തൊണ്ണൂറുകളിൽ ഞാൻ ദൂരദർശനിലെത്തുന്ന കാലത്ത് തെരഞ്ഞെടുപ്പുകാലം സിനിമകളുടേയും കാലമായിരുന്നു. സാധാരണ ദിവസങ്ങളിൽ ദിവസം ഓരോ ബുള്ളറ്റിൻ എന്ന കണക്ക് വോട്ടെണ്ണുന്ന ദിവസം, മണിക്കൂറിടവിട്ട് എന്ന രീതിയിലേക്ക് മാറും. അങ്ങനെ മണിക്കൂറിടവിട്ടുള്ള വാർത്തകളുടെ ഇടവേളയിൽ സിനിമകളാണ്. അന്നത്തേക്ക് മലയാളം സംപ്രേഷണം കളറായിക്കഴിഞ്ഞിരുന്നു. സിനിമകളും കളർ. എല്ലാവർക്കും സന്തോഷം. ഒരു വെടിക്ക് രണ്ടു പക്ഷി. വോട്ടറിയേണ്ടവർക്ക് അതറിയാം. സിനിമ കാണേണ്ടവർക്ക് അതുകാണാം. ഒന്നിനു മേമ്പൊടി മറ്റൊന്ന്. ന്യൂസ് റൂമിൽ സിനിമാ ഇടവേളകൾ അപ്ഡേഷനും അടുത്ത ബുള്ളറ്റിന്റെ പ്ലാനിംഗിനും ഉള്ള സമയമാണ്. അത് തകൃതിയായി നടക്കും. ഒരാഘോഷമാണെല്ലാം, അതേസമയം കൃത്യതയുടേയും വേഗത്തിന്റെയും പര്യായവും.
വെബ്സൈറ്റ് എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ചും അത് വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ ഒരു ചർച്ച നടന്നു, ഒരിക്കൽ. അന്ന് ഞാൻ വാർത്താവായനക്കാരുടെ പാനലിൽ ചേർന്നിട്ട് അധികമായിട്ടില്ല. ഇന്ന് വെബ് സൈറ്റ് എന്ന വാക്കിന്റെ അർത്ഥമറിയാത്തവർ കുറവായിരിക്കും. വിരൽത്തുമ്പിൽ എല്ലാ ചോദ്യങ്ങൾക്കുമുത്തരം കിട്ടുന്ന സെർച്ച് എഞ്ചിനുകളാണ് ഇന്ന് ജീവിതം. സംശയങ്ങൾക്ക് ഉത്തരം പറയുന്ന ചാറ്റ്ബോട്ടുകളും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ചുതരുന്ന സിരി പോലുള്ള ആപ്പുകളുമടക്കം.
ഇന്റർനെറ്റ് എന്ന മഹാത്ഭുതം ഇല്ലാത്ത കാലത്തെ ന്യൂസ് റൂമിലെ തെരഞ്ഞെടുപ്പുകാലങ്ങളും ഇന്നത്തെ തെരഞ്ഞെടുപ്പുകാലങ്ങളും രണ്ട് ധ്രുവങ്ങളിലാണ്. അറിവുള്ള മനുഷ്യരായിരുന്നു അന്ന് ആശ്രയം. അവരുടെ അറിവായിരുന്നു മഹാത്ഭുതം. എന്തു ചോദിച്ചാലും ഉത്തരം കിട്ടുന്ന ഒരുപിടി മനുഷ്യരുണ്ടായിരുന്നു ദൂരദർശനിൽ. അവരുടെയൊക്കെ അറിവ് പരപ്പും ആഴവുമുള്ള കടൽ പോലെയെന്ന് അന്നെനിക്ക് തോന്നിയിട്ടുണ്ട്. അന്ന് പക്ഷേ മറ്റ് ചില സാങ്കേതികവിദ്യകൾ പരിമിതമായിരുന്നു. ടെലിപ്രിന്റർ, ഫാക്സ് മെഷീൻ, ടെലിഫോൺ, അത്രേയുള്ളു. ഇന്ന് റിപ്പോർട്ടർമാർ പോളിംഗ് ബൂത്തിൽ നിന്നും കൗണ്ടിംഗ് സ്റ്റേഷനിൽ നിന്നും തൽസമയം അത്യന്താധുനിക ഉപകരണങ്ങൾ വഴി തൽസമയം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നു. അല്ലെങ്കിൽ ദൃശ്യങ്ങടക്കം, വാട്സ്ആപ്പിലയക്കുന്നു. അന്ന് ദൃശ്യങ്ങൾ കിട്ടണമെങ്കിൽ കെ എസ് ആർ ടി സി ബസിൽ കയറ്റിവിടണം. അല്ലെങ്കിൽ നേരിട്ട് കൊണ്ടുവരണം. കാലതാമസം മുഖ്യം. അന്ന് വാക്കുകളിലൂടെ ചിത്രം വരക്കേണ്ടിയിരുന്നു. ഇന്ന് ദൃശ്യങ്ങൾ സംസാരിക്കും. അതും തൽസമയം.
