2009 മുതൽ ന്യൂദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന വെബ്സെറ്റായ ന്യൂസ് ക്ലിക്കിനെതിരെ മോദി സർക്കാരിന്റെ പൊലീസ്, മിലിട്ടറി സ്റ്റൈലിൽ നടത്തിയ റെയ്ഡുകൾ മാധ്യമ സ്വാതന്ത്ര്യത്തിനുനേരേയുള്ള തുറന്ന ആക്രമണമാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയുടെ തൊട്ടുത്ത ദിവസമാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 46 പേരുടെ വീട്ടിലേക്ക് ദൽഹി പൊലീസിന്റെ സ്പെഷൽ സെല്ലിൽപെട്ട 200 ലധികം പേർ എത്തുന്നത്. രാവിലെ ആറരക്ക് തുടങ്ങിയ റെയ്ഡ് പലയിടത്തും രാത്രി എട്ട് മണിവരെ തുടർന്നു. വെബ്സൈറ്റിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്തയെയും ഹ്യൂമൻ റിസോഴ്സ് മാനേജർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് ജെ.എൻ.യു വിദ്യാർഥിയും പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവുമായ പ്രബിർ പുർകായസ്ത ജയിലിൽ കിടന്നിരുന്നു. ബി.ജെ .പി നേതാക്കളായ മുരളീമനോഹർ ജോഷിക്കും മറ്റും ഒപ്പം തിഹാർ ജയിലിൽ കഴിഞ്ഞ പ്രബിർ ഇപ്പോൾ വീണ്ടും ജയിലിലടക്കപ്പെട്ടിരിക്കുന്നു. ഹിന്ദു പത്രം ഒക്ടോബർ അഞ്ചിന് ‘അടിയന്തരാവസ്ഥക്കാലം’ എന്ന തലക്കെട്ടൊടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നതുപോലെ, പ്രബിറിന്റെ ആദ്യ ജയിൽവാസം പ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്താണെങ്കിൽ ഇപ്പോഴത്തേത്, അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്താണ്.
നാല് ദശാബ്ദമായി ഹിന്ദി ജേണലിസത്തിലുള്ള, നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഊർമിളേഷ്, മൂന്നോളം പ്രശസ്തമായ ടെലിവിഷൻ ചാനലുകളിൽ പ്രവർത്തിക്കുകയും മോദി സർക്കാരിനെതിരെ മൂർച്ചയുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ന്യൂസ് ക്ലിക്കിന്റെ പ്രധാന മുഖമായ അഭിഷാർ ശർമ, നേരത്തേ ഇന്ത്യ ടുഡേയിൽ പ്രവർത്തിക്കുകയും പിന്നീട് അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയും ചെയ്ത ഭാഷാസിങ്ങ്, ദില്ലി സയൻസ് ഫോറം പ്രവർത്തകനും ശാസ്ത്രജ്ഞനുമായ ഡി. രഘുനന്ദൻ, തന്റെ 40 വർഷത്തെ മാധ്യമ ജീവിതത്തിനിടയിൽ ചങ്ങാത്ത മുതലാളിത്തത്തെ നിരന്തരം ചോദ്യം ചെയ്ത, അദാനി ബിസിനസ് സാമ്രാജ്യത്വത്തിനെതിരെ ചോദ്യങ്ങൾ ഉയർത്തിയ, അതിന്റെ പേരിൽ ഇക്കോണമിക്ക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയുടെ എഡിറ്റർസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്ന പരഞ്ചോയ് ഗുഹ താകുർത്ത, ചരിത്രകാരനും ആക്ടിവിസ്റ്റുമായ സൊഹേൽ ഹാഷ്മി തുടങ്ങി 46 പേരെ തേടിയാണ് ദൽഹി പൊലീസ് എത്തിയത്.
ജുഡീഷ്യറി ഇടപെടാത്തപക്ഷം മറ്റൊരു ഭീമ കൊറേഗാവ് കേസിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് ഇതുവരെയുള്ള സംഭവിവികാസങ്ങൾ നൽകുന്ന സൂചന. ഒക്ടോബർ അഞ്ചിന് ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ പരാമാധികാരത്തെ തകർക്കുംവിധം ചൈനക്കുവേണ്ടി പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രബിർ പുർകായസ്തക്കെതിരെ ഉയർത്തിയിട്ടുള്ളത്. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ബി.ജെ.പിയുടെയും ആർ എസ് എസിന്റെയും വിദ്വേഷ, വർഗീയ രാഷ്ട്രീയത്തെയും എതിർക്കുന്ന ചാനലാണ് ന്യൂസ് ക്ലിക്ക് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ മോദി അധികാരത്തിൽ വന്ന ഘട്ടത്തിൽ തന്നെ അവർ ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ടിരുന്നു.
