പ്രമോദ്​ പുഴങ്കര

കശാപ്പുശാലയിലെ ആട്ടിൻകുട്ടികളുടെ
​സംവാദമാണത്​, അതിനെ എഴുതിപ്പോറ്റരുത്​

ജമാ അത്തെ ഇസ്‌ലാമിയുടെയും ആർ.എസ്.എസിന്റെയും പ്രസിദ്ധീകരണങ്ങൾ എന്തൊക്കെ നാട്യം കാണിച്ചാലും അവയുടെ അടിസ്ഥാന സ്വഭാവം മതബദ്ധമാണ്. മത രാഷ്ട്രീയമാണ്, സ്ത്രീവിരുദ്ധതയാണ്, മതേതര വിരുദ്ധതയാണ് അവയുടേത്​. ജമാഅത്തെ ഇസ്​ലാമിയുടെ പ്രസിദ്ധീകരണത്തിൽ എന്തുകൊണ്ട്​ എഴുതരുത് എന്ന രാഷ്ട്രീയ നിലപാട് വിശദീകരിക്കപ്പെടുന്നു

മാ അത്തെ ഇസ്​ലാമി എന്ന ഇസ്​ലാമിക രാഷ്ട്രീയ (Political Islam) സംഘടനയുടെ കീഴിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്​റ്റ്​ പ്രസിദ്ധീകരിക്കുന്ന മാധ്യമം ആഴ്ച്ചപ്പതിപ്പിൽ (അഥവാ അവരുടെ മാധ്യമങ്ങളിൽ) എഴുതുന്ന എഴുത്തുകാർ തങ്ങൾ അതിനു കാണുന്ന രാഷ്ട്രീയ കാരണം കൂടി പറയാൻ ബാധ്യസ്ഥരാണ് എന്നൊരു വാദം ഞാൻ ഉന്നയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിന്റെ പുതിയ വരവിലും അതിനു മുമ്പും മാധ്യമവും അവരുടെ ഉടമസ്ഥരായ ജമാഅത്തെ ഇസ്​ലാമിയും കൈക്കൊണ്ട ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടുകളാണ് ഇത്തരത്തിലൊരു ചർച്ച കേരള സമൂഹത്തിൽ ഈ ഘട്ടത്തിൽ ഉയരാൻ കാരണം.

സ്ത്രീവിരുദ്ധതയുടെയും മതേതര ജനാധിപത്യവിരുദ്ധതയുടേയും രാഷ്ട്രീയം ഒരു മറയുമില്ലാതെ പ്രദർശിപ്പിക്കുന്ന ഒരു മതരാഷ്ട്രീയ സംഘടനയുടെ നിയന്ത്രണത്തിലുള്ള മാധ്യമത്തിൽ ഇത്തരമൊരു ഘട്ടത്തിൽ എഴുതുന്നതിനെക്കുറിച്ചുള്ള ഈ സംവാദത്തിൽ കവി എം. എൻ. ശശിധരൻ തന്റെ കവിതകൾ മാധ്യമത്തിൽ നിന്ന്​ പിൻവലിച്ച്​ നിലപാടെടുക്കുകയുണ്ടായി. മാധ്യമം ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞൊരു ലക്കത്തിൽ എഴുതിയ പ്രിയ കവി സച്ചിദാനന്ദനോട് ജമാഅത്തെ ഇസ്​ലാമിയുടെ വാരികയിൽ എഴുതുന്നതിൽ ഒരു രാഷ്ട്രീയ- സാമൂഹ്യ ശരികേടുണ്ടെന്ന് ഞാൻ എന്റെ അഭിപ്രായമായി പറയുകയുണ്ടായി. അതിനോട് അദ്ദേഹം അതിനുള്ള ചില യുക്തികൾ ഉയർത്തിയും ചില ചോദ്യങ്ങൾ ഉയർത്തിയും പ്രതികരിച്ചു. തുടർന്ന് ഷാജഹാൻ മാടമ്പാട്ട് ഈ വിഷയത്തിൽ ജമാഅത്തെ ഇസ്​ലാമിയോട്​ എതിർപ്പുയർത്തുമ്പോഴും മാധ്യമത്തിൽ എഴുതാതിരിക്കുന്നത് ശരിയായ പ്രതിവിധിയല്ല എന്ന് പറഞ്ഞ്​ ഈ സംവാദത്തിലേക്ക് പ്രസക്തമായ ചില വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്​ലാമിയുടെ രാഷ്ട്രീയ പ്രസിദ്ധീകരണത്തിനു വേണ്ടി തീർത്തും മതേതര, ജനാധിപത്യ നിലപാടുകളുള്ള മലയാളത്തിന്റെ മികച്ച രാഷ്ട്രീയ കവികളിലൊരാൾ വാദിക്കുന്നു എന്നതാണ് അവർ ഇത്രയും കാലം കൊണ്ട് "നേടിയെടുത്ത രാഷ്ട്രീയാസ്തിത്വ സാധുതയുടെ' വിജയം

എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്​ലാമി പ്രസിദ്ധീകരണത്തിൽ എഴുതരുത് എന്ന രാഷ്ട്രീയ നിലപാട് എന്ന് ഈ സംവാദത്തെ വിപുലമാക്കുന്നതിനായി വിശദമാക്കുകയാണ്.
ഒരു ജനാധിപത്യ, മതേതര രാഷ്ട്രീയ പൗരനെ സംബന്ധിച്ച് ജമാഅത്തെ ഇസ്​ലാമി എന്ന ഇസ്​ലാമിക രാഷ്ട്രീയ സംഘടനയുടെ നിലപാടുകളോടുള്ള എതിർപ്പ് ഒരുതരത്തിലുള്ള സംശയത്തിനും ഇടകൊടുക്കാത്ത വിധത്തിൽ പറയേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നുണ്ട്. അത് എല്ലാവിധ മത വർഗീയതയോടുമുള്ള സന്ധിയില്ലാ സമരത്തിന്റെ ഭാഗവുമാണ്. Political Islam എന്ന നിരയിലുള്ള എല്ലാ മതബദ്ധ രാഷ്ട്രീയ സംഘടനകളും അത്തരത്തിലുള്ള രാഷ്ട്രീയ എതിർപ്പിന് അർഹരുമാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള എതിർപ്പിന്റെ രാഷ്ട്രീയ യുക്തിയിലെ നിരവധി ഘടകങ്ങൾ ഇസ്​ലാമിക രാഷ്ട്രീയ സംഘടനകളോടുള്ള എതിർപ്പിലുമുണ്ട്.
എന്നാൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം, ഇന്ത്യയിലെ ഹിന്ദു മതഭൂരിപക്ഷ സമൂഹത്തിൽ ആർജ്ജിച്ചതും ആർജ്ജിക്കാൻ സാധ്യതയുള്ളതുമായ സാമൂഹ്യ- രാഷ്ട്രീയ രൂപങ്ങൾ വച്ചു നോക്കുമ്പോൾ Political Islam ഉയർത്തുന്ന ഭീഷണി രാജ്യത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് എത്താനുള്ള യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘപരിവാർ/ഹിന്ദുത്വ ശക്തികൾക്കെതിരായ രാഷ്ട്രീയ സമരത്തിന്റെയും Political Islamist സംഘങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ സമരത്തിന്റെയും രീതികളും സ്വഭാവവും രണ്ടും രണ്ടാണ്. ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ല. ഒരൊറ്റ നുകത്തിൽക്കെട്ടി പൂട്ടുന്നുമില്ല.

ഫോട്ടോ : ഷഫീഖ് താമരശ്ശേരി

ജമാഅത്തെ ഇസ്​ലാമിയുടെ സാമൂഹ്യ- രാഷ്ട്രീയ വീക്ഷണങ്ങൾ ഇസ്​ലാമിക രാഷ്ട്രീയത്തിന്റെയും അതിൽത്തന്നെ ഏറ്റവും പിന്തിരിപ്പനും മതേതരവിരുദ്ധവുമെന്ന് കണക്കാക്കാവുന്നതുമായ മൗദൂദിയൻ മത- രാഷ്ട്രീയ ദർശനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമാണ്. എല്ലാ വിധത്തിലുള്ള മതേതര സംവിധാനങ്ങളെയും തള്ളിക്കളയുന്ന മൗദൂദിയുടെ മതരാഷ്ട്ര സങ്കല്പനങ്ങളാണ് ജമാഅത്തെ ഇസ്​ലാമിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ പ്രധാന അടിത്തറ. ഒപ്പം, മതജീവിതത്തിന്റെ സകല സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളേയും മതസ്വത്വത്തിന്റെ പേരിൽ വിശുദ്ധവത്കരിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്ന അജണ്ടയും ജമാഅത്തെ ഇസ്​ലാമി ഇടതടവില്ലാതെ നടത്തുന്നുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ മുന്നേറ്റങ്ങളിൽ ഇസ്‌ലാമിക രാഷ്ട്രീയം ഹിന്ദുത്വ സംഘടനകളെപ്പോലെ പിന്തിരിപ്പൻ മൂല്യങ്ങളല്ലാതെ മറ്റൊരു സംഭാവനയും നൽകിയിട്ടില്ല.

അഫ്ഗാൻ - താലിബാൻ വിഷയത്തിൽ അമേരിക്കൻ അധിനിവേശത്തേയും അമേരിക്കയും അതിന്റെ സാമ്രാജ്യത്വ സഖ്യകക്ഷികളും നടത്തുന്ന അധിനിവേശങ്ങളെയും രാഷ്ട്രീയ ഇടപെടലുകളെയും എതിർക്കുന്ന ലോകത്തെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ നിലപാടിൽ നിന്ന്​ ജമാ അത്തെ ഇസ്​ലാമി അടക്കമുള്ള രാഷ്ട്രീയ ഇസ്​ലാമിക കക്ഷികളുടെ നിലപാട് വ്യത്യസ്തമാകുന്നത് ആ നിലപാടിലുള്ള ജനാധിപത്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയും മതബദ്ധതയും കൊണ്ടാണ്. യു എസ് -സഖ്യക്ഷി സേന തങ്ങളുടെ അധിനിവേശം ഒരുതരത്തിൽ അവസാനിപ്പിച്ച്​ താലിബാന് അധികാരം കൈമാറി പോകുമ്പോൾ അത് സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഒരു ഘട്ടം അവസാനിക്കുകയും താലിബാന്റെ കീഴിലുള്ള ഇസ്​ലാമിക രാഷ്ട്രീയത്തിന്റെ അതിഭീതിദമായ ഒരു കാലം അതിന്റെ രണ്ടാം വരവായി തുടങ്ങുകയുമാണ്. ഇതിന്റെ സൂക്ഷ്മ ഭൗമ രാഷ്ട്രീയ വായനകൾ മറ്റൊരു വിശദ വിഷയമാണ്.

