും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട അന്യായ തടങ്കലിനുശേഷമാണ് മിക്കവരും ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കുകയും എല്ലാതരത്തിലുമുള്ള പ്രതിഷേധങ്ങളെയും വിമതസ്വരങ്ങളെയും പുറത്തുവരാത്തവണ്ണം അടിച്ചമർത്തുകയും ചെയ്യുകയെന്ന ഭരണകൂടപദ്ധതിയുടെ ഭാഗമായാണ് ഇത് നടക്കുന്നത്. അതിന് മാവോവാദി മുതൽ കേജ്‌രിവാൾ വരെയുള്ളവർ ആരും പാകമാകുന്നത്ര ജനാധിപത്യവിരുദ്ധത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ തടവിലടയ്‌ക്കപ്പെട്ട, ഭരണകൂടവേട്ടയുടെ ക്രൗര്യത്തിന്റെ ഇരകളായ നിരവധി പേർക്ക് നീതിയുടെ വെളിച്ചം ഇപ്പോഴും എത്രയോ പ്രകാശവർഷങ്ങൾക്കകലെയാണ്.

അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്ന നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചയാണ് പുർകായസ്തയുടെ അറസ്റ്റും തുടർന്നുള്ള റിമാൻഡും റദ്ദാക്കാൻ സുപ്രീം കോടതി കാണിക്കുന്ന കാരണം. ഇത് കേവലമായ സാങ്കേതികപ്പിഴവിന്റെ കാര്യം മാത്രമായി കാണേണ്ടതില്ല എന്നതാണ് ഈ വിധിയുടെ പ്രാധാന്യം. ഭരണഘടനാപരമായ പൗരാവകാശങ്ങളെ സമ്പൂർണമായി അവഗണിക്കുകയും പ്രായോഗികമായി റദ്ദാക്കുകയും ചെയ്തുകൊണ്ടാണ് മോദി ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും സ്വതന്ത്ര ജനാധിപത്യ മാധ്യമങ്ങളെയുമെല്ലാം അടിച്ചമർത്തുന്നത്. നിയമത്തിന്റെ നടപടിക്രമങ്ങൾ പാലിക്കുന്നതിലൂടെ ഉറപ്പുവരുത്തേണ്ട സുതാര്യമായ നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണ് ഇന്ത്യയിൽ നടക്കുന്നത്. അതിന് കൂട്ടുനിൽക്കുന്ന നിരവധി വിധികളും ഉത്തരവുകളും സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നും ഉണ്ടാകുന്നുമുണ്ട് എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. അതുകൊണ്ടുതന്നെയാണ് അത്തരം നടപടികൾക്കെതിരെ ജനാധിപത്യ നീതിയുടേയും ഭരണഘടനാപരമായ പൗരാവകാശങ്ങളുടെയും സാധ്യതകളെ ഉയർത്തിപ്പിടിക്കുന്ന ഇത്തരം വിധികൾ പ്രതീക്ഷ മാത്രമല്ല സമഗ്രാധിപത്യ ഭരണകൂടത്തിനെതിരായ ചെറുത്തുനില്പിനുള്ള, പരിമിതമയെങ്കിലും ഉപയോഗിക്കാവുന്ന സാധ്യതകൾ കൂടിയായി മാറുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിൽ മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ നടന്ന എല്ലാ സമരങ്ങളേയും ഇന്ത്യയെ തകർക്കാനുള്ള ഗൂഢാലോചനയായാണ് സർക്കാരും അവരുടെ പ്രചാരണമാധ്യമങ്ങളും ചിത്രീകരിച്ചത്. അത്തരത്തിലുള്ള ഗൂഢാലോചനയുടെ സൂത്രധാരനായിട്ടാണ് പുർകായസ്തക്കെതിരെയുള്ള കുറ്റാരോപണവും. ഇത് പുർകായസ്തക്കെതിരെ മാത്രമല്ല, തടവിലാക്കപ്പെടുന്ന മിക്ക രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകർക്കെതിരെയും ഇത്തരത്തിലുള്ള വാലും മൂടുമില്ലാത്ത കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി, നിയമത്തിന്റെ സാങ്കേതികമായ സാധ്യതകളുടെ കാലദൈർഘ്യത്തിന്റെ സകല ആനുകൂല്യങ്ങളും ഉപയോഗിച്ചുകൊണ്ട്, യു.എ.പി.എ പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങളുപയോഗിച്ച് ദീർഘകാലം രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്ന് പുറത്താക്കി തടവിലിടുക എന്നതാണ് ഇന്ത്യൻ ഭരണകൂട തന്ത്രം. പുർകായസ്തക്കെതിരെ ആരോപിച്ച കുറ്റങ്ങളും ഇത്തരത്തിലാണ്. ഇന്ത്യയിലെ സകല കുഴപ്പങ്ങൾക്കും കാരണക്കാരൻ എന്ന മട്ടിലാണ് ദൽഹി പൊലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ. ദൽഹിയിൽ കലാപം നടത്താൻ മുസ്‍ലിംകളെ പ്രേരിപ്പിച്ചു, അതിനായി തന്റെ ജീവനക്കാരായ മാധ്യമപ്രവർത്തകരെ പ്രേരിപ്പിച്ചു, ചൈനയുടെ താത്‌പര്യങ്ങൾ പ്രചരിപ്പിക്കാൻ നെവില്ലെ റോയ് സിംഘം എന്ന വ്യാപാരി വഴി പണം കൈപ്പറ്റി, ഷഹീൻ ബാഗിലും ചാന്ദ് ബാഗിലും നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് വേണ്ടി ഗൂഢാലോചന നടത്തി, കാശ്മീർ വിഘടനവാദത്തെ പ്രോത്‌സാഹിപ്പിക്കാൻ ലഷ്‌ക്കർ-ഇ-തൊയ്ബയിൽ നിന്ന് പണം വാങ്ങി എന്നിങ്ങനെ ഒരു ദേശസ്നേഹ ബോളിവുഡ് ചലച്ചിത്രത്തിലെ പ്രതിനായകനുവേണ്ട എല്ലാ ചേരുവകളോടും കൂടിയാണ് പുർകായസ്തക്കെതിരായ കുറ്റാരോപണം. ഇതൊന്നും തെളിയുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ഒന്നല്ലെന്ന് സർക്കാരിന് കൃത്യമായറിയാം. എന്നാൽ അതിനെടുക്കുന്ന കാലദൈർഘ്യവും അതിനിടയിൽ കുറ്റാരോപിതനെ തടവിലിടാനും അതുവഴി സമാന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഭയപ്പെടുത്താനും കഴിയുമെന്ന സാധ്യതയാണ് ഭരണകൂടം ഉപയോഗിക്കുന്നത്. ഭീമ കോറേഗാവ് കേസിൽ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കയാണ്.