തെരഞ്ഞെടുപ്പുകാലത്ത് നിർത്താതെ അടിക്കുന്ന ലാന്റ്ഫോണാണ് പശ്ചാത്തല സംഗീതം. ഭ്രാന്തെടുക്കുന്ന തിരക്ക്. എല്ലാവരുടേയും മുഖത്ത് സമ്മർദ്ദം. ചോദ്യങ്ങൾ ഉത്തരങ്ങൾ ഒക്കെ ഉറക്കെയാണ്.
ടെലിപ്രിന്ററും ടൈപ്പ് റൈറ്ററും ഫാക്സ് മെഷീനുകളും ലാൻഡ് ഫോണുകളും ഭരിച്ചിരുന്ന കാലത്ത് പ്ലാനിംഗും എക്സിക്യൂഷനും അതാശ്രയിച്ചായിരുന്നു. ആസൂത്രണം കൃത്യമായേ തീരൂ. അന്ന് ഉപഗ്രഹ ചാനലുകളില്ല. ഓൺലൈൻ മീഡിയയില്ല, സോഷ്യൽ മീഡിയയുമില്ല, സ്മാർട്ട് ഫോണുമില്ല. ഇക്കണ്ട ജനമൊക്കെ ഫലമറിയാൻ ആശ്രയിക്കുന്നത് ആകാശവാണിയെയും ദൂരദർശനെയുമാണ്. ടെലിപ്രിന്ററിൽ നിന്ന് നിർത്താതെ വരുന്ന പേപ്പർ ചുരുളുകൾ, അതങ്ങനെ നീണ്ടുചുരുണ്ട് തറയിലേക്ക് വീഴും. വാർത്താ ഏജൻസി കോപ്പികൾ പരിഭാഷപ്പെടുത്തുന്നത് ട്രാൻസ്ലേറ്റർമാരാണ്. തീരുമാനം സബ് എഡിറ്റർമാരുടെതാണ്. അന്തിമ തീരുമാനം ന്യൂസ് എഡിറ്ററുടേതും. തെരഞ്ഞെടുപ്പുകാലത്ത് ഇതിനൊക്കെ ഇരട്ടിവേഗമാണ്. നിർത്താതെ അടിക്കുന്ന ലാന്റ്ഫോണാണ് പശ്ചാത്തല സംഗീതം. ഭ്രാന്തെടുക്കുന്ന തിരക്ക്. എല്ലാവരുടേയും മുഖത്ത് സമ്മർദ്ദം. ചോദ്യങ്ങൾ ഉത്തരങ്ങൾ ഒക്കെ ഉറക്കെയാണ്. എന്തൊക്കെ വാർത്തകൾ ഉൾക്കൊള്ളിക്കണമെന്നതിലെ തീരുമാനം എപ്പോഴും കൂട്ടായാണ് എടുക്കുന്നത്.
ഓൺലൈൻ മീഡിയയില്ല, സോഷ്യൽ മീഡിയയുമില്ല, സ്മാർട്ട് ഫോണുമില്ല. ഇക്കണ്ട ജനമൊക്കെ ഫലമറിയാൻ ആശ്രയിക്കുന്നത് ആകാശവാണിയെയും ദൂരദർശനെയുമാണ്.
