2023 ഒക്ടോബർ 3-ന്, ന്യൂസ്‌ക്ലിക്കിന്റെ ഓഫീസുകൾ, മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകൾ, കൺസൾട്ടന്റുമാർ, ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട ഫ്രീലാൻസ് കോൺട്രിബ്യൂട്ടർമാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ റെയ്ഡ് നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. ഞങ്ങളുടെ സ്ഥാപക-എഡിറ്റർ 76-കാരനായ പ്രബിർ പുരകയസ്ത, ശാരീരിക വെല്ലുവിളികളുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങൾക്ക് എഫ്.ഐ.ആർ പകർപ്പ് നൽകിയിട്ടില്ല, അതുകൊണ്ടുതന്നെ ഞങ്ങൾക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് അറിയിച്ചിട്ടില്ല. പിടിച്ചെടുക്കൽ മെമ്മോകൾ, പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് മൂല്യങ്ങൾ, അല്ലെങ്കിൽ ഡാറ്റയുടെ പകർപ്പുകൾ എന്നിവ പോലുള്ള ഒരു നടപടിക്രമവും പാലിക്കാതെ, ന്യൂസ്‌ക്ലിക്ക് പരിസരത്ത് നിന്നും ജീവനക്കാരുടെ വീടുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. റിപ്പോർട്ടിംഗിൽനിന്ന് ഞങ്ങളെ തടയാനുള്ള ശ്രമത്തിൽ ഓഫീസും സീൽ ചെയ്തിട്ടുണ്ട്.
ഞങ്ങൾക്കറിയാൻ കഴിഞ്ഞത്, ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്സൈറ്റിൽ ചൈനീസ് പ്രചാരണം നടത്തിയതിന്, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള (യു.എ.പി. എ) കുറ്റങ്ങൾ ആരോപിക്കപ്പെടുന്നു എന്നതാണ്. മാധ്യമസ്വാതന്ത്ര്യം മാനിക്കാൻ വിസമ്മതിക്കുകയും വിമർശനങ്ങളെ രാജ്യദ്രോഹമോ 'ദേശവിരുദ്ധ' പ്രചാരണമോ ആയി കണക്കാക്കുന്നതുമായ സർക്കാർ നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
ന്യൂസ്‌ക്ലിക്ക് 2021 മുതൽ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ ഏജൻസികളുടെ തുടർച്ചയായ നടപടികളിലൂടെയാണ് കടന്നുപോകുന്നത്. ഓഫീസുകളും ഉദ്യോഗസ്ഥരുടെ വസതികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ആദായനികുതി വകുപ്പും റെയ്ഡ് ചെയ്തു. ഉപകരണങ്ങളും ലാപ്ടോപ്പുകളും ഗാഡ്ജെറ്റുകളും ഫോണുകളും മറ്റും മുമ്പ് പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇ- മെയിലുകളും ആശയവിനിമയങ്ങളും വിശകലനം ചെയ്തിട്ടുണ്ട്. കുറേ വർഷങ്ങളായി ന്യൂസ്‌ക്ലിക്കിന് ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇൻവോയ്സുകൾ, ചെലവുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ സ്രോതസ്സുകൾ എന്നിവ സർക്കാർ ഏജൻസികൾ കാലാകാലങ്ങളിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഡയറക്ടർമാരും ബന്ധപ്പെട്ട വ്യക്തികളും ഈ ചോദ്യം ചെയ്യലിൽ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും, രണ്ടിലധികം വർഷങ്ങളായി, കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ന്യൂസ് ക്ലിക്കിനെതിരെ ഒരുതരത്തിലുമുള്ള നടപടിയും എടുക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂസ്‌ക്ലിക്കിനെതിരെ ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള കുറ്റങ്ങൾക്ക് കുറ്റപത്രം സമർപ്പിക്കാൻ ദൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. കോടതികൾക്ക് മുമ്പാകെ ആദായനികുതി വകുപ്പിന് തങ്ങളുടെ നടപടികൾ ന്യായീകരിക്കാനും കഴിഞ്ഞില്ല. മാസങ്ങളായി പ്രബിർ പുരക്കയസ്തയെ ഈ ഏജൻസികളൊന്നും ചോദ്യം ചെയ്യാൻ പോലും വിളിച്ചിട്ടില്ല.
