2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്.
ഞാന്‍ ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തിന്റെ ഡല്‍ഹി ബ്യൂറോ, രാജസ്ഥാനിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ചത് എന്നെയായിരുന്നു. രാജസ്ഥാന്‍ എനിക്കുതന്നെ കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷവും തോന്നിയെന്ന് പറയുന്നതാണ് സത്യം. കാരണം, മലകളെയും കുന്നുകളെയും കാള്‍ എനിക്കിഷ്ടം സമതലങ്ങളും മരുപ്രദേശങ്ങളുമായിരുന്നു എന്നതുതന്നെ. ഇന്ത്യയുടെ തന്നെ ഏറ്റവും പടിഞ്ഞാറുള്ള രാജസ്ഥാനിലെ ബാര്‍മീറില്‍ നിന്ന് തുടങ്ങാനായിരുന്നു എന്റെ തീരുമാനം. ഡല്‍ഹിയില്‍നിന്ന് രാത്രി പുറപ്പെടുന്നൊരു ട്രെയിന്‍ പിടിച്ചു. പിറ്റേന്നുരാവിലെ ബാര്‍മീര്‍ ടൗണ്‍.
പൊതുവില്‍, ഇലക്ഷൻ റിപ്പോർട്ടിംഗിന് പോകുമ്പോൾ മാധ്യമപ്രവര്‍ത്തകര്‍, പോകുന്ന സ്ഥലത്തെ പ്രധാന കോണ്ടാക്ടുകളാവും ആദ്യം അന്വേഷിക്കുക. ഗ്രൂപ്പുകളായി പോകുന്നവരുമുണ്ട് (പ്രത്യേകിച്ച് ചാനലുകാര്‍, അവര്‍ ഇത്തരം പരിപാടികള്‍ക്ക് പുറപ്പെടുന്നതുതന്നെ ഗ്രൂപ്പുകളായിട്ടാവും). പക്ഷെ എന്നെ സംബന്ധിച്ച് ഇത് തീര്‍ത്തും സ്വകാര്യമായൊരു ഏര്‍പ്പാടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒറ്റയ്ക്കുള്ള ഈ പോക്ക് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നെന്ന് പറയുന്നതാവും ശരി. സഹപ്രവര്‍ത്തകരിലൊരാള്‍ തന്ന, ജയ്പൂരീല്‍ എവിടെയോ ഉള്ള ഒരാളുടെ നമ്പര്‍ മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്.
എന്നെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായൊരു പ്രദേശമായിരുന്നു രാജസ്ഥാന്‍. അവിടുത്തെ മനുഷ്യര്‍, സദാ പൊടി നിറഞ്ഞ അന്തരീക്ഷം, നീണ്ട റോഡുകള്‍, ഏത് വഴിവക്കിലും സമൃദ്ധമായി കാണുന്ന കന്നുകാലികള്‍ എല്ലാം. ഇതിനെല്ലാമിടയില്‍ മനസ്സില്‍ കരുതിയതു പോലൊരു താമസസ്ഥലം അവിടെങ്ങും ഉണ്ടാകാനിടയില്ലെന്ന് ആ സമയം കൊണ്ടുതന്നെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരുന്നു. നീണ്ടുപോകുന്ന ഒരു റോഡിനിരുവശവും പീടികകളും കുഞ്ഞുകുഞ്ഞ് ഭക്ഷണശാലകളും. അതാണ് ടൗൺ. ഉള്ളതില്‍ മോശമല്ലാത്തൊരു ഹോട്ടലില്‍ മുറിയെടുത്തു. ഡല്‍ഹിയില്‍നിന്ന് പുറപ്പെടും മുമ്പ് കിട്ടിയ പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ് കൈവശമുണ്ടായതിനാല്‍ മറ്റു കാര്യങ്ങളെല്ലാം എളുപ്പം തീര്‍ന്നുകിട്ടി.
ബാര്‍മീറിലെ ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന്, മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകാമെന്ന് ഏറ്റു. അവര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഒരു വാഹനവും ഏര്‍പ്പാട് ചെയ്തിരുന്നു.
രാജസ്ഥാനികള്‍ തരുന്ന സ്‌നേഹവും ബഹുമാനവും അത്ഭുതപ്പെടുത്തുന്നതാണ്. പരിചയമില്ലാത്ത ഒരിടത്താണല്ലോ എന്ന് തോന്നിക്കും വിധമുള്ള സംഭവങ്ങളൊന്നും നേരിടേണ്ടിവന്നില്ല, അസ്വസ്ഥപ്പെടുത്തുന്ന ഒരു നോട്ടം പോലും എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല. ഇവിടം സുരക്ഷിതമാണോ എന്ന തോന്നലുകളൊന്നും ഒരുനിമിഷം പോലും അലട്ടിയതുമില്ല.
ഏതാണ്ടിങ്ങനെയാണ് ഞാന്‍ അടുത്ത ദിവസങ്ങളിലെ ജോലി ചാര്‍ട്ട് ചെയ്തത്: ആദ്യം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ഓഫീസുകളിൽ പോയി കാര്യങ്ങളറിയുക, (അതിനു ശേഷം വേണം മറ്റ് പാര്‍ട്ടികളുമായും ബന്ധപ്പെടാന്‍) അവരവരുടെ പ്രതീക്ഷകളും വിജയസാധ്യതകളും എത്രത്തോളമെന്ന് അവരോടുതന്നെ ചോദിച്ചറിയുക. പ്രധാന പ്രദേശിക വിഷയങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുക, തീര്‍ച്ചയായും, അതായിരിക്കുമല്ലോ അന്തിമഫലം തിരുമാനിക്കുന്നത്. പ്രാദേശിക നേതാക്കളുമായി ബന്ധപ്പെടുക, സംസാരിക്കുക. പിന്നെ, രാജസ്ഥാന്റെ ചായ്‍വ് എങ്ങോട്ടെന്നറിയാന്‍ വഴിവക്കിലും ധാബകളിലും കാണുന്ന സാധാരണ മനുഷ്യരോടും ചോദിച്ചറിയുക. രാജസ്ഥാന്റെ, തീരെ ചെറുതല്ലാത്തൊരു രാഷ്ട്രീയചിത്രം കിട്ടാന്‍ ഇതെല്ലാം സഹായിക്കും.