ഭീമ കൊറേഗാവ് സംഭവത്തിൽ കുറ്റാരോപിതരായി തടവിലാക്കപ്പട്ടവർ ഇപ്പോൾ ഓരോരുത്തരായി ജാമ്യം നേടി പുറത്തുവരുന്നുണ്ട്. അതിൽ പലരുടെയും പേരിൽ പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കെട്ടുകഥയുടെ ഭാരമാണ് കയറ്റിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കാനുള്ള പരിപാടി ഇ -മെയിൽ വഴിയൊക്കെ എഴുതിയറിയിക്കുന്ന ഗൂഢാലോചനക്കാരുണ്ടെന്ന് എത്രയോ കൊല്ലങ്ങളായി കോടതികളടക്കം പരിശോധനയില്ലാതെ വിശ്വസിക്കുന്നതായി ഭാവിക്കുകയും ചെയ്യുന്നു. ഭീമ കൊറേഗാവ് കേസിൽ പ്രതിയാക്കപ്പെട്ട ഗൗതം നവ്‌ലാഖക്ക് നാല് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്. പ്രത്യേകിച്ചൊരു കാരണവും അദ്ദേഹത്തെ തടവിലിടുന്നതിന് കാണിക്കാൻ അന്വേഷണ ഏജൻസികൾക്കായില്ല. ഇതേ കേസിൽ വരവര റാവു, ആനന്ദ് തെൽതുംബ്‌ദെ, സുധ ഭരദ്വാജ്, വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവർക്ക് പല കാലങ്ങളിലായി ജാമ്യം കിട്ടി. ദീർഘനാൾ തടവിൽക്കിടന്ന്, കടുത്ത അനാരോഗ്യാവസ്ഥകളിലാണ് മിക്കവരും ജാമ്യം കിട്ടി പുറത്തുവന്നിരിക്കുന്നത്.

