Newsclick Raid: ഇനി ഇന്ത്യ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാവി

ന്ത്യയിലെ പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ, കേന്ദ്ര സർക്കാരിൻ്റെ നീക്കങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ നിശിത വിമർശനം നടന്നുന്ന, സംഘപരിവാറിൻ്റെ ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ നിലപാടെടുക്കുന്ന ഓൺ ലൈൻ പോർട്ടലുകളിലൊന്നായ ന്യൂസ് ക്ലിക്കിൽ റെയ്ഡ് നടത്തിയിരിക്കുന്നു. ന്യൂസ് ക്ലിക്കിൽ മുൻപുണ്ടായിരുന്നതും, ഇപ്പോഴുള്ളതുമായ ജേണലിസ്റ്റുകളുടെയും ന്യൂസ് ക്ലിക്കിൽ എഴുതുന്നവരുടേയും ജീവനക്കാരുടെയും ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള എഴുത്തുകാരുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും വീടുകൾ, ഓഫീസുകൾ തുടങ്ങി മുപ്പതോളം സ്ഥലങ്ങളിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തിയിരിക്കുന്നത്. യു. എ.പി.എ ചുമത്തിയ കേസിലാണ് റെയ്ഡ് എന്നാണ് വാർത്തകൾ ലാപ്പ്ടോപ്പുകളും, ഫോണുകളും ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുർക്കായസ്ത, മുതിർന്ന ജേണലിസ്റ്റുകളായ ഔനിന്ത്യോ ചക്രബർത്തി, ഊർമിളേഷ്, ഭാഷാ സിംഗ്, അഭിസാർ ശർമാ, എഴുത്തുകാരി ഗീതാ ഹരിഹരൻ, ചരിത്രകാരനും ആക്ടിവിസ്റ്റുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻ്റ് അപ് കൊമേഡിയൻ സഞ്ജയ് റജൗറ, തുടങ്ങിയവരുടെയൊക്കെ വീടുകളിൽ റെയ്ഡ് നടന്നിട്ടുണ്ട്. ഒരു റസീപ്റ്റ് പോലും നൽകാതെയാണ് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്. ഇവയിലിനി എന്തൊക്കെ കൃത്രിമ രേഖകൾ സ്ഥാപിക്കപ്പെടും എന്ന് കണ്ടറിയണം.

ന്യൂസ് ക്ലിക് ജീവനക്കാരൻ താമസിച്ചിരുന്നു എന്നതിൻ്റെ പേരിൽ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും റെയ്ഡ് നടന്നു. സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിൻ്റെ മുമ്പെയിലെ വീട്ടിലും എഴുത്തുകാരനും ജേണലിസ്റ്റുമായ പരഞ്ജോയ് ഗുഹ താക്കുർത്തയുടെ വീട്ടിലും സമാന്തരമായി റെയ്ഡും ചോദ്യം ചെയ്യലും നടന്നിട്ടുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. മാധ്യമ സംഘടനകളും കൂട്ടായ്മകളുമെല്ലാം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ ഭരണകൂടം നടത്തുന്ന നഗ്നമായ കന്നുകയറ്റത്തെ ശക്തമായിത്തന്നെ അപലപിച്ചിട്ടുണ്ട്.

ന്യൂസ് ക്ലിക്ക് വെബ് സൈറ്റ് വിദേശ ഫണ്ടു സ്വീകരിച്ചെന്നും അത് ചൈന അനുകൂല വാർത്തകൾക്കും പ്രൊപ്പഗാൻ്റയ്ക്കും വേണ്ടിയാണെന്നുമുള്ള ബി.ജെ.പി.യുടെ ആരോപണവും ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടുമാണ് ഇപ്പോഴത്തെ നീക്കത്തിൻ്റെ പശ്ചാത്തലം. റെയ്സിനെക്കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ തന്ത്രപരമായി പറഞ്ഞത് അന്വേഷണ ഏജൻസികൾ സ്വതന്ത്ര്യ സ്ഥാപനങ്ങളാണെന്നും അവർ അവരുടെ ജോലി നിയമാനുസൃതമായി ചെയ്യുകയാണെന്നും തനിക്ക് റെയ്ഡിനെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നുമാണ്.