രണ്ടുവർഷം മുമ്പാണ് ഇ.ഡിയുടെ റെയ്ഡ് നടന്നത്. പ്രബിറിന്റെ വസതിയിൽ 114 മണിക്കൂർ തുടർച്ചയായ റെയ്ഡാണ് അന്ന് നടന്നത്. ഓഫീസിലും റെയ്ഡ് നടന്നു. അന്നും ലാപ് ടോപ്പും മൊബ്ബെൽ ഫോണും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകളും മെയിലുകളും പരിശോധിച്ചു. വിദേശ ഫണ്ടിങ്ങിനെക്കുറിച്ചും കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ചുമായിരുന്നു പരിശോധന. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ആരോപണത്തിന് അടിസ്ഥാനമായ ഒരു വസ്തുതയും കണ്ടെത്തിയതായി ഇ.ഡിയോ ബന്ധപ്പെട്ട അധികാരികളോ അറിയിച്ചിട്ടില്ല. ഈ വിഷയത്തിൽ ന്യൂസ് ക്ലിക്കിനെതിരെ പ്രതികാരനടപടി ഉണ്ടാകരുതെന്നും പ്രബിറിനെ അറസ്റ്റ് ചെയ്യരുതെന്നും ദൽഹി ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ആദായനികുതി വകുപ്പിന്റെ ആരോപണങ്ങൾ കീഴ്‌ക്കോടതി തന്നെ തള്ളിക്കളയുകയും ചെയ്തു.
മാധ്യമപ്രവർത്തനത്തെ, പ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയാണ് ലക്ഷ്യം. ഹിന്ദു മുഖപ്രസംഗം ശരിയായി നിരീക്ഷിക്കുന്നതുപോലെ, ‘ചില്ലിങ്ങ് എഫക്ടാ’ണ് ലക്ഷ്യം. മാധ്യമങ്ങളെ വിറങ്ങലിപ്പിച്ചുനിർത്തുക.
ഈ ഹൈക്കോടതി വിധി മറികടക്കാനാണ് ഇപ്പോൾ യു.എ.പി.എ. ചുമത്തി പ്രബിറിനെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. അതായത് മാധ്യമ പ്രവർത്തകരെ ഭീകരവാദികളായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുന്ന നടപടിയാണ് ഇപ്പോൾഉണ്ടായിട്ടുള്ളത്. ഇതൊരു പുതിയ രീതിയാണ്. മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന തന്ത്രമാണ് ഇവിടെ പുറത്തെടുക്കുന്നത്. മോദി സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചാൽ ഭീകരവാദികളായി മുദ്രകുത്തി ജയിലിടുമെന്ന ഭീഷണിയാണ് ഉയരുന്നത്. അതുകൊണ്ടാണ് വെബ്പോർട്ടലായ ദി വയർ അവരുടെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ടെററൈസിങ്ങ് ജർണലിസം എന്നാക്കിയത്. മാധ്യമപ്രവർത്തനത്തെ, പ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയാണ് ലക്ഷ്യം. ഹിന്ദു മുഖപ്രസംഗം ശരിയായി നിരീക്ഷിക്കുന്നതുപോലെ, ‘ചില്ലിങ്ങ് എഫക്ടാ’ണ് ലക്ഷ്യം. മാധ്യമങ്ങളെ വിറങ്ങലിപ്പിച്ചുനിർത്തുക.
ചൈനയുമായി ബന്ധമുള്ള ഭീകരവാദ കേസ് എന്ന നിലയിലാണ് ദൽഹി പൊലീസ് മാധ്യമവേട്ടയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ന്യൂസ് ക്ലിക്ക് മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചത് കർഷകസമരം, ദൽഹി കലാപം, പൗരാവകാശ ഭേദഗതി നിയമം, കോവിഡ് എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നായിരുന്നു. ഈ സമരങ്ങളും ഭീകരവാദവും തമ്മിലുള്ള ബന്ധമെന്താണ്?