ന്യൂസ്‌ക്ലിക്കിന്റെ എല്ലാ വിവരങ്ങളും ഡോക്യുമെന്റേഷനുകളും ആശയവിനിമയങ്ങളും കൈവശം വച്ചിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിയാത്ത ഒരു ഗവൺമെന്റിന്, ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച പരപ്രേരകവും വ്യാജവുമായ ലേഖനം ആവശ്യമായിവന്നു. ഇപ്പോൾ യു.എ.പി.എ ചുമത്തി പൂട്ടാൻ ശ്രമിക്കുന്നത്, കർഷകരും തൊഴിലാളികളും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുമടങ്ങുന്ന യഥാർത്ഥ ഇന്ത്യയുടെ കഥ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്രവും നിർഭയവുമായ ഒരു ശബ്ദങ്ങളെ അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്.
ഞങ്ങൾ ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ:
1. ഞങ്ങൾ സ്വതന്ത്ര ന്യൂസ് വെബ്‌സൈറ്റാണ്.
2. ജേണലിസത്തിന്റെ ഉന്നത നിലവാരത്തിലുള്ള ഉള്ളടക്കമാണ് ഞങ്ങളുടേത്.
3. ഒരുതരത്തിലുമുള്ള ചൈനീസ് സ്ഥാപനങ്ങളുടെയോ അതോറിറ്റിയുടെയോ ഭാഗമായുള്ള, നേരിട്ടും അല്ലാത്തതുമായ, ഒരുതരം വാർത്താവിവരങ്ങളും ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല.
4. ഞങ്ങൾ വെബ്‌സൈറ്റിലൂടെ ചൈനീസ് പ്രൊപ്പഗാൻഡ നടത്തിയിട്ടില്ല.
5. വെബ്‌സൈറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് നെവിൽ റോയ് സിംഘത്തിന്റെ ഒരുതരം നിർദേശങ്ങളും സ്വീകരിച്ചിട്ടില്ല.
6. നിയമപ്രകാരമുള്ള ബാങ്കിംഗ് ചാനലുകൾ വഴിയാണ് എല്ലാ ഫണ്ടുകളും സ്വീകരിച്ചിരിക്കുന്നത്. ഇത് റിസർവ് ബാങ്കിങ് നിയന്ത്രണപ്രകാരമുള്ളതാണ്, യഥാസമയം അതാത് അതോറിറ്റികളെ അറിയിച്ചിട്ടുമുണ്ട്.
ന്യൂസ് ക്ലിക്കിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഉള്ളടക്കങ്ങളെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്. ആർക്കും അവ വായിക്കാം. ഇതിൽ ഒരു ലേഖനമോ വീഡിയോയോ ചൈനീസ് പ്രൊപ്പഗാൻഡയുമായി ബന്ധപ്പെട്ടതാണെന്ന് ദൽഹി പൊലീസിന്റെ പ്രത്യേക സെൽ റഫർ ചെയ്തിട്ടുമില്ല. ദൽഹി കലാപം, കർഷക സമരം എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിന്റെ പേരിലുള്ള ചോദ്യം ചെയ്യലുകൾക്കുപിന്നിൽ ദുഷ്പ്രേരണയുണ്ട്.
കോടതിയിലും നീതിന്യായ നടപടികളിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഞങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനായി പൊരുതും, ഒപ്പം, ഭരണഘടനാനുസൃതമായ ഞങ്ങളുടെ നിലനിൽപ്പിനുവേണ്ടിയും.