പ്രൊഡക്ഷൻ റൂമിൽ സബ് എഡിറ്റർമാരും കാണും. എല്ലാ കോപ്പികളും ഒരുമിച്ചിരുന്ന് വായിച്ച് തിരുത്തലുകൾ വരുത്തിയാണ് വായിക്കാനുള്ള ആളെ സ്റ്റുഡിയോയിലേക്ക് വിടുക. പേന കൊണ്ടുള്ള തിരുത്തലുകൾ ധാരാളം. ചിലപ്പോൾ, എല്ലാ കോപ്പികളും ഒരുമിച്ച് തരില്ല. പ്രത്യേകിച്ച് കൗണ്ടിംഗ് കണക്കുകൾ. അതൊക്കെ എഴുതിത്തരും. ടൈപ്പ് ചെയ്യാൻ സമയം കിട്ടിയെന്നുവരില്ല. ഫ്ലോർ മാനേജർ വഴിയാണ് കൈമാറ്റങ്ങളും വായിക്കാനും നിർത്താനുമുള്ള ക്യൂ തരുന്നതും. വായിക്കുന്നവർക്ക് പ്രൊഡക്ഷൻ ടീമുമായി നേരിട്ട് ഒരു ബന്ധവുമില്ല. അവരുടെ തീരുമാനങ്ങൾ ഫ്ലോർ മാനേജർ അറിയിക്കും, കൈകൊണ്ടുള്ള ആംഗ്യങ്ങൾ, എഴുതിക്കാണിക്കൽ ഒക്കെയുണ്ടാവും. ‘തടസം നേരിട്ടാൽ ഖേദിക്കുന്നു’ എന്ന കാർഡ് സ്വിച്ച് ചെയ്യും. അതാണ് അന്നത്തെ ഗ്രാഫിക്സ്. ആദ്യമൊക്കെ കോപ്പികൾ കൈയിൽ വച്ച് നോക്കി വായിക്കയായിരുന്നു. പിന്നെ പ്രോംപ്റ്ററിന്റെ ആദ്യ രൂപമെത്തി. ഒരു ചെറിയ ക്യാമറ, റിഫ്ലക്ടർ. വായിക്കുന്നയാൾ മേശപ്പുറത്ത് നിരത്തുന്ന പേപ്പർ റിഫ്ലക്ട് ചെയ്ത് ക്യാമറയുടെ മുന്നിലെ സ്ക്രീനിൽ കാണും. പേന കൊണ്ടുള്ള തിരുത്തലുകൾ അതിൽ തെളിയില്ല, ഓർമ വേണം, എവിടെയൊക്കെയാണ് തിരുത്തൽ എന്ന്. പക്ഷേ ഒരക്ഷരത്തിന്റെ ഉച്ചാരണം പിഴച്ചാൽ പോലും അത് ചൂണ്ടിക്കാണിക്കാനും തിരുത്താനും ആളുണ്ട്.
1990-കളിൽ ടെലി പ്രോംപ്റ്ററിന് പുതിയ രൂപഭാവങ്ങൾ കൈവന്നു. സാങ്കേതികവിദ്യ മെച്ചപ്പെട്ടു. സ്വകാര്യ ചാനലുകൾ എത്തിയതോടെ എല്ലാറ്റിനും വേഗം കൂടി. ഉപഗ്രഹചാനലുകളെന്ന മഹാത്ഭുതം ഇന്ത്യയിൽ നിലവിൽ വന്നിട്ട് പതിറ്റാണ്ടുകളായെന്ന് ഒരു വിദേശ സുഹൃത്തിനെ പറഞ്ഞുവിശ്വസിപ്പിക്കാൻ പാടുപെട്ടിട്ടുണ്ട്. അത് 2018-ലാണ്. അപ്പോഴേക്ക് ചാനൽ ന്യൂസ്റൂമുകൾ അടിമുടി മാറിക്കഴിഞ്ഞിരുന്നു. ഫാക്സ്, ടെലിപ്രിന്റർ ഒക്കെ അപ്രത്യക്ഷമായി. ടെലി പ്രോംപ്റ്റർ മാത്രമല്ല മാറിയത്. ന്യൂസ് പ്രൊഡക്ഷൻ തന്നെ ഇലക്ട്രോണിക് സോഫ്റ്റ് വെയർ വഴിയായി.