യു.എ.പി.എ എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിലെ, ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്ന 43D(5) വകുപ്പുപയോഗിച്ച് എത്രകാലം വേണമെങ്കിലും ഒരാളെ ജാമ്യം നിഷേധിച്ച് തടവിലിടാം എന്നാണ് അവസ്ഥ. അന്വേഷണ ഏജൻസികൾ പറയുന്നതിനപ്പുറം എന്തെങ്കിലും പരിശോധന ജാമ്യം നൽകുന്നതിനായി കേസിനെ സംബന്ധിച്ചോ കുറ്റാരോപണവും അതിന്റെ അനുബന്ധ സാഹചര്യങ്ങളും സംബന്ധിച്ചോ കോടതികൾ നടത്തേണ്ടതില്ല എന്ന ജനാധിപത്യവിരുദ്ധവും നിയമവാഴ്ചയുടെ അടിസ്ഥാനപ്രമാണങ്ങളെ അട്ടിമറിക്കുന്നതുമായ വ്യവസ്ഥയിലൂടെയാണ് നൂറുകണക്കിന് രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരെ രാജ്യത്ത് തടവിലിട്ടിരിക്കുന്നത്.

ഗൗതം നവ്ലാഖ/ Photo: SHAHID TANTRAY / THE CARAVAN
ഗൗതം നവ്ലാഖ/ Photo: SHAHID TANTRAY / THE CARAVAN

ഭീമ കൊറേഗാവ് സംഭവത്തിൽ 2018-ൽ തടവിലായ ആറു പേരും ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തതിനു ശേഷം തടവിലായ എട്ടുപേരും ഉൾപ്പെടെയുള്ളവരിൽ ജാമ്യം ലഭിച്ചത് കുറച്ചു പേർക്കു മാത്രമാണ്. പൗരാവകാശ രാഷ്ട്രീയ പ്രവർത്തകൻ റോണ വിൽസൺ, മാധ്യ പ്രവർത്തകൻ സുധീർ ധാവ്‌ലെ, അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ സുരേന്ദ്ര ഗാഡ്‌ലിംഗ്, ദൽഹി സർവ്വകലാശാല അധ്യാപകൻ ഹാനി ബാബു, സാംസ്‌കാരിക പ്രവർത്തകരായ ജ്യോതി ജഗതാപ്, സാഗർ ഗോർഖേ, രമേശ് ഗെയ്‌ച്ചോർ എന്നിവർ ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് തടവിലാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മഹേഷ് റൗതിന് മോചനം സാധ്യമായിട്ടില്ല.

ഇത്തരമൊരു പശ്ചാത്തലത്തിൽക്കൂടിയാണ് പുർകായസ്തയുടെ അറസ്റ്റ് റദ്ദാക്കിയത് നിയമവാഴ്ചയുടെ സാധ്യതകൾക്ക് വേണ്ടിയുള്ള സമരത്തിന് ഊർജ്ജം നൽകുന്നത്. കള്ളപ്പണ ഇടപാട് നിരോധന നിയമമെന്ന പേരിൽ ജനാധിപത്യ നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന PMLA-ൽ (Prevention of Money Laundering Act, 2002) കൊണ്ടുവന്ന എല്ലാ ഭേദഗതികളേയും ശരിവെച്ച വിജയ് മദൻലാൽ കേസിലെ (2022) വിധിയോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് യാതൊരുവിധത്തിലും കോടതികളുടെ പരിശോധനയുടെ പേടിയില്ലാത്തവണ്ണം അറസ്റ്റടക്കമുള്ള നടപടികൾ നടത്താമെന്നായി. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ വിധികളിലൊന്നായിരുന്നു അത്. മറ്റൊരു ജനാധിപത്യവിരുദ്ധ നിയമമായ UAPA (Unlawful Activities (Prevention) Act, 1967) യിലെ ജാമ്യം ലഭിക്കൽ അസാധ്യതയാക്കുന്ന 43D(5) എന്ന വകുപ്പുകൂടിയാകുമ്പോൾ ഭരണകൂടം തടവിലിടുന്ന രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകർക്ക് ശിഷ്ട പൗരജീവിതം ഏതാണ്ട് അവസാനിക്കുന്നു. "Bail is the rule, jail is exception" എന്ന സുപ്രീംകോടതിയുടെത്തന്നെ നീതിപ്രമാണത്തെ (State of Rajastan vs Balchand, 1978) നിരാകരിച്ച് UAPA കേസുകളിൽ "jail is the rule and bail an exception" എന്നാക്കി മാറ്റി സുപ്രീംകോടതി (Gurwinder Singh v. State of Punjab & Another,2024).

ഇത്തരം ജാമ്യനിഷേധങ്ങളുടെ ജനാധിപത്യവിരുദ്ധതയും നീതിനിഷേധവുമൊന്നും പുർകായസ്ത കേസിലെ അറസ്റ്റ് റദ്ദാക്കുന്ന വിധിയിൽ ചർച്ച ചെയ്യുന്നതിനുള്ള സാധ്യതയുണ്ടായിരുന്നില്ല. വളരെ പരിമിതമായ നിയമപ്രശ്‌നം മാത്രമാണ് ഈ വിധിയിൽ ഉന്നയിക്കപ്പെട്ടത്. കുറ്റാരോപിതരെ റിമാൻഡ് ചെയ്യുമ്പോൾ അവർക്ക് കുറ്റാരോപണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമോ, അതെങ്ങനെ നൽകണമെന്നതായിരുന്നു പ്രശ്നം. കുറ്റാരോപണം സംബന്ധിച്ച വിവരങ്ങൾ വാക്കാൽ പറഞ്ഞാലും മതിയെന്ന പല കോടതിവിധികളുമുണ്ട് എന്നിടത്താണ്, അങ്ങനെ പോരാ എന്ന ഈ വിധി പ്രസക്തമാകുന്നത്. ഇത് പങ്കജ് ബൻസാൽ കേസിൽ (2023) സുപ്രീം കോടതി നൽകിയ വിധിയെ ആവർത്തിച്ചുറപ്പിക്കുന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് തന്റെ അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം ലഭിക്കുവാൻ അവകാശമുണ്ടെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും പങ്കജ് ബൻസാൽ വിധിയിലൂടെ കോടതി വ്യക്തമാക്കിയിരുന്നു. വിജയ് മദൻലാൽ വിധിയിലെ ജനാധിപത്യവിരുദ്ധതയും PMLA -യിലെ കോടതികൾക്ക് മുകളിൽ ED-യെ പ്രതിഷ്ഠിച്ചതുമൊന്നും ഇല്ലാതാക്കാനായില്ലെങ്കിലും ജനാധിപത്യ നിയമവാഴ്ചയുടെ ചെറിയൊരു ആശ്വാസമായിരുന്നു പങ്കജ് ബൻസാൽ വിധി.

