ബി.ബി.സിയിലെയും ന്യൂസ് ക്ലിക്കിലെയും ഓഫീസിലെ റെയ്ഡ് നടന്നപ്പോഴും അവിടുത്തെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തപ്പോഴും അത് മാധ്യമപ്രവർത്തനത്തിനു നേരെയുള്ള കടന്നുകയറ്റമായി കേരളമടക്കം നിലപാടെടുത്തിട്ടുണ്ട്. രാജ്യത്ത് മാധ്യമപ്രവർത്തകർക്കെതിരെ ഭരണകൂടം തുടർന്നു വരുന്ന പ്രതികാര നടപടികൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ സംഭവിക്കുമ്പോഴും കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിനെതിരെയുള്ള വാർത്തകൾക്ക് തടയിടാൻ പലതരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. സർക്കാരിനെതിരെയുള്ള സമരങ്ങളിൽ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തും, സെക്രട്ടറിയേറ്റിലേക്ക് മാധ്യമപ്രവർത്തകർ വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയും പല തരത്തിൽ സംസ്ഥാനത്ത് മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പി.എസ്.സി ഉദ്യോഗാർഥികളുടെ വിവരങ്ങൾ ചോരുന്നുവെന്ന മാധ്യമം ദിനപത്രത്തിലെ വാർത്തക്കെതിരെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ചുള്ള സർക്കാരിന്റെ പ്രതികാര നടപടികൾ.
പി.എസ്.സിയിലെ 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരം ചോർത്തുന്നുവെന്ന ഗൗരവകരമായ വാർത്ത പുറത്തെത്തിച്ചതിന് സമാനതകളില്ലാത്ത നടപടികളാണ് മാധ്യമം ദിനപത്രത്തിലെ ലേഖകൻ അനിരു അശോകനെതിരെ ഉണ്ടായിരിക്കുന്നത്. 65 ലക്ഷം പി.എസ്.സി ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ സൈബർ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽക്കുന്നുവെന്ന വാർത്തയാണ് അനിരു അശോകനെന്ന മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്തയെ ഗൗരവമായി കാണുന്നതിന് പകരം വാർത്ത നൽകിയ റിപ്പോർട്ടറെ രണ്ട് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൊബൈൽ ഫോൺ ഹാജരാക്കാനുള്ള നോട്ടീസ് നൽകിയിരിക്കുകയാണ് ഇപ്പോള്‍. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലേഖകനായ അനിരു അശോകനും മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് രണ്ട് ദിവസത്തിനകം മൊബൈൽ ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അനിരു അശോകന് നോട്ടീസ് നൽകിയത്.
പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ എട്ട് വർഷമായി റിപ്പോർട്ട് ചെയ്യുന്നയാളെന്ന നിലയിൽ താൻ എക്കാലത്തും സർക്കാരിന്റെയും പി.എസ്.സിയുടെയും കണ്ണിലെ കരടാണെന്ന് അനിരു അശോകൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“കഴിഞ്ഞ എട്ട് വർഷമായി പി.എസ്.സിയുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്യുന്നയാളാണ് ഞാൻ. പി.എസ്.സി തരുന്ന വിജ്ഞാപനങ്ങളെക്കാളുപരി പി.എസ്.സിയിൽ നടക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയും തട്ടിപ്പുകളും ഉദ്യോഗാർഥികൾ അനുഭവിക്കുന്ന നീതി നിഷേധങ്ങളും നിയമനങ്ങൾ അയക്കാൻ വൈകുന്നതും റാങ്ക് പട്ടിക നൽകുന്നതിലെ അലംഭാവവുമെല്ലാം ഞാൻ വാർത്തയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പി.എസ്.സിയുടെയും പ്രത്യേകിച്ച് ഇടതുപക്ഷ സർക്കാരിന്റെയും നോട്ടപ്പുള്ളിയാണ് ഞാൻ. കൊടുത്ത വാർത്തകളുടെ ഉറവിടം അന്വേഷിക്കാൻ സർക്കാർ പല തവണ വരികയും അതിനായി ഒരു അന്വേഷണ കമ്മീഷനെ തന്നെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ പ്രസിൽ അച്ചടിക്കാൻ കൊടുത്ത പി.എസ്.സി യുടെ ഒ.എം.