ഈ രാഷ്ട്രീയം തിരിച്ചറിയാതെ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി ആവേശഭരിതരാവുന്നത് ജനവഞ്ചയാണ്

അപായകരമായ ഈ സാഹചര്യത്തിലാണ് കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ ജനാധിപത്യവിരുദ്ധശക്തികളുടെ ഭാഗമായി മാറുന്നതും. അവരുടെ സ്വാതന്ത്ര്യയത്തിനുവേണ്ടിയുള്ള മുറവിളിയാണ്, യഥാര്‍ത്ഥ മാദ്ധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളിയായി ഇപ്പോള്‍ത്തന്നെ കേട്ടുതുടങ്ങിയിരിക്കുന്നതെന്നതാണ് ക്രൂരമായ വൈപരീത്യം.

മനില സി. മോഹൻ: ഒരു വശത്ത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഭരണകൂടങ്ങളാൽ നിയമനടപടികളും എതിർപ്പും വേട്ടയും നേരിടുന്നു. മറുവശത്ത്, വലിയ വിഭാഗം മാധ്യമങ്ങൾ ഭരണകൂടങ്ങളുടെ വക്താക്കളും പ്രയോജകരും പ്രായോജകരുമായി പ്രവർത്തിക്കുന്നു. മാധ്യമ - രാഷ്ട്രീയ രംഗം സങ്കീർണവും പ്രവചനാതീതവുമായിരിക്കുന്നു എന്നുപറയാം. ഇത് കേന്ദ്രത്തിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. മാധ്യമങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന ഭരണകൂടങ്ങളും ഭരണകൂടങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന മാധ്യമങ്ങളും ജനാധിപത്യത്തിന്, സമൂഹത്തിന്, എന്തെങ്കിലും ഗുണം ചെയ്യുമോ?

ഒ.കെ. ജോണി: ശരിയാണ്. ഫാസിസത്തിന്റെ സകല ലക്ഷണങ്ങളും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ മാദ്ധ്യമപ്രവര്‍ത്തനം പഴയ അടിയന്തരാവസ്ഥക്കാലത്തേതിനേക്കാള്‍ വലിയ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്. സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം അപായകരവും അസാദ്ധ്യവുമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളെസ്സംബന്ധിച്ച രാജ്യാന്തര സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥാനം 2014 മുതല്‍ ക്രമേണ താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റിയറുപതിലും താഴെയാണിപ്പോള്‍. ചോദ്യത്തിലെ ആശങ്ക അസ്ഥാനത്തല്ല. ജനാധിപത്യം തന്നെ അപകടത്തിലാണെന്നതിന്റെ തെളിവാണിതെങ്കിലും ഇത് മാദ്ധ്യമങ്ങളെമാത്രം ബാധിക്കുന്ന ഒരു കാര്യമായി അവഗണിക്കുകയാണ് നമ്മള്‍.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിത അടിയന്തരാവസ്ഥയിലെന്നപോലെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ മിശ്രയെയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെയുംപോലെ സമഗ്രാധിപത്യപ്രവണതയുള്ള നിരവധി സംസ്ഥാന മുഖ്യമന്ത്രിമാരും പല കാലങ്ങളില്‍ പത്രമാരണ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത പൊതുവെ ഭരണകൂടങ്ങളുടെയെല്ലാം സ്വഭാവവുമാണ്. എന്നാല്‍, ഇതിനിടയിലും കല്‍ക്കത്തയിലെ ടെലിഗ്രാഫും ദില്ലിയിലെ ഇന്ത്യന്‍ എക്‌സ്പ്രസുംപോലെ അപൂര്‍വ്വം പത്രങ്ങള്‍ യഥാര്‍ത്ഥ മാദ്ധ്യമധര്‍മ്മം ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ടെന്ന ആശാവഹമായ വാസ്തവവും കാണാതിരിക്കാനാവില്ല.

ഇന്ദിരാ ഗാന്ധി, ജഗന്നാഥ് മിശ്ര, ജയലളിത

ഭരണാധികാരികളും മാദ്ധ്യമങ്ങളും തമ്മില്‍ ഇടയുകയെന്നത് പ്രവര്‍ത്തനക്ഷമമായ ഒരു ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് സാമാന്യമായിപ്പറയാം. അവര്‍ തമ്മിലുള്ള പാരസ്പര്യമാണ് ജനാധിപത്യത്തിന് ഭീഷണിയാവുക. സ്വതന്ത്രമാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കുന്നതില്‍ വലിയൊരളവില്‍ വിജയിച്ച ബി.ജെ.പി സര്‍ക്കാരും മാദ്ധ്യമങ്ങളും തമ്മിലുള്ള അവിഹിതവേഴ്ച്ചയാണ് സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം അപ്രത്യക്ഷമാകുന്നതിന് കാരണം. അപ്രഖ്യാപിത അടിയന്തരാവസ്ഥ തേര്‍വാഴ്ച്ചതുടങ്ങിയ ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാര പ്രത്യയശാസ്ത്രത്തിനെതിരായ മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും കള്ളക്കേസുകള്‍കൊണ്ടും ഭീഷണികൊണ്ടും നിശ്ശബ്ദരാക്കാനുള്ള ശ്രങ്ങളോടൊപ്പം, വഴിപ്പെടാത്ത സ്വതന്ത്ര മാദ്ധ്യമസ്ഥാപനങ്ങളെ തങ്ങളുടെ സാമ്പത്തിക പങ്കാളികളായ കോര്‍പ്പറേറ്റുകളുടെ മൂലധനം ഉപയോഗിച്ച് സ്വന്തമാക്കുവാനും തുടങ്ങിയിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് നമ്മള്‍ കേരളത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് മാദ്ധ്യമസ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നത്.