ഇ.ഡി. ഉദ്യോഗസ്ഥരെ പൊലീസ് ഉദ്യോഗസ്ഥരായി കണക്കാക്കാനാവില്ലെന്നും Enforcement Case Information Report (ECIR) എന്നത് FIR (First Information Report) പോലെ കണക്കാക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ അത് ലഭിക്കേണ്ടത് കുറ്റാരോപിതരുടെ അവകാശമായി കണക്കാക്കാനാവില്ലെന്നും ഇ.ഡി, പൊലീസ് അല്ലാത്തതുകൊണ്ട് കുറ്റാരോപിതർ അവർക്ക് നൽകുന്ന മൊഴി കുറ്റസമ്മതമായി, അതിനുള്ള തെളിവായി കണക്കാമെന്നൊക്കെയുമുള്ള ലക്ഷണമൊത്ത ഫാഷിസ്റ്റ് നിയമവാഴ്ചയുടെ വിധിയായിരുന്നു PMLA യുടെ ഭരണഘടനാ സാധുത സംബന്ധിച്ച കേസിൽ സുപ്രീം കോടതി നൽകിയത്. അതിനെ മറികടക്കാനായില്ലെങ്കിലും അത്തരത്തിലുള്ള ഒരു നിയമസംവിധാനത്തിന്റെ അപകടത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത് കൂടിയായിരുന്നു പിന്നീട് വന്ന പങ്കജ് ബൻസാൽ കേസിലെ വിധി. കുറ്റാരോപിതർക്ക് അറസ്റ്റിന്റെ കാരണങ്ങൾ എഴുതിനൽകാത്തതും വിവരങ്ങൾ നൽകാത്തതും ഭരണഘടനാപരമായ അവരുടെ അവകാശങ്ങളുടെ (ആർട്ടിക്കിൾ 22) ലംഘനവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിന്റെ ലംഘനം തുടർന്നുള്ള അറസ്റ്റും നടപടികളും റദ്ദാക്കാനുള്ള മതിയായ കാരണമാകും എന്നും കോടതി പറഞ്ഞു. പുർകായസ്തയുടെ കേസിൽ ഇപ്പോൾ സുപ്രീം കോടതി പ്രയോഗിച്ചത് പങ്കജ് ബൻസാൽ കേസിലെ ഈ വിധിയാണ്.

PMLA വകുപ്പ് 19(1) അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന കുറ്റാരോപിതനെ അറസ്റ്റിന് കാരണമായ വിവരങ്ങൾ ‘inform’ (അറിയിക്കുക) ചെയ്യുക എന്നതാണ് ഇ.ഡി ചെയ്യേണ്ടത്. എങ്ങനെ അറിയിക്കണം എന്നത് സംബന്ധിച്ച് അത് വ്യക്തത നൽകുന്നില്ല. എന്നാൽ ഭരണഘടന നൽകുന്ന പൗരാവകാശത്തെ ഈ അവ്യക്തയുടെ മറപിടിച്ച് അട്ടിമറിക്കുകയാണ് ഭരണകൂടം ചെയ്തത്. മോയിൻ അക്തർ ഖുറേശി കേസിൽ (2017) ദൽഹി ഹൈക്കോടതി പറഞ്ഞത് PMLA വകുപ്പ് 19-ൽ "inform the grounds of such arrests" എന്നാണ് പ്രത്യേകമായി പറഞ്ഞതെന്നും "communicate" എന്നല്ല എന്നതുകൊണ്ട് അറസ്റ്റിന്റെ കാരണങ്ങൾ എഴുതി നൽകേണ്ടതില്ല എന്നുമാണ്. ഛഗൻ ഭുജ്ബാൽ കേസിൽ (2016) ബോംബെ ഹൈക്കോടതിയും അറസ്റ്റിന്റെ കാരണങ്ങൾ അറിയിച്ചാൽ മതിയെന്നും അത് എഴുതി നൽകണമെന്ന് നിർബന്ധമില്ലെന്നും പറഞ്ഞു. ക്ലിഷ്ടമായ ആരോപണങ്ങൾ ഇത്തരത്തിൽ വാക്കാൽ പറഞ്ഞുവെന്ന അന്വേഷണ ഏജൻസികളുടെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുന്ന കുറ്റാരോപിതർക്ക്, തനിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള അവസരവും ന്യായമായ അവകാശവുമാണ് നിഷേധിക്കപ്പെടുന്നത്. ഇത് ന്യായമായ വിചാരണയ്ക്കുള്ള ഭരണഘടനാവകാശത്തിന്റെ ലംഘനമാണ്. പങ്കജ് ബൻസാൽ കേസിൽ സുപ്രീം കോടതി തിരുത്തിയതും ആവർത്തിച്ചുറപ്പിച്ചതും ഈ ഭരണഘടനാവകാശമാണ്.