ബാര്‍മീറിലെ ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന്, മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകാമെന്ന് ഏറ്റു. അവര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഒരു വാഹനവും ഏര്‍പ്പാട് ചെയ്തിരുന്നു. പിന്നെ, ഒന്നരമണിക്കൂറോളം രാജസ്ഥാന്റെ ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നു. എന്നെക്കൂടാതെ, ഡ്രൈവറും മറ്റൊരു രാജസ്ഥാനിയും മാത്രമേ ജീപ്പിലുണ്ടായിരുന്നുള്ളൂ.
എനിക്ക് വേണ്ടപ്പോഴെല്ലാം അവര്‍ ജീപ്പ് നിര്‍ത്തിത്തന്നു. പിന്നെ, എന്റെ കൗതുകം കണ്ടിട്ടാവണം, വഴിയോരങ്ങളിലുണ്ടായിരുന്ന രാജസ്ഥാനി കുടിലുകളിലേക്ക് അവർ എന്നെ കൂട്ടിക്കൊണ്ടുപോവുകയും അവിടങ്ങളിലെല്ലാം മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നെന്ന് കാണിച്ചുതരികയും ചെയ്തു. സുന്ദരമായൊരു അനുഭവമായിരുന്നു അതെന്ന് പറയാതെ വയ്യ.
ജസ്വന്ത് സിംഗിന്റെ വീടും എനിക്കിഷ്ടമായി. നടുമുറ്റവും, മുറ്റം നിറയെ പീപ്പല്‍ മരങ്ങളുമൊക്കെയായി പഴയൊരു ഗ്രാമീണ രാജസ്ഥാനി ഗൃഹം (കേരളത്തില്‍ ഇതുപോലൊരു വീടുണ്ടാക്കണമെന്നുപോലും ഞാന്‍ മനസ്സില്‍ കരുതിയിരുന്നു). അവിടെ അടുത്തൊരു മരച്ചുവട്ടില്‍ തന്നെയിരുന്ന് ഞങ്ങള്‍ ഏറെ നേരം സംസാരിക്കുയും വേണ്ടുവോളം ചായ കുടിക്കുകയും ചെയ്തു.
ജയ്‌സാല്‍മീര്‍, ജലോര്‍, അജ്മീര്‍, ഭില്‍വാര, ഉദയ്പൂര്‍ - മൊത്തത്തില്‍ രാജസ്ഥാന്‍ എനിക്ക് നല്‍കിയത് സുന്ദരമായ കുറേ അനുഭവങ്ങളായിരുന്നു.
ചിലപ്പോഴൊക്കെ മറ്റു ചില യാത്രകള്‍ക്കും ഞാന്‍ തുനിഞ്ഞിരുന്നു. ഇരു പാര്‍ട്ടികളുടെയും പ്രദേശിക നേതാക്കളായിരുന്നു യാത്രകള്‍ക്കുവേണ്ട കാര്യങ്ങളെല്ലാം ചെയ്തുതന്നത്. അവിടെ അടുത്തു തന്നെയുള്ള, ഒരു ചെറിയ ഗ്രാമത്തിലെ ജൈനക്ഷേത്രം സന്ദർശിക്കാൻ സൗകര്യമൊരുക്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു.
രാജസ്ഥാനികള്‍ സ്‌നേഹവും സഹകരണവുമുള്ളവരാണ്. പൊള്ളുന്ന ചൂടില്‍, രാജസ്ഥാനിലെ പ്രശസ്തമായ മെഹ്റാൻ ഗഢ് കോട്ടക്കടുത്ത്, നിര്‍മാണ തൊഴിലാളികളായ കുറേ സ്ത്രീകളുടെ കൂടെയിരുന്ന് ഞാന്‍ സംസാരിച്ചു. എന്നാല്‍, ഒറ്റപ്പെട്ടെന്നോ സുരക്ഷിതമല്ലെന്നോ ഉള്ള തോന്നലുകള്‍ ഒരിക്കല്‍ പോലും രാജസ്ഥാനില്‍ എന്നെ അലട്ടിയില്ല. സുന്ദരമായിരുന്നു രാജസ്ഥാന്‍.
രാജസ്ഥാനിലേതുപോലെ, ചോദ്യരൂപേണയുള്ള നോട്ടങ്ങളില്ലാതെ, പരിഹാസം നിറയുന്ന ചോദ്യങ്ങളില്ലാതെ, ഒറ്റയ്‌ക്കൊരു ഹോട്ടലില്‍ റൂമെടുക്കാനോ, ഒറ്റയ്ക്ക് യാത്ര ചെയ്യാനോ കേരളത്തില്‍ എനിക്ക് കഴിയുമോ? അതുപോലൊരു സുരക്ഷിതത്വംബോധം അനുഭവിക്കാന്‍ എനിക്ക് പറ്റുമോ? അറിയില്ല. ഞാന്‍ ഇതുവരെ അതിന് മുതിര്‍ന്നിട്ടുമില്ല.