എല്ലാ കാര്യങ്ങളും നിയമപരവും വളരെ വളരെ കൃത്യവുമായി മാത്രം നടക്കുന്ന ഒരു രാജ്യത്ത് വളരെ വ്യക്തമാണ്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട, ഫാസിസ്റ്റ് സർക്കാരിന്റെ സന്ദേശം. ഒന്നുകിൽ സർക്കാരിനൊപ്പം അല്ലെങ്കിൽ ദേശത്തിനെതിര്. മാധ്യമങ്ങൾ സർക്കാരിനെ വിമർശിച്ചാൽ, സർക്കാർ നയങ്ങളെ വിമർശിച്ചാൽ, സർക്കാർ അഴിമതിയെ വിമർശിച്ചാൽ, സർക്കാരിൻ്റെ സാമ്പത്തിക നയത്തേയും സ്വജനപക്ഷപാതത്തേയും വിമർശിച്ചാൽ, സർക്കാർ പ്രതിനിധികളുടെ കൊള്ളരുതായ്മകളെ വിമർശിച്ചാൽ അതൊക്കെയും ദേശത്തിനും ദേശീയതയ്ക്കും എതിരാണെന്ന് വ്യാഖ്യാനിക്കുക. സംഘപരിവാറിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം, നടപ്പാക്കലല്ല ജനാധിപത്യ മതേതര ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയും ആ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരും ചെയ്യേണ്ടത് എന്ന് മാധ്യമങ്ങൾ പറഞ്ഞാൽ ആ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ശത്രുക്കളും ദേശവിരുദ്ധരുമാണെന്ന് പ്രഖ്യാപിക്കുക. എന്നിട്ട് ആ മാധ്യമ സ്ഥാപനങ്ങളെ നിയമപരമായ നടപടി എന്ന് തോന്നിപ്പിച്ച് പൂട്ടിക്കുക. ഇത് ഇന്ത്യയിൽ പ്രയോഗിച്ച് വിജയിച്ചു കൊണ്ടിരിക്കുന്ന ഒരു രീതിയാണ്.

പല രീതിയിലാണ് മാധ്യമങ്ങൾ ഉന്നം വെയ്ക്കപ്പെടുന്നത്. ഒന്ന് വലിയ മൂലധന നിക്ഷേപങ്ങളും പാരമ്പര്യവുമുള്ള പത്രങ്ങളേയും ടെലിവിഷൻ ചാനലുകളേയും വിലയ്ക്കു വാങ്ങിയും ആ മൂലധത്തിൽ നിക്ഷേപം നടത്തി വിഴുങ്ങുകയും ചെയ്യുക. ബി.ജെ.പി അനുകൂല , സർക്കാർ അനുകൂല പ്രൊപ്പഗാന്റ മാത്രം നടത്താൻ വലിയ മൂലധനമിറക്കി എല്ലാ ഭാഷയിലും മാധ്യമ സ്ഥാപനങ്ങൾ ആരംഭിക്കുക. എതിർത്തും അനുകൂലിച്ചും ബി.ജെ.പി അജണ്ട മാത്രം ചർച്ചാ മണ്ഡലത്തിൽ നിലനിർത്താനുള്ള കണ്ടന്റ് നിരന്തരം ഉദ്ത്‌പാദിപ്പിക്കുക. അത് എല്ലാത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വഴി പ്രചരിപ്പിക്കുക. സ്വതന്ത്രമായി നിലനിൽക്കുന്ന, സർക്കാർ വിമർശനം നടത്തുന്ന മാധ്യങ്ങളെയും ഈ കെണിയിൽ വീഴാനും ഈ രീതി പിന്തുടരാനുമുള്ള നിർബന്ധിത സാഹചര്യമുണ്ടാക്കുക.

ചെറിയ മൂലധനത്തിൽ ആരംഭിച്ചിട്ടുള്ള, വിശ്വാസ്യതയും ധൈര്യവും അനുഭവ സമ്പത്തുമുള്ള ജേണലിസ്റ്റുകളുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന സമാന്തര ഓൺലൈൻ മാധ്യമങ്ങളുടെ നിരന്തര വിമർശനങ്ങളെ, പ്രതിപക്ഷ റോളിനെ കൈകാര്യം ചെയ്യാൻ മറ്റൊരു രീതിയാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. അത് ഭയപ്പെടുത്തലാണ്. ഇത്തരം മാധ്യമങ്ങളിൽ എഴുതുന്നവർക്കെതിരെ യു.എ.പി.എ പ്രയോഗിക്കലാണ്. സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കലാണ്. വിദേശ ഫണ്ട് എന്ന ആരോപണം ഉന്നയിച്ച് ബാങ്ക് എക്കൗണ്ടുകൾ ഫ്രീസ് ചെയ്ത് സാമ്പത്തിക സ്രോതസ്സുകളെ അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്തി ഞെരുക്കി പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കലാണ്. പ്രസിദ്ധീകരിച്ച കണ്ടന്റുകൾക്കെതിരെയും ജേണലിസ്റ്റുകൾക്കെതിരെയും നിരന്തരം കേസുകൾ കൊടുത്താണ്. അതാണ് ന്യൂസ് ക്ലിക്കിനെതിരെ ഇപ്പോൾ നടക്കുന്നത്. ന്യൂസ് ലോണ്ടറിക്കെതിരെയും ആൾട്ട് ന്യൂസിനെതിരെയും നടന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പുറത്ത് വിട്ടപ്പോൾ ബി.ബി.സി ഓഫീസിൽ നടത്തിയ ടാക്സ് റെയ്ഡ് മറ്റൊന്നല്ല. ദൈനിക് ഭാസ്കറിൻ്റെ 32 ഓഫീസുകളിൽ നടന്ന ടാക്സ് റെയിഡും മറ്റൊന്നല്ല.

മറ്റൊരു രീതി മാധ്യമ പ്രവർത്തനത്തിന്റെ തന്നെ വിശ്വാസ്യതയെ പൂർണമായും നശിപ്പിക്കുന്ന തരത്തിലുള്ളള്ള നരേറ്റീവ് വ്യാപകമായി ഉണ്ടാക്കിയെടുക്കുക എന്നതാണ്. മാധ്യമപ്രവർത്തകരെ നിരന്തരം പ്രസ്റ്റിറ്റ്യൂട്ട് എന്ന് വിളിച്ച് ഓരോ കണ്ടന്റിന്റെ ചുവടെയും വന്ന് തെറിവിളിച്ച് വ്യക്തിഹത്യയും സ്ഥാപന ഹത്യയും നടത്തി കൂട്ടായ ആക്രമണങ്ങൾ സംഘടിതമായി നടത്തി ആൾക്കൂട്ട ആക്രമണങ്ങൾക്കും വിശ്വാസ്യത നശിപ്പിക്കുന്നതിനും കളമൊരുക്കുക. ഗൗരി ലങ്കേഷിൻ്റെ മാധ്യമ രക്തസാക്ഷിത്വം ഈ നരേറ്റീവിൻ്റെ ഉദാഹരണമാണ്.

ന്യൂസ് ക്ലിക് റെയ്ഡിന് അനുബന്ധമായി സീതാറാം യെച്ചൂരിയുടെ വീട്ടിൽ പരിശോധന നടത്തിയും പ്രകാശ് കാരാട്ടിൻ്റെ ഇ മെയിൽ സന്ദേശങ്ങൾ പരിശോധിച്ചും ചൈനീസ് അനുകൂല വാർത്തകൾക്കു വേണ്ടിയുള്ള ഫണ്ടിങ്ങ് എന്ന് ആരോപിച്ചും വളരെ കൃത്യമായി സി.പി.എമ്മിനെയും കണക്റ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഇത് മറ്റൊരു മുന്നറിയിപ്പാണ്. വിമർശിക്കുന്ന മാധ്യമങ്ങൾക്കൊപ്പം ശത്രുപക്ഷത്തെ ഒരു രാഷ്ട്രീയ പാർട്ടിയെയും ഇരയായ് കിട്ടിയ തന്ത്രം. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം എന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമ്പോൾ അത് ഒരു ജനാധിപത്യ ഭരണക്രമത്തിൽ മാധ്യമങ്ങൾ എന്തുകൊണ്ട് ഏറ്റവും മുഖ്യമായ പ്രതിപക്ഷമായി നിലനിൽക്കേണ്ടതുണ്ട് എന്ന ചോദ്യം ഉയർത്തുകയും ഉത്തരം നൽകുകയും ചെയ്യുന്നുന്നുണ്ട്.

കേരളത്തിലെ വിമത മാധ്യമശബ്ദങ്ങളെ മുഴുവൻ ഇടതു വിരുദ്ധത എന്ന ലേബലിൽ തളച്ചിട്ട് സി.പി.എം ഉണ്ടാക്കിയെടുക്കുന്ന മാധ്യമ വിരുദ്ധ മാപ്ര നരേറ്റീവിനും സീതാറാം യെച്ചൂരിയുടെ ആശങ്ക പാഠമാണ്ടേതാണ്. കേന്ദ്രത്തിലെ മാധ്യമ വിരുദ്ധ ടെക്സ്റ്റ് ബുക്കിന് കേരളത്തിൽ ഒരു സഹായ ഗ്രന്ഥം എഴുതുകയാണ് പാർട്ടി എന്ന് തിരിച്ചറിയണം.

ഇതൊരു ന്യൂസ് ക്ലിക്കിൻ്റേയോ ന്യൂസ് ലോണ്ടറിയുടേയോ മാത്രം വിഷയമല്ല, മാധ്യമങ്ങൾ എങ്ങനെ തീവ്രവലതുപക്ഷ മൂലധന താത്പര്യങ്ങളിൽ ആറാടുന്നു എന്നും വീണുപോവുന്നു എന്നതുമാണ് വിഷയം. തെരഞ്ഞെടുപ്പു മുന്നിൽ നിൽക്കുമ്പോൾ അവശേഷിക്കുന്ന ചെറിയ വിമത ശബ്ദങ്ങളെ നിലനിർത്താൻ ജനാധിപത്യ മതേതര ബോധവും രാഷ്ട്രീയവും ബാക്കിയുള്ള പൗരസമൂഹം എന്തു ചെയ്യും എന്നാണ് ചോദ്യം.

Comments