പുർകായസ്ത വിധിയിൽ സുപ്രീംകോടതി ഭരണഘടന നൽകുന്ന പൗരാവകാശത്തെ ആവർത്തിച്ചുറപ്പിക്കുമ്പോൾ അത് ഭരണഘടനയെ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന് വേണ്ടുന്നപോലെ വ്യാഖ്യാനിക്കുന്ന സുപ്രീം കോടതിയുടെത്തന്നെ മറ്റു പല വിധികളുമായുള്ള സംഘർഷം കൂടിയാണ്. ഇതാകട്ടെ ഇന്ത്യൻ ഭരണഘടന കോടതിയിൽ ഉദാര ജനാധിപത്യവും ഫാഷിസ്റ്റ് ഭരണകൂട ശാസനവ്യവസ്ഥയുടെ നടത്തിപ്പുകാരും തമ്മിലുള്ള വൈരുധ്യങ്ങളുടെയും സംഘർഷങ്ങളുടെയും ഭാഗമാണ്. ഈ സംഘർഷം കോടതിക്ക് പുറത്തുമുണ്ട്. അതിൽ നിയാമകമായ മേൽക്കൈ ഹിന്ദുത്വ ഫാഷിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രീയം നേടിയിട്ടുണ്ട്. എന്നാൽ അതിനെതിരായ ചെറിയ പ്രതിരോധങ്ങൾ ചില വാതിലുകളെങ്കിലും തള്ളിത്തുറക്കുന്നു എന്നതത്ര ചെറിയ കാര്യമല്ല.

പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

പ്രത്യേക നിയമ നിർമ്മാണങ്ങളിലൂടെ ഭരണഘടന നൽകുന്ന ജനാധിപത്യ പൗരാവാകാശങ്ങളെ മറികടക്കാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്ക് മോദി സർക്കാരിനെക്കാളും പഴക്കമുണ്ട്. ഒരു പക്ഷെ അതിന് ഭരണഘടനയോളം പഴക്കമുണ്ട്. ഒരു software ഉണ്ടാക്കുന്നതിനൊപ്പം അതിൽ നുഴഞ്ഞുകയറാനാവുന്ന ചാര സോഫ്റ്റുവെയറും സൃഷ്ടിക്കുന്നു എന്നപോലെയാണ് ഭരണഘടനാവകാശങ്ങൾ അതിന്റെ ആദ്യകാലം തൊട്ടേ ഇന്ത്യയിൽ നിയമനിർമ്മാണങ്ങളിലൂടെ ലംഘിക്കപ്പെട്ടത്.

Preventive Detention Act 1958 (പിന്നീട് 1969-ൽ കാലഹരണപ്പെട്ടു), Armed Forces (Special Powers) Act, 1958, Unlawful Activities (Prevention) Act 1967(2004,2008, 2012 ഭേദഗതികൾ), Maintenance of Internal Security Act (MISA) 1971 (1977-ൽ റദ്ദാക്കി), National Security Act 1980, 1985 മുതൽ 1995 വരെ നിലവിലിരുന്ന Terrorist and Disruptive Activities (Prevention) Act (TADA), 2001 മുതൽ 2004 വരെ നിലനിന്ന Prevention of Terrorism Act (POTA), National Investigation Agency Act (2008, 2019 ഭേദഗതികൾ) എന്നിവയെല്ലാം ഇത്തരത്തിൽ നിയമനിർമ്മാണങ്ങളിലൂടെ ഭരണഘടനാദത്തമായ പൗരാവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു. PMLA യും അതിന്റെ ഭാഗമാണ്. അതിനെ കോടതികൾക്കത്തുനിന്ന് പ്രതിരോധിക്കുമ്പോൾ ഭരണഘടനയെ എങ്ങനെ പൗരാവകാശങ്ങൾക്കുവേണ്ടി ഇത്തരം നിയമങ്ങളിലെ ജനാധിപത്യവിരുദ്ധതക്കെതിരെ ഉപയോഗിക്കാം എന്നതിന്റെ ഒരു ചെറുസാധ്യതയാണ് പുർകായസ്ത കേസിൽ പങ്കജ് ബൻസാൽ വിധി പ്രയോഗിച്ചതിലൂടെ കാണാനാകുന്നത്.