സംഘപരിവാരഭക്തരല്ലാത്ത മാദ്ധ്യമങ്ങളും ഭയംമൂലം മോദിഭക്തിയിലൂടെ ഭരണകൂടവിധേയത്വം പ്രകടിപ്പിക്കുവാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു. എന്നാലപ്പോഴും തങ്ങള്‍ നിഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന അവരുടെ അവകാശവാദമാണ് അവര്‍ ചെയ്യുന്ന പൈമ്പികവൃത്തിയേക്കാള്‍ മ്ലേച്ഛം.

നേരത്തേ പറഞ്ഞതുപോലെ സംഘപരിവാര അജണ്ടകള്‍ പ്രത്യക്ഷമായും, നിഷ്പക്ഷതാനാട്യത്തോടെ പരോക്ഷമായും നടപ്പാക്കുന്ന വന്‍കിട മാദ്ധ്യമങ്ങള്‍ ബി.ജെ.പി ഇതരപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ വ്യാജവാര്‍ത്തകള്‍കൊണ്ടും അപവാദകഥകള്‍കൊണ്ടും അസ്ഥിരപ്പെടുത്തുവാനുള്ള ഒരു ഗൂഢാലോചനയിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. അര്‍ണാബ് ഗോസ്വാമി നിര്‍ല്ലജ്ജം നടത്തുന്ന ഈ ഭരണകൂടപ്രീണനം മറ്റു പല മാദ്ധ്യമങ്ങളും അവരുടേതായ രീതികളില്‍ തുടരുന്നുവെന്നേയുള്ളൂ. ദേശീയതലത്തിലെന്നപോലെ കേരളത്തിലും അത് പ്രകടമായിക്കഴിഞ്ഞു. സംഘപരിവാരഭക്തരല്ലാത്ത മാദ്ധ്യമങ്ങളും ഭയംമൂലം മോദിഭക്തിയിലൂടെ ഭരണകൂടവിധേയത്വം പ്രകടിപ്പിക്കുവാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു. എന്നാലപ്പോഴും തങ്ങള്‍ നിഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന അവരുടെ അവകാശവാദമാണ് അവര്‍ ചെയ്യുന്ന പൈമ്പികവൃത്തിയേക്കാള്‍ മ്ലേച്ഛം. ഏഷ്യാനെറ്റ് ന്യൂസും കേരളത്തിലെ ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള പരസ്പരാക്രമണങ്ങളെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഞാനതിലെ ഏതെങ്കിലും ചില ജേര്‍ണലിസ്റ്റുകളെയല്ല കുറ്റപ്പെടുത്തുന്നത്. ആ ചാനലിന്റെ ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയത്തെയാണ്. അതവരുടെ സ്വാതന്ത്ര്യം. അത്യന്തം ജനാധിപത്യവിരുദ്ധമായ ഒരു രാഷ്ട്രീയ അജണ്ടയാണ് അതെന്ന് പറയുന്നത് എന്റെ ബോദ്ധ്യവും അവകാശവും. അത്രയേയുള്ളൂ.