മറ്റൊരു മാനം കുടി ഇതിനുണ്ട്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് സൂചിപ്പിക്കുന്നനതുപോലെ, മുഖ്യധാരാമാധ്യമങ്ങളെ ഇന്ന് ആരും മാധ്യമമായിപോലും കാണുന്നില്ല. കാരണം മുഖ്യധാരമാധ്യമങ്ങളൊക്കെ ഗോദി മാധ്യമങ്ങളായി മാറിയിരിക്കുന്നു. കാവൽനായയാകേണ്ട മുഖ്യധാരാ മാധ്യമങ്ങൾ മടിത്തട്ട് മാധ്യമങ്ങളായി മാറിയിരിക്കുന്നു. എല്ലാവരും മോദി സർക്കാരിനെ വാഴ്ത്തുന്ന കീർത്തനങ്ങൾ ആലപിക്കുന്ന തിരക്കിലാണ്. വഴങ്ങാത്ത മാധ്യമങ്ങൾക്ക് പരസ്യം നിഷേധിച്ചും അന്വേഷണ ഏജൻസികളെ ഉപയൊഗിച്ച് റെയ്ഡ് നടത്തിയും പ്രക്ഷേപണാനുമതി നിഷേധിച്ചുമാണ് അവയെ മടിത്തട്ട് മാധ്യമങ്ങളായി മാറ്റിയത്. ഇതോടെ ഈ മാധ്യമങ്ങളിൽ മിക്കതും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകരായി മാറി. ഇതോടെ മുഖ്യധാരാമാധ്യമങ്ങൾ എന്ന സ്ഥാനം ഇവക്ക് നഷ്ടമായി.
വസ്തുതകളും വിവരങ്ങളും യഥാവിധി ജനങ്ങളിലെത്തിക്കാൻ മാധ്യമപ്രവർത്തനത്തോട് കുറുള്ള മാധ്യമപ്രവർത്തകർ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ തുറന്ന വഴികൾ തേടി. അവർ പലരും ഓൺലൈൻ- യുട്യൂബ് ചാനലുകൾ സ്വന്തമായി തുടങ്ങി. അദാനി ഏറ്റെടുത്തതോടെ എൻ.ഡി.ടി.വി. വിട്ട രവീഷ്കുമാർ സ്വന്തം യുട്യൂബ് ചാനലിന് തുടക്കമിട്ടു. 72 ലക്ഷമാണ് ഈ ചാനലിന്റെ വരിക്കാർ. ന്യൂസ് ക്ലിക്കിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അഭിസാർ ശർമയുടെ യുട്യൂബ് ചാനലിന് 30 ലക്ഷം വരിക്കാരുണ്ട്. അജിത് അംജൂമിന്റെ ചാനലിന് 43 ലക്ഷവും പുണ്യപ്രസൂൺ വാജ്പേയിയുടെ ചാനലിന് 33 ലക്ഷവും സത്യഹിന്ദി ചാനലിന് 24 ലക്ഷവും പ്രഗ്യശർമയുടെ ചാനലിന് 24 ലക്ഷവും ദ വയറിന് 48 ലക്ഷവും ന്യൂസ് ലോണ്ടറിക്കും സജ്ഞയ്ശർമയുടെ ചാനലിനും 18 ലക്ഷം വീതവുമാണ് വരിക്കാർ. ഉൾട്ട ചസ്മക്ക് 35 ലക്ഷമാണ് വരിക്കാർ. അതായത്, ഹിന്ദി മേഖലയിൽ മുഖ്യധാരാമാധ്യമങ്ങളായി ഈ യുട്യുബ് ചാനലുകൾ മാറിക്കഴിഞ്ഞിരുന്നു. മോദി സർക്കാരിനോട് നിരന്തരമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന, സത്യം വിളിച്ചുപറയുന്ന വാർത്താമാധ്യമങ്ങളായി ഇവ വിലയിരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ മടിത്തട്ട് മാധ്യമങ്ങളായി മാറിയപ്പോൾ കാവൽനായയെന്ന മാധ്യമധർമം ഏറ്റെടുത്ത് ഈ യുട്യൂബ് ചാനലുകൾ ജനമനസ്സുകൾ കീഴടക്കുകയാണ്.
ഈ വിഭാഗത്തിൽ പെടുന്ന ചാനലാണ് 2009 മുതൽ പ്രവർത്തിക്കുന്ന ന്യൂസ് ക്ലിക്ക്. ടെലിവിഷൻ ചാനലുകൾക്കുപകരം രാജ്യത്ത് യഥാർഥത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ മൊബൈലുള്ള ഓരോ മനുഷ്യനും ഇത്തരം ചാനലുകളെയാണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായിട്ടും വാട്സ്ആപ്പ് യുണിവേഴ്സിറ്റികൾ തന്നെ ഉണ്ടായിട്ടും ബി.ജെ.പിയുടെ ആഖ്യാനം പൂർണമായും ജനങ്ങൾ വിശ്വാസത്തിലെടുക്കാതിരിക്കാൻ കാരണം ഇത്തരം യുട്യൂബ് ചാനലുകളാണ്. ഇതിന് തടയിടാനാണ് ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ. ചുമത്തിയുള്ള വേട്ടയാടലിന് മോദി സർക്കാർ തയ്യാറായിട്ടുള്ളത്. മോദി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്ന എല്ലാ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമുള്ള മുന്നറിയിപ്പാണിത്.
