ചോദിക്കും മുന്നേ,
പേടിക്കും മോദി

"Prime Minister Modi, why don't you take some questions from the freest press in the world?"

ചോദ്യം കേട്ടെന്ന ഭാവം പോലും കാണിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി വിട്ടു. 2026 മെയ് മാസത്തിൽ നോർവേ സന്ദർശനത്തിനിടെയാണ് ചോദ്യങ്ങളെ നേരിടാമോ എന്നൊരു ചോദ്യം മോദിക്ക് നേരെ ഉയരുന്നത്. സ്വന്തം രാജ്യത്ത് മൂന്ന് ടേമായി ഭരണനേതൃത്വത്തിൽ ഇരുന്നിട്ടും ഒരിക്കൽ പോലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിട്ടിട്ടില്ലാത്ത ഒരാൾ എങ്ങനെയാണ് വിദേശത്ത് ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാൻ പോവുന്നത്? നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗഹർ സ്റ്റോറുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം നേതാക്കൾ മടങ്ങുമ്പോൾ ഓസ്ലോ ആസ്ഥാനമായുള്ള 'ഡാഗ്‌സാവിസെൻ' (Dagsavisen) എന്ന പത്രത്തിലെ മാധ്യമപ്രവർത്തക ഹെല്ലെ ലിംഗിന്റെ ചോദ്യത്തെയാണ് അന്ന് മോദി പാടെ അവഗണിച്ചത്.

അന്ന് ചോദ്യത്തെ ഒഴിവാക്കി വിട്ടതിന് പുറമെ ഇന്നിതാ, ഹെല്ലെ ലിംഗിന്റെ ഇന്ത്യയിലേക്കുള്ള വരവുപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നവംബർ 13, 14 ദിവസങ്ങളിൽ ഹൈദരാബാദിൽ വെച്ച് നടക്കുന്ന, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാർ ആതിഥേയത്വം വഹിക്കുന്ന ഭാരത് സമ്മിറ്റ് 2026-ൽ 'The future of media and press freedom' എന്ന സെഷനിൽ പാനലിസ്റ്റാണ് ഹെല്ലെ ലിംഗ്. ഇന്ത്യയിലേക്ക് വരാനായി നോർവെയിലെ എയർപോർട്ടിലെത്താൻ 10 മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ എംബസിയിൽ നിന്നും ഹെല്ലെ ലിംഗിനൊരു ഫോൺ കോൾ വന്നു. 'നിങ്ങൾക്ക് തൽക്കാലം ഇന്ത്യയിലേക്ക് പോകാനാവില്ല' എന്നാണ് നിർദ്ദേശം കിട്ടിയത്. പൊളിറ്റിക്കൽ ക്ലിയറൻസും വിസയും എല്ലാം ഉണ്ടായിട്ടും പ്രവേശനാനുമതി തടയപ്പെട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് വിസ റദ്ദാക്കിയത് എന്നാണ് അവരെ അറിയിച്ചത്. അതുകൊണ്ടുതന്നെ, ഈ വിഷയത്തിൽ "അമിത് ഷായാണ് ഉത്തരവാദിയെന്നും അല്ലെങ്കിൽ ഇതിൽ ഇടപെട്ട് പരിഹാരം കാണേണ്ടത് അദ്ദേഹമാണെന്നും" ഹെല്ലെ ലിംഗ് പറയുന്നു. നോർവെയിൽ നിന്നുള്ള മാധ്യമപ്രവർത്തകയുടെ വിസ റദ്ദാക്കിയതിന് പിന്നിലെ കൃത്യമായ കാരണം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മാധ്യമങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ആഴത്തിൽ സംസാരിക്കാനിരുന്ന അവരുടെ ശബ്ദം കേൾപ്പിക്കാൻ പാടില്ലെന്നാണോ മോദി സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്? മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട ഒരാൾക്കുതന്നെ ഇന്ത്യയിലെത്താൻ കഴിയാത്ത സാഹചര്യം എന്ത് സന്ദേശമാണ് ലോകത്തിന് നൽകുന്നത്?

മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ അന്താരാഷ്ട്രതലത്തിലുള്ള സ്ഥാനം എന്താണെന്നതും ഈ സംഭവത്തോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 157 ആണ്. 2025-ൽ 151-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറു സ്ഥാനങ്ങൾ കൂടി പിന്നോട്ടുപോയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ, മാധ്യമങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം, നിയമപരമായ നിയന്ത്രണങ്ങൾ, മാധ്യമപ്രവർത്തകരുടെ സുരക്ഷ തുടങ്ങിയ ഘടകങ്ങളാണ് ഈ സൂചിക വിലയിരുത്തുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തുടർച്ചയായി പത്താം വർഷവും ഒന്നാം സ്ഥാനത്തുള്ള നോർവേയിൽ നിന്നെത്തുന്ന ഒരു മാധ്യമപ്രവർത്തകയ്ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ, ഈ റാങ്കിങ്ങും അതിനു പിന്നിലെ സാഹചര്യങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ഹെല്ലെ ലിംഗ് നേരിടേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. അധികാരസ്ഥാനത്തിരിക്കുന്നവർ മാധ്യമപ്രവർത്തകരെയും മാധ്യമസ്ഥാപനങ്ങളെയും എത്രത്തോളം ഭയപ്പെടുന്നുവെന്നതിൻെറ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്.

രണ്ടു ദിവസങ്ങൾക്കു മുമ്പാണ് We Have Been Killed എന്ന തലക്കെട്ടോടു കൂടി തങ്ങളുടെ അവസാനത്തെ എഡിറ്റോറിയൽ അച്ചടിച്ച്, ഇവിടെ ‘നൊവായ ഗസറ്റ’ പ്രവർത്തിച്ചിരുന്നു' എന്ന് വാതിലിൽ എഴുതി തൂക്കി 'നൊവായ ഗസറ്റ' എന്ന റഷ്യൻ മാധ്യമ സ്ഥാപനം അടച്ചുപൂട്ടിയത്. റഷ്യൻ സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നു ഈ പത്രം. വ്ലാഡിമിർ പുട്ടിന്റെ ഭരണത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതിയെയും നിരന്തരം വിമർശിച്ചിരുന്നു 1993-ൽ പ്രവർത്തനം ആരംഭിച്ച നൊവായ ഗസറ്റ. ഈ പത്രത്തിന്റെ ആറ് മാധ്യമപ്രവർത്തകർ ഇതിനകം കൊല്ലപ്പെടുകയും ചെയ്തു. രണ്ടാം ചെച്നിയൻ യുദ്ധകാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തക അന്ന പോളിറ്റ്‌കോവ്സ്കയ 2006-ൽ തന്റെ താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചിരുന്നു.

ലോകത്ത് അധികാരികളെ വിമർശിച്ചതിന് കടുത്ത വെല്ലുവിളികൾ നേരിട്ട മാധ്യമസ്ഥാപനങ്ങൾ വേറെയുമുണ്ട്. ഹോങ്കോങ് ഭരണകൂടത്തെയും ചൈനീസ് അധികാരകേന്ദ്രങ്ങളെയും വിമർശിച്ചിരുന്ന ജിമ്മി ലായ് ആരംഭിച്ച 'ആപ്പിൾ ഡെയ്‌ലി' 2021-ലാണ് അടച്ചുപൂട്ടേണ്ടി വന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളിലൊന്നായ, ബെലാറസിൽ പ്രവർത്തിച്ചിരുന്ന TUT.BY 2021-ൽ ഭരണകൂടത്തിന്റെ നടപടികൾക്ക് ഇരയായിരുന്നു.

ജനാധിപത്യ രാഷ്ട്രീയ നിലപാടുകളും ഭരണകൂട വിമർശനങ്ങളും സഹിഷ്ണുതയോടെ ഉൾക്കൊള്ളാനാവാത്ത ഭരണാധികാരികളാണ് ലോകത്തെ വൻശക്തികളായ പല രാജ്യങ്ങളുടെയും തലപ്പത്തിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ സാമ്പത്തിക ശ്രോതസ്സുകളെ തടഞ്ഞും കണ്ടന്റുകൾ അപ്രത്യക്ഷമാക്കിയും സെൻസർ ചെയ്തും വിലക്കിയും അധികാരികൾ ഇടപെടുന്നു. ജനാധിപത്യത്തിൻെറ നാലാം തൂണെന്നാണ് മാധ്യമപ്രവർത്തനത്തെ വിലയിരുത്തുന്നത്. ആ തൂണിനെ ഭയക്കുന്ന അധികാരികൾ അതിനെ എങ്ങനെയും കടപുഴക്കി എറിഞ്ഞ് ശബ്ദത്തെ നിശ്ശബ്ദമാക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്… അങ്ങനെയൊരു ജനാധിപത്യശബ്ദം കേൾപ്പിക്കാതിരിക്കാനാണ് മോദി സർക്കാർ ഇപ്പോഴെടുത്ത നടപടിയും ലക്ഷ്യം വെക്കുന്നത്.

Comments