ഇന്നത്തെ കഥകൾ ഇതുമല്ല, സാങ്കേതികവിദ്യ ഓരോ ദിവസവും പുതിയത് രൂപപ്പെടുകയാണ് അപ്ഡേഷനുകൾ എന്നതാണ് മന്ത്രവാക്യം തന്നെ. പേനയായിരുന്നു മാധ്യമപ്രവർത്തകരുടെ അടയാളം. ഇന്ന് പേന വേണ്ട. സ്ക്രിപ്റ്റെല്ലാം സിസ്റ്റത്തിൽ തന്നെ. ‘തടസം നേരിട്ടതിൽ ഖേദിക്കുന്നു’ എന്ന കാർഡുകൾക്കും പകരം ഗ്രാഫിക്സിന്റെ അത്ഭുതലോകം, അത് സ്ക്രിപ്റ്റിൽ തന്നെ കൂട്ടിച്ചേർത്ത്, ദൃശ്യങ്ങളും ചേർത്തുവച്ച് ഓൺ എയർ പോകാം. പെട്ടെന്നുള്ള വാർത്തകൾ വന്നാൽ നിശ്ചയിച്ച സമയത്തുമാത്രം വാർത്ത കയറുന്നതിൽ നിന്ന്, സാങ്കേതികവിദ്യ അനുസരിച്ച് എപ്പോൾ വേണമെങ്കിലും എവിടെനിന്ന് വേണമെങ്കിലും വാർത്തകൾ കയറാമെന്നതായി അവസ്ഥ.
ടെലി പ്രോംപ്റ്ററിലെ സ്ക്രിപ്റ്റിൽ വായിക്കുന്നയാൾക്ക് തന്നെ മാറ്റം വരുത്താം. തെരഞ്ഞെടുപ്പ് ദൃശ്യങ്ങൾ പണ്ടെത്തിച്ചിരുന്നത് നേരിട്ട് പോകുന്ന ക്യാമറാ ടീമോ സ്ട്രിംഗേഴ്സോ ആയിരുന്നു. അതും എത്തിച്ച് എഡിറ്റ് ചെയ്ത് മാത്രം കൊടുക്കുന്ന ദൃശ്യങ്ങൾ. പിന്നെപ്പിന്നെ ഡി എസ് എൻ ജി എന്ന വാഹനം വന്നു, അത് എത്തിച്ചാൽ തൽസമയ ദൃശ്യങ്ങൾ കൊടുക്കാമെന്നായി. പക്ഷേ ഇന്ന് ചാനൽ റിപ്പോർട്ടർ എവിടെ നിൽക്കുന്നോ അവിടെനിന്നുള്ള ദൃശ്യങ്ങൾ തൽസമയം സ്ക്രീനിലെത്തും.
സാങ്കേതിക വിദ്യയൊന്നുമില്ലാതിരുന്ന കാലത്തും തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു, വോട്ടുകണക്കിനൊപ്പം സിനിമകളും കണ്ടിരുന്നു, തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി കലാശക്കൊട്ട് വരെ ഉത്സവമാക്കുന്ന രീതിയും പിന്നീടെപ്പോഴോ തുടങ്ങിയതാണ്.