താലിബാന്റെ രണ്ടാം വരവിൽ ഉയർന്ന ചർച്ചകളിൽ ജമാഅത്തെ ഇസ്​ലാമി എടുത്ത നിലപാട് താലിബാനിൽ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നതാണ്. "വിസ്മയം പോലെ താലിബാൻ' എന്ന പഴയ തലക്കെട്ടിൽ നിന്ന്​ ജമാഅത്തെ ഇസ്​ലാമിയുടെ നിലപാട് മാറിയിട്ടില്ല എന്നതാണ് വസ്തുത. ഇതൊരു ചെറു സൂചകം മാത്രമായി കണ്ടാൽ മതി. സ്ത്രീകളുടെ ഉയർന്ന സാമൂഹ്യ - രാഷ്ട്രീയ അവകാശങ്ങളോട് മാത്രമല്ല സ്ത്രീകളുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങളോട് പോലും കടുത്ത എതിർപ്പാണ് ജമാഅത്തെ ഇസ്​ലാമി അടക്കമുള്ള ഇസ്​ലാമിക രാഷ്ട്രീയ സംഘടനകൾ പുലർത്തുന്നത്. സ്ത്രീകളെ പുരുഷ കാമനയെ ഉണർത്തുന്ന കേവലമൊരു മാംസരൂപമായി മാത്രം കണക്കാക്കി, സ്ത്രീകളെ മൂടിപ്പൊതിഞ്ഞു നടത്തുന്ന, അവരെ സാമൂഹ്യ - രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്നും രണ്ടാം നിരക്കാരാക്കി ഒഴിച്ച് നിർത്തുന്ന ജീർണ മതബോധത്തിനെ രാഷ്ട്രീയ സംഘടനാ രൂപത്തിൽ അരക്കിട്ടുറപ്പിക്കുകയാണ് ജമാഅത്തെ ഇസ്​ലാമി അടക്കമുള്ള രാഷ്ട്രീയ ഇസ്​ലാമിക സംഘടനകൾ.

സച്ചിദാനന്ദൻ

മതേതര ജനാധിപത്യത്തോട് ജമാ അത്തെ ഇസ്​ലാമി അടക്കമുള്ള മതരാഷ്ട്രീയ സംഘടനകൾ എടുക്കുന്ന നിലപാടെന്താണ്? മതേതരത്വം ഒരു പാശ്ചാത്യ നിർമിതിയോ ഇന്ത്യയിൽ "ഇടത്, മതേതര, ലിബറലുകളുടെ' തട്ടിപ്പോ ആയാണ് ഇവർ കാണുന്നത്. ഒട്ടും അമ്പരപ്പിക്കാത്ത വിധത്തിൽ സംഘപരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയുടേയും മതേതരവിരുദ്ധ വാദങ്ങളുടെ ഏതാണ്ട് തനിപ്പകർപ്പാണ് രാഷ്ട്രീയ ഇസ്​ലാമിനും മതേതരത്വത്തോടുള്ളത്.

ഇത്തരത്തിൽ ഒരു വശത്ത് തീർത്തും ജീർണമായ തങ്ങളുടെ മതബദ്ധ വർഗീയ രാഷ്ട്രീയത്തിനെ തേച്ചുമിനുക്കി കൊണ്ടുനടക്കുമ്പോഴും പൊതുസമൂഹത്തിൽ അത് ചർച്ചയ്ക്ക് വിധേയമാകാതിരിക്കാനും ഒപ്പം ഇസ്​ലാമിക രാഷ്ട്രീയത്തിനേയും അതിന്റെ മതേതര, സ്ത്രീ വിരുദ്ധ രാഷ്ട്രീയ നിലപാടുകളെയും വളർത്താനും ജമാഅത്തെ ഇസ്​ലാമിക്കുവേണ്ട ഒരു പ്രചാരണായുധവും മുഖംമൂടിയും കൂടിയാണ് മാധ്യമം. ജമാഅത്തെ ഇസ്​ലാമിയുടെ എല്ലാ രാഷ്ട്രീയ രേഖകളും അവരുടെ നിലപാടുകൾ ഏതാണ്ട് പരസ്യമായിത്തന്നെ പറയുന്നുണ്ട്.

ജമാഅത്തെ ഇസ്​ലാമിയിൽ നിന്ന്​ വേറിട്ട് നിർത്തി അതിന്റെ പ്രസിദ്ധീകരണങ്ങളെ കാണാനാകില്ല. മതരാഷ്ട്രവാദികളും മതേതര വിരുദ്ധരും കൂടുതൽ മികച്ച "management starategies'ഉപയോഗിക്കുന്നതുകൊണ്ട് അവയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകുന്നില്ല.

സ്ത്രീ വിമോചന രാഷ്ട്രീയത്തിന്റെയും മതേതര രാഷ്ട്രീയത്തിന്റെയും പോരാട്ടങ്ങൾ പുതിയൊരു തലത്തിലേക്ക് പ്രവേശിച്ച ഈ കാലത്ത് മേൽപ്പറഞ്ഞ നിലപാടുകളുള്ള ഒരു മതരാഷ്ട്രീയ സംഘടനയുടെ പ്രചാരണ മാധ്യമത്തിൽ എഴുതുക എന്നത് അവരുടെ രാഷ്ട്രീയാസ്തിത്വത്തെ സാധൂകരിക്കുന്നതിനു തുല്യമാണ്. രാഷ്ട്രീയാസ്തിത്വത്തെ സാധൂകരിക്കുക എന്നാൽ രാഷ്ട്രീയ നിലപാടുകളെ ന്യായീകരിക്കുന്നു എന്നർത്ഥമില്ല. മാധ്യമത്തിൽ എഴുതുന്ന ഒരാൾക്ക് സ്ത്രീ വിമോചന രാഷ്ട്രീയത്തോടോ മതേതര രാഷ്ട്രീയത്തോടോ ഉള്ള നിലപാടുകൾ ജമാഅത്തെ ഇസ്​ലാമിയുടേതല്ലായിരിക്കും. എന്നാൽ തീർത്തും മനുഷ്യത്വവിരുദ്ധമായ നിലപാടുകൾ തങ്ങളുടെ മത രാഷ്ട്രീയ അസ്തിത്വമായി കൊണ്ടുനടക്കുന്ന ഒരു സംഘത്തിന്റെ സാമൂഹ്യ സ്വീകാര്യതയുടെ അവകാശത്തെയാണ് രാഷ്ട്രീയാസ്തിത്വത്തെ സാധൂകരിക്കുന്നതിലൂടെ വകവെച്ചുകൊടുക്കുന്നത്. ജമാഅത്തെ ഇസ്​ലാമിയിൽ നിന്ന്​ വേറിട്ട് നിർത്തി അതിന്റെ പ്രസിദ്ധീകരണങ്ങളെ കാണാനാകില്ല എന്നു തന്നെയാണ് പറയേണ്ടത്. മതരാഷ്ട്രവാദികളും മതേതര വിരുദ്ധരും കൂടുതൽ മികച്ച "management starategies'ഉപയോഗിക്കുന്നതുകൊണ്ട് അവയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകുന്നില്ല.