ചൈനീസ് സർക്കാരിന്റെ പ്രചാരണത്തിന് വിദേശപണം ഉപയോഗിച്ചുവെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ ആർക്കും എതിർപ്പില്ല. രണ്ട് വർഷമായി അന്വേഷിച്ചിട്ടും ഇതു സംബന്ധമായ ഏന്തെങ്കിലും തെളിവ് ലഭിച്ചതായി ആർക്കും അറിവില്ല.
ന്യൂസ് ക്ലിക്കിനെതിരെ നീങ്ങാൻ ബി.ജെ.പി. ആയുധമാക്കിയത് ആഗസ്ത് എട്ടിന് ന്യൂയാർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയാണ്. ‘ലേസി ജേണലിസ’ത്തിന് മികച്ച ഉദാഹരണമാണ് ന്യൂയോർക്ക് ടൈംസിന്റെ ഈ റിപ്പോർട്ടെന്നാണ് ഹിന്ദു പത്രത്തിന്റെ മുൻ ചീഫ് എഡിറ്ററായ എൻ. റാമിന്റെ അഭിപ്രായം. ന്യൂസ് ക്ലിക്കിന് വിദേശഫണ്ടിങ്ങ് ഉണ്ടെന്ന് ആരോപിക്കുന്ന വാർത്ത നൽകുന്നതിനു മുമ്പ് ആ വെബ്സൈറ്റ് അധികൃതരുടെ അഭിപ്രായം തേടാൻ ന്യൂയോർക്ക് ടൈംസ് തയ്യാറായില്ല എന്നാണ് റാം വെളിപ്പെടുത്തുന്നത്. ന്യൂസ് ക്ലിക്കിന് അമേരിക്കൻ ബിസിനസ്മാൻ നെവിൽ റോയ് സിംഘത്തിൽ നിന്ന് പണം ലഭിച്ചുവെന്നും ചൈനീസ് പ്രോപ്പഗാൻണ്ടക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നുമാണ് ന്യൂയോർക്ക് ടൈംസിന്റെ ആരോപണം.
ചൈനീസ് സർക്കാരിന്റെ പ്രചാരണത്തിന് വിദേശപണം ഉപയോഗിച്ചുവെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ ആർക്കും എതിർപ്പില്ല. രണ്ട് വർഷമായി അന്വേഷിച്ചിട്ടും ഇതു സംബന്ധമായ ഏന്തെങ്കിലും തെളിവ് ലഭിച്ചതായി ആർക്കും അറിവില്ല. തെളിവുണ്ടെങ്കിൽ അത് നിരത്തി നടപടിയെടുക്കട്ടേ. അതിനു പകരം ആരോപണപുകമറ സൃഷ്ടിച്ച് ഒരു സ്ഥാപനത്തെ ചൈനീസ് ചാരന്മാരായി മുദ്രകുത്തി ഇല്ലാതാക്കുന്നതിനെയാണ് മാധ്യമസമൂഹം എതിർക്കുന്നത്. സോഷ്യലിസ്റ്റ്- വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ഒരു കുടുംബത്തിൽജനിച്ചയാളാണ് സിംഘം. അദ്ദേഹത്തിന് അമേരിക്കയിലുള്ള ബിസിനസ് സ്ഥാപനങ്ങൾ വിറ്റിട്ടാണ് ചൈനയിലെ ഷാങ്ങ്ഹായിലേക്ക് മാറിയതെന്നാണ് മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നത്. ന്യൂസ് ക്ലിക്ക് ഇറക്കിയ പ്രസ്താവനയനുസരിച്ച് രാജ്യത്ത് നിലവിലുള്ള നിയമപ്രകാരവും ആർ.ബി.ഐ. ചട്ടങ്ങൾ അനുസരിച്ചുമാണ് വിദേശപണം അവർ കൈപറ്റിയിട്ടുള്ളത്.
