ശശികുമാർ

കൂടുതലാളുകളും
ടെലിവിഷൻ കാണുന്നത്
നേരമ്പോക്കായി മാത്രം

ക്രെഡിബിൾ ആയി, സീരിയസ് ആയി ഇന്നാരും ടെലിവിഷൻ കാണുന്നില്ലെന്ന് പറയുകയാണ് ഇന്ത്യൻ ടെലിവിഷൻ രംഗത്തുതന്നെ വാർത്താവിപ്ലവത്തിൻ്റെ ശിൽപിയായി അറിയപ്പെടുന്ന ശശികുമാർ. വെരിഫിക്കേഷനോ ഗ്രൗണ്ട് റിപ്പോർട്ടിംഗോ ഇല്ലാതെ സോഷ്യൽ മീഡിയയുടെ പങ്കാളിത്തത്തോടെ വാർത്തകൾ നിർമിച്ച് ടെലിവിഷൻ എങ്ങനെയാണ് ജേണലിസത്തിൽ പരാജയപ്പെടുന്നതെന്ന് വ്യക്തമാക്കുകയാണ്, കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.

കമൽറാം സജീവ്: ഇന്ത്യ - പാകിസ്ഥാൻ സംഘർഷസമയത്ത് 24 X 7 ന്യൂസ് ചാനലുകൾ റേറ്റിംഗിനു വേണ്ടിയുള്ള സെൻസേഷണലിസവും എത്തിക്കൽ റിപ്പോർട്ടിംഗും ബാലൻസ് ചെയ്തത് എങ്ങനെയാണ്? ‘എക്സ്ക്ലൂസീവ്’ ആയ സ്ട്രൈക്ക് ഡീറ്റൈൽസ് കൊടുക്കാനുള്ള മരണപ്പാച്ചിലിൽ വെരിഫിക്കേഷൻ മറന്ന് വൈറാലിറ്റിക്ക് പ്രാധാന്യം കൊടുക്കുകയായിരുന്നോ ടെലിവിഷൻ ചാനലുകൾ ?

ശശികുമാർ: ബാലൻസ് എന്ന സംഗതി, അങ്ങനെയൊന്നില്ല എന്നതു കൊണ്ടുതന്നെ ശ്രദ്ധേമായിരുന്നു എന്നതാണ് കാര്യം. അത്രക്ക് വിഷലിപ്തമായ ഒരു അന്തരീക്ഷത്തിൽ ഇംബാലൻസ് തന്നെ USP ആയി മാറിയതിൽ അൽഭുതമില്ല. സെൻസേഷണലിസവും എത്തിക്സും തമ്മിൽ എത്രക്ക് ഇംബാലൻസ്ഡ് ആണോ നിങ്ങൾ, നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് ടി.വി., അതാണ് ഇന്ത്യൻ സ്റ്റൈൽ. എങ്ങനെ നോക്കിയാലും റേറ്റിംഗ്സാണ് പ്രധാനം. കുറച്ചു കൊല്ലം മുമ്പ് ഏറെ ചർച്ച ചെയ്ത റേറ്റിംഗ് - ഫിക്സിംഗ് നാണക്കേടുണ്ടാക്കിയ ക്രെഡിബിലിറ്റി തകർച്ചയിൽ നിന്ന് ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഇപ്പോഴും കരകയറിയിട്ടില്ല. പരസ്യക്കാർക്കും ഇതറിയാം. പക്ഷേ, അവർക്കുമുമ്പിലും മറ്റൊരു ഓപ്ഷനില്ല. അധികാരത്തിലിരിക്കുന്നവർ പ്രചരിപ്പിക്കുന്ന മിസ് ഇൻഫോർമേഷൻ, ഡിസ്ഇൻഫോർമേഷൻ, ഇതൊന്നുമല്ലെങ്കിൽ പച്ചക്കള്ളം ചേർത്ത് മറ്റേ ചാനലിനേക്കാൾ മികവു കാണിക്കാനുള്ള മത്സരമാണ് നടന്നത്. എഡിറ്റോറിയൽ പ്രയോറിറ്റി വെരിഫിക്കേഷനിൽ നിന്ന് വൈറാലിറ്റിയിലേക്ക് ഷിഫ്റ്റ് ചെയ്തു എന്ന് എങ്ങനെ പറയാൻ കഴിയും? ഒന്നാമതായി വെരിഫിക്കേഷന് ടെലിവിഷനിൽ ഇന്ന് ഒരു സ്പേസും റോളുമില്ല. ഒരുതരം കമാൻഡ് പെർഫോർമൻസ് തന്നെയാണവിടെയുള്ളത്. വൈറാലിറ്റിയെക്കുറിച്ചും എനിക്ക് സംശയുണ്ട്. എൻ്റെ അഭിപ്രായത്തിൽ അതൊരു ഇല്യൂഷനാണ്. കൂടുതൽ കൂടുതൽ ആളുകൾ, പ്രത്യേകിച്ച് മില്ലേനിയൽ ജനറേഷനിൽ പെട്ടവർ ഇത്തരം കോമാളിത്തങ്ങളിലും കാട്ടിക്കൂട്ടലുകളിലുമൊന്നും താൽപര്യമില്ലാത്തവരാണ്. അഥവാ അവരിത് കാണുന്നുണ്ടെങ്കിൽ തന്നെ ഒരു നേരമ്പോക്ക് ആയിട്ടാണ്, അല്ലാതെ ക്രഡിബിൾ ആയ ഇൻഫോർമേഷനായി ആരും ഇന്ന് ടെലിവിഷനെ പരിഗണിക്കുന്നില്ല.