ആർ ഷീറ്റുകളുടെ രഹസ്യവിവരങ്ങൾ ചോരുന്നുവെന്ന വാർത്തയായിരുന്നു ആദ്യം പി.എസ്.സിയെയും സർക്കാരിനെയും അലോസരപ്പെടുത്തിയത്. അന്ന് തങ്ങൾക്കെതിരെയുള്ള വാർത്തകൾ തടയിടാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ഓഫീസിന്റെ കീഴിൽ ഫാക്ട് ചെക്ക് എന്നൊരു സംവിധാനം കൊണ്ടു വന്നു. തങ്ങൾക്കെതിരായ വാർത്തകളെ സൂക്ഷ്മമായി പരിശോധിക്കുകയും ഉറവിടം കണ്ടെത്താനാകാത്ത വാർത്തകളെ വ്യാജ വാർത്തായായി പ്രഖ്യാപിക്കുകയുമാണ് അന്നുണ്ടായത്. അതിന്റെ ഭാഗമായി സെൻട്രൽ പ്രസിൽ നിന്നും വിവരങ്ങൾ ചോരുന്നുവെന്ന് ഞാൻ റിപ്പോർട്ട് ചെയ്ത വാർത്തയും വ്യാജ വാർത്തയായി ചാപ്പകുത്തി. വാർത്തയുമായി ബന്ധപ്പെട്ട എന്റെ വിശദീകരണം നോക്കാതെ സെൻട്രൽ പ്രസിലെ ഡയറക്ടറുടെ വിശകീരണം മാത്രം നോക്കിയാണ് ഈ വാർത്ത വ്യാജമാണെന്ന തീർപ്പിലേക്ക് എത്തിയത്. തുടർന്ന് ഈ ഡയറക്ടർ തന്നെ കണ്ടോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ ഈ രേഖകൾ നഷ്ടപ്പെട്ടുവെന്ന് പരാതി കൊടുക്കുകയും പോലീസ് എഫ്.ഐ.ആർ ഇടുകയും ചെയ്തു. ഈ എഫ്.ഐ.ആർ ഞാൻ പുറത്തുവിട്ടതോടെയാണ് സെൻട്രൽ പ്രസിൽ നിന്നും പി.എസ്.സിയുടെ ഒ.എം.ആർ ഷീറ്റിന്റെ രഹസ്യ വിവരങ്ങൾ ചോരുന്നുവെന്ന വാർത്ത സത്യമാണെന്ന് അവർ പറഞ്ഞത്. പിന്നീട് മാധ്യമസമൂഹത്തിൽ നിന്ന് പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായതോടെയാണ് ഫാക്ട് ചെക്ക് സംവിധാനം തന്നെ സർക്കാർ അവസാനിപ്പിച്ചത്. ഇതിന് ശേഷവും പല തരത്തിലുള്ള വാർത്തകളുമായുള്ള ഏറ്റുമുട്ടലുകൾ ഞാനും പി.എസ്.സിയുമായി നടന്നിട്ടുണ്ട്.” - അനിരു അശോകൻ പറയുന്നു.
2023 നവംബർ 23 നാണ് മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രീം കോടതി ഉത്തരവുണ്ടാകുന്നത്. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി ഉണ്ടാകുന്നത്. ഒരു ഡിജിറ്റൽ ഉപകരണത്തിൽ വ്യക്തിയുടെ പലതരത്തിലുള്ള സ്വകാര്യ ഫയലുകൾ ഉണ്ടെന്നും ഇത് പിടിച്ചെടുക്കുന്നതിലൂടെ അന്വേഷണ ഏജൻസികൾക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനുള്ള അവസരമൊരുക്കുകയാണെന്നും അനുച്ഛേദം 21 ഉറപ്പ് നൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നുമാണ് ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് അന്ന് വാദിച്ചത്. അന്വേഷണ ഏജൻസികൾക്ക് വ്യക്തികളുടെ മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കാനും പിടിച്ചെടുക്കാനുമുള്ള വിശാലമായ അധികാരമുണ്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഈ കേസിന്റെ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് എസ്.കെ കൗൾ പറഞ്ഞത്. ഇത് നിലനിൽക്കെയാണ് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിൽ തങ്ങളാണ് ഏറ്റവും മുന്നിലെന്ന് വാദിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇവിടുത്തെ മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തകളുടെ ഉറവിടം ലഭിക്കാനായി മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ നോട്ടീസയക്കുന്നത്. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് ഈ വർഷത്തെ കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയുള്ള നടപടികളാണ് ക്രൈംബ്രാഞ്ചിനെയും പോലീസിനെയും ഉപയോഗിച്ച് സർക്കാർ ചെയ്യുന്നത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന രൂപത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകളിൽ ചിലത് അനിരു അശോകൻ ട്രൂ കോപ്പി തിങ്കുമായി പങ്കുവെച്ചു.
“എന്റെ മൊബൈൽ ഫോൺ ഹാജരാക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ അത് ചെയ്താൽ മാധ്യമപ്രവർത്തനത്തിന് റീത്ത് വെക്കുന്നത് പോലെയാകും. നാളെയും സർക്കാരിനെതിരെ വരുന്ന വാർത്തകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ വാർത്ത നൽകിയവർക്കെതിരെ കേസെടുത്ത് അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കൽ തുടർന്നാൽ അത് അനുവദിക്കാനാവില്ല. കേരളത്തിലെയും രാജ്യത്തെയും മാധ്യമപ്രവർത്തന രംഗം സർക്കാർ നൽകുന്ന വാർത്തകൾ മാത്രം നൽകിയാൽ മതിയെന്ന നിലപാടിലേക്ക് പോകും. ഭരണകൂടത്തിന് തൃപ്തികരമല്ലാത്ത വാർത്തകൾ നൽകരുതെന്ന 50 വർഷം മുമ്പുള്ള അടിയന്തരാവസ്ഥാകാലം ഇപ്പോഴും രാജ്യത്ത് തുടരുന്നുവെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകനെ ഉത്തർപ്രദേശ് സർക്കാർ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും അത് അന്വേഷിച്ച ഉദ്യോഗസ്ഥരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് മധ്യപ്രദേശിലാണ്. ഇവിടെയാണ് പത്രപ്രവർത്തന സ്വാതന്ത്യം സംരക്ഷിക്കുന്നവരാണ് ഞങ്ങളെന്ന് പറയുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർക്കിഷ്ടമില്ലാത്ത വാർത്തകളുടെ നാവ് പൂട്ടികെട്ടാനുള്ള ശ്രമങ്ങൾ നടന്നത്. പത്രപ്രവർത്തകർക്ക് യഥേഷ്ടം കയറിചെല്ലാനും വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന സ്ഥലമായിരുന്നു നമ്മുടെ സെക്രട്ടറിയേറ്റ്. എത്രയോ വർഷമായി അക്രഡിറ്റഡ് ജേർണലിസ്റ്റുകൾക്ക് പോലും സെക്രട്ടറിയേറ്റിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇന്ന് ഒരു മാധ്യമപ്രവർത്തകന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കണമെങ്കിൽ ഏത് ഉദ്യോഗസ്ഥനെയാണ് കാണാൻ വന്നതെന്നും എന്താണ് ആവശ്യമെന്നും രജിസ്റ്ററിൽ എഴുതി ഒപ്പിടണം. ഒന്നാം പിണറായി സർക്കാർ വാർത്തയുടെ ഉറവിടം തേടി ഫാക്ട് ചെക്ക് സ്ഥാപിച്ചത് പോലെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വരുന്ന വാർത്തകളുടെ ഉറവിടം കണ്ടെത്താനാണ് ഇങ്ങനെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഇനി നിയമസഭയിലേക്ക് നോക്കുകയാണെങ്കിൽ മുൻകാലങ്ങളിൽ നിയമസഭയിലെ ചോദ്യോത്തര വേളയിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിഷ്വലുകൾ ചിത്രീകരിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഇന്ന് തങ്ങൾ തരുന്ന വിഷ്വലുകൾ മാത്രം എയർ ചെയ്താൽ മതിയെന്നാണ് സർക്കാർ നിലപാട്. ഭരണപക്ഷത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം പോലും ചാനലുകളിൽ കാണിക്കാൻ പറ്റുന്നില്ല. സഭ ടി.