1996ൽ കാബൂൾ കീഴടക്കി അഫ്​ഗാനിസ്​ഥാൻ പ്രസിഡൻറ്​ നജീബുല്ലയെ തൂക്കിലേറ്റിയ വാർത്തക്കൊപ്പം മാധ്യമം പത്രം നൽകിയ, വിസ്​മയം പോലെ താലിബാൻ എന്ന ഹെഡിംഗിലുള്ള അനുബന്ധ വാർത്ത

മാധ്യമം തന്റെ രചനകളിൽ കൈവയ്ക്കുകയോ ഇസ്​ലാമിക രാഷ്ട്രങ്ങളിൽ നിരോധിക്കപ്പെട്ട കവിതകൾ തർജ്ജമ ചെയ്തു നല്കിയപ്പോൾ പ്രസിദ്ധീകരിക്കാതിരിക്കുകയോ ചെയ്തില്ല എന്ന് സച്ചിദാനന്ദൻ പറയുന്നു. അങ്ങനെ ചെയ്യാതിരിക്കുക എന്നത് തങ്ങളുടെ സാമൂഹ്യസ്വീകാര്യതയുടെ ഏറ്റവും മികച്ച വഴിയാണെന്ന് ആർക്കാണറിയാത്തത്! തങ്ങളുടെ ഇസ്​ലാമിക രാഷ്ട്രീയത്തിന്റെ പ്രചാരണ മുഖത്തിന്​ മതേതര രാഷ്ട്രീയത്തിന്റെ പരസ്യമുഖങ്ങളെ എങ്ങനെ സംഘടിപ്പിക്കണം എന്ന പരിപാടിക്ക് മാധ്യമപ്രവർത്തനത്തിലെ നവോന്മേഷം എന്ന പേരിട്ട് വിളിക്കുന്നത് അന്യായമാകും. സച്ചിദാനന്ദന്റെയോ അതുപോലുള്ള ആരുടെയെങ്കിലും കവിതകൾ വെട്ടിത്തിരുത്താതെ നൽകുന്നുണ്ടോ എന്നതല്ല ജമാഅത്തെ ഇസ്​ലാമിയെപ്പോലുള്ള ഒരു സംഘടനയുടെ പ്രചാരണ പ്രസിദ്ധീകരണത്തിനെ വിലയിരുത്തുമ്പോഴുള്ള വിഷയം. അവർ അടിസ്ഥാനപരമായ ജനാധിപത്യ, മതേതര, സ്ത്രീപക്ഷ രാഷ്ട്രീയ വിഷയങ്ങളിൽ പുലർത്തുന്ന അറുപിന്തിരിപ്പനായ നിലപാടുകളാണ്.

കേരളത്തിലെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന്റെ എതിർപ്പുകളും വിമർശനങ്ങളും തങ്ങളുടെ മേൽ തട്ടാതെ ഒഴിച്ചുനിർത്താൻ മാധ്യമം പോലെ ജമാഅത്തെ ഇസ്‌ലാമിയെ സഹായിച്ച ഒരു ആയുധം വേറെയില്ല

മാധ്യമം നേരിട്ട് ഒരുതരത്തിലുള്ള മതമൗലികവാദ പ്രചാരണവും നടത്തിയിട്ടില്ല എന്ന് സച്ചിദാനന്ദൻ പറയുന്നുണ്ട്. ഇസ്​ലാമിക രാഷ്ട്രം സിന്ദാബാദ് എന്ന മട്ടിൽ മാധ്യമത്തിൽ പ്രചാരണം നടത്താതിരിക്കാനുള്ള ജമാഅത്തെ ഇസ്​ലാമിയുടെ സാമാന്യ ബുദ്ധിയാണല്ലോ ഇത്തരത്തിലുള്ള തർക്കങ്ങൾതന്നെ ആവശ്യമായ തരത്തിൽ അവർക്ക് സ്വീകാര്യത നേടിക്കൊടുത്തത്. അതായത് ജമാഅത്തെ ഇസ്​ലാമിയുടെ രാഷ്ട്രീയ പ്രസിദ്ധീകരണത്തിനു വേണ്ടി തീർത്തും മതേതര, ജനാധിപത്യ നിലപാടുകളുള്ള മലയാളത്തിന്റെ മികച്ച രാഷ്ട്രീയ കവികളിലൊരാൾ വാദിക്കുന്നു എന്നതാണ് അവർ ഇത്രയും കാലം കൊണ്ട് "നേടിയെടുത്ത രാഷ്ട്രീയാസ്തിത്വ സാധുതയുടെ' വിജയം. ജമാഅത്തെ ഇസ്‌ലാമിക്കാർ കേരള മുസ്​ലിംകളിലെ സർഗാത്മക ന്യൂനപക്ഷമാണ് എന്ന് എൻ. പി. മുഹമ്മദ് പറഞ്ഞു എന്നത് വലിയ അംഗീകാരമായാണ് അവർ പ്രചരിപ്പിക്കാറ്​. എൻ. പി. മുഹമ്മദ് നടത്തിയ തികച്ചും തെറ്റായ നിരീക്ഷണമെന്നു പറയാനുള്ള സ്വാതന്ത്ര്യം മതേതര കേരളത്തിന് നൽകുക. ഇനി സച്ചിദാനന്ദനും ഇതേ രീതിയിൽ ഉപയോഗിക്കപ്പെട്ടേക്കാം. അപ്പോഴും മുസ്​ലിം സ്ത്രീകൾക്ക് ഒട്ടും ഹലാലല്ലാതെ ജീവിക്കാനും പ്രേമിക്കാനും ഹലാൽ ലവ് സ്റ്റോറിയുടെ മത ജീർ‍ണതയെ ചെറുക്കാനും ജമാഅത്തെ ഇസ്‌ലാമിയുടേതടക്കമുള്ള മതബദ്ധ രാഷ്ട്രീയത്തെ മതേതര കേരളത്തിന് എതിർക്കാനും കല്യാണ വേദിയിൽ ചിത്രമെടുക്കുന്ന വധുവിനെ വരെ വ്യഭിചാരം നടത്തുന്നവർ എന്നാക്ഷേപിക്കുന്ന മതജീർണതയുടെ കീഴാള സ്‌നേഹത്തെ തട്ടിപ്പെന്ന് വിളിക്കാനും മലയാളിയുടെ ജീവിതത്തെ പൊളിറ്റിക്കൽ ഇസ്​ലാമിന്റെ ചാപ്പകുത്തി അജണ്ട നിശ്ചയിക്കുന്ന മാധ്യമ പരിപാടിയെ അവസാനിപ്പിക്കാനും, അത് തെറ്റാണ് എന്ന് പറയുക തന്നെ വേണം.

Halal Love Story എന്ന സിനിമയിൽ നിന്ന്

മാധ്യമം ആഴ്​ചപ്പതിപ്പ്​, കീഴാള പക്ഷത്തുനിന്ന് മാത്രമേ സംസാരിച്ചിട്ടുള്ളു എന്ന് സച്ചിദാനന്ദൻ പറയുന്നുണ്ട്. മനുഷ്യസമൂഹത്തിന്റെ പാതിയായ സ്ത്രീകളെ രണ്ടാംകിട മനുഷ്യരായി കാണുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന, മതാടിസ്ഥാനത്തിലല്ലാത്ത സാമൂഹ്യബന്ധങ്ങളെക്കൂടി കർക്കശമായി സമീപിക്കുന്ന, മതേതര സങ്കല്പനത്തെ തള്ളിക്കളയുന്ന, മതരാഷ്ട്രവാദത്തെ തലയിണക്കടിയിൽ വച്ച, political economy യിൽ അധിഷ്ഠിതമായ എല്ലാ പോരാട്ടങ്ങളെയും മതസ്വത്വവാദത്തിലേക്ക് ചുരുക്കിക്കെട്ടുന്ന ഒരു സംഘടന ഏതു കീഴാള പക്ഷത്തിനു വേണ്ടിയാണു സംസാരിക്കുന്നത്! ഒരു രാഷ്ട്രീയ അടവിനെ തിരിച്ചറിയുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

കേരളത്തിലെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന്റെ എതിർപ്പുകളും വിമർശനങ്ങളും തങ്ങളുടെ മേൽ തട്ടാതെ ഒഴിച്ചുനിർത്താൻ മാധ്യമം പോലെ ജമാഅത്തെ ഇസ്‌ലാമിയെ സഹായിച്ച ഒരു ആയുധം വേറെയില്ല. ആ തന്ത്രം തിരിച്ചറിയപ്പെടുകയും ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പിന്തിരിപ്പൻ രാഷ്ട്രീയവും കടുത്ത ചോദ്യം ചെയ്യലുകൾക്ക് വിധേയമാവുകയും ചെയ്യാൻ തുങ്ങിയപ്പോഴുള്ള വെപ്രാളമാണ് ഇപ്പോൾ കാണുന്നത്.

ഇസ്‌ലാമിക രാഷ്ട്രീയവും മുസ്​ലിമും രണ്ടാണ്. ഹിന്ദു മതത്തിൽപ്പെട്ട ഒരാളും ഹിന്ദുത്വ സംഘടനകളും ഒന്നാണെന്ന സമീകരണത്തിനു തുല്യമാണ് ഇസ്‌ലാമിക സംഘടനകളും മുസ്​ലിമും തമ്മിലുള്ള സമീകരണശ്രമം

ഇനി ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമവും, സംഘപരിവാറിന്റെ ജന്മഭൂമിയും മാതൃഭൂമി, ദേശാഭിമാനി, മലയാള മനോരമ ആദിയായവയും തമ്മിലുള്ള താരതമ്യങ്ങളും വ്യത്യാസങ്ങളുമാണല്ലോ പ്രശ്‌നം. സാമാന്യമായി ഒരു ആധുനിക മതേതര ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായാണ് ഏറ്റക്കുറച്ചിലുകളോടുകൂടി വലിയൊരു വിഭാഗം മാധ്യമങ്ങൾ നിലകൊള്ളുന്നത്. അവ പലപ്പോഴും സ്വീകരിക്കുന്ന നിലപാടുകൾ പിന്തിരിപ്പനും, ഫ്യൂഡൽ ബോധത്തിന്റെ ബാക്കിയുമാകാം. എന്നാൽ മാധ്യമം, ജന്മഭൂമി എന്നിവയിൽ നിന്നൊക്കെ അവയെ വ്യത്യസ്തമാക്കുന്നത് അവയുടെ നിലനിൽപ്പ് മതേതരമായ ഒരു മുതലാളിത്ത വ്യാപാര ചട്ടക്കൂടിലാണ് എന്നാണ്. ലാഭമില്ലെങ്കിൽ പള്ളിപ്പെരുന്നാളിന്റെ ചിത്രം കൊടുക്കണമെന്ന് മലയാള മനോരമയ്ക്ക് ഒരു നിർബന്ധവുമില്ല. ആറ്റുകാൽ പൊങ്കാലയുടെ സചിത്രാഘോഷം കൂടുതൽ പരസ്യവും വരുമാനവും ഉണ്ടാക്കും എന്നതുകൊണ്ടുകൂടിയാണ് മാതൃഭൂമി ‘തറവാടി’യാകുന്നത്. എന്നാലിത് വെള്ളം കേറാത്ത കച്ചവട താൽപ്പര്യം മാത്രമായി എപ്പോഴും പ്രവർത്തിക്കണമെന്നില്ല. എന്നാൽ അവയുടെ നിലനിൽപ്പിന്റെ അടിസ്ഥാന സ്വഭാവം മതബദ്ധമല്ല.

എന്നാൽ ജമാ അത്തെ ഇസ്‌ലാമിയുടെയും ആർ.എസ്.എസിന്റെയും പ്രസിദ്ധീകരണങ്ങൾ എന്തൊക്കെ നാട്യം കാണിച്ചാലും അവയുടെ അടിസ്ഥാന സ്വഭാവം മതബദ്ധമാണ്. മത രാഷ്ട്രീയമാണ്, സ്ത്രീവിരുദ്ധതയാണ്, മതേതര വിരുദ്ധതയാണ് അവയുടേത്​. അതുകൊണ്ടാണ് മാതൃഭൂമിയുടേയും മലയാള മനോരമയുടേയുമൊക്കെ നിലപാടുകളോട് എതിർപ്പുള്ളപ്പോഴും അവ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലെ മാധ്യമവ്യാപാര സ്ഥാപനങ്ങളാകുന്നത്. മാധ്യമം അതല്ല, അത് ഇസ്‌ലാമിക രാഷ്ട്ര വാദികളായ ഒരു സംഘത്തിന്റെ പ്രചാരണായുധമാണത്​. മുതലാളിത്ത സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും തമ്മിൽ അതിന്റെ കാമ്പിൽത്തന്നെ വലിയ വ്യത്യാസങ്ങളുണ്ട്.

ദേശാഭിമാനി, വീക്ഷണം പോലുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രസിദ്ധീകരണങ്ങൾക്കും മാധ്യമത്തിൽ നിന്നും ജന്മഭൂമിയിൽ നിന്നുമുള്ള വ്യത്യാസം വളരെ കൃത്യമാണ്. അവയുടെ രാഷ്ട്രീയം ഒരു മതേതര ജനാധിപത്യ സംവിധാനത്തിലുള്ളതാണ്. നിലപാടുകളിൽ കടുത്ത എതിർപ്പുയർത്തുമ്പോഴും അവ സാമാന്യമായി മതേതര സ്വഭാവമുള്ളവയാണ്. മതം പൊതു രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ട ഒന്നാണെന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മാത്രം സ്വന്തം നിലപാടുകൾക്ക് നിലനിൽപ്പുള്ളവയാണ്. ഒരു പ്രത്യേക മതത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നിയമശാസനങ്ങൾക്കനുസൃതമായി തങ്ങളുടെ നിലപാടുകൾ രൂപപ്പെടുത്തുന്നവയല്ല. അവസരവാദവും മതബദ്ധ രാഷ്ട്രീയവും വേറിട്ട കാര്യങ്ങളാണ്.

അഫ്ഗാനിൽ നിന്ന് യു.എസ് സെെന്യം പിന്മാറിയതുമായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രം നൽകിയ ലീഡ് വാർത്ത

ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള political Islamist സംഘടനകൾ ചെയ്യുന്ന ഒരു തട്ടിപ്പ് തങ്ങൾക്കെതിരായ വിമർശനങ്ങളെ മുസ്​ലിംകൾക്കെതിരായ ആക്രമണം എന്ന മട്ടിൽ വ്യാജ പ്രചാരണത്തിലൂടെ അവതരിപ്പിക്കുകയാണ്. ഇസ്‌ലാമിക രാഷ്ട്രീയവും മുസ്​ലിമും രണ്ടാണ്. ഹിന്ദു മതത്തിൽപ്പെട്ട ഒരാളും ഹിന്ദുത്വ സംഘടനകളും ഒന്നാണെന്ന സമീകരണത്തിനു തുല്യമാണ് ഇസ്‌ലാമിക സംഘടനകളും മുസ്​ലിമും തമ്മിലുള്ള സമീകരണശ്രമം. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ മുന്നേറ്റങ്ങളിൽ ഇസ്‌ലാമിക രാഷ്ട്രീയം ഹിന്ദുത്വ സംഘടനകളെപ്പോലെ പിന്തിരിപ്പൻ മൂല്യങ്ങളല്ലാതെ മറ്റൊരു സംഭാവനയും നൽകിയിട്ടില്ല.

മറ്റേത് സാമൂഹ്യ - രാഷ്ട്രീയ വിഭാഗത്തിലും സാമൂഹ്യ പ്രക്രിയയിലും എന്ന പോലെ ഇസ്‌ലാമിക രാഷ്ട്രീയത്തിലും ഒരു മതവിഭാഗം എന്ന നിലയിൽ മുസ്​ലിംകൾക്കിടയിലും ആന്തരിക വൈരുധ്യങ്ങളും സംഘർഷങ്ങളുമുണ്ട്. പൊതുസമൂഹത്തിലെ സമാന വൈരുധ്യങ്ങളോടും സംഘർഷങ്ങളോടുമൊപ്പം ഇവയിലും പുരോഗമനപരമായ സാമൂഹ്യ രാഷ്ട്രീയ വികാസത്തെ (അതെന്താണ് എന്ന രാഷ്ട്രീയ ബോധത്തിലാണ് തർക്കം) സഹായിക്കുന്ന തരത്തിൽ ഈ സംഘർഷങ്ങളെ രൂക്ഷമാക്കുക എന്ന നിലപാടാണ് എടുക്കേണ്ടത്. ജമാ അത്തെ ഇസ്‌ലാമിയെപ്പോലുള്ള ഒരു സംഘടനയുടെ നിലപാടുകൾ പ്രകടമായിത്തന്നെ താലിബാനിൽ പ്രതീക്ഷ കണ്ടെത്തുന്ന തരത്തിലുള്ളവയാണ്. അതുകൊണ്ട് മുസ്​ലിമുമായി സംവദിക്കാൻ മാധ്യമം വേണമെന്നത് തെറ്റിദ്ധാരണയാണ്, മാധ്യമവും ജമാ അത്തെ ഇസ്‌ലാമിയും ജീവിതത്തിൽ തൊട്ട് നോക്കാത്ത മഹാഭൂരിപക്ഷം മുസ്​ലിംകളും കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമൊക്കെയായി കഴിയുന്ന ഒരു മതേതര സമൂഹത്തിൽ മുസ്​ലിമിന്റെ അട്ടിപ്പേറവകാശം ഇസ്‌ലാമിക രാഷ്ട്രീയക്കാർക്ക് തീറു നൽകരുത്.

ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി എന്തെങ്കിലും ബഹിഷ്‌ക്കരിക്കുക എന്നത് ഉൽപ്പന്നത്തോടുള്ള നമ്മുടെ ഇഷ്ടാനിഷ്ടമോ ഉൽപ്പന്നത്തിന്റെ ഗുണമേന്മയോ നോക്കിയല്ല. മറിച്ച് അതിന്റെ രാഷ്ട്രീയ സ്വഭാവം കണക്കാക്കിയാണ്

കേരളത്തിലെ മുസ്​ലിം ജനസമൂഹത്തിനിടയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വലിയ ഉണർവുണ്ടാവുകയാണ്. മതമേധാവിത്തത്തിന്​ ഇത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്, എന്നാൽ സ്ത്രീ വിദ്യാഭ്യാസത്തോട് മുഖം തിരിച്ചുനിന്നാൽ തങ്ങൾ അപ്രസക്തരായിപ്പോകുന്ന ഒരു പൊതുകാലാവസ്ഥ കേരളത്തിലുണ്ട് എന്ന് ഇസ്‌ലാമിക രാഷ്ട്രീയക്കാരും പൗരോഹിത്യവും തിരിച്ചറിയുന്നു. അപ്പോൾ പിന്നെ വിദ്യാഭ്യാസം തങ്ങളുടെ വഴിക്കാക്കുകയും വിദ്യാഭ്യാസം നേടിയ സ്​ത്രീകളെയടക്കം മതബദ്ധരായ വിഭാഗമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്, അവരാണ് ഭാര്യയും ഭർത്താവും കെട്ടിപ്പിടിക്കണോ എന്ന സന്ദേഹത്തിൽ വലയുന്ന ജമാഅത്തെ ഇസ്‌ലാമിക്കായി ഹലാൽ ലവ് സ്റ്റോറി എടുക്കുന്നതും.

ഇനി ബഹിഷ്‌ക്കരണം ജനാധിപത്യവിരുദ്ധമല്ലേ എന്ന ആക്ഷേപം പരിശോധിക്കാം. ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി എന്തെങ്കിലും ബഹിഷ്‌ക്കരിക്കുക എന്നത് ഉൽപ്പന്നത്തോടുള്ള നമ്മുടെ ഇഷ്ടാനിഷ്ടമോ ഉൽപ്പന്നത്തിന്റെ ഗുണമേന്മയോ നോക്കിയല്ല. മറിച്ച് അതിന്റെ രാഷ്ട്രീയ സ്വഭാവം കണക്കാക്കിയാണ്. ഭോപ്പാൽ ദുരന്തം ഉണ്ടായപ്പോൾ എവറെഡി ബാറ്ററി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്​ നടത്തിയ പ്രചാരണം നമുക്കോർമയുണ്ട്. എവറെഡി ബാറ്ററി ഇട്ടാൽ ബൾബ് കത്താത്തതുകൊണ്ടല്ല അങ്ങനെ ചെയ്തത്, അതിന്റെ നിർമാതാവിനെതിരായ സമരത്തിന്റെ ഭാഗമാണ്.

Boycott, Divestment, and Sanctions (BDS) പ്രചാരണത്തിന്റെ ഭാഗമായി ഇസ്രയേലിനെതിരെ തുടങ്ങിയ Palestinian Campaign for the Academic and Cultural Boycott of Israel (PACBI) അറിവിനും ജ്ഞാനവിനിമയത്തിനും എതിരായ നീക്കമായല്ല വ്യാഖ്യാനിക്കപ്പെടുന്നത്. മറിച്ച് ഇസ്രായേലിനെതിരായ, അതിന്റെ അധിനിവേശ, വംശീയ നിലപാടുകൾക്കെതിരായ ചെറുത്തുനിൽപ്പായാണ് ഉയർത്തിക്കാട്ടുന്നത്.

വിദേശ വസ്ത്രങ്ങൾ ബഹിഷ്​കരിക്കാൻ ഗാന്ധി ആവശ്യപ്പെട്ടപ്പോൾ വിദേശവസ്ത്രങ്ങളുടെ ഗുണമേന്മ ചർച്ചയേ ആയിരുന്നില്ല. അതൊരു രാഷ്ട്രീയ സമരത്തിന്റെ ഭാഗമായിരുന്നു, ഒരു പ്രതീകാത്മക സമരമായിരുന്നു. വിദേശവസ്ത്രങ്ങൾ കത്തിക്കാനാണ് ഗാന്ധി ആവശ്യപ്പെട്ടത്. ഒരൊറ്റ നോട്ടത്തിൽ എത്രമാത്രം ഹിംസാത്മകമാണ് പരസ്യമായി വസ്ത്രം കൂട്ടിയിട്ട് കത്തിക്കൽ എന്ന സമരരീതി. ബഹിഷ്‌ക്കരണത്തിന്റെ രാഷ്ട്രീയസ്വഭാവത്തെയാണ് ഗാന്ധി അന്ന് കത്തിച്ചുപടർത്തിയത്. കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലുകൾ എന്നിവയെല്ലാം ബഹിഷ്‌ക്കരിച്ചായിരുന്നു സമരം നടന്നത്. പറഞ്ഞുവന്നത് ബഹിഷ്‌കരണം എന്നത് എല്ലായ്‌പ്പോഴും ജനാധിപത്യവിരുദ്ധമല്ല.

ഇന്ത്യയിൽ ജമാ അത്തെ ഇസ്‌ലാമി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭൂരിപക്ഷാധിപത്യം കൊണ്ട് ന്യായീകരിക്കപ്പെടുമെങ്കിൽ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആർ. എസ്. എസ് ശാഖകളും അത്തരത്തിൽ ന്യായീകരിക്കപ്പെടുകയും പാകിസ്ഥാനിൽ ആർ. എസ്. എസ് കീഴാള രാഷ്ട്രീയത്തിന്റെ പ്രവാചകരായും മാറും. പൗരത്വ നിയമ ഭേദഗതിയിൽ സംഘപരിവാർ ഉയർത്തിയ വാദം ഇതേ മട്ടിലൊരു ഇരവാദവുമായിരുന്നു. മതവർഗീയതയുമായി സൗകര്യപൂർവ്വമുള്ള ഒത്തുതീർപ്പുകളോ കൂട്ടുകച്ചവടമോ മതേതര ജനാധിപത്യ സമൂഹത്തിന്​ സാധ്യമല്ല. മതവർഗീയതയുമായി ചർച്ചകളുമില്ല, എതിർപ്പും പോരാട്ടവും മാത്രമേയുള്ളു.

ഓരോ കാലഘട്ടത്തിലും എടുക്കുന്ന രാഷ്ട്രീയ- സാമൂഹ്യ നിലപാടുകൾ ആ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ കൂടി നേരിടാൻ പാകമുള്ളതായിരിക്കണം. മുൻകാലങ്ങളിലെ ആനപ്പുറസഞ്ചാരത്തിന്റെ തഴമ്പുകൾ കാട്ടി പുതുകാലത്തിന്റെ വേലിപൊളിക്കാൻ മത, സമുദായ സംഘടനകളെ അനുവദിക്കാതിരിക്കുക എന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നാണ്. മന്നത്ത് പദ്മനാഭന്റെ ആദ്യകാല പ്രവർത്തനങ്ങളിലെ ചില നവോത്ഥാനച്ഛായ എൻ. എസ്. എസിനേയും മിഷണറിമാരുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ ചരിത്രം കൃസ്ത്യാനി സഭകളുടെ വർഗീയ വിഷപ്രചാരണത്തെയും സാധൂകരിക്കാൻ ഉപയോഗിക്കാൻ ഇന്നാകില്ല. കീഴാള രാഷ്ട്രീയത്തിനും ദലിത് എഴുത്തുകാർക്കുമൊക്കെ മാധ്യമവും ജമാ അത്തെ ഇസ്‌ലാമിയും നൽകി എന്ന് പറയുന്ന അവസരങ്ങൾ വെള്ളക്കാരൻ ഇന്ത്യക്കാർക്ക് തീവണ്ടിയും നിയമവ്യവസ്ഥയുമൊക്കെ നൽകി എന്നുപറയുന്ന പോലൊരു അശ്ലീലമാണ്. അയ്യങ്കാളിയിലും നാരായണ ഗുരുവിലും പൊയ്കയിൽ അപ്പച്ചനിലും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലുമൊക്കെയായി കേരളം നടന്ന വഴികളിൽ നിന്ന്​ ‘കീഴാള രാഷ്ട്രീയത്തെ' ജമാ അത്തെ ഇസ്‌ലാമി പാതാളത്തിൽ നിന്ന്​ പൊക്കിക്കൊണ്ടുവന്ന കഥ അവരിന്നോളം നടത്തിയ ഏറ്റവും വിജയകരമായ പ്രചാരണമായേ കാണാൻ കഴിയൂ. എന്നാലതിന്റെ ഉപയോഗകാലം കഴിഞ്ഞുപോയിരിക്കുന്നു.

അതായത് ഇസ്‌ലാമിക രാഷ്ട്രീയം കേരള സമൂഹത്തിൽ പൊതുവെയും മുസ്​ലിം സമൂഹത്തിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്വാധീനത്തെ അവഗണിക്കാൻ കഴിയില്ല. സ്ത്രീപക്ഷ രാഷ്ട്രീയവും മതേതര രാഷ്ട്രീയവും മതഫാസിസ്റ്റ്- കോർപറേറ്റ് കൂട്ടുകെട്ടിനെതിരായ രാഷ്ട്രീയവും അതിന്റെ ചരിത്രസന്ധികളിൽ നിർണായക സമരങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ വക്കും മൂലയും കൃത്യമാക്കുന്ന ഒന്നാക്കുകയാണ് വേണ്ടത്. മതവർഗീയവാദികളുടെ സാമൂഹ്യസാധുത ഇല്ലാതാക്കുക ആ പോരാട്ടത്തിന്റെ ഭാഗമാണ്. മതവർഗീയ മാധ്യമങ്ങളിൽ മതേതരത്വം എഴുതിത്തെളിയാറില്ല. സ്ത്രീവിരുദ്ധതയുടെ നിയമങ്ങൾക്കിടയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കവിത കണ്ണ് തട്ടാതിരിക്കാനുള്ള കോലം പോലെ വ്യർത്ഥമാണ്. താലിബാനിൽ പ്രതീക്ഷ കണ്ടെത്തുന്ന വർഗീയ സംഘടനയുടെ മാധ്യമത്തിലെ ജനാധിപത്യ, മതേതരാകുലതകൾ കശാപ്പുശാലയിലെ ആട്ടിൻകുട്ടികളുടെ സംവാദം പോലെയാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments