കറുത്ത കാലത്തെ പാട്ടുകാർക്കുള്ള
അപായ സൂചന

ഡിജിറ്റൽ മാധ്യമങ്ങൾക്ക് 26 ശതമാനം വരെ വിദേശ നിക്ഷേപം കൈപ്പറ്റാൻ നിയമം അനുവദിച്ചിരുന്നപ്പോൾ പോലും 10 ശതമാനത്തിൽ താഴെ മാത്രം വിദേശനിക്ഷേപം കൈപ്പറ്റിയിരുന്ന സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. അതുകൊണ്ടാണ് ആദായ നികുതി വകുപ്പുകാർക്കോ ഇ.ഡിക്കോ ഒന്നും ന്യൂസ് ക്ലിക്കിനെ ഒരു ചുക്കും ചെയ്യാൻ കഴിയാതിരുന്നത്.

മാധ്യമപ്രവർത്തനം മാരകമായ യു എ പി എ വരെ ചുമത്തപ്പെടാവുന്ന കുറ്റമാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞത് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് നടന്നപ്പോഴാണ്. കുറ്റം എന്തെന്ന് അറിയുകപോലും ചെയ്യാതെ രണ്ടു വർഷവും നാലു മാസവുമാണ് സിദ്ദിഖ് കാപ്പൻ ഉത്തർ പ്രദേശിലെ ജയിലിൽ നരകിച്ചത്. ഇപ്പോഴും അദ്ദേഹം ജാമ്യത്തിലാണ്, കേസിന്റെ വിചാരണ എന്നുതുടങ്ങുമെന്ന് ഒരു നിശ്ചയവുമില്ല.

അതുകൊണ്ടു തന്നെ ന്യൂസ് ക്ലിക്ക് സ്ഥാപകനും പത്രാധിപരുമായ പ്രബിർ പുർകായസ്തയുടെ അറസ്റ്റും അദ്ദേഹത്തിനും സ്ഥാപനത്തിലെ എച്ച് ആർ മാനേജർ അമിത് ചക്രവർത്തിക്കുമെതിരെ യു എ പി എ ചുമത്തിയതും എത്രമാത്രം ഗൗരവതരമായ സംഭവമാണെന്ന് നമുക്ക് പെട്ടെന്ന് മനസിലാകും. ഭിമ കൊറെഗാവ് കേസിലാണെങ്കിൽ നാലു വർഷത്തിലധികമായി, അന്വേഷണ ഏജൻസികൾ കെട്ടിച്ചമച്ചതെന്നുപോലും വിശ്വസിക്കാവുന്ന ഒരു ഗൂഢാലോചനാസിദ്ധാന്തത്തിന്റെ പേരിൽ, ചിന്തകരും തൊഴിലാളി അവകാശ പ്രവർത്തകരും അധ്യാപകരുമൊക്കെ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട്.

ചൈനയെ മഹത്വവൽക്കരിക്കുന്ന വാർത്തകൾ ഒന്നും ന്യൂസ് ക്ലിക്ക് ആർകൈവ്സിൽ കാണുന്നതേയില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ചൈനീസ് ഫണ്ട് വാങ്ങി ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്ന മാധ്യമമായി ന്യൂസ് ക്ലിക്കിനെ മുദ്രകുത്താൻ കഴിയുന്നത്?

പ്രബിർ പുർകായസ്തയും ന്യൂസ് ക്ലിക്കും സംശയാസ്പദമായ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്നും അതിന്റെ പരിണിതഫലമാണ് ഇപ്പോൾ നടക്കുന്ന അന്വേഷണമെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നത് കാലത്തിന്റെ നീതിയാണെന്നുമൊക്കെ തരംപോലെ വിളമ്പുന്ന ‘നിഷ്കളങ്കർ’ കൂടിച്ചേർന്നതാണ് നമ്മുടെ സമൂഹം എന്നതിനാലാണ് ഇത്രയും ആമുഖമായി പറയേണ്ടി വരുന്നത്. ഒരു വാദത്തിന് ഇവരുടെ സംശയം ശരിയെന്ന് കരുതുക. ന്യൂസ് ക്ലിക്കിന്റെ ഫണ്ടിംഗ് സംശയകരമാണ്. അങ്ങനെയെങ്കിൽ പോലും അന്വേഷണം നടത്തേണ്ടത് വിദേശനാണ്യ വിനിമയ ചട്ടവും ആദായനികുതി വകുപ്പും അനുസരിച്ച് ഇ. ഡിയും ഐ.ടി ഡിപ്പാർട്മെന്റും ഒക്കെയല്ലേ?

ന്യൂസ് ക്ലിക്കിന്റെ വെബ്സൈറ്റിൽ ചൈന എന്നു തിരഞ്ഞാൽ ആകെ കിട്ടുന്നത് എം.കെ. ഭദ്രകുമാർ എഴുതുന്ന കോളത്തിലെ ചൈനയെപ്പറ്റിയുള്ള പരാമർശങ്ങളും ഏഷ്യൻ ഗെയിംസ് വാർത്തകളും പരിസ്ഥിതി സംബന്ധമായ ചില വാർത്തകളും ഒക്കെയാണ്.

പ്രബിറിന്റെ അറസ്റ്റിനു പിറ്റേന്ന് ന്യൂസ് ക്ലിക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ 2021 മുതൽ തുടരുന്ന ഇ.ഡി അന്വേഷണത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും ബാങ്ക് അക്കൗണ്ടുകൾ ഇഴകീറി പരിശോധിച്ചിട്ടും സ്ഥാപനത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയുന്ന ഒന്നും ഏജൻസികൾക്ക് കണ്ടെത്താനായില്ല. അന്ന് 113 മണിക്കൂർ തുടർച്ചയായാണ് പ്രബിറിന്റെ വീടും ഓഫീസും ഇ. ഡി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തത്. ആ കേസിന് ഒരു അന്തവും ഇല്ലാതിരിക്കുമ്പോഴാണ് ദ ന്യൂയോർക് ടൈംസിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹവും മറ്റും കുറ്റമായി ചുമത്തി ദൽഹി പോലീസ് സ്പെഷ്യൽ സെൽ സ്ഥാപനം പൂട്ടിക്കുന്നതും പത്രാധിപരെ തുറുങ്കിലടക്കുന്നതും.

ന്യൂസ് ക്ലിക്കിന്റെ വെബ്സൈറ്റിൽ ചൈന എന്നു തിരഞ്ഞാൽ ആകെ കിട്ടുന്നത് എം.കെ. ഭദ്രകുമാർ എഴുതുന്ന കോളത്തിലെ ചൈനയെപ്പറ്റിയുള്ള പരാമർശങ്ങളും ഏഷ്യൻ ഗെയിംസ് വാർത്തകളും പരിസ്ഥിതി സംബന്ധമായ ചില വാർത്തകളും ഒക്കെയാണ്. ചൈനയെ മഹത്വവൽക്കരിക്കുന്ന വാർത്തകൾ ഒന്നും ന്യൂസ് ക്ലിക്ക് ആർകൈവ്സിൽ കാണുന്നതേയില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ചൈനീസ് ഫണ്ട് വാങ്ങി ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്ന മാധ്യമമായി ന്യൂസ് ക്ലിക്കിനെ മുദ്രകുത്താൻ കഴിയുന്നത്?

പ്രബിർ പുർക്കയസ്തയും പങ്കാളി ഗീത ഹരിഹരനും. / Photo: Shahid Tantray Twitter Page

2009-ൽ ഒരു ചെറിയ മുറിയിൽ ഇടതുചിന്തകരായ വിജയ് പ്രസാദും പ്രബിർ പുർകായസ്തയും പ്രൊഫ. ഐജാസ് അഹമ്മദും ഒക്കെ ചേർന്നു തുടങ്ങിയ ചെറിയ സംരംഭമാണ് ഇന്ന് വടക്കൻ ആഫ്രിക്കയും മധ്യ കിഴക്കൻ രാജ്യങ്ങളുമൊക്കെ ആഴത്തിൽ  റിപ്പോർട്ട് ചെയ്യുന്ന ന്യൂസ് ക്ലിക്ക് പോർട്ടൽ ആയി വളർന്നത്. ടെക് ബിസിനസിലൂടെ ശതകോടികൾ സമ്പാദിച്ച ഒരു സംരംഭകൻ തന്റെ സമ്പത്തിൽ ഒരു ഭാഗം ഗ്രാസ് റൂട്ട് ജേണലിസം ചെയ്യുന്ന സ്ഥാപനങ്ങളെ പിന്തുണക്കാനായി ചെലവഴിക്കാൻ തീരുമാനിക്കുന്നതും ന്യൂസ് ക്ലിക്ക് ആ സഹായം നേടാൻ അർഹമായ ഒരു പ്രസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് ഇപ്പോഴത്തെ നൂലാമാലകൾക്കൊക്കെ കാരണമായിരിക്കുന്നത്.

റെയ്ഡിനുശേഷം പല മാധ്യമ പ്രവർത്തകരും പറഞ്ഞത്, ദൽഹിയിലെ കർഷക പ്രക്ഷോഭവും സി എ എ വിരുദ്ധ സമരവും കോവിഡ് കാലത്തെ സർക്കാർ വീഴ്ചകളും അവർ റിപ്പോർട്ട് ചെയ്തിരുന്നോ എന്നാണ് പോലീസുകാർ ആവർത്തിച്ച് ചോദിച്ചത് എന്നാണ്.

രണ്ടുവർഷം മുൻപ് ഇ.ഡിയുടെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ ശേഷം പ്രബിർ പുർകായസ്ത പറഞ്ഞത് ഈ കേസ് തന്നെ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ്. വിദേശ സംഭാവനകൾ മുഴുവൻ റിസർവ് ബാങ്ക് വഴി കൈപ്പറ്റിയ ഒരു സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. ഡിജിറ്റൽ മാധ്യമങ്ങൾക്ക് 26 ശതമാനം വരെ വിദേശ നിക്ഷേപം കൈപ്പറ്റാൻ നിയമം അനുവദിച്ചിരുന്നപ്പോൾ പോലും 10 ശതമാനത്തിൽ താഴെ മാത്രം വിദേശനിക്ഷേപം കൈപ്പറ്റിയിരുന്ന സ്ഥാപനമാണത്. ഈ വസ്തുതകൾ നീണ്ടു നിവർന്ന് കിടക്കുന്നതിനാലാണ് ആദായ നികുതി വകുപ്പുകാർക്കോ ഇ.ഡിക്കോ ഒന്നും ന്യൂസ് ക്ലിക്കിനെ ഒരു ചുക്കും ചെയ്യാൻ കഴിയാതിരുന്നത്.

ഗാന്ധി ജയന്തിയുടെ പിറ്റേന്ന് ദൽഹിയിലും സമീപ പ്രദേശങ്ങളിലും മാധ്യമപ്രവർത്തകരും എഴുത്തുകാരും ഗവേഷകരുമായ നൂറോളം പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് ദൽഹി പോലീസ് ഒരുമിച്ച് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്കുമായും ട്രൈ കോണ്ടിനെന്റൽ റിസർച്ച് സർവീസസുമായും ഏതെങ്കിലും വിധത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്നവരെയാണ് റെയ്ഡ് ഉന്നംവച്ചത്. എട്ടു മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം ഇവരിൽ 46 പേരുടെ കംപ്യൂട്ടറും മൊബൈൽ ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ന്യൂസ്ക്ലിക്കിൽ ദൽഹി സ്പെഷ്യൽ പൊലീസ് നടത്തിയ റെയ്ഡ് / Photo: Shahid Tantray Twitter Page

ന്യൂസ് ക്ലിക്കിന്റെ മാനേജ്മന്റ് ആണ് കുഴപ്പക്കാർ എങ്കിൽ അവിടെ ജോലി ചെയ്യുന്ന സാധാരണ ഉദ്യോഗസ്ഥരെയും വല്ലപ്പോഴും പംക്തികൾ എഴുതുന്നവരെയുമൊക്കെ റെയ്ഡ് ചെയ്ത് ബുദ്ധിമുട്ടിക്കുന്നതിനുപിന്നിലെ യുക്തി എന്താണ്? റെയ്ഡിനുശേഷം പല മാധ്യമ പ്രവർത്തകരും പറഞ്ഞത്, ദൽഹിയിലെ കർഷക പ്രക്ഷോഭവും സി എ എ വിരുദ്ധ സമരവും കോവിഡ് കാലത്തെ സർക്കാർ വീഴ്ചകളും അവർ റിപ്പോർട്ട് ചെയ്തിരുന്നോ എന്നാണ് പോലീസുകാർ ആവർത്തിച്ച് ചോദിച്ചത് എന്നാണ്. ഈ വാർത്തകൾക്ക് സാക്ഷിയായിട്ടും റിപ്പോർട്ട് ചെയ്യാത്തയാളെ മാധ്യമ പ്രവർത്തകൻ എന്ന് എങ്ങനെയാണ് വിളിക്കുക?

ഇപ്പോൾ തന്നെ ന്യൂസ് റൂമുകളിൽ പരന്നൊഴുകുന്ന ഭയം, ഇനി ന്യൂസ് റൂമിനുപുറത്തുനിന്ന് കോളം എഴുതുകയും മറ്റും ചെയ്യുന്ന ആൾക്കാർക്കിടയിലേക്കും കൂടി വ്യാപിക്കും.

സത്യത്തിൽ 2024- ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സർക്കാർ പ്രതിക്കൂട്ടിൽ നിന്ന ഈ സംഭവങ്ങളെല്ലാം വലിയൊരു ദേശവിരുദ്ധ ഗൂഢാലോചനയായിരുന്നുവെന്ന സിദ്ധാന്തം ചമയ്ക്കലാണ് ഈ അസാധാരണ നടപടിക്ക് പിന്നിലെന്നു നിരീക്ഷിക്കുന്നതിൽ തെറ്റില്ല. ഈ സമരങ്ങളെ പിന്തുണച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ ദേശദ്രോഹി പട്ടികയിൽ പെടുത്താൻ കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഭരണമികവൊന്നും പറയാനില്ലാത്ത ബി ജെ പിക്ക് ചുളുവിൽ കിട്ടുന്ന നല്ലൊരു പ്രചാരണ വിഷയമാകുമത്. ന്യൂസ്‌ക്ലിക്കിനെതിരെ ന്യൂയോർക് ടൈംസ് റിപ്പോർട്ട് വന്നതിനുപിന്നാലെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നടത്തിയ വാർത്താസമ്മേളനത്തിൽ ഈ അജണ്ടയുടെ വ്യക്തമായ സൂചനകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. രാഹുൽ ഗാന്ധിക്ക് ന്യൂസ്ക്ലിക്കുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് രാഹുൽ ഗാന്ധി ചൈനയുടെ ആളാണെന്നും വരുത്തിത്തീർക്കാൻ ദുർബലമായിട്ടാണെങ്കിലും അന്ന് താക്കൂർ ശ്രമിച്ചു. ജോഡോ യാത്രയാൽ പുനർജനിക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് അതൃപ്തരായ കർഷകരെയും ന്യൂനപക്ഷങ്ങളെയും ചേർത്തുനിർത്താൻ കഴിഞ്ഞാൽ 2024 തീപാറുന്ന പോരാട്ടമാവുമെന്ന് നന്നായി അറിയുന്നത് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും തന്നെയാണ്.

ന്യൂസ്‌ക്ലിക്കിനെതിരെ ന്യൂയോർക് ടൈംസ് റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നടത്തിയ വാർത്താ സമ്മേളനത്തിൽ

മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 -ൽ 161 -ാമതായി നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ അതിക്രമം നിലവിലുള്ള ഭയാന്തരീക്ഷം കൂടുതൽ ഘനീഭവിപ്പിക്കാനേ സഹായിക്കൂ. ഇപ്പോൾ തന്നെ ന്യൂസ് റൂമുകളിൽ പരന്നൊഴുകുന്ന ഭയം, ഇനി ന്യൂസ് റൂമിനുപുറത്തുനിന്ന് കോളം എഴുതുകയും മറ്റും ചെയ്യുന്ന ആൾക്കാർക്കിടയിലേക്കും കൂടി വ്യാപിക്കും. ഔട്ട്ലുക്ക് മുൻ എഡിറ്റർ റൂബൻ ബാനർജി എഴുതിയ ‘എഡിറ്റർ മിസ്സിംഗ്’ എന്ന പുസ്തകത്തിൽ ചുമതലയേൽക്കും മുൻപ് ഉടമ രാജൻ രഹേജയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. റൂബന് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത രാജൻ രഹേജ ഇറങ്ങുമ്പോൾ പറഞ്ഞുവത്രേ, ‘ബട്ട്, ബീവയർ  ഓഫ് ദ ടു’.
ഇന്ന് ഒരു പത്രമുടമയ്ക്കും അങ്ങനെ പത്രാധിപരോട് പറയേണ്ടിപോലും വരുന്നില്ല. ആരെയൊക്കെ എത്രമാത്രം സൂക്ഷിക്കണം എന്നത് എഡിറ്റർമാർക്ക് ആരും പറയാതെ തന്നെ അറിയാം. കറുത്ത കാലത്തെ പറ്റിയുള്ള പാട്ടുകൾ എന്നിട്ടും പാടാൻ ശ്രമിക്കുന്നവർക്ക് ഭരണകൂടം നൽകുന്ന വ്യക്തമായ അപായ സൂചനയാണ് 76 - കാരനായ പ്രബിർ പുർകായസ്തക്കുനേരെയുള്ള നടപടി.

Comments