വി തന്നാൽ മാത്രമേ ഇതെല്ലാം ചാനലുകളിൽ കാണിക്കാനാകുള്ളൂ. മുമ്പ് കെ.എം മാണിയുടെ ബജറ്റ് അവതരണ സമയത്ത് അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം സ്പീക്കറുടെ ഡയസിലക്കം കയറി നടത്തിയ പ്രതിഷേധങ്ങളെ കേരളം കണ്ടതും ആ കേസിലെ മന്ത്രിമാരടക്കമുള്ളവർക്ക് ഇപ്പോഴും സുപ്രീംകോടതിയിൽ കേസ് പറയേണ്ടി വന്നതും കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടും അതിന് സാധിക്കാത്തതും അന്ന് മാധ്യമങ്ങൾ അവരുടെ ക്യാമറ തുറന്നു വെച്ചത് കൊണ്ടാണ്. എന്നാൽ ഇന്ന് പ്രതിപക്ഷവും ഭരണപക്ഷവും എന്ത് കാണിച്ചാലും സഭ ടി വി തന്നാൽ മാത്രമേ ചാനലുകൾക്ക് എയർ ചെയ്യാനാവുന്നുള്ളൂ.” - അനിരു അശോകൻ പറയുന്നു.
രാജ്യത്ത് മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളുടെ നേർസാക്ഷ്യമായിരുന്നു ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഫ്രീ സ്പീച്ച് കലക്ടീവ് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്. ഇലക്ഷൻ കാലത്ത് 2024 ജനുവരി മുതൽ ഏപ്രിൽ 30 വരെ 34 മാധ്യമപ്രവർത്തകർ അക്രമത്തിന് വിധേയരായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഫ്രീ സ്പീച്ച് കലക്ടീവ് പുറത്തു വിട്ടത്. മോദി സർക്കാരിന്റെ അവസാന വർഷത്തിൽ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവകാശം നിഷേധിച്ച 134 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഈ പഠനത്തിൽ പറയുന്നുണ്ട്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയും രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും മോശമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു. 2022ൽ 150 -ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ 2024 ൽ 161 -ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. ആകെ 180 രാജ്യങ്ങളെ വിലയിരുത്തിയ റിപ്പോർട്ടിലാണ് ഇന്ത്യ ഇത്രയും പിന്നിലായത്. ഈ ഘട്ടത്തിലെല്ലാം കേരളം മാതൃകയാണെന്നും കേരളത്തിൽ ഏറ്റവും മികച്ച മാധ്യമ സ്വാതന്ത്ര്യം ഉണ്ടെന്നും ഇടതുപക്ഷം വാദിച്ചിരുന്നു. അപ്പോഴെല്ലാം ആരുമറിയാതെ തങ്ങൾക്കനിഷ്ടമെന്ന് തോന്നുന്ന വാർത്തകളെ മൂടിവെക്കാനും അത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത് തടയാനും സർക്കാർ ശ്രമിക്കുകയും ചെയ്തിരുന്നു. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും ഗൗരവകരമായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ബാധിക്കുന്ന ഒരു വാർത്തയിലും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തിനെതിരെയും വാർത്ത നൽകിയയാൾക്കെതിരെയും സർക്കാരും പി.എസ്.സിയും തിരിയുന്നത്.