വെരിഫിക്കേഷന് ടെലിവിഷനിൽ ഇന്ന് ഒരു സ്പേസും റോളുമില്ല. ഒരുതരം കമാൻഡ് പെർഫോർമൻസ് തന്നെയാണവിടെയുള്ളത്.
വെരിഫിക്കേഷന് ടെലിവിഷനിൽ ഇന്ന് ഒരു സ്പേസും റോളുമില്ല. ഒരുതരം കമാൻഡ് പെർഫോർമൻസ് തന്നെയാണവിടെയുള്ളത്.

വലിയ ടെലിവിഷൻ ചാനലുകളിൽ മിക്കതും ഇന്ത്യ- പാക്ക് സംഘർഷവുമായി ഒരു ബന്ധവുമില്ലാത്ത ഫയൽ വിഷ്വലുകൾ റീ സൈക്കിൾ ചെയ്യുന്നതും ഒരു വെരിഫിക്കേഷനുമില്ലാതെ മരണ സംഖ്യ കൊടുക്കുന്നതും വ്യാപകമായിരുന്നു. ഒരു മാധ്യമത്തിന് ആവശ്യം വേണ്ട ഇൻവെസ്റ്റിഗേറ്റീവ് റിസോഴ്സഴസ് ഇല്ലാത്തതാണോ അതോ ദേശീയ വികാരത്തിൻ്റെ നറേറ്റീവ് കൊണ്ടുവരാനുള്ള ആവേശമാണോ ഇതിനു പിന്നിൽ?

ഈ ഗെയിമിനു പേരാണല്ലോ ‘മോർ ലോയൽ ദാൻ ദ കിംഗ്!’. അപ്പോൾ എന്തും ഇതിലേക്ക് കൊണ്ടുവരാം. യുദ്ധസമാനമായ ഒരന്തരീക്ഷത്തിൽ ഔദ്യോഗിക സോഴ്സുകൾ നിങ്ങളുടെ മേൽ ഒഫീഷ്യലായും സ്വകാര്യമായും കെട്ടിയേൽപ്പിക്കുന്ന ഇൻഫോർമേഷൻ നിങ്ങൾക്ക് എങ്ങനെ വെരിഫൈ ചെയ്യാൻ പറ്റും? ശരിയാണ്, യുദ്ധം നടക്കുമ്പോൾ രാജ്യത്തെ പൗരരെ പോലെ തന്നെ, രാജ്യസ്നേഹത്തോടെ യുദ്ധരംഗത്തുള്ള സേനയെ പിന്തുണക്കുക എന്നത് സ്വാഭാവികമാണ്. പഹൽഗാമിൽ സാധാരണ പൗരരെ തീവ്രവാദികൾ നീചമായി കൊലപ്പെടുത്തിയതുകൊണ്ട് ഇന്ത്യക്ക് ഏറ്റെടുക്കേണ്ടിവന്ന ഒരു യുദ്ധമായിരുന്നു ഇന്ത്യക്ക് ഇത്. ഭീകരന്മാരെ വളരെക്കാലമായി വളർത്തുന്ന പാകിസ്ഥാനിലെ ടെററിസ്റ്റ് ഒളിത്താവളങ്ങൾ ലക്ഷ്യം വെച്ച ഇന്ത്യയുടെ സുരക്ഷാസേനയുടെ നടപടികൾ അത്യന്തം പ്രൊഫഷണൽ ആയിരുന്നു. ഇത്തരമൊരു അവസ്ഥയെ പക്ഷേ, കേവലം നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യങ്ങൾക്കായി, അതും വരാനിരിക്കുന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധ്യതകൾ മെച്ചപ്പെടുത്താനായി വിനിയോഗിക്കുന്നത് ഒരുതരം പരാന്ന ജീവിതമാണ്. ഒരു രാജ്യത്തിനു വേണ്ടി, ഈ പാർട്ടിക്കോ ആ പാർട്ടിക്കോ വേണ്ടിയല്ല, ഒരു ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടി സുരക്ഷാ സൈനികർ നടത്തുന്ന ധീരതയ്ക്കുമേൽ വളരെ ചെറിയ താൽപര്യക്കാർ നടത്തുന്ന പാരസൈറ്റിസം. ഒരേപോലുള്ള കോറസ് വാർത്തകളും നറേറ്റീവുകളും കൊടുക്കാത സൈറ്റുകൾ ബ്ലോക്ക് ചെയ്യുക. പ്രസ് കോൺഫറൻസുകളിൽ മാധ്യമ പ്രവർത്തകരോട് ഇന്ന ചോദ്യങ്ങൾ ചോദിക്കണമെന്ന് നിഷ്കർഷിക്കുക, അർത്ഥമില്ലാത്ത റെട്ടറിക്കുകളുണ്ടാക്കി ചോദ്യം ചെയ്യപ്പെടാത്ത രീതിയിലുള്ള പുകമറകൾ നിർമ്മിച്ചെടുക്കുക…. ഇതൊക്കെ, നമ്മുടെ ജനാധിപത്യത്തിൻ്റെ ലെഗസിയിൽ നിന്നുതന്നെ പിന്നോട്ടു പോകലാണ്. യഥാർത്ഥത്തിൽ ഇത്തരം രാഷ്ട്രീയ ഉപയോഗപ്പെടുത്തലിലൂടെ നമ്മുടെ സൈനികരെ മഹത്വവർക്കരിക്കുകയല്ല, ചെറുതാക്കുകയാണ് അവർ ചെയ്യുന്നത്.

നാഷണൽ മീഡിയയിൽ ഗൗരവ് സാവന്തിനെപ്പോലുള്ള അവതാരകർ, മലയാളത്തിൽ എണ്ണമറ്റ അവതാര പണ്ഡിതർ സ്വന്തം ചാനലുകളിലൂടെയും സ്വന്തം നിലയ്ക്ക് സോഷ്യൽ മീഡിയയിലൂടെയും മിലിറ്ററി എസ്കലേഷനുവേണ്ടി വാദിച്ചു കൊണ്ടിരുന്നു. ഇവിടെ, ഇത്തരം സംഘർഷങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോഴുള്ള ഒബ്ജക്റ്റിവിറ്റിയുടെ അതിർവരമ്പുകൾ മാഞ്ഞില്ലാതാവുന്നതാണ് നാം കണ്ടത്. ഹൈപ്പർ - പാർട്ടിസാൻ ആയ ഒരു ഓഡിയൻസിനെ തങ്ങളുടെ ചാനലുകൾക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഒരുതരം ആസൂത്രിത ശ്രമമാണോ ഇത്?

സോഷ്യൽ മീഡിയ സ്പേസ് എന്നു പറയുന്നത് സത്യത്തിൽ ഇറക്കത്തിലേക്ക് സൈക്കിൾ സവാരി ചെയ്യുന്നതുപോലെയാണ്. ഒരേ സമയം അനാർക്കിക്കും പേടിപ്പെടുത്തുന്നതുമായ ഒരിടമാണത്. മുഖ്യധാരയെ സംബന്ധിച്ച് സാധ്യതകൾ പരീക്ഷിക്കാനുള്ള ഒരിടം കൂടിയാണത് ഇപ്പോൾ എന്നും പറയാം. അവിടെ നിങ്ങൾക്ക് തീവ്ര നിലപാടെടുക്കാം. പലപ്പോഴും തല കീഴായി നിൽക്കാം. ഒരേസമയം, പിൻവലിയാനുള്ള അഡ്വാ​ന്റേജും നിലപാട് കടുപ്പിക്കാനുള്ള അവസരവുമുള്ള ഇരട്ട സാധ്യതകളുടെ ഒരിടം. പോപ്പുലിസ്റ്റ് ബാരോമീറ്ററിൽ എങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് എന്നറിഞ്ഞു നിലപാടെടുക്കാം. ചാനലിലും വലിയ റിസ്കില്ലാതെ ഇതേ നിലപാടെടുക്കാം. അജണ്ടകൾ പുഷ് ചെയ്യാൻ അപകടത്തിൻ്റെ വക്കോളമെത്തുന്ന ഒരു പരീക്ഷണമാണിത്. മുഖ്യധാരയേക്കാൾ പൊതുസമൂഹത്തിൽ മുഖ്യസ്ഥനായി നിൽക്കുക പക്ഷേ സോഷ്യൽ മീഡിയയിൽ എടുത്ത നിലപാടാണ്. അങ്ങനെ biases, prejudices, accusations, allegations, othering, stigmatising, destroying reputations, lies, farfetched theories, figments of imagination - ഇതൊക്കെ ഡീസൻറും റാഷണലുമായ ഡിസ്കോഴ്സുകളായി അവതരിപ്പിക്കപ്പെടുന്നു. നുണയും സത്യവും ഈക്വലൈസ് ചെയ്യപ്പെടുന്നു. ഒരുതരം ജനാധിപത്യ പങ്കാളിത്ത പരിപാടി! ഡിജിറ്റൽ യുഗാരംഭത്തിന് വളരെ മുമ്പു തന്നെ വിഖ്യാത നാടകകൃത്ത് ആർതർ മില്ലർ പറഞ്ഞത്, പത്രം എന്നു പറഞ്ഞാൽ nation talking to itself എന്നാണ്. തലതിരിഞ്ഞ അർത്ഥത്തിലാണെങ്കിലും ഇന്നിത് സോഷ്യൽ മീഡിയയെ സംബന്ധിച്ച് പരമസത്യമാണ്.

ഡിജിറ്റൽ യുഗാരംഭത്തിന് വളരെ മുമ്പു തന്നെ വിഖ്യാത നാടകകൃത്ത് ആർതർ മില്ലർ പറഞ്ഞത്, പത്രം എന്നു പറഞ്ഞാൽ nation talking to itself എന്നാണ്.
ഡിജിറ്റൽ യുഗാരംഭത്തിന് വളരെ മുമ്പു തന്നെ വിഖ്യാത നാടകകൃത്ത് ആർതർ മില്ലർ പറഞ്ഞത്, പത്രം എന്നു പറഞ്ഞാൽ nation talking to itself എന്നാണ്.

പഹൽഗാം / ബാലാകോട്ട് സംഭവങ്ങളിൽ ഗ്രൗണ്ട് റിപ്പോർട്ടിംഗ് ഇല്ലാത്തതുകൊണ്ടു തന്നെ രൂപപ്പെട്ട നറേറ്റീവുകളുടെ പ്രശ്നമുണ്ട്. “പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത’’ സോഴ്സുകളിൽ അമിതമായി വിശ്വാസമർപ്പിക്കുക എന്നു വെച്ചാൽ സ്റ്റേറ്റ് മാനിപ്പുലേറ്റഡ് പ്രോപ്പഗൻഡക്ക് വഴിപ്പെടുക എന്നു തന്നെയല്ലേ?

സംഘർഷസ്ഥലത്തു നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ടിംഗിന് ജേണലിസത്തിൽ ദൃക്സാക്ഷിയുടെ ഇഫക്റ്റ് ഉണ്ടായിരുന്നു. ഇത് ആദ്യമായി നഷ്ടമാവുന്നത് ഇറാഖിനെതിരെ, അമേരിക്ക നയിച്ച യുദ്ധത്തിൻ്റെ സമയത്താണ്. അതും പിന്നീട് തെറ്റൈന്നു തെളിഞ്ഞ, ഇറാഖിൻ്റെ കയ്യിൽ സർവ്വനാശത്തിൻ്റെ ആയുധങ്ങളുണ്ടെന്ന, അമേരിക്കൻ കള്ളത്തിൻ്റെ മറവിലെ യുദ്ധസമയത്ത്. അന്ന് ഒന്നൊഴിയാതെ എല്ലാ മീഡിയയും embedded journalism ഒരെതിർപ്പും കൂടാതെ വിഴുങ്ങി. യുദ്ധം ഉക്രൈനിൽ എത്തിയപ്പോൾ പാശ്ചാത്യ മീഡിയയ്ക്ക് ഗ്രൗണ്ട് റിപ്പോർട്ടർമാരുണ്ട്. പക്ഷേ, എല്ലാ സ്റ്റോറികളും ആൻ്റി റഷ്യൻ ആണ്, റഷ്യ മാത്രമാണ് വില്ലൻ. ഗാസയിൽ ഒടുവിലത്തെ കണക്കനുസരിച്ച് 180 ഗ്രൗണ്ട് റിപ്പോർട്ടർമാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ വസ്തുതകൾ പലപ്പോഴും പുറത്തറിയുന്നത് മൊബൈൽ ഫോണുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവരുന്ന വാർത്തകളിലൂടെയാണ്.

ഇറാഖിനെതിരെ, അമേരിക്ക നയിച്ച യുദ്ധം
ഇറാഖിനെതിരെ, അമേരിക്ക നയിച്ച യുദ്ധം

ഇത് ശ്രമകരമായ സിറ്റിസൺസ് ജേണലിസത്തിൻ്റെ ഉദാഹരണമാണ്. യുദ്ധസാഹചര്യങ്ങളിലെ "പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത” സോഴ്സുകൾ പലതും വാർത്തകൾ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നിർമ്മിച്ചെടുക്കുന്നവരാണ്. Anonymous sources, informed sources, official sources എന്നൊക്കെയുള്ള അപരനാമങ്ങളിലൊക്കെ അറിയപ്പെടുന്നത് ഇത്തരം സോഴ്സസ് ആണ്. Ap, Reuters, AFP തുടങ്ങിയ ഗ്ലോബൽ വയർ സർവീസുകളും ഇത്തരം ശ്രദ്ധതിരിക്കൽ സോഴ്സുകളെ ലെജിറ്റിമൈസ് ചെയ്യുന്നതിൽ കൂട്ടുത്തരവാദിത്തമുള്ളവരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ടി.വി. ചർച്ചകളിൽ ഡിപ്ലോമാറ്റുകൾക്കും കോൺഫ്ലിക്റ്റ് അനാലിസ്റ്റുകൾക്കും കൊടുക്കുന്ന പരിഗണനയേക്കാൾ റിട്ടയർ ചെയ്ത മിലിറ്ററി ഉദ്യോഗസ്ഥന്മാരെയാണ് സ്ഥിരമായി വിളിച്ചു കൊണ്ടിരുന്നത്. പബ്ലിക് ഡിസ്കോഴ്സിനെ മിലിറ്ററൈസ് ചെയ്യുന്ന ഒരു പരിപാടിയല്ലേ ഇത്? ദൂരവ്യാപകമായ പ്രത്യാഘാതങ്ങളല്ലേ ഇത് മീഡിയയിൽ ഉണ്ടാക്കുക?

നിലവിലെ സംഘർഷാവസ്ഥ എങ്ങോട്ടാണ് നീങ്ങുന്നത്, സംഘർഷഭൂമിയുടെ ലോജിസ്റ്റിക്കൽ വിശദാംശങ്ങൾ, സംഘർഷത്തെക്കുറിച്ചുള്ള മിലിറ്ററി അനുമാനങ്ങൾ എന്നിവയെക്കുറിച്ചൊക്കെ സാമാന്യ ധാരണയുണ്ടാക്കാൻ ചർച്ചകളിൽ മിലിറ്ററി ഉദ്യോഗസ്ഥർ നല്ലൊരു മിക്സ് ആണ്. പക്ഷേ അവിടെ അവതാരകരുടെ ഡൊമൈൻ എക്സ്പെർട്ടീസ് ആണ് പ്രശ്നം. മിലിറ്ററി ജാർഗൺ ആണോ ഡിപ്ലോമറ്റിക് ജാർഗൺ ആണോ ഇവിടെ പ്രസക്തം എന്ന തിരിച്ചറിവ് അവതാരകർക്ക് വേണം. ഈ വിഷയങ്ങളിൽ ജ്ഞാനമുള്ള റിട്ടയേർഡ് മിലിറ്ററി ഓഫീസർമാരുണ്ട്. അവർക്ക് അവരുടെ സ്വതന്ത്ര അഭിപ്രായങ്ങൾ പറയാനും കഴിയും. സംഘർഷത്തിൻ്റെ സ്റ്റോക്ക് ടേക്കിംഗിനും അനാലിസിസിനുമൊക്കെ വാർഫെയറും സ്റ്റേറ്റ് ക്രാഫ്റ്റുമൊക്കെ അക്കാദമിക്കുകൾക്കുപോലും പരിചിതമല്ലാത്ത മേഖലയാണെന്നിരിക്കെ, ഇത്തരം പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്താം എന്നാണെനിക്കു തോന്നുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ തന്നെ ഗവേഷണം നടത്തുന്ന റിസോഴ്സ് സെൻ്ററുകളും തിങ്ക് ടാങ്കുകളും ധാരാളമുണ്ട്.

Ap, Reuters, AFP തുടങ്ങിയ ഗ്ലോബൽ വയർ സർവീസുകളും  ശ്രദ്ധതിരിക്കൽ സോഴ്സുകളെ ലെജിറ്റിമൈസ് ചെയ്യുന്നതിൽ കൂട്ടുത്തരവാദിത്തമുള്ളവരാണ്
Ap, Reuters, AFP തുടങ്ങിയ ഗ്ലോബൽ വയർ സർവീസുകളും ശ്രദ്ധതിരിക്കൽ സോഴ്സുകളെ ലെജിറ്റിമൈസ് ചെയ്യുന്നതിൽ കൂട്ടുത്തരവാദിത്തമുള്ളവരാണ്

ഇതു പറയുമ്പോഴാണ്, ഞാൻ പണ്ടത്തെ കാര്യമോർത്തത്. ചില റിട്ടയേർഡ് പാകിസ്ഥാനി കേണൽമാരും മേജർമാരുമൊക്കെ ചില പ്രശസ്ത ഇന്ത്യൻ ടി.വി ചാനലുകളിൽ ഇത്തരം കോൺഫ്ലിക്റ്റ് സമയങ്ങളിൽ വരുമായിരുന്നു. എന്നിട്ട് ഇന്ത്യൻ അവതാരകരുടെ ക്രൂരമായ മൂന്നാംമുറ ചോദ്യങ്ങൾക്കിരയായി കോമാളികളായി അന്തം വിട്ടിരിക്കും! ഇന്ത്യൻ കാണികൾക്ക് ബഹുരസം. ഇന്ത്യ - പാകിസ്ഥാൻ സംഘർഷകാലത്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പതിവായിരുന്നു. ഇത്തരം അപമാനപ്പെടുത്തലിന് എന്തിനാണിവർ നിന്നുകൊടുക്കുന്നത് എന്ന് ഞാനെപ്പോഴും സംശയിച്ചിരുന്നു. ഈ ഓൺസ്ക്രീൻ പീഡനത്തിനും അപമാനത്തിനും കേണൽമാർക്ക് ചാനലുകൾ നല്ല പ്രതിഫലം നൽകിയിരുന്നതായി പിന്നീട് ഞാൻ മനസ്സിലാക്കി! ഇപ്പോൾ ഇത് കാണാനില്ല. ഇത്തരം ടെലിവിഷൻ ഷോകൾക്ക് പോകരുതെന്ന് ഇവരെ പാകിസ്താൻ മിലിറ്ററി വിലക്കിക്കാണും. അല്ലെങ്കിൽ ഇന്നും അതൊക്കെയാകുമായിരുന്നു യുദ്ധകാലത്തെ ടെലിവിഷൻ രസം!

Comments