സോഫ്റ്റ് വെയറുകൾ മാറിമാറി വരുന്നു ഇപ്പോൾ. ഗ്രാഫിക്സിന്റെ സാധ്യതകൾ അനന്തം. വെർച്വൽ ലോകമാണ് ന്യൂസ് സ്റ്റുഡിയോകൾ ഭരിക്കുന്നത്. സ്വകാര്യ ചാനലുകൾ കൂടിക്കൂടിവരുന്നു. ഓരോരുത്തരും പുതിയ പരീക്ഷണങ്ങളാണ് നടത്തുക. ന്യൂസ്റൂമുകളിൽ സമ്മർദ്ദവും കൂടുകയാണ് എന്ന് പറയേണ്ടിവരും. സാങ്കേതികവിദ്യ പറക്കുന്നതനുസരിച്ച് എല്ലാ വാർത്താസ്രോതസുകളും സോഷ്യൽ മീഡിയകളടക്കം പിന്തുടർന്ന്, എല്ലാമറിഞ്ഞ് മുന്നോട്ടുപോയില്ലെങ്കിൽ പിന്തള്ളപ്പെടും. അതിന്റെ സമ്മർദ്ദം ചെറുതല്ല. ഒരു ബ്രേക്കിംഗ് ന്യൂസ് വന്നാൽ, വാർത്ത മാത്രമല്ല, ഒപ്പം ദൃശ്യങ്ങൾ, ഗ്രാഫിക്സ് ഒക്കെയും തയ്യാറാകണം. പിന്നെ ടെലി ഇൻ, സ്റ്റാൻഡ് അപ് അങ്ങനെ അങ്ങനെ... ഇതിനെല്ലാം വേണ്ടുന്ന സാങ്കേതിക പിന്തുണയും കിട്ടണം. ട്രാൻസ്മിഷൻ വിഭാഗം, ഐ ടി, ഗ്രാഫിക്സ് എല്ലാവരും ഈ സമ്മർദ്ദ ശൃംഖലയുടെ ഭാഗമാണ്. ഇതിനെല്ലാം അനുസരിച്ച് വാർത്താ അവതരണത്തിലും മാറ്റങ്ങൾ വന്നു, വാർത്താവായന, അവതരണമായി, ന്യൂസ് ആങ്കർ ആയി.
ഇന്ന് വോട്ടെണ്ണൽ ദിവസം ഇലക്ഷൻ ഡെസ്കിന്റെ ഭാഗമായി മറ്റൊന്നു കൂടിയുണ്ടാവും. മണ്ഡലം തിരിച്ചുള്ള വോട്ടുകൾ അപ്ഡേറ്റ് ചെയ്യാൻ വലിയൊരു സംഘം. ജില്ല തിരിച്ച് ചുമതല. പ്രമുഖരുടെ ഉയർച്ചതാഴ്ചകൾ പിന്തുടരാൻ മറ്റൊരു സംഘം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടർമാർ അറിയിക്കുന്നതനുസരിച്ച് അപ്ഡേഷൻസ്. ഓരോ ടീമിനും പ്രത്യേകം ഫോണുണ്ടാവും. കിട്ടുന്ന കണക്കുകൾ കൃത്യമായി വേഗത്തിൽ കൊടുക്കുക. അതാണ് ജോലി. ഇതെല്ലാം നിയന്ത്രിക്കാൻ ഓരോ വിഭാഗത്തിനും ഒരു സീനിയറുണ്ടാവും. വോട്ടെണ്ണൽ കഴിഞ്ഞ്, എല്ലാം ഒന്നുകൂടി പരിശോധിച്ചശേഷമേ സീറ്റ് വിടാൻ പറ്റൂ. ദേശീയതലത്തിലെ തെരഞ്ഞെടുപ്പാണെങ്കിൽ, രാത്രിയാകും എല്ലാ കണക്കുകളും കിട്ടാൻ. അതും കിട്ടി, അപ്ഡേറ്റ് ചെയ്ത്, പുതിയ കണക്കുകളും വിശകലനം ചെയ്യുന്ന സ്റ്റോറികളും തയ്യാറാക്കിയശേഷമേ ഒരു തെരഞ്ഞെടുപ്പ് ദിവസം അവസാനിക്കുന്നുള്ളു. പിറ്റേന്ന് എന്തൊക്കെയാണ് ലീഡ് എന്നതുകൂടി തീരുമാനിച്ചാൽ കളം വിടാം. ഈ പറഞ്ഞ സാങ്കേതികവിദ്യയൊന്നുമില്ലാതിരുന്ന കാലത്തും തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു, വോട്ടുകണക്കിനൊപ്പം സിനിമകളും കണ്ടിരുന്നു, തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി കലാശക്കൊട്ട് വരെ ഉത്സവമാക്കുന്ന രീതിയും പിന്നീടെപ്പോഴോ തുടങ്ങിയതാണ്. പണ്ടത്തെ കാഴ്ചകൾ ഔട്ട്ഡേറ്റഡായിരിക്കുന്നു. ഓർമകൾക്ക് പക്ഷേ ആയുസറ്റിട്ടില്ല.