കൃത്യമായ രേഖയോടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ കുറിച്ചുള്ള വാർത്ത നൽകിയിട്ടും കുറ്റക്കാരെ അന്വേഷിക്കുന്നതിന് പകരം എനിക്ക് ഈ വാർത്ത എങ്ങനെയാണ് ലഭിച്ചതെന്നാണ് സർക്കാർ അന്വേഷിക്കുന്നതെന്ന് അനിരു അശോകൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“ജൂലൈ 22 ന് പ്രസിദ്ധീകരിച്ച 65 ലക്ഷത്തോളം പി.എസ്.സി ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത കൃത്യമായ രേഖയോടെയാണ് തയ്യാറാക്കിയത്. പി.എസ്.സി അധികൃതരുടെ വിശദീകരണം പോലും ആദ്യ വാർത്തയിൽ ഉണ്ടായിരുന്നു. എന്നാൽ വാർത്ത വന്ന ആദ്യ ദിവസം തന്നെ പി.എസ്.സി ഈ വാർത്ത നിഷേധിച്ച് ഔദ്യോഗിക വാർത്താ കുറിപ്പ് ഇറക്കുകയാണ് ഉണ്ടായത്. ഈ വാർത്ത വസ്തുതാ വിരുദ്ധമാണെന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നുമാണ് അന്ന് പി.എസ്.സി പറഞ്ഞത്. ഒ.ടി.പി സംവിധാനം മുഖേനെ പ്രൊഫൈൽ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും വ്യക്തികൾ അവരുടെ സ്വകാര്യ കമ്പ്യൂട്ടറിൽ നിന്ന് ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് two factor authetication കൊണ്ടു വന്നതെന്നും അല്ലാതെ ഒരു വിവര ചോർച്ചയുമില്ലെന്ന വാർത്താകുറിപ്പായിരുന്നു പി.എസ്.സി ഇറക്കിയത്. അന്ന് ഇത് സംബന്ധിച്ച് ദേശാഭിമാനിയടക്കം മാധ്യമത്തിലെ വാർത്ത വസ്തുതാവിരുദ്ധമെന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തു. വർഷങ്ങളായി പി.എസ്.സി ബീറ്റ് കൈകാര്യം ചെയ്യുന്ന എന്റെ ക്രഡിബിലിറ്റി ചോദ്യം ചെയ്യുന്നതായിരുന്നു പി.എസ്.സിയുടെ ഈ വാർത്താ കുറിപ്പ്. തുടർന്നാണ് വിവരങ്ങൾ ചോർന്നുവെന്ന ഡി.ജി.പി യുടെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാനായി ചേര്‍ന്ന മെയ് 27 ലെ കമ്മീഷന്റെ അജണ്ടയുടെ കുറിപ്പ് ജൂലൈ 28 ന് മാധ്യമം പ്രസിദ്ധീകരിക്കുന്നത്. ഇതോടെ വിവരങ്ങൾ ചോരുന്നില്ലെന്ന പി.എസ്.സിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. പിന്നെ അവർക്ക് അറിയേണ്ടത് ഈ വിവരം എങ്ങനെ മാധ്യമം ലേഖകന് ലഭിച്ചുവെന്നാണ്. ആദ്യം അവർ ഇത് പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസും പിന്നീട് മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷനും അന്വേഷിച്ചു. പിന്നീടാണ് സംസ്ഥാന ക്രൈംബ്രാഞ്ച് ഇത് അന്വേഷിക്കുന്നത്. അവർക്കറിയേണ്ടത് പി.എസ്.സിയുടെ വെബ്‌സൈറ്റിൽ ഹാക്കർമാർ എങ്ങനെ പ്രവേശിച്ചുവെന്നോ കുറ്റവാളികൾ ആരാണെന്നോ അല്ല, മറിച്ച് ഈ വാർത്ത പുറംലോകത്ത് അറിയിച്ച മാധ്യമം ദിനപത്രത്തിലെ ലേഖകന് ഈ വിവരം എങ്ങനെ ലഭിച്ചുവെന്നാണ് . പി.എസ്.സിയെ വിശ്വസിച്ച് ഏറെ പ്രതീക്ഷയോടെ വിവരങ്ങൾ നൽകിയ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ വിവരങ്ങൾ ചോർന്നതിൽ അവർക്ക് യാതൊരു പരാതിയുമില്ല. ആദ്യം ഒരാഴ്ച മുമ്പ് എന്റെ വീട്ടിൽ വന്നാണ് മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നത്. ഹാജരാകാൻ നോട്ടീസ് വേണമെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് നോട്ടീസ് ലഭിച്ച്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരത്തെ മാധ്യമത്തിന്റെ ഓഫീസിലെത്തി ന്യൂസ് എഡിറ്ററായ കെ.പി റെജിക്ക് ക്രൈംബ്രാഞ്ച്, ചീഫ് എഡിറ്റർക്കുള്ള നോട്ടീസും കൈമാറി. മാധ്യമസ്വാതന്ത്ര്യത്തിന് മേൽ ഇത്രയും വലിയ കടന്നുകയറ്റമാണ് സർക്കാരിന്റെ അറിവോടെ ക്രൈംബ്രാഞ്ച് നടത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന, അതിന്റെ കാവലാളായി പ്രവർത്തിക്കുന്ന സർക്കാരാണ് ഞങ്ങളെന്ന് പറയുന്ന സംസ്ഥാനത്താണ് ഇതെല്ലാം നടക്കുന്നത്. അവർക്കറിയേണ്ടത് ഈ വാർത്ത ആര് തന്നു, എങ്ങനെ കിട്ടി എന്നെല്ലാമാണ്. നിങ്ങൾ ആരെയെല്ലാം വിളിക്കാറുണ്ട്, പി.എസ്.സിയിലുള്ള ആരെയെല്ലാം കാണാറുണ്ട്, അവരെ എങ്ങനെയാണ് ബന്ധപ്പെടാറ്, പി.എസ്.സി ഔദ്യോഗിക വിവരങ്ങൾ എങ്ങനെയാണ് ലഭിക്കുന്നത് എന്നെല്ലാമാണ് രണ്ട് മണിക്കൂർ സമയം എന്നോട് ചോദിച്ചത്. അപ്പോഴെല്ലാം വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ കഴിയില്ലയെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. പത്രസ്വാതന്ത്യത്തെ മൗലികാവകാശമായി ഭരണഘടനയിൽ എഴുതിയിട്ടില്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ആ അവകാശ പ്രകാരം വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ കഴിയില്ല. അത്‌കൊണ്ട് നിങ്ങൾ കേസെടുത്തോളൂ, ഞാൻ കോടതിയിൽ നേരിടാം എന്നാണ് ചോദ്യം ചെയ്യലിൽ ഞാൻ പറഞ്ഞത്. പിന്നീടാണ് എന്റെ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ സർക്കാർ ആവശ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല മാധ്യമം ദിനപത്രത്തിലെ അനിരു അശോകൻ, ഇന്നലെ മലയാള മനോരമയിലെ ജയചന്ദ്രൻ ഇല്ലങ്കത്തിനോട് അവർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് എന്നോട് ആവശ്യപ്പെട്ടു. നാളെ അത് ഏത് മാധ്യമ പ്രവർത്തകരോടും ആവശ്യപ്പെടാം.” - അനിരു അശോകൻ പറയുന്നു.
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ റിപോർട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിനെതിരെ ബ്ലൂംബെർഗ് ടി വി നൽകിയ ഹര്‍ജിയിൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്നും മാധ്യമ വിലക്കിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും കീഴ്‌ക്കോടതികളോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നിർദേശിച്ചിരുന്നു. വിചാരണ കോടതിയും ഡൽഹി ഹൈക്കോടതിയും നീക്കം ചെയ്യാൻ നിർദ്ദേശം നല്‍കിയ വാർത്തയിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അനുച്ഛേദം 19(1) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ടെന്നും കേരള ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. ജനാധിപത്യ സംരക്ഷണത്തിന് ജുഡീഷ്യറിയെ പോലെ തന്നെ അനിവാര്യമായ, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്‌ക്കൊപ്പം ജനാധിപത്യത്തിന്റെ തൂണായി വിലയിരുത്തപ്പെടുന്ന മാധ്യമങ്ങളെ തങ്ങൾക്കനുകൂലമാക്കാനും തങ്ങൾക്കിഷ്ടമില്ലാത്ത വാർത്തകൾ നൽകന്നതിൽ നിന്ന് വിലക്കാനും ശ്രമിക്കുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് അനിരു അശോകനും മാധ്യമം ദിനപത്രവും ഇപ്പോൾ ക്രൈം ബ്രാഞ്ചിന്റെ നടപടികൾ നേരിടേണ്ടി വരുന്നത്. മാധ്യമസ്വാതന്ത്ര്യമുണ്ടെന്ന് ഇടയ്ക്കിടെ പറയുന്ന, രാജ്യത്തെ മറ്റിടങ്ങളിൽ മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഇടതുപക്ഷം തന്നെ ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് നടത്തുന്ന ഈ നടപടികൾ ഇടതുപക്ഷത്തിന്റെ മാധ്യമങ്ങളോടുള്ള നിലപാട് എന്താണെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.