ഇവിടെ ഒരു കാര്യം കുടി സൂചിപ്പിക്കേണ്ടതുണ്ട്. നവഉദാരവാദനയത്തിന്റെ ഭാഗമായാണ് സ്വകാര്യവൽക്കരണവും വിദേശനിക്ഷേപവും മറ്റും വരുന്നത്. ഘട്ടംഘട്ടമായി എല്ലാ മേഖലയിലും വിദേശനിക്ഷേപം സ്വീകരിക്കാൻ മാറിമാറിവന്ന സർക്കാരുകൾ അനുമതി നൽകുകയും ചെയ്തു. എന്തിനധികം പറയുന്നു, മാധ്യമപ്രവർത്തകരെ രാജ്യദ്രോഹികളും ഭീകരവാദികളുമായി ചിത്രീകരിക്കാൻ തിടുക്കം കാട്ടുന്നവർ ഡിഫൻസ് മേഖലയിൽ പോലും വിദേശനിക്ഷേപം അനുവദിച്ചിരിക്കുകയാണ്. മാധ്യമമേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിനതിരെ ഇടതുപക്ഷവും എൻ. റാമിനെയും പി. സായിനാഥിനെയും പോലുള്ള മാധ്യമപ്രവർത്തകരും രംഗത്തുവന്നത് മറക്കാറായിട്ടില്ല. രാജ്യത്തിന്റെ അഭിപ്രായരൂപീകരണത്തിലും സംസ്ക്കാരത്തിലുമടക്കം സ്വാധീനിക്കാൻ പോകുന്നതാണ് മാധ്യമമേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകി. അത് അവഗണിച്ചാണ് മാധ്യമരംഗത്തും വിദേശനിക്ഷേപം അനുവദിച്ചത്.
ഇപ്പോൾ പറയുന്നു, ചൈനയിൽനിന്നുള്ള നിക്ഷേപം പാടില്ല എന്ന്. എന്ത് യുക്തിയാണ് ഇതിനുള്ളത്. ഇന്ത്യയുമായി ഉദയകക്ഷിബന്ധമുള്ള രാജ്യമാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നാൾക്കുനാൾ വർധിക്കുകയാണ്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദിച്ചതുപോലെ, പി.എം. കെയേഴ്സ് ഫണ്ടിലും അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിലും ചൈനീസ് വിദേശനിക്ഷേപം സ്വീകരിക്കാമെങ്കിൽ ന്യൂസ് ക്ലിക്കിൽ എന്തുകൊണ്ട് അതായിക്കൂടാ? ആ വിദേശനിക്ഷേപം ഉപയോഗിച്ച് ചൈനക്കുവേണ്ടി തൂലിക ചലിപ്പിച്ചുവോ എന്നതു മാത്രമാണ് പ്രശ്നം. അത്തരം എന്തെങ്കിലും ലേഖനങ്ങളോ വീഡിയോകളോ ഉണ്ടെങ്കിൽ അത് പറയട്ടെ. അതല്ലൊം പരിശോധിക്കുന്നതിന് ഒരു തടസ്സവുമില്ലല്ലോ. അത് ചെയ്യുന്നതിനുപകരം പുകമറ സൃഷ്ടിച്ച് മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിൽ എന്ത് ന്യയീകരണമാണുള്ളത്. പ്രബിറിനെ ഇപ്പോൾ കസ്റ്റഡിയിൽ വെച്ചത് എന്തിനാണെന്ന് വ്യക്തമല്ല. എഫ്.ഐ.ആറിന്റെ പകർപ്പ് പോലും അവർക്ക് നൽകിയിട്ടില്ല. അതിനായി കോടതിയെ സമീപിക്കേണ്ടിവന്നിരിക്കുകയാണ്.
മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഇനിയും താഴെയാക്കാനുള്ള നടപടികളാണ് സർക്കാർ കൈകൊള്ളുന്നത്. നിലവിൽ 180 രാഷ്ട്രങ്ങളിൽ 161-ാം സ്ഥാനത്താണ് ഇന്ത്യ. ഈ വർഷം അതിൽ ഇനിയും ഇടിവ് വരും. മോദിയുടെ ‘മദർ ഓഫ് ഡെമോക്രസി’ ഇന്ന് ജനാധിപത്യഹത്യയാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. മോദി സർക്കാരിനെ ചൂഴ്ന്നുനിൽക്കുന്ന പരാജയഭീതി അവരുടെ സമനില തെറ്റിക്കുകയാണ്. ന്യൂസ് ക്ലിക്ക് ഒരു സൂചന മാത്രമാണ്. ഭീതിദമായ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.