പങ്കജ് ബൻസാൽ കേസിൽ PMLA-യിൽ കുറ്റാരോപിതന് അറസ്റ്റിന്റെ കാരണങ്ങൾ എഴുതിനൽകണമെന്ന വിധി, പുർകായസ്ത കേസിൽ UAPA കുറ്റാരോപിതർക്കുകൂടി അവകാശപ്പെട്ടതാണെന്ന വ്യാഖ്യാനത്തിലൂടെ, ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ ജനാധിപത്യവിരുദ്ധമായ നിയമനിർമ്മാണങ്ങളെ മറികടന്ന് പ്രയോഗിക്കാനാകും എന്ന ജനാധിപത്യ നീതിസാധ്യതകൾ കൂടി സുപ്രീം കോടതി തുറക്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 20, 21, 22 എന്നിവ അലംഘനീയമാണെന്ന് സുപ്രീം കോടതി പുർകായസ്ത വിധിയിൽ മുൻ കോടതിവിധികൾ ഉദ്ധരിച്ചുകൊണ്ട് ഓർമിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം ഈ അവകാശങ്ങൾ ഇന്ത്യയിൽ നിലനിൽക്കുമോ ഇല്ലയോ എന്നുള്ള നിയാമകവും നിർണായകവുമായ ചോദ്യത്തിനുകൂടി ഉത്തരം നൽകുന്ന ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധിവരുന്നത്. ഇന്ത്യ നിലവിൽത്തന്നെ തെരഞ്ഞെടുക്കപ്പെടുന്ന സമഗ്രാധിപത്യമെന്ന ഭീഷണമായ അവസ്ഥയിൽ പ്രവേശിച്ചുകഴിഞ്ഞു. പൗരാവകാശങ്ങളെ നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് മോദി സർക്കാർ രാഷ്ട്രീയ എതിരാളികളടക്കമുള്ള നൂറുകണക്കിനാളുകളെ തടവിലിട്ടിരിക്കുന്നത്. ED, 2014 മുതൽ 2022 വരെ നടത്തിയ പരിശോധനകളിൽ 121-ൽ 115 എണ്ണവും പ്രതിപക്ഷ രാഷ്ട്രീയക്കാർക്കെതിരെയായിരുന്നു എന്നു കൂടി ഓർക്കേണ്ടതുണ്ട്. പുർകായസ്തയെപ്പോലുള്ള ജനാധിപത്യ മാധ്യപ്രവർത്തകർക്കെതിരെ നിരന്തരമായ ആക്രമണമാണ് നടക്കുന്നത്. വിധേയരുടെ ശബ്ദം മാത്രം പുറത്തുകേൾക്കുന്ന ഒരു നാടായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. കോടതി വിധികളിലൂടെ മാത്രമായി അതിനെ തടയാനാകില്ല. ഭരണഘടനയെ രൂപപ്പെടുത്തിയ, ബഹുസ്വര ജനാധിപത്യ ഇന്ത്യയെ നിർമ്മിക്കാൻ നടത്തിയ, വലിയ രാഷ്ട്രീയ സമരങ്ങളുടെ ധാരകളെ ബഹുജന മുന്നേറ്റങ്ങളും പൗരസമൂഹ പ്രതിരോധങ്ങളുമായി മാറ്റിയാൽ മാത്രമേ കോടതികളിലും അത് പ്രതിഫലിക്കൂ.

Comments