അര്‍ണാബ് ഗോസ്വാമി

കേന്ദ്ര സര്‍ക്കാരിനെ അതിന്റെ ജനവിരുദ്ധ- ജനാധിപത്യവിരുദ്ധ നടപടികളുടെ പേരില്‍ വിമര്‍ശിക്കുവാന്‍ ഭയപ്പെടുന്ന ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളുടെ വിമര്‍ശനം പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കും ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ക്കെതിരെയും മാത്രമാണെന്നത് ഒരജണ്ടയുടെ ഭാഗമാണെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പ്രളയവും മഹാമാരിയുമുണ്ടായപ്പോള്‍ അവയെ മാതൃകാപരമായി നേരിട്ട ഇടതുപക്ഷ സര്‍ക്കാരിനെതിരെ ബി.ജെ.പിയും കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസും നടത്തിയ വ്യാജപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മലയാളത്തിലെ വലതുപക്ഷ കുത്തകമാദ്ധ്യമങ്ങളാണ്. ഇടതുപക്ഷവും കോണ്‍ഗ്രസ് മുന്നണിയും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ കാലുറപ്പിക്കുവാന്‍ പരിശ്രമിക്കുന്ന ബിജെപി കേരളം പിടിച്ചെടുക്കുവാന്‍ നടത്തുന്ന ഈ അപവാദപ്രചരണങ്ങളേറ്റെടുത്ത വന്‍കിട മലയാള മാദ്ധ്യമങ്ങള്‍ സംഘപരിവാരത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാവുകയായിരുന്നുവെന്നുപറയാന്‍ നാമെന്തിന് മടിക്കണം? സ്വന്തം സംസ്ഥാനമായ കേരളത്തെ ഒരു ശത്രുരാജ്യത്തെയെന്നപോലെ അപവാദപ്രചരണങ്ങളാല്‍ ആക്രമിക്കുന്ന ബിജെപിയുടെ കാവിരാഷ്ട്രീയത്തിനുവേണ്ടി ഇടതുപക്ഷപ്പാര്‍ട്ടികള്‍ക്കെതിരെ വ്യാജപ്രചരണം നടത്തുന്ന കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളാണ് മലയാളികളുടെയും കേരളത്തിന്റെയും ഇന്നത്തെ ഏറ്റവും വലിയ ശത്രുക്കള്‍.

കണിശമായ വാണിജ്യ-രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള ബിജെപി മന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖര്‍ എന്ന വ്യവസായിയുടെ അധീനതയിലുള്ളഏഷ്യാനെറ്റ് ന്യൂസ് തങ്ങള്‍ നിഷ്പക്ഷ മാദ്ധ്യമപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അവകാശപ്പെടുകയും മാദ്ധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ആവര്‍ത്തിക്കുകയുംചെയ്യുന്നതിനേക്കാള്‍ വലിയ അശ്ലീലം വേറെന്തുണ്ട്?

രാജീവ് ചന്ദ്രശേഖര്‍

മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുകയും സര്‍ക്കാരിനെതിരെ മാത്രമല്ല, വ്യക്തികള്‍ക്കെതിരെയും അക്രമാസക്തമായ കാമ്പെയിന്‍ നടത്തുകയും ചെയ്യുന്ന ഒരു വാര്‍ത്താ ചാനലിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുവാന്‍ ആ പ്രസ്ഥാനത്തിന് അവകാശമുണ്ടെന്ന വാസ്തവം മറച്ചുവെച്ചുകൊണ്ടാണ് ഇയ്യിടെയായി ആ ചാനല്‍ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പോരാളിയായി അഭിനയിക്കുന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നതും. എന്നാലതിന്റെ പേരില്‍ ആ ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാരമായ സംഗതികളുടെപേരില്‍പ്പോലും പൊലീസ് കേസുകളെടുക്കുകയും അവരെ മാനസികമായി പീഡിപ്പിക്കുകയുംചെയ്യുന്ന രീതിയും അത്രയൊന്നും നിഷ്‌കളങ്കമല്ല. ഇത്തരം തരംതാണ പകപോക്കലുകള്‍ രണ്ട് കൂട്ടരുടെയും അസഹിഷ്ണുത വെളിപ്പെടുത്താനേ ഉപകരിക്കൂ. മാദ്ധ്യമങ്ങളെ ഈവിധം നേരിടുന്ന രീതി ഭാവിയില്‍ സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനംതന്നെ അസാദ്ധ്യമാക്കുന്ന തെറ്റായ കീഴ്‌വഴക്കമാകുമോ എന്നും ഭയപ്പെടണം.

അഖില നന്ദകുമാര്‍

സാന്ദര്‍ഭികമായി വേറൊരു കാര്യം പറയാം. ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം മണ്ഡലലെത്തിയപ്പോള്‍ അമേഠിയിലെ അവികസിതാവസ്ഥയെക്കുറിച്ചും ആ മണ്ഡലത്തില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചും ചോദ്യങ്ങളുന്നയിച്ച ഒരു മാദ്ധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ ഫൂട്ടേജ് പുറത്തുവന്നത്. ആ ചോദ്യം തന്റെ മണ്ഡലത്തിലെ ജനങ്ങളെയാണ് അപമാനിക്കക്കുന്നതെന്നും പത്രമുടമയെ വിളിച്ച് റിപ്പോര്‍ട്ടര്‍ക്കെതിരെ പരാതിപ്പെടുമെന്നുമുള്ള ബിജെപി മന്ത്രിയുടെ ഭീഷണിസ്വരത്തിലുള്ള പ്രഖ്യാപനം സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കുകയുംചെയ്തു. സ്മൃതി ഇറാനിയുടെ ഈ അസഹിഷ്ണുതയും ധാര്‍ഷ്ട്യവും അവര്‍ അംഗമായ നരേന്ദ്ര മോദി സര്‍ക്കാരിന്റെതന്നെ മാദ്ധ്യമനയത്തിന്റെ ഒരു പ്രകടനം മാത്രമാണെന്നറിയാമായിരുന്നിട്ടും മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ കാവല്‍മാലാഖമാരായി അഭിനയിക്കുന്ന മുഖ്യധാരാ മലയാള മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത കണ്ടതായിപ്പോലും നടിക്കുന്നുമില്ല. മുഖപ്രസംഗമെഴുതുവാന്‍മാത്രം പ്രാധാന്യം അതിനില്ലെന്നാണോ കരുതേണ്ടത്. അമേഠി ഇന്ത്യയിലല്ലേ?

സ്മൃതി ഇറാനി

ഇന്ത്യയില്‍ മാദ്ധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ആ അപകടത്തിന് ഉത്തരവാദികളായ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കുവാന്‍ ബാദ്ധ്യസ്ഥരായ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍തന്നെയാണ് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കുന്നതെന്നത് കേവലം യാദൃച്ഛികവുമല്ല. ഇതൊരു ദ്വിമുഖാക്രമണമാണ്. തെളിച്ചു പറഞ്ഞാല്‍ നാസിസത്തിന്റെ പഴയ ഗീബല്‍സിയന്‍ തന്ത്രമാണിത്. സമഗ്രാധിപതികളായ നാര്‍സിസ്റ്റുകള്‍ക്ക് വേണ്ടി മാദ്ധ്യമങ്ങളേറ്റെടുത്തുനടത്തുന്ന ഗൂഢമായ ഒരു സമാന്തര രാഷ്ട്രീയപ്രവര്‍ത്തനമാണിത്. ഈ രാഷ്ട്രീയം തിരിച്ചറിയാതെ കൊട്ടത്താപ്പില്‍ മാദ്ധ്യമസ്വാതന്ത്ര്യത്തെപ്പറ്റി ആവേശഭരിതരാകുന്നത് ആത്മവഞ്ചനയും ജനവഞ്ചനയുമാണ്. കേരളത്തിലെ ഇന്നത്തെ Irresposible ജേര്‍ണലിസം തന്നെയായിരിക്കും കേരളത്തിലെ ജേര്‍ണലിസം എന്ന പ്രൊഫഷന്റെയും അന്ത്യം കുറിക്കുക. അത് സംഭവിക്കാതിരിക്കട്ടെ.

മാധ്യമങ്ങൾക്ക് സവിശേഷമായ അവകാശങ്ങൾ ഇല്ല എന്നാണ് ജേണലിസ്റ്റുകൾക്കെതിരെ റിപ്പോർട്ടിങ്ങിൻ്റെ പേരിൽ കേസെടുക്കുന്നവരുടെ വാദം. ജനാധിപത്യ രാജ്യത്ത് പൗരർക്കുള്ള അവകാശ സ്വാതന്ത്ര്യങ്ങൾക്കപ്പുറത്ത് മാധ്യമങ്ങൾക്കോ മാധ്യമ പ്രവർത്തകർക്കോ പ്രത്യേക അവകാശ സ്വാതന്ത്ര്യമില്ല എന്നാണ് വാദിക്കുന്നത്. ജേണലിസം ഒരു തൊഴിൽ മേഖല കൂടിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യാവകാശങ്ങളുമായി തുലനം ചെയ്തുകൊണ്ടാണോ മാധ്യമ സ്വാതന്ത്ര്യത്തേയും അവകാശത്തേയും നിർവ്വചിക്കേണ്ടത്? ജേണലിസത്തിൻ്റെ ലോക ചരിത്രം എന്താണ് പറയുന്നത്? ജേണലിസത്തിൻ്റെ വർത്തമാന ചരിത്രത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

മാദ്ധ്യമങ്ങള്‍ക്ക് പൗരര്‍ക്കില്ലാത്ത സവിശേഷാവകാശങ്ങളില്ലെന്നത് സാങ്കേതിാര്‍ത്ഥത്തില്‍ ശരിയാണ്. അതേസമയം, ജനാധിപത്യവ്യവസ്ഥയില്‍ ലെജിസ്ലേചര്‍, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയോടെപ്പം നാലാമത്തെ സ്തംഭമായി മാദ്ധ്യമമേഖലയെ പരിഗണിക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്കുള്ള ഒരു സവിശേഷ സ്ഥാനത്തെ അംഗീകരിക്കലാണ്. ജനാധിപത്യത്തിന്റെ കാവല്‍നായയായി പ്രവര്‍ത്തിക്കുവാന്‍ മാദ്ധ്യമങ്ങള്‍ അനിവാര്യമാണെന്ന വാസ്തവത്തെ അതിന്റെ സത്തയില്‍ സ്വാംശീകരിച്ച നെഹ്രുവിയന്‍ ജനാധിപത്യസങ്കല്‍പ്പമാണ് നമ്മുടെ രാജ്യത്ത് മാദ്ധ്യമങ്ങള്‍ക്ക് അഭിപ്രായപ്രകടനവും ആത്മാവിഷ്‌കാരവും ഭരണകൂടവിമര്‍ശനവും നടത്തുന്ന സാധാരണ പൗരന്മാര്‍ക്കില്ലാത്ത ചില ആനുകൂല്യങ്ങള്‍ കല്‍പ്പിച്ചുനല്‍കിയത്.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാദ്ധ്യമപ്രവര്‍ത്തകരെ നിരീക്ഷണവിധേയമാക്കിയതിനെക്കുറിച്ചുണ്ടായ ഇടക്കാലവിധിയിലും സുപ്രീം കോടതി മാദ്ധ്യമസ്വാതന്ത്ര്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആവര്‍ത്തിക്കുന്നു.

പൊതുവായ ബഹുജനതല്‍പ്പര്യത്തിനുവേണ്ടിയാണ് മാദ്ധ്യമങ്ങള്‍ നിലക്കൊള്ളേണ്ടതെന്ന സങ്കല്‍പ്പമാണ് ഈ സവിശേഷമായ ആനുകൂല്യങ്ങളുടെ കാരണം. ജനാധിപത്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കുവാന്‍ മാദ്ധ്യമസ്വാതന്ത്ര്യം അനിവാര്യവുമാണ്. പരമോന്നത നീതിപീഠം എത്രയോ വിധിന്യായങ്ങളില്‍ മാദ്ധ്യമങ്ങളുടെ ഈ സവിശേഷ പ്രാധാന്യത്തെപ്പറ്റി എടുത്തുപറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാദ്ധ്യമപ്രവര്‍ത്തകരെ നിരീക്ഷണവിധേയമാക്കിയതിനെക്കുറിച്ചുണ്ടായ ഇടക്കാലവിധിയിലും സുപ്രീം കോടതി മാദ്ധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുക ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആവര്‍ത്തിക്കുന്നു. ഒരുപക്ഷെ, ജനാധിപത്യക്രമംതന്നെ സമഗ്രാധിപതികളുടെ അധികാരാരോഹണത്തിനുള്ള എളുപ്പവഴിയായി മാറിയ ഇന്നത്തെ ഇന്ത്യയില്‍ മാദ്ധ്യമസ്വാതന്ത്ര്യം ഒരു പഴങ്കഥയാവുകയാണ്.

സര്‍ക്കാരിനെതിരെ മാത്രമല്ല, വ്യക്തികള്‍ക്കെതിരെയും അക്രമാസക്തമായ കാമ്പെയിന്‍ നടത്തുകയും ചെയ്യുന്ന ഒരു വാര്‍ത്താ ചാനലിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുവാന്‍ ആ പ്രസ്ഥാനത്തിന് അവകാശമുണ്ടെന്ന വാസ്തവം മറച്ചുവെച്ചുകൊണ്ടാണ് ഇയ്യിടെയായി ആ ചാനല്‍ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പോരാളിയായി അഭിനയിക്കുന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നതും.

അതുകൊണ്ടാണ്, ഭരണകൂടത്തോട് വിയോജിക്കുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും രാാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നത്. അപായകരമായ ഈ സാഹചര്യത്തിലാണ് കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ ജനാധിപത്യവിരുദ്ധശക്തികളുടെ ഭാഗമായി മാറുന്നതും. അവരുടെ സ്വാതന്ത്ര്യയത്തിനുവേണ്ടിയുള്ള മുറവിളിയാണ്, യഥാര്‍ത്ഥ മാദ്ധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളിയായി ഇപ്പോള്‍ത്തന്നെ കേട്ടുതുടങ്ങിയിരിക്കുന്നതെന്നതാണ് ക്രൂരമായ വൈപരീത്യം. വര്‍ത്തമാനകാല മാദ്ധ്യമരംഗം അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ശരിക്കും പേടിപ്പെടുത്തുന്ന സാഹചര്യം.

ടെലിവിഷൻ ജേണലിസത്തിൻ്റെ വളർച്ചയുടെ കാലം ഇന്ത്യയിലും കേരളത്തിലും എങ്ങനെയാണ് ജേണലിസത്തിൻ്റെ നൈതികതയെ, അന്തസത്തയെ പ്രത്യക്ഷത്തിൽത്തന്നെ ഇല്ലാതാക്കിയത്? ജേണലിസത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ പോലും മാറ്റിയെഴുതുന്നതിലേക്ക് പ്രിൻറ്​ മീഡിയയും ടെലിവിഷനും ഡിജിറ്റൽ മീഡിയയും എത്തിച്ചേർന്ന രാഷ്ട്രീയ- സാമ്പത്തിക വശങ്ങൾ എന്തൊക്കെയാണ്?

ബഹുഭൂരിപക്ഷമാളുകളിലും എത്തുന്ന സ്വകാര്യ ഉടസ്ഥതയിലുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളും, ഭരണകൂടത്തിന്റെ പ്രചരണോപാഝിയായ ആകാശവാണിയും ദൂരദര്‍ശനും മാത്രമുണ്ടായിരുന്ന കാലത്തേതിനേക്കാള്‍ കുഴമറിഞ്ഞ അവസ്ഥയാണിന്ന്. സ്വകാര്യമാദ്ധ്യമങ്ങളും ഭരണകൂടത്തിന്റെ പ്രചാരകരായി മാറിയന്നെതാണ് ഒരു പ്രധാന സംഗതി. മേല്‍ക്കൈയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ വ്യാജവാര്‍ത്താ നിര്‍മ്മിതികള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നതിനേക്കാള്‍ ഭയാനകം, അത്തരം കഥകളുടെ പ്രചാരം കണക്കിലെടുത്ത് അവയെത്തന്നെ തങ്ങളുടെ വാര്‍ത്താവിഭവമായി പരിചരിക്കുവാന്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ മടിക്കുന്നില്ലെന്നതാണ്.

കേരളത്തില്‍ സര്‍ക്കാര്‍ മാദ്ധ്യമമായ ആകാശവാണിയും ദൂരദര്‍ശനും സ്വകാര്യ കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള വന്‍കിട പത്രങ്ങളും വാര്‍ത്തകളുടെ മേല്‍ പുലര്‍ത്തിയിരുന്ന ഏകപക്ഷീയമായ കുത്തക അവസാനിച്ചത് ഒരു ജേര്‍ണലിസ്റ്റുതന്നെ തുടങ്ങിവെച്ച മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ വരവോടെയായിരുന്നു. പിന്നീടുണ്ടായ സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ പ്രളയത്തോടെ കുത്തകപ്പത്രങ്ങളേക്കാള്‍ വൃത്തികെട്ട ഒരു വാര്‍ത്താസംസ്‌കാരമാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തിലെ ഇന്നത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളോളം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവും സംസ്‌കാരവിരുദ്ധവുമായ ചാനലുകള്‍ നടത്തുവാന്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും അര്‍ണാബ് ഗോസ്വാമിമാര്‍ ഉത്സാഹിക്കുന്നുണ്ട്.

ജേര്‍ണലിസത്തിന്റെ പ്രാഥമിക മര്യാദകളും സാമൂഹികബോധവുമില്ലാത്ത വെറും കരിയറിസ്റ്റുകള്‍ക്ക് മലയാളികളുടെ മുന്നില്‍ സ്വന്തം സാമൂഹികവിരുദ്ധമനോഭാവം നിര്‍ല്ലജ്ജം പ്രകടിപ്പിക്കുവാനുള്ള ഒരു പ്ലാറ്റ്‌ഫോമായി വാര്‍ത്താചാനലുകള്‍ മാറി. മദ്ധ്യകാല മതവിചാരകരെപ്പോലെ നിത്യേന ഒരു കറുത്ത കോട്ടുമിട്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സര്‍വ്വജ്ഞരായ അവതാരങ്ങളാണ് ഒരു സംസ്ഥാനത്തെസ്സംബന്ധിച്ച സകലതിനക്കുറിച്ചും വിധിതീര്‍പ്പുകല്‍പ്പിക്കുന്നത്. ഈ കോമാളികളാണ്, കേരളത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത ബിജെപിയുടെ വക്താക്കളെന്ന പേരില്‍ വര്‍ഗ്ഗീയവിഷംചീറ്റുന്ന കുറേപ്പേരിലൂടെ കേരളത്തെ അതിവേഗം വര്‍ഗ്ഗീയവല്‍ക്കരിക്കുവാന്‍ ഉത്സാഹിക്കുന്നത്. നേരത്തേ സൂചിപ്പിച്ച Irresponsible ജേര്‍ണലിസം ക്രമേണ Venomous ജേര്‍ണലിസമായിക്കഴിഞ്ഞു. ഇടതുപക്ഷക്കാരായ സ്ത്രീകളെ വേട്ടയാടി അപമാനിക്കുന്ന ഒരു പ്രവണതയും മലയാളമാദ്ധ്യമങ്ങള്‍ പതിവാക്കിയിരിക്കുന്നു. പി.കെ. ശ്രീമതിയെയും ചിന്ത ജെറോമിനെയും മന്ത്രിമാരായ ആര്‍.ബിന്ദുവിനെയും വീണാ ജോര്‍ജിനെയുമെല്ലാം അകാരണമായി നിരന്തരം പരിഹസിക്കുന്ന മാദ്ധ്യമങ്ങള്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മെയില്‍ ഷോവിനിസത്തെത്തന്നെയാണ് വിരുന്നൂട്ടുന്നത്. മന്ത്രിമാരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കുന്നവരുടെ മലയാളം പരിജ്ഞാനംതന്നെ മതി അവരുടെ ബൗദ്ധികപാപ്പരത്തം വെളിപ്പെടുത്തുവാന്‍.

പി.കെ. ശ്രീമതി, ചിന്ത ജെറോം, ആര്‍. ബിന്ദു, വീണ ജോര്‍ജ്

ഒരു മാധ്യമ സ്ഥാപനത്തിൻ്റെ മൂലധനം അതിൻ്റെ എഡിറ്റോറിയൽ പോളിസിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ നിരവധി ടെലിവിഷൻ ചാനലുകൾ പുതുതായും രൂപമാറ്റം വരുത്തിയും അണിയറയിൽ ഒരുങ്ങുകയാണ്. ദേശീയ തലത്തിൽ എൻ.ഡി.ടി.വി അദാനി കയ്യടക്കി. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എൻ.ഡി.ടി.വി ടെലിവിഷൻ ചാനൽ തുടങ്ങാൻ പോകുന്നു. ഏഷ്യാനെറ്റ് എന്ന കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ, ബി.ജെ.പി. എം.പി.യായ രാജീവ് ചന്ദ്രശേഖറുടെ കയ്യിലെത്തിയിട്ട് കുറേക്കാലമായി. മാധ്യമ മേഖലയിൽ നടക്കുന്ന വൻനിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ അതിൻ്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. കേരളത്തിലെ മാധ്യമ രംഗത്തെ മൂലധന നിക്ഷേപങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും എന്താണ് ലക്ഷ്യമാക്കുന്നത്? അത് പുരോഗമനപരമാണോ?

മൂലധന താല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ മോദിയുടെ ഇന്ത്യയില്‍ ആ താല്‍പ്പര്യം സംരക്ഷിക്കുന്നത് ഹിന്ദുത്വ ഫാസിസത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ്. കോര്‍പ്പറേറ്റുകളെ ഉപയോഗിച്ച് സംഘപരിവാര രാഷ്ട്രീയം ഒരു ഹിന്ദുത്വരാഷ്ട്ര നിര്‍മ്മിതിക്കുള്ള കഠിനമായ പരിശ്രമത്തിലാണ്. ഇതിന് അല്‍പ്പമെങ്കിലും അനുകൂലമല്ലാത്ത മാദ്ധ്യമങ്ങളെയെല്ലാം തങ്ങളുടെ സാമ്പത്തിക പങ്കാളികളായ വന്‍കിട കോര്‍പ്പറേറ്റുകളിലൂടെ വിഴുങ്ങാനാവുമെന്ന് എന്‍.ഡിടിവിയുടെ ഉടമാവകാശക്കൈമാറ്റം തെളിയിച്ചതാണല്ലോ.

ഭീഷണികൊണ്ടും ബഹിഷ്‌കരണംകൊണ്ടും കേരളത്തിലെ വന്‍കിട പത്രങ്ങളെ ആക്രമിക്കുന്ന സംഘപരിവാര സംഘടനകള്‍ വാസ്തവത്തില്‍ അവയെ വിഴുങ്ങുവാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഒരു ചെറിയ സൂചന നല്‍കുകയാണ്. കേരളത്തില്‍ ഈ അജണ്ട് ഇരട്ടി ശക്തിയിലാവും നടപ്പാക്കുകയെന്നതിന്റെ പരോക്ഷപ്രഖ്യാപനമാണ് കേരളം പിടിക്കാന്‍ ഇനി താമസമില്ലെന്ന പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പ്രഖ്യാപനം. അദാനിയും അംബാനിയും ഉള്‍പ്പടെയുള്ള വന്‍വ്യവസായികളുടെ മാദ്ധ്യമരംഗത്തെ മൂലധനനിക്ഷേപത്തിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രനിര്‍മ്മിതിയാണെന്ന തിരിച്ചറിയുന്നവരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തെയും കാത്തിരിക്കുന്നത്.

പരസ്പരമുള്ള മത്സരം, ഫാക്റ്റ് ചെക്ക് ചെയ്യാതിരിക്കൽ, ഷാലോ ആയ റിപ്പോർട്ടിങ്ങ്, പ്രൊപ്പഗാൻ്റ, ടെലിവിഷൻ ചർച്ചകളാണ് ജേണലിസം എന്നും ചർച്ചകൾ നയിക്കുന്നവർ മാത്രമാണ് ജേണലിസ്റ്റുകൾ എന്നുമുള്ള തോന്നൽ ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ ജേണലിസത്തിൻ്റെ അപചയത്തിനുള്ള ഉദാഹരണങ്ങളായി കുറേക്കാലമായി പറയാറുണ്ട്. മാധ്യമങ്ങളുടെ ഘടനയിലും ഓരോ ഘടകത്തിലും അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കുന്ന വലതുപക്ഷവത്കരണത്തെ ഒരു സിസ്റ്റം എന്ന നിലയിലും ആത്മവിമർശനപരമായ ദൗത്യം എന്ന നിലയിലും കാണേണ്ടതുണ്ട്. അങ്ങനെയൊരു സാധ്യത മുന്നിൽ കാണുന്നുണ്ടോ?

ജേര്‍ണലിസ്റ്റുകളുടെ അജ്ഞത മാത്രമല്ല ഫാക്ട് ചെക്കിങ്ങിന്റെ അഭാവത്തിന് കാരണം. വാര്‍ത്താ വക്രീകരണവും വാര്‍ത്താ നിര്‍മ്മിതിയും ബോധപൂര്‍വ്വം നടത്താനുദ്ദേശിക്കുന്ന ഒരു പൊതുബോധനിര്‍മ്മിതിക്കുള്ള അടിത്തറയാണ്. സോഷ്യല്‍ മീഡിയയിലൂടെ ചരിത്രത്തെയും വ്യക്തികളെയും സംബന്ധിച്ച വ്യാജകഥകള്‍ പ്രചരിപ്പിക്കുക, പിന്നീടവയെ മുഖ്യധാരാ മാദ്ധ്യമങ്ങളിലേക്ക് ആനയിക്കുക, അവയെസ്സംബന്ധിച്ച ചര്‍ച്ചചെയ്യാന്‍ ആളുകളെ നിര്‍ബ്ബന്ധിതരാക്കുക- ഇതെല്ലാം ഇന്ത്യയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന പുതിയ ചരിത്രനിര്‍മ്മിതിയുടെ ഉപാദാനങ്ങളാണ്. മലയാള മാദ്ധ്യമങ്ങളും ആ ദൗത്യനിര്‍വ്വഹണത്തില്‍ നിസ്സാരമല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. അതിന്റെ പുതിയ ഉദാഹരണമാണ് എസ്.എഫ്.ഐ നേതാവ് ആര്‍ഷോയെ തെളിവുകളൊന്നും ഇല്ലാത്ത ഘട്ടത്തില്‍ത്തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ഏഷ്യാനെറ്റിന്റെ അത്യുത്സാഹം.

പി.എം. ആര്‍ഷോ

ഏതെങ്കിലുമൊരു സംഘടനാ നേതാവ് ആര്‍ക്കെങ്കിലുമെതിരെ ഉയര്‍ത്തുന്ന ആരോപണത്തിന്റെ പിന്‍ബലത്തില്‍ ആരോപണവിധേയനെ വിചാരണചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ മൂഢധാരണയാണ് കോളജ് അധികൃതരുടെ കൃത്യവിലോപത്തിന്റെ ഇരയായ ആര്‍ഷോയെ പ്രതിയായി ചിത്രീകരിക്കുവാന്‍ ആ ചാനലിനെ പ്രേരിപ്പിപ്പിട്ടുണ്ടാവുക. കുറേ നാളത്തേക്കെങ്കിലും അയാളെ കുറ്റവാളിയായി നിലനിര്‍ത്താനും അയാളുള്‍പ്പെടുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെയും അതുവഴി സര്‍ക്കാരിനെയും താല്‍ക്കാലികമായെങ്കിലും പ്രതിക്കൂട്ടിലാക്കുവാനുമായിരുന്നു ആ ലൈവ് റിപ്പോര്‍ട്ടിങ്ങ് ലക്ഷ്യമാക്കിയിരുന്നതെന്ന് ജേര്‍ണലിസത്തെസ്സംബന്ധിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും മനസിലാവും.

എന്നാല്‍ അതങ്ങനയല്ലെന്ന് വാദിക്കുന്ന ചാനലിന്റെ നിഷ്‌കളങ്കത ഒരുപക്ഷെ അജ്ഞതകൊണ്ടുമാവാം. ആ ദുരുദ്ദേശ്യത്തെ ചോദ്യംചെയ്യുന്നത് മാദ്ധ്യമസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ആക്രമണമായി ചിത്രീകരിക്കുന്നവരുടെ മാദ്ധ്യമപാണ്ഡിത്യത്തെയോര്‍ത്ത് സഹതപിക്കാനേ കഴിയൂ. വാര്‍ത്തകളുടെ വസ്തുതാപരമായ റിപ്പോര്‍ട്ടിങ്ങിനുപകരം സംഭവങ്ങളെയും കൃത്രിമസംഭവങ്ങളെയും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളിലൂടെ തങ്ങളുടെ അജണ്ടകള്‍ക്കനുകൂലമായ പൊതുജനാഭിപ്രായം നിര്‍മ്മിച്ചെടുക്കുവാനാണ് വാര്‍ത്താ ചാനലുകള്‍ പരിശ്രമിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ കേവലമായ അജ്ഞതമാത്രമല്ല, ആസൂത്രിതമായ ഒരു അജണ്ടയുടെ ഭാഗംതന്നെയാണിത്. വലതുപക്ഷവല്‍ക്കരണം എന്നല്ല കാവിവല്‍ക്കരണം എന്നാണ് ഈ പ്രവണതയെ ഞാന്‍ വിശേഷിപ്പിക്കുക..


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments