വിപണി, മൂലധനം, മീഡിയ - ഡോ. രശ്മി പി. ഭാസ്‌കരൻ
‘‘എൻ.ഡി.ടി.വിയിലെ രവീഷ് കുമാർ സ്‌ക്രീൻ ശൂന്യമാക്കി പ്രതിരോധിച്ചപ്പോൾ അതിനെ പിന്തുണച്ച എത്ര ഇന്ത്യൻ മാധ്യമങ്ങളുണ്ടായിരുന്നു. ബി.ബി.സി വിഷയത്തിൽ പക്ഷം പിടിക്കാതിരിക്കുന്നതാണ് നൈതികതയും ധാർമികതയും കച്ചവടച്ചരക്കാക്കിയ മുഖ്യധാരാ മാധ്യമങ്ങൾക്ക് നല്ലതെന്ന് അവർക്കറിയാം. ബി.ബി.സിയുടെ പ്രശ്‌നം പൊതുസമൂഹത്തിൽ എത്ര പേർക്കറിയാം?. വളരെ കുറച്ച് മാധ്യമങ്ങളേ അതിനെകുറിച്ച് ചർച്ച ചെയ്തിട്ടുള്ളൂ. മറ്റുള്ളവർ അതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഒരു വിദേശശക്തിയുടെ ഇടപെടലായിട്ടാണ് റിപ്പോർട്ട്ചെയ്തത്. പ്രതിപക്ഷപാർട്ടികളിൽ ചെറിയ ശതമാനം മാത്രമേ ഇതിനെതിരെ ശബ്ദമുയർത്തിയിട്ടുള്ളൂ. ചുരുക്കത്തിൽ മുഖ്യധാരാ മാധ്യമങ്ങളെ പിന്തുടരുന്നവർക്ക് ബി.ബി.സിയുടേത് ഒരു ദേശദ്രോഹ പ്രവൃത്തി മാത്രമാണ്.’’
എൻ.ഡി.ടി.വി എന്ന ചൂണ്ടുപലക- സന്ധ്യാ മേരി
‘‘അദാനിയുടെ ഏറ്റെടുക്കലിനെതുടർന്ന് എൻ.ഡി.ടി.വി വിട്ട രവീഷ് കുമാർ പറയുന്നത് ഇപ്പോൾ തന്റെ ലേഖനം പ്രസിദ്ധീകരിക്കാൻ ഒരു ഹിന്ദി പത്രം പോലും തയ്യാറല്ല എന്നാണ്. ഇതാണ് ഇന്ത്യൻ മാധ്യമരംഗത്തെ, ചുരുങ്ങിയത് ഉത്തരേന്ത്യൻ മാധ്യമരംഗത്തെയെങ്കിലും റിയാലിറ്റി. സത്യത്തിൽ വളരെ സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയുമാണ് അവർ മോദിയെ പുകഴ്ത്തുന്നതും അമാനുഷിക പരിവേഷത്തോളമെത്തുന്ന ഒന്ന് ചാർത്തി നൽകുന്നതും. ചുരുക്കത്തിൽ മോദി സർക്കാരിന്റെ ഒരു എക്സ്റ്റൻഡഡ്പ്രൊപ്പഗാണ്ട വിങ്ങ് മാത്രമാണ് ഇപ്പോൾ മുഖ്യധാരാ ഇന്ത്യൻ മീഡിയ.’’
അരിച്ചരിച്ചിറങ്ങുന്ന ഭയം, ഇതാണ് സെൻസർഷിപ്പ് റൂൾ - സുകന്യ ഷാജി
‘‘ഒരു മാധ്യമപ്രവർത്തക, അല്ലെങ്കിൽ വ്യക്തി എന്ന നിലയ്ക്ക്, എന്തെങ്കിലും അഭിപ്രായം പറയുമ്പോഴോ നിലപാട് എടുക്കുമ്പോഴോ നേരിടേണ്ടിവരുന്ന ഫിൽറ്ററുകളിലൂടെയാണ് ഈ സെൻസർഷിപ്പ് അനുഭവിക്കേണ്ടിവരുന്നത്. അതായത്, ഏതു മാധ്യമത്തിൽ കൂടിയാണെങ്കിലും ഒരു ഇഷ്യു റിപ്പോർട്ട് ചെയ്യുമ്പോഴോ ഒരു അഭിപ്രായം പറയുമ്പോഴോ, പ്രത്യേക നിലപാട് സ്വീകരിക്കുമ്പോഴോ, ആരെയെങ്കിലും വിമർശിക്കുമ്പോഴോ എന്തായിരിക്കും പ്രത്യാഘാതം എന്ന ഭയം. മനസ്സിലേക്ക് അരിച്ചരിച്ചിറങ്ങുന്ന ഭയത്തിന്റെ അളവ് കൂടിക്കൂടിവരുന്നിടത്താണ് ഇത്തരമൊരു സെൻസർഷിപ്പ് ഉണ്ട് എന്ന് വ്യക്തമാകുന്നത്.’’
നമ്മൾ വായനക്കാർക്ക് വിവേചനരഹിതമായി പോപ്പ്‌കോൺ നൽകിക്കൊണ്ടിരിക്കുകയായിരുന്നു- ആർ. രാജഗോപാൽ
‘‘അച്ചടി മാധ്യമങ്ങൾക്ക് 1992 മുതൽ ഉണ്ടായിരുന്ന പ്രഭാവം അസ്തമിക്കാൻ തുടങ്ങിയതും, ദേശീയ രാഷ്ട്രീയ ഭൂമികയിലേക്ക് നരേന്ദ്ര മോദി വിസ്‌ഫോടനത്തോടെ കടന്നുവരുന്നതും ഏതാണ്ട് ഒരേ കാലത്താണ്. ടി.വി. ജേണലിസമാകട്ടെ, മതേതരരായിരിക്കണമെന്ന് നിർബന്ധമില്ലാത്ത അരാഷ്ട്രീയ ബ്രിഗേഡ് കയ്യടക്കുകയും ചെയ്തു. വർഗീയചിന്തയുള്ള അരാഷ്ട്രീയ
എഡിറ്റർമാരെക്കാൾ വിഷലിപ്തമായ മറ്റെന്തെങ്കിലുമില്ല.
തുറന്നുപറയട്ടെ, 2014 ചെയ്തത് ഇതാണ്: രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു.’’
വാർത്താസമ്മേളനം നടത്താത്ത മോദി, മാധ്യമങ്ങളുടെ സെൽഫ് സെൻസർഷിപ്പ് - വി. ബി. പരമേശ്വരൻ
‘‘ദ വയർ, ന്യൂസ് ക്ലിക്ക്, ന്യൂസ് ലോണ്ടറിതുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണ്. ചില വ്യക്തികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലുടെ നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്. അദാനിയുടെ തകർച്ച സംബന്ധിച്ച വാർത്തകൾ, റഫാൽ കുംഭകോണം, ഹാഥ്‌റസ്, പെഗാസസ്, ബുൾഡോസർ രാജ് തുടങ്ങിയവ സംബന്ധിച്ച വാർത്തകൾ ജനങ്ങളുടെ മുമ്പിലെത്തിക്കുന്നതിൽ ഇത്തരം ഡിജിറ്റൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്.’’
ഭയം നിഴൽ വീഴ്ത്തിയ ഒമ്പതു വർഷങ്ങൾ- ബി. ശ്രീജൻ
‘‘ദഇക്കണോമിക് ടൈംസ് ദൽഹിയിൽ ഒരു വലിയ കോൺക്ലേവ് സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം; ധനമന്ത്രി ഉൾപ്പെടെ പത്തോളം കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്നു. സദസിൽ അംബാനി മുതൽ നന്ദൻ നിലേകനി വരെയുള്ള തിരഞ്ഞെടുത്ത ബിസിനസ് നേതാക്കൾ.
പരിപാടിയുടെ തലേന്നുരാത്രി ആദ്യം പ്രധാനമന്ത്രി അസൗകര്യം അറിയിച്ച് പിന്മാറുന്നു. തൊട്ടു പിന്നാലെ ധനമന്ത്രി, പിന്നെ മറ്റു മന്ത്രിമാർ. പിറ്റേന്ന് ഒൻപതു മണിക്ക് പരിപാടി തുടങ്ങുമ്പോൾ ക്ഷണിക്കപ്പെട്ട വി വി ഐ പിമാർ ആരുമില്ലാത്ത വേദി. അന്ന് ഞങ്ങൾ ഓഫിസിൽ കേട്ട കഥ ടൈംസ് ഓഫ് ഇന്ത്യയും ടൈംസ് നൗ ചാനലും സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇക്കണോമിക് ടൈംസ്പത്രവുംമിറർ നൗചാനലും വിമർശിക്കുന്നു എന്ന പരാതി ആർക്കോ ഉണ്ടായിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് പെട്ടെന്ന് പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഉണ്ടായ അസൗകര്യമെന്നും ഒക്കെയാണ്. കാര്യം എന്തായാലും തുടർന്നുള്ള ദിവസങ്ങളിൽ ഈ രണ്ടു മാധ്യമങ്ങളിലും ആളായും നയമായും ചില മാറ്റങ്ങളുണ്ടായി.’’
2024- ലും ഇതേ പാർട്ടിക്കു തന്നെ ഭൂരിപക്ഷം കിട്ടിയാൽ ഇതിലും മോശം വാർത്തകളായിരിക്കും കേൾക്കേണ്ടിവരിക- അഡ്വ. എ. ജയശങ്കർ
‘‘ഇപ്പോൾ, അടിയന്തരാവസ്ഥയില്ല, സെൻസർഷിപ്പില്ല. പക്ഷെ, ആന്തരികമായ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. രാഷ്ട്രീയാന്തരീക്ഷം അത്ര സുഖകരമല്ല. ഇതിനേക്കാളുപരി, മനഃശാസ്ത്രപരമായി തീവ്രദേശീയത മുന്നോട്ടുവക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അതിജയിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് വലിയ പ്രശ്‌നം. ഭരണഘടനയുണ്ട്, മൗലികാവകാശങ്ങളുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്, പത്രസ്വാതന്ത്ര്യമുണ്ട്... എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, അതിനകത്തുനിന്നു കൊണ്ടുതന്നെ മനഃശാസ്ത്രപരമായ ദാസ്യം തീവ്രദേശീയതയോട് മുഖ്യധാരാ മാധ്യമങ്ങൾക്ക് പുലർത്തേണ്ടതായി വന്നിരിക്കുന്നു.’’
ചോദ്യങ്ങളെല്ലാം അവസാനിപ്പിച്ചു കഴിഞ്ഞു, ലെഗസി മീഡിയ- എൻ.കെ. ഭൂപേഷ്
‘‘നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ വ്യാപകമായ വിദ്വേഷ കൊലപാതകങ്ങളും ആക്രമണങ്ങളും ട്രാക്ക് ചെയ്യുന്ന കോളം ഹിന്ദുസ്ഥാൻ ടൈംസ്പ്രസിദ്ധികരിച്ചിരുന്നു. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഉടമ ശോഭന ഭാരതീയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം പത്രാധിപർ ബോബി ഘോഷിനെ തന്നെ മാറ്റാൻ പത്രം തീരുമാനിക്കുകയായിരുന്നു. ‘ഹേറ്റ് ട്രാക്കർ’ എന്ന പംക്തി ഉടൻ പിൻവലിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയ്ക്കെതിരായ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ലേഖനം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതും ഹിന്ദുസ്ഥാൻ ടൈംസ് ആയിരുന്നു. ഇതേ തുടർന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ കോളം ഗുഹ അവസാനിപ്പിച്ചു.’’
മീഡിയ @ മൈനസ് ഡിഗ്രി- ഷിബു മുഹമ്മദ്
‘‘പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നവരാണ് രാജ്യം ഭരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ‘രാഷ്ട്രീയബോധം' മാധ്യമമുതലാളിമാർക്കുണ്ട്. അവരെ സംബന്ധിച്ച് ചെറുത്തുനിൽപ്പ് എന്നത് കേൾക്കാൻ രസമുള്ള ഒരു കോമഡി മാത്രമാണ്. അടിമുടി മൂലധന താൽപര്യങ്ങളിൽ കുളിച്ചുനിൽക്കുന്ന ഇന്ത്യൻ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ മാർഗ്ഗം അടിമത്തം തന്നെയാണ്. പ്രതിപക്ഷം ദുർബലമാവുകയും ജുഡീഷ്യറി ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങളോട് ചാഞ്ഞുനിൽക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിൽ ഭരണകൂട വിമർശനം എന്ന റിസ്‌ക് അവർ ഏറ്റെടുക്കുമെന്ന് വിചാരിക്കുന്നത് തന്നെ അസംബന്ധമാണ്.’’
വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമ ലോകത്തെ വിധേയമാക്കണം- കെ.കെ. കൊച്ച്
‘‘കേരളത്തിലെ മാധ്യമങ്ങൾ ഒന്നൊഴിയാതെ എല്ലാം വ്യാപാര സ്ഥാപനങ്ങളാണ്, വ്യവസായ സ്ഥാപനങ്ങളല്ല. വ്യാപാരിക്ക്, ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ട കടമ മാത്രമാണുള്ളത്. എന്നാൽ, വ്യാവസായികോൽപ്പന്നങ്ങളാകട്ടെ, കാലോചിതമായി ശാസ്ത്ര- സാങ്കേതികജ്ഞാനത്താൽ പരിഷ്‌കരിക്കപ്പെട്ട് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് നമുക്ക് ലഭിക്കുന്ന നിർമിതവസ്തുക്കൾ, ഇരുപതോ മുപ്പതോ വർഷം മുമ്പുള്ളവയിൽനിന്ന് എത്രയോ മാറ്റങ്ങൾക്ക് വിധേയമായവയാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ച ചാനലുകൾ ഒഴിച്ചുള്ള മാധ്യമങ്ങൾ കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും ആധുനികവൽക്കരണം ഉൾക്കൊള്ളുന്നവയല്ല. ഇതിനുകാരണം, ഇവ ചില സാമുദായികവിഭാഗങ്ങളുടെ അഭിരുചിക്കും ഉടമകളുടെ സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ളവയാണ് ഇവ എന്നതാണ്.’’
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 118
വായിക്കാം, കേൾക്കാം