സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് സംസാരിക്കാത്ത മാധ്യമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോൾ

ഭരണകൂടം പൗരാവകാശങ്ങളെയും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രമായി നിലനിൽപ്പുണ്ടാകില്ല. അത്തരം സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് സംസാരിക്കാത്ത മാധ്യമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവയുമല്ല. ഈ പശ്ചാത്തലത്തിൽക്കൂടി വേണം കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ കാണാൻ

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും തമ്മിൽ വലിയ അന്തരമുണ്ട് എന്നത് ആർക്ക് മനസിലായില്ലെങ്കിലും മാധ്യമങ്ങൾക്കും അതിന്റെ ഉപഭോക്താക്കൾക്കും മനസിലാകേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അവശ്യഘടകമാകുമ്പോൾ സ്വതന്ത്ര മാധ്യമം
ഒരു രാഷ്ട്രീയ സംജ്ഞയാണ്. അതാകട്ടെ ഏതാണ്ടൊരു മരീചികയുമാണ്. എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ ഉള്ളടക്കത്തേയും സ്വഭാവത്തെയും പരിഗണിക്കാതെ തന്നെ മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപിനാവശ്യമായ അവിഭാജ്യ ഘടകമാകുന്നത്? കാരണം, അത് പൗരസ്വാതന്ത്ര്യത്തിന്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒരു അനുബന്ധമാണ് എന്നതുകൊണ്ടാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭയരഹിതമായ കാലാവസ്ഥയിൽ നടത്താവുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഒരു ഏച്ചുകെട്ടല്ല. ഭരണകൂടം പൗരാവകാശങ്ങളെയും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രമായി നിലനിൽപ്പുണ്ടാകില്ല. അത്തരം സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് സംസാരിക്കാത്ത മാധ്യമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവയുമല്ല. ഇന്ത്യ ഇത്തരത്തിലൊരു വ്യാജ മാധ്യമ സ്വാതന്ത്ര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

ഉടമസ്ഥതയുടെ വർഗതാൽപര്യം

വാർത്താമാധ്യമം എന്നത് സമൂഹത്തിലെ സകല വർഗ, വംശ, ലിംഗ ഭേദങ്ങളുടെയും രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെയും എല്ലാ സ്വഭാവവിശേഷങ്ങളും പേറുന്ന മറ്റൊരു സാമൂഹ്യസ്ഥാപനം മാത്രമാണ്. അതുകൊണ്ടുതന്നെ ഉടമസ്ഥതയുടെ/വർഗ താൽപര്യങ്ങൾക്കനുസരിച്ച് അതിന്റെ താൽപര്യം മാറിക്കൊണ്ടിരിക്കും. അപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നത് ഏതു താൽപര്യത്തിനുവേണ്ടി എന്നതിനുള്ളിലെ സ്വാതന്ത്ര്യമാണ് എന്ന് വരുന്നു. അവിടെ വ്യക്തിപരമായ നിലപാടുകൾ പോലും അപ്രസക്തമാണ്. അതായത് നിങ്ങൾ എങ്ങനെയൊക്കെ കളിച്ചാലും വോളിബോൾ കളിക്കുമ്പോൾ നിങ്ങൾക്ക് കാലുകൊണ്ട് പന്തടിക്കാൻ കഴിയില്ല എന്ന പോലെ സ്വാതന്ത്ര്യം ഒരു കളത്തിനുള്ളിൽ മാത്രമുള്ള, കൃത്യമായ പരിമിതികളുള്ള കളിയായി മാറുന്നു. അതല്ലാത്ത ഒരു വിശുദ്ധ സ്വത്വം തങ്ങൾക്കുണ്ട് എന്ന് മാധ്യമങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് വാസ്തവത്തിൽ ഈ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയിലെ തങ്ങളുടെ താൽപര്യങ്ങളെ മറച്ചുവെക്കാൻ വേണ്ടിയാണ്. ഈയൊരു സങ്കൽപ്പനത്തിൽ നിന്നുകൊണ്ടുമാത്രമേ കേരളത്തിൽ ഇപ്പോൾ നടക്കുന്ന മാധ്യമ രാഷ്ട്രീയ വിമർശനത്തെ സമീപിക്കാനാകൂ.

ബൂർഷ്വാ ഉദാര ജനാധിപത്യത്തിനുള്ളിൽ നിന്നുള്ള മാധ്യമപ്രവർത്തനം ഈ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ള ഒന്നാണ്. മൂലധനത്തിന്റെ, മുതലാളിത്ത വ്യവസ്ഥിതിയെ താങ്ങിനിർത്തുന്ന സാമൂഹ്യ ശ്രേണീബന്ധങ്ങളെ, പ്രബലമായ പുരുഷാധിപത്യ സാമൂഹ്യഘടനയെ ഒന്നുംതന്നെ ഈ മാധ്യമപ്രവർത്തനം ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിനുള്ളിലെ ജനാധിപത്യ സംവാദങ്ങൾ, ഭരണനിർവ്വഹണത്തിലെ കുഴപ്പങ്ങൾ എന്നിവക്കെല്ലാമായി മാധ്യമങ്ങൾ നിലപാടെടുക്കാറുണ്ട്. അതായത് ബൂർഷ്വാസിക്കുള്ളിൽ തങ്ങൾക്കിടയിലുള്ള ജനാധിപത്യം, കേവല ധാർമ്മികത, രാഷ്ട്രീയ സ്ഥാപനങ്ങൾ

എന്നിവയെക്കുറിച്ചെല്ലാം മാധ്യമങ്ങൾ സംവാദങ്ങളിലേർപ്പെടുകയും, പലപ്പോഴും വളരെ ശക്തമായ നിലപാടുകളെടുക്കുകയും ചെയ്യും. വാട്ടർഗേറ്റ് അഴിമതി പുറത്തുകൊണ്ടുവരുന്ന പത്രത്തിനും അഴിമതി നടത്തിയ അമേരിക്കൻ ഭരണകൂടത്തിനും ഒരേ വർഗതാൽപര്യം സാധ്യമാണ്.
ഭരണകൂടം തീവ്രവലതുപക്ഷത്തിന്റെ കയ്യിലാവുന്നതോടെ ഇക്കാര്യത്തിലുള്ള വൈരുധ്യം രൂക്ഷമാകും. ബൂർഷ്വാസിക്കുള്ളിൽത്തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങളിൽ കാലങ്ങളായുള്ള സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഭിന്നവാദങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങളും സംഘർഷങ്ങളും രൂക്ഷമാവുകയും ചെയ്യും. അത് മൂലധനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളുടെ തർക്കം കൂടിയാണ്.

അടിയന്തരാവസ്ഥയിൽ വെട്ടുകിളി മുഖപ്രസംഗം

ലോകത്താകെയും ഏതാണ്ടെല്ലാ മുഖ്യധാരാ വാർത്താമാധ്യമങ്ങളും വൻകിട കോർപ്പറേറ്റുകളുടെ മൂലധന താൽപര്യത്തെ പിന്തുടരുന്നവയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോൾ ലോകത്താകെ കരുത്താർജ്ജിച്ച തീവ്ര വലതുപക്ഷ രാഷ്ട്രീയവും വലതുപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഭരണകൂടവുമായുള്ള വൈരുദ്ധ്യങ്ങളെ രൂക്ഷമാക്കി. ഇതിന്റെ അടിസ്ഥാനകാരണം ബൂർഷ്വാ ഉദാര ജനാധിപത്യ സങ്കൽപങ്ങളും തീവ്ര വലതുപക്ഷത്തിന്റെ ഫാസിസ്റ്റ് ഭരണകൂടങ്ങളും തമ്മിലുള്ള ചില വൈരുധ്യങ്ങൾ തന്നെയാണ്. ഇത് പ്രധാനമായും ഭരണകൂടത്തിന്റെ ഇടപെടലും അധികാരത്തെയും വ്യക്തികളുടെയും വിപണികളുടെയും സ്വതന്ത്ര വ്യവഹാരത്തിൽ ഭരണകൂടത്തിന്റെ നിയന്ത്രണത്തെയും കുറിച്ചാണ്. മഹാഭൂരിപക്ഷം ജനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക അധികാരത്തെയും നീതിയെയും കുറിച്ച് ഈ വൈരുദ്ധ്യത്തിനുള്ളിൽ ആശങ്കയൊന്നും ഉണ്ടാകില്ല. പക്ഷെ ഈ വൈരുദ്ധ്യത്തെ വിശാലമായ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് മാത്രമല്ല, ഇത്തരത്തിലുള്ള ഒരു ജനാധിപത്യ അടിത്തറ നഷ്ടപ്പെടുന്നത് ഒരു ജനതയെ സംബന്ധിച്ച് ആത്മഹത്യാപരം കൂടിയാണ്.

എന്നാൽ, ജനാധിപത്യ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിമിതമായ അവകാശങ്ങൾ പോലും ഇല്ലാതാക്കുക എന്നതാണ് തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെ അജണ്ട. നുണപ്രചാരണങ്ങളിലും വെറുപ്പിലും അപര വിദ്വേഷത്തിലും യുദ്ധവെറിയിലുമൊക്കെ അടിത്തറകെട്ടിയ ഫാസിസ്റ്റ് രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾക്ക് സമ്പൂർണമായ വിധേയത്വത്തമല്ലാത്ത ഒന്നിനെയും അംഗീകരിക്കാനാകില്ല. സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മാധ്യമവിരോധത്തിന്റെ പ്രധാന കാരണമിതാണ്. അതുകൊണ്ടാണ് അമേരിക്കയിൽ ഡൊണാൾഡ് ട്രംപും ബ്രസീലിൽ ബോൾസൊനാരോയും

തുർക്കിയിൽ എർദോഗാനും ഇന്ത്യയിൽ നരേന്ദ്ര മോദിയുമെല്ലാം മാധ്യമങ്ങളെ ഒരേ തരത്തിൽ കൈകാര്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്.
‘വ്യാജ വാർത്ത' കളാണ് എല്ലാ മാധ്യമങ്ങളും നൽകുന്നതെന്നാണ് ട്രംപ് എക്കാലത്തും ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് മോദിയും ബോൾസോനരോയും ആവർത്തിക്കുന്നത്. ഇത് മാധ്യമങ്ങളുടെ വർഗ്ഗസ്വഭാവം നോക്കിയുള്ള വിശകലന പ്രശ്‌നമല്ല. ഇത് ജനാധിപത്യ സമ്പ്രദായത്തിൽ ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സാമൂഹ്യസ്ഥാപനം എന്ന മാധ്യമ സാധ്യതയോടുള്ള സമഗ്രാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ്. ഇതിനാദ്യം ചെയ്യുന്നത് മാധ്യമങ്ങളെ De -legitimize (അപസാധൂകരണം) ചെയ്യുകയാണ്. ഇവർ നുണയന്മാരാണെന്നും ജനങ്ങളുമായി ഞങ്ങൾ നേരിട്ട് സംവദിച്ചോളാം എന്നുമാണ്. ഇതിൽ ചില പ്രത്യേക മാധ്യമങ്ങൾ എന്നില്ല മാധ്യമങ്ങൾ എന്ന സാമൂഹ്യസ്ഥാപനത്തെത്തന്നെ തീവ്രവലതുപക്ഷം ഈ തന്ത്രത്തിൽ തള്ളിക്കളയുന്നു. ഇതല്ലാതെ മറ്റൊരു മാർഗം മാധ്യമങ്ങളെ തങ്ങളുടെ പ്രചാരണയന്ത്രത്തിന്റെ അനുബന്ധ ഉച്ചഭാഷിണികളാക്കുക എന്നതാണ്. ബൂർഷ്വാ ഉദാര ജനാധിപത്യത്തിന്റെ വികാസം കുറഞ്ഞ രാജ്യങ്ങളിൽ ഇതാണ് മിക്കപ്പോഴും അനുവർത്തിക്കുന്ന രീതി. തങ്ങളെ അനുസരിക്കുന്നവരെ, തങ്ങൾക്ക് വിധേയരാകുന്നവരെ നിലനിൽക്കാൻ അനുവദിക്കുകയും അല്ലാത്തവരെ അടിച്ചമർത്തുകയും ചെയ്യുക. തുർക്കിയിലും ഇന്ത്യയിലുമൊക്കെ ഇതാണ് നടക്കുന്നത്.
ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷം അച്ചടി, ദൃശ്യ മാധ്യമങ്ങളെല്ലാം തന്നെ സർക്കാരിനെയോ സംഘപരിവാറിനെയോ വിമർശിക്കുന്നത് തീർത്തും ഒഴിവാക്കി എന്നുതന്നെ പറയാം. ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ പൗരാവകാശ പ്രവർത്തകരെ അർബൻ നക്‌സൽ എന്ന് വിളിച്ച്​ നടത്തുന്ന അടിച്ചമർത്തലുകൾ, അതിദേശീയതയുടെ വ്യാജപ്രചാരണങ്ങൾ എന്നിവയെല്ലാം ഭൂരിപക്ഷം മാധ്യമങ്ങളിലും എതിർക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഇത്തരം പ്രചാരണങ്ങളുടെ സജീവ നടത്തിപ്പുകാരായി മാറി ദേശീയ മാധ്യമങ്ങൾ മിക്കതും.
ഇതിന് സ്വാഭാവികമായും മോദിക്കും സംഘപരിവാറിനും മാതൃകയാക്കാനുണ്ടായിരുന്നത് നാസി ജർമ്മനിയായിരുന്നു.

ഹിറ്റ്​ലർ
ഹിറ്റ്​ലർ

ജർമ്മനിയിൽ 1933-ൽ ഹിറ്റ്​ലർ അധികാരത്തിൽ വരുമ്പോൾ 2483 വർത്തമാനപ്പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 65 ദശലക്ഷം വരുന്ന ജനസംഖ്യ വെച്ചുനോക്കിയാൽ അക്കാലത്ത് അതൊട്ടും മോശവുമല്ലായിരുന്നു. തുടർന്നുള്ള അഞ്ചുവർഷം കൊണ്ട് ഏതാണ്ടെല്ലാ പത്രങ്ങളും ദേശസ്‌നേഹത്തിന്റെ അച്ചടക്കം എന്താണെന്ന് സ്വയം പഠിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഏറെ താലോലിക്കപ്പെടുന്ന self -cenosring എന്ന ആശയം ജർമ്മനിയിൽ ഒരു മന്ത്രം പോലെ സ്വീകരിക്കപ്പെട്ടു. 1938 നവംബർ 9, 10 തിയ്യതികളിലായി ജൂതന്മാർക്കെതിരെയുള്ള ആദ്യത്തെ വലിയ വംശീയ ആക്രമണങ്ങളിലൊന്ന് നടന്നു. ജർമ്മനിയിലെമ്പാടും ജൂതന്മാരുടെ വ്യാപാര സ്ഥാപങ്ങളും മറ്റും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ‘തകർന്ന ചില്ലുകളുടെ രാത്രി' (Kristallnacht) എന്നറിയപ്പെട്ട ഈ സംഭവത്തെ പൂർണമായും തമസ്‌കരിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ജർമ്മനിയിലെ മിക്ക പത്രങ്ങളും ഇറങ്ങിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ വെട്ടുകിളി ശല്യത്തെക്കുറിച്ച് മുഖപ്രസംഗമെഴുതിയ മലയാള പത്രത്തിനുള്ള പ്രചോദനം എവിടെനിന്നാണ് എന്നൂഹിക്കാം.

ഇവരിൽനിന്നുതന്നെ പഠിക്കണം, സ്വതന്ത്രമാധ്യമപ്രവർത്തനം

നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ അഞ്ചു വർഷങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഈ അച്ചടക്കം പഠിച്ചു. ഇത് കേവലം സർക്കാർ വിധേയത്വം മാത്രമായിരുന്നില്ല. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ആശയപരമായ ചേർച്ച കൂടിയായി മാറി. വാർത്തകൾ, വാർത്താ വിശകലനങ്ങൾ, ചർച്ചകൾ എന്നൊക്കെയുള്ള പതിവ് രീതികളിൽ നിന്നും സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും അജണ്ടകൾ ആദ്യം തന്നെ നേരിട്ടവതരിപ്പിക്കുന്ന മാധ്യമങ്ങളായി മിക്ക വാർത്താ ചാനലുകളും പത്രങ്ങളും. ബി.ജെ.പി എം.പിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ എന്ന ഉടമയും അർണബ് ഗോസ്വാമി എന്ന ഫാസിസ്റ്റ് നടത്തിപ്പുകാരനുമുള്ള റിപ്പബ്ലിക് ടി.വി, മോദിയുടെ ഇന്ത്യയുടെ കൃത്യമായ അടയാളപ്പെടുത്തലാണ്. Urban Naxal എന്ന അജണ്ട അവതരിപ്പിക്കുന്നത് പോലും ഈ മാധ്യമങ്ങൾ വഴിയായിരുന്നു.
ഇതൊന്നും സംഘപരിവാറിന്റെ പണം കൊണ്ടുണ്ടാക്കിയ

പ്രചാരണയന്ത്രങ്ങളായിരുന്നില്ല. ഇവയെല്ലാം ഇന്ത്യയിലെ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള വാർത്താ മാധ്യമങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാണ് വലിയൊരു വിഭാഗം വാർത്താ മാധ്യമങ്ങൾ. മുകേഷ് അംബാനിക്ക് നേരിട്ട് നിയന്ത്രണമുള്ള Network -18 നു കീഴിൽ 16 വാർത്താ ചാനലുകളും 21 വിനോദ ചാനലുകളുമുണ്ട്. വാർത്താ വെബ്‌സൈറ്റുകൾ അടക്കമുള്ളവ വേറെ. ഇതുകൂടാതെ NDTV, News Nation , IndiaTV , News 24 എന്നിവയിലും അംബാനിക്ക് പരോക്ഷ പങ്കാളിത്തമുണ്ട്.

അർണബ് ഗോസ്വാമി
അർണബ് ഗോസ്വാമി

ബി.ജെ.പി അനുഭാവിയും Essel Group മേധാവിയുമായ സുഭാഷ് ചന്ദ്രയാണ് Zee Group -നെ നിയന്ത്രിക്കുന്നത്. ഇവരുടെ നിയന്ത്രണത്തിൽ 14 വാർത്താ ചാനലുകളും DNA എന്ന പത്രവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിൽ ഒന്നായ Times Group മോദി സർക്കാരിന്റെ ഏറ്റവും വിശ്വസ്ത സ്ഥാപനമായി മാറിയിരിക്കുന്നു. സങ്കുചിത ദേശീയതയും ന്യൂനപക്ഷ ഭീതിയും ഇടതുപക്ഷ വിരുദ്ധതയുമൊക്കെ പരത്തുന്നതിൽ അവർക്ക് മുന്നിലുള്ളത് റിപ്പബ്‌ളിക് ടി.വി മാത്രമാണ്. മൂന്ന് വാർത്താ ചാനലുകളും 15 പത്രങ്ങളുമാണ് അവർക്കുള്ളത്.ആദിത്യ ബിർളാ ഗ്രൂപ്പിന്റെയും അരുൺ പുരിയുടെയും ഉടമസ്ഥതയിലാണ് TV Today. ആജ് തക്, ഇന്ത്യ ടുഡേ എന്നിവയടക്കം നാല് വാർത്താ ചാനലുകളാണുള്ളത്. താരതമ്യേന മതേതര നിലപാടുകൾ എടുക്കാൻ ശ്രമിക്കുന്ന NDTVയും പ്രണോയ്, രാധിക റോയിമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരികളുള്ള അഭയ് ഒസ്വാൾ എന്ന വ്യവസായിയുടെ കൂടി പങ്കാളിത്തത്തിലാണ്.

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ Sun Group നിരവധി വ്യവസായ താൽപര്യങ്ങളുള്ള മാരൻ കുടുംബത്തിന്റെയാണ്. 32 ചാനലുകളാണ് അവർക്കുള്ളത്. മൂന്നു പത്രങ്ങളും നടത്തുന്നു. News24 ഉടമ അനുരാധ പ്രസാദ് കോൺഗ്രസ് രാജ്യസഭാ എം.പിയും വ്യവസായിയുമായ രാജീവ് ശുക്ലയുടെ ഭാര്യയും ബി. ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ സഹോദരിയുമാണ്. India TV എന്ന മോദി ഭക്ത ചാനൽ ഉടമ രജത് ശർമ്മ എ.ബി.വി.പി മുൻ ജനറൽ സെക്രട്ടറി കൂടിയാണ്. റൂപർട് മർഡോക്കിന്റെ Star TV-ക്ക് 42 ചാനലുകളാണുള്ളത്. ഹിന്ദുത്വ ഫാസിസത്തിന്റെ സ്വന്തം ചാനൽ റിപ്പബ്ലിക് ടി.വിയുടെ ഉടമസ്ഥൻ Asianet ഉടമ കൂടിയായ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറാണ്.

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് കച്ചയും മെഴുക്കുമായി ഇറങ്ങിയിട്ടുള്ള മാധ്യമങ്ങളാണ് ഇവയൊക്കെ. ഈ ചാനലുകളാണ് നാം കാണുന്നത്, ഇവ നിശ്ചയിക്കുന്ന അജണ്ടകളാണ് നാം പിൻപറ്റുന്നത്. എന്നിട്ടും അംബാനിയുടെയും ബിർളയുടെയും മറ്റു കോർപ്പറേറ്റ് ഭീമന്മാരുടെയുമൊക്കെ മാധ്യമങ്ങൾ ജനങ്ങളോട് പറയുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനമാണ് തങ്ങൾ നടത്തുന്നത് എന്നാണ്. ഉദാര ജനാധിപത്യ വ്യവസ്ഥയിലെ താരതമ്യേന മതേതരവും ആധുനികവുമായ മൂല്യങ്ങൾ വെച്ചുകൊണ്ട് നടത്തുന്ന മാധ്യമ പ്രവർത്തനം പോലും ഇന്ത്യയിൽ പഴങ്കഥയായി മാറിയിരിക്കുന്നു. കോർപ്പറേറ്റുകളും സംഘപരിവാറുമാണ് വാർത്തകൾ നിശ്ചയിക്കുന്നത്, അതുണ്ടാക്കുന്നത്, മുൻഗണനാ ക്രമങ്ങൾ തീരുമാനിക്കുന്നത്. അത്തരത്തിലുള്ള മാധ്യമ പ്രവർത്തനത്തിനെ തികഞ്ഞ രാഷ്ട്രീയഅജണ്ടയുള്ള ഒന്നായല്ലാതെ എങ്ങനെയാണ് കാണേണ്ടത്?
ആനന്ദ് ബസാർ പത്രികയും മലയാള മനോരമയും ദൈനിക് ഭാസ്‌കറും പോലുള്ള പത്രങ്ങൾ പോലും മാധ്യമപ്രവർത്തനം കൊണ്ടുമാത്രം

നിലനിൽക്കുന്നവയല്ല. നാനാവിധമായ വ്യാപാര താൽപര്യങ്ങളാണ് അവയെ നയിക്കുന്നത്. ദൈനിക് ഭാസ്‌കറിന്റെ ഉദാഹരണം നോക്കാം. ഭോപ്പാലിൽ നിന്നും ഒരൊറ്റ പതിപ്പുള്ള ഒരു ഹിന്ദി പത്രമായി തുടങ്ങിയ ദൈനിക് ഭാസ്‌കറിന് ഇപ്പോൾ 5000 കോടി രൂപയിലേറെ വിപണി മൂലധനമുണ്ട്. 7 പത്രങ്ങളും നിരവധി റേഡിയോ സ്റ്റേഷനുകളും മാത്രമല്ല വസ്ത്ര വ്യാപാരം, എണ്ണവ്യവസായം, ഹോട്ടലുകൾ, ഭൂമികച്ചവടം, നിർമ്മാണം അങ്ങനെയങ്ങനെ നാനാമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നിരവധി താത്പര്യങ്ങൾ. ഇതിനെയൊക്കെ കുഴപ്പത്തിലാക്കിക്കൊണ്ടുള്ള മാധ്യമപ്രവർത്തന പ്രതിബദ്ധതയും സ്വതന്ത്ര മാധ്യമ പ്രവർത്തനവും ഇവരിൽ നിന്നും ജനം പ്രതീക്ഷിക്കണം എന്നാണ് മാധ്യമ മുതലാളിമാരുടെ ആവശ്യം.

ഭൂമിപൂജയുടെ ആനന്ദനിർവൃതി

ഒന്നും രണ്ടും മോദി സർക്കാരുകളുടെ ഇതുവരെയുള്ള കാലത്തൊന്നുംതന്നെ സർക്കാരിന്റെ ഒരു നയത്തെയും സാങ്കേതികമായിപ്പോലും ഖണ്ഡനം ചെയ്യാൻ ദേശീയ മാധ്യമങ്ങൾ തയ്യാറായില്ല. നോട്ടു നിരോധനം ഇതിന്റെ ഉദാഹരണമാണ്. ഒരു തവണ പോലും ആ തീരുമാനം എങ്ങനെയാണ് കേവലമായ തട്ടിപ്പ് മാത്രമാണ് എന്ന് കാണിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചില്ല. പകരം മോദിയുടെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് ആയാണ് അതിനെ അവതരിപ്പിച്ചത്. ബാൽകോട്ട് ആക്രമണം, പുൽവാമ സ്‌ഫോടനം, റഫേൽ ആയുധ ഇടപാട് എന്നിവയിലെല്ലാം കേന്ദ്ര സർക്കാരിന്റെ പത്രക്കുറിപ്പുകൾ പൊലിപ്പിച്ചു വായിക്കുക മാത്രമായിരുന്നു മിക്ക മാധ്യമങ്ങളും ചെയ്തിരുന്നത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് മനുഷ്യരെ നൂറുകണക്കിന് കിലോമീറ്റർ തെരുവുകളിലൂടെ നടത്തിച്ച ലോക്ക്ഡൗൺ പ്രഖ്യാപനവും സമാനമായ രീതിയിൽ ചോദ്യം ചെയ്യപ്പെടാതെ പോയി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന സമയത്ത് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണവും അതിന്റെ ശേഷം നടന്ന തീർത്തും നിയമവിരുദ്ധമായ നടപടികളുമെല്ലാം എത്ര സൗമ്യമായാണ് വാർത്താമുറികളിൽ ഒതുക്കപ്പെട്ടതെന്ന് പരസ്യമായ കാര്യമാണ്.

വഴങ്ങാത്തവരെ അടിച്ചമർത്തിയും ബാക്കിയുള്ളവരെ സ്തുതിപാഠകരാക്കിയും മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തുന്ന മാധ്യമ സർക്കസ് മറ്റ് പലതുംപോലെ ‘സ്വാഭാവികമാണ്' എന്ന് നമുക്ക് തോന്നുന്നത്ര സ്വാഭാവികമായിരിക്കുന്നു ഇപ്പോൾ. മലയാള മാധ്യമങ്ങളും ഈ ദേശീയധാരയിൽ നിന്ന് ഒട്ടും മുക്തരല്ല. കേന്ദ്ര സർക്കാരിനെയോ നരേന്ദ്ര മോദിയെയോ രാഷ്ട്രീയമായി എതിർക്കുന്ന നിലപാടുകളില്ല എന്ന് മാത്രമല്ല, ‘മോദി ഭാരതം' പോലുള്ള തലക്കെട്ടുകളിൽ ആത്മരതി കണ്ടെത്തുന്ന ഒരു വിഭാഗമായി അവർ മാറി. ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമിപൂജ നടത്തിയപ്പോൾ അതിനു തൊട്ടു പിറ്റേ ദിവസം വന്ന മാതൃഭൂമിയും മലയാള മനോരമയും എത്ര ആനന്ദനിർവൃതിയിലാണ് ആ വാർത്ത നൽകിയത് എന്നത് ഈ സ്വാഭാവികതയോടെ തെളിവാണ്.
ഇത്തരത്തിൽ ഏതാണ്ട് പൂർണമായും കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള, സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകളോട് ഐക്യദാർഢ്യം പുലർത്തുന്ന, ഭരണകൂടത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായി മാറിയ മാധ്യമങ്ങളുള്ള ഒരു ദേശീയ സാഹചര്യം ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ഉള്ളിൽ നിന്നും കാർന്നുതിന്നുകൊണ്ട് ഇല്ലാതാക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ശ്രമത്തെ ഏതാണ്ട് പൂർണതയിലേക്ക് എത്തിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് തേങ്ങാ മോഷണം

ഈ പശ്ചാത്തലത്തിൽക്കൂടി വേണം കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ കാണാൻ. ഒപ്പം തന്നെ നവ സാമൂഹ്യ മാധ്യമങ്ങളുമായി സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങൾ പരസ്പര സ്വാധീനം ചെലുത്തുന്ന ഒരു സാമൂഹ്യ പശ്ചാത്തലം കൂടി കേരളത്തിൽ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെത്തുമ്പോൾ മലയാള മാധ്യമങ്ങളുടെ വർഗപരമായ നിലപാടുകളിലും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലും വലിയ വന്നിട്ടില്ല എന്നും കാണാം. ഏതാണ്ട് മുക്കാൽ നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന അതേ രാഷ്ട്രീയ

നിലപാടുകളാണ് ഇപ്പോഴും മലയാള മാധ്യമങ്ങൾ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മലയാളമാധ്യമങ്ങളേയും അവയുടെ നിലപാടുകളേയും അതിന്റെ ചരിത്രപരതയിൽ നിന്നും വേറിട്ടു കാണുന്നത് ശരിയായ വിശകലനമോ രാഷ്ട്രീയമോ ആകില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ജന്മിത്തത്തിനും രാജഭരണത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനും എതിരായ പ്രക്ഷോഭങ്ങൾ ഏറ്റവും ശക്തമായി സംഘടിപ്പിച്ച ആദ്യ പതിറ്റാണ്ടായിരുന്നു 1940-കൾ. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന്​കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറിയതോടെ കർഷക സമരങ്ങളുടെ തരംഗമാലകളായിരുന്നു കേരളത്തിൽ ഉയർന്നത്. എന്നാൽ സ്വാഭാവികമായും ഭൂവുടമ ബന്ധങ്ങളിൽ പിന്തിരിപ്പൻ നിലപാട് സ്വീകരിച്ചിരുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വവും അതിന്റെ ചുവട് പിടിച്ചിരുന്ന ഉപരിവർഗവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ആശങ്കകളോടെയാണ് നോക്കിക്കണ്ടത്. ആഗോളതലത്തിൽ കമ്മ്യൂണിസത്തിനെതിരെ കുരിശുയുദ്ധം നടത്തുന്ന ​ക്രിസ്​ത്യൻ സഭയും തുടക്കം മുതലേ കമ്മ്യൂണിസമെന്ന ‘അപകടത്തെ' എതിർത്തു.
ക്രിസ്​ത്യൻ സമുദായത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനു വേണ്ടി സ്ഥാപിച്ച നസ്രാണി ദീപികയും (1887) കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തനമാരംഭിച്ച മാതൃഭൂമിയും (1923) കമ്മ്യൂണിസ്റ്റ് വിരോധം മറകൂടാതെ പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ കോൺഗ്രസ് നിലപാടുകൾ മാതൃഭൂമിക്ക് ഉണ്ടായിരുന്നുവെങ്കിൽ നസ്രാണി ദീപിക കൊളോണിയൽ ഭരണത്തിന്റെ അഞ്ചാം പത്തികളുടെ പത്രമായിരുന്നു. അതുകൊണ്ട് അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. ഇത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ വത്തിക്കാൻ ധാര മാത്രമായിരുന്നില്ല. കർഷക തൊഴിലാളികളും കുടിയാന്മാരും പരമ്പരാഗത വ്യവസായ തൊഴിലാളികളുമടക്കമുള്ളവർ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ സംഘടിക്കുന്നത് തങ്ങളുടെ സ്വത്തുടമാ മേൽക്കോയ്മയെ ബാധിക്കുമെന്ന കൃത്യമായ തിരിച്ചറിവിന്റെ ഭാഗം കൂടിയായിരുന്നു കേരളത്തിലുയർന്ന ആ എതിർപ്പ്.
ബ്രിട്ടീഷ് മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. മൊറാഴയിലും തലശ്ശേരിയിലും നടന്ന കർഷകജാഥകൾക്ക് നേരെ പൊലീസ് അതിക്രമം നടന്നു. 1940 സെപ്റ്റംബർ 15-ന്​ തലശ്ശേരിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ അബു, ചാത്തുക്കുട്ടി എന്ന രണ്ടു പേർ കൊല്ലപ്പെട്ടു. അടുത്ത ദിവസം മാതൃഭൂമിയുടെ മുഖപ്രസംഗം കർഷകരുടെ സമരരീതിയെ വിമർശിക്കുകയാണ് ചെയ്തത്. മലബാറിൽ സജീവ സാന്നിധ്യമല്ലാതിരുന്ന ദീപികയും പൊലീസ് നടപടിയെ പിന്തുണച്ചു. കമ്മ്യൂണിസ്റ്റുകൾ നുഴഞ്ഞുകയറിയാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്നായിരുന്നു ദീപിക എഴുതിയത്.
മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ വേരോട്ടമുണ്ടാക്കിയ കാലമായിരുന്നു തുടർന്ന് വന്നത്. ക്വിറ്റ് ഇന്ത്യ സമരം സംബന്ധിച്ച പാർട്ടി നിലപാടും രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ഘട്ടത്തിൽ യുദ്ധം ഫാസിസ്റ്റ് വിരുദ്ധ യുദ്ധമാണെന്നും അതുകൊണ്ട് ബ്രിട്ടനടങ്ങുന്ന സഖ്യക്ഷികളെ പിന്തുണയ്ക്കണമെന്ന നിലപാടും എടുത്തത് ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളരെ ദോഷകരമായി ബാധിച്ചെങ്കിലും കർഷകരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങൾക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയമുയർത്തിപ്പിടിക്കുന്നു എന്ന ബലം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിർത്താൻ കഴിഞ്ഞു. കേരളത്തിൽ (അന്ന് കേരളമായിട്ടില്ലെങ്കിലും) ഉടനീളം ജന്മിത്തത്തിനെതിരായ സമരം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കോൺഗ്രസിന്റെ ഭൂവുടമ നേതൃത്വത്തിൽ നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റി. ഈ ‘ആപത്തിനെതിരെ' ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിനും തിരുവിതാംകൂർ ദിവാനും മുന്നറിയിപ്പ് കൊടുക്കുന്ന പണിയായിരുന്നു അന്ന് ദീപികയും മാതൃഭൂമിയും ചെയ്തിരുന്നത്.
തിരുവിതാംകൂറിൽ ദിവാൻ സർ സി.പി രാമസ്വാമി അയ്യരും രാജാവും ചേർന്ന് സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കൻ മോഡൽ ഭരണക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി. ഫാസിസ്റ്റ് ശൈലിയിൽ നാട് ഭരിക്കാനാഗ്രഹിച്ച ദിവാൻ സി.പി എല്ലാ വിധ തൊഴിലാളി-കർഷക സമരങ്ങളെയും അടിച്ചമർത്താൻ ഏതറ്റം വരെയും പോകാനും തയ്യാറായി. അതിന്റെ പ്രധാന കാരണം ആ മുന്നേറ്റത്തിന്റെ രാഷ്ട്രീയ സ്വഭാവമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ 26-ഇന ആവശ്യങ്ങളിൽ ഒമ്പതെണ്ണം പൂർണമായും രാഷ്ട്രീയ മുദ്രാവാക്യങ്ങളായിരുന്നു. ഇവ പിൻവലിക്കണമെന്നായിരുന്നു ദിവാന്റെ പ്രധാന ആവശ്യം പോലും. തിരുവിതാംകൂറിൽ നടന്ന വിവിധ തൊഴിലാളി പണിമുടക്കുകൾ, കർഷക സമരങ്ങൾ ഇവയുടെയൊക്കെ പശ്ചാത്തലത്തിലാണ് പുന്നപ്ര-വയലാറിലേക്കെത്തുന്നത്.

തിരുവിതാംകൂറിൽ കടുത്ത ജാതി വിവേചനം പ്രകടമായി നിലനിന്ന സമയം കൂടിയാണത്. തിരുവിതാംകൂറിലെ 75% പേരും കൃഷി ചെയ്തു

ജീവിക്കാനാവശ്യമായ ഭൂമിയില്ലാത്ത ഭൂരഹിതരായിരുന്നു. സവർണ്ണ ഹിന്ദുക്കളും സുറിയാനി ക്രിസ്​ത്യാനികളുമായിരുന്നു മിക്ക ഭൂവുടമകളും. നസ്രാണി ദീപിക എന്ന സുറിയാനി ക്രിസ്​ത്യാനി പത്രത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന് വിശ്വാസം മാത്രമായിരുന്നില്ല കാരണമെന്ന് മനസിലാക്കാവുന്നതേയുളളു. പുന്നപ്ര-വയലാറിന് ഏതാണ്ട് ഒരു മാസം മുമ്പ് (1946 സെപ്റ്റംബർ, 30) കമ്മ്യൂണിസം അപകടകരമാണെന്നും തൊഴിലാളി സഹോദരങ്ങൾ അത് തിരിച്ചറിയുന്നു എന്നും ദീപിക ആശ്വാസം കണ്ടെത്താനായി ശ്രമിച്ചു. ഒക്ടോബർ 7-ന്​ കമ്മ്യൂണിസം അക്രമമാണ്, അവർ ദൈവനിഷേധികളായ അപകടകാരികളാണ് എന്ന് വീണ്ടും ദീപിക മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിരവധി വാർത്തകൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ വന്നുകൊണ്ടിരുന്നു.
1946 ഒക്ടോബർ 24-നു പുന്നപ്രയിൽ നടന്ന വെടിവെപ്പിൽ 35 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒക്ടോബർ 27-ന്​ വയലാറിൽ നടന്ന വെടിവെപ്പിൽ നൂറുകണക്കിന് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പട്ടാളത്തെ ഇറക്കി ദിവാൻ നടത്തിയ നരനായാട്ടിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ആയിരക്കണക്കിനാളുകൾ കടുത്ത മർദനത്തിനിരകളായ്. എന്നാൽ വെടിവെപ്പിന് ശേഷം ദീപിക എഴുതിയത് ‘കമ്മ്യൂണിസ്റ്റ് നേതാക്കളാണ് കുഴപ്പം, തൊഴിലാളികളല്ല' എന്നാണ്. ‘നിരീശ്വരവാദികളും സായുധവിപ്ലവത്തിൽ വിശ്വസിക്കുന്നവരുമായ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുക’ എന്നതായിരുന്നു ദീപിക നിർദേശിച്ച പരിഹാരം. അതുകൊണ്ടും നിന്നില്ല ദീപികയുടെ കമ്മ്യൂണിസ്റ്റ് വിരോധം. പുന്നപ്ര-വയലാർ വെടിവെപ്പിന് ശേഷം കമ്മ്യൂണിസ്റ്റുകാർ പറമ്പിൽ കയറി തേങ്ങ മോഷ്ടിക്കുന്നു എന്നുവരെ എഴുതിക്കളഞ്ഞു. നൂറുകണക്കിന് മനുഷ്യരെ വെടിവെച്ചുകൊന്ന്, നാട്ടിലെങ്ങും സി പിയുടെ സൈന്യം ആണും പെണ്ണും കുട്ടികളും ഭേദമില്ലാതെ തല്ലിയൊതുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ദീപികയുടെ സംഭ്രമജനകമായ കമ്മ്യൂണിസ്റ്റ് തേങ്ങാ മോഷണവാർത്തകൾ!
മാതൃഭൂമിയും തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധം മറച്ചുവെച്ചില്ല. സമൂഹത്തിലെ സാമൂഹ്യവിരുദ്ധ ശക്തികളെ-അതായത് കമ്മ്യൂണിസ്റ്റുകാരെ- നിയന്ത്രിക്കുന്നതിൽ ദിവാൻ പരാജയപ്പെട്ടു എന്ന് പത്രം വിമർശിച്ചു (1946 ഒക്ടോബർ 30). പ്രശ്‌നം പരിഹരിക്കാതെ കമ്മ്യൂണിസ്റ്റുകാരെ വളരാനുവദിച്ചതിനും മാതൃഭൂമി ദിവാനെ കുറ്റപ്പെടുത്തി. മലയാള മാധ്യമപ്രവർത്തനത്തിന്റെ മുഖ്യധാര എന്നത് എങ്ങനെയൊക്കെയാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പദകോശങ്ങളാൽ സമ്പന്നമായിരിക്കുന്നത് എന്നതിന്റെ ആദ്യ പതിറ്റാണ്ടായിരുന്നു അത്.

‘കർത്താവിന്റെ നാമത്തിൽ, വിശ്വാസം സംരക്ഷിക്കാൻ'

ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഇനിയെന്ത് ചെയ്യേണ്ടു എന്ന സംഭ്രമം ഈ വർത്തമാനപ്പത്രങ്ങളെ ജനാധിപത്യവിരുദ്ധതയുടെ ഏതറ്റം വരെയും പോകാൻ സന്നദ്ധരാക്കി. ഒട്ടും ക്ഷമയില്ലാതെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ അക്രമവും വേണ്ടിവന്നാൽ ഉപയോഗിക്കണമെന്ന് ദീപിക പത്രം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ ബില്ലും കാർഷിക ബന്ധ ബില്ലും അവതരിപ്പിച്ചതോടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സഖ്യം രൂപം കൊണ്ടു. നായന്മാരുടെ നേതൃത്വത്തിൽ സവർണ ഹിന്ദുക്കൾ, ക്രിസ്ത്യൻ സഭ, എസ്.എൻ. ഡി.പി, ക്രിസ്ത്യൻ സഭ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയടങ്ങുന്ന ഒരു സഖ്യം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ സമരം തുടങ്ങി. വളരെ വ്യക്തമായും ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരിന്റെ രാഷ്ട്രീയ നിയമനിർമ്മാണങ്ങളിൽ അസംതൃപ്തരായ സ്വത്തുടമാവർഗത്തിന്റെ സമരമായിരുന്നു അത്.
1959 മാർച്ച് 5 -നു കോട്ടയത്ത് സ്വകാര്യ സ്‌കൂൾ മാനേജർമാരുടെ യോഗം, മാർച്ച്

8-നു പെരുന്നയിൽ 200 നായർ പ്രമാണിമാരുടെ യോഗം, എറണാകുളത്ത് നടന്ന ബിഷപ്പ് കോൺഫറൻസിൽ വിദ്യാഭ്യാസ ബില്ലിനെതിരെ പോരാടാൻ ആഹ്വാനം, കോൺഗ്രസിന്റെ സമരങ്ങൾ അങ്ങനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ ഭൂവുടമകളും കൃസ്ത്യൻ സഭയും മറ്റ് മത സാമുദായിക ശക്തികളും കോൺഗ്രസും ചേർന്ന് നടത്തിയ, കേരളത്തിന്റെ പിൽക്കാല രാഷ്ട്രീയഗതിയെ നിർണായകമായി നിശ്ചയിക്കുകയും ഒരു ആധുനിക സമൂഹമെന്ന നിലയിലുള്ള അതിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ മുന്നണി അന്നത്തോടെ രുപം കൊണ്ടു.
ക്രിസ്ത്യൻ സഭ വിഷലിപ്തമായ ആക്രമണവുമായി അതിന്റെ മുന്നിലുണ്ടായിരുന്നു. ‘‘കർത്താവിന്റെ നാമത്തിൽ, വിശ്വാസം സംരക്ഷിക്കാൻ സമരത്തിനിറങ്ങാൻ'' ഇടയലേഖനം (1959 മെയ് 7) ആഹ്വാനം ചെയ്തു. കോടിക്കണക്കിനു രൂപ അമേരിക്ക ചാരസംഘടനയായ സി.ഐ.എ കേരളത്തിലേക്കൊഴുക്കി. 1959 ജനുവരി 1-നും ഏപ്രിൽ 30-നും ഇടയിൽ വിദേശരാജ്യങ്ങളിൽ നിന്നും മൂന്നു കോടി എഴുപതു ലക്ഷം രൂപ കേരളത്തിലെ ​ക്രിസ്​ത്യൻ സഭകൾക്ക് ലഭിച്ചു എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പാർലമെന്റിൽ എ.കെ. ഗോപാലൻ ഇന്നയിച്ച ഒരു ചോദ്യത്തിന് മറുപടി നൽകി.

ഇ.എം.എസ്​
ഇ.എം.എസ്​

യാതൊരുവിധ ജനാധിപത്യ മര്യാദയും സമരക്കാർ പുലർത്തിയില്ല. അന്നുവരെ തങ്ങളുടെ കുടികിടപ്പുകാരും തമ്പ്രാ എന്നുവിളിച്ചു ഭയന്ന് നിന്നവരും ഒരു ചുവന്ന കൊടിയുമായി തങ്ങളുടെ മുന്നിലൂടെ രാഷ്ട്രീയാധികാരത്തിലേക്ക്, നടുവളക്കാതെ മുഷ്ടിചുരുട്ടി ഇടിമുഴുങ്ങുന്ന മുദ്രാവാക്യങ്ങളുമായി നടന്നുപോയ കാഴ്ച്ച അവരെ അത്രയേറെ വിറളി പിടിപ്പിച്ചിരുന്നു. ജനങ്ങൾ ഈ മന്ത്രിമാരിൽ നിന്നും അധികാരം പിടിച്ചെടുത്താൽ, അവരെ വിചാരണ ചെയ്ത് കണ്ണും മൂക്കും ഛേദിക്കണമെന്നും പരസ്യമായി ചാട്ടക്കടിക്കണമെന്നും സമരനേതാവും നായർ സർവീസ് സൊസൈറ്റിയുടെ നേതാവുമായ മന്നത്ത് പദ്മനാഭൻ പ്രസംഗിച്ചു. യാതൊരു വിധ സന്ദേഹവുമില്ലാതെ മതത്തെ രാഷ്ട്രീയത്തിൽ വിഷം പോലെ കൂട്ടിക്കലർത്തി. ക്രിസ്ത്യാനികളുടെ ക്രിസ്റ്റഫർ സേനയുണ്ടായി. ബാക്കിയുള്ളവരുടെ ശാന്തി സേന വന്നു. മന്നത്തിന്റെ വിമോചന സമര ജാഥകൾ ക്ഷേത്രാഘോഷം പോലെയായിരുന്നു. വെൺകൊറ്റക്കുടയും മയൂരസിംഹാസനവുമൊക്കെയുള്ള രഥത്തിൽ, ഇരുവശവും വാളേന്തിയ നായന്മാരുമായി ഒരു സമൂഹത്തിനെ ജീർണ്ണമായ ജന്മി വ്യവസ്ഥയിൽ തളച്ചിടാനുള്ള വെപ്രാളവുമായി ഒരു ആധുനിക സമൂഹത്തിന്റെ യാത്ര തടയുന്ന ഭൂതകാലത്തിലെ കോമാളിരാജാവിനെപ്പോലെ മന്നം സമരജാഥകൾ നടത്തി.
എന്തായാലും ജനാധിപത്യനിഷേധത്തിന്റെ അശ്ലീലം മറയ്ക്കാൻ ഒരത്തിയിലയുടെ മറ പോലുമില്ലായെങ്കിലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 1959 ജൂലായ്-31-നു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ പിരിച്ചുവിട്ടു.

മലയാള മനോരമ തങ്ങൾ സർവാത്മനാ പിന്തുണച്ച ഈ സമരത്തെ അഭിമാനപൂർവം വിലയിരുത്തിക്കൊണ്ടെഴുതിയ മുഖപ്രസംഗത്തിൽ '1959 ജൂൺ-ജൂലായ് കാലത്ത് കേരളത്തിൽ നടന്ന വിമോചന സമരം എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ കക്ഷികളേയും സാമുദായിക സംഘടനകളേയും ഒന്നിപ്പിച്ച അപൂർവം ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നമുക്ക് അത്തരം ഐക്യം കാണാനാകില്ല'' എന്ന് ഊറ്റം കൊണ്ടു. ഇങ്ങനെയാണ് കേരളത്തിലെ 'സ്വതന്ത്ര മാധ്യമങ്ങൾ'' കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ സ്വാഗതം ചെയ്തത്. പിന്നീടങ്ങോട്ട് കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ മുഖ്യധാരാ മാനദണ്ഡങ്ങളിലൊന്ന് വിമോചനസമരത്തിന്റെ രാഷ്ട്രീയത്തോടുള്ള അവയുടെ ഒരിക്കലും വേർപ്പെടാത്ത ബന്ധമായിരുന്നു.

ഇടതുപക്ഷത്തിന്റെ പൊരുത്തപ്പെടലുകൾ

വിമോചനസമരത്തിനു ശേഷമുള്ള കാലഘട്ടത്തിൽ കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ സ്വഭാവം ഗണത്തിലും ഗുണത്തിലും ഏറെ മാറി. ബൂർഷ്വാസി ഇടതുപക്ഷത്തെ സ്വാധീനിക്കുകയായിരുന്നു എന്ന് പറയാം. ഇടതുപക്ഷത്തെ ഒരു തെരഞ്ഞെടുപ്പ് യാഥാർത്ഥ്യമായി അംഗീകരിച്ചെങ്കിലും കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ഇപ്പോഴും പ്രതിരോധത്തിലാക്കി നിർത്തുന്ന തരത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ കൂട്ടുകെട്ട് അതോടെ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ

ഇടതുപക്ഷം എന്ന ആശയത്തെ എല്ലാകാലത്തും വിട്ടുവീഴ്ച്ചയില്ലാതെ അവർ എതിർത്തുകൊണ്ടിരുന്നു. മാതൃഭൂമി, മലയാള മനോരമ, ദീപിക എന്നീ മൂന്നു പത്രങ്ങളുടെ ചരിത്രം മാത്രമെടുത്താൽ മതി അതിനു തെളിവായി.
അപ്പോഴൊക്കെയും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തിൽ ബൂർഷ്വാസിയും മത സാമുദായിക ശക്തികളുമായുള്ള പൊരുത്തപ്പെടലുകൾ അതിവേഗം വന്നുകൊണ്ടിരുന്നു. ഒരു തരത്തിലും സാമൂഹ്യമായ തൽസ്ഥിതിയെ ഉലയ്ക്കാനോ സാമൂഹ്യ അധീശത്വത്തെ ചോദ്യം ചെയ്യാനോ അപായസാധ്യതകൾ എടുക്കാത്ത മുഖ്യധാരാ ഇടതുപക്ഷം, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ നിന്നും മൂലധന താത്പര്യങ്ങളുമായി എത്രയും പൊരുത്തപ്പെടുന്ന കക്ഷികളായി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മാറിക്കൊണ്ടിരുന്നു. പക്ഷെ മുഖ്യധാര മാധ്യമങ്ങളുടെ പ്രശ്‌നം അവിടം കൊണ്ടവസാനിക്കുന്നില്ല. അത് എത്രയൊക്കെ ജീർണിച്ചാലും ഇടതുപക്ഷം എന്ന ഒരാശയത്തിനുള്ള സാമൂഹ്യ വ്യവഹാര സാധ്യത നിലനിൽക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ നിരന്തരമായി ആക്രമിച്ചുകൊണ്ട് മുഖ്യധാര ഇടതുപക്ഷത്തെ എത്രത്തോളം ഇടതുരാഷ്ട്രീയം കയ്യൊഴിയാൻ നിർബന്ധിതരാക്കാമോ അത്രയും ചെയ്യാൻ അവർ തയ്യാറാണ്. ഈ രാഷ്ട്രീയ പരിസരത്തു നിന്നുകൊണ്ടുള്ള സ്വതന്ത്ര മാധ്യമ പ്രവർത്തനവും മാധ്യമ ധാർമികതയുമാണ് ഇപ്പോഴും ഭൂരിഭാഗം മലയാള മാധ്യമങ്ങളേയും നയിക്കുന്നത്.

കൂട്ടരതിയുടെ നിർവൃതി

വാർത്താ ചാനലുകളുടെ ഉടമസ്ഥതയിലും വിമോചനസമരക്കാലത്തെ പശ്ചാത്തലത്തിൽ നിന്നും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല എന്നത് പ്രധാന വസ്തുതയാണ്. മലയാള മനോരമയും, മാതൃഭൂമിയും കേരളത്തിലെ മഹാഭൂരിപക്ഷം ദിനപ്പത്രവായനക്കാരുടേയും കയ്യിൽ എന്നുമെത്തുന്നു. ദൃശ്യ വാർത്താ മാധ്യമങ്ങളിലും അതുതന്നെയാണ് അവസ്ഥ. മുന്നിലുള്ള ഏഷ്യാനെറ്റിനും രാഷ്ട്രീയനിലപാടിൽ ഇവരിൽ നിന്നും വലിയ മാറ്റമൊന്നുമില്ല. അതായത്, വിമോചനസമരക്കാലത്തെ രാഷ്ട്രീയത്തിൽ നിന്നും മുഖ്യധാരാ മാധ്യമ ലോകം ഇപ്പോഴും മാറിയിട്ടില്ല എന്ന് മാത്രമല്ല, പുതിയ മാധ്യമ സാങ്കേതികവിദ്യകളും അവർ വഴി തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്.
വിമോചനസമരക്കാലം നിർണ്ണയിച്ച പ്രതിലോമ രാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണം കേരളത്തെ ഒരാധുനിക സമൂഹത്തിന്റെ പല സ്വാഭാവവിശേഷങ്ങളും കയ്യാളുന്നതിൽ നിന്നും പിറകോട്ടടിപ്പിച്ചു. അതിലൊന്ന് മാധ്യമപ്രവർത്തനത്തിലെ തൊഴിൽപരമായ നൈപുണ്യം നേടലാണ്. കേവലമായ കക്ഷി രാഷ്ട്രീയ അജണ്ടകളും സാമുദായിക അജണ്ടകളും പേറുന്ന ഒരുകൂട്ടം കടലാസുകളായി പത്രങ്ങൾ മാറി. നമ്മുടെ വലിയ മാധ്യമപ്രവർത്തകർ എന്ന് കരുതുന്നവരുടെ ഓർമ്മക്കുറിപ്പുകൾപ്പോലും രാഷ്ട്രീയനേതാക്കളുമായുള്ള അടുപ്പത്തിന്റെയും അവരുടെ പിന്നാമ്പുറ കഥകളുടെ ശേഖരത്തിലുള്ള പൊങ്ങച്ചവുമായാണ് വരുന്നത്. അതിനപ്പുറം പോകാനായില്ല.
ദൃശ്യ മാധ്യമങ്ങളും ഏതാണ്ട് ഇതേ ഘടനയാണ് പിന്തുടർന്നത്. എല്ലാ ദിവസവും രാത്രി ഒമ്പതരയ്ക്ക് എല്ലാ വാർത്താ ചാനലുകളിലും കാണിക്കുന്നത് സിനിമ പാട്ടുകളും സംഭാഷണങ്ങളും രാഷ്ട്രീയക്കാരുടെ വർത്തമാനങ്ങളും ദൃശ്യങ്ങളുമൊക്കെ ചേർത്തുവെച്ചുള്ള പരിപാടികളാണ് എന്നത് വാർത്ത എങ്ങനെയാണ് ഉറക്കത്തിനു മുമ്പ് തമാശയാക്കേണ്ടത് എന്ന ക്ഷമാപണമാണ്. എങ്ങനെയാണ് പരമാവധി ഇക്കിളിപ്പെടുത്തുക എന്നതാണ് നോട്ടം. ഇത് പത്രങ്ങൾ, പ്രത്യേകിച്ചും മലയാള മനോരമ എക്കാലത്തും വാർത്തകളോട് എടുക്കുന്ന ഒരു സമീപനമാണ്. ഇപ്പോൾ മറ്റു പത്രങ്ങളും.
പിന്നീട് അർണബ് ഗോസ്വാമിയെപ്പോലുള്ള ഹിംസാത്മകമായ അതിദേശീയതയുടെ രാഷ്ട്രീയ ജിഹ്വയുടെ ആക്രോശങ്ങളെയാണ് മലയാളി വാർത്താ അവതാരകരും മാതൃകയായി കണ്ടത്. പരമാവധി ബഹളമുണ്ടാക്കുകയും ഹിംസാത്മകമായ പൗരുഷ പ്രകടനത്തിൽ വിജയിക്കുകയും ചെയ്യുക എന്നതാണ് ഓരോ രാത്രിയിലും ചർച്ചാവതാരകരുടെ ലക്ഷ്യം എന്നായി. ഈ ഹിംസാത്മകത ഒരു ആകസ്മികതയല്ല. അത് ഹിന്ദുത്വ രാഷ്ട്രീയ ബോധപൂർവം വളർത്തിയെടുക്കുന്ന ഒരു സാമൂഹ്യ വികാരമാണ്. പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കുന്ന അർണബ് ഗോസ്വാമി അത് കണ്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം ആളുകൾക്കും ഒരു കൂട്ടരതിയുടെ നിർവൃതി നൽകുമ്പോഴാണ് നരേന്ദ്ര മോദിയുടെ ഹിന്ദു സാമ്രാട്ട് പദവി കൂടുതൽ ഉറയ്ക്കുന്നത്.എന്തായാലും ഇന്നിപ്പോൾ ഒരു നാടകത്തിൽ അഞ്ചരക്കട്ടയിൽ പാട്ടുപാടി ഒരു ഭാഗവതർ വന്നും പോയുമിരുന്നാൽ എങ്ങനെയാണ് നമുക്ക് തോന്നുക? തീർച്ചയായും ഇപ്പോഴുള്ള ദൃശ്യമാധ്യമ ചർച്ചകൾ മിക്കതും ഏറെയകലെയല്ലാത്ത ഒരു കാലത്ത് സമൂഹം അങ്ങനെയായിരിക്കും കാണുക എന്നതിൽ സംശയമില്ല.

ജനം കാഴ്ചക്കാർ മാത്രം

നവ സാമൂഹ്യമാധ്യമങ്ങൾക്കൂടി വന്നതോടെ അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ മേലുള്ള സമ്മർദ്ദം ഏറി. നവ സാമൂഹ്യമാധ്യമങ്ങളാകട്ടെ ഇതുവരെയില്ലാത്തവിധത്തിലുള്ള ഒരു സാമൂഹ്യ ഇടപെടലിന്റെ പുതിയ ഇടത്തെയാണ് ലോകത്താകെ സൃഷ്ടിച്ചത്. ഏതു തരത്തിലുള്ള ആശയവിനിമയ സാങ്കേതിക വിദ്യയും ഇത്തരത്തിലുള്ള ഒരു സാധ്യത അതിന്റെ വ്യാപനഘട്ടത്തിൽ ജനങ്ങൾക്കിടയിൽ തുറക്കുന്നുണ്ട്. വാസ്തവത്തിൽ സാങ്കേതികവിദ്യയെ കുത്തകവൽകരിക്കുകയും ലാഭമുണ്ടാക്കാനും വ്യവസ്ഥാപിതമായ ആശയങ്ങളുടെ മേൽക്കോയ്മ നിലനിർത്താനുള്ള ഒരു വഴിയായി ഉപയോഗിക്കുകയും ചെയ്യുമ്പോഴും ആശയവിനിമയ

സാങ്കേതികവിദ്യയുടെ മേഖലയിൽ ഇതേ ലാഭേച്ഛ തന്നെ അതിനെ കൂടുതൽ ആളുകളിലേക്ക് കുറഞ്ഞ ചെലവിൽ എത്തിക്കുക എന്നത് അനിവാര്യമാക്കുകയും ചെയ്യുന്നുണ്ട്. ഈ വൈരുദ്ധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് അച്ചടിയുടെ കാര്യത്തിൽ ലോകമാകെ ജനകീയ മുന്നേറ്റങ്ങൾ പ്രയോഗിച്ച രീതിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ലോകത്തെങ്ങും പാർട്ടി സംഘടന കെട്ടിപ്പടുക്കാൻ തുടങ്ങുമ്പോൾ തന്നെ പത്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ദേശീയ വിമോചന പോരാട്ടങ്ങളും ഇതുതന്നെയാണ് ചെയ്തത്. പ്രാവ്ദയും, ഇസ്വേസ്തിയയും, യങ് ഇന്ത്യനും, നവ് ജീവനും, പ്രഭാതവും ദേശാഭിമാനിയും എല്ലാം ഇത്തരത്തിലാണ് തുടങ്ങിയത്.
എന്നാൽ ദൃശ്യ മാധ്യമങ്ങളുടെ കാര്യത്തിൽ ഇത് സാധ്യമായിരുന്നില്ല. ഭീമമായ മുതൽമുടക്കാവശ്യമുള്ള വാർത്താ ചാനലുകളുടെ വരവോടെ രാഷ്ട്രീയ-സാമൂഹ്യ സംവാദങ്ങൾ വീണ്ടും ഏകപക്ഷീയമായി. ജനം കാഴ്ചക്കാർ മാത്രമായി. അച്ചടിയുടെ സാർവത്രികത നൽകിയ ആത്മവിശ്വാസം ജനങ്ങൾക്ക് നഷ്ടമായി. നവ സാമൂഹ്യ മാധ്യമങ്ങൾ ഈ ഏകപക്ഷീയമായ കളിയെ മാറ്റുകയായിരുന്നു. ഇന്റർനെറ്റിന്റെ വ്യാപകമായ ഉപയോഗം ജനങ്ങളുടെ വിവര ശേഖരണത്തിനുള്ള വഴികളെ സമാനതകളില്ലാത്തവിധം വിപുലമാക്കി. വാർത്തകളുടെ തത്സമയ വിനിമയമാണ് ദൃശ്യ മാധ്യമങ്ങൾ അച്ചടി മാധ്യമങ്ങൾക്ക് മേൽ നേടിയിരുന്ന സാങ്കേതിക മുൻകൈ എങ്കിൽ സാമൂഹ്യമാധ്യമങ്ങൾ അതിൽ ദൃശ്യ വാർത്താ മാധ്യമങ്ങൾക്കൊപ്പമെത്തി. വാർത്തകളുടെ പ്രചാരണക്രമം ദൃശ്യ മാധ്യമങ്ങൾ മാത്രമല്ല മറ്റ് നിരവധി തൽപരകക്ഷികൾക്കൂടി ഇടപെടുകയും നിശ്ചയിക്കുകയും ചെയ്യുന്ന ഒന്നായി. ഇതോടെ വാസ്തവത്തിൽ ദൃശ്യ വാർത്താ മാധ്യമങ്ങൾ തങ്ങളുടെ പ്രധാന എതിരാളിയായി കാണുന്നത് സമാന ചാനലുകളെയല്ല, മറിച്ച് നവ സാമൂഹ്യ മധ്യമങ്ങളെയാണ്. അജണ്ട നിശ്ചയിക്കുന്നതിൽ നടക്കുന്ന ഈ മത്സരത്തിൽ അവർ നേരിടുന്ന വെല്ലുവിളി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കേണ്ടാത്ത ഒരു എതിരാളിയാണ് സാമൂഹ്യ മാധ്യമങ്ങൾ എന്നതാണ്. വാർത്തകൾ കണ്ടെത്തുന്നതിൽ മാത്രമല്ല അവയുടെ വിശകലനത്തിലും ഒരു തരത്തിലും സാമൂഹ്യ മാധ്യമങ്ങൾക്കൊപ്പമെത്താൻ ദൃശ്യ മാധ്യമങ്ങൾക്കാകില്ല. കാരണം ലക്ഷക്കണക്കിന് മനുഷ്യർ ഒരേസമയം ഒരു വിഷയത്തിൽ പുറപ്പെടുവിക്കുന്ന നാനാവിധമായ, പല നിലവാരത്തിലുള്ള അഭിപ്രായങ്ങൾക്കു ശേഷമാണ് ഒരു രാത്രി ചർച്ചയിലേക്ക് മാധ്യമങ്ങൾക്കെത്താനാകുന്നത്.

മൽസരം ട്രോളുകളുമായി

വാസ്തവത്തിൽ നാഗരികതയുടെ സാമൂഹ്യഘടനയുടെ ഉരുത്തിരിയലിൽ സവിശേഷമായ ഒരു ഘട്ടമാണിത്. ഇതാദ്യമായാണ് ലോകത്തെങ്ങുമുള്ള മനുഷ്യർ വ്യക്തികളെന്ന നിലയിൽ സ്വന്തം സമയത്തിന്റെയും സ്ഥലത്തിന്റെയും സൗകര്യങ്ങൾക്കനുസരിച്ച് നിരന്തരമായി പൊതുസമൂഹത്തിൽ സംവദിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ വാർത്താ മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിദഗ്ധരരുടെ വിശകലനവിപണിമൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു.
മലയാള ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ചർച്ചകൾ ശ്രദ്ധിച്ചാൽ ഈ സ്വാധീനം വളരെ വ്യക്തമാണ്. 'ട്രോളുകളുമായാണ്' അവതാരകരും ചർച്ചകളിൽ പങ്കെടുക്കുന്നവരും മിക്കപ്പോഴും മത്സരിക്കുന്നത്. മലയാള സിനിമകളിലെ കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ,രംഗങ്ങൾ എന്നിവയൊക്കെയാണ് മിക്കപ്പോഴും ഉപമകളായും അലങ്കാരങ്ങളായും വരുന്നത്. ഇത്തരത്തിലൊരു ജനപ്രിയതയുടെ അമിതഭാരം ആരും ആവശ്യപ്പെടാതെത്തന്നെ മുതുകത്ത് കെട്ടിവെച്ചാണ് മലയാള ദൃശ്യ വാർത്താ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.
ഒപ്പം തന്നെ ആഴ്ചയിലൊരിക്കൽ വരുന്ന വല്ല മാധ്യമവിചാരം പംക്തിയിലും പറയുന്ന നാല് സാമ്പ്രദായിക വിമർശനിങ്ങളിൽ നിന്നും മാറി സാമൂഹ്യമാധ്യമങ്ങളിലെ ഉടന്തടി അളന്നുതൂക്കത്തിന് വിധേയരാകും എന്നൊരു അപായം കൂടി ഇപ്പോൾ മാധ്യമപ്രവർത്തകർക്കുണ്ട്. ഒരു ഓഹരിക്കമ്പോളം പോലെ നിങ്ങളുടെ വിപണിമൂല്യം ചാഞ്ചാടിക്കൊണ്ടേയിരിക്കും. ഈ സാമൂഹ്യ മാധ്യമ വിമർശനങ്ങളിലാകട്ടെ പ്രത്യേകിച്ചുള്ള വൈദഗ്ധ്യ നിബന്ധനകളൊന്നുമില്ല. അത് പൊതുസമൂഹത്തിന്റെ പലതരത്തിലുള്ള സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കും. ഇവിടെയാണ് മാധ്യമങ്ങൾക്ക് വീണ്ടും അവർകൂടി സൃഷ്ടിക്കുന്ന പൊതുബോധവുമായി നേർക്കുനേർ കാണേണ്ടിവരുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല താനും.
എന്താണ് മാധ്യമങ്ങൾക്കു നേരെയും മാധ്യമപ്രവർത്തകർക്ക് നേരെയും പൊതുപ്രവർത്തകർക്ക് നേരെയുമൊക്കെ ഇപ്പോൾ ഉയരുന്ന സാമൂഹ്യ- മാധ്യമ വിമർശനത്തിന്റെ പൊതുസ്വഭാവം? അത് രണ്ടു തരത്തിലുണ്ട്. ഒന്ന്, വാർത്തയുടെ, നിലപാടുകളുടെ, ദൈനംദിന ഇടപെടലുകളുടെയൊക്കെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്കുകൂടി ലഭ്യമായ വിവരശേഖരത്തിന്റെയും നാനാവിധ സ്രോതസ്സുകളിൽ നിന്നുള്ള വിശകലനങ്ങളുടെയും അടിസ്ഥാനത്തിലും തങ്ങളുടെ സാമൂഹ്യബോധത്തിന്റെ ചട്ടക്കൂടിലും നിന്നുകൊണ്ട് നടത്തുന്ന വിമർശനം. ഇത് ഒരു ജനാധിപത്യ സമൂഹത്തിൽ ആശാസ്യമായ ഒന്നാണ്. നേരത്തെ മാധ്യമങ്ങൾക്ക്, രാഷ്ട്രീയ നേതൃത്വത്തിന്, അധികാര കേന്ദ്രങ്ങൾക്ക് ഒന്നും തന്നെ ഇത്തരത്തിലുള്ള നിരന്തര വിലയിരുത്തലുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഇനിയത് ഒഴിവാക്കാൻ കഴിയുന്നതല്ല. തിരിച്ചുപോക്കില്ലാത്തവിധം സാമൂഹ്യ ഇടപെടലുകളുടെ സ്ഥലകാല സീമകളെ അത് മാറ്റിയിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുകളികൾക്ക് വാർത്തകളെ മൂടിവെക്കാനുള്ള ആഡംബരം മുമ്പെന്നത്തേക്കാളും കുറഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തിലും പൊതുബോധ നിർമ്മിതിക്കുള്ള ഏറ്റവും ഏകോപിതമായ സാമൂഹ്യസ്ഥാപനം എന്ന പദവി ഇപ്പോഴും പരമ്പരാഗത മാധ്യമങ്ങൾക്കുണ്ട്. ആ മണ്ഡലത്തിൽ മലയാള മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത് എന്നത് അവർ ഇരയാകുന്ന ചിലതരം ജനാധിപത്യവിരുദ്ധമായ വ്യക്ത്യധിഷ്ഠിത വിമർശനങ്ങളുടെ പരിതഃസ്ഥിതിയെ എങ്ങനെയാണ് പരിപോഷിപ്പിച്ചതെന്നതിന്റെ തെളിവാണ്.
ഏറ്റവും പ്രകടമായ ഉദാഹരണം ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ ലഹളക്കാലമായിരുന്നു. മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും സ്ത്രീ പ്രവേശനത്തിനും കോടതി വിധിക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് എന്താണിത്ര ധൃതി എന്ന് ചർച്ചകളിലെ അവതാരകർ ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. ലിംഗനീതിയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ട ബാധ്യത ഒറ്റപ്പെട്ട ശബ്ദങ്ങളിലേക്ക് ചുരുക്കി. ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു സമരത്തെ വിശ്വാസികളുടെ നാമജപപ്രതിഷേധമായി അവതരിപ്പിച്ചു. സംഘപരിവാറിനൊപ്പം കോൺഗ്രസും വിശ്വാസ സംരക്ഷണ ജാഥയുമായിറങ്ങി. വിമോചനസമരത്തിന്റെ എല്ലാ ചേരുവകളും ഇത്തവണയും കൂട്ടിച്ചേർത്തു. മന്നത്ത് പദ്മനാഭന്റെ വെൺകൊറ്റക്കുടയും രഥവും സിംഹാസനവും വാളൂരിയ നായർ പടയാളിയുമൊക്കെ സുകുമാരൻ നായരുടേയും സംഘപരിവാറിന്റെയും വഴികളിലൂടെ ആവർത്തിക്കാനൊരുങ്ങി.

ആ സ്ത്രീ പ്രവേശന വിരുദ്ധ ലഹളയിൽ ഒരിക്കൽപ്പോലും ഒരു ആധുനിക സമൂഹത്തിന്റെ ജനാധിപത്യമൂല്യങ്ങളുടെ പക്ഷത്തു നിൽക്കാൻ മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങൾ തയ്യാറായില്ല. മല ചവിട്ടുന്ന പെണ്ണുങ്ങളെ പുലി പിടിച്ചില്ലെങ്കിൽ പുരുഷൻ പിടിക്കും എന്ന പോലുള്ള വർത്തമാനങ്ങൾ ചാനലുകളിൽ നിന്നും നിഷ്പക്ഷ മുദ്രയിട്ട് പുറത്തിറങ്ങി. മതയാഥാസ്ഥിതികതയുടെ ഉറഞ്ഞുതുള്ളലിന് ആളുകളെ കണ്ടെത്തി ചർച്ചകൾ കൊഴുപ്പിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ വിശ്വാസവിരുദ്ധതയ്ക്ക് വിമോചനസമരക്കാലത്തിനു ശേഷം വീണ്ടും കേരളത്തിൽ പരസ്യമായ സാധുത കിട്ടാനുള്ള തന്ത്രങ്ങളായിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ ആനുകൂല്യത്തിൽ വിമർശിക്കാതിരിക്കാവുന്ന കേവല മാധ്യമധർമ്മമായിരുന്നില്ല അതൊന്നും. കൃത്യമായ പക്ഷം പിടിക്കലായിരുന്നു അത്. ആധുനിക മൂല്യങ്ങളും മതേതരത്വവും സ്ത്രീപക്ഷ രാഷ്ട്രീയവും കേരള ചരിത്രത്തിലെ ഏറ്റവും വലിയ ചെറുത്തുനിൽപ്പുകളിലൊന്ന് നടത്തിയപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ പിടിച്ച പക്ഷം അതിനെതിരായ രാഷ്ട്രീയമാണ്. അതിനെ കൃത്യമായി ഓർക്കുകയും അത് തരുന്ന ചരിത്രപാഠങ്ങളെ മനസിലാക്കുകയും ചെയ്തില്ലെങ്കിൽ പിന്നെന്തു രാഷ്ട്രീയബോധമാണ് മറുപക്ഷത്തിനു അഭിമാനിക്കാനുണ്ടാവുക? അതുകൊണ്ട് രാഷ്ട്രീയവിമർശനങ്ങളുടെ ചരിത്രപരതയെ ഉപേക്ഷിക്കാവുന്നതല്ല.

സ്ത്രീവിരുദ്ധതയുടെ മാധ്യമ ആറാട്ട്

സ്ത്രീവിരുദ്ധതയുടെ ആറാട്ടാണ് കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ വലിയൊരു സ്വഭാവസവിശേഷത. ഇത് നവമാധ്യമങ്ങൾക്ക് മാത്രമായി കരുതിവെച്ച ഒന്നായി ചുരുക്കിക്കാണേണ്ടതില്ല. കേരളത്തിലെ പൊതുസമൂഹത്തിലെ വലിയൊരു വിഭാഗവും ശബരിമലയിൽ കയറിയ രണ്ടു സ്ത്രീകളെയും വനിതാ സാമൂഹ്യ പ്രവർത്തകരെയും സ്ത്രീ രാഷ്ട്രീയക്കാരെയുമൊക്കെ അതിഹീനമായ ഭാഷയിലാണ് ഇതിനു മുമ്പും അപമാനിച്ചത്. അതിനെ സാധ്യമാക്കിയ യാഥാസ്ഥിതിക രാഷ്ട്രീയത്തിന് അനുകൂലമായ നിലപാടാണ് മുഖ്യധാരാ മാധ്യമങ്ങളെടുത്തതും. അത്തരത്തിൽ കേരളത്തിലെ പുരുഷാധിപത്യ സമൂഹത്തിന്റെ സ്ത്രീവിരുദ്ധത ഇടത്, വലതു മുന്നണി ഭേദമില്ലാതെ പലപ്പോഴും പ്രകടമാകാറുമുണ്ട്.
ഫെമിനിച്ചിയും, ചുംബന സമരക്കാരികളും, സ്വതന്ത്ര ലൈംഗികവാദികളും, തെറിച്ചവരും, ലൈംഗികദാഹം മാറാത്തവരുമൊക്കെയായി തങ്ങൾക്ക് എതിരഭിപ്രായമുള്ള സ്ത്രീകളെ ആക്രമിക്കുന്ന പ്രവണത കേരളത്തിന്റെ സാമൂഹിക അനാരോഗ്യത്തിന്റെ കൂടി ലക്ഷണമാണ്. മാധ്യമങ്ങൾ ഇതിനു നൽകിയ സംഭാവനയും ഇതേ പുരുഷാധിപത്യബോധത്തിനുള്ളിൽ നിന്നാണ്. വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിരയാവുകയുംകോൺഗ്രസ് നേതാവ് പി.ജെ. കുര്യനടക്കമുള്ളവർ കുറ്റാരോപിതരാവുകയും ചെയ്തപ്പോൾ, മലയാള മനോരമ പത്രത്തിൽ വന്ന കാർട്ടൂൺ മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും കുറ്റകരമായ കാർട്ടൂണായി അവശേഷിക്കുന്നു. ഒരു വേദിയിൽ നിൽക്കുന്ന ചെറിയ പെൺകുട്ടിയും വേദിയുടെ രണ്ട് വശത്തുമായി ആകാംക്ഷയോടെ
നിൽക്കുന്ന നായനാരും വി.എസ്. അച്ചുതാനന്ദനുമാണ് കഥാപാത്രങ്ങൾ. യു.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക എന്നൊരു കടലാസ് പിടിച്ചു നിൽക്കുന്ന പെൺകുട്ടിയോട് നായനാർ ആവശ്യപ്പെടുന്നത് ഞാൻ പറയുന്ന പേരുകൾ സഖാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയണം എന്നാണ്. ആഴ്ചകളോളം കൂട്ടബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയെയാണ് രാഷ്ട്രീയ മുതലെടുപ്പിനിറക്കിയ 'സഖാവ്' കഥാപാത്രമായി പത്രത്തിന്റെ മുൻ പേജിൽ അവഹേളിക്കുന്നത്. ആ പെൺകുട്ടിയോട് മാപ്പുപറഞ്ഞിട്ടു വേണം മലയാള മനോരമ മാധ്യമ ധാർമ്മികതയെക്കുറിച്ചിനി സംസാരിക്കാൻ.
മമത മോഹൻദാസ് എന്ന ചലച്ചിത്രതാരം വിവാഹ മോചനം നേടിയപ്പോൾ മാതൃഭൂമിയിൽ വന്ന കാർട്ടൂൺ സമാനമായ സ്ത്രീവിരുദ്ധ അധിക്ഷേപം നിറഞ്ഞതാണ്. പരമ്പരാഗത വധു വേഷത്തിൽ പോകുന്ന മമത പിന്നെ മുട്ടിറങ്ങാത്ത കുപ്പായമിട്ട വേഷത്തിൽ വിവാഹമോചിതയായി വരുന്നതാണ് കാർട്ടൂൺ. ഇത്രയും അശ്ലീലം നിറഞ്ഞ സ്വകാര്യതാ ലംഘനത്തിന് നാം വിളിക്കുന്ന പേര് മാധ്യമ പ്രവർത്തണമെന്നാണ്. അരുന്ധതി റോയിയെ മദ്യപിച്ച് പിച്ചും പേയും പറയുന്ന സ്ത്രീയായി വരച്ചിട്ടതും ഇതേ മാതൃഭൂമിയുടെ കാകദൃഷ്ടി തന്നെ.
ഇത്തരത്തിൽ വലതുപക്ഷ സ്ത്രീവിരുദ്ധ അജണ്ടകളെ ആവോളം വെള്ളവും വളവുമിട്ട് വളർത്തിയ കേരളം സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ മനോരോഗികളുടെ ലാവണമാണ്. അതുകൊണ്ടാണ് ആശയപരമായ വിയോജിപ്പുകൾ വേണ്ടിവരുമ്പോൾ, അതിനു ശേഷിയില്ലാതെ സ്ത്രീകളെ അവരുടെ സ്വകാര്യതയിലും സ്ത്രീ എന്ന ജൈവികഘടന വെച്ചും അധിക്ഷേപിക്കുന്ന രീതിയിലേക്ക് ആളുകൾ മാറുന്നത്. കെ.കെ. ശൈലജ ടീച്ചറെ മുല്ലപ്പള്ളി രാമചന്ദ്രൻ റോക് ഡാൻസർ എന്ന് വിളിച്ചതും, മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മ എന്ന് ആക്ഷേപിച്ചതും കെ.കെ. രമയെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതും മാധ്യമ പ്രവർത്തകയായ നിഷ പുരുഷോത്തമനെ വ്യക്തിഹത്യ നടത്താൻ മുതിരുന്നതുമൊക്കെ കേരള സമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ സർവ്വകക്ഷി സ്വീകാര്യതയിൽ മാത്രമല്ല, അതിനു സാമൂഹ്യമായി ഏറെ സ്വീകാര്യതയുള്ളതുകൊണ്ടുകൂടിയാണ്.

സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഏറെ ദുഷ്‌ക്കരമാണ്...

മാധ്യമ സ്വാതന്ത്ര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ചകൾ നടത്താൻ ഒരു ജനാധിപത്യ സമൂഹത്തിനു അവകാശമില്ല. മാധ്യമ സ്വാതന്ത്ര്യം ഒരു ഒറ്റമരമല്ല. അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വനത്തിലെ മഹാവൃക്ഷങ്ങളിൽ ഒന്നാണ്. അതിനു നേരെയുയരുന്ന ഭീഷണി ഈ രാജ്യത്തിന്റെ നിലനിൽപിനെതിരെയാണ്. അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യം എന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യ ഘടകവുമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യം സ്വതന്ത്ര മാധ്യമങ്ങളെ ഒരു ഉപോൽപ്പന്നം എന്ന നിലയിൽ സൃഷ്ടിക്കുന്നില്ല. തികഞ്ഞ വർഗപക്ഷപാതമുള്ള, രാഷ്ട്രീയമുള്ള മാധ്യമങ്ങൾ തന്നെയാണ് മാധ്യമ സ്വാതന്ത്ര്യമുപയോഗിച്ച് പ്രവർത്തിക്കുക. അതിൽ അത്ഭുതമോ അമ്പരപ്പോ അസഹിഷ്ണുതയോ ആവശ്യമില്ല. അത്തരത്തിലൊരു രാഷ്ട്രീയപ്രയോഗമായി മാധ്യമപ്രവർത്തനം മാറുന്നത് പുതുമയുള്ള കാര്യമല്ലെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രവർത്തനത്തിന്റെ സമ്പുഷ്ട ഭൂതകാലം തന്നെ തെളിവുതരുന്നുമുണ്ട്. സ്വാഭാവികമായും മറ്റേത് മേഖലയിലേയുംപോലെ മാധ്യമപ്രവർത്തനത്തിലും ഇത്തരം വിരുദ്ധ വർഗ താത്പര്യങ്ങളുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും ഏറ്റുമുട്ടലുകൾ ഉണ്ടാകും. ഈ ഏറ്റുമുട്ടൽ അനിവാര്യമായ ഒരു വൈരുധ്യമാണ്.
ഇതെഴുമ്പോൾ കാരവൻ മാഗസിനിലെ മാധ്യമപ്രവർത്തകരെ ഡൽഹിയിൽ സംഘപരിവാർ ഗുണ്ടകൾ ആക്രമിച്ചു കഴിഞ്ഞു. അതിലെ സ്ത്രീ മാധ്യമ പ്രവർത്തകയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. സുപ്രീം കോടതിയെ വിമർശിച്ചതിന് പ്രശാന്ത് ഭൂഷണെ സുപ്രീം കോടതി കുറ്റക്കാരനെന്ന് വിധിച്ചു. ദൽഹി യൂണിവേഴ്സിറ്റിയിലെ മറ്റൊരു പ്രൊഫസറെക്കൂടി എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. രാജ്യം വളരെ വേഗത്തിൽ ഫാസിസത്തിലേക്കുള്ള യാത്ര നടത്തുകയാണ്. പക്ഷെ മലയാള വാർത്താ ചാനലുകളിലെ ചർച്ചയിപ്പോഴും നയതന്ത്ര ബാഗിനെക്കുറിച്ച് മാത്രമാണ്. അതായത് മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവുമൊന്നും മാധ്യമ മുതലാളിമാരുടെ ആകുലതകളല്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പിറ്റേന്ന് ഒഴിച്ചിട്ട മുഖപ്രസംഗ പേജുമായി ഇറങ്ങിയ പത്രങ്ങളെ നമ്മളോർക്കുന്നുണ്ട്. എല്ലാവരും സായിപ്പിനെപ്പോലെ ഉടുത്തുകെട്ടി നടക്കാൻ ശ്രമിച്ചപ്പോൾ ഒരൊറ്റമുണ്ടുടുത്തു നടന്ന മനുഷ്യനെയാണ് നമ്മളിന്നോർക്കുന്നത്. അന്വേഷണത്തിന്റെ യാത്രയിൽ ഗുരുപൂജകൾക്കിടയിലെ ക്ഷുദ്രതകളിൽ നിന്നും ഇറങ്ങിപ്പോയ നാരായണ ഗുരുവിനെയാണ് നമ്മളോർക്കുന്നത്. വിഷം കയറി തണുക്കുന്ന ശരീരത്തിൽ നിന്ന് സഖാക്കളെ മുന്നോട്ട് എന്ന് പറയാൻ മാത്രം ജീവൻ പിടിച്ചുനിർത്തിയ സഖാവിനെയാണ് നമ്മളോർക്കുന്നത്. ചരിത്രത്തിന്റെ ഓർമ്മകൾ ധീരമായ നിഷേധങ്ങളുടെ മറ്റൊരു പ്രപഞ്ചമാണ്. അനുസരണയുടേയും യാഥാസ്ഥിതികതയുടെയും ലോകത്തിൽ ജീവിക്കാനെളുപ്പമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഏറെ ദുഷ്‌ക്കരവും.



Summary: ഭരണകൂടം പൗരാവകാശങ്ങളെയും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രമായി നിലനിൽപ്പുണ്ടാകില്ല. അത്തരം സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് സംസാരിക്കാത്ത മാധ്യമങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവയുമല്ല. ഈ പശ്ചാത്തലത്തിൽക്കൂടി വേണം കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ കാണാൻ


പ്രമോദ